Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 9

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 9

1334
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 9

രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു സുമിത്ര താഴേക്കു നോക്കി.
സുകുമാരന്‍റെ വീട്ടുമുറ്റത്തും റോഡിലും വലിയ ആള്‍ക്കൂട്ടം.
സൈക്കിളിലും സ്കൂട്ടറിലുമൊക്കെയായി ആളുകള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്.
തെല്ലുനേരം നോക്കി നിന്നപ്പോള്‍ കാലുകള്‍ തളരുന്നതുപോലെ തോന്നി.
തിരികെ മുറിയിലേക്ക് കയറിയിട്ട് അവള്‍ വാതില്‍ ചേര്‍ത്തടച്ച് ഓടാമ്പലിട്ടു. എന്നിട്ടു കട്ടിലിൽ വന്നിരുന്നു.
തലകറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ കിടക്കയിലേക്ക് മെല്ലെ ചാഞ്ഞു.
തലയണയില്‍ മുഖം ചേര്‍ത്ത് അവള്‍ ചുണ്ടുകൾ കടിച്ചമർത്തി .
ദൈവമേ, എന്തൊരു ദുർവിധിയാണ് തന്റേത് ! ഈ സ്ഥലത്തു വന്നു താമസിച്ചത് തന്റെ കഷ്ടകാലത്തിലാണല്ലോ . ഇനി വരാനിരിക്കുന്നത് എന്താണാവോ !
“സുമിത്രേ…?”
പുറത്തു ഭവാനിയുടെ വിളികേട്ടതും പുതപ്പുകൊണ്ട് കണ്ണും മുഖവും തുടച്ചിട്ട് അവള്‍ ചാടിയെണീറ്റു.
മുഖത്തെ വിഷാദഭാവം മറച്ചുപിടിച്ചു കൊണ്ട് അവൾ ചെന്നു വാതില്‍ തുറന്നു.
“സുഖമില്ലേ? മുഖം വല്ലാണ്ടിരിക്കുന്നു?”
ഭവാനി ആപാദചൂഢം അവളെ നോക്കി.
“ഒരു തലവേദന.”
“ഇതെന്താ എന്നും ഈ തലവേദന? ഡോക്ടറെ പോയി കണ്ടില്ലേ മോളെ ?”
“ഇല്ല.”
“എന്നാ ഇന്നുതന്നെ പോയി കാണണം കേട്ടോ. ഇതിങ്ങനെ വച്ചോണ്ടിരിക്കുന്നത് നല്ലതല്ല ”
“ഹേയ്, അതിനുമാത്രമൊന്നുമില്ല.”
“സുകുമാരന്‍റെ ശവം കാണാന്‍ വരുന്നോ? ഞാൻ അവിടെ വരെ ഒന്ന് പോകുവാ “
“ഞാന്‍ വരുന്നില്ലമ്മേ . എനിക്കിതുപോലുള്ള മരണം കാണുന്നതിഷ്ടമല്ല. രാത്രീല്‍ ദുഃസ്വപ്നം കാണും.”
“എന്നാ ഞാനൊന്നു പോയിട്ടു വരാം. എന്നാ തെമ്മാടിയാണെങ്കിലും അയല്‍ക്കാരനായിപ്പോയില്ലേ.”
“ആരാ കൊന്നതെന്നു വല്ലതും…?”
സുമിത്ര ഉല്‍കണ്ഠയോടെ ആരാഞ്ഞു.
“ആര്‍ക്കറിയാം. അയാളുടെ കെട്ടിയോളാന്ന് ചിലരു പറയുന്നു . വേറെ ചിലരു പറയുന്നു പുറത്തു നിന്ന് ആരോ ആണെന്ന് . പോലീസ് വരുമ്പം അറിയാം സത്യം എന്താന്ന് . എന്തായാലും ഞാനൊന്നു പോയി കണ്ടിട്ടുവരട്ടെ.”
ഭവാനി താഴേക്കുപോയി.
ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് സുമിത്ര തിരികെ കട്ടിലില്‍ വന്നിരുന്നു.
താടിക്ക് കൈയും കൊടുത്ത് അവള്‍ കുറെ നേരം ആലോചിച്ചിരുന്നു.
അടുത്ത നിമിഷം അവൾ ഓർത്തു.
തന്റെ കര്‍ച്ചീഫ്? അതുപോലിസിനെങ്ങാനും കിട്ടുമോ ?
ഇന്നലെ രാത്രി ആ വീട്ടിലേക്കു പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കർചീഫ് തിരികെ വന്നപ്പോൾ ഇല്ല .
വഴിയിൽ അതെവിടെയോ വീണുപോയിട്ടുണ്ടാവും . സുകുമാരന്‍റെ വീട്ടുവളപ്പിലായിരിക്കരുതേ ഭഗവാനേ എന്നവള്‍ ഹൃദയംനൊന്തു പ്രാര്‍ഥിച്ചു.
എട്ടുമണിയായപ്പോൾ സതീഷും മഞ്ജുളയും കൊട്ടാരക്കരയില്‍നിന്നു മടങ്ങിയെത്തി.
സുകുമാരന്‍ മരിച്ച വിവരം ഭവാനി നേരത്തേ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു.
“ആരാ കൊന്നതെന്നറിഞ്ഞോ?”
വന്നപാടെ മഞ്ജുള സുമിത്രയോട് ചോദിച്ചു.
“ഇല്ല…”
“രാത്രീലവിടുന്ന് ബഹളം വല്ലതും കേട്ടായിരുന്നോ ?”
സതീഷ് ചോദിച്ചു.
“ഇല്ല…’
“കൊന്ന ആളെ കിട്ടിയില്ലെങ്കില്‍ അന്വേഷണത്തിനാന്നും പറഞ്ഞ് പോലീസ് ചിലപ്പം ഇവിടെയും വന്നു നിരങ്ങും. ഒന്നാമതു ഞാനും അവനും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു. അത് അയല്‍ക്കാര്‍ക്കൊക്കെ അറിയുകേം ചെയ്യാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകേൾപ്പിച്ചാൽ മതീല്ലോ , പോലിസിന് ആരെ വേണമെങ്കിലും സംശയിക്കാല്ലോ “
സതീഷ് അസ്വസ്ഥനായി കാണപ്പെട്ടു.
“അതിന് ഇന്നലെ രാത്രി നമ്മളിവിടെ ഇല്ലായിരുന്നല്ലോ?”
മഞ്ജുള പറഞ്ഞു.
“അതൊക്കെ പോലീസിനോട് പറഞ്ഞു ബോധ്യപ്പെടുത്തണ്ടേ? കൊന്നിട്ടാ പോയതെന്നു വേണേൽ സംശയിക്കാന്‍ മേലേ?”
“ചേട്ടന്‍ ഓരോന്നു പറഞ്ഞെന്നെ പേടിപ്പിക്കാതെ. പോലീസെന്നു കേള്‍ക്കുമ്പഴേ എനിക്കു പേടിയാ.”
മഞ്ജുള അഭിക്കുട്ടനെ തറയില്‍ നിറുത്തിയിട്ട് വേഷം മാറാന്‍ മുറിയിലേക്ക് പോയി.
അഭിക്കുട്ടന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ സുമിത്ര ചെന്ന് അവനെ എടുത്തുകൊണ്ട് സിറ്റൗട്ടിലേക്കിറങ്ങി.
സുകുമാരന്‍റെ വീട്ടുമുറ്റത്ത് ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു.
അവള്‍ അങ്ങോട്ടുനോക്കിനിന്നപ്പോള്‍ ദൂരെനിന്നേ ഓണടിച്ചുകൊണ്ട് ഒരു ജീപ്പ് ചീറിപ്പാഞ്ഞുവന്ന് ഗേറ്റിനരികില്‍ നിന്നു.
നാലഞ്ചു പോലീസുകാരും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എസ്.ഐയും ജീപ്പില്‍നിന്നു ചാടിയിറങ്ങി.
പോലീസിനെ കണ്ടതും ആളുകള്‍ രണ്ടുവശത്തേക്കുമായി ഒതുങ്ങി നിന്നു .
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് ലാത്തിചുഴറ്റി ആളുകളെ അകറ്റിയിട്ട് തിടുക്കത്തില്‍ ഗേറ്റുകടന്ന് വീട്ടിലേക്ക് പ്രവേശിച്ചു.
വീടും പരിസരവും ഒന്നു വീക്ഷിച്ചിട്ട് സി.ഐ. മോഹന്‍ദാസ് മൃതദേഹം കിടക്കുന്ന മുറിയിലേക്ക് പ്രവേശിച്ചു.
പിന്നാലെ എസ്.ഐ. ജോണ്‍ വറുഗീസും രണ്ടു പോലീസുകാരും.
ബാക്കി പോലീസുകാര്‍ വെളിയില്‍ നിന്നതേയുള്ളൂ.
തറയില്‍ കമിഴ്ന്ന നിലയിലാണ് മൃതദേഹം കിടക്കുന്നത്.
ശിരസുപൊട്ടി ധാരാളം ചോര വാര്‍ന്നുപോയിട്ടുണ്ട്. മുറിയിലാകെ രക്തം !
ടീപ്പോയില്‍ പാതി നിറച്ച ഒരു മദ്യക്കുപ്പിയും സോഡയുമുണ്ട്. ഒരു ഗ്ലാസില്‍ കുറെ മദ്യം ഒഴിച്ചുവച്ചിരിക്കുന്നു.
തറയില്‍ ഒരു ചില്ലുഗ്ലാസ് പൊട്ടിച്ചിതറി കിടപ്പുണ്ട്. അതിനടുത്ത് ഒരു സിഗരറ്റുകുറ്റിയും.
ടീപ്പോയിയുടെ സമീപം മറിഞ്ഞുകിടന്ന ചാരുകസേരയില്‍ രക്തം പുരണ്ട പാടുകള്‍ കാണാം. ചുമരിലുമുണ്ട് ചോരപ്പാടുകള്‍.
ചുമരിനോട് ചേര്‍ന്നു കിടക്കുന്ന കട്ടിലില്‍ ബഡ്ഷീറ്റും തലയണയും ഭംഗിയായി വിരിച്ചിട്ടിരിക്കുന്നു.
മല്‍പ്പിടിത്തം നടന്നതിന്‍റെ ലക്ഷണമൊന്നും പ്രഥമദൃഷ്ടിയിൽ കണ്ടില്ല.
വാതിലടച്ച് ഓടാമ്പലിട്ടിട്ട് സി.ഐ. മൃതദേഹം കിടന്ന പൊസിഷന്‍ മാര്‍ക്ക് ചെയ്തു. പിന്നെ ശരീരം തിരിച്ചിട്ടു.
നെറ്റിയിലാണ് മുറിവ്. തലയോട്ടി തകര്‍ന്നുപോയിട്ടുണ്ട്.
ഇരുമ്പുവടികൊണ്ടാകാം അടിച്ചതെന്നു സി.ഐ. അനുമാനിച്ചു. ഒറ്റ അടിക്കേ ബോധം മറഞ്ഞുകാണും.
പരിശോധനയില്‍ ശരീരത്തില്‍ മറ്റെവിടെയും മുറിവുകള്‍ കണ്ടില്ല.
ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
മൃതദേഹം കിടന്ന മുറി വെളിയില്‍നിന്നു പൂട്ടി സീല്‍ ചെയ്തിട്ട് സി.ഐ. മോഹന്‍ദാസ് തിരിഞ്ഞു.
“മരിച്ചയാളിന്‍റെ ബന്ധുക്കളാരെങ്കിലും..?”
സി.ഐ. എല്ലാവരെയും ഒന്നു നോക്കി.
“അയാളുടെ ഭാര്യ ആ മുറീലൊണ്ട് സാറെ.”
ആള്‍ക്കുട്ടത്തില്‍ നിന്നൊരാള്‍ വിളിച്ചുപറഞ്ഞു:
“എവിടെ?”
“മുകളിലത്തെ നിലയിലാ. സാറു വാ. കാണിച്ചുതരാം.”
ഒരു യുവാവ് സി.ഐ.യെ കൂട്ടിക്കൊണ്ട് ഒന്നാം നിലയിലെ കിടപ്പുമുറിയിലേക്ക് നടന്നു.
“ബെഡ്റൂമിലെ കട്ടിലില്‍ തളര്‍ന്നു കിടന്നു കരയുകയായിരുന്നു ശ്രീദേവി. അവരെ ആശ്വസിപ്പിച്ചുകൊണ്ട് തൊട്ടടുത്ത് രണ്ടു സ്ത്രീകളും.”
പോലീസിനെ കണ്ടതും സ്ത്രീകള്‍ എണീറ്റു ഭവ്യതയോടെ നിന്നു.
“ഇവരാണോ മരിച്ച ആളിന്‍റെ ഭാര്യ?”
“അതെ.”
സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു.
“ഒന്നു വിളിച്ചേ…”
അവര്‍ ശ്രീദേവിയെ വിളിച്ചെണീല്‍പ്പിച്ചു.
ശ്രീദേവി സാവധാനം കട്ടിലില്‍ എണീറ്റിരുന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍! കണ്ണീരൊഴുകിയ കവിള്‍ത്തടം!. മെലിഞ്ഞു എല്ലുതോലുമായ ഒരു മനുഷ്യക്കോലം!
നൈറ്റിയായിരുന്നു അവരുടെ വേഷം!
ബെഡില്‍ കൈകളൂന്നി മുഖം കുമ്പിട്ടവര്‍ ഇരുന്നു.
“നിങ്ങളാണോ മരിച്ചയാളിന്‍റെ ഭാര്യ?”
സി.ഐ. ചോദിച്ചു.
“അതെ.”
“പേര്?”
“ശ്രീദേവി.”
“നിങ്ങളുടെ ഭര്‍ത്താവെങ്ങനാ മരിച്ചതെന്നറിയാമോ?”
“ഇല്ല…”
“ഇന്നലെ രാത്രി നിങ്ങളിവിടെ ഇല്ലായിരുന്നോ?”
“ഉണ്ടായിരുന്നു.”
“എന്നിട്ട് നിങ്ങള്‍ക്കറിയില്ലേ എങ്ങനാ മരിച്ചതെന്ന്?”
“ഇല്ല .”
ശ്രീദേവി കരയാന്‍ തുടങ്ങി.
“നിങ്ങളുടെ മുറീലല്ലേ അയാളു കിടന്നത്?”
“അല്ല. ഞാനിവിടേം സുകുവേട്ടന്‍ താഴെയുമാ.”
“പതിവായിട്ടവിടാണോ കിടക്കുന്നത്?”
“ഉം .”
“നിങ്ങളെപ്പഴാ ഒറങ്ങീത്?”
“ഒമ്പത് ഒമ്പതരയായിക്കാണും.”
“നിങ്ങളു കിടക്കുമ്പം അയാളിവിടെ ഒണ്ടായിരുന്നോ?”
“ഉം..”.
“മദ്യപിച്ചിട്ടുണ്ടായിരുന്നോ?”
“ഉം.”
“എന്നും മദ്യപിക്കാറുണ്ടോ?”
“ഉം..”.
“രാത്രീല്‍ അയാളുടെ മുറീന്നു ശബ്ദം വല്ലതും കേട്ടോ?”
“ഇല്ല.”
“രാത്രി ഇടയ്ക്കു നിങ്ങളെണീറ്റൊന്നുമില്ലേ ?”
“ഇല്ല.”
“നിങ്ങള്‍ക്ക് കുട്ടികളെത്രയുണ്ട്?”
“ഒരു വയസുള്ള ഒരു മോളു മാത്രമേയുള്ളൂ.”
അടുത്തുനിന്ന സ്ത്രീയാണ് മറുപടി പറഞ്ഞത്.
“ഭര്‍ത്താവിനു ശത്രുക്കളാരെങ്കിലുമുള്ളതായിട്ടറിയാമോ?”
“എല്ലാരും ശത്രുക്കളാ.”
“ഞാൻ ചോദിച്ചത് , കൊല്ലാന്‍ തക്ക വൈരാഗ്യമുള്ള ആരെങ്കിലും?”
“എനിക്കറിയില്ല.”
“ഇന്നലെ ആരൊക്കെ ഇവിടെ വന്നിരുന്നു?”
“ഒന്നു രണ്ടു പിച്ചക്കാരൊഴികെ ആരും വന്നില്ല.”
“ഡെഡ്ബേഡി ആരാ ആദ്യം കണ്ടത്?”
“ഞാനാ…! രാവിലെ ചായയുമായിട്ട് ചെന്നപ്പം…”
മുഴുമിപ്പിക്കാനാവാതെ ശ്രീദേവി പൊട്ടിക്കരഞ്ഞു.
“വെളുപ്പിന് ഇവരുടെ കരച്ചിലുകേട്ടോണ്ടാ ഞങ്ങളോടിവന്നത്.”
അടുത്തുനിന്ന സ്ത്രീ പറഞ്ഞു.
“നിങ്ങളടുത്ത വീട്ടില്‍ താമസിക്കുന്നവരാണോ ?”
സി.ഐ. സ്ത്രീകളുടെ നേരെ തിരിഞ്ഞു.
“ഉം.” അവർ തലകുലുക്കി .
“രാത്രി ഇവിടുന്നു ശബ്ദം വല്ലതും കേട്ടോ?”
“ഇല്ല.”
“കൊലയാളിയെ കണ്ടുപിടിക്കണമെങ്കില്‍ നിങ്ങളൊക്കെ ആത്മാര്‍ഥമായിട്ടു സഹകരിക്കണം. അറിയാവുന്ന കാര്യങ്ങളൊക്കെ പോലീസിനോട് തുറന്നു പറയണം കേട്ടോ?”
“ഉം…”
സ്ത്രീകള്‍ തലകുലുക്കി.
സി.ഐ.യും പോലീസുകാരും വെളിയിലേക്കിറങ്ങി.
വൈകാതെ ഫിംഗര്‍ പ്രിന്‍റ് എടുക്കാൻ വിരലടയാള വിദഗ്ധരെത്തി. അവർ കിട്ടാവുന്നത്ര തെളിവുകൾ ശേഖരിച്ചു .
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ്, മൂന്നുമണിയായപ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു .
ആറുമണിക്ക് വീട്ടുവളപ്പിലെ മൂവാണ്ടന്‍ മാവിന്‍റെ സമീപം ഡെഡ്ബോഡി ദഹിപ്പിച്ചു.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാന്‍ ഒരുപാട് ആളുകള്‍ എത്തിയിരുന്നു. ആളുകളെ നിരീക്ഷിക്കാന്‍ മഫ്ടിയിൽ പോലീസുകാരും ഉണ്ടായിരുന്നു .
അടുത്ത ദിവസം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി.
ശിരസിനേറ്റ ശക്തമായ അടിയാണ് മരണകാരണം.
മരണം സംഭവിക്കുമ്പോള്‍ മദ്യത്തിന്‍റെ ലഹരിയിലായിരുന്നു അയാള്‍. ഒരുപക്ഷേ, പാതിമയക്കത്തില്‍ ചാരുകസേരയില്‍ കിടക്കുകയായിരുന്നിരിക്കാം. അതുകൊണ്ട് അടിയേറ്റപ്പോൾ ഒച്ച പുറത്തേക്ക് വന്നിരിക്കാൻ സാധ്യതയില്ല. രാത്രി പതിനൊന്നരയ്ക്കും ഒരുമണിക്കും ഇടയിലാണ് മരണം സംഭവിച്ചത്.
സി.ഐ. മോഹന്‍ദാസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചിട്ട് ഡിവൈ.എസ്.പി. ഹരിദാസിന് കൈമാറി.
റിപ്പോര്‍ട്ട് വാങ്ങി വായിച്ചുനോക്കിയിട്ട് ഹരിദാസ് ചോദിച്ചു.
“കൊലയാളിയെക്കുറിച്ച് സൂചന വല്ലതും കിട്ടിയോ?”
“ഇല്ല സാര്‍. അന്വേഷണം നടക്കുന്നേയുള്ളൂ.”
“അയല്‍ക്കാരെയൊക്കെ ചോദ്യം ചെയ്തോ?”
“തൊട്ടടുത്ത രണ്ടുമൂന്നു വീട്ടിലെ ആളുകളോട് തിരക്കി. എല്ലാരും പറയുന്നത് അയാളുടെ ഭാര്യ തന്നെയാ കൊന്നതെന്നാ. സാഹചര്യ തെളിവുകള്‍ വച്ചു നോക്കുമ്പം അതിനാണ് സാധ്യത കൂടുതല്‍. കുറെനാളുകളായി അവരു തമ്മിലത്ര ചേര്‍ച്ചയിലല്ലായിരുന്നു. എന്നും രാത്രീല്‍ ഇയാളു കുടിച്ചിട്ട് വന്ന് ഭാര്യയെ മര്‍ദിക്കും. എത്രകാലമാ ഈ തൊഴീം അടിം അവര് സഹിക്കുക . രണ്ടിലൊരാള്‍ മരിച്ചെങ്കിലേ ഞങ്ങളുടെ കണ്ണീരൊഴിയൂന്ന് ഈ സ്ത്രീ അയല്‍ക്കാരോടൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ചിലര് മൊഴി നൽകിയിട്ടുണ്ട് . അതുമല്ല മരിച്ചുകിടന്ന സുകുമാരന്‍റെ മുറീന്ന് നീളമുള്ള ഒരു തലമുടിം കിട്ടി. അയാളുടെ ഭാര്യയുടെ മുടി നീളമുള്ളതാ “
“തലമുടി ഒരു തെളിവായിട്ടെടുക്കാൻ പറ്റുമോ ? അതു നേരത്തെ അവിടെ വീണുകിടന്നതായിക്കൂടെന്നുണ്ടോ?”
“യേസ് സാര്‍. അങ്ങനെയും വരാം. അതുകൊണ്ട് അതൊരു തെളിവായി ഞങ്ങള്‍ പരിഗണിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനയില്‍ അത് അവരുടെ മുടിയല്ല എന്നു തെളിഞ്ഞാല്‍ നമുക്ക് അന്വേഷണം വഴി തിരിച്ചു വിടേണ്ടിവരും. അതുവരെ നമുക്ക് അവരെ സംശയിച്ചു മുൻപോട്ടു പോകാനെ പറ്റൂ “
“കൊല ചെയ്യാനുപയോഗിച്ച ആയുധം കിട്ടിയോ?”
“ഉവ്വ്. ഒരിരുമ്പു കമ്പിയാ. ആ വീട്ടീന്നു തന്നെയെടുത്തതാ. തൊട്ടടുത്ത് ഒരു കുറ്റിക്കാട്ടില്‍ കിടന്നു കിട്ടി. പക്ഷേ, അതില്‍ ഫിംഗര്‍ പ്രിന്‍റൊന്നുമില്ലായിരുന്നു. ”
“മറ്റെന്തെങ്കിലും തെളിവ്?”
“വീടിന്‍റെ മുറ്റത്തുനിന്ന് ഒരു കര്‍ച്ചീഫ് കിട്ടിയിട്ടുണ്ട്. ആളുകളു ചവിട്ടി അതാകെ അഴുക്കാക്കിയിരുന്നു. സുകുമാരന്‍റെ ഭാര്യേടേതല്ലെന്ന് അവരു പറഞ്ഞു. ഒരു പക്ഷേ ഡെഡ്ബോഡി കാണാന്‍ വന്ന ആരുടെയെങ്കിലും കയ്യീന്നു വീണുപോയതാകും. അതിനാണ് സാധ്യത കൂടുതൽ .”
“സംശയമുള്ള ആളുകളുടെയൊക്കെ ഫിംഗര്‍പ്രിന്‍റ് പരിശോധിക്കണം.”
“യേസ് സാര്‍.”
“എന്തായാലും ഒരാഴ്ചയ്ക്കുള്ളില്‍ ആളെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യണം. ഇത്തിരി മുമ്പ് എസ്.പി. വിളിച്ചിരുന്നു. പത്രക്കാരും ടിവിക്കാരും പുറകെ നടന്നു ശല്യം ചെയ്യുകാത്രേ.”
“ഈ പത്രക്കാരെക്കൊണ്ടു തോറ്റു. ഇന്ന് ഒരു പത്രം എഴുതിയതു വായിച്ചില്ലേ? പ്രതി പോലീസിന്‍റെ വലയിലായെന്ന് ഒരുന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞെന്ന്. ഞാനന്വേഷിച്ചപ്പം ആരും അങ്ങനെ പറഞ്ഞിട്ടില്ല. ചുമ്മാ എഴുതി വീടുകാ .”
“അങ്ങനെ വാര്‍ത്ത വന്നുകഴിഞ്ഞിട്ട് ഉടനെ അറസ്റ്റ് നടന്നില്ലെങ്കില്‍ ജനം പോലീസിനെ സംശയിക്കും. നാളെ ഇവന്മാരെഴുതും പോലീസ് പ്രതിയെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്നെന്ന് . “
“സോളിഡായ ഒരെവിഡന്‍സ് കിട്ടാതെ ആരെ സംശയിക്കും സര്‍?”
“ആരെയും കിട്ടിയില്ലെങ്കില്‍ സാഹചര്യത്തെളിവുകള്‍ വച്ച് അയാടെ ഭാര്യയെ അറസ്റ്റുചെയ്യണം. എന്തായാലും അവരറിയാതെ കൊല നടക്കുമെന്നു എനിക്ക് തോന്നുന്നില്ല. നമുക്കിപ്പം ഏതെങ്കിലും ഒരു പ്രതിയെ കിട്ടിയാൽ പോരെ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക . ഇതിപ്പം ഒരു നേതാവോ സെലിബ്രിറ്റിയോ ഒന്നുമല്ലല്ലോ മരിച്ചത് . അതുകൊണ്ട് ഇതൊരു വല്യ വിവാദമൊന്നും ആകുകേല . എന്തായാലും എത്രയും വേഗം ഈ ഫയല് ക്ളോസ് ചെയ്യണം . “
“യേസ് സര്‍. “
കസേരയില്‍ നിന്നെണീറ്റ് സല്യൂട്ടടിച്ചിട്ട്, സി.ഐ. മോഹന്‍ദാസ് വെളിയിലേക്കിറങ്ങി.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here