Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 32

1635
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 32

പുതിയ വീട്ടിലെ താമസം ആതിരയ്ക്കു നന്നേ ഇഷ്ടമായി.
എല്ലാ സൗകര്യങ്ങളുമുള്ള രണ്ടുനില വീട്! അത്യാവശ്യം വേണ്ട ഫര്‍ണിച്ചറുകളെല്ലാം പാപ്പച്ചൻ വാങ്ങിക്കൊടുത്തിട്ടുണ്ടായിരുന്നു.

പകല്‍സമയത്ത് ബോറടി മാറ്റാന്‍ കേബിള്‍ ടിവിയുണ്ട്. പിന്നെ ലാപ്ടോപ്പ്, ഇന്റർനെറ്റ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ടായിരുന്നു ആതിരയുടെ പപ്പ പാപ്പച്ചൻ.

ചിത്തിരപുരം ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ വീട്ടില്‍ കഴിയുമ്പോൾ എന്തൊരു ശ്വാസം മുട്ടലായിരുന്നു എന്ന് അവൾ ഓർത്തു. ഇപ്പോൾ എന്തൊരാശ്വാസം ! മനോഹരമായ വലിയ മുറികൾ ! കിടക്കാൻ എ സി റൂം. മർദ്ദവമേറിയ നല്ല ഫോം ബെഡ് . ഇതിൽ കൂടുതൽ എന്ത് വേണം ?

വീടിന്റെ ബാല്‍ക്കണിയില്‍ വന്നു നിന്നാല്‍ നഗരം മുഴുവന്‍ കാണാം. റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളേയും നടന്നുപോകുന്ന യാത്രക്കാരെയും നോക്കിനില്ക്കാന്‍ നല്ല രസമാണ്.

ആതിര ഓര്‍ത്തു. അമ്മയും അനുവും കൂടെ വരാതിരുന്നതു ഒരു കണക്കിന് നന്നായി. അവരുടെ സാന്നിദ്ധ്യത്തില്‍ ടോണിയോട് ഹൃദയം തുറന്ന് സംസാരിക്കാനോ, തമാശകള്‍ പറഞ്ഞു ചിരിക്കാനോ കഴിയുമോ തനിക്ക്? തോന്നുമ്പോൾ പുറത്തുപോകാനും കയറിവരാനും പറ്റുമോ ?

താനും ടോണിയും മാത്രമുള്ള ലോകം. അതാണ് തനിക്കിഷ്ടം! ഭാഗ്യത്തിന് അങ്ങനെയൊരു ചാന്‍സ് ഒത്തുവന്നു. ഇഷ്ടമുള്ളപ്പോൾ പുറത്തുപോകാനും തിരിച്ചുവരാനും ഇനി ആരുടെയും സമ്മതം ചോദിക്കേണ്ടല്ലോ!

ഒരു മൂളിപ്പാട്ടും പാടി ആതിര മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.

ടോണി ഡ്യുട്ടിക്ക് പോയി കഴിഞ്ഞാൽ ആതിര തനിച്ചാണ് വീട്ടിൽ. ടിവി കണ്ടും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ചാറ്റുചെയ്തും സമയം ചിലവഴിച്ചു അവൾ. മടുക്കുമ്പോൾ ബാൽക്കണിയിൽ വന്നു താഴേക്ക് നോക്കി ഇരിക്കും.

റോഡിലൂടെ നടന്നു പോകുന്ന യുവാക്കൾ മുകളിലേക്ക് നോക്കി ഓരോ ഗോഷ്ടികൾ കാണിക്കുമ്പോൾ തിരിച്ചങ്ങോട്ടും കാണിക്കും അവൾ. അതു രസമുള്ള ഒരു വിനോദമായി തോന്നി അവൾക്ക്‌ .

