Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 33

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 33

1306
0
മംഗളം അവാർഡ് നേടിയതും പിന്നീട് ചലച്ചിത്രമാക്കിയതുമായ നോവൽ

ഒരു തെളിഞ്ഞ പ്രഭാതം.
ചക്രവാളത്തിന്‍റെ തിരുനെറ്റിയില്‍ ചുവന്ന പൊട്ടുപോലെ ഉദിച്ചുയരുന്ന പ്രഭാത സൂര്യന്‍.
ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന മൊട്ടക്കുന്നുകള്‍ക്ക് മഞ്ഞിന്‍റെ മേലാവരണം.
കാറിന്‍റെ വിന്‍ഡ് ഗ്ലാസ് താഴ്ത്തിവച്ചിട്ടു ബാലചന്ദ്രന്‍ വെളിയിലേക്കു നോക്കി ഇരുന്നു.
എത്ര മനോഹരമാണ്‌ ഈ ഗ്രാമവും ഇവിടുത്തെ സസ്യജാലങ്ങളും!
പച്ചവിരിച്ച മലഞ്ചെരിവുകളില്‍ റബറും കാപ്പിയും തെങ്ങും കുരുമുളകും കപ്പയും.
നിരനിരയായി നില്‍ക്കുന്ന റബര്‍ മരങ്ങള്‍ കാണാന്‍ എന്തൊരു ഭംഗി !.
ഒരു വനത്തിന്‍റെ നടുവിലൂടെ പോകുന്ന പ്രതീതി.
“ചാക്കോ… എങ്ങനെയുണ്ടെടോ ഈ സ്ഥലം?”
വെളിയിലേക്ക് നോക്കി പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടയിൽ ബാലചന്ദ്രന്‍ ഡ്രൈവറോട് ചോദിച്ചു.
“നല്ല കിടിലൻ സ്ഥലമല്ലേ സാര്‍. സാറിനിവിടെ ഒരു പത്തേക്കര്‍ റബര്‍ തോട്ടോം വാങ്ങി ഒരു വീടും വച്ചു കല്യാണവും കഴിച്ചു സുഖായിട്ടങ്ങു താമസിച്ചൂടേ?”
“സ്ഥലം മേടിക്കാൻ കാശുവേണ്ടേ ചാക്കോ?”
”ഓ… സാറിനാണോ കാശിനു പഞ്ഞം!”
“താന്‍ വിചാരിക്കുന്നത്ര കാശുകാരനൊന്നുമല്ലടോ ഞാന്‍.”
”പക്ഷേ, ആളുകളൊക്കെ പറയുന്നത് സാറു വല്യ പണക്കാരനാന്നാ.”
അതു പറഞ്ഞുതീര്‍ന്നതും എതിരെ മിന്നല്‍ വേഗത്തില്‍ ഒരു ടിപ്പർ !
ചാക്കോ കാറ് ഒറ്റ വെട്ടിക്കല്‍! ഭാഗ്യംകൊണ്ട് അത് ഓടയിലേക്കു മറിഞ്ഞില്ല.
“താനിപ്പ ജീവന്‍ കളഞ്ഞേനേല്ലോ! പതിയെ പോയാ മതി “
“ആ ടിപ്പറുകാരൻ ഓണടിക്കാതെ കേറി വന്നതാ സാറെ .. ”
” അപകടങ്ങൾ അധികവും ഉണ്ടാവുന്നത് ഡ്രൈവറുടെ ശ്രദ്ധക്കുറവുകൊണ്ടാ . അത് പറഞ്ഞാൽ ഇവന്മാരുടെയൊന്നും തലേലെക്ക് കേറില്ല ”
പിന്നീട് ചാക്കോ വളരെ സൂക്ഷിച്ചാണ് ഡ്രൈവ് ചെയ്തത്.
ചാലമറ്റത്തെത്തിയപ്പോൾ നേരം ഒമ്പതുമണി.
“ഇത്തിരി ഭക്ഷണം കഴിച്ചിട്ടു പോകാം. അല്ലേ ചാക്കോ.”
“ആയിക്കോട്ടെ സാര്‍.” ചാക്കോ കാറിന്റെ സ്പീഡ് കുറച്ചു.
