Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 49

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 49

2410
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 49

ഗേറ്റുകടന്ന് മുറ്റത്തേക്ക് കയറിയപ്പോള്‍ വരാന്തയിലിരുന്ന ആളിനെ സുമിത്ര തിരിച്ചറിഞ്ഞു.
അത് ജയദേവനായിരുന്നു.
ആകെ മാറിപ്പോയിരിക്കുന്നു ആ രൂപം!
എണ്ണവയ്ക്കാത്ത ചപ്രച്ച തലമുടിയും കുഴിഞ്ഞ കണ്ണുകളും വളർന്ന താടിരോമങ്ങളുമായി ഒരു മനുഷ്യക്കോലം! അലസമായി ധരിച്ച മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. ശരീരം നന്നേ മെലിഞ്ഞിട്ടുണ്ട് . ഒറ്റനോട്ടത്തില്‍ ജയദേവനാണെന്നു തോന്നുകേയില്ല.
അയാളെ കണ്ടതും സുമിത്രയുടെ മനസില്‍ അമര്‍ഷം പുകഞ്ഞു.
കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ ജയദേവന്‍ എണീറ്റ് വല്ലായ്മയോടെ നിന്നു.
സുമിത്ര അയാളെ അവജ്ഞയോടെ നോക്കി.
വരാന്തയിലേക്ക് കയറിയിട്ട് ബാഗില്‍നിന്ന് താക്കോലെടുത്ത് അവള്‍ വാതിലിന്‍റെ താക്കോല്‍ പഴുത്തിലിട്ടു .
“സുമിത്രേ…”
പിന്നില്‍ ആര്‍ദമായ ഒരു വിളിയൊച്ച .
കേട്ടതായി ഭാവിച്ചില്ല അവള്‍.
വാതില്‍ തുറന്ന് അകത്തേക്കു പ്രവേശിച്ചു.
കിടപ്പുമുറിയില്‍ വന്ന് ബാഗ് മേശപ്പുറത്തുവച്ചിട്ട് അവള്‍ കട്ടിലില്‍ ഇരുന്നു.
വല്ലാതെ ശ്വാസംമുട്ടുന്നുണ്ടായിരുന്നു. നെഞ്ചിനകത്ത് എന്തോ ഭാരം കിടക്കുന്നതുപോലൊരു തോന്നല്‍.
കട്ടിലില്‍ കൈ ഊന്നി വിങ്ങുന്ന ഹൃദയത്തോടെ കീഴ്പോട്ടുനോക്കി അവളങ്ങനെ ഇരുന്നു, കുറെ നേരം!
ആ മനുഷ്യന്‍ വന്നവഴിയേ തിരിച്ചുപോകട്ടെ. സംസാരിക്കേണ്ട തനിക്കയാളോട്. കാണുകയും വേണ്ട. മനസിൽ നിന്ന് പണ്ടേ കുടിയിറക്കിയതാണ് ആ വൃത്തികെട്ടവനെ ! കാണണ്ട ഇനി അവന്റെ മുഖം.
അവള്‍ ചുണ്ടുകൾ അമർത്തി രോഷം കടിച്ചൊതുക്കി .
“സുമിത്രേ.”
വിളികേട്ട് ഞെട്ടി മുഖമുയര്‍ത്തി അവള്‍.
നനഞ്ഞ കണ്ണുകളും നിറം മങ്ങിയ മുഖവുമായി ജയദേവന്‍ മുൻപിൽ !
“ഇറങ്ങെടോ എന്റെ മുറീന്ന്.”
കൈചൂണ്ടി സിംഹത്തെപ്പോലെ അവൾ അലറി.