ടോണി താമസം മാറ്റിയതോടെ ആഗ്നസിനും അനുവിനും ഒരുപാട് സങ്കടമായി.
അമ്മായിയമ്മപ്പോര് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് മരുമകള്‍ താമസം മാറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞുപരത്തുക കൂടി ചെയ്തപ്പോൾ ആഗ്നസിന്റെ സങ്കടം ഇരട്ടിച്ചു.

മകന് വലിയ വീട്ടില്‍ നിന്ന് പെണ്ണാലോചിച്ചതു മണ്ടത്തരമായിപ്പോയീന്നോര്‍ത്തു.
കല്യാണം കഴിഞ്ഞോടെ ടോണി ആകെ മാറിപ്പോയല്ലോ !
അനുവിന് വിവാഹാലോചനകള്‍ വരുന്നുണ്ട്. ആങ്ങള വഴക്കിട്ട് വേറെ താമസിക്കുകയാണെന്നു കേള്‍ക്കുമ്പോള്‍ തറവാട്ടു മഹിമയുള്ളവരൊക്കെ പിന്‍വാങ്ങുകയാണ്.
ഒരുദിവസം ആഗ്നസ് അനുവിനോട് പറഞ്ഞു:
“നമ്മളിവിടെ തനിച്ചു കഴിഞ്ഞാല്‍ നിന്‍റെ കല്യാണം നടക്കാന്‍ പ്രയാസമാ മോളേ.”
“എന്‍റെ കല്യാണം നടന്നില്ലാന്നു വച്ച് എനിക്കൊരു പ്രയാസോം ഇല്ലമ്മേ. അമ്മ അതോര്‍ത്തു വിഷമിക്കേണ്ട.”
അനു സമാധാനിപ്പിച്ചു.
“എത്രകാലം നമുക്ക് ഇവിടെ തനിച്ചു കഴിയാന്‍ പറ്റും? നാട്ടുകാരെന്തൊക്കെയാ പറഞ്ഞു നടക്കുന്നേന്ന് നിനക്കറിയാല്ലോ?”
നാട്ടുകാരെന്തും പറഞ്ഞോട്ടെ. അവരുടെ ചെലവിലല്ലല്ലോ നമ്മളിവിടെ കഴിയുന്നത്.”
“നിനക്കൊരു നല്ല ചെറുക്കനെ കണ്ടുപിടിക്കണ്ടേ മോളേ? വരുന്ന ആലോചനകളൊക്കെ ഓരോ കാരണം പറഞ്ഞ് മുടങ്ങിപ്പോക്വല്ലേ? മുടക്കാൻ ഒരുപാട് പേരുണ്ടല്ലോ നാട്ടില് “
“സമയമാകുമ്പം ഒക്കെ നടക്കും. അമ്മേ.”
“ഒരമ്മയുടെ മനസിലെ വേദന നീയൊരമ്മയാകുമ്പേഴേ മനസ്സിലാവൂ .”
അനു ഒന്നും മിണ്ടിയില്ല.
ഓരോ ദിവസം കഴിയുന്തോറും ആഗ്നസിന്‍റെ മനസ്സിലെ പ്രയാസം കൂടിക്കൂടി വന്നു .
ടോണി താമസം മാറിയതിനുശേഷം വല്ലപ്പോഴുമേ അവൻ വീട്ടില്‍ വരാറുള്ളൂ. വന്നാലുടനെ മടങ്ങുകയും ചെയ്യും.
ആതിര ഒരിക്കല്‍പ്പോലും അങ്ങോട്ടു തിരിഞ്ഞുനോക്കിയതേയില്ല .
ഒരു വെള്ളിയാഴ്ച രാത്രി.
അത്താഴം കഴിച്ചിട്ട് ആഗ്നസും അനുവും ഉറങ്ങാന്‍ കിടന്നു.
പാതിരാത്രി കഴിഞ്ഞുകാണും. എന്തോ താഴെവീഴുന്ന ശബ്ദം കേട്ടാണ് അനു ഉണര്‍ന്നത്.
അവള്‍ ലൈറ്റിന്റെ സ്വിച്ചിട്ടു . കറണ്ടില്ല.
ചെവിയോര്‍ത്തപ്പോള്‍ ആരുടെയോ കാല്‍പ്പെരുമാറ്റം മുറിയില്‍!
വല്ലാതെ ഭയന്നുപോയി.
“അമ്മേ…”
