ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 8
“എന്താ ജയേട്ടാ…?”
സുമിത്ര ഉത്കണ്ഠയോടെ തിരക്കി.
“അച്ഛനെ നെഞ്ചുവേദനയായിട്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയെന്ന് . എനിക്കുടനെ പോണം.”
വേഗം ഡ്രസുമാറി ജയദേവന്‍ വെളിയിലേക്കിറങ്ങി.
കാറിന്റെ ഡോർ തുറന്ന് അകത്തുകയറിയിട്ട് വണ്ടി സ്റ്റാര്‍ട്ടുചെയ്തു.
വരാന്തയിൽ, ആശങ്ക പടർന്ന മനസോടെ സുമിത്രയും സരസ്വതിയും നില്‍പ്പുണ്ടായിരുന്നു.
“സൂക്ഷിച്ചുപോണം, കോട്ടോ .. പാതിരാത്രിയാ; ഒരുപാട് സ്പീഡിലൊന്നും പോകണ്ട. “
സുമിത്ര പറഞ്ഞു.
“നിങ്ങളു പോയി കിടന്നോ.”
ജയദേവന്‍ കാറു മുമ്പോട്ടെടുത്തിട്ട് ഇടത്തോട്ടു തിരിച്ച് റോഡിലേക്കിറക്കി.
“കഷ്ടകാലമാണോ മോളേ?”
സരസ്വതി സുമിത്രയുടെ നേരെ തിരിഞ്ഞു.
“അമ്മേടെ കരിനാക്കുകൊണ്ട് ഒന്നും പറയാതെ.”
സരസ്വതിയോട് ദേഷ്യപ്പെട്ടിട്ട് സുമിത്ര മുറിക്കകത്തേക്കു കയറി. പിന്നാലെ സരസ്വതിയും.
വാതിലടച്ചു കുറ്റിയിട്ടിട്ട് അവർ പോയി കിടന്നു.
ഉറക്കം വന്നില്ല സുമിത്രയ്ക്ക്. ഓരോന്നോർത്ത് കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
രണ്ടുമണി കഴിഞ്ഞപ്പോള്‍ ഒന്നു മയങ്ങി.
പുലർച്ചെ ഫോണ്‍ ബെല്‍ കേട്ടാണ് ഉറക്കമുണര്‍ന്നത്.
അപ്പോഴേക്കും സരസ്വതി വന്നു ഫോൺ എടുത്തിരുന്നു.
അമ്മയുടെ സംസാരം കേട്ടപ്പോൾ അങ്ങേതലയ്ക്കല്‍ നിന്ന് എന്താണ് പറഞ്ഞതെന്നു സുമിത്രയ്ക്ക് പിടികിട്ടി.
ഒരു നിമിഷനേരം ചലനമറ്റ് ഇരുന്നുപോയി അവള്‍.
“ഉടനെ പോണം. അജിത്തിനെ വിളിച്ചെണീപ്പിച്ചിട്ട് പോയി ഡ്രസ്സ് മാറ്.” അമ്മ പറഞ്ഞു.
ശവസംസ്കാരം കഴിഞ്ഞു.
സുമിത്രയും സരസ്വതിയും അജിത്തും അന്നുരാത്രി ജയദേവന്‍റെ വീട്ടില്‍ തങ്ങി.
ജയന്‍ ആകെ തളര്‍ന്നുപോയിരുന്നു.
ഒരു ഭാര്യയെപ്പോലെ സുമിത്ര അയാളുടെ അരികിലിരുന്ന് ഓരോന്നു പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. മുൻപ് സുമിത്രയുടെ അച്ഛൻ മരിച്ചപ്പോൾ അവളെ ആശ്വസിപ്പിക്കാൻ ജയനേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ജയനെ ആശ്വസിപ്പിക്കാൻ അവളും.
പിറ്റേന്നു രാവിലെ പത്തുമണി കഴിഞ്ഞാണ് അവർ വീട്ടിലേക്ക് മടങ്ങിയത്.
സ്കൂളിൽ ചെന്നപ്പോൾ സഹപ്രവർത്തകര്‍ ഓരോ ചോദ്യങ്ങളുമായി അടുത്തുകൂടി.
“കല്യാണം ഇനി എന്നത്തേക്കാ?”
ജൂലി ടീച്ചര്‍ ചോദിച്ചു.
“ഒന്നും തീരുമാനിച്ചില്ല.”
