നിലത്തുനിന്ന് അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് , തളർന്ന കാലുകളോടെ ജാസ്മിൻ മുന്നോട്ടു നടന്നു. കാലുകൾക്കു ബലമില്ലാതെ ബാലന്‍സ് തെറ്റി വീണുപോയേക്കുമോ എന്നവൾ ഭയന്നു .
മുറ്റത്തും പരിസരത്തും കൂടി നിന്ന ആളുകള്‍ അവരെ നോക്കി എന്തോ അടക്കം പറഞ്ഞു.
മേരിക്കുട്ടിയുടെ കരം പിടിച്ചുകൊണ്ടാണു ജാസ്മിന്‍ സിറ്റൗട്ടിലേയ്ക്കു കയറിയത്. അവിടെ നിന്നു സാവധാനം സ്വീകരണമുറിയിലേക്കു കയറി.
സ്വീകരണമുറിയുടെ മദ്ധ്യത്തില്‍, മൊബൈൽ ഫ്രീസറിനകത്ത് നീണ്ടു നിവർന്നു കിടക്കുന്നു അലീനയുടെ ചേതനയറ്റ ശരീരം. ഒന്നേ നോക്കിയുള്ളൂ. തലകറങ്ങുന്നതുപോലെ തോന്നി. വീണുപോകാതിരിക്കാൻ നന്നേ പാടുപെട്ടു അവൾ .
മെല്ലെ നടന്ന് ഫ്രീസറിന്റെ അടുത്തെത്തി. കണ്ണാടിചില്ലിലൂടെ ചേച്ചിയുടെ വിളറിയ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ നെഞ്ചു പിളരുന്നപോലെ തോന്നി.
കയ്യില്‍ കുരിശുപിടിച്ച്, കണ്ണുകള്‍ കൂമ്പി എല്ലും തോലുമായി ഒരു മനുഷ്യകോലം ഫ്രീസറിൽ മരവിച്ചു കിടക്കുന്നു.
എല്ലാ ദുഃഖങ്ങളോടും ഗുഡ്ബൈ പറഞ്ഞ് ചേച്ചി സ്വര്‍ഗ്ഗത്തിലേയ്ക്കു പോയിരിക്കുന്നു!
അവൾ സാവധാനം നിലത്തിരുന്ന് , ശവപേടകത്തിനു മുകളിൽ കൈകളും ശിരസ്സും ചേർത്ത് , പതം പെറുക്കി ഏങ്ങി ഏങ്ങി കരഞ്ഞു . അത് കണ്ടപ്പോൾ അടുത്തുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞുപോയി.
മേരിക്കുട്ടി മൃതശരീരത്തിനരുകിൽ ബോധമറ്റു വീണുപോയിരുന്നു. ആരൊക്കെയോ വന്ന് അവരെ താങ്ങിയെടുത്തു കിടപ്പുമുറിയിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തി.
ശോശാമ്മ താടിയ്ക്കു കൈയും കൊടുത്ത് മൃതദേഹത്തിന് സമീപം കസേരയിൽ ഇരിപ്പുണ്ടായിരുന്നു. അവരുടെ ഇരുവശങ്ങളിലുമായി മൂന്നോ നാലോ സ്ത്രീകളും . ഈപ്പനെ അവിടെയെങ്ങും കണ്ടില്ല.
ആളുകള്‍ വരികയും മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചിട്ടു പോകുകയും ചെയ്തു കൊണ്ടിരുന്നു.
ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടര്‍ ടോണിയുടെ സെല്‍ഫോണ്‍ ശബ്ദിച്ചത്.
മേശപ്പുറത്തുനിന്നു ഫോൺ എടുത്തു നോക്കി.
വീട്ടില്‍ നിന്നാണ്.
”ഹലോ”
അങ്ങേത്തലയ്ക്കല്‍ അനുവായിരുന്നു. അലീന ഈ ലോകത്തോടു യാത്ര പറഞ്ഞു എന്നു കേട്ടപ്പോള്‍ സ്തബ്ധനായി ഇരുന്നുപോയി ടോണി.
”ചേട്ടായി നേരത്തെ വരണം. ഞങ്ങൾ അങ്ങോട്ടു പോകാന്‍ റെഡിയായി നില്‍ക്ക്വാ. ഞാനമ്മേടെ കയ്യില്‍ കൊടുക്കാം.”
അനു ഫോണ്‍ ആഗ്നസിനു കൈമാറി.
”മോനെ….വേഗം വരണം. നമുക്കുടനെ പോകണം. കേട്ടപ്പം എനിക്കാകെ പ്രയാസമായി. നമുക്കുടനെ പോകണം. വേഗം വരണേ ”
ആഗ്നസിന്‍റെ ശബ്ദം പതറിയിരുന്നു.