ഉറക്കെ വിളിച്ചതും ബലിഷ്ഠമായ രണ്ടു കരങ്ങള്‍ അവളുടെ വായ്പൊത്തി. പിടിച്ചകറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല .അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
നൊടിയിടയ്ക്കുള്ളില്‍ അവളുടെ കഴുത്തില്‍ കിടന്ന മാല പറിച്ചുകൊണ്ട് കള്ളൻ പുറത്തേക്കുചാടി ഓടി.
ഒച്ചകേട്ട് ആഗ്നസും ഉണര്‍ന്നു. മെഴുകുതിരി കത്തിച്ചു നോക്കിയപ്പോൾ മകൾ കിലുകിലെ വിറക്കുകയാണ്.
അത് കണ്ടപ്പോൾ അവരും കരയാൻ തുടങ്ങി . കരച്ചിലും ബഹളവും കേട്ട് അയല്‍പക്കത്തെ ദേവസ്യാച്ചൻ ഓടി എത്തി.
വീടും പരിസരവും അരിച്ചു പെറുക്കിയിട്ടും കള്ളന്റെ പൊടിപോലുമില്ല .ദേവസ്യാച്ചൻ നീട്ടി ടോർച്ചടിച്ചു നോക്കിയിട്ടു പറഞ്ഞു:
”ജീവൻ പോകാതിരുന്നത് ഭാഗ്യമായീന്ന് കരുതിക്കോ .”
അനു കിലുകിലെ വിറയ്ക്കുകയായിരുന്നു അപ്പോഴും .
നാലുപവന്‍റെ മാലയാണ് കള്ളൻ കൊണ്ടുപോയത് .
“ഈ ചുറ്റുവട്ടത്തുള്ള ആരോ ആയിരിക്കും . പെണ്ണുങ്ങൾ മാത്രമേ ഇവിടെ താമസമുള്ളൂന്നു നന്നായിട്ടറിയാവുന്ന ആരോ .”
ദേവസ്യാച്ചന്‍ ആഗ്നസിനെ നോക്കി പറഞ്ഞു.
”അത് നേരായിരിക്കും ” ആഗ്നസ് അതിനോട് യോചിച്ചു .
“നിങ്ങളിവിടെ തനിച്ചുകഴിയാതെ ടോണീടെ കൂടെപ്പോയി താമസിക്കരുതോ ? എപ്പഴാ എന്താ സംഭവിക്ക്വാന്ന് ആര്‍ക്കു പറയാന്‍ പറ്റും? പോരെങ്കില്‍ കല്യാണപ്രായമായ ഒരു പെണ്ണും…”
ദേവസ്യാച്ചൻ ആഗ്നസിന്റെ നേരെ നോക്കി പറഞ്ഞു . അവർ ഒന്നും മിണ്ടിയില്ല ..
“ഈ വീടു വാടകക്ക് കൊടുത്തിട്ട് നിങ്ങളു ടോണീടെ കൂടെപ്പോയി താമസിക്ക്. പെണ്ണിനെ നല്ലനിലേല്‍ കെട്ടിച്ചുവിടണ്ടേ?”
അതിനും മറുപടിയില്ല ആഗ്നസിന് .
“എന്തായാലും ഈ രാത്രി ഇനി ഇവിടെ തനിച്ചു കഴിയണ്ട. എന്‍റെ വീട്ടിലേക്കു പോരെ…”
ദേവസ്യാച്ചന്‍ അവരെ നിർബന്ധിച്ചു തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പിറ്റേന്ന് ചിത്തിരപുരം ഗ്രാമത്തില്‍ ആ വാര്‍ത്ത പടര്‍ന്നു.
അനുവിന്‍റെ രഹസ്യകാമുകനാണ് രാത്രിയില്‍ വന്നതെന്നും ആഗ്നസ് ഉണര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ അവള്‍ മാല ഊരിക്കൊടുത്ത് നാടകം കളിച്ചതാണെന്നും ആളുകള്‍ പറഞ്ഞുപരത്തി. അത് കേട്ടപ്പോൾ അനുവിനു കരച്ചില്‍ വന്നു. നാട്ടുകാരുടെ മുമ്പില്‍ താനാണു ഇപ്പോള്‍ തെറ്റുകാരി.

