”നീ പോയി ഒരു ഗ്ലാസ് വെള്ളമെടുത്തുകൊണ്ടുവന്നേ. വല്ലാത്ത ദാഹം ” സതീഷ് പറഞ്ഞു.
മഞ്ജുള അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കൊണ്ടുവന്ന് സതീഷിനു നീട്ടി.
“എനിക്ക് പേടിയാകുന്നു സതിയേട്ടാ. രാത്രി അവളുവല്ല കടുംകൈയും ചെയ്താലോ?”
“ഇന്നുരാത്രി നീ അവളുടെ മുറീല്‍ കിടന്നോ. ഇവിടെവച്ചു വല്ല അപകടവും പറ്റിയാൽ നമുക്കല്ലേ അതിന്റെ കുറ്റം “
സതീഷ് ഗ്ലാസ് വാങ്ങി വെള്ളം ഒറ്റവലിക്കു കുടിച്ചു.
“എത്ര ദിവസമെന്നു വച്ചാ ഇവിടെ താമസിപ്പിക്ക്വാ?”
മഞ്ജുള അസ്വസ്ഥത പ്രകടിപ്പിച്ചു.
“അതിപ്പം അവനോട് നമുക്ക് പറയാന്‍ പറ്റ്വോ, വേഗം വന്നു കൂട്ടി കൊണ്ടുപോകാന്‍. അവളവിടെ ചെല്ലുമ്പം അമ്മേടെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പം അവളുടെ സമനില തെറ്റുമോന്നാ ജയന് പേടി . അതുകൊണ്ടാ അവൻ രണ്ടു ദിവസം കൂടി വെയിറ്റ് ചെയ്യാൻ പറഞ്ഞത് “
“ആളുകളിപ്പം നമ്മളെക്കുറിച്ചും ഓരോന്നു പറയുന്നുണ്ടാവും. അല്ലേ ? ”
” ഏയ് . അങ്ങനൊന്നുമില്ലെന്നേ . നീ ഓരോന്ന് ചിന്തിച്ചു കൂട്ടി മനസ് കൊളമാക്കണ്ട ”
സതീഷിന്‍റെ കൈയില്‍നിന്ന് തിരികെ ഗ്ലാസ് വാങ്ങിയിട്ട് മഞ്ജുള അടുക്കളയിലേക്ക് പോയി.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സുമിത്ര സ്റ്റെയര്‍കെയ്സിറങ്ങി താഴേക്ക് വന്നു.
അഭിക്കുട്ടനു പാലുകൊടുത്തുകൊണ്ട് മഞ്ജുള ഡൈനിംഗ് റൂമില്‍ ഇരിപ്പുണ്ടായിരുന്നു ആ സമയം
“ഞാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിട്ട് ആരും എടുക്കുന്നില്ല ചേച്ചി . ശശികലയെയും വിളിച്ചു . അവളും ഫോൺ എടുക്കുന്നില്ല . അമ്മയെന്താ ഫോൺ എടുക്കാത്തതെന്ന് അറിയില്ലല്ലോ മഞ്ജുവേച്ചി ”
തളര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു
”അമ്മക്ക് കുഴപ്പമൊന്നുമില്ല . സതിയേട്ടൻ ഇപ്പം ജയനെ വിളിച്ചിരുന്നു. രണ്ടു ദിവസം കൂടി ഇവിടെ താമസിച്ചു മനസു ശാന്തമായിട്ടു വീട്ടിലേക്കു പോയാൽ മതീന്ന് പറഞ്ഞു. ചിലപ്പം അമ്മ ദേഷ്യപെട്ടിട്ടാകും ഫോൺ എടുക്കാത്തത് . സാരമില്ല അതൊക്കെ ഞങ്ങള് പറഞ്ഞു മനസിലാക്കിക്കോളാം . സുമി ഇനി അമ്മയെ വിളിക്കാനൊന്നും പോകണ്ട . ഞങ്ങൾ അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തിക്കോളം ”
” ഞാൻ കാരണം നിങ്ങൾക്കും ബുദ്ധിമുട്ടായി, അല്ലെ ”
”ഛേ ,അങ്ങനെയൊന്നും ഓർക്കണ്ട . എന്റെ അനിയത്തിയെപ്പോലെയല്ലേ ഞാൻ ഞാൻ നിന്നെ കാണുന്നത് ? ങ്ഹാ . ഞാൻ ചായ ഇട്ടോണ്ട് വരാം . നീ ഒന്നും കഴിച്ചില്ലല്ലോ ”
”ഒന്നും വേണ്ട ചേച്ചീ.”