“സുമിത്രേ ഞാന്‍…”
“താൻ ഒന്നും പറയണ്ട. പറയാന്‍ പോകുന്നതെന്താണെന്നെനിക്കറിയാം. തെറ്റുപറ്റി. മാപ്പാക്കണം. കഴിഞ്ഞതൊക്കെ മറന്ന് എന്നോട് ദയകാണിക്കണം. എന്നൊക്കെയല്ലേ? എനിക്ക് കാണണ്ട ഇനി ഈ മുഖം. ഒരിക്കലും കാണണ്ട. ! എനിക്കിയാളെ വെറുപ്പാ…. അറപ്പാ !”
സുമിത്രയുടെ കണ്ണുകളില്‍ തീ പടരുന്നതു ജയദേവന്‍ കണ്ടു. ആ തീയിൽ താൻ വെന്തുരുകുന്നതുപോലെ തോന്നി.
“സുമിത്രയ്ക്കെന്നെ ശപിക്കാം; ആട്ടാം; കാര്‍ക്കിച്ചു തുപ്പാം. എന്തുചെയ്താലും നിശബ്ദമായി ഞാനതു സഹിക്കുകയേയുള്ളൂ. ഞാന്‍ ചെയ്ത തെറ്റിന് അതൊന്നും പരിഹാരമാവില്ലെന്നറിയാം. ഒരുപാട് ജീവിതങ്ങള്‍ ഞാന്‍ തകര്‍ത്തു. സുമിത്രയുടെ, സതീഷിന്‍റെ, ശശികലയുടെ. അതിന്‍റെയൊക്കെ ശിക്ഷ ഇപ്പം ഞാനനുഭവിച്ചുകൊണ്ടിരിക്കുകയാ ! സുമിത്രയ്ക്കറിയ്വോ, ശശികലയുടെ മരണശേഷം ഒരു രാത്രിപോലും മനസമാധാനത്തോടെ എനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ല. അവളുടെ പ്രേതം രാത്രിയിൽ വന്ന് എന്നെ ഭയപ്പെടുത്തുന്നു .”
ജയദേവന്‍റെ ശബ്ദം ഇടറി.
“ഒരു പെണ്ണിനോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയല്ലേ നിങ്ങള്‍ എന്നോട് കാണിച്ചത്? ശശികലയുമായുള്ള കല്യാണം നിശ്ചയിച്ചു കഴിഞ്ഞിട്ടും , എനിക്ക് മോഹങ്ങള്‍ നല്‍കി ചതിച്ചില്ലേ നിങ്ങൾ ?. ക്ഷണക്കത്തയച്ചു എല്ലാവരേം വിളിച്ചുകഴിഞ്ഞപ്പം പ്രതികാരം ചെയ്ത സംതൃപ്തിയോടെ അട്ടഹസിച്ചില്ലേ നിങ്ങള്‍? ആ അട്ടഹാസം ഇപ്പഴും എന്റെ മനസിൽ മുഴങ്ങുന്നുണ്ട് . നിങ്ങളെ സ്നേഹിച്ചുപോയി എന്നൊരു കുറ്റം മാത്രമേ ഞാന്‍ ചെയ്തുള്ളൂ. അതിന് ഇത്രയും വലിയൊരു ശിക്ഷ വേണമായിരുന്നോ?”
നിയന്ത്രണം വിട്ടുപോകാതിരിക്കാൻ അവൾ ചുണ്ടുകൾ കടിച്ചമർത്തി.
“ഈ രണ്ടു കരണത്തും കൈ വേദനിക്കുവോളം സുമിത്ര അടിച്ചോളൂ. കണ്ണടച്ച്, നിശബ്ദമായി നിന്ന് ഞാനതു സഹിച്ചുകൊള്ളാം . എന്നാലും ആകില്ല ഞാന്‍ ചെയ്ത തെറ്റിന്‍റെ ശിക്ഷ. അത്രയ്ക്ക് വേദനിപ്പിച്ചു ഞാൻ നിങ്ങളെയെല്ലാം. ”
ജയന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എത്ര അടിച്ചാലും തൊഴിച്ചാലും നിങ്ങള്‍ക്കു ഇനി മനസമാധാനം കിട്ടില്ല. ശശികലയുടെ ആത്മാവ് നിങ്ങളോട് ഒരിക്കലും പൊറുക്കില്ല.”