ക്ഷണക്കത്ത് അച്ചടിച്ചായിരുന്നോ?
“ഇല്ല. അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാ ഈ സംഭവം. “
സുമിത്ര താടിക്കു കൈയും കൊടുത്ത് ചിന്താമഗ്നയായി ഇരുന്നു.
വൈകുന്നേരം സ്കൂൾ വിട്ടു റോഡിലേക്കിറങ്ങിയതും മുമ്പിൽ സുകുമാരൻ .
മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തി സുമിത്ര.
“അച്ഛൻ മരിച്ചു അല്ലേ?”
സുകുമാരന്‍ ചോദിച്ചു.
“ഉം. ബസു വരുന്നുണ്ട്, പോട്ടെ.”
കൂടുതലെന്തെങ്കിലും ചോദിക്കാനവസരം കൊടുക്കാതെ സുമിത്ര വേഗം ബസ്സ്റ്റോപ്പിലേക്ക് നടന്നു.
അവളോർക്കുകയായിരുന്നു.
എന്തിനാണ് ആ മനുഷ്യൻ തന്നെ വിടാതെ പിന്നെയും പിന്തുടരുന്നത്?
അയാൾ ഈ നാടുവിട്ടൊന്നു പോയിരുന്നെങ്കില്‍!
പിറ്റേന്നു സുകുമാരനെ കണ്ടില്ല. അതിന്‍റെ പിറ്റേന്നും.
വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും അയാള്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
സുമിത്ര തനിച്ചേ ഉണ്ടായിരുന്നുള്ളൂ ബസ്സ്റ്റോപ്പിൽ .
“ഞാന്‍ പലവട്ടം വിളിച്ചിട്ടും സുമിത്ര എന്‍റെ വീട്ടിലേക്കൊന്നു വന്നില്ലല്ലോ?”
സുകുമാരന്‍ പരിഭവം പറഞ്ഞു.
“വരില്ലെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ? പിന്നെന്തിനാ എപ്പഴും എപ്പഴും ഈ കാര്യം പറയുന്നേ. ഇനി എന്നെ ശല്യപ്പെടുത്തരുത് , പ്ലീസ് ”
അതു കേട്ടപ്പോൾ സുകുമാരനു വല്ലാതെ ദേഷ്യം വന്നു.
“എന്താ വന്നാല്? ഞാന്‍ മര്യാദവിട്ടൊന്നും സംസാരിച്ചില്ലല്ലോ..”.
“പ്ലീസ്… എന്നെ വെറുതെ വിടൂ. എനിക്ക് വരാന്‍ പറ്റില്ല. എന്‍റെ സാഹചര്യം അങ്ങനാണ്. ഞാൻ അവിടെ വന്നൂന്നറിഞ്ഞാല്‍ സതീഷ് എന്നെ വഴക്കുപറയും.”
“ഓഹോ… അപ്പം ആ ചെറ്റ പറഞ്ഞിട്ടാണ് വരാതിരിക്കുന്നത് അല്ലേ?”
സുകുമാരന്‍ പല്ലിറുമ്മിക്കൊണ്ട് തുടര്‍ന്നു: “എന്നാ എനിക്കും വാശിയാ. സുമിത്ര വരണം. വന്നേ പറ്റൂ…! എന്‍റെ വീട്ടില്‍ വന്നാല്‍ അവന്‍ നിന്നെ എന്തുചെയ്യുമെന്നു ഞാനൊന്നു കാണട്ടെ! പന്ന റാസ്കൽ ” അയാൾ പല്ലുഞെരിച്ചു .
“എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നേ? ഞാന്‍ നിങ്ങളോട് എന്തു തെറ്റാ ചെയ്തത്?”
“എന്‍റെ വീട്ടില്‍ വന്നാല്‍ നിനക്കെന്തു സംഭവിക്കുമെന്നാ പറയുന്നത്? അവന്‍ വഴക്കുപറയുമെങ്കില്‍ അവന്‍റെ മുഖത്തുനോക്കി പോടാ ചെറ്റേന്നു പറയാനുള്ള ചങ്കൂറ്റം വേണം നിനക്ക്. അവന്‍ നിന്‍റെ ബന്ധുവൊന്നുമല്ലല്ലോ.”
“ആളുകളു നമ്മളെ ശ്രദ്ധിക്കുന്നുണ്ട് .”