അത് കേട്ടതായി ഭാവിക്കാതെ മഞ്ജുള കുട്ടിയേയും എടുത്തുകൊണ്ട് അടുക്കളയിലേക്കു പോയി
രാത്രി!
സതീഷും മഞ്ജുളയും ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ വെളിയിലൊരു ശബ്ദം.
“എന്‍റെ സുകുമാരേട്ടനെ കൊന്നവളെ ഇറക്കിവിടടാ ഇങ്ങോട്ട്.”
സതീഷ് വാതില്‍ തുറന്ന് സിറ്റൗട്ടിലിറങ്ങി നോക്കി.
ഗേറ്റിനു സമീപം റോഡില്‍നിന്ന് ഒരു മദ്യപന്‍ ചീത്തവിളിക്കുകയാണ്.
“ഇറക്കിവിടടാ ചെറ്റേ അവളെ.”
ശബ്ദം കേട്ട് സുമിത്രയും ബാല്‍ക്കണിയിലേക്കിറങ്ങി നോക്കി.
“എന്‍റെ സുകുമാരേട്ടനെ കൊന്നവളെ കഷണം കഷണമാക്കും ഞാന്‍. മര്യാദയ്ക്കവളെ ഇങ്ങോട്ടിറക്കി വിടുന്നോ അതോ ഞാനങ്ങോട്ട് കേറിവരണോ?”
ഗേറ്റില്‍ പിടിച്ച് അയാള്‍ രണ്ടു കുലുക്കു കുലുക്കി.
“ഇറക്കിവിടടാ പട്ടീ അവളെ ഇങ്ങോട്ട്.”
സതീഷ് ഭാര്യയെ നോക്കി. ഇറങ്ങിച്ചെല്ലാനായി അയാള്‍ സ്റ്റെപ്പിലേക്ക് കാലെടുത്തുവച്ചതും മഞ്ജുള കൈയില്‍പിടിച്ച് പിറകോട്ട് വലിച്ചു.
“പോകണ്ട. അയാളെന്തെങ്കിലും പറഞ്ഞിട്ടുപോട്ടെ.”
സതീഷ് തിരിച്ച് സിറ്റൗട്ടിലേക്ക് കയറി.
“പെണ്ണുംപിള്ള പോരാഞ്ഞിട്ടാണോടാ ആ വേശ്യയെ കൂടെ താമസിപ്പിച്ചിരിക്കുന്നത്. ഇറക്കിവിടടാ അവളെ ഇങ്ങോട്ട്. ഞാനും കൂടി കൊണ്ടുപോയി ഒന്നു സുഖിക്കട്ടെടാ ”
വാക്കുകള്‍ അതിരുവിടുന്നു എന്നു കണ്ടപ്പോള്‍ സതീഷിന് കലിവന്നു.
“ഞാനൊന്നു കൊടുക്കട്ടെ അവന്‍റെ കരണക്കുറ്റിക്ക്?”
“വേണ്ട സതിയേട്ടാ. വല്ല പ്രാന്തനുമായിരിക്കും.”
മഞ്ജുള കൈയില്‍ മുറുകെപ്പിടിച്ചു.
സുമിത്ര പൊട്ടിക്കരഞ്ഞുകൊണ്ട് ബാൽക്കണിയിൽ നിന്ന് പിൻവാങ്ങി മുറിയില്‍ കയറി വാതിലടച്ചു.
“നീ ഇറക്കി വിടിയേലെന്നെനിക്കറിയാം. നിന്‍റെ വെപ്പാട്ടിയല്ലേ അവള്. ദിവസവും സുഖിക്കുകയല്ലേ അവളെ വച്ച് ”
വഴിപോക്കന്‍ പുലഭ്യം പറച്ചില്‍ തുടരുകയാണ്.
വാക്കുകള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചപ്പോള്‍ സതീഷിനു ക്ഷമയറ്റു.
മഞ്ജുളയുടെ കൈവിടുവിച്ച് അയാള്‍ ഗേറ്റിനരികിലേക്ക് ഇറങ്ങിച്ചെന്നു.