“ഞാന്‍ അവളോട് ചെയ്ത ക്രൂരതയ്ക്ക് പരിഹാരമായി ആ കുടുംബത്തെ ദത്തെടുക്കാന്‍ തയാറാ.”
“എന്തുചെയ്താലും ആ ജീവന്‍ ഇനി തിരിച്ചുകൊടുക്കാൻ പറ്റില്ലല്ലോ ! “
“എനിക്ക് മനസമാധാനം വേണം. അതിനെന്തു പ്രായശ്ചിത്തമാ ചെയ്യേണ്ടതെന്നു സുമിത്ര പറയൂ. എന്‍റെ സ്വത്തുമുഴുവന്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല. എനിക്ക് മനസമാധാനത്തോടെ ഒരു രാത്രിയെങ്കിലും കിടന്നുറങ്ങണം. ഇല്ലെങ്കില്‍ സമനില തെറ്റി എനിക്ക് ഭ്രാന്തുപിടിക്കും. എനിക്കുറങ്ങാൻ പറ്റുന്നില്ല ” അയാൾ വികാരവിവശനായി പറഞ്ഞു .
”നിങ്ങളു ചെയ്ത ക്രൂരതയുടെ ഫലമായി ഒരു നല്ല മനുഷ്യന്‍ ഇപ്പം ഹോസ്പിറ്റലില്‍ കിടക്ക്വാ. ആ മനുഷ്യന്‍റെ അമ്മയും ഭാര്യയും അനുഭവിക്കുന്ന വേദന നിങ്ങള്‍ക്കറിയ്വോ? എന്നെ തോല്‍പിക്കാന്‍വേണ്ടി നിങ്ങള്‍ ഉണ്ടാക്കിയ കള്ള ഫോട്ടോ എത്ര ജീവിതമാ തകര്‍ത്തതെന്നു നിങ്ങള്‍ അന്വേഷിച്ചോ?”
സതീഷിനെക്കുറിച്ചാണു സുമിത്ര പറഞ്ഞതെന്നു ജയദേവനു മനസിലായി.
“ഞാന്‍ ഒന്നുമറിഞ്ഞില്ല. ആരാ ഹോസ്പിറ്റലില്‍?”
“എന്തിനായിരുന്നു എന്നോടുള്ള പകതീര്‍ക്കാന്‍ ആ നല്ല മനുഷ്യന്റെ സന്തോഷം കൂടി നിങ്ങള്‍ തല്ലി തകർത്തത് ? ഇല്ലാത്ത ഫോട്ടോ ഉണ്ടാക്കി ആ കുടുംബത്തിലേക്കെറിഞ്ഞുകൊടുത്തപ്പം തകര്‍ന്നുവീണത് സ്വര്‍ഗംപോലെ കഴിഞ്ഞിരുന്ന ദാമ്പത്യജീവിതമാ. മഞ്ജുവേച്ചി വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസയച്ച കാര്യം നിങ്ങള്‍ക്കറിയ്വോ? അതു കേട്ടപ്പം സമനില തെറ്റിയ സതീഷേട്ടന്‍ ഇപ്പം ആശുപത്രിയിലാ. നിങ്ങള്‍ സന്തോഷിക്ക്. ഹൃദയം തുറന്ന് സന്തോഷിക്ക്. മറ്റുള്ളവരുടെ വേദനയിലും കണ്ണീരിലുമല്ലേ നിങ്ങള്‍ക്കു സന്തോഷം.”
സുമിത്ര പൊട്ടിത്തെറിക്കുകയായിരുന്നു.
“തെറ്റുപറ്റിപ്പോയി.” കൈകൂപ്പി കണ്ണീരോടെ അയാള്‍ യാചിച്ചു.
“മാപ്പ്!”