“എന്നാ കടയിലേക്കു വാ. നമുക്കവിടെ ഇരുന്നു സംസാരിക്കാം.”
“പ്ലീസ്… എന്നെ ഉപദ്രവിക്കാതെ ഒന്നു പോകൂ…”
“പോകാം. അതിനുമുമ്പ് എനിക്കൊരു മറുപടി കിട്ടണം. നീയെന്‍റെ വീട്ടില്‍ വരുമോ ഇല്ലയോ?”
“ഞാന്‍ വരില്ല.”
“നീ വരും. വന്നില്ലെങ്കില്‍ നിന്‍റെ ജീവിതം ഞാന്‍ തുലയ്ക്കും. ആ ഫോട്ടോയുടെ എത്ര കോപ്പി വേണമെങ്കിലും എനിക്കെടുക്കാന്‍ കഴിയും. നിന്‍റെ സ്കൂളിലെ എല്ലാ ടീച്ചേഴ്സിനും ഓരോ കോപ്പി ഞാന്‍ പോസ്റ്റില്‍ അയച്ചുകൊടുക്കും. അതുമല്ല , ആ വീഡിയോ ഞാൻ നെറ്റിലിടും . അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കണോ സുമിത്രേ ? അതു മോശമല്ലേ? “
സുമിത്രയ്ക്കു കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി.
അവളുടെ മുഖം കുടുകുടെ വിയര്‍ത്തു. ശ്വാസമെടുക്കാൻ പാടുപെട്ടു.
“ആര്‍ക്കും ദോഷമില്ലാത്ത ഒരു കാര്യമല്ലേ ഞാന്‍ ചോദിച്ചുള്ളൂ. എന്‍റെ വീട്ടിലൊന്നു വന്നെന്നുവച്ച് നിന്‍റെ എന്തു സാധനമാടീ പൊഴിഞ്ഞുവീഴുക?”
സുകുമാരന്‍റെ ശബ്ദം ഉയര്‍ന്നു.
രംഗം വഷളാകുന്നെന്നു കണ്ടപ്പോള്‍ സുമിത്ര ഇടറിയ സ്വരത്തില്‍ പറഞ്ഞു:
”ഒച്ചവച്ച് ആളെ കൂട്ടണ്ട. ഞാന്‍ വരാം.”
“അങ്ങനെ വഴിക്കുവാ. വരേണ്ട ദിവസവും സമയവും ഞാന്‍ പിന്നീടു പറയാം. പിന്നെ, ഇതു മറ്റാരും അറിയണ്ട. അറിഞ്ഞാല്‍ അതിന്‍റെ ദൂഷ്യം സുമിത്രയ്ക്കു തന്നെയാ.”
അത്രയും പറഞ്ഞിട്ട് സുകുമാരന്‍ വേഗം നടന്നകന്നു.
സുമിത്ര ഒരു ശിലാബിബം പോലെ നിന്നുപോയി !
ബസു വന്നു നിന്നതവൾ അറിഞ്ഞില്ല.
കയറുന്നില്ലേ എന്നു കിളി ചോദിച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത്.
വേഗം വണ്ടിയില്‍ കയറി.
കമ്പിയില്‍ കൈ തൂങ്ങി നില്‍ക്കുമ്പോല്‍ നെഞ്ചിനകത്ത് ഒരു തീക്കുണ്ഡം എരിയുകയായിരുന്നു.
അയാള്‍ എന്തിനാണ് തന്നെ ഇങ്ങനെ ശല്യം ചെയ്യുന്നത്?
ആ ഫോട്ടോ…!
അതു സ്കൂളിലെ ടീച്ചേഴ്സ് എങ്ങാനും കണ്ടാല്‍…?
പിന്നെ തനിക്കൊരു ജീവിതമുണ്ടോ?
ഇനിയും അയാള്‍ ക്ഷമിക്കുമെന്നു തോന്നുന്നില്ല.
പോകാം.
ഒരുതവണ അയാളുടെ വീട്ടിലൊന്നു പോകാം. അതുകൊണ്ട് തനിക്ക് നഷ്ടമൊന്നുമില്ലല്ലോ. മഞ്ജുള അറിഞ്ഞാല്‍ എന്തെങ്കിലും നുണപറഞ്ഞ് പിടിച്ചുനില്‍ക്കാം.
