വീട് വെച്ചവർക്ക് അർബാന എന്താണെന്നും, അതിന്റെ ഉപയോഗം എന്താണെന്നും നന്നായി അറിയാം.
അർബാന (Arbana) എന്നും വീൽ ബാരോ ട്രോളി (Wheel Barrow Trolley) എന്നുമൊക്കെ ഈ വണ്ടിയെ വിളിക്കാറുണ്ട്. അർബാന എന്ന പേരാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത്.
വിവിധ തരം ഭാരം ചുമക്കുന്ന ജോലികളുടെ ആയാസം കുറക്കാൻ അർബാന കൊണ്ട് സാധിക്കും. ഭാരം കയറ്റിയ ശേഷം വലിച്ചു കൊണ്ട് പോകാനും, ഉന്തിക്കൊണ്ടു പോകാനും സാധിക്കും. കണ്ടാൽ നിസ്സാരനെന്നു തോന്നിയേക്കാമെങ്കിലും ഇവൻ വളരെ ഉപകാരിയാണ്. ശക്തിമാനുമാണ്. അർബാന രണ്ടു തരമുണ്ട്. ഒറ്റ ചക്രമുള്ളതും, രണ്ടു ചക്രമുള്ളതും. രണ്ടു തരത്തിലുള്ളതിനും വ്യത്യസ്തമായ ഉപയോഗമാണുള്ളത്.
വളവും, തിരിവുമുള്ള സ്ഥലത്തു കൂടിയും, ഇടുങ്ങിയ വഴികളിലൂടെയും ഭാരം വഹിച്ചു കൊണ്ട് പോകാൻ അനുയോജ്യം ഒരു ചക്രമുള്ള അർബാനയാണ്. ഒറ്റ ചക്രമുള്ളതിനാൽ വളവും, തിരിവും, കുണ്ടും, കുഴിയും ഒക്കെ ഓടിച്ചു കയറ്റി ഇറക്കി കൊണ്ട് പോകാം. ഒറ്റ ചക്രമുള്ളതിനാൽ ബാലൻസ് ചെയ്‌തു കൊണ്ട് പോയില്ലേൽ മറിയും. കുറച്ചു നേരത്തെ ഉപയോഗം കൊണ്ട് തന്നെ എല്ലാവർക്കും ഒറ്റ ചക്രമുള്ള അർബാന ഉപയോഗിക്കാനുള്ള ബാലൻസ് ലഭിക്കും.
നിരന്ന പ്രതലത്തിലെ ഉപയോഗത്തിന് അനുയോജ്യമാണ് രണ്ടു ചക്രമുള്ള അർബാന. വ്യവസായ സ്ഥാപനത്തിനുള്ളിൽ, ഗോഡൗണുകളിൽ ഉപയോഗിക്കാൻ രണ്ടു ചക്രമുള്ളതാണ് നല്ലത്. രണ്ടു ചക്രമുള്ളതിനാൽ ബാലൻസ് ഉണ്ട്. സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുന്ന വഴിയിൽ ചരിയുകയില്ല.മറിയാനുള്ള സാധ്യതയും കുറവാണ്.
3500 മുതൽ 4500 രൂപ വരെ വിവിധ സ്ഥലങ്ങളിൽ ഒറ്റ ചക്ര അർബാനക്ക് വിലയുണ്ട്. ഹാർഡ്‌വെയർ കടകളിലാണ് സാധാരണയായി ഇവ വാങ്ങാൻ ലഭിക്കുന്നത്. അർബാന നിർമ്മിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിച്ചു നേരിട്ട് വാങ്ങുകയാണെങ്കിൽ കടകളിലേതിനേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കും. ഉപയോഗ ശേഷം വിൽക്കുന്നതു വാങ്ങിയാലും വില കുറച്ചു കിട്ടും. OLX ൽ നോക്കിയാൽ പഴയതു വാങ്ങാൻ കിട്ടും.
വീട് പണി തുടങ്ങാൻ പോകുന്നവർ ഒറ്റ ചക്രമുള്ള അർബാന വാങ്ങുന്നതാണ് നല്ലത്. പറമ്പ് ഒരുക്കുമ്പോൾ തന്നെ അർബാന വാങ്ങുന്നത് ഉപയോഗപ്പെടും. മണ്ണ് മാറ്റാനും, നികത്താനും ഉപയോഗിക്കാം. അടിത്തറക്കുള്ളിൽ മണ്ണ് നിറക്കുക, എംസാൻഡ്, സിമന്റ് പണിസ്ഥലത്തു എത്തിക്കുന്നതിന് നിരന്തരമായി അർബാന ഉപയോഗിക്കേണ്ടി വരും. വീട് പണി തുടങ്ങിക്കഴിഞ്ഞാൽ അർബാന ഉപയോഗിക്കുന്നത് കൊണ്ട് തൊഴിലാളികൾക്ക് അധ്വാനം ലഘൂകരിക്കാൻ സാധിക്കും. വീടുപണി കഴിഞ്ഞ ശേഷമുള്ള അല്ലറ ചില്ലറ പണികൾക്കും അർബാന ഉപകാരപ്പെടും. വീടുപണിക്കിടയിൽ കരാറിന്റെ ഭാഗമല്ലാത്ത പല പണികളും ഉണ്ടാവും. അത്തരം ജോലികൾ അർബാനയുടെ സഹായത്തോടെ ഉടമസ്ഥന് തന്നെ ചെയ്യാവുന്നതാണ്.
അർബാന വാങ്ങേണ്ടത് ഒരാവശ്യമാണോ എന്ന് തുടക്കത്തിൽ സന്ദേഹം തോന്നിയേക്കാം. വീട് പണിക്കു വേണ്ടി അർബാന വാങ്ങുവാൻ ഒട്ടും മടിക്കേണ്ട. വീട് പണി മുഴുവൻ കരാർ നൽകിയതാണെങ്കിൽ കരാറുകാരൻ അർബാന കൊണ്ട് വരും. ലേബർ കോൺട്രാക്ട് മാത്രമാണെങ്കിൽ വീട്ടുടമയും വീട്ടുപണിയിൽ ഇടപെടേണ്ടി വരും. അർബാന ഉപയോഗപ്പെടും. അർബാന കൊണ്ട് ജോലി ചെയ്‌തു കഴിയുമ്പോൾ നമ്മുടെ വീടിനു വേണ്ടി നമ്മളും കഷ്ടപ്പെട്ടു എന്ന് അഭിമാനിക്കാം. വീട് പണി സംബന്ധിച്ച എല്ലാ ജോലികളും തീർന്ന ശേഷം അർബാന വേണമെങ്കിൽ വിൽക്കാം. അല്ലാത്ത പക്ഷം വാടകക്ക് കൊടുത്തു കാശുണ്ടാക്കാം.
- വിമൽകുമാർ വാഴപ്പള്ളി
Also Read കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം
Also Read അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം. സോഷ്യൽ മീഡിയയിൽ കേൾക്കുന്നതെല്ലാം സത്യമാണോ?
Also Read അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്
Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ
Also Read രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ
Also Read മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?