” എന്നാ ആ കാണുന്ന ഹോട്ടലിന്റെ മുൻപിൽ നിറുത്ത് ”
” അതൊരു ചെറിയ ഹോട്ടലാ സാറേ .”
” അത് മതിയെടോ . അവിടാകുമ്പം നല്ല നാടൻ ഭക്ഷണം കിട്ടും ”
റോഡരുകില്‍ കാറു നിറുത്തിയിട്ട് ബാലചന്ദ്രനും ചാക്കോയും ഇറങ്ങി. മുൻപിൽ കണ്ട ചായക്കടയിലേക്ക് രണ്ടുപേരും നടന്നു കയറി.
കൈ കഴുകിയിട്ട് കസേരയിൽ വന്നിരുന്ന് അവര്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു.
പുട്ടും കടലയുമായിരുന്നു ബാലചന്ദ്രന്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും അതുതന്നെ.
ചാക്കോ പൊറോട്ടയും ബീഫും വാങ്ങി.
പുട്ടില്‍ കടലകറി ഒഴിച്ച് ഇളക്കി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കട ഉടമ പീലിപ്പോസ് ചായ കൊണ്ടുവന്നു ബാലചന്ദ്രന്‍റെ മുമ്പില്‍ വച്ചു.
” മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ? എവിടുന്നു വരികാ?”
പീലിപ്പോസ് ബാലചന്ദ്രനേയും ചാക്കോയേയും മാറിമാറി നോക്കി.
“കുറച്ചു ദൂരേന്നാ.”
മുഖം ഉയര്‍ത്താതെയായിരുന്നു ബാലചന്ദ്രന്റെ മറുപടി.
“ഇവിടെ എവിടെ പോകാനാ?”
“ഈ നാട്ടില്‍ താമസിക്കാന്‍ വന്നതാ.”
ചാക്കോയാണ് മറുപടി പറഞ്ഞത്.
“സര്‍ക്കാരു ജോലിയാ…?”
“അല്ല, സിനിമയ്ക്ക് കഥയെഴുതുന്ന ആളാ. കേട്ടിട്ടില്ലേ, കുറ്റിപ്പുറം ബാലൻ? അടുത്തകാലത്തിറങ്ങിയ കുങ്കുമപ്പാടം ഇദ്ദേഹത്തിന്‍റെ കഥയല്ലിയോ.”
സിനിമാക്കാരനാന്നു കേട്ടപ്പോള്‍ ചായക്കടയിലുണ്ടായിരുന്നവര്‍ക്കൊക്കെ കൗതുകം.
എല്ലാ കണ്ണുകളും ബാലചന്ദ്രന്‍റെ മുഖത്തായി.
“ഇവിടെവച്ചു സിനിമ പിടിക്കുന്നുണ്ടോ?”
പീലിപ്പോസ് ചോദിച്ചു.
”ലൊക്കേഷനൊക്കെയൊന്നു നോക്കട്ടെ. ഇഷ്ടപ്പെട്ടാല്‍ അടുത്ത സിനിമ ഇവിടെ. എന്തായാലും ഞങ്ങളു കുറെനാള് ഇവിടെ ഉണ്ടാകും-” ചാക്കോ പറഞ്ഞു.
സിനിമാക്കാരന്‍റെ ആളെന്ന ഗമയില്‍ ചാക്കോ ഒന്നു ഞെളിഞ്ഞിരുന്നു.
“പീലിപ്പോസ് ചേട്ടന്‍റെ ചായക്കട കൂടി എവിടെങ്കിലുമൊന്നു കാണിക്കണേ സാറെ !”
എതിര്‍വശത്തുള്ള കസേരയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന താടിക്കാരന്‍ യുവാവ് പറഞ്ഞു.
”ചായക്കടയുടെ ഭാഗം ഉണ്ടെങ്കിൽ അതീ കടേൽ വച്ച് എടുക്കണം കേട്ടോ സാറേ. എന്റെ ചായക്കടയും സിനിമേലൊക്കെ ഒന്ന് വരട്ടെ ” ഫിലിപ്പോസ് പറഞ്ഞു.