” എപ്പഴാ ശവ അടക്ക് ?” ടോണി ആരാഞ്ഞു.
”നാളെ രാവിലെ പത്തുമണിക്കാന്നാ കേട്ടത് .എന്നാലും നമുക്കിന്നു തന്നെ പോകണം . നീ വേഗം വരില്ലേ ?”
”കഴിയുന്നതും നേരത്തെ വരാം അമ്മേ. നിങ്ങള് റെഡിയായി നിന്നോ ”
കൂടുതലൊന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തിട്ട് ടോണി കസേരയിലേയ്ക്കു ചാരി.
മനസില്‍ വല്ലാത്ത കുറ്റബോധം!
ജാസ്മിന്‍ വന്നു കാലുപിടിച്ചു പറഞ്ഞിട്ടും അലീനയെ ആശുപത്രിയിലാക്കാന്‍ തനിയ്ക്കു കഴിഞ്ഞില്ലല്ലോ!
അവളെ ഒന്ന് കാണാൻപോലും പോയില്ല. ശപിക്കുന്നുണ്ടാവും ജാസ്മിൻ.
കഷ്ടമായിപ്പോയി!!
ഇത്രപെട്ടെന്ന് അവളുടെ ജീവന്‍ പോകുമെന്ന് കരുതിയില്ല.
അത്രയ്ക്ക് ഗുരുതരമായിരുന്നോ അവളുടെ സ്ഥിതി? ജാസ്മിൻ വന്നു പറഞ്ഞപ്പോൾ സ്ഥിതി ഇത്ര മോശമാണെന്നു കരുതിയില്ല. പാവം ! തനിക്കു അവളെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ. എത്രവർഷം കൺമുൻപിൽ തിളങ്ങി നിന്ന മുഖമാണ്. അവസാന നാളിൽ താൻ അവളെ ഉപേക്ഷിച്ചല്ലോ !
പരിശോധനയ്ക്കായി മുമ്പില്‍ രോഗി ഇരിപ്പുണ്ടെന്ന കാര്യമേ ടോണി മറന്നു പോയി.
”ഡോക്ടര്‍”
ടോണി മറ്റേതോ ലോകത്താണെന്നു മനസിലാക്കിയ നേഴ്സ് പതിയെ വിളിച്ചു . പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നിട്ട് ടോണി രോഗിയെ പരിശോധിക്കാൻ തുടങ്ങി.
പത്തോപന്ത്രണ്ടോ പേഷ്യൻസേ .പുറത്തു കാണാൻ നിൽപ്പുണ്ടായിരുന്നുള്ളു . കൂടുതൽ ചീട്ടുകൾ കൊടുക്കേണ്ട എന്ന് കൗണ്ടറിൽ വിളിച്ചു നിർദേശം നൽകിയിട്ട് പുറത്തു നിന്ന രോഗികളെ ഓരോരുത്തരെയായി വേഗം വിളിച്ചു പരിശോധിച്ചു. ധൃതിയിൽ പരിശോധന പൂർത്തിയാക്കിയിട്ട് ടോണി പുറത്തേക്കിറങ്ങി.
അഡ്മിനിസ്ട്രേറ്ററോടു കാര്യം പറഞ്ഞിട്ട് ഒട്ടും വൈകാതെ കാറെടുത്തു വീട്ടിലേയ്ക്കു പുറപ്പെട്ടു.
ആഗ്നസും അനുവും വരാന്തയിൽ വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നു.
ടോണി എത്തിയപ്പോള്‍ മണി ആറര.
മകന്‍ വന്നു കയറിയ ഉടനെ ആഗ്നസ് പറഞ്ഞു.
”ഒരു പാടു വൈകീല്ലോ മോനെ. പോയി ചായ കുടിച്ചിട്ടു വാ. നമുക്കുടനെ പോകണം .. ഞങ്ങളു റഡിയായി നില്‍ക്ക്വാ.”
” ഞാനൊന്നു കുളിച്ചിട്ട് വേഗം വരാം അമ്മേ ”
ടോണി അകത്തേയ്ക്കു കയറിപ്പോയി.
വാഷ്ബേസിനില്‍ വന്നു കണ്ണും മുഖവും കഴുകിയിട്ടു ടര്‍ക്കിടവ്വല്‍ എടുത്തു മുഖം തുടച്ചുകൊണ്ടിരിക്കുമ്പോള്‍ ആതിര ചായയുമായി വന്നു.
”നീ വരുന്നില്ലേ?”
ചായ വാങ്ങുന്നതിനിടയില്‍ ടോണി ചോദിച്ചു.
”എങ്ങോട്ട്?”
”മരിച്ച വീട്ടില്‍?…അമ്മ പറഞ്ഞില്ലേ?”
