Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 15

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 15

1502
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 15

സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ വറുഗീസിന്‍റെ മുറിയില്‍ സുകുമാരന്‍ കൊലക്കേസിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഡിവൈഎസ്പി ഹരിദാസും സിഐ മോഹന്‍ദാസും എസ്ഐ ജോണ്‍ വറുഗീസും.
ഹരിദാസ് പറഞ്ഞു:
“സുമിത്ര പറഞ്ഞതു സത്യമാണെന്നു തെളിഞ്ഞാല്‍ ആ വഴിക്കുള്ള അന്വേഷണം വഴിമുട്ടും. പിന്നെ ഒരാൾ മാത്രമേ നമ്മുടെ സംശയലിസ്റ്റിലുള്ളൂ. സുകുമാരന്‍റെ ഭാര്യ. അവരാ കൊന്നതെന്നു സംശയിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ.”
“അതെ സാര്‍. സംശയത്തിന്‍റെ പേരില്‍ ഒരു സ്ത്രീയെ അറസ്റ്റുചെയ്യുകാന്നു പറഞ്ഞാല്‍… ഒന്നാമത് അവര്‍ക്ക് ഒരു കൊച്ചുകുട്ടിയുണ്ട്. രണ്ടാമത്, കഴിഞ്ഞ കുറേവര്‍ഷങ്ങളായി അയാളുടെ പീഢനം സഹിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പാവം ” സിഐ പറഞ്ഞു
“സുമിത്ര പറഞ്ഞതു സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല സാര്‍.” എസ്ഐ പറഞ്ഞു: “ഒരു ദുഷ്ടന്‍ പറഞ്ഞതു വിശ്വസിച്ച് മാന്യമായി ജീവിക്കുന്ന ഏതെങ്കിലും സ്ത്രീ പാതിരാത്രീല്‍ ഒറ്റയ്ക്ക് അയാളുടെ വീട്ടിലേക്ക് കേറിച്ചെല്ലുമോ?”
“അതെനിക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല. എനിക്ക് തോന്നുന്നത് സുമിത്രയും സുകുമാരനും തമ്മില്‍ നേരത്തേ പ്രേമമായിരുന്നെന്നാ .”
ഹരിദാസ് പറഞ്ഞു.
“ഒരു പക്ഷേ അങ്ങനെ ആയിരുന്നിരിക്കാം. ആ കാലഘട്ടത്തിൽ അയാള് ചിലപ്പം അവളുടെ നഗ്‌ന ഫോട്ടോ എടുത്തിരിക്കാം. പിന്നീട് അത് വച്ച് ഭീഷണിപ്പെടുത്തിക്കാണും. പക്ഷേ അവൾ വഴങ്ങിക്കാണില്ല. ഒടുവിൽ അത് കൊലപാതകത്തിൽ അവസാനിച്ചുകാണും ”
“അപ്പോൾ നമ്മൾ കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു.”
“എന്തായാലും ഒരു കാര്യം ഉറപ്പായല്ലോ . സുകുമാരന്‍ കൊല്ലപ്പെട്ട രാത്രി സുമിത്ര ആ വീട്ടില്‍ പോയിരുന്നു. ഇനി കൊല നടത്തിയതാര്, എങ്ങനെ എന്തിന് എന്നൊക്കെയാണ് നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നത്” – എസ്ഐ പറഞ്ഞു.
“അശ്വതിയെ പോയി കണ്ടു ചോദ്യം ചെയ്താല്‍ സുമിത്ര പറഞ്ഞതു സത്യമാണോന്നറിയല്ലോ. കോളജിലെ ആ സംഭവങ്ങളൊക്കെ സത്യമാണെങ്കില്‍ പിന്നെ സുമിത്രയെ കൂടുതൽ സംശയിച്ചിട്ടു കാര്യമില്ല. ” – ഹരിദാസ് പറഞ്ഞു.
“അതു സത്യമാകാനാണ് സാധ്യത. കാരണം നമ്മളന്വേഷിക്കുമെന്നു പറഞ്ഞപ്പം അവര് അന്വേഷിച്ചോളാൻ തുറന്ന മനസോടെ പറഞ്ഞില്ലേ?” – എസ്ഐ ചോദിച്ചു.