” നോക്കട്ടെ. പറ്റിയാൽ നമുക്ക് ഇവിടെവച്ചു ഒരു സീൻ എടുക്കാം ”
പീലിപ്പോസിനു സന്തോഷമായി .
ഭക്ഷണം കഴിഞ്ഞ് എണീറ്റ് കൈകഴുകി. പണം കൊടുക്കാനായി കൗണ്ടറിന്‍റെ സമീപം വന്ന് പേഴ്സ് തുറന്നപ്പോള്‍ പീലിപ്പോസ് ചോദിച്ചു.
“ഇവിടെ എവിടെയാ താമസം?”
“പറഞ്ഞുകൊട് ചാക്കോ.”
ബാലചന്ദ്രന്‍ ചാക്കോയെ നോക്കി.
”ആ മുല്ലയ്ക്കലെ സുമിത്രേടെ വീടിന്‍റെ തെക്കുവശത്ത് ഒരു വീടില്ലേ? ആള്‍താമസമില്ലാതെ കിടക്കുന്ന ഒരു പഴയ വീട്?”
“നമ്മുടെ ശിവരാമൻ നായരുടെ വീട്?”
“അതെ. അത് തന്നെ .”
“അയ്യോ… അതിത്തിരി പ്രശ്നമുള്ള വീടാണല്ലോ സാറെ.”
“എന്തു പ്രശ്നം?”
ബാലചന്ദ്രന്‍ പണം കൊടുത്തിട്ട് പീലിപ്പോസിനെ നോക്കി.
”മനുഷ്യര്‍ക്കു താമസിക്കാന്‍ കൊള്ളുന്ന വീടല്ലത്. യക്ഷിയുണ്ടെന്ന് ആള്‍ക്കാരൊക്കെ പറയുന്നു. രണ്ടുമൂന്നു കൂട്ടരു വന്നു താമസിച്ചിട്ട് ഒരാഴ്ചപോലും തികയുന്നതിനുമുമ്പേ സ്ഥലംവിട്ടതാ . അവരൊക്കെ യക്ഷിയെ നേരിട്ട് കണ്ടു.”
“അതേതായാലും നന്നായി. യക്ഷികളു കൂടെയുള്ളപ്പം കക്കാനോ പിടിച്ചുപറിക്കാനോ ആരും വരില്ലല്ലോ. നമുക്കൊരു സേഫ്റ്റിയായി”
ബാലചന്ദ്രന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“സാറിന്‍റെ അടുത്ത കഥ യക്ഷിക്കഥയാ. അനുഭവത്തിന്‍റെ വെളിച്ചത്തിലിരുന്നു സാറിന് ഇനി എഴുതാല്ലോ. ” ചാക്കോ പറഞ്ഞു.
ബാക്കി പണം വാങ്ങി പോക്കറ്റിലിട്ടിട്ട് ചാക്കോയേയും വിളിച്ചുകൊണ്ട് ബാലചന്ദ്രന്‍ റോഡിലേക്കിറങ്ങി.
അവര്‍ കാറില്‍ കയറുന്നതും ഡോര്‍ അടയ്ക്കുന്നതും കാറു സാവധാനം മുമ്പോട്ടുനീങ്ങുന്നതും പീലിപ്പോസും മറ്റുള്ളവരും കൗതുകത്തോടെ നോക്കിനിന്നു.
“അവിടെയാ താമസമെങ്കില്‍ ഉറപ്പായിട്ടും യക്ഷിപിടിക്കും. നോക്കിക്കോ, നാളെ രാവിലെ ഈ സിനിമാക്കാരൻ വാലിനു തീപിടിച്ച കുരങ്ങനെപ്പോലെ ജീവനുംകൊണ്ട് പായുന്നത്.”
ചായക്കടയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ശ്രീകുമാര്‍ പറഞ്ഞു.
സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യുവജനസംഘടനയുടെ നേതാവാണ് ശ്രീകുമാര്‍.
“നിന്‍റെ കരിനാക്കുകൊണ്ടൊന്നും പറയാതെ ശ്രീക്കുട്ടാ.”