സുമിത്ര മനസില്‍ ഒരു തീരുമാനമെടുത്തു.
നാലുദിവസം കഴിഞ്ഞപ്പോൾ ഒരുച്ചനേരത്ത് സുകുമാരന്‍ സുമിത്രയെ സ്കൂളിലെ ഫോണില്‍ വിളിച്ചു.
വൈകുന്നേരം സ്കൂള്‍ വിടുമ്പോൾ തന്‍റെ കടയില്‍ വരണമെന്നും ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞിട്ട് അയാള്‍ ഫോണ്‍ താഴെവച്ചു.
“ആരായിരുന്നു വിളിച്ചത്?”
ഹെഡ്മിസ്ട്രസ് ചോദിച്ചു.
“എന്‍റെ ഒരു ബന്ധുവാ.”
കള്ളം പറഞ്ഞപ്പോള്‍ സുമിത്രയുടെ നെഞ്ചുവിങ്ങി.
സ്റ്റാഫ് റൂമില്‍ വന്നിരുന്ന് കൈകളില്‍ മുഖം അമര്‍ത്തി അവള്‍ മൗനമായി കരഞ്ഞു.
ജൂലി ടീച്ചര്‍ ചോദിച്ചപ്പോള്‍ തലവേദനയാണെന്നു കള്ളം പറഞ്ഞു.
നാലുമണിക്ക് സ്കൂള്‍ വിട്ടപ്പോള്‍ മറ്റു ടീച്ചേഴ്സിനെ ഒഴിവാക്കി സുമിത്ര സുകുമാരന്‍റെ കടയിലേക്ക് ചെന്നു.
സുമിത്രയെ കണ്ടതും സുകുമാരന്‍റെ മുഖത്ത് ഒരു വിടലച്ചിരി.
“വരില്ലെന്നാ ഞാന്‍ കരുതീത്.”
സുമിത്ര ക്രൂദ്ധയായി നോക്കിയതേയുള്ളൂ.
“എന്‍റെ വീട്ടിലേക്ക് വരാമെന്നു പറഞ്ഞിട്ട്?”
“സമയം കിട്ടുമ്പം എന്നെങ്കിലും ഒരിക്കൽ വരാം .”
“അങ്ങനെ എന്നെങ്കിലും വന്നാല്‍ പോരല്ലോ?”
“പിന്നെ?”
സുമിത്ര നെറ്റിചുളിച്ച് അയാളെ നോക്കി.
“അടുത്ത ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിക്ക് വരണം. ഗേറ്റും മുൻവശത്തെ വാതിലും ഞാന്‍ തുറന്നിട്ടേക്കാം.”
മുഖത്തേക്ക് കാർക്കിച്ചൊരു തൂപ്പുകൊടുക്കാനാണ് സുമിത്രയ്ക്ക് തോന്നിയത്.
വൃത്തികെട്ടവൻ !
ഭ്രാന്തുപിടിച്ചോ ഈ മനുഷ്യന്?
സുമിത്ര പല്ലുഞെരിച്ചുകൊണ്ട് ,ജ്വലിക്കുന്ന കണ്ണുകളോടെ അയാളെ നോക്കി.
സുകുമാരൻ പുഞ്ചിരിച്ചുകൊണ്ട് തുടര്‍ന്നു:
“പന്ത്രണ്ടുമണിക്കെന്നു കേട്ടപ്പം പേടിച്ചുപോയി അല്ലേ? പേടിക്ക്വൊന്നും വേണ്ട. ഞാന്‍ തന്നെ ഉപദ്രവിക്ക്വൊന്നും ഇല്ല. സുകുമാരന്‍ ഒരു വാക്കുപറഞ്ഞാ വാക്കാ. വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് പറയാനുണ്ട്. അതുകൊണ്ടാ രാത്രി വരാന്‍ പറഞ്ഞത്. പന്ത്രണ്ടുമണിക്കാവുമ്പം സതീഷും വീട്ടുകാരുമൊന്നും അറിയുകയേയില്ലല്ലോ. തനിക്കും അത് സേഫാകും “
മുഖമടച്ച് ഒരടി കൊടുക്കാനാണ് സുമിത്രയ്ക്ക് തോന്നിയത്.
“പ്ലീസ്…” അവള്‍ ദയനീയമായി യാചിച്ചു. “ഇത്ര ക്രൂരമായി എന്നോട് പെരുമാറരുത്. പകല്‍ എപ്പവേണമെങ്കിലും ഞാന്‍ വരാം. രാത്രിയില്‍ വരാന്‍ മാത്രം പറയരുത്. പ്ലീസ്…”
“അതെന്താ വന്നാല്? തൊട്ടടുത്തല്ലേ വീട്. പട്ടിയോ കാവല്‍ക്കാരോ ഒന്നും ഇല്ലല്ലോ! ഒരു കാര്യം ഞാനുറപ്പുതരാം. സുമിത്രയെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും എന്നില്‍ നിന്നുണ്ടാകില്ല. ഷുവർ “
“പിന്നെന്തിനാ എന്നോട് രാത്രീല്‍ വരാന്‍ പറയുന്നത്?”
“വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍.”
“അതു പകലു പറഞ്ഞൂടെ?”
“പറ്റില്ല… അതിനു കാരണമുണ്ട്. അതൊക്കെ അവിടെ വരുമ്പം പറയാം.”
“എനിക്കറിയാം നിങ്ങളുടെ ഉദ്ദേശമെന്താന്ന്.”
“അങ്ങനൊരുദ്ദേശമുണ്ടായിരുന്നെങ്കിൽ അഞ്ചുവര്‍ഷം മുമ്പേ എനിക്കതാകാമായിരുന്നല്ലോ. നോക്ക്… ഈശ്വരനെ സാക്ഷിനിറുത്തി ഞാന്‍ പറയാം. നിങ്ങളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും ഞാന്‍ ചെയ്യില്ല. ധൈര്യമായിട്ടു സുമിത്രയ്ക്കെന്റെ വീട്ടിൽ വരാം. അന്നു ഞാൻ മാത്രമേ വീട്ടിൽ കാണൂ.”
കാലുമടക്കി ഒരു തൊഴികൊടുക്കാനാണപ്പോള്‍ അവള്‍ക്കു തോന്നിയത്.
അയാളു മാത്രമേ അന്നു വീട്ടില്‍ കാണൂത്രേ! വൃത്തികെട്ട മൃഗം!
“ഞാന്‍ വരില്ല.”
ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞിട്ടു പോകാനായി സുമിത്ര തിരിഞ്ഞു.
“നീ വരും. വന്നില്ലെങ്കില്‍ വ്യാഴാഴ്ചത്തെ തപാലില്‍ സ്കൂളിലെ ടീച്ചേഴ്സിനെല്ലാം ഓരോ കവറുണ്ടാകും. പിന്നെ ആ വീഡിയോ ക്ലിപ്പ് ഇന്‍റര്‍നെറ്റിൽ ഇടുകേം ചെയ്യും”
പിടിച്ചുകെട്ടിയതുപോലെ അവള്‍ നിന്നു.
“ആലോചിക്കാന്‍ ഇനീം സമയമുണ്ട്.”
സുകുമാരന്‍ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു.
സുമിത്രയ്ക്കു ബോധം നഷ്ടപ്പെടുന്നതുപോലെ തോന്നി.
വേച്ചുവേച്ച് അവള്‍ റോഡിലേക്കിറങ്ങിയപ്പോള്‍ സുകുമാരന്‍ പറഞ്ഞു.
“ചൊവ്വാഴ്ച രാത്രി ഗേറ്റും വാതിലും തുറന്നുകിടക്കും.”
സുമിത്ര ചുറ്റും നോക്കി.
ആരെങ്കിലും കേട്ടോ ആ വാചകം?
ഈ മൃഗം ഈ നില്‍പിൽ ഇടിവെട്ടി മരിച്ചുപോയിരുന്നെങ്കില്‍ എന്നവളാശിച്ചു
ഹൃദയമുരുകി ശപിച്ചിട്ട്, തളര്‍ന്ന കാലുകള്‍ നീട്ടി അവള്‍ മുമ്പോട്ടുനടന്നു.
ശരീരത്തിന്‍റെ ബലം മുഴുവന്‍ ചോര്‍ന്നുപോയതുപോലെ അവള്‍ക്കു തോന്നി.
ചൊവ്വാഴ്ച
രാവിലെ എണീറ്റപ്പോള്‍ മനസിനും ശരീരത്തിനും വല്ലാത്ത തളർച്ച.
ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലിയും സാമ്പാറുമായിരുന്നു.