“മാപ്പുചോദിക്കേണ്ടത് എന്നോടല്ല. നിങ്ങള്‍ തല്ലിയുടച്ച ഒരു കുടുംബമില്ലേ? ചെന്ന് അവരോട് മാപ്പുചോദിക്ക്. മഞ്ജുവേച്ചിയുടെ കാല്‍ക്കല്‍ വീണ് കണ്ണീരുകൊണ്ട് ആ പാദങ്ങള്‍ കഴുകി ചെയ്തതൊക്കെ തെറ്റായിരുന്നെന്നു ബോധ്യപ്പെടുത്ത്. അറ്റുപോയ ആ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് പ്രായശ്ചിത്തം ചെയ്യ്! ഭവാനിയമ്മയുടെ കണ്ണീര്‍ തുടച്ച് ആശ്വസിപ്പിക്ക്. അതിനു കഴിയുന്നില്ലെങ്കില്‍ ഒരുകാലത്തും നിങ്ങള്‍ക്കു മനസമാധാനം കിട്ടില്ല.”
“ചെയ്യാം. ഞാന്‍ കാരണം തകര്‍ന്നുപോയ ഒരു ദാമ്പത്യബന്ധം കൂട്ടിച്ചേര്‍ക്കാന്‍ എന്‍റെ ജീവന്‍പോലും ബലികൊടുക്കാന്‍ ഞാന്‍ തയാറാ. ആരുടെ മുമ്പില്‍ പോയിയും ഞാന്‍ മാപ്പുചോദിക്കാം. എനിക്ക് മനസമാധാനം കിട്ടണം. ഒരുരാത്രിയെങ്കിലും സ്വസ്ഥമായിട്ടൊന്നുറങ്ങണം.”
ജയദേവന്‍ അങ്ങേയറ്റം പരവശനായിരുന്നു.
“എന്നാ ചെല്ല്. ചെന്ന് എല്ലാം നേരെയാക്കിയിട്ട് വാ. എന്നിട്ടിനി കണ്ടാമതി എനിക്ക് ഈ മുഖം”
“ക്ഷമിച്ചു എന്നൊരു വാക്ക്.”
“ക്ഷമിക്കേണ്ടത് ഞാനല്ല. സതീഷേട്ടനും മഞ്ജുവേച്ചിയും ഭവാനിയമ്മയുമാണ്. ചെല്ല്. ചെന്നവരോട് മാപ്പുചോദിക്ക്. അവര്‍ ക്ഷമിക്കുമെങ്കില്‍ ഞാനും ക്ഷമിക്കാം.”
ജയദേവന്‍ പിന്നീടൊന്നും മിണ്ടിയില്ല. തിരിഞ്ഞു സാവധാനം വെളിയിലേക്ക് നടന്നു .
കാർ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോള്‍ സുമിത്ര എണീറ്റ് വാതില്‍ക്കല്‍ വന്നുനിന്ന് നോക്കി.
ജയദേവന്റെ കാർ ഗേറ്റുകടന്ന് റോഡിലേക്കിറങ്ങിയിരുന്നു അപ്പോള്‍.
ഒരു നെടുവീര്‍പ്പിട്ടിട്ട് അവള്‍ തിരിഞ്ഞു മുറിയിലേക്ക് പോയി.


നേരിയ ചാറ്റല്‍ മഴ!
ബാലചന്ദ്രന്‍ കാറിന്‍റെ സ്പീഡ് അല്പം കുറച്ചു.
നനഞ്ഞ റോഡിലൂടെ ആ വാഹനം സാവധാനാമാണ് മുമ്പോട്ട് ഓടിക്കൊണ്ടിരുന്നത് ..
സ്റ്റീരിയോയില്‍ നിന്നൊഴുകുന്ന, യേശുദാസിന്‍റെ ശ്രുതിമധുരമായ ഗാനത്തിനൊത്ത് അയാളും മൂളിക്കൊണ്ടിരുന്നു .