“അത് ഒരടവായിക്കൂടെന്നുമില്ലല്ലോ? നമ്മള്‍ അന്വേഷിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഒരു തന്ത്രം?” സിഐ പറഞ്ഞു.
“അങ്ങനെയും ആകാം. എന്തായാലും കുറ്റവാളിയെ കണ്ടുപിടിച്ചല്ലേ പറ്റൂ നമുക്ക്.” ഡിവൈഎസ്പി സിഐയെ നോക്കി തുടര്‍ന്നു: ” അശ്വതി എവിടാ ഇപ്പം താമസിക്കുന്നേന്നു കണ്ടുപിടച്ചു പോയി ചോദ്യം ചെയ്യണം. അതു കഴിഞ്ഞിട്ടേ ഇനി ഇതു മുമ്പോട്ടുപോകൂ.”
“സാര്‍ നാളെ മുതല്‍ ഞാന്‍ രണ്ടു മാസത്തേക്ക് ലീവാണ്. മോളുടെ കല്യാണം…”
സി.ഐ. പറഞ്ഞു.
“ഓ… ഞാനതു മറന്നു. അപ്പം രണ്ടു മാസം കഴിഞ്ഞേ ഇനി ഇതു പ്രൊസീഡ് ചെയ്യാന്‍ പറ്റൂ?”
“എനിക്ക് പകരം മറ്റാരെയെങ്കിലും..?”
“നോനോ. മോഹന്‍ദാസല്ലേ തുടക്കം മുതലന്വേഷിച്ചത്. ഇടയ്ക്ക് വേറൊരാളെ വച്ചാല്‍ ശരിയാവില്ല. മാത്രമല്ല ഡീറ്റെയില്‍സൊക്കെ ഇനി അയാളെ പഠിപ്പിക്കണ്ടെ നമ്മള്? സാരമില്ല. രണ്ടു മാസം കഴിഞ്ഞു മതി. എസ്പിയോട് ഞാന്‍ പറഞ്ഞോളാം.”
“താങ്ക്യൂ സര്‍.”
“എന്നാ നമുക്കിനി പിരിയാം. ഇനിയിപ്പം വേറൊന്നും ചെയ്യാനില്ലല്ലോ?”
“ഇല്ല സര്‍.”
“ഓക്കെ.”
ഡിവൈഎസ്പി എണീറ്റിട്ടു തൊപ്പി എടുത്ത് തലയില്‍ വച്ചു.
സിഐയും എസ്ഐയും അദ്ദേഹത്തിനു സല്യൂട്ടടിച്ചു.
ഫ്ളഷ്ഡോര്‍ തുറന്ന് ഡിവൈഎസ്പി പുറത്തേക്കിറങ്ങിയപ്പോള്‍ സിഐയും എസ്ഐയും അനുഗമിച്ചു.

* * * ***** ***** *****

സുമിത്രയുടെ മനസിലെ വേദനയും വിഷമവും മാറി.
പഴയ പ്രസരിപ്പും ഉന്മേഷവും അവള്‍ക്കു തിരികെ കിട്ടി.
സുകുമാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇനി തന്നെ വിളിക്കില്ലെന്നും ചോദ്യം ചെയ്യില്ലെന്നും അവള്‍ വിശ്വസിച്ചു. സുകുമാരന്‍ മരിച്ചതുകൊണ്ട് ഫോട്ടോയെക്കുറിച്ചുള്ള അങ്കലാപ്പും മാറി.
ജോലി കിട്ടി സ്കൂളില്‍ വന്നപ്പോഴുണ്ടായിരുന്ന സന്തോഷകരമായ മാനസികാവസ്ഥയിലേക്ക് മടങ്ങിവന്നു അവള്‍.
ഇനി എത്രയും വേഗം കല്യാണം നടത്തണം! നിറഞ്ഞ മനസോടെ വേണം കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍!
അവള്‍ മനസില്‍ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി
“മിനിയാന്നു കരഞ്ഞുപിഴിഞ്ഞ് ഇവിടെ കണ്ട ആ തൊട്ടാവാടിപ്പെണ്ണാണോ ഇത്?”
സ്റ്റാഫ് റൂമില്‍ എല്ലാവരും കേള്‍ക്കെ, സുമിത്രയെ നോക്കി മേരി ടീച്ചര്‍ ചോദിച്ചു.