കൊല്ലപ്പെട്ട സുകുമാരന്‍റെ സുഹൃത്ത് രാഘവനാണ് ചീത്തവിളിക്കുന്നത്.
മദ്യലഹരിയില്‍ അയാളുടെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ല.
“രാഘവന്‍ വീട്ടില്‍ പോ…”
സതീഷ് ആജ്ഞാപിച്ചു.
“നീയാരാടാ എന്നെ വീട്ടില്‍ വിടാന്‍? ബ്ഭൂ… ചെറ്റേ…”
“ഇവിടെനിന്ന് അനാവശ്യം പറയരുത്.”
സതീഷ് കൈച്ചൂണ്ടി, കണ്ണുരുട്ടി പറഞ്ഞു .
“പറഞ്ഞാ നീയെന്തു ചെയ്യുമെടാ..” രാഘവന്‍ തലേക്കെട്ട് അഴിച്ച് ഒന്നു കുടഞ്ഞിട്ട് വീണ്ടും കെട്ടി. “ഇത് പബ്ലിക് റോഡാ. ഇവിടെനിന്ന് ഞാനെന്തും വിളിച്ചു പറയും. ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ടിറങ്ങിവാടാ പുല്ലേ” – അയാള്‍ ഒന്നു ഞെളിഞ്ഞുനിന്നു.
“രാഘവാ നിന്നോടാ പറഞ്ഞതു വീട്ടില്‍ പോകാന്‍.”
“പോയില്ലെങ്കില്‍ നീ എന്തുചെയ്യുമെടാ ‘… മോനെ “
ഒരു പച്ചത്തെറി. അയാള്‍ മുണ്ട് മടക്കിക്കുത്തി സതീഷിന്‍റെ നേരെ നോക്കി മീശ പിരിച്ചു വേച്ചു വേച്ചു നിന്നു
ഗേറ്റു തുറന്നു ഇറങ്ങി ചെന്നിട്ട് സതീഷ് ഒന്നു പൊട്ടിച്ചു ആ കരണത്ത്. വെട്ടിയിട്ട വാഴപോലെ അയാള്‍ റോഡില്‍ വീണു.
നൊടിയിടയ്ക്കുള്ളില്‍ ചാടിയെണീറ്റിട്ട് അയാള്‍ എളിയില്‍നിന്ന് പിച്ചാത്തി ഊരി .
” നീ എന്നെ അടിച്ചു അല്ലേ.”
സതീഷിനെ കുത്താന്‍ അയാള്‍ പിച്ചാത്തി ഓങ്ങിയതും കൈക്കിട്ടൊരു തട്ടുകൊടുത്തു സതീഷ്.
പിച്ചാത്തി ദൂരെക്കു തെറിച്ചുപോയി.
“ആവശ്യത്തിനായില്ലേ ? ഇനി പൊയ്ക്കൂടേ നിനക്ക്?”
പിച്ചാത്തി കൈവിട്ടപ്പോള്‍ രാഘവന്‍റെ ധൈര്യം ചോര്‍ന്നു.
അയാള്‍ പിന്നോക്കം മാറിയിട്ട് കൈചൂണ്ടി അലറി.
“ഇരുപത്തിനാലു മണിക്കൂറിനകം നിന്‍റെ കുടലു ഞാനെടുക്കും.”
“നാളെ ഞാനതങ്ങു വീട്ടില്‍ കൊണ്ടുതന്നേക്കാം. രാഘവനിപ്പം പോ…”
“നീ രക്ഷപ്പെട്ടൂന്നു കരുതണ്ട. എന്‍റെ മേലുനോവിപ്പിച്ചയാരേം ഞാന്‍ വെറുതെ വിട്ടിട്ടില്ല.”
വേച്ചുവേച്ച് അയാള്‍ ഇരുട്ടില്‍ നടന്നു മറഞ്ഞു.
സതീഷ് തിരികെ വീട്ടിലേക്ക് കയറി വന്നു.
“അയാളു ചേട്ടനെ വല്ലതും ചെയ്തോ?”
മഞ്ജുള ഓടിവന്ന് കരം പിടിച്ചുകൊണ്ട് ചോദിച്ചു.
“കാലേല്‍ നില്‍ക്കാന്‍ പറ്റീട്ടുവേണ്ടേ എന്തെങ്കിലും ചെയ്യാന്‍.”