മെയിന്‍ റോഡില്‍നിന്ന് കാറ് വലത്തോട്ട് തിരിഞ്ഞ് പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചു.
അരക്കിലോമീറ്റര്‍ ദൂരം ഓടിയിട്ട് ഇടത്തോട്ട് തിരിഞ്ഞ് ഒരു വീട്ടുമുറ്റത്തേക്കു കയറി.
കാറു വന്ന ശബ്ദം കേട്ടതും മുറിയില്‍ വായിച്ചുകൊണ്ടിരുന്ന ദേവയാനി ജനാലയിലൂടെ നോക്കി.
ബാലചന്ദ്രന്‍ കാറില്‍ നിന്നിറങ്ങുന്നതു കണ്ടപ്പോള്‍ ‘അമ്മേ ഏട്ടന്‍ വന്നു’ എന്നുറക്കെ വിളിച്ച് പറഞ്ഞിട്ട് ദേവയാനി ഉല്‍സാഹത്തോടെ വെളിയിലേക്കോടിവന്നു.
ബാലചന്ദ്രന്‍റെ പെങ്ങളാണ് ദേവയാനി. ഡിഗ്രിക്ക് പഠിക്കുന്ന മിടു മിടുക്കി!
വലതുകൈയിലെ ചൂണ്ടുവിരലിലിട്ടു താക്കോല്‍ വളയം കറക്കിക്കൊണ്ട് , ഇടതുകൈയില്‍ ബാഗുമായി ബാലചന്ദ്രന്‍ സിറ്റൗട്ടിലേക്ക് കയറി.
ദേവയാനി വന്നു ബാലചന്ദ്രന്‍റെ കൈയില്‍നിന്ന് ബാഗ് വാങ്ങി.
“പത്രത്തില്‍ ഫോട്ടോ കണ്ടൂട്ടോ. കോളേജിലിപ്പം ഞാന്‍ ഹീറോയിനാ.” ദേവയാനി ഞെളിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു
“എന്‍റെ പേരും പറഞ്ഞ് നീ മുതലെടുക്കുന്നുണ്ടാവും അല്ലേ?”
ബാലചന്ദ്രന്‍ അവളുടെ ചെവിയില്‍ പിടിച്ചു മൃദുവായി ഒന്ന് നുള്ളി.
“ഹേയ്! എന്നെ പേടിയാ എല്ലാവര്‍ക്കും. പോലീസ് ഓഫീസറുടെ പെങ്ങളല്ലേ? പേടിക്കാണ്ടിരിക്കാൻ പറ്റുമോ ”
അതു പറഞ്ഞിട്ട് അവള്‍ ഗമയില്‍ മുഖം ഉയർത്തി ഞെളിഞ്ഞു നിന്നു.
“പഠിക്കുന്നുണ്ടോ നന്നായിട്ട്? അതോ അടിച്ചുപൊളിച്ചു നടക്ക്വാണോ? ഇൻസ്റ്റായും വാട്ട്സ് ആപ്പുമൊക്കെയായിട്ട് ?”
“എല്ലാം ഉണ്ട്. ഒന്നും കുറയ്ക്കാന്‍ പറ്റില്ലല്ലോ.”
”എന്തൊക്കെ ഉണ്ടായാലും പഠിത്തം ഉഴപ്പരുത് കേട്ടോ ”
”അതുഴപ്പുമോ ഏട്ടാ ? ഏട്ടന്റെ കുഞ്ഞു പെങ്ങളല്ലേ ഞാൻ ”
അവളുടെ തലയ്ക്കിട്ട് മൃദുവായി ഒരിടി കൊടുത്തിട്ട് ബാലചന്ദ്രന്‍ അകത്തേക്ക് കയറി.
“നിന്നെ കണ്ടിട്ട് കുറെദിവസമായല്ലോ മോനേ…”
അടുക്കളയിൽ ജോലിയിലായിരുന്ന പാർവതി ടവ്വലെടുത്തു കൈ തുടച്ചുകൊണ്ട് മുറിയിലേക്ക് വന്നു.