സുമിത്ര പുഞ്ചിരിച്ചതേയുള്ളൂ.
“പോലീസ് ക്ലബെന്നു കേട്ടപ്പം പേടിച്ചുപോയില്ലായിരുന്നോ പാവം. അവിടെ ചെന്നു കഴിഞ്ഞപ്പഴല്ലേ അതിന്‍റെ രൂപം മനസിലായത്, അല്ലേ?”
തോമസ് സാറു കളിയാക്കി.
സുമിത്ര പുഞ്ചിരിച്ചതേയുള്ളു
“ഒരു തൂവാല വരുത്തിവച്ച പ്രശ്നങ്ങളേ…”
സൗമിനി ആരോടെന്നില്ലാതെ പറഞ്ഞു.
കമന്‍റുകള്‍ ആസ്വദിച്ച് ചിരി തൂകി ഇരുന്നതേയുള്ളു സുമിത്ര.
ക്ലാസില്‍ ചെന്നപ്പോള്‍ കുട്ടികളും അത്ഭുതം കൂറി.
എന്തൊരു മാറ്റമാണ് സുമിത്ര ടീച്ചറിന്! രണ്ടുദിവസം മുമ്പ് കണ്ട ടീച്ചറാണിതെന്നു വിശ്വസിക്കാനേ പറ്റുന്നില്ല.
ടീച്ചര്‍ ഇപ്പോൾ കൂടുതല്‍ സുന്ദരിയായിരിക്കുന്നൂന്ന് കുട്ടികള്‍ പറഞ്ഞപ്പോൾ അവൾക്കു സന്തോഷം വർദ്ധിച്ചു
വളരെ ഉത്സാഹത്തോടെയാണ് സുമിത്ര അന്ന് ക്ലാസെടുത്തത്.
ക്ലാസ് കഴിഞ്ഞ് കുട്ടികളുമായി തമാശ പറഞ്ഞിരിക്കുമ്പോള്‍ ഒരു കുസൃതിക്കുടുക്ക ചോദിച്ചു.
“മിനിയാന്ന് എന്തിനാ ടീച്ചര്‍ കരഞ്ഞേ?”
“കരഞ്ഞോ? ഞാന്‍ കരഞ്ഞില്ലല്ലോ?”
“കരയുന്നതു ഞങ്ങളു കണ്ടൂല്ലോ.”
“ഓ അതോ… അത്… ഭയങ്കര തലവേദനയായിരുന്നു.”
“ഇപ്പം മാറിയോ?”
“മാറീടാ കൂട്ടാ…”
സുമിത്ര വാത്സല്യത്തോടെ അവളുടെ താടിയില്‍ പിടിച്ചുകുലുക്കി.
ബെല്ലടിച്ചതും പുസ്തകവും ഡസ്റ്ററുമെടുത്ത് അവള്‍ ക്ലാസ് റൂം വിട്ടിറങ്ങി.
സ്റ്റാഫ് റൂമില്‍ ചെന്നിരുന്നപ്പോള്‍ പ്യൂണ്‍ വന്ന് പറഞ്ഞു, ഹെഡ്മിസ്ട്രസ് വിളിക്കുന്നെന്ന്.
പുസ്തകം മേശവലിപ്പില്‍ വച്ചിട്ട് എണീറ്റ് ഹെഡ്മിസ്ട്രസിന്‍റെ മുറിയിലേക്ക് നടന്നു.
അലമാരയില്‍ പഴയ ഏതോ ഫയല്‍ തിരയുകയായിരുന്നു ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ .
“സിസ്റ്റര്‍ വിളിച്ചെന്നു പറഞ്ഞു?”
ചോദ്യം കേട്ട തെരേസ തിരിഞ്ഞുനോക്കി. സുമിത്രയെ കണ്ടതും തിരച്ചില്‍ നിറുത്തി അവര്‍ പുഞ്ചിരിച്ചു.
“ഞാന്‍ വിളിച്ചത് ഒരു സന്തോഷവാര്‍ത്ത പറയാനാ.”