അയാള്‍ സിറ്റൗട്ടിലേക്ക് കയറി.
“ഞാന്‍ പേടിച്ചുപോയി.”
മഞ്ജുള ഭര്‍ത്താവിന്‍റെ പിന്നാലെ മുറിയിലേക്ക് കയറി.
“നാളെത്തന്നെ അവളെ പറഞ്ഞുവിട്ടേക്ക് സതിയേട്ടാ. എന്തിനാ നാട്ടുകാരെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുന്നേ. എനിക്ക് പേടിയാവുന്നു “
“അവനൊന്നിങ്ങോട്ട് വരാതെ അവളെ ഇറക്കിവിടാന്‍ പറ്റ്വോ നമുക്ക് ?”
“ജയനു അവളെ വേണ്ടായിരിക്കും. അല്ലെങ്കില്‍പ്പിന്നെ അയാളു വരാണ്ടിരിക്ക്വോ? ഇപ്പം ദിവസമെത്രയായി? നമ്മളെന്തിനാ ഇത്ര റിസ്കെടുക്കുന്നത്? നമ്മുടെ ആരാ അവള് ” മഞ്ജുളയുടെ ശബ്ദം കനത്തു
“പതുക്കെ പറ. ആ പെണ്ണു കേള്‍ക്കും.”
“കേൾക്കട്ടെ . ഈ പെണ്ണിനെ ഇവിടെ വച്ചോണ്ട് രാത്രി നമ്മളെങ്ങാനാ മനസമാധാനത്തോടെ കിടന്നുറങ്ങുന്നത് ?”
മഞ്ജുള രോഷം കൊണ്ടു.
“നിന്‍റെ ശബ്ദമൊന്നു കുറയ്ക്ക്. നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞാനിപ്പത്തന്നെ വിളിച്ചുപറയാം, നാളെ രാവിലെ വരാന്‍.”
“വിളിച്ചുപറ. അവളു ചെയ്ത തെറ്റിന്‍റെ ശിക്ഷ നമ്മളനുഭവിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പത്തന്നെ വിളിക്ക്.”
മഞ്ജുള നിര്‍ബന്ധം പിടിച്ചു.
സതീഷ് മനസില്ലാമനസോടെ മൊബൈലെടുത്തു ജയദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.
ജയനെ ലൈനില്‍ കിട്ടി.
കാര്യങ്ങളൊക്കെ പറഞ്ഞിട്ട് സതീഷ് ഫോൺ കട്ട് ചെയ്തു.
“അയാളെ അടിക്കേണ്ടായിരുന്നു. പാതിരാത്രീല്‍ റൗഡികളേം കൂട്ടി അയാളു കേറിവര്വോ സതിയേട്ടാ?”
മഞ്ജുളയ്ക്ക് ഭയമായിരുന്നു.
“വന്നാ വരട്ടെ. ബാക്കി നമുക്ക് നോക്കാം. നീ പോയി അത്താഴം വിളമ്പ്.”
“ഓരോ വയ്യാവേലി വലിച്ചു തലേല്‍ വച്ചിട്ട്.”
പിറുപിറുത്തുകൊണ്ട് മഞ്ജുള അടുക്കളയിലേക്ക് പോയി.
ഭക്ഷണം വിളമ്പി മോശയില്‍ വച്ചിട്ട് അവള്‍ സതീഷിനെ വന്നു വിളിച്ചു.
കൈകഴുകിയിട്ട് സതീഷ് ഡൈനിംഗ് ടേബിളിനരികില്‍ വന്നിരുന്നു.
“സുമിത്രയെ വിളിച്ചില്ലേ?”
സതീഷ് ആരാഞ്ഞു.
“അവള്‍ക്കു വേണ്ടെന്നു പറഞ്ഞു.”
മഞ്ജുള സതീഷിന്‍റെ പ്ലേറ്റിലേക്ക് ചപ്പാത്തി വിളമ്പി.
“അതെന്താ വേണ്ടാത്തേ?”
“ആ… ഞാനന്വേഷിച്ചില്ല.”
“മുറിയിലിരുന്നു കരയ്വാണോ?”
“കരയ്വാണോ ചിരിക്ക്വാണോന്ന് സതിയേട്ടന്‍ പോയി നോക്ക്.”