“സമയം കിട്ടണ്ടേ അമ്മേ? പോലീസിന്‍റെ ജോലീന്നു പറയുന്നത് അത്ര എളുപ്പമല്ലല്ലോ .”
ബാലചന്ദ്രന്‍ ഡൈനിംഗ് റൂമില്‍ ചെന്ന് ഫ്രിഡ്ജ് തുറന്ന് ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തു കുടിച്ചു.
”പത്രത്തില്‍ നിന്റെ ഫോട്ടോ കണ്ടപ്പം അച്ഛനെന്തു സന്തോഷായീന്നറിയ്വോ? എങ്ങനാടാ ആ കേസ് തെളിയിച്ചത് ?”
“അതൊക്കെ ഒരു ദൈവാനുഗ്രഹം! അച്ഛന്‍റേം അമ്മേടേം പ്രാര്‍ഥനേടെ ഫലം.”
“അപ്പം ഞാന്‍ പ്രാര്‍ഥിച്ചില്ലെന്നാണോ?”
ദേവയാനിക്കു പരിഭവം.
“നീയും പ്രാര്‍ഥിച്ചു പെണ്ണേ. ഞാനീ ഡ്രസൊന്നു മാറിയിട്ടു വരാം .”
സ്റ്റെയര്‍കെയ്സ് കയറി ബാലചന്ദ്രന്‍ മുകളിലത്തെ നിലയിലേക്ക് പോയി.
വേഷം മാറിയിട്ട് അദ്ദേഹം സോപ്പും തോര്‍ത്തുമെടുത്തു വെളിയിലേക്കിറങ്ങി.
പറമ്പിന്റെ തെക്കേ അറ്റത്തുകൂടി ഒഴുകുന്ന മുത്തച്ഛന്‍ ആറ്റിൽ പോയി നന്നായി ഒന്നു മുങ്ങിക്കുളിച്ചു.
ദേഹം തണുത്തപ്പോള്‍ മനസിനും ശരീരത്തിനും ഒരു സുഖം തോന്നി.
തല നന്നായി തുവര്‍ത്തിയിട്ട് തിരിച്ചു വീട്ടിലേക്കു നടന്നു.
വീട്ടിലെത്തിയപ്പോള്‍ വിഭവങ്ങളൊക്കെ എടുത്തു മേശയില്‍ നിരത്തിയിട്ടുണ്ടായിരുന്നു അമ്മ.
തനിയെ ഇരുന്നു മതിയാവോളം കഴിച്ചു.
കൈകഴുകിയിട്ട് മുറിയിൽ വന്നിരുന്ന് അമ്മയോടും അനിയത്തിയോടും വിശേഷങ്ങള്‍ പങ്കുവച്ചു.
സന്ധ്യമയങ്ങിയപ്പോള്‍ ബാലചന്ദ്രന്‍റെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍ വന്നു. ടൗണില്‍ ബിസിനസാണ് രാമചന്ദ്രന്.
അച്ഛനെ കണ്ടതും ബാലചന്ദ്രന്‍ ബഹുമാനത്തോടെ എണീറ്റു.
“നീ എപ്പ വന്നു?”
“നാലുമണി കഴിഞ്ഞു ”
“എങ്ങനെയുണ്ട് ജോലിയൊക്കെ ? ടെൻഷൻ ഒരുപാടുണ്ടാകും അല്ലെ ?”
“ങ്ഹാ , കുറച്ചൊക്കെ. ”
” നിന്റെ ആദ്യത്തെ കേസ് ഭംഗിയായി തെളിയിക്കാൻ പറ്റിയത് വലിയ ദൈവാനുഗ്രഹമാ . ”
“അതെ അച്ഛാ . താൻ പാതി ദൈവം പാതി എന്നാണല്ലോ! ദൈവാനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി നടന്നു”
” ഇനി എന്ന് പോകണം നിനക്ക്? ”
” നാളെ ”
”അപ്പം അവധിയൊന്നുമില്ല ?”