സുമിത്ര ഒരു ഇഡലിയും അരഗ്ലാസ് ചായയും മാത്രമേ കഴിച്ചുള്ളൂ.
സതീഷിന്‍റെ കാറില്‍ സ്കൂളിലേക്ക് പോകുമ്പോള്‍ മനസിനകത്ത് ഒരു ഇരുമ്പുപഴുപ്പിച്ചുവച്ച അവസ്ഥയായിരുന്നു.
ക്ലാസില്‍ ചെന്നിട്ട് ഒന്നും പഠിപ്പിക്കാന്‍ കഴിഞ്ഞില്ല.
അധികനേരവും സ്റ്റാഫ് റൂമില്‍ ആരും കാണാതെയിരുന്നു കരഞ്ഞു.
സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അവള്‍ കള്ളം പറഞ്ഞു തലയൂരി.
വൈകുന്നേരം വീട്ടില്‍ വന്നപ്പോഴേക്കും മനസിന്‍റെ വേദന അങ്ങേയറ്റമായി.
ഇന്നു രാത്രി പന്ത്രണ്ടുമണിക്ക് സുകുമാരന്‍റെ വീട്ടില്‍ ചെല്ലാൻ .
പറ്റുമോ തനിക്ക്?
പറ്റില്ല.
സതീഷിന്‍റെയും മഞ്ജുളയുടെയുമൊക്കെ കണ്ണുവെട്ടിച്ച് പോകാൻ പറ്റില്ല തനിക്ക്!
ചെന്നില്ലെങ്കിൽ മറ്റെന്നാള്‍ ആ ഫോട്ടോ സ്കൂളില്‍…!
ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ!
ഇന്‍റര്‍നെറ്റില്‍ ആ വീഡിയോക്ലിപ്പെങ്ങാനും ഇട്ടാല്‍.! മൊബൈല്‍ വഴി ആര്‍ക്കെങ്കിലും അത് അയച്ചു കൊടുത്താല്‍.!
ഈശ്വരാ! താനെന്താ ചെയ്യുക?
എന്തെങ്കിലുമൊരു വഴി കാണിച്ചുതരണേ ഗുരുവായൂരപ്പാ…
അവള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
അത്താഴം കഴിക്കാന്‍ മഞ്ജുള വന്നു വിളിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞ് അവള്‍ ഒഴിവായി.
ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ട് സുമിത്ര അങ്ങോട്ടിറങ്ങി.
സുകുമാരന്‍റെ വീട്ടില്‍ വെളിച്ചമുണ്ട്. സിറ്റൗട്ടില്‍ ആരുമില്ല.
ഭാര്യയും കുഞ്ഞും അവിടെ ഇല്ലേ? കണ്ടിട്ട് ഇല്ലെന്നു തോന്നുന്നു!
തിരികെ മുറിയിലേക്ക് കയറിയിട്ട് അവള്‍ വാതിലടച്ചു ഓടാമ്പലിട്ടു.
പിന്നെ കിടക്കയില്‍ വന്നിരുന്നു.
മനസു പൊള്ളി നീറുകയാണല്ലോ!
താനെന്താ ചെയ്യുക?
പത്തുമണിയായപ്പോള്‍ ആരോ പടികള്‍ കയറിവരുന്ന ശബ്ദം കേട്ടു.
അവള്‍ ഉത്കണ്ഠയോടെ കിടക്കയില്‍ നിന്നെണീറ്റു.
“സുമിത്രേ…”
മഞ്ജുളയുടെ ശബ്ദമാണ്.
സുമിത്ര വേഗം ചെന്ന് വാതില്‍ തുറന്നു.
“സതിയേട്ടന്റെ ബ്രദറിനൊരു തലകറക്കം. പ്രഷറു കൂടിയതാന്നാ പറഞ്ഞത്. ഇപ്പ ഫോണ്‍ വന്നു. ഹോസ്പിറ്റലിലാ . ഞാനും സതിയേട്ടനും കൂടി അങ്ങോട്ടു പോക്വാ. താഴെ അമ്മ തനിച്ചേയുള്ളൂ. സുമിത്ര അവിടെ വന്നു കിടന്നോളാമോ?”
“ഉം.”
സുമിത്ര മഞ്ജുളയുടെ പിന്നാലെ സ്റ്റെപ്പുകളിറങ്ങി താഴേക്കുവന്നു.