“നാട്ടുകാരെക്കൊണ്ട് ഓരോന്നു പറയിപ്പിക്കാതെ നമുക്കു ടോണീടെ വീട്ടിലേക്കു താമസം മാറ്റാം മോളേ.” ആഗ്നസ് പറഞ്ഞു
അനു എതിര്‍ത്തൊന്നും പറഞ്ഞില്ല. ആ വീട്ടില്‍ തനിച്ചു താമസിക്കാന്‍ അവള്‍ക്കും ഭയമായിരുന്നു. കള്ളനും കവര്‍ച്ചക്കാരനും ഇനിയും വരില്ലെന്നാരു കണ്ടു?
“നമ്മളങ്ങോട്ടു കെട്ടിക്കേറിച്ചെന്നാല്‍ ആതിര ചേച്ചിക്കു പിടിക്ക്വോ അമ്മേ?”
“വേറെങ്ങോട്ടുമല്ലല്ലോ. എന്‍റെ മോന്‍റെ വീട്ടിലേക്കല്ലേ? നമ്മളു ചെല്ലുന്നെന്നു കേള്‍ക്കുമ്പം അവനു വല്ല്യ സന്തോഷമാകും.”
“ങ്ഹാ… അമ്മയുടെ ഇഷ്ടം…”
അനു സമ്മതം മൂളി.
അപ്പോള്‍ തന്നെ ആഗ്നസ് ടോണിക്കു ഫോണ്‍ ചെയ്തു.
അമ്മ വരുന്നെന്നു കേട്ടപ്പോള്‍ ടോണിക്കു സന്തോഷമായി.
”ഇപ്പോഴെങ്കിലും അമ്മയ്ക്കു നല്ലബുദ്ധി തോന്നിയല്ലോ .” ടോണി പറഞ്ഞു. “വീടും പുരയിടോം വില്‍ക്കാന്‍ നമുക്ക് പത്രത്തിലൊരു പരസ്യം കൊടുക്കാം അമ്മേ.”
“വീട് ഉടനെ വില്‍ക്കണ്ട”. ആഗ്നസ് തടസം പറഞ്ഞു .
“അമ്മ ഇങ്ങോട്ടുപോന്നാല്‍ പിന്നെ ആരാ അതു നോക്കാനും സൂക്ഷിക്കാനുമുള്ളത്. മുഴുവന്‍ ചെതലെടുത്ത് പോക്വേയുള്ളൂ. ഇപ്പഴാണെങ്കില്‍ നല്ല വില കിട്ടും.”
“തറവാടല്ലേ മോനെ. വില്‍ക്കണ്ട. ഈ മണ്ണ് ഉപേക്ഷിക്കുവാന്‍ എനിക്കു മനസ്സുവരുന്നില്ല.”
“എന്തായാലും അമ്മ ഇങ്ങോട്ടുവാ. നമുക്ക് സാവകാശം അതിനെപ്പറ്റി ആലോചിക്കാം.”
ടോണി ഫോണ്‍ കട്ട് ചെയ്തു .
തറവാടുപേക്ഷിച്ചു പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദന തോന്നി ആഗ്നസിന്.