മേശവലിപ്പില്‍നിന്ന് ഒരു കടലാസെടുത്ത് സുമിത്രയുടെ നേരെ നീട്ടിക്കൊണ്ട് സിസ്റ്റര്‍ തുടര്‍ന്നു:
“സുമിത്രേടെ അപ്പോയ്മെന്‍റ് അപ്രൂവ് ചെയ്ത് ഓര്‍ഡര്‍ ഇറങ്ങിയിട്ടുണ്ട്. ഇനി ബില്ലെഴുതി ശമ്പളം ക്ലെയിം ചെയ്യാം.”
താന്‍ ആകാശത്തേക്ക് ഉയരുന്നതുപോലെ തോന്നി സുമിത്രയ്ക്ക്.
ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം! ഈ നിമിഷത്തിനുവേണ്ടി താന്‍ എന്തുമാത്രം കൊതിച്ചു! ഇനി മാസാമാസം ശമ്പളം എണ്ണി വാങ്ങാം.
അപ്രൂവല്‍ ഓര്‍ഡര്‍ വാങ്ങി അവള്‍ ഏറെ നേരം അതിലേക്ക് നോക്കിനിന്നു.
“ഒരു കോപ്പിയെടുത്ത് സൂക്ഷിച്ചോ. ഒറിജിനൽ നാളെ തിരിച്ചുതന്നാല്‍ മതി.”
“താങ്ക്യൂ സിസ്റ്റര്‍.”
അവള്‍ തിരിച്ചുപോകാന്‍ ഭാവിച്ചപ്പോള്‍ സിസ്റ്റര്‍ വിളിച്ചു.
“ഒന്നു നിന്നേ.”
അവള്‍ തിരിഞ്ഞുനോക്കി.
“വിഷമമൊക്കെ മാറിയോ?”
“ഉം…”
“ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്. സുമിത്രേടെ കര്‍ച്ചീഫ് എങ്ങനെയാ സുകുമാരന്‍റെ വീട്ടുമുറ്റത്തുനിന്ന് പോലീസിന് കിട്ടിയത്? ഇവിടെ ഓരോരുത്തര് ഓരോ കഥകളുണ്ടാക്കിക്കൊണ്ടിരിക്ക്വാ.”
എനിക്കറിയില്ല സിസ്റ്റര്‍. അതു കഴിഞ്ഞ ആഴ്ച എന്‍റെ കയ്യീന്നു നഷ്ടപ്പെട്ടുപോയിരുന്നു” – അവള്‍ ഒരു കള്ളം പറഞ്ഞു.
“ആളുകള്‍ക്കു പറഞ്ഞുരസിക്കാന്‍ ഒരു വിഷയം കിട്ടി. പോലീസുകാര് ഉപദ്രവിച്ചൊന്നുമില്ലല്ലോ?”
“ഇല്ല.”
“ഞങ്ങളും ആകെ പേടിച്ചിരിക്ക്വായിരുന്നു. പത്രത്തില്‍ സുമിത്രേടെ പേരെങ്ങാനും വന്നിരുന്നെങ്കില്‍ എന്തു നാണക്കേടായേനെ സ്കൂളിന്. ഏതായാലും ദൈവാനുഗ്രഹമുണ്ട്.”
സുമിത്ര ചിരിച്ചതേയുള്ളൂ.
“എന്നാ പൊയ്ക്കൊ.”
അവള്‍ സ്റ്റാഫ് റൂമിലേക്ക് മടങ്ങി.
സ്റ്റാഫ് റൂമില്‍ വന്ന് അവള്‍ സന്തോഷവാര്‍ത്ത എല്ലാവരോടും പറഞ്ഞു.
“ഗംഭീരമായിട്ടൊരു ചെലവ് ചെയ്യണം” – തോമസ് സാര്‍ പറഞ്ഞു.
“തീര്‍ച്ചയായും. ആദ്യത്തെ ശമ്പളം മുഴുവന്‍ അടിച്ചുപൊളിക്കാന്‍ തീരുമാനിച്ചിരിക്ക്വാ.”
വൈകുന്നേരം വീട്ടില്‍ ചെന്നപ്പോള്‍ മഞ്ജുളയോടും ഭവാനിയോടും സന്തോഷവാര്‍ത്ത  പറഞ്ഞു.
“ജയനെ വിളിച്ചുപറഞ്ഞോ?”
മഞ്ജുള ചോദിച്ചു.
“ഇല്ല.”
“എന്നാ വിളിച്ചുപറ. സന്തോഷവാര്‍ത്ത ആദ്യം പറയേണ്ടതു ജയനോടല്ലേ?”