“കൊട്ടാരക്കയാ വീട്. വെളുപ്പിനേ തിരിച്ചുവരൂ. തനിയെ കിടക്കാന്‍ പേടിയൊന്നുമില്ലല്ലോ?”- മഞ്ജുള ചോദിച്ചു.
“ഇല്ല.”
സതീഷും മഞ്ജുളയും വേഷം മാറി ഉടനെ പുറപ്പെട്ടു.
വാതിലടച്ചു കുറ്റിയിട്ടിട്ട് സുമിത്ര വന്നു ഭവാനി കിടക്കുന്ന മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ കിടന്നു.
അവൾക്കുറക്കം വന്നില്ല.
കണ്ണടയ്ക്കുമ്പോള്‍ സുകുമാരന്‍റെ ഭീകരമുഖമാണ് മനസില്‍!
പതിനൊന്നു മണിയായപ്പോൾ ഭവാനി കൂർക്കം വലിക്കുന്ന ഒച്ചകേട്ടു.
സുമിത്ര കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
അവള്‍ ആലോചിച്ചു.
പോകണോ സുകുമാരന്‍റെ വീട്ടിലേക്ക്?
ആരും അറിയാതെ പോകാന്‍ പറ്റിയ അവസരമാണ്.
അമ്മ നല്ല ഉറക്കം. സതീഷും മഞ്ജുളയും ഇവിടില്ല. പോകണോ?
പോയാൽ …?
തന്‍റെ ശരീരം കളങ്കപ്പെടുമോ?
ഉപദ്രവിക്കില്ലെന്ന് അയാള്‍ വാക്കുതന്നിട്ടില്ലേ?
വിശ്വസിക്കാമോ ആ മനുഷ്യനെ?
വേണ്ട… പോകണ്ട. ദുഷ്ടനാണയാള്‍. വിശ്വസിക്കാന്‍ പറ്റില്ല.
പക്ഷേ, ആ ഫോട്ടോ? വീഡിയോ ? അതാരെയെങ്കിലും കാണിച്ചാല്‍? സ്കൂളിലെ ടീച്ചേഴ്സ് അതു കണ്ടാല്‍? പിന്നെ ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റ്വോ തനിക്ക് ? ജയേട്ടനറിഞ്ഞാല്‍ തന്നെ ഉപേക്ഷിക്കില്ലേ?
പോകാം..
പക്ഷേ പോയാല്‍? അവിടെ വച്ച് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇതിനേക്കാള്‍ ഗുരുതരമാവില്ലേ പ്രശ്നം?
ആരും അറിയാതെ പോകുന്നതും തെറ്റല്ലേ?
പോകണോ? വേണ്ട . മനസ് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു.
ഈശ്വരന്‍ പോലും താന്‍ പോകണമെന്നല്ലേ ആഗ്രഹിക്കുന്നത്? അതുകൊണ്ടല്ലേ സതിയേട്ടനെയും മഞ്ജുളചേച്ചിയേയും ഒഴിവാക്കി അനുകൂലമായ സാഹചര്യം ഉണ്ടാക്കി തന്നത് ?
ഏറെ നേരത്തെ ആലോചനക്കുശേഷം അവള്‍ ഒരു തീരുമാനമെടുത്തു.
പോകാം
ഉപദ്രവിച്ചാൽ ഇറങ്ങി ഓടാം.
ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചപ്പോള്‍ സുമിത്ര സാവധാനം എണീറ്റു.
ജഗില്‍നിന്ന് രണ്ടു ഗ്ലാസ് വെള്ളം പകർന്ന് അവള്‍ കുടിച്ചു.
കര്‍ച്ചീഫെടുത്ത് ചുണ്ടും മുഖവും തുടച്ചിട്ട് അവള്‍ ശബ്ദമുണ്ടാക്കാതെ മുറിവിട്ടിറങ്ങി.
സ്വീകരണമുറിയില്‍ നിന്ന് പുറത്തേക്കുള്ള വാതിലിന്‍റെ ഓടാമ്പലകറ്റി.
കൈപിടി തിരിച്ച് ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു.
മങ്ങിയ നിലാവുണ്ട്.
ഗുരുവായൂരപ്പനെ മനസില്‍ ധ്യാനിച്ചുകൊണ്ടവള്‍ സിറ്റൗട്ടിലേക്കിറങ്ങിയിട്ട് വാതിലടച്ചു.
പോകണോ…….ഒരിക്കല്‍ക്കൂടി ആലോചിച്ചു.