പക്ഷേ, പോകാതിരിക്കാനാവില്ല. ഒരാണ്‍തുണയില്ലാതെ രാത്രി ഇവിടെ കഴിയാന്‍ പറ്റില്ല.
അനുവിന്‍റെ ഭാവിയെങ്കിലും താന്‍ നോക്കണ്ടേ?
അടുത്തദിവസം ടോണി വന്ന് അമ്മയേയും അനുവിനേയും പട്ടണത്തിലെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒരു പരിഹാസചിരിയോടെയാണ് ആതിര അവരെ എതിരേറ്റത്.
“തറവാടു വിട്ടുപോകില്ലെന്നു പറഞ്ഞു വാശിപിടിച്ചിരുന്നിട്ട് ഇപ്പം എന്തുപറ്റി ?”
ആതിരയുടെ പരിഹാസ വാക്കുകള്‍ക്കു മുമ്പില്‍ നിശബ്ദത പാലിച്ചതേയുള്ളൂ ആഗ്നസ്.
“നാലുപവന്‍റെ സ്വര്‍ണ്ണമാല കള്ളന്‍ കൊണ്ടുപോയീന്നു കേട്ടു? കൊണ്ടുപോയതോ, അതോ കൊടുത്തുവിട്ടതോ?”
അനുവിനോടായിരുന്നു ചോദ്യം. ആ ചോദ്യത്തിന്‍റെ ദുസൂചന അവള്‍ക്കു പിടികിട്ടി.
ദേഷ്യം തോന്നിയെങ്കിലും തിരിച്ചങ്ങോട്ട് ഒരു വാക്കുപോലും പറഞ്ഞില്ല.
“പ്രായമായ പെണ്ണുങ്ങള്‍ വഴിതെറ്റാതെ നോക്കേണ്ടത് ഒരമ്മയുടെ കടമയാ…”
ആരോടെന്നില്ലാതെ ആതിര പറഞ്ഞു.
“അതിനിപ്പം എന്താ ഉണ്ടായേ?”
ആഗ്നസിനു അരിശം വന്നു.
“ഉണ്ടായതെന്താന്ന് അമ്മക്കൊഴികെ ബാക്കിയെല്ലാവര്‍ക്കുമറിയാം. നാട്ടുകാര് പറഞ്ഞു ഞാനും കേട്ടു ചിലതൊക്കെ. നാണക്കേടായിപ്പോയി.”
അത്രയും പറഞ്ഞുനിര്‍ത്തിയിട്ട് ആതിര മുറിയിലേക്കു പോയി.
ആഗ്നസ് അനുവിനെ നോക്കി. കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു അവൾ .
വന്നത് അബദ്ധമായോ എന്ന് ഒരു നിമിഷം സംശയിച്ചു.