സുമിത്ര അപ്പോള്‍തന്നെ ജയദേവനെ ഫോണില്‍ വിളിച്ചു സന്തോഷവാര്‍ത്ത പറഞ്ഞു .
പിന്നെ മുകളിലേക്ക് പോയി വേഷം മാറി കുളിച്ച് ഫ്രഷായി.
മുടി ചീകിക്കെട്ടിയിട്ട് തിരികെ ഡ്രോയിംഗ് റൂമില്‍ വന്നിരുന്ന് തെല്ലുനേരം ടിവി കണ്ടു. അപ്പോള്‍ അഭിക്കുട്ടന്‍ ഓടിവന്നു മടിയില്‍ കയറി ഇരുന്നു.
ആ സമയം മുറിതൂക്കാന്‍ മഞ്ജുള ചൂലുമായി അങ്ങോട്ടുവന്നു.
ഞാന്‍ തൂക്കാം ചേച്ചീ എന്നു പറഞ്ഞ് സുമിത്ര വന്നു ചൂലില്‍ പിടിച്ചെങ്കിലും മഞ്ജുള കൊടുത്തില്ല.
“ജോലികഴിഞ്ഞ് ക്ഷീണിച്ചുവന്നതല്ലേ. കുറച്ചുനേരം വിശ്രമിക്ക്.”
സുമിത്ര ചിരിച്ചതേയുള്ളൂ.
“വിഷമമൊക്കെ മാറിയോ?”
“ഉം…”
“ആ ദുഷ്ടന്‍ മരിച്ചത് ഒരു കണക്കിനു നന്നായി. ശ്രീദേവിക്കെങ്കിലും ഇനി സ്വസ്ഥതയോടെ ജീവിക്കാല്ലോ.” മഞ്ജുള പറഞ്ഞു.
സുമിത്ര ഒന്നും മിണ്ടിയില്ല.
“കൊന്നതു ശ്രീദേവി തന്നെയാന്നാ എന്‍റെ വിശ്വാസം.”
മഞ്ജുള അഭിപ്രായപ്പെട്ടു.
“ഭര്‍ത്താവ് എത്ര ദുഷ്ടനാണെങ്കിലും ഒരു ഭാര്യ അങ്ങനെ ചെയ്യുമോ ചേച്ചീ?”
സുമിത്ര സംശയം പ്രകടിപ്പിച്ചു.
“അവരല്ലെങ്കില്‍ പിന്നെ ആരാ?”
“അയാള്‍ക്ക് ഒരുപാട് ശത്രുക്കളില്ലേ.”
ആരായാലും പോലീസുകാരു കണ്ടുപിടിക്കുമായിരിക്കും.
ആ വിഷയം കേള്‍ക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് സുമിത്ര അഭിക്കുട്ടനെ എടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി.
വെള്ളിയാഴ്ച പബ്ലിക് ഹോളിഡേ ആയിരുന്നതിനാല്‍ പുലര്‍ച്ചെ സുമിത്ര നാട്ടിലേക്ക് തിരിച്ചു.
അമ്മയും അജിത്മോനും കാത്തിരിക്കുകയായിരുന്നു .
സുമിത്ര വന്നതറിഞ്ഞ് ശശികലയും ഓടിയെത്തി.
ഏറെനേരെ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
“ആദ്യത്തെ ശമ്പളം കിട്ടുമ്പോള്‍ എനിക്കെന്താ നീ വാങ്ങിത്തരുക?”
ശശികല ചോദിച്ചു.
“നിനക്കെന്താ വേണ്ടത്?”
“എന്തുതന്നാലും സന്തോഷമാ.”
“ഒരു നല്ല പട്ടുസാരി വാങ്ങിത്തരും ഞാന്‍.”
“ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല. ഈ സ്നേഹം മുറിയാതിരുന്നാല്‍ മാത്രം മതി.”
“അതൊരിക്കലും മുറിയില്ല; ഞാനെത്ര ഉയരത്തിലായാലും.”
അവര്‍ കുശലം പറഞ്ഞിരിക്കുമ്പോള്‍ കാറിന്‍റെ ശബ്ദം കേട്ടു.
“ജയേട്ടനാന്നു തോന്നുന്നു.”
സുമിത്ര എണീറ്റ് ഗേറ്റിനടുത്തേക്ക് പാഞ്ഞു.