വേണ്ട..
തിരികെ അവള്‍ മുറിയിലേക്കുകയറി.
പക്ഷെ , ആ ഫോട്ടോ? വീഡിയോ ?
മനസ്സു പിന്നെയും പുറകോട്ടു പിടിച്ചു വലിക്കുന്നതെന്തേ.? വടം വലിക്കൊടുവിൽ പോകണം എന്ന ചിന്ത ജയിച്ചു .
എന്തും വരട്ടെ…പോകാം..
ഉപദ്രവിച്ചാല്‍ അവന്‍റെ തല തല്ലിപ്പൊളിച്ചിട്ട് ഇറങ്ങി ഓടാം. പിന്നെ അവന്‍ ശല്യം ചെയ്യില്ലല്ലോ.
വീണ്ടും പുറത്തേക്കിറങ്ങി അവള്‍.
നാലുപാടും നോക്കി. ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയിട്ട് സാവധാനം ഗേറ്റിനരുകിലേക്ക് നടന്നു.
ശബ്ദമുണ്ടാക്കാതെ ഗേറ്റുതുറന്നു റോഡിലിറങ്ങി.
പരിസരത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തിയിട്ട് അവള്‍ തിടുക്കത്തില്‍ റോഡ് ക്രോസ് ചെയ്തു.
സുകുമാരന്‍റെ വീട്ടിലെ ഗേറ്റു തുറന്നു കിടക്കുകയായിരുന്നു. ഗേറ്റുകടന്ന് അവള്‍ വീട്ടുവളപ്പിലേക്ക് പ്രവേശിച്ചു.
ഓടുകയായിരുന്നു സുമിത്ര.
തിരികെ ഗേറ്റുകടന്ന് അവള്‍ സിറ്റൗട്ടിലേക്ക് ഓടിക്കയറി.
വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
സ്വീകരണമുറിയിലേക്ക് പാഞ്ഞുകയറിയിട്ട് അവള്‍ വാതില്‍ ചേര്‍ത്തടച്ച് ഓടാമ്പലിട്ടു.
മുഖവും ദേഹവുമെല്ലാം വിയർക്കുന്നുണ്ടായിരുന്നു.
ഒരു പട്ടിയെപ്പോലെ നിന്നവള്‍ കുറെനേരം കിതച്ചു.
വേഗം മുറിയില്‍ കയറി വാതില്‍ ചാരിയിട്ട് ജഗിൽ നിന്ന് മൂന്നു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു.
ഈശ്വരാ! തന്നെ ആരെങ്കിലും കണ്ടോ?
തളര്‍ന്ന് അവള്‍ കട്ടിലിലേക്ക് വീണുപോയി.
എന്തൊരു ബുദ്ധിമോശമാണ് താന്‍ കാണിച്ചത്.
പോകേണ്ടായിരുന്നു!
സുമിത്ര ദേഷ്യത്തോടെ സ്വയം നെറ്റിക്കിടിച്ചിട്ട് തലയണയിൽ കെട്ടിപ്പിടിച്ചു.
ഭയംകൊണ്ട് അവള്‍ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു.
തൊട്ടടുത്ത മുറിയില്‍നിന്ന് അപ്പോഴും ഭവാനിയുടെ കൂര്‍ക്കംവലി കേള്‍ക്കാം.
“സുമിത്രേ.”
ഭവാനിയുടെ വിളികേട്ടാണ് സുമിത്ര കണ്ണുതുറന്നത്.
നേരം നന്നേ പുലർന്നിരുന്നു.
തിടുക്കത്തില്‍ എണീറ്റു മുടി ഒതുക്കി കെട്ടിവച്ചിട്ട് അവള്‍ ചെന്ന് വാതില്‍ തുറന്നു.
“അറിഞ്ഞോ ഒരു സംഭവം?”
ഭവാനി ചോദിച്ചു.
“എന്താ?”
“അപ്പുറത്തെ വീട്ടിലെ സുകുമാരന്‍ മരിച്ചു. ഇന്നലെ രാത്രി അയാളെ ആരോ കൊന്നു.”
സുമിത്ര ഞെട്ടിയില്ല. എങ്കിലും ഭവാനിയുടെ മുമ്പില്‍ ഞെട്ടിയതുപോലെ കണ്ണുമിഴിച്ചു നിന്നു അവള്‍.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5