ചായ കുടിച്ചുകൊണ്ടിരുന്ന കുട്ടപ്പന്‍ അവനെ വിലക്കി.
“ആ വീട്ടില്‍ പാതിരാത്രീല്‍ ചാത്തനേറും സ്ത്രീകളുടെ കരച്ചിലുമൊക്കെ കേട്ടിട്ടുണ്ടെന്ന് ഇവിടെല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ? പറയുമ്പം അറിയാത്ത പിള്ള ചൊറിയുമ്പം അറിഞ്ഞോളും.”
“യക്ഷിയും പിശാചുമൊന്നും ഇല്ലെന്നല്ലേ നിന്റെ പാർട്ടീടെ സിദ്ധാന്തം?”
“പാര്‍ട്ടി അങ്ങനെ പലതും പറയും. പക്ഷേ, സത്യം നമുക്ക് നിഷേധിക്കാന്‍ പറ്റില്ലല്ലോ. ശിവരാമൻ ചേട്ടന്റെ വീട്ടിൽ യക്ഷിശല്യം ഉണ്ടെന്നു ഇവിടെ ആർക്കാ അറിയാൻ മേലാത്തത് ?പണ്ടൊരു സ്ത്രീ ആ വീട്ടിൽ തൂങ്ങിച്ചത്തതു നിങ്ങൾക്കൊക്കെ അറിയാവുന്നകാര്യമല്ലേ ? ”
”അതുപോട്ടെ . ഇന്ന് പ്രകടനവും സത്യാഗ്രഹമൊന്നുമില്ലേ നിനക്ക് ? ”
”ഉണ്ട് . പതിനൊന്നു മണിക്ക് സ്ത്രീപീഡനത്തിനെതിരെ ടൗണിൽ വായ്‌മൂടിക്കെട്ടി ജാഥയുണ്ട് . ഞാനങ്ങോട്ടു പോകാൻ തുടങ്ങുവാ .”
”എന്നാ ചെല്ല് . നീ ജീവിക്കുന്നത് തന്നെ ഈ ജാഥയും ഉപരോധവും പണിമുടക്കുമൊക്കെ കൊണ്ടല്ലേ.”
”ഞങ്ങളൊക്കെ രക്തം ചീന്തിയതുകൊണ്ടാ പീലിപ്പോസ് ചേട്ടന് ഇവിടെ സമാധാനമായിട്ടു ഈ ചായക്കട നടത്താൻ പറ്റുന്നതെന്ന് ഓർക്കണം ”
അത് പറഞ്ഞു പത്രം മടക്കിവച്ചിട്ട് ശ്രീകുമാര്‍ എണീറ്റു പുറത്തേക്കിറങ്ങി.
ഈ സമയം ബാലചന്ദ്രന്‍റെ കാര്‍ മെയില്‍റോഡില്‍നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചിരുന്നു.
“ഇനി എന്തു ദൂരമുണ്ട് ചാക്കോ?”
“ഏറിയാല്‍ അരക്കിലോമീറ്റര്‍.
ബാലചന്ദ്രന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു.
തികച്ചും ശാന്തസുന്ദരമായ സ്ഥലം! ശുദ്ധവായു ശ്വസിച്ച് ആശ്വാസത്തോടെ ഇവിടെ കഴിയാം.
അല്‍പം മുമ്പോട്ടുചെന്നിട്ട് കാര്‍ ഒരു വളവുതിരിഞ്ഞ് റബര്‍ തോട്ടത്തിലേക്ക് പ്രവേശിച്ചു.
ഇരുണ്ടുമൂടിയ അന്തരീക്ഷം കണ്ടപ്പോള്‍ ബാലചന്ദ്രന്‍ മനസിലോര്‍ത്തു.
യക്ഷി ഇവിടെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഏകദേശം നൂറ്റമ്പതു മീറ്റര്‍ റബര്‍ തോട്ടത്തിലൂടെ ഓടിയിട്ട് കാര്‍ ഒരു പഴയ വീടിന്‍റെ മുറ്റത്തു വന്നുനിന്നു.
ബാലചന്ദ്രന്‍ കാറില്‍ നിന്നിറങ്ങി നാലുപാടും ഒന്നു നോക്കി.