സുമിത്രയെ കണ്ടതും ജയന്‍ കാറുനിറുത്തി.
“നീ എപ്പ വന്നു?”
“ഉച്ചയ്ക്കുമുമ്പേ എത്തി. പിന്നേയ്… പോലീസ് സ്റ്റേഷനില്‍ പോയ കാര്യമൊന്നും അമ്മയോട് പറഞ്ഞേക്കരുത് കേട്ടോ?”
“ഇതിപ്പം എത്രതവണ നീ പറഞ്ഞു?”
“അല്ല, ജയേട്ടന്‍ സംസാരത്തിനിടയില്‍ അബദ്ധത്തിലെങ്ങാനും.”
“എനിക്കബദ്ധമൊന്നും പറ്റില്ല.”
ജയന്‍ കാറ് മുറ്റത്തേക്ക് കയറ്റി ഒതുക്കിയിട്ടിട്ട് ഇറങ്ങി.
സുമിത്രയോട് സംസാരിച്ചുകൊണ്ട് വരാന്തയിലേക്ക് കയറിയപ്പോള്‍ അകത്ത് ശശികല നില്കുന്നത് കണ്ടു.
“വാല് ഒണ്ടല്ലോ അകത്ത്?”
“പതുക്കെ പറ ജയേട്ടാ.”
“ഒരു ശല്യമാ അല്ലേ?”
“ശുദ്ധപാവമാ. എനിക്കൊരാശ്വാസം അവളേയുള്ളൂ.”
ജയദേവന്‍ അടുക്കളയിലേക്ക് ചെന്നപ്പോള്‍ ശശികലയെ കണ്ടു. അവള്‍ ചിരിച്ചു. ജയദേവനും.
“ജയേട്ടാ, ഇവള്‍ക്കൊരു ജോലീടെ കാര്യം ഞാന്‍ ജയേട്ടനോട് പറഞ്ഞിരുന്നല്ലോ? അന്വേഷിച്ചോ?”
“സത്യം പറഞ്ഞാല്‍ ഞാനതു മറന്നുപോയി. “
“ഇനി മറക്കാതിരിക്കാന്‍ ഞാൻ ഒരു ചിരട്ടകെട്ടി കഴുത്തില്‍ തൂക്കിയിട്ടുതരാം.”
സുമിത്ര അതു പറഞ്ഞപ്പോള്‍ ശശികലയും സരസ്വതിയും കുടുകുടെ ചിരിച്ചു.
“ഇനി മറക്കില്ല.”
“ഉറപ്പ്?”
“ഉറപ്പ്.
സരസ്വതിയോട് വിശേഷങ്ങള്‍ ചോദിച്ചിട്ട് ജയന്‍ സ്വീകരണമുറിയിലേക്ക് വന്നു.
“ശമ്പളം എന്നത്തേക്ക് കിട്ടും?”
ജയന്‍ ആരാഞ്ഞു
“ബില്ലെഴുതി കൊടുത്തിട്ടുണ്ട്. ഒന്നുരണ്ടാഴ്ചയ്ക്കകം കിട്ടുമായിരിക്കും.”
“ഗ്രാന്‍ഡ് ചെലവുചെയ്യണം.”
“അതു പിന്നെ പ്രത്യേകം പറയണോ ? .”
സ്വീകരണമുറിയില്‍ അവര്‍ കുശലം പറഞ്ഞിരിക്കുമ്പോള്‍ സരസ്വതി ചായയും പലഹാരങ്ങളുമെടുത്ത് ഡൈനിംഗ് ടേബിളില്‍ നിരത്തുകയായിരുന്നു
“ഇനി ചായ കഴിച്ചിട്ടാകാം സംസാരം” – സരസ്വതി വന്നു പറഞ്ഞു.
“ഓകെ.”
ജയനും സുമിത്രയും എണീറ്റ് ഡൈനിംഗ് റൂമിലേക്ക് ചെന്നു.
ചായ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സരസ്വതി ചോദിച്ചു.
“കല്യാണം ഇനീം നീട്ടണോ?”