“പോലീസിന് എന്ത് അവധി. 24 മണിക്കൂറും ഡ്യുട്ടിയല്ലേ ”
രാമചന്ദ്രന്‍ ഡ്രസ് മാറാനായി കിടപ്പുമുറിയിലേക്ക് പോയി.
രാത്രി എല്ലാവരും ഒരുമിച്ചിരുന്നാണ് അത്താഴം കഴിച്ചത്.
രാമചന്ദ്രനും പാര്‍വതിയും ദേവയാനിയും കേസിനെക്കുറിച്ചു ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു . ബാലചന്ദ്രന്‍ മൂളിക്കേള്‍ക്കുകയും ചോദിച്ചതിനൊക്കെ മറുപടി പറയുകയും ചെയ്തു.
“ദേവയാനി മാട്രിമോണിയൽ സൈറ്റിൽ നിന്ന് നിനക്ക് പറ്റിയ ഒരുപെണ്ണിനെ കണ്ടുപിടിച്ചിട്ടുണ്ട്.”
പാര്‍വതി മകന്‍റെ പ്ലേറ്റിലേക്ക് അല്‍പംകൂടി കറി വിളമ്പിക്കൊണ്ട് പറഞ്ഞു.
“എവിടുത്തുകാരിയാ ?”
“തൃക്കാക്കരയാ. ഫോട്ടോ ഞാന്‍ കണ്ടു. മിടുക്കിപ്പെണ്ണാ. പഠിപ്പും ഉണ്ട്. ജോലിയൊന്നുമില്ല . പിന്നെ, ഒരുപാട് സ്വത്തൊന്നുമില്ല. സ്വത്തല്ലല്ലോ കാര്യം. സ്വത്തിനെക്കാളും വലുത് സ്വഭാവമല്ലേ . നല്ല സ്വഭാവമാന്നാ കാഴ്ച്ചയിൽ തോന്നുന്നത് . ”
പാര്‍വതി ദേവയാനിയുടെ നേരെ നോക്കിയിട്ടു തുടര്‍ന്നു:
“നീയാ ഫോട്ടോ കാണിച്ചുകൊടുത്തേ മോളേ…”
ദേവയാനി ഓടിച്ചെന്ന് മൊബൈൽ എടുത്തുകൊണ്ടു വന്നു ഫോട്ടോ ബാലചന്ദ്രനു കാണിച്ചു കൊടുത്തു
“എങ്ങനുണ്ട് ചേട്ടാ?” ദേവയാനി ചോദിച്ചു.
“കുഴപ്പമില്ല.”
” കുഴപ്പമില്ലെന്നേയുള്ളോ ? സുന്ദരിയല്ലേ ? ”
അതിനു മറുപടി പറയാതെ ബാലചന്ദ്രന്‍ അച്ഛനെയും അമ്മയേയും മാറിമാറി നോക്കിയിട്ട് ചോദിച്ചു
“ഞാനൊരു ഫോട്ടോ അങ്ങോട്ട് കാണിക്കട്ടെ?”
“ഉം…”
ഭക്ഷണം കഴിച്ചിട്ട് അയാള്‍ എണീറ്റു കൈകഴുകി. എന്നിട്ടു മൊബൈൽ എടുത്തു അതിൽ സ്റ്റോർ ചെയ്തിരുന്ന ഒരു ഫോട്ടോ ഡിസ്പ്ലേ സ്‌ക്രീനിൽ കൊണ്ടുവന്നിട്ടു മൊബൈൽ അമ്മയുടെ നേരെ നീട്ടി.
” ഇതൊന്നു നോക്കിക്കേ ”
അമ്മ അതു വാങ്ങി നോക്കി.
“ഇത് അതിനേക്കാള്‍ സുന്ദരിപ്പെണ്ണാ .”