പ്രഥമദൃഷ്ടിയിലെ പേടിയുണര്‍ത്തുന്ന അന്തരീക്ഷം. അടുത്തെങ്ങും ആള്‍താമസമില്ല.
“എങ്ങനെ കണ്ടുപിടിച്ചെടോ ഈ സ്ഥലം?”
“ചാക്കോ ഒരു കാര്യം ഏറ്റാല്‍ അതു നടത്തിയിരിക്കും സാറെ.”
ബാലചന്ദ്രന്‍ നടന്ന് വരാന്തയിലേക്ക് കയറി.
ഓടുമേഞ്ഞ പഴയ ഒരു തറവാടാണ്!
കാലപ്പഴക്കംകൊണ്ട് തറയും ചുമരുമെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. മച്ചുമുഴുവന്‍ ചിതലുതിന്ന് ദ്രവിച്ചിരിക്കുകയാണ്.
“ഇടിഞ്ഞുപൊളിഞ്ഞ് തലേലേക്കെങ്ങാനും വീഴുവോ ചാക്കോ?”
താക്കോലിനായി കൈനീട്ടിക്കൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“പഴയതാണെന്നേയുള്ളൂ. നല്ല ഉറപ്പുള്ള വീടാ സാറെ.”
ചാക്കോയുടെ കൈയില്‍നിന്ന് താക്കോല്‍ വാങ്ങി ബാലചന്ദ്രന്‍ വീട് തുറന്നു.
മൂന്നു മുറിയും അടുക്കളയും. ചെറിയ മുറികളാണ്.
ജനാലകള്‍ അടഞ്ഞുകിടന്നിരുന്നതിനാല്‍ മുറി മുഴുവന്‍ ഇരുട്ടായിരുന്നു.
ബാലചന്ദ്രന്‍ ടോര്‍ച്ചുതെളിച്ച് ലൈറ്റിന്‍റെ സ്വിച്ച് കണ്ടുപിടിച്ചു.
ലൈറ്റിട്ടതും ഒരു പൂച്ച എവിടെനിന്നോ ചാടി ഒറ്റപ്പാച്ചില്‍.
ചാക്കോ ഞെട്ടിവിറച്ചുപോയി.
“ഒരു പൂച്ചയെ കണ്ടപ്പം ഇത്ര പേടിച്ചാല്‍ യക്ഷിയെ കാണുമ്പഴോ?”
ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതു പൂച്ചയൊന്നുമായിരിക്കില്ല സാറെ. യക്ഷികളു പകലു പട്ടിയും പൂച്ചയുമൊക്കയായിട്ടാ സഞ്ചരിക്കുന്നേ.”
ബാലചന്ദ്രന് ചിരിവന്നു.
“എവിടുന്നു കിട്ടി ചാക്കോയ്ക്ക് ഈ അറിവൊക്കെ?”
ജനാലയുടെ കൊളുത്തെടുത്തുകൊണ്ട് അയാൾ ചോദിച്ചു.
“പത്രത്തിലും മാസികേലുമൊക്കെ വായിച്ചിട്ടുള്ളതാ സാറെ.”
“ചാക്കോ കണ്ടിട്ടുണ്ടോ യക്ഷിയെ ?”
“ഇല്ല സാറെ. എന്‍റെ വല്യപ്പച്ചന്‍ കണ്ടിട്ടുണ്ട് . അങ്ങേര് പണ്ട് ചന്തേല്‍ പോയി മലഞ്ചരക്കു സാധനം വിറ്റിട്ട് ഒരു ദിവസം രാത്രി തിരിച്ചു വന്നത് കാവുംപറമ്പിലെ വലിയ കൊടപ്പനയുടെ ചുവട്ടില്‍ കൂടിയായിരുന്നു . നേരം ഒരു പന്ത്രണ്ടു പന്ത്രണ്ടര ആയി കാണും . അപ്പം ദേ നിൽക്കുന്നു തൂവെള്ള സാരി ധരിച് മുടി പടർത്തിയിട്ട് സുന്ദരിയായ ഒരു യുവതി പനയുടെ ചുവട്ടിൽ . നിലത്തുമുട്ടി നീണ്ടു കിടക്കുന്ന മുടി. വല്യപ്പച്ചൻ നോക്കിയപ്പം അവളുടെ കാലു രണ്ടും നിലത്തുറച്ചിട്ടില്ല . അപ്പഴേ വല്യ പ്പച്ചന് കാര്യം പിടികിട്ടി . വല്യപ്പച്ചൻ ധൈര്യം സംഭരിച്ചു ശ്വാസം പിടിച്ചു അവിടെ തന്നെ നിന്നു . അപ്പം അവള് ചോദിച്ചു ചുണ്ണാമ്പുണ്ടോ ഇത്തിരി എടുക്കാനെന്ന് .”
“എന്നിട്ടു വല്യപ്പച്ചൻ കൊടുത്തോ?”
“കൊടുത്താ പിന്നെ രോമം പോലും ബാക്കി കിട്ടുവോ സാറെ ? വല്യപ്പച്ചനു സംഗതി പിടികിട്ടീതുകൊണ്ട് ഒരു സൂത്രം പ്രയോഗിച്ചു”
”എന്ത് സൂത്രം ?”
”വല്യപ്പച്ചന്റെ കഴുത്തിൽ ഒരു കൊന്തയുണ്ടായിരുന്നു. അതിന്റെ അറ്റത്തു ഒരു വലിയ കുരിശും. ചെകുത്താനെ പിടിക്കുന്ന ഒരച്ചൻ പണ്ട് വെഞ്ചിരിച്ചു കൊടുത്ത കൊന്തയും കുരിശുമായിരുന്നു അത് . ചുണ്ണാമ്പെടുക്കാനെന്ന വ്യാജേന വല്യപ്പച്ചൻ ഷർട്ടിനകത്തു കൈ ഇട്ടിട്ടു നൊടിയിടയിൽ കുരിശു പുറത്തേക്കെടുത്തു പൊക്കി കാണിച്ചു . ഞാൻ പൊക്കോളാമേന്ന് ഒരലർച്ച . നോക്കിയപ്പം ഒറ്റപ്പാച്ചിലായിരുന്നു യക്ഷി . ആടുകിടന്നിടത്തു പൂടപോലുമില്ല . കുരിശുകണ്ടാൽ നിൽക്കുമോ സാറേ ഏതെങ്കിലും യക്ഷി ?”
“തന്‍റെ വല്യപ്പച്ചന്‍ മിടുക്കനാണല്ലോ. എന്തായാലും ഭാഗ്യമുണ്ടെങ്കില്‍ ഇന്നു രാത്രി നമുക്ക് യക്ഷിയെ കാണാം.”
“നമുക്കോ? അതിനു ഞാനിന്നു ഇവിടെ കിടക്കില്ല . ഞാൻ വീട്ടില്‍ പോകുവാ ?”
“അപ്പം യക്ഷി എന്നെ പിടിച്ചോട്ടേന്നാണോ?”
“സാറിന് ഈ ഭൂതപ്രേത പിശാചുക്കളിലൊന്നും വിശ്വാസമില്ലല്ലോ. ഇനി അഥവാ യക്ഷി വന്നാല്‍ തന്നെ സാറിന്‍റെ കൈയില് റിവോള്‍വറല്ലേ ഉള്ളത് ?”
“വെടിയുണ്ടയൊന്നും ഈ യക്ഷീടെ ശരീരത്തില്‍ കേറുകേല ചാക്കോ. ”
”എന്നാൽ ഒരു കുരിശു ഉണ്ടാക്കി കട്ടിലിനു കീഴെ വച്ചാൽ മതി സാറേ ”
” അച്ചൻ വെഞ്ചിരിക്കാത്ത കുരിശിനെ യക്ഷി പേടിക്കുവോടോ ? അതു പോട്ടെ . താൻ ഇന്ന് പോയിട്ടു നാളെ രാവിലെ വരില്ലേ ?”
” വരും സാറെ ”
” വരണം. കുറെ ജോലികൾ തന്നെ ഏൽപ്പിക്കാനുണ്ട് ”
” രാവിലെ എത്തിയേക്കാം സാറേ ”
ബാലചന്ദ്രന്‍ ജനാലകള്‍ എല്ലാം തുറന്നിട്ടു.
എന്നിട്ടു വന്നു കസേരയിൽ ഇരുന്നിട്ട് പറഞ്ഞു.
“ചാക്കോ പോയി കാറില്‍ നിന്നു പെട്ടിയും സാമാനങ്ങളുമൊക്കെ എടുത്തോണ്ടുവാ. കുടിക്കാന്‍ കുറച്ചു വെള്ളവും.”
“ശരി സാര്‍.”
ചാക്കോ പുറത്തേക്ക് പോയി.
കിടപ്പുമുറിയിലേക്കുള്ള വാതില്‍ തുറന്നിട്ട് ബാലചന്ദ്രന്‍ അകത്തേക്ക് കയറി.
ഒരു കട്ടിലും മേശയും കസേരയുമുണ്ട്.
സൗകര്യങ്ങള്‍ ഇതു ധാരാളം!

* * * ***** *****

രാത്രി.
കട്ടിലിന്‍റെ ക്രാസിയില്‍ തല ഉയര്‍ത്തിവച്ച്, ഒരു ഇംഗ്ലീഷ് മാഗസിന്‍ വായിച്ചുകൊണ്ടു കിടക്കുകയായിരുന്നു ബാലചന്ദ്രന്‍.
ഉറക്കം കണ്‍പോളകളെ തഴുകിയപ്പോള്‍ മാഗസിന്‍ മേശപ്പുറത്തേക്കിട്ടിട്ട് ശിരസു തലയണയിലേക്കിറക്കി വച്ചു.
ലൈറ്റ് ഓഫ് ചെയ്തിട്ട് കണ്ണടച്ചു കിടന്നു.
യാത്രാക്ഷീണമുണ്ടായിരുന്നതിനാല്‍ വേഗം ഉറങ്ങിപ്പോയി.
പുറത്ത് എന്തോ ശബ്ദം കേട്ടാണ് ബാലചന്ദ്രന്‍ കണ്ണുതുറന്നത്.
ഒരു സ്ത്രീയുടെ കരച്ചിലല്ലേ?
അയാള്‍ ചെവിയോര്‍ത്തു.
അതെ. കരച്ചില്‍ തന്നെ.
പെട്ടെന്ന് രണ്ടുമൂന്നു കല്ലുകള്‍ വീടിന്‍റെ മേക്കൂരയിൽ വന്നു പതിച്ചു. ഒരു കല്ല് ജനാലയിലും.
ചായക്കടക്കാരന്‍ പറഞ്ഞ യക്ഷിയാണോ?
ബാലചന്ദ്രന്‍ ലൈറ്റ് ഇട്ടില്ല. ശബ്ദമുണ്ടാക്കാതെ സാവധാനം എണീറ്റിട്ട് അയയില്‍ നിന്ന് തോര്‍ത്തും കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന കയറും കൈയിലെടുത്തു. പിന്നെ റിവോൾവർ ഏടുത്തു എളിയിൽ തിരുകി .
ടോര്‍ച്ചെടുത്ത് വലതുകൈയില്‍ മുറുകെപ്പിടിച്ചിട്ട് ബാലൻ അടുക്കളയിലേക്ക് നടന്നു. അടുക്കളവാതില്‍ തുറന്നു പിന്നാമ്പുറത്തേക്കിറങ്ങി.
നേരിയ നിലാവെളിച്ചം ഉണ്ട് .നാലുചുറ്റും നോക്കി അയാൾ !
ആരെയും കാണുന്നില്ലല്ലോ!
പൊടുന്നനെ ഒരു കല്ലുകൂടി വന്നു ജനാലയില്‍ പതിച്ചു. കിലുകിലാന്ന് ജനാലയുടെ ഗ്ളാസ് തകർന്നു താഴെ വീണു. ഒപ്പം ഒരു സ്ത്രീയുടെ കരച്ചിലും!
ബാലചന്ദ്രന്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി.
വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപമാണല്ലോ അത്? ചായക്കടക്കാരന്‍ പറഞ്ഞ യക്ഷി?
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here