Home Editor's Choice ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 2

1500
0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി

ഒഴുക്കിൽ കൈകാലിട്ടടിക്കുന്ന ജാസ്മിനെ ലക്ഷ്യമാക്കി ടോണി നീന്തിച്ചെന്നു. അടുത്തെത്തി അവന്‍ കൈ നീട്ടിയതും അവള്‍ ആ കൈയില്‍ മുറുകെ പിടിച്ചു. നീന്തി അവളെയുംകൊണ്ട് കരയ്ക്കെത്താന്‍ ഏറെ ബുദ്ധിമുട്ടി.

ജാസ്മിന്‍ തീര്‍ത്തും അവശയായി കഴിഞ്ഞിരുന്നു. ദേഹാസകലം കിടുകിടെ വിറയ്ക്കുകയാണ്. നനഞ്ഞൊട്ടിയ വസ്ത്രം ദേഹത്തോട് ചേർന്ന് കിടക്കുന്നു.

മേരിക്കുട്ടി ടവ്വല്‍ കൊണ്ട് അവളുടെ മുഖവും കൈകാലുകളും തുടച്ചിട്ടു നനഞ്ഞ വസ്ത്രത്തിനു മീതെ ഒരു ടര്‍ക്കി ടവ്വല്‍ ചുറ്റി.

ടോണിയും അവശനായിരുന്നു. തോമസ് അവന്റെ ഷർട്ട് ഊരി പിഴിഞ്ഞിട്ടു ഉണങ്ങാനിട്ടു. എന്നിട്ട് അടുത്തുവന്ന് അവന്റെ തല തുവര്‍ത്തുകയും മുഖത്തെ വെള്ളം തുടച്ചു കളയുകയും ചെയ്തു.

സന്തോഷകരമായ നിമിഷങ്ങള്‍ പെട്ടെന്ന് അവസാനിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ എല്ലാവർക്കും വിഷമമായി . അൽപനേരം വിശ്രമിച്ചതിനിശേഷം തോമസ് പറഞ്ഞു:
“തിരിച്ചു പോകാം . പോയി കാറില്‍ കേറിക്കോ.”
തോമസിന്‍റെ നിര്‍ദ്ദേശം കിട്ടിയതും മേരിക്കുട്ടിയും അലീനയും ജാസ്മിനെ പിടിച്ചെഴുന്നേല്പിച്ച് കാറിനടുത്തേക്കു നടന്നു.

മടങ്ങിപ്പോരുന്ന വഴി തോമസ് ജാസ്മിനെ കുറ്റപ്പെടുത്തുകയും കുറെ വഴക്കു പറയുകയും ചെയ്തു. മടക്കയാത്രയിൽ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കണമെന്നും പിന്നെ ഒരു സിനിമ കാണണമെന്നുമൊക്കെയായിരുന്നു പ്ലാൻ. അതെല്ലാം ഉപേക്ഷിച്ചു.

വീട്ടില്‍ തിരിച്ചെത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. മകളുടെ ജീവന്‍ രക്ഷിച്ചതിന് തോമസ് ടോണിയോടു നന്ദി പറഞ്ഞു.

എല്ലാവരോടും യാത്ര പറഞ്ഞിട്ട് ആഗ്നസും ടോണിയും അനുവും അവരുടെ വീട്ടിലേക്കു കയറി പോയി.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ജാസ്മിന്‍റെ മനസ്സില്‍ ടോണിയുടെ രൂപമായിരുന്നു. ജീവന്‍ പണയം വച്ചല്ലേ ടോണി വെള്ളത്തിലേക്ക് എടുത്തു ചാടി തന്നെ രക്ഷിച്ചത്! ആ സ്നേഹത്തിന് എന്തു പ്രതിഫലമാണു താന്‍ കൊടുക്കുക? ഭാഗ്യമുള്ളവളാണ് താൻ. എത്ര നല്ല ഒരു ചെറുപ്പക്കാരനെയാണ് ദൈവം തനിക്കായി കൊണ്ടുതന്നിരിക്കുന്നത് .

പിറ്റേന്ന് ഉച്ചകഴിഞ്ഞ് ജാസ്മിന്‍ മുറിയിലിരുന്നു മൊബൈലിൽ ഒരു സിനിമ കാണുകയായിരുന്നു. ഇടയ്ക്ക് ”ശ്ശ്…” എന്നൊരു ശബ്ദം കേട്ടതും അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. ജനാലക്കമ്പിയില്‍ കൈപിടിച്ചുകൊണ്ട് ടോണി വെളിയിൽ നില്‍ക്കുന്നു.

“ഇതെപ്പ വന്നു?” – അതിശയത്തോടെ ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
“കുറച്ചുനേരമായി.” ഒന്ന് പുഞ്ചിരിച്ചിട്ട് ടോണി തുടര്‍ന്നു: “എന്തു കണ്ടോണ്ടിരിക്ക്വായിരുന്നു; പരിസരംപോലും മറന്ന്.”
“ഒരു സിനിമയാ.”-ജാസ്മിന്‍ മൊബൈൽ മേശപ്പുറത്തു വച്ചിട്ട് എണീറ്റു ജനാലക്കരികിലേക്കു വന്നു.
“എ പടമാണോ?” സ്വരം താഴ്ത്തി ടോണി ചോദിച്ചു.
“എ യും ബി യുമൊന്നുമല്ല. നല്ല ഒന്നാംതരം ഫാമിലി സ്റ്റോറിയാ. ഏ യൊക്കെ നിങ്ങള്‍ ആണുങ്ങള്‍ കാണുന്നതല്ലേ. ഞങ്ങള്‍ പെണ്ണുങ്ങള്‍ അല്പം ഡീസന്‍റായിട്ടുള്ളോരാ.”
“ഓ… ഒരു ഡീസന്‍റ്! വല്യവീട്ടിലെ പെമ്പിള്ളേരുടെ ഡീസന്‍സിയൊക്കെ ഞാൻ കാണാറുണ്ട്. “
“ഞാന്‍ വല്യവീട്ടിലെ പെണ്ണല്ലല്ലോ ടോണി. നാട്ടിൻപുറത്തെ ഒരു സാധാരണ പെണ്ണല്ലേ . ഈശോയ്ക്കു നിരക്കാത്ത യാതൊന്നും ഞാന്‍ ചെയ്യില്ല. പ്രലോഭനങ്ങളെയും അധമവികാരങ്ങളെയുമൊക്കെ അതിജീവിക്കാനുള്ള ശക്തി ദൈവം എനിക്കു തന്നിട്ടുണ്ട്. ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നതും അതിനാ.”
”ഞങ്ങളുടെ കോളേജിലെ ആണുങ്ങളും പെണ്ണുങ്ങളും കാണുന്ന വിഡിയോ കണ്ടാൽ നിന്റെ തല അടിച്ചു പോകും. ”
”ടോണിയും കാണാറുണ്ടോ അതൊക്കെ ?”’
”ഏയ് ! ഞാനൊക്കെ അവിടുത്തെ വിശുദ്ധന്മാരുടെ ലിസ്റ്റിലുള്ള ആളല്ലേ. നമ്മളൊക്കെ വെറും പഞ്ചപാവം ” ടോണി ചിരിച്ചു.
”ആർക്കറിയാം സത്യമാണോന്ന് . ആണുങ്ങളെ ഒന്നിനേം വിശ്വസിക്കാൻ കൊള്ളില്ല ”
”എന്നേം വിശ്വാസമില്ലേ ?”
”അത്ര വിശ്വാസമൊന്നുമില്ല.” അത് പറഞ്ഞിട്ട് അവൾ ചിരിച്ചു.
”എന്നാ ഞാൻ പോയേക്കാം. ”
”യ്യോ ഞാൻ ചുമ്മാ പറഞ്ഞതാ. ടോണിക്കുട്ടനെ എനിക്ക് വിശ്വാസമാ . പിന്നേ ..,കൊള്ളില്ലാത്ത വീഡിയോ ഒന്നും കണ്ടേക്കരുത് കേട്ടോ. ദൈവത്തിനു നിരക്കാത്ത ഒരു പണിക്കും പോയേക്കരുത് . ”
“ഇല്ല മോളേ . ഞാനും ചുമ്മാ പറഞ്ഞതാ . ങ്ഹാ ,അതുപോട്ടെ. ഇന്നലെ വെള്ളത്തില്‍ വീണപ്പം ഒരുപാട് പേടിച്ചുപോയോ?”
” ശരിക്കും പേടിച്ചുപോയി. ടോണി രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ആഘോഷമായി ഒരു ശവമടക്കു കൂടായിരുന്നു.” – അതു പറഞ്ഞിട്ട് അവൾ കിലുകിലെ ചിരിച്ചു.
“പപ്പ എന്തു പറഞ്ഞു?”
“എന്‍റെ നെഗളിപ്പുകൊണ്ടാ വീണതെന്നു പറഞ്ഞു കുറേ വഴക്കു പറഞ്ഞു.”
“എവിടെപ്പോയി എല്ലാരും?”
“പപ്പ കടേല്‍ പോയതാ. ഇപ്പം അങ്ങിറങ്ങിയതേയുള്ളു . അമ്മയും ചേച്ചിയും കൂടി റോസാന്‍റീടെ വീട്ടില്‍പ്പോയി.”
“അപ്പം തനിച്ചേയുള്ളൂ?”
“ഉം…”
“എന്നാ വാതില്‍ തുറക്ക്. ഞാന്‍ അകത്തേക്കു കേറട്ടെ.”
”ഓ.., പുറത്താ നിൽക്കുന്നേന്ന കാര്യമേ ഞാനങ്ങു മറന്നു ട്ടോ ”
ജാസ്മിന്‍ വന്നു പുറത്തേക്കുള്ള വാതില്‍ തുറന്നു. ടോണി അകത്തേക്കു കയറി വാതില്‍ ചാരിയിട്ട് ജാസ്മിന്‍റെ നേരേ തിരിഞ്ഞു:
“തന്നെ രക്ഷിച്ചതിന് എനിക്കെന്താ സമ്മാനം തരുക?”
“എന്താ വേണ്ടത്?”
“ദാ…ഇവിടെ ഒരുമ്മ.” – കവിളില്‍ വിരല്‍ തൊട്ടുകൊണ്ട് ടോണി പറഞ്ഞു.
“അയ്യടാ! കൊള്ളാല്ലോ ആഗ്രഹം! എന്റെ പൊന്നുമോൻ ആദ്യം ഈ കഴുത്തില്‍ ഒരു മിന്നുകെട്ട്. എന്നിട്ടു തരാം ഇപ്പം പറഞ്ഞ സമ്മാനം.”
“അതിന് ഇനി എത്ര നാളുകൂടി കാത്തിരിക്കണം കൊച്ചേ ?”
“എന്തായാലും ചേച്ചീടെ കല്യാണം കഴിയുന്നതുവരെ കാത്തിരുന്നേ പറ്റൂ. പ്രാർത്ഥിക്ക് , വേഗം ആ കല്യാണം നടക്കാൻ ”
” ചേച്ചിയുടെ കല്യാണം നടന്നിട്ട് നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല . ആരെങ്കിലും ഒരാള് വരണ്ടേ അതിനെ കെട്ടിക്കൊണ്ടുപോകാൻ”
” അങ്ങനെ പറയല്ലേ ടോണി . ചേച്ചി എന്തോരം വിഷമിക്കുന്നുണ്ടെന്ന് അറിയാമോ ”
“കാത്തുസൂക്ഷിച്ച ഈ കസ്തൂരിമാമ്പഴം വല്ല കാക്കയും വന്നു കൊത്തിക്കൊണ്ടു പോയാലോ?”
“ഒരു കാക്കയും ഈ മാമ്പഴം കൊത്താൻ വരില്ല . കൊത്താന്‍ വന്നാല്‍ ആ കാക്കയുടെ തല നിലത്തു കിടന്നു പിടയും . ഇതു ടോണിക്കു മാത്രമുള്ളതാ . കുടുകുടാ പഴുത്തു കഴിയുമ്പം പറിച്ചങ്ങു തിന്നോ .”- അതു പറഞ്ഞിട്ടു കുടുകുടെ അവള്‍ ചിരിച്ചു. മുത്തുമണികള്‍ കിലുങ്ങിയതുപോലുള്ള സ്വരം .
ടോണി അവളെ ആപാദചൂഡം നോക്കി.
എത്ര സുന്ദരിയാണീ പെണ്ണ്! തുടുത്ത കവിളുകള്‍ക്കും റോസാദളങ്ങള്‍പോലുള്ള അധരങ്ങള്‍ക്കും എന്തൊരു ചന്തം! കടഞ്ഞെടുത്തതുപോലുള്ള ശരീര വടിവ് . ഏതൊരു പുരുഷനെയും ഒറ്റ നോട്ടത്തിൽ ആകർഷിക്കും വിധമുള്ള രൂപലാവണ്യം. തനിക്കുവേണ്ടി ദൈവം സൃഷ്ടിച്ച മാലാഖക്കുട്ടി. പ്രലോഭനങ്ങളെ നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ ടോണി അവളെ വാരിപ്പുണര്‍ന്ന് ഉമ്മവച്ചു.
കുതറി മാറിയ ജാസ്മിന്‍ മുഖംകറുപ്പിച്ചു ടോണിയെ രൂക്ഷമായി നോക്കി.
“ഇതിനാണോ അകത്തേക്ക് കയറി വന്നത് ? ഈ ആണുങ്ങള്‍ക്കെല്ലാം ഈയൊരു ചിന്തയേയുള്ളോ ? കഷ്ടം ഒണ്ട് ട്ടോ. ഞാനിങ്ങനെയൊന്നുമല്ല ടോണിയെക്കുറിച്ചു വിചാരിച്ചത്.”
“സോറി.” – ടോണിക്കു കുറ്റബോധം തോന്നി. അവൻ വല്ലാതായി .
“ഞാന്‍ കൂട്ടുവെട്ടി.”
മുഖത്തു ഗൗരവം വരുത്തിയിട്ട് അവള്‍ കസേരയില്‍ വന്ന് ഇരുന്നു; കൈമുട്ടുകള്‍ മേശയിലൂന്നി ഇരുകരങ്ങളിലും താടി അമര്‍ത്തി കീഴ്പോട്ടു നോക്കി .
“ഞാന്‍ സോറി പറഞ്ഞല്ലോ കുട്ടാ.”
ടോണി ചങ്ങാത്തം കൂടാന്‍ അവളുടെ ചുമലില്‍ കൈവച്ചപ്പോള്‍ ഗൗരവം വിടാതെ അവള്‍ കൈ തട്ടിമാറ്റി.
പിന്നെ ഒരു നിമിഷംപോലും ടോണി അവിടെ നിന്നില്ല. അവൻ മുറിവിട്ടിറങ്ങുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍ എണീറ്റു പിന്നാലെ പാഞ്ഞു ചെന്നു.
“പോക്വാണോ?”
അതിനു മറുപടി പറയാതെ അവൻ പുറത്തേക്കിറങ്ങി നടന്നകലുന്നതു കണ്ടപ്പോള്‍ അവള്‍ക്കു സങ്കടവും കരച്ചിലും വന്നു. ഇത്രേയുള്ളോ ആണുങ്ങളുടെ സ്നേഹവും അടുപ്പവും? എന്തിനാണവന്‍ പിണങ്ങിപ്പോയത്? തന്നെ ഉമ്മവച്ചതിൽ താൻ ഇഷ്ടക്കേട് പ്രകടിപ്പിച്ചതിനോ ? അത് തെറ്റാണോ ? വിളിച്ചിട്ടു തിരിഞ്ഞു നോക്കിയതുപോലുമില്ലല്ലോ . അവൾക്കു ഒരുപാട് വിഷമം തോന്നി .
അന്നു രാത്രിയില്‍, ഉറക്കത്തില്‍ ജാസ്മിന്‍ ഒരു ദുസ്വപ്നം കണ്ടു. ടോണി തന്നിൽ നിന്ന് അകന്നു പോകുന്നതും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതുമായ ദൃശ്യം . ഞെട്ടിഎണീറ്റിട്ട് അവൾ ഒരു ഗ്ളാസ് വെള്ളം എടുത്തു കുടിച്ചു .

പിറ്റേന്ന് പുഴക്കരയിലെ മാവിന്‍ചുവട്ടില്‍വച്ച് ജാസ്മിന്‍ ടോണിയെ കണ്ടു. അവന്‍ മുഖം വെട്ടിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അവൾ കൈ നീട്ടി തടഞ്ഞു.
“പിണക്കമാണോ?”
“ഞാനൊരു കൊള്ളരുതാത്തവനാ. എന്നെ വിട്ടേക്ക്.”
ഗൗരവത്തോടെ കൈ തട്ടിമാറ്റി അയാള്‍ പോകാനൊരുങ്ങിയപ്പോള്‍ അവള്‍ മുമ്പില്‍ കയറി നിന്നു വഴി തടഞ്ഞു:
“എന്തിനാ ഈ പിണക്കമെന്നു പറ. ഞാന്‍ മുഖം കറുപ്പിച്ച് ഇരുന്നതിനാണോ? അങ്ങനെയാണെങ്കില്‍ ഞാന്‍ നൂറുവട്ടം ക്ഷമ ചോദിക്കുന്നു. പോരെ ?”
ടോണി മിണ്ടിയില്ല.
“ഇന്നലെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോന്നതു കണ്ടപ്പം എനിക്കെന്തു വിഷമമായീന്നറിയുവോ? ഒരു പെണ്ണിന്‍റെ മനസ്സും ഹൃദയവുമൊന്നും ഇയാള്‍ക്കറിഞ്ഞൂടാ. അതറിയണമെങ്കിൽ ഇയാള് ഒരു പെണ്ണായിട്ടു ജനിക്കണം “- അവളുടെ ശബ്ദം ഇടറുകയും മിഴികള്‍ നിറയുകയും ചെയ്തു. അതു കണ്ടപ്പോള്‍ ടോണിക്കും വിഷമമായി.
“എനിക്കു പിണക്കമൊന്നുമില്ല ചക്കരേ. ഞാന്‍ വെറുതെ ഒരു ഷോ കാണിച്ചതല്ലേ . നിന്നെ ഒന്ന് പറ്റിക്കാൻ “
കൈ ഉയര്‍ത്തി അവൻ അവളുടെ മിഴികള്‍ തുടച്ചു .
“ഇപ്പഴാ എനിക്കൊരാശ്വാസമായത്.”
ജാസ്മിന്‍റെ മുഖത്ത് മന്ദഹാസം .
“എന്‍റെ ചക്കരയോട് എനിക്കു പിണങ്ങാന്‍ പറ്റുമോ?” – അവളുടെ രണ്ടു കൈകളും പിടിച്ചു നെഞ്ചോടു ചേര്‍ത്തു കൊണ്ട് അവൻ തുടര്‍ന്നു: “മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴും നമ്മള്‍ ഒരുമിച്ചായിരിക്കും. ”
“എനിക്കു സന്തോഷമായി. ടോണിക്കറിയുവോ , ഇന്നലെ ഞാൻ ഉറങ്ങിയതേയില്ല . എനിക്കെന്തു വിഷമമായീന്നറിയുമോ? കല്യാണം കഴിയുന്നതുവരെ പല ആഗ്രഹങ്ങളും നമ്മള് നിയന്ത്രിക്കണം ടോണി . നിർമ്മലമായ മനസും ശരീരവുമായിട്ടുവേണം നമ്മൾ മണിയറയിലേക്ക് കടന്നു ചെല്ലാൻ. എങ്കിലേ ഫസ്റ്റ് നൈറ്റിന് ഒരു ത്രിൽ ഉണ്ടാവൂ ”
”ഇനി അങ്ങനൊന്നും ഉണ്ടാവില്ല . പോരെ ?”
” മതി. ടോണിയെ എനിക്ക് വിശ്വാസമാ . ങ്ഹ. വൈകിട്ട് വീട്ടിലേക്കു വരില്ലേ?”
” എന്താ കാര്യം ? ”
” മറന്നു പോയോ ? എന്റെ ബർത് ഡേ …?”
“ഓ… പറഞ്ഞപോലെ നിന്‍റെ ബര്‍ത്ത്ഡേ ഇന്നാണല്ലോ അല്ലേ? സത്യം പറഞ്ഞാല്‍ ഞാനതങ്ങു മറന്നുപോയിരുന്നു .”
“മറക്കും. അത്രേയുള്ളൂ എന്നോടുള്ള സ്നേഹം .”
”മധുരപതിനെട്ടു കഴിഞ്ഞു മധുര പത്തൊൻപത്തിലേക്കു കയറി അല്ലേ ?”
”മധുരമാണോ കൈപ്പാണോന്നറിയില്ല , വയസു പത്തൊമ്പതായി ”
ആരോ നടന്നുവരുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍ ടോണിയോടു യാത്ര പറഞ്ഞു വീട്ടിലേക്കു മടങ്ങി. അവള്‍ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അലീന അടുക്കളയിൽ കറിക്കുള്ള പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
“ചേച്ചി അതിങ്ങു താ. ഞാന്‍ അരിയാം.” അവള്‍ കൈ നീട്ടിയപ്പോള്‍ അലീന പറഞ്ഞു:
“വേണ്ട കൊച്ചേ. നീ പോയി പഠിക്കാനുള്ളതു വല്ലതും വായിച്ചു പഠിക്ക്. പഠിച്ചു വല്ല ജോലിയും കിട്ടിയെങ്കിലേ നിന്‍റെ ജീവിതം പച്ച പിടിക്കൂ. ഇല്ലെങ്കില്‍ എന്നേപ്പോലെ ഈ അടുക്കളയില്‍ കരിയും പുകയുമേറ്റു കിടക്കേണ്ടി വരും, ജീവിത കാലം മുഴുവൻ .”
“ചേച്ചിക്ക് ഒരു നല്ല ഭര്‍ത്താവിനെ കിട്ടും. ഞാനെന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്.”
“ഉം. കിട്ടും കിട്ടും. പ്രാർത്ഥനേടെ കുറവുകൊണ്ടല്ലേ കിട്ടാത്തത് . നീ ചെല്ല് മോളെ .”
പിന്നൊന്നും പറയാൻ നിൽക്കാതെ ജാസ്മിന്‍ അവളുടെ മുറിയിലേക്കു പോയി.
അഞ്ചുമണിയായപ്പോള്‍ ടോണി വന്നു.
ദൂരെനിന്നു നടന്നു വരുന്നതു കണ്ടപ്പോഴേ ജാസ്മിന്‍ ഗേറ്റിനരികിലേക്ക് ഓടിച്ചെന്നു.
“ആഗ്നസാന്‍റിയും അനുവും വന്നില്ലേ?”
“അമ്മയ്ക്കവിടെ നൂറുകൂട്ടം പണിയാ. അവരുടെ പങ്ക് അങ്ങോട്ടു കൊണ്ടുചെന്നാ മതീന്നു പറഞ്ഞു.”
“എനിക്കു ബര്‍ത്ത്ഡേ ഗിഫ്റ്റൊന്നും കൊണ്ടുവന്നിട്ടില്ലേ?” – ജാസ്മിന്‍ അവന്റെ കയ്യിലേക്ക് നോക്കി വിഷമത്തോടെ ചോദിച്ചു.
“എന്നെയല്ലേ ഗിഫ്റ്റായിട്ടങ്ങു തരാന്‍ പോണത്. വേറെന്തു ഗിഫ്റ്റാ?” – ടോണി നിസാരമട്ടില്‍ പ്രതിവചിച്ചു .
”സ്നേഹമുള്ള ആളായിരുന്നെങ്കിൽ എന്തെങ്കിലും കൊണ്ടുവന്നേനെ ”
”എനിക്കിത്തിരി സ്നേഹം കുറവാ ”
അവളോട് വര്‍ത്തമാനം പറഞ്ഞുകൊണ്ട് ടോണി അകത്തേക്കു കയറി.
തോമസും മേരിക്കുട്ടിയും വന്നു ടോണിയോടു വിശേഷങ്ങള്‍ തിരക്കി. അനുവും ആഗ്നസും വരാത്തതിൽ അവർ പരിഭവം പറഞ്ഞു .
വൈകാതെ മേരിക്കുട്ടി മീല്‍ സെയ്ഫ് തുറന്ന് കേയ്ക്കെടുത്തു ഡൈനിങ് ടേബിളിനു മുകളിൽ വച്ചു. ജാസ്മിന്‍ അതു മുറിച്ച് ഓരോ കഷണമെടുത്ത് പപ്പയുടെയും അമ്മയുടെയും ചേച്ചിയുടെയും വായില്‍ വച്ചുകൊടുത്തു. ഒരു കഷണമെടുത്തു ടോണിയുടെ വായിലും വച്ചു . ലളിതമായി ഒരാഘോഷം.
കേക്കു കഴിക്കുന്നതിനിടയില്‍ ടോണി പോക്കറ്റില്‍നിന്ന് ഒരു കുഞ്ഞുമോതിരം എടുത്തു ജാസ്മിന്‍റെ വിരലിലിട്ടു. അവള്‍ കോരിത്തരിച്ചുപോയി.
“കോളടിച്ചല്ലോ” – മേരിക്കുട്ടിയുടെ സന്തോഷം വാക്കുകളിലൂടെ പുറത്തുവന്നു.
”’അമ്മ തന്നുവിട്ടതാ. മറക്കാതെ കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞു . ” ജാസ്മിനോട് തനിക്കു പ്രണയം ഒന്നും ഇല്ലെന്ന് അറിയിക്കാൻ ടോണി ഒരു കള്ളം പറഞ്ഞു . എന്നിട്ടു മറ്റാരും കാണാതെ അവൻ ജാസ്മിനെ നോക്കി കണ്ണിറുക്കി . അവൾക്ക് ചിരി വന്നുപോയി .
സന്ധ്യമയങ്ങിയപ്പോഴാണ് ടോണി മടങ്ങിയത്. ഗേറ്റുവരെ ജാസ്മിനും അനുഗമിച്ചു.
“എന്നോടിത്രേം സ്നേഹമുണ്ടെന്നു വിചാരിച്ചില്ലാട്ടോ.” – മോതിരത്തിലേക്കു നോക്കിയിട്ടു ജാസ്മിന്‍ ടോണിയെ നോക്കി പറഞ്ഞു.
“സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ കൊച്ചേ . ഒരു ജന്മം മുഴുവന്‍ കൂടെക്കൊണ്ടു നടക്കേണ്ടതല്ലേ.”
”ഇതിപ്പോ കല്യാണത്തിന് മുൻപുള്ള മോതിരം കൈമാറ്റം പോലെയായിപ്പോയല്ലോ . ” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
“അങ്കിളിനു സംശയം വല്ലതും തോന്നിക്കാണുമോ?”
“ഏയ്. ആഗ്നസ് ആന്റി തന്നു വിട്ടതാണ് പറഞ്ഞപ്പോൾ സംശയം തോന്നിക്കാണില്ല. ഇനി മുതൽ പപ്പേടേം അമ്മേടേം ചേച്ചീടെയുമൊക്കെ മുമ്പില്‍ നമ്മളു ഭയങ്കര ശത്രുക്കളായിട്ടങ്ങഭിനയിച്ചാല്‍ മതി. അപ്പം ഒട്ടും തോന്നില്ല.”
“അതു നേരാ. പക്ഷേ, കല്യാണം ആലോചിക്കുമ്പം വേറെ വല്ലോര്‍ക്കും പിടിച്ചു നിന്നെയങ്ങു കൊടുത്താലോ?”
“പിന്നെ. ഇതെന്നാ ചക്കയോ മാങ്ങയോ ആണോ അങ്ങനെ പിടിച്ചുകൊടുക്കാന്‍. എന്നു നിന്‍റെ മൊയ്തീന്‍ സിനിമേല്‍ പറയുന്നതുപോലെ ഈ ജാസ്മിന്‍ ടോണിക്കുള്ളതാ. ടോണി ജാസ്മിനും. അതിനു മാറ്റമില്ല.”
”മിടുക്കി ”
ടോണി സ്നേഹത്തോടെ അവളുടെ താടിയില്‍ പിടിച്ചൊന്നു കുലുക്കിയിട്ട് യാത്ര പറഞ്ഞു വീട്ടിലേക്കു നടന്നു.
”ഒന്ന് നിന്നേ ” ജാസ്മിന്റെ വിളികേട്ട് ടോണി പൊടുന്നനെ നിന്നു.
മുറ്റത്തരികിലെ മൂവാണ്ടന്‍ മാവില്‍ നിന്ന് എത്തിവലിഞ്ഞ് അവള്‍ രണ്ടു മൂന്നു മാമ്പഴം പറിച്ചു. എന്നിട്ട് അത് കൊണ്ടുവന്നു ടോണിക്ക് നീട്ടിയിട്ടു പറഞ്ഞു
“ഇത് അനുവിനു കൊടുത്തേയ്ക്ക്. അവള്‍ക്കു മൂവാണ്ടൻ മാമ്പഴം വല്യ ഇഷ്ടമാ.”
ടോണി കൈക്കുമ്പിളില്‍ മാമ്പഴം വാങ്ങി.
“ആന്‍റിയ്ക്കും അനുവിനുമുള്ള കേയ്ക്കെടുക്കാന്‍ മറന്നോ?”
ജാസ്മിന്‍ ചോദിച്ചു.
“ഓ….ഞാൻ അക്കാര്യം വിട്ടുപോയി.”
“മെഡിസിനു പഠിയ്ക്കുന്ന ആള്‍ക്ക് ഇത്രേം മറവിയോ ?”
കളിയാക്കിയിട്ട് അവള്‍ അകത്തേയ്ക്കു കയറിപ്പോയി. കേയ്ക്ക് എടുത്തുകൊണ്ടു വന്നു ടോണിയ്ക്കു നീട്ടിയിട്ട് പറഞ്ഞു
“പോകുന്ന വഴിക്കിതു തിന്നേക്കരുതു കേട്ടോ .”
“ഇല്ല മാഡം.”
ചിരിച്ചുകൊണ്ടവന്‍ അവളുടെ കവിളിൽ ഒന്ന് തോണ്ടിയിട്ട് യാത്ര പറഞ്ഞു പിരിഞ്ഞു.
ടോണി പോയി കഴിഞ്ഞപ്പോള്‍ ജാസ്മിന്‍ തിരിച്ച് വീട്ടിലേയ്ക്കു കയറി.


അവധി കഴിഞ്ഞു കോളജ് തുറന്നു.
ടോണി ഹോസ്റ്റലിലേക്കു മടങ്ങി.
അവന്‍ യാത്ര പറഞ്ഞു പടിയിറങ്ങിയപ്പോള്‍ ജാസ്മിന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഇനി ഒരുപാട് നാളുകള്‍ കഴിഞ്ഞേ കാണാന്‍ പറ്റൂ. ഉല്ലാസകരമായ ദിനങ്ങള്‍ പെട്ടെന്നു കടന്നുപോയതുപോലെ…
ഇനി പഠനത്തിന്‍റെ ബോറടിയാണ്. കോളജിലേക്കു പോകാനേ തോന്നുന്നില്ല. കുറെ വായില്‍ നോക്കികളുണ്ട് അവിടെ. അവന്മാരുടെ ഓരോ കമന്‍റുകള്‍ കേള്‍ക്കുമ്പോള്‍ അടികൊടുക്കാന്‍ തോന്നും. എത്രപേരാണ് തന്‍റെ പിറകെ വെള്ളമൊലിപ്പിച്ചു നടക്കുന്നത്!

രാവിലെ ബാഗുമെടുത്തു കോളജിലേക്കു പുറപ്പെട്ടപ്പോള്‍ അലവലാതികളെ ആരെയും കാണരുതേ എന്നായിരുന്നു അവളുടെ പ്രാര്‍ത്ഥന.
(തുടരും . )
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here