“ഞാനതുകൂടി സംസാരിക്കാനാ ഇപ്പ വന്നത്.” ചായ ഒരു കവിള്‍ കുടിച്ചിട്ട് ജയന്‍ തുടര്‍ന്നു. “അടുത്തമാസം ഇരുപത്തിരണ്ടിന് ഒരു മുഹൂര്‍ത്തമുണ്ട്. ഇവിടെ അസൗകര്യങ്ങളൊന്നുമില്ലെങ്കില്‍ അന്നാകാം.”
ജയന്‍ സുമിത്രയെ നോക്കി. അമ്മ കാണാതെ അവള്‍ സമ്മതഭാവത്തില്‍ തലകുലുക്കി.
“ഇവിടിപ്പം എന്താ അസൗകര്യം. അല്ലേ മോളേ?”
”അല്ല പിന്നെ .”
“എന്നാ നാളെത്തന്നെ ഇന്‍വിറ്റേഷന്‍ കാര്‍ഡ് പ്രിന്‍റ് ചെയ്യാന്‍ കൊടുത്തേക്കാം. വിളിക്കേണ്ടവരെയൊക്കെ നേരത്തെ വിളിക്കാമല്ലോ.”
“അത് നേരാ .”
സുമിത്ര അകത്തുപോയി മാറ്റര്‍ എഴുതിയ കടലാസ് എടുത്തുകൊണ്ടുവന്ന് ജയദേവന് നീട്ടി.
“ഈയാഴ്ചതന്നെ പ്രിന്‍റ് ചെയ്തു തരാന്‍ പറയണേ. “
“ഉം…”
കടലാസുവാങ്ങി വായിച്ചു നോക്കിയിട്ട് ജയന്‍ അത് മടക്കി പോക്കറ്റിലിട്ടു.
ചായകുടി കഴിഞ്ഞ് എണീറ്റ് വായും മുഖവും കഴുകിയിട്ട് ജയദേവന്‍ യാത്രപറഞ്ഞു.
കാറിനടുത്തുവരെ സുമിത്രയും അനുഗമിച്ചു.
വണ്ടി സ്റ്റാര്‍ട്ടുചെയ്തപ്പോള്‍ സുമിത്ര പറഞ്ഞു.
“ഇന്‍വിറ്റേഷന്‍ കാര്‍ഡ് അടിപൊളിയായിരിക്കണം ട്ടോ. എനിക്കു സ്കൂളിലെല്ലാര്‍ക്കും കൊടുക്കാനുള്ളതാ.”
“അതെന്നോട് പ്രത്യേകം പറയണോ ചക്കരേ?”
റ്റാറ്റ പറഞ്ഞിട്ട് ജയന്‍ കാര്‍ മുമ്പോട്ടെടുത്തു.
മൂന്നുദിവസത്തെ അവധിക്കുശേഷം സുമിത്ര സ്കൂളിലേക്ക് മടങ്ങി.
കല്യാണത്തീയതി നിശ്ചയിച്ച കാര്യം അവള്‍ സൗമിനിയോടും ജൂലിയോടും പറഞ്ഞു.
“ഞങ്ങളെല്ലാരും തലേന്നേവരും. അടിപൊളിയാക്കണം നമുക്ക് കല്യാണം .”
ജൂലി തമാശയായി പറഞ്ഞു.
“തലേന്നല്ല, ഒരാഴ്ചമുമ്പേ വന്നോളൂ. എനിക്ക് നിങ്ങളൊക്കെയല്ലേ ഒരു സന്തോഷം.”
“നല്ലൊരു സദ്യയുണ്ടിട്ട് ഒരുപാട് കാലമായി.”
സൗമിനി പറഞ്ഞു.
” മധുവിധു എവിടെയാ? ഊട്ടിയോ കൊടൈക്കനാലോ ?
മേരി ടീച്ചർ ചോദിച്ചു
”എവിടെയായാലും സൂക്ഷിക്കണം കേട്ടോ ? ഇപ്പം എല്ലാ ഹോട്ടലിലും ഒളിക്യാമറായാ ”
തോമസ് സാർ പറഞ്ഞു
കമന്‍റുകള്‍ കേട്ട് ആസ്വദിച്ചിരുന്നതേയുള്ളൂ സുമിത്ര.
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ വിവാഹത്തേക്കുറിച്ചും ആദ്യരാത്രിയെക്കുറിച്ചുമൊക്കെ ഒരുപാട് സ്വപ്നങ്ങൾ കണ്ടു!
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here