പട്ടണത്തിലെ താമസം ഒട്ടും സന്തോഷകരമായിരുന്നില്ല ആഗ്നസിനും അനുവിനും. തിരിച്ച് തറവാട്ടിലേക്കു പോയാലോ എന്നു പലവട്ടം ചിന്തിച്ചതാണ്. കല്യാണപ്രായമായ ഒരു പെണ്ണിനോടൊപ്പം തനിച്ചു താമസിക്കണമല്ലോയെന്നോര്‍ത്തപ്പോള്‍ മനസു വിലക്കി.
തറവാടുവില്‍ക്കാന്‍ ആതിര ടോണിയെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു.
പട്ടണത്തില്‍ പുതിയൊരു വീട് വിലയ്ക്കു വാങ്ങുക എന്നതായിരുന്നു അവളുടെ സ്വപ്നം.
നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ പത്രത്തിലെ റിയല്‍ എസ്റ്റേറ്റ് കോളത്തില്‍ ടോണി പരസ്യം കൊടുത്തു. ആഗ്നസും അനുവും അക്കാര്യം അതറിഞ്ഞതേയില്ല.
നാൽപതു ലക്ഷം രൂപയ്ക്ക് വീടും പുരയിടവും കച്ചവടമുറപ്പിച്ചു.
അഡ്വാന്‍സ് തുക വാങ്ങി കഴിഞ്ഞിട്ടാണ് ടോണി അമ്മയോട് വിവരം പറഞ്ഞത്.
ആഗ്നസ് ഒരു നിമിഷനേരം തളര്‍ന്നിരുന്നുപോയി.
പിന്നെ നിശ്ശബ്ദമായി തേങ്ങി.
ടോണി ഓരോന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു.
ഒടുവിൽ ആഗ്നസ് പറഞ്ഞു.
“മൂന്നിലൊന്ന് , അതായത് പതിനഞ്ചു ലക്ഷം രൂപ അനുവിന്‍റെ പേരില്‍ ബാങ്കിലിടണം. സ്ത്രീധനമായിട്ട് കൊടുക്കാൻ അവള്‍ക്കു വേറെ സ്വത്തൊന്നുമില്ലല്ലോ.”
“അവളുടെ കല്യാണം ഗംഭീരമായി ഞാന്‍ നടത്തിക്കൊടുക്കും അമ്മേ. പതിനഞ്ചല്ല, അൻപത് ലക്ഷം രൂപ കൊടുത്തു നല്ല ഒന്നാതരം കുടുംബത്തിൽ ഞാൻ അവളെ പറഞ്ഞയക്കും. . അതിനു അവളുടെ പേരിൽ ബാങ്കിൽ കാശിടണമെന്നില്ല .അവൾ എന്റെ കുഞ്ഞു പെങ്ങളല്ലേ . ഞാൻ അവളെ ഉപേക്ഷിക്കുമോ . നമുക്ക് ഇപ്പം വേണ്ടത് നല്ലൊരു വീടാ . തറവാട് വിറ്റ കാശും ആതിരയുടെ സ്ത്രീധന കാശും ഉൾപ്പെടെ നല്ലൊരു വീട് വാങ്ങാനുള്ള കാശ് ഇപ്പം കൈയിലുണ്ട് .തികഞ്ഞില്ലെങ്കിൽ ബാങ്കീന്നു കുറച്ചു കടമെടുക്കുകയും ചെയ്യാം “
ടോണി പറഞ്ഞു .
” അത് വേണ്ട . അനുവിന്റെ ഷെയർ അവളുടെ പേരിൽ ബാങ്കിൽ ഇട്ടാൽ മതി .അല്ലെങ്കിൽ അത് പിന്നെ പ്രശ്നമാകും . ആതിരയുടെ സ്വഭാവം നിനക്കറിയാല്ലോ ”
” അതിരയല്ല ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് . ഞാനാ . എന്നെ അമ്മയ്ക്ക് വിശ്വാസമില്ലേ ” ടോണി ദേഷ്യപ്പെട്ടു .
”എന്നാ നിന്റെ ഇഷ്ടം പോലെ ചെയ്യ് . അല്ലാണ്ടിപ്പം ഞാൻ എന്താ പറയുക ”
”അമ്മയെയും പെങ്ങളെയും ഞാൻ ഒരിക്കലും കണ്ണീരു കുടിപ്പിക്കില്ല .അത് പോരെ ?
”മതി ”
ടോണി അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു . ആർക്കും ഒരു ദുഖവും വരുത്തില്ലെന്ന് ഉറപ്പുകൊടുത്തു ..
വൈകാതെ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് പതിനഞ്ചു സെന്‍റ് ഭൂമിയും ആധുനിക രീതിയില്‍ പണിതീര്‍ത്ത ഒരു ഇരുനില വീടും വാങ്ങി ടോണി.
വാടകവീട്ടില്‍ നിന്ന് അവർ പുതിയ വീട്ടിലേക്ക് അവർ താമസം മാറ്റി.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here