മഞ്ജുളയ്ക്ക് ദേഷ്യമായിരുന്നു.
“നിനക്കെന്താ ഇത്ര ദേഷ്യം?”
“ഇവിടെ ഞാന്‍ കഴിച്ചോ ഇല്ലയോന്നന്വേഷിക്കാന്‍ ആളില്ല. വല്ലവളും കഴിച്ചോ ഇല്ലയോന്നന്വേഷിക്കാന്‍ എന്തൊരുല്‍സാഹം?”
“നീയെന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത്?”
“ഓരോന്നു കാണുകേം കേള്‍ക്ക്വേം ചെയ്യുമ്പം പറയാണ്ടിരിക്കുന്നതെങ്ങനാ.”
സതീഷ് ഭക്ഷണം കഴിക്കല്‍ നിറുത്തിയിട്ട് എണീറ്റു.
“നിറുത്തിയോ?”
“വയറുനിറഞ്ഞു.”
“നിറയും നിറയും…ഞാൻ എന്തെല്ലാം കാണണം , കേൾക്കണം എന്റെ ഭഗവാനെ “
മഞ്ജുള പാത്രങ്ങള്‍ എടുത്തുകൊണ്ട് ചവിട്ടിക്കുലുക്കി അടുക്കളയിലേക്ക് പോയി.
പ്രഭാതം!
പുലര്‍ച്ചെ സുമിത്ര എണീറ്റു.
രാത്രി മുഴുവന്‍ ഓരോന്നോര്‍ത്തു കിടന്നു കരയുകയായിരുന്നു അവള്‍.
എണീറ്റു മുടി ഒതുക്കി കെട്ടി വച്ചിട്ട് അവള്‍ വന്നു കണ്ണാടിയില്‍ നോക്കി.
മുഖമെല്ലാം വിങ്ങിയിരിക്കുന്നു.
വാഷ്ബേസിനില്‍ വന്നു കണ്ണും മുഖവും കഴുകിയിട്ട് അവള്‍ വന്നു കട്ടിലില്‍ ഇരുന്നു.
ചായയുമായി മഞ്ജുള വരുമെന്നവള്‍ പ്രതീക്ഷിച്ചു.
ആരും, പക്ഷേ വന്നില്ല.
മറന്നുപോയതാവുമോ?
താഴേക്ക് ഇറങ്ങിച്ചെല്ലാന്‍ അവള്‍ മടിച്ചു.
മഞ്ജുള എന്തെങ്കിലും പറഞ്ഞാല്‍ തന്‍റെ മനസ് വേദനിക്കും.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മഞ്ജുള വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ അവളെ വിളിച്ചു.
നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അവള്‍ താഴേക്കിറങ്ങിച്ചെന്നു.
ടേബിളില്‍ വിഭവങ്ങളെല്ലാം നിരത്തിയിട്ടുണ്ടായിരുന്നു.
മഞ്ജുള ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോകുന്നതു കണ്ടപ്പോള്‍ സുമിത്ര ചോദിച്ചു.
“ചേച്ചി കഴിക്കുന്നില്ലേ?”
“ഞങ്ങളു കഴിച്ചതാ.”
സങ്കടം വന്നുപോയി അവൾക്ക് . മഞ്ജുള ചേച്ചിയും വെറുത്തുപോയോ തന്നെ?
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് സുമിത്ര കസേര വലിച്ചിട്ടിരുന്നു.
ഒരു പ്ലേറ്റെടുത്തിട്ട് രണ്ടു ദോശയും കുറച്ചു സാമ്പാറും വിളമ്പി.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ അറിയാതെ പ്ളേറ്റിൽ വീണു പരന്നു.
രണ്ടു ദോശയേ കഴിച്ചുള്ളൂ. എണീറ്റു കൈകഴുകിയിട്ട് മുറിയിലേക്ക് പോയി അവള്‍.
താന്‍ ഒറ്റപ്പെട്ടുപോയി എന്നവള്‍ക്കു തോന്നി.
എല്ലാവര്‍ക്കും താനൊരു ഭാരമായി മാറിയിരിക്കുന്നു!
പോകണം!
മഞ്ജുള ചേച്ചിയുടെ ശാപം കിട്ടുന്നതിനുമുമ്പേ ഇവിടെനിന്നു പോകണം. താന്‍ കാരണം സതീഷേട്ടന്‍ വേദനിക്കാന്‍ പാടില്ല.