”ഇന്ന് ആൻ മരിയായുടെ ബർത് ഡേ പാര്‍ട്ടിയുണ്ടെന്ന കാര്യം ടോണി മറന്നുപോയോ ?” ആതിര നെറ്റിചുളിച്ചു ഭർത്താവിന്റെ കണ്ണുകളിലേക്കു നോക്കി നിന്നു .
ആതിരയുടെ സഹോദരൻ സാബുവിന്റെ മകളാണ് ആൻ മരിയ. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി .
”ഓ… പറഞ്ഞപോലെ അതിന്നാണല്ലോ അല്ലേ? സാരമില്ല. ബർത് ഡേ പാര്‍ട്ടിയല്ലേ, ഒഴിവാക്കാം. അലീനേടെ വീട്ടില്‍ പോകാതിരിക്കാന്‍ പറ്റില്ല. പത്തുമുപ്പതു വര്‍ഷം ഒരു വീട്ടിലെ അംഗങ്ങളേപ്പോലെ കഴിഞ്ഞവരാ ഞങ്ങള്‍.”
”സ്വന്തക്കാരെക്കാള്‍ വലുതാണോ ടോണി അയല്‍ക്കാര്? അതും പണ്ടെന്നോ താമസിച്ചത് ”
ആതിരയുടെ സ്വരത്തില്‍ അമർഷം.
”നിനക്കതു പറഞ്ഞാൽ മനസിലാകില്ല. എന്‍റെ പെങ്ങളെപ്പോലെയായിരുന്നു അലീന. ജാസ്മിന്‍ വന്നു പറഞ്ഞപ്പോള്‍ സ്ഥിതി ഇത്രത്തോളം ഗുരുതരമാണെന്നു ഞാന്‍ കരുതിയില്ല. ഇപ്പം എനിക്കതില്‍ കുറ്റബോധമുണ്ട്. നീ പോയി ഡ്രസുമാറ്. നമുക്കു പോകാം”
”ഞാന്‍ വരുന്നില്ല”
ആതിര വെട്ടിത്തുറന്നു പറഞ്ഞു.
”അതെന്താ?”
”എന്‍റെ ആരുമല്ല ആ സ്ത്രീ. എന്റെ വീട്ടുകാരാ എനിക്ക് വലുത് . ടോണിക്ക് കൂടെ വരാന്‍ പറ്റുമോ ഇല്ലയോന്നു പറ” അവളുടെ സ്വരം ഉയർന്നു.
”ബർത് ഡേ ഇനീം വരുമല്ലോ?”
”അലീനേടെ ശവമടക്ക് നാളെയല്ലേ? വെളുപ്പിനു പോയാല്‍പ്പോരേ? ഈ രാത്രീല്‍ അവിടെ ചെന്നിട്ട് എന്തു ചെയ്യാനാ?”
ആതിരയുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു ആഗ്നസും അനുവും. അവര്‍ മിഴിയോടു മിഴി നോക്കി.
”അമ്മയും അനുവും പോകാന്‍ റഡിയായി നില്‍ക്ക്വാ.”
”അതിനെന്താ , അവരു പൊയ്‌ക്കോട്ടെ . . ഒരു ടാക്സി വിളിച്ചു കൊടുത്താല്‍പ്പോരേ? നമുക്കു രണ്ടുപേര്‍ക്കും കൂടി ബർത് ഡേ പാര്‍ട്ടിയ്ക്കു പോകാം. നിര്‍ബ്ബന്ധമായും ചെല്ലണമെന്നു പപ്പ വിളിച്ചു പറഞ്ഞിട്ടുണ്ട്. ചെന്നില്ലെങ്കില്‍ പപ്പക്കു ദേഷ്യം വരും ”
”നീ തനിച്ചു പോയാല്‍ പോരേ”
”ടോണി എന്താ ഈ പറയുന്നത്? ഈ രാത്രീല്‍ ഞാന്‍ തനിച്ചു പോകാനോ? സ്വന്തം വീട്ടുകാരേക്കാൾ വലുതാണോ ടോണി പണ്ടെന്നോ താമസിച്ചിരുന്ന ഒരയല്‍ക്കാര്?”
”ഈ കുടുംബവുമായി ആ വീട്ടുകാർക്കുണ്ടായിരുന്ന ബന്ധം നിനക്ക് അറിയില്ല ”
”നാട്ടുകാരു പറഞ്ഞ് കുറെയൊക്കെ ഞാൻ കേട്ടിട്ടുണ്ട്”
ആ വാചകത്തിലെ ദുഃസൂചന ടോണിയ്ക്കു പിടികിട്ടി.
ഉള്ളില്‍ നുരഞ്ഞുപൊന്തിയ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ടോണി അവളെ പരുഷമായി നോക്കി.
പ്രശ്നം വഷളായേക്കുമോ എന്ന് തോന്നിയപ്പോൾ ആഗ്നസ് പറഞ്ഞു.