പാര്‍വതി മൊബൈൽ ഭര്‍ത്താവിനു കൈമാറി. ദേവയാനി എണീറ്റു അച്ഛന്‍റെ പിന്നില്‍ വന്നു നിന്നു അദ്ദേഹത്തിന്റെ ചുമലിൽ കൈ ഊന്നിക്കൊണ്ടു മൊബൈലിലേക്ക് നോക്കി.
“അടിപൊളിയാ ഏട്ടാ . എനിക്കിഷ്ടപ്പെട്ടു ” ദേവയാനിക്ക് നന്നേ പിടിച്ചു.
“നല്ല കുട്ടിയാ.”
രാമചന്ദ്രനും ഇഷ്ടമായി.
“ഏട്ടന്റെ ലൈന്‍ വല്ലതുമാണോ?” – ദേവയാനി ചിരിച്ചുകൊണ്ട് കണ്ണിറുക്കി .
“ആണെന്നു കൂട്ടിക്കോ. ”
“സ്വഭാവം നല്ലതാണോ?”
പാര്‍വതി ചോദിച്ചു.
“അക്കാര്യത്തില്‍ ഞാന്‍ ഗ്യാരണ്ടി.”
അതുകേട്ടപ്പോള്‍ പാര്‍വതിക്ക് പകുതി ആശ്വാസമായി.
“ചേട്ടന്‍റെ സെലക്ഷനല്ലേ. മോശമാവില്ല. പോലീസുകാര്‍ക്ക് ഒരാളെ ഒറ്റനോട്ടത്തില്‍ പിടികിട്ടൂല്ലോ.”
ദേവയാനിക്കും സന്തോഷം.
“എവിടാ വീട്?”
“കുറച്ചുദൂരെയാ. ആദ്യം അച്ഛനും അമ്മേം പോയി അവളെയൊന്നു കാണ്. പബ്ലിസിറ്റിയൊന്നും കൊടുക്കണ്ട. നമ്മൾ ഇത്രയും പേര് അറിഞ്ഞാൽ മതി . പിന്നെ ഒരുപാട് സ്വത്തൊന്നുമില്ല . സ്ത്രീധനമൊന്നും പ്രതീക്ഷിക്കണ്ട ”
” സ്ത്രീധനം അല്ലല്ലോ മുഖ്യം ! പെണ്ണിന്റെ സ്വഭാവം നല്ലതായിരിക്കണം . അതാ എനിക്ക് പ്രധാനം ” പാർവതി പറഞ്ഞു.
”അക്കാര്യത്തിൽ ഞാൻ ഗാരണ്ടി . എനിക്ക് നല്ല പരിചയമുള്ള കുട്ടിയാ ”
” പേരെന്താ ഏട്ടാ ?” ദേവയാനിക്ക് ആകാംക്ഷ.
”സുമി ”
”പഴയ പേരാണെങ്കിലും , നല്ല ഐശ്വര്യമുള്ള പേരാ .” പാർവതി പറഞ്ഞു .
”പേരു മാത്രമല്ല. മുഖവും ഐശ്വര്യമുള്ളതാ. ഒന്ന് പോയി കണ്ടു നോക്ക് ”
“ഞാനും കൂടി പോകാം കേട്ടോ ഏട്ടാ.”
“പൊയ്‌ക്കോടി . എല്ലാവരും പോയി കണ്ടോ . അവളുടെ സംസാരവും ഇടപെടലും പെരുമാറ്റവുമൊക്കെ ഇഷ്ടപ്പെട്ടാൽ മാത്രം നമുക്ക് പ്രൊസീഡ് ചെയ്‌താൽ മതി .”
”ഏട്ടനറിയാം ഞങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് . അതുകൊണ്ടല്ലേ ഇത്ര ധൈര്യമായിട്ട് പറയുന്നത് ”
ബാലചന്ദ്രൻ ചിരിച്ചതേയുള്ളൂ .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here