ജയദേവന്‍റെ കാറു വരുന്നുണ്ടോയെന്ന് അവള്‍ ബാല്‍ക്കണിയില്‍ വന്നു നിന്നു നോക്കി.
പത്തര കഴിഞ്ഞപ്പോള്‍ പുറത്ത് കാറിന്‍റെ ശബ്ദം കേട്ടു.
സുമിത്ര സ്റ്റെയര്‍കെയ്സിറങ്ങി താഴേക്കോടിച്ചൊന്നു.
കാറില്‍ നിന്നിറങ്ങിയത് ജയദേവനാണെന്ന് കണ്ടതും അവള്‍ക്കു സന്തോഷമായി.
ഓടിച്ചെന്നവള്‍ കരം പുണര്‍ന്നു.
“നല്ല ആളാ! എത്ര ദിവസമായി പോയിട്ട്?”
“വേഗം പോയി ഡ്രസുമാറി, പെട്ടീം സാമാനങ്ങളുമൊക്കെ എടുത്തോ.”
ധൃതിയിലായിരുന്നു ജയന്‍.
ഉത്സാഹത്തോടെ സുമിത്ര മുറിയിലേക്കോടി.
പതിനഞ്ചു മിനിറ്റിനുള്ളില്‍ വേഷം മാറി, പെട്ടിയും സാമാനങ്ങളുമെടുത്ത് അവള്‍ താഴെക്ക് വന്നു.
ഡൈനിംഗ് റൂമില്‍ ജയദേവനും ഭവാനിയും മഞ്ജുളയും എന്തോ രഹസ്യം പറയുകയായിരുന്നു.
“റെഡിയായോ?”
സുമിത്രയെ കണ്ടതും ജയന്‍ ചോദിച്ചു.
“ഉം…”
“വരട്ടെ.”
ഭവാനിയോടും മഞ്ജുളയോടും യാത്രപറഞ്ഞിട്ട് ജയന്‍ പുറത്തേക്കിറങ്ങി.
സുമിത്ര മഞ്ജുളയുടെ അടുത്തേക്ക് ചെന്നു. ആ കരം പുണർന്നുകൊണ്ടു ഇടറിയ സ്വരത്തിൽ പറഞ്ഞു
“നിങ്ങളെല്ലാരും എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തു. എന്നെ ഒത്തിരി സ്നേഹിച്ചു .
ഞാനതെന്നും നന്ദിയോടെ ഓര്‍ക്കും. പ്രതിഫലമായി കുറച്ചു കണ്ണീരല്ലാതെ എനിക്ക് ഒന്നും തരാനില്ല ചേച്ചി . ഞാൻ ആരെയും കൊന്നിട്ടില്ല ചേച്ചി . ഈ ശരീരവും മനസും ഒരിക്കലും കളങ്കപ്പെട്ടില്ല . നിങ്ങളെ ഒരുപാട് വേദനിപ്പിച്ചതിന് എന്നോട് ക്ഷമിക്കണം ട്ടോ “
അവസാന വാക്കുകളിൽ അവൾ കരഞ്ഞുപോയി.
“സാരമില്ല . സമാധാനമായിട്ട് പോ ?”
മഞ്ജുള അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു
“ഞാന്‍ അഭിക്കുട്ടനെ ഒന്നു കണ്ടോട്ടെ?”
“അവനുറങ്ങ്വാ. ഇപ്പം ശല്യപ്പെടുത്തേണ്ട.”
“ഉണരുമ്പം അവനോട് പറയണം. അവന്റെ ആന്‍റി പോയീന്ന്.”
“ഉം.”
“പോകുന്നതിനുമുമ്പ് സതീഷേട്ടനെ ഒന്നു കാണണമെന്നുണ്ടായിരുന്നു. ഇനി ഒരിക്കലും കാണാന്‍ പറ്റിയിലില്ലെങ്കിലോ.”
”ജയൻ കാത്തു നിൽക്കുന്നു . വേഗം ചെല്ല് ”
“വരട്ടെ അമ്മേ.”
നിറകണ്ണുകളോടെ ഭവാനിയോടും യാത്ര ചോദിച്ചു.
“ഉം…”
തളര്‍ന്ന കാലുകള്‍ നീട്ടി അവള്‍ തിരിഞ്ഞു വെളിയിലേക്ക് നടന്നു.
പെട്ടിയും സാമാനങ്ങളും കാറിനകത്തേക്ക് കയറ്റി വയ്ക്കുകയായിരുന്നു ജയന്‍.
സുമിത്ര ഡോര്‍ തുറന്ന് അകത്തുകയറി ഇരുന്നു.
കാര്‍ സ്റ്റാര്‍ട്ടുചെയ്തതും അവള്‍ പിന്നിലേക്ക് നോക്കി.
ഭവാനിയും മഞ്ജുളയും സിറ്റൗട്ടില്‍ നോക്കിനില്‍ക്കുന്നു.
എല്ലാവരോടും ഒരിക്കല്‍ക്കൂടി മൗനമായി യാത്ര ചോദിച്ചു. ആ വീടിനോടും.
കാര്‍ മെല്ലെ ഗേറ്റുകടന്ന് റോഡിലേക്കിറങ്ങി.
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ജയദേവന്‍ തികച്ചും വിഷാദമൂകനായിരുന്നു.
”ജയേട്ടനെന്താ ഒന്നും മിണ്ടാത്തേ?” സുമിത്ര മൗനം ഭേദിച്ചു.
“മിണ്ടാനുള്ള ഒരു മൂഡില്ല.”
“എന്നോട് ദേഷ്യം തോന്നുന്നുണ്ടോ?”
“ഏയ്.”
“വീട്ടിലേക്ക് വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. അമ്മ അവിടില്ലേ?”
“അമ്മേടെ മൊബൈൽ കംപ്ലയിന്‍റാ.” ജയന്‍ ഒരു കള്ളം പറഞ്ഞു.
“അമ്മയ്ക്ക് സുഖാണോ?”
“ഉം.”
“അജിത് മോനോ?”
“അവന് കുഴപ്പമൊന്നുമില്ല.”
“എല്ലാരേം കാണാന്‍ കൊതിയായിട്ടാ വീട്ടില്‍ പോകണമെന്നു ഞാന്‍ നിര്‍ബന്ധം പിടിച്ചത്. എന്‍റമ്മയ്ക്കെന്നെ മനസിലാകും ജയേട്ടാ. അമ്മ എന്നെ വെറുക്കില്ല.”
അതു കേട്ടപ്പോള്‍ ജയദേവന് സഹതാപം തോന്നി ! അമ്മയുടെ ഒരുവശം തളര്‍ന്നുപോയെന്നും സംസാരശേഷി നഷ്ടപ്പെട്ടെന്നും അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും ഇവള്‍?
“എന്തെങ്കിലുമൊന്നു പറ ജയേട്ടാ. എന്‍റെ മനസൊന്നു തണുക്കട്ടെ.”
“ഞാനിപ്പം എന്തു പറയാനാ.”
“എന്നാ കാറിത്തിരി സ്പീഡില്‍ വിട്. എനിക്ക് വേഗം വീട്ടിലെത്തണം.”
ജയദേവന്‍ കാറിന്‍റെ സ്പീഡ് കൂട്ടി.
“വല്ലതും കഴിക്കണോ?”
ഇടയ്ക്ക് ജയന്‍ ചോദിച്ചു.
“വേണ്ട. ഒന്ന് വേഗം വീട്ടിലെത്തിച്ചാല്‍ മതി.”
സുമിത്ര സീറ്റിലേക്ക് ചാരികിടന്നു കണ്ണടച്ചു .
ജയദേവന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.
വീട്ടുപടിക്കല്‍ കാര്‍ എത്തിയതും സുമിത്രയുടെ ഹൃദയം പെരുമ്പറകൊട്ടാന്‍ തുടങ്ങി.
അമ്മ ഇപ്പോള്‍ എന്തെടുക്കുകയാവും
ഊണുകഴിക്കുകയാവുമോ?
മുറ്റത്ത് കാറു വന്നുനിന്നതും സുമിത്ര ചാടിയിറങ്ങി അമ്മേ എന്നു വിളിച്ചുകൊണ്ട് വരാന്തയിലേക്കോടിക്കയറി.
വരാന്തയിൽ കയറി നിന്ന അവൾ ഒരു നിമിഷം നടുങ്ങി .
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