”ബർത് ഡേ പാര്‍ട്ടി മുടക്കണ്ട മോനേ. നിങ്ങളു രണ്ടുപേരും കൂടിപൊയ്‌ക്കോ . ഒരു ടാക്സി വിളിച്ചു തന്നാല്‍ ഞങ്ങളു പൊയ്‌ക്കോളാം ”
” കണ്ടോ, അമ്മയ്ക്കു വിവരമുണ്ട്”
ആതിര അമ്മയെ പിന്താങ്ങി.
ടോണി ധര്‍മ്മസങ്കടത്തിലായി.
ആതിരയെ പിണക്കി അമ്മയുടെ കൂടെ പോകണോ?
വേണ്ട.
മരിച്ചുപോയ ആളിനേക്കാള്‍ തനിക്കാവശ്യം ജീവിച്ചിരിക്കുന്ന ഭാര്യയാണ്. അവളുടെ ആഗ്രഹം നടക്കട്ടെ. ഒരു ഭർത്താവ് അങ്ങനെയല്ലേ ചിന്തിക്കേണ്ടത് ?
പരിചയമുള്ള ഒരു ടാക്സികാര്‍ വിളിച്ച് വരുത്തിയിട്ട് ടോണി അമ്മയേയും അനുവിനേയും അതിൽ കയറ്റി വിട്ടു.
അവര്‍ പോയി കഴിഞ്ഞപ്പോള്‍ ആതിരയുടെ മുഖം പ്രസന്നമായി.അവൾ വന്നു ടോണിയുടെ ചുമലിൽ കൈവച്ചുകൊണ്ട് പറഞ്ഞു .
”ടോണി എന്‍റെ കൂടെ വന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഒരു പാടു വിഷമമായേനെ”
ടോണി ഒന്നും മിണ്ടിയില്ല.
”ടോണി പോയി വേഗം കുളിച്ചിട്ടു വാ . നമുക്ക് ഉടനെ പോകണം . പപ്പാ കാത്തിരിക്കുവാ .. കുറച്ചുമുമ്പ് വിളിച്ചിരുന്നു. ”
വേഷം മാറിയിട്ട് , ടോണി കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി. കുളികഴിഞ്ഞു വന്നപ്പോഴേക്കും ആതിര പോകാൻ റെഡിയായി ഡ്രസ് മാറി നിൽക്കുകയായിരുന്നു. ആതിരയുടെ ഇഷ്ടത്തിനനുസരിച്ച് വേഷം ധരിച്ചിട്ട് ടോണിയും പോകാൻ റെഡിയായി. വീട് പൂട്ടിയിട്ട് രണ്ടുപേരും പുറത്തേക്കിറങ്ങി കാറിൽ കയറി.
സ്ഥലത്തെത്തിയപ്പോള്‍ നേരം എട്ട് മണി കഴിഞ്ഞിരുന്നു.
ആതിരയുടെ പപ്പ പാപ്പച്ചനും ആങ്ങള സാബുവും ഇറങ്ങിവന്ന് അവരെ സ്വീകരിച്ച് അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
ധാരാളം അതിഥികളെത്തിയിട്ടുണ്ടായിരുന്നു പാര്‍ട്ടിക്ക്. വീടും പരിസരവും വൈദ്യുതി ദീപങ്ങളാൽ അലംകൃതമായിരിക്കുന്നു.
വൈകാതെ ചടങ്ങ് ആരംഭിച്ചു. പ്രാർത്ഥനക്കു ശേഷം ആൻ മരിയ കേക്ക് മുറിച്ചു. അവൾ തന്നെ അത് കൊണ്ടു നടന്ന് എല്ലാവർക്കും വിതരണം ചെയ്തു.
മുൻവശത്തു പന്തലിൽ ഭക്ഷണം വിളമ്പുമ്പോൾ പിന്നാമ്പുറത്ത് മദ്യക്കുപ്പികള്‍ പൊട്ടുകയായിരുന്നു.
വിലകൂടിയ വിദേശമദ്യം ഗ്ലാസുകളില്‍ നിറച്ച് ആവശ്യക്കാർക്കെല്ലാം വിതരണം ചെയ്തുകൊണ്ടിരുന്നു.
ബന്ധുക്കളുടേയും സ്വന്തക്കാരുടെയും സാന്നിദ്ധ്യത്തില്‍ ആതിര യാതൊരു സങ്കോചവുമില്ലാതെ മദ്യം കഴിക്കുന്നത് കണ്ടപ്പോള്‍ ടോണിയ്ക്കതിശയം തോന്നി.
ഇവള്‍ മദ്യപിക്കുമോ ?
ഒരു പെഗ് മദ്യം എടുത്തുകൊണ്ടു വന്ന് അവൾ ടോണിക്കു നീട്ടി .
”എനിക്ക് വേണ്ട. ഞാൻ കