ബാലചന്ദ്രൻ പോയിക്കഴിഞ്ഞപ്പോഴാണ് സുമിത്ര ഓര്‍ത്തത് ആ മനുഷ്യനോട് ഒന്നിരിക്കാന്‍ പോലും താൻ പറഞ്ഞില്ലല്ലോ എന്ന്. അദ്ദേഹത്തിന് എന്തു തോന്നിക്കാണും? അഹങ്കാരിയും മനുഷ്യപ്പറ്റില്ലാത്തവളുമാണ് താനെന്ന് ചിന്തിച്ചുകാണില്ലേ?
ഛെ! തനിക്ക് വേണ്ട ബുദ്ധി വേണ്ടപ്പോള്‍ തോന്നാത്തതെന്തേ ?
പഴയ സൗഹൃദം പുതുക്കി വിശേഷങ്ങള്‍ ചോദിയ്ക്കാൻ വന്ന ആ മനുഷ്യനോട്എന്തെങ്കിലും ഒന്ന് ചോദിക്കുകപോലും ചെയ്യാതെ താന്‍ തിരിച്ചയച്ചല്ലോ! ഒന്നുമല്ലെങ്കിലും മാന്യമായി വേഷം ധരിച്ച ഒരാളെങ്കിലുമായിരുന്നല്ലോ! കാഴ്ചയിൽ സുമുഖനുമായിരുന്നു. ഭിക്ഷക്കു വരുന്ന ഒരാളോട് കാണിക്കുന്ന മര്യാദ പോലും താൻ അയാളോട് കാണിച്ചില്ല. ഛെ ! മോശമായിപ്പോയി .
സ്വയം പഴിച്ചിട്ട് സുമിത്ര അകത്തേക്ക് കയറിപ്പോയി.
വൈകുന്നേരം സ്കൂള്‍ വിട്ട് അജിത്മോന്‍ വന്നപ്പോള്‍ സുമിത്ര ബാലചന്ദ്രനെക്കുറിച്ച് പറഞ്ഞു.
സിനിമ പിടിക്കാന്‍ വന്ന ആളാണെന്നു കേട്ടപ്പോള്‍ അജിത്മോന് ആവേശമായി.
“ഞാനൊന്നു പോയി കണ്ടോട്ടെ ചേച്ചീ?”
“അയാളിപ്പം അവിടെ കാണുമോന്നാര്‍ക്കറിയാം.”
“കണ്ടില്ലെങ്കില്‍ ഞാനിങ്ങു തിരിച്ചുപോരും.”
“നിന്നെ കാണുമ്പം അയാളു മൈന്‍ഡ് ചെയ്തില്ലെങ്കിലോ?”
“മൈന്‍ഡ് ചെയ്യാതിരിക്കില്ല. ചേച്ചിയെപ്പോലാ എല്ലാരുംന്നു ചേച്ചി വിചാരിച്ചോ. ഞാനുടനെ വന്നേക്കാം ചേച്ചി.”
അവന്‍ പോകാനായി മുറ്റത്തേക്ക് ചാടിയതും സുമിത്ര പറഞ്ഞു:
“ഇവിടെ വന്നിട്ട് ഒന്നിരിക്കാന്‍ പോലും പറയാത്തതില്‍ ചേച്ചിക്കു വിഷമമുണ്ടെന്നു പറഞ്ഞേക്ക് കേട്ടോ?”
“ഉം…”
ഒറ്റ ഓട്ടമായിരുന്നു അവൻ.
വടക്കേപ്പറമ്പിലെ ഒറ്റയടിപ്പാതയിലൂടെ മിന്നല്‍ വേഗത്തില്‍ അവന്‍ പാഞ്ഞു.
ബാലചന്ദ്രന്‍റെ വീട്ടുമുറ്റത്ത് എത്തിയിട്ടാണവന്‍ ശരിക്കു ശ്വാസം വിട്ടത്.
അകത്ത് ബാലചന്ദ്രന്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.
തുറന്നുകിടന്ന ജനാലയിലൂടെ അജിത്മോന്‍ അയാളെ കണ്ടു.
അജിത്തിനെ കണ്ടതും ബാലചന്ദ്രന്‍ വെളിയിലേക്കിറങ്ങിവന്നു. അവനെ മനസിലായില്ല അയാൾക്ക് .
“ഉം?”
ചോദ്യരൂപേണ ബാലചന്ദന്‍ അവനെ നോക്കി.
ഒന്നുമില്ല എന്ന് അജിത് കണ്ണടച്ചു കാണിച്ചു.
“നീ എവിടുത്തെയാ ?”
“ദാ… ആ വീട്ടിലെ.”
അവന്‍ ദൂരേക്ക് കൈചൂണ്ടി ..
“ആ വീട്ടിലേന്നു പറഞ്ഞാല്‍?”
”മുല്ലക്കലെ ”.
“സുമിത്രയുടെ അനുജന്‍?”
“ഉം.”
“കേറിവാ…”
ബാലചന്ദ്രന്‍റെ ക്ഷണം സ്വീകരിച്ച് അജിത്മോന്‍ മുറ്റത്തുനിന്നു വരാന്തയിലേക്കും അവിടെനിന്നു മുറിയിലേക്കും കയറി.
“ഇരിക്ക്.”
ബാലചന്ദ്രന്‍ കസേര നീക്കിയിട്ടു കൊടുത്തു.
അജിത്മോന്‍ തെല്ലു ഭയത്തോടെ കസേരയിലിരുന്നു.
“എന്തിനാ വന്നേ?”
“ചുമ്മാ.”
“ഞാനിവിടുണ്ടെന്ന് ആരാ പറഞ്ഞേ ?”
“ചേച്ചി.”
“ചേച്ചി സമ്മതിച്ചിട്ടാണോ വന്നത്?”
“ഉം.”
“എന്നെക്കുറിച്ചെന്തു പറഞ്ഞു നിന്റെ ചേച്ചി?”
“സിനിമയ്ക്ക് കഥ എഴുതാന്‍ വന്നയാളാന്നു പറഞ്ഞു.”
“വേറൊന്നും പറഞ്ഞില്ലേ?”
“ഇല്ല.”
“ആളൊരു തട്ടിപ്പുകാരനാന്നു തോന്നുന്നൂന്നു പറഞ്ഞില്ലേ?”
“ഇല്ല.”
“നുണ. അങ്ങനെ പറയാണ്ടിരിക്കില്ലല്ലോ? ഞാനവിടെ വന്നിരുന്ന കാര്യം പറഞ്ഞോ?”
“ഉം.”
“വന്നിട്ട് നല്ല സ്വീകരണമായിരുന്നു എനിക്ക്. അതു പോട്ടെ. മോന്‍ ഏതു ക്ലാസില്‍ പഠിക്കുന്നു?”
“മൂന്നാം ക്ലാസില്‍.”
“ഇംഗ്ലീഷ് മീഡിയത്തിലാ?”
“ഉം.”
”ഏതു സ്കൂള്‍?”
അവന്‍ സ്കൂളിന്‍റെ പേര് പറഞ്ഞു.
പിന്നെയും ഒരുപാട് ചോദ്യങ്ങൾ. അമ്മയെക്കുറിച്ചും സുമിത്രയെക്കുറിച്ചും ജയദേവനെപ്പറ്റിയുമെല്ലാം ബാലചന്ദ്രൻ ചോദിച്ചു.
അജിത്മോന്‍റെ മനസിലെ ഭയവും അങ്കലാപ്പുമെല്ലാം പമ്പകടന്നു.
ഒരു ബന്ധുവിനെപ്പോലെയായിരുന്നു ബാലചന്ദ്രന്‍റെ സംസാരവും പെരുമാറ്റവും.
ഫ്ളാസ്കില്‍ നിന്നു കപ്പിലേക്ക് ചായ പകര്‍ന്ന് അയാള്‍ അജിതിനു നീട്ടി.
” കുടിക്ക് ”
”വേണ്ട ”
”എന്നെ പേടിയാണോ ?”
” അല്ല.”
”പിന്നെന്താ? ഇവിടെ നിന്ന് ഒന്നും കഴിക്കരുതെന്ന് പറഞ്ഞിട്ടുണ്ടോ നിന്റെ ചേച്ചി ?”
”ഇല്ല .”
” എന്നാ കുടിക്ക് . ”
ബാലചന്ദ്രന്‍റെ സ്നേഹനിര്‍ഭരമായ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ ചായ വാങ്ങി കുടിച്ചു,.
“സിനിമാ നടന്മാരെയൊക്കെ പരിചയമുണ്ടോ അങ്കിളിന്?”
കപ്പു കൈയില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു.
“പിന്നെ… എല്ലാരും എന്‍റെ സുഹൃത്തുക്കളല്ലേ.”
“മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഒക്കെ അറിയോ?”
“എല്ലാരേം അറിയാം.”
“സുരേഷ്ഗോപിയെ അറിയ്വോ?”
“അറിയാം. മോനു സിനിമാനടന്മാരെ വല്യ ഇഷ്ടാ അല്ലേ?”
“ഉം…”
“സിനിമേലഭിനയിക്കണമെന്നാഗ്രഹമുണ്ടോ?”
“ഉം…”
“എന്‍റെ സിനിമേലൊരു ചാന്‍സ് തന്നാല്‍ അഭിനയിക്കാമോ ?”
“ഉം…”
“ചേച്ചി സമ്മതിച്ചില്ലെങ്കിലോ?”
“ചേച്ചിയെക്കൊണ്ട് ഞാന്‍ സമ്മതിപ്പിച്ചോളാം.”
“ആട്ടെ, മുന്‍പ് ഏതെങ്കിലും സ്കൂള്‍ നാടകത്തിലോ മറ്റോ അഭിനയിച്ചു പരിചയമുണ്ടോ?”
“ഇല്ല.”
“അതു സാരമില്ല. സംവിധായകന്‍ പറയുന്നപോലൊക്കെയങ്ങു ചെയ്താമതി. എന്തായാലും എന്‍റെ അടുത്ത സിനിമേല്‍ ഒരു ചാന്‍സ് ഉറപ്പായിട്ടും തരും നിനക്ക് .”
“നേരാണോ?”
“ഷുവര്‍.”
അജിത്മോനു വലിയ സന്തോഷം!
ഏറെനേരം കുശലം പറഞ്ഞിരുന്നു അവര്‍.
”മോൻ നന്നായിട്ടു പഠിക്കുന്നുണ്ടോ ?”
” ഉം . ക്ലാസിൽ രണ്ടാം റാങ്കാ എനിക്ക് ”
”ഗുഡ് . അതോന്നാം റാങ്കാക്കി മാറ്റണം, കേട്ടോ”
“ഉം. നേരം ഒരുപാടായി. ഇനീം വൈകിയാല്‍ ചേച്ചി വഴക്കുപറയും. ഞാന്‍ പോട്ടെ?”
അജിത്മോന്‍ എണീറ്റു.
”ഇടയ്ക്കിടെ വരണം. എനിക്കിവിടെ കമ്പനി കൂടാന്‍ വേറെ ആളില്ല.” ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എത്രദിവസമുണ്ടാകും ഇവിടെ?”
“കഥ എഴുതി തീരുന്നതുവരെ.”
” എന്നാ കഥ എഴുതി തീരുക ? ”
” അതൊന്നും പറയാൻ പറ്റില്ല ”
“ഒരു ദിവസം എന്‍റെ വീട്ടിലേക്ക് ഒന്നു വര്വോ?”
“ഞാന്‍ വന്നിരുന്നല്ലോ ? മോന്‍റെ ചേച്ചി ഒന്നിരിക്കാന്‍പോലും പറഞ്ഞില്ല എന്നോട്.”
“അതില് ചേച്ചിക്ക് വിഷമമുണ്ടെന്നു പറയണമെന്നു പറഞ്ഞു.”
“അതു നുണ.”
“സത്യായിട്ടും പറഞ്ഞു.”
“എങ്കില്‍ ചേച്ചി വന്നു എന്നെ വിളിക്കട്ടെ . ഞാന്‍ വരാം.”
“ചേച്ചി വിളിച്ചാൽ വര്വോ?”
“ഉറപ്പായും .”
“എങ്കില്‍ ചേച്ചിയെക്കൊണ്ട് ഞാന്‍ വിളിപ്പിക്കാം ട്ടോ”
” അത് നടക്കുമെന്ന് തോന്നുന്നില്ല.”
”ഞാൻ പറഞ്ഞാൽ ചേച്ചി കേൾക്കാതിരിക്കില്ല ”
” ഞാൻ തട്ടിപ്പിനോ വെട്ടിപ്പിനോ വന്നതല്ലെന്നു ചേച്ചിയോടൊന്ന് പറഞ്ഞേക്ക് കേട്ടോ ”
”ഉം ”
ബാലചന്ദ്രനോട് യാത്രപറഞ്ഞിട്ട് വീട്ടിലേക്ക് മടങ്ങി അജിത്മോന്‍.
റബര്‍ തോട്ടത്തിലെ ചെമ്മണ്‍പാതയിലൂടെ അസ്ത്രംപോലെ അവന്‍ പായുന്നത് കൗതുകത്തോടെ നോക്കിന്നു ബാലചന്ദ്രന്‍.
വീട്ടില്‍ വന്നുകയറിയ ഉടനെ അജിത്മോന്‍ സുമിത്രയോട് പറഞ്ഞു:
“ഞാന്‍ കണ്ടു ചേച്ചീ സിനിമാക്കാരനെ . എന്നോട് ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞു . നല്ല മനുഷ്യനാ. എനിക്ക് സിനിമേലഭിനയിക്കാന്‍ ചാന്‍സ് തരാമെന്നു പറഞ്ഞു.”
“അതു നിന്നെ പറ്റിക്കാന്‍ പറഞ്ഞതല്ലേടാ .”
“അല്ല ചേച്ചീ. ഒറപ്പായിട്ടും തരാന്നു പറഞ്ഞു.”
“അയാളു സിനിമാക്കാരനാണോന്നാര്‍ക്കറിയാം.”
“ചേച്ചിക്കിപ്പഴും സംശയാല്ലേ? ബാലേട്ടന്‍ പറഞ്ഞു; ബാലേട്ടനിവിടെ വന്നിട്ടു ചേച്ചി മൈന്‍ഡ് ചെയ്തില്ലെന്ന്.”
“മൈന്‍ഡ് ചെയ്യാന്‍ അയാളു നമ്മുടെ ആരാ?”
“ഒന്നുമല്ലെങ്കിലും അയാളൊരു സിനിമക്കാരനല്ലേ ചേച്ചീ? ഒരു സിനിമാക്കാരന്‍ നമ്മുടെ വീട്ടില്‍ വരുന്നത് നമുക്കൊരഭിമാനമല്ലേ?”
“ഓ… അഭിമാനം! എന്നിട്ടുവേണം നാട്ടുകാരോരോന്നു പറഞ്ഞുണ്ടാക്കാന്‍. ഇനിയും അപവാദം കേൾക്കാനുള്ള കരുത്തില്ല എനിക്ക് ”
” ബാലേട്ടൻ എന്നോട് പറഞ്ഞു . അയാള് തട്ടിപ്പിനോ വെട്ടിപ്പിനോ വന്നതല്ലെന്നു ചേച്ചിയോടൊന്ന് പറഞ്ഞേക്കാൻ”
” അങ്ങനെ പറഞ്ഞോ ?”
”ഉം ”
” ഇവിടെ വന്നിട്ട് ഒന്നിരിക്കാൻ പോലും പറയാത്തതിൽ അയാൾക്കെന്നോട് ദേഷ്യം കാണും ”
” ദേഷ്യമൊന്നുമില്ല. ചേച്ചിയെ ഇഷ്ടമാ അയാൾക്ക്. ഞാന്‍ ബാലേട്ടനെ ഇങ്ങോട്ട് വിളിച്ചിട്ടുണ്ട്. ”
”അയാളു വരാമെന്നു പറഞ്ഞോ?”
“ചേച്ചി വിളിച്ചാല്‍ വരാന്നു പറഞ്ഞു.”
“ഞാനെന്തായാലും വിളിക്കാന്‍ പോണില്ല.”
“അതെന്താ വിളിച്ചാല്?”
“എന്തിനാ വിളിക്കണെ? അയാള് നമ്മുടെ ആരാ ? നിനക്കയാളോട് വല്യ ആരാധനയാന്നു തോന്നുന്നല്ലോ?”
“എനിക്കിഷ്ടാ ബാലേട്ടനെ.”
“നിന്നെ അയാളു കറക്കി എടുത്തെന്നു തോന്നുന്നല്ലോടാ ചെക്കാ.”
“എനിക്ക് സിനിമേലഭിനയിക്കാന്‍ ചാന്‍സ് തരും ചേച്ചീ. ”
” അത് നിന്നെ പറ്റിക്കാൻ അയാളൊരു നുണ പറഞ്ഞതല്ലേ ”
”നുണയല്ല . സത്യായിട്ടും താരാന്നു പറഞ്ഞു. നമുക്കൊരു ദിവസം ബാലേട്ടനെ ഇങ്ങോട്ട് വിളിച്ച് ഒരു അടിപൊളി സദ്യ കൊടുക്കണം കേട്ടോ ചേച്ചി .”
“സദ്യ ! ഇനി അതിന്റെ കുറവുകൂടിയേയുള്ളൂ! ഇനിയും കുറേക്കൂടി പേരുദോഷം കേൾക്കണോ ഞാൻ ? ബാലനും കോലനുമൊക്ക അവിടെങ്ങാനും കിടക്കട്ടെ . നീ പോയി വേഷം മാറിയിട്.”
“ഹോ ! ഇങ്ങനെയൊരു ചേച്ചി!”
ദേഷ്യപ്പെട്ടിട്ട് അവന്‍ ഡ്രസിംഗ് റൂമിലേക്ക് ഓടി .
വേഷം മാറി അവന്‍ തിരികെയെത്തിയപ്പോള്‍ അടുക്കളയില്‍ മീന്‍ വറുക്കുകയായിരുന്നു സുമിത്ര.
അജിത്മോന്‍ മുഖം കറുപ്പിച്ചുകൊണ്ട് ചേച്ചിയുടെ സമീപം ചുറ്റിപ്പറ്റി നിന്നു.
“നീ പിണങ്ങിയോടാ?”
” ചേച്ചിക്ക് എന്നോട് ഒട്ടും ഇഷ്ടമില്ല.”
“അതെന്താടാ നീ അങ്ങനെ പറഞ്ഞത്?”
“എന്നോടിഷ്ടമുണ്ടെങ്കില്‍ ബാലേട്ടനെ വിളിച്ച് നമുക്കൊരു സദ്യ കൊടുക്കണം. പറ്റുമോ ?
“അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. നീ പോയി കുളിച്ചിട്ട് വന്നിരുന്ന് പഠിക്ക്.”
“വിളിക്കാന്നു എന്റെ കയ്യിൽ അടിച്ചു സത്യം ചെയ്യ് .”
“വിളിക്കാടാ.”
“സത്യം?”
“ഉം…”
സുമിത്രയ്ക്ക് ചിരി വന്നുപോയി.ഈ ചെക്കന്റെയൊരു കാര്യം .
“ഞാന്‍ സിനിമേലഭിനയിച്ചു വല്യ നടനാവുമ്പം ചേച്ചിക്ക് അതൊരു ഗമയല്ലേ?”
“പിന്നെപ്പിന്നെ. നീ വല്യ സൂപ്പര്‍സ്റ്റാറാകാന്‍ പോക്വല്ലേ. അയാളു നിന്നെ പറ്റിക്കാന്‍ ഒരു കള്ളം തട്ടിവിട്ടു. നീയതു വിശ്വസിച്ചു. നീയിത്ര മണ്ടനായിപ്പോയല്ലോടാ”
“ഈ ചേച്ചിയോട് ഞാനിനി ഒന്നും പറയില്ല .”
ദേഷ്യപ്പെട്ടിട്ട് അവന്‍ അടുക്കളയില്‍ നിന്ന് പിന്‍വലിഞ്ഞു.
സുമിത്രയ്ക്ക് ഉള്ളില്‍ ചിരി വന്നുപോയി. പാവം ചെക്കൻ ! അയാൾ പറഞ്ഞതെല്ലാം വിശ്വസിച്ചിരിക്കുകയാണ് അവൻ . എന്തായാലും താൻ നേരിട്ടുപോയി അയാളെ കാണുകയോ ഇങ്ങോട്ടു വിളിക്കുകയോ ചെയ്യുന്ന പ്രശ്നമേയില്ല . ഇനി ഇങ്ങോട്ട് വന്നാൽ മാന്യമായി വിളിച്ചിരുത്തും . സംസാരിക്കും . അത്രേയുള്ളു. അതിനപ്പുറത്തേക്ക് ഒരു ബന്ധം ഇനി ആരുമായിട്ടുമില്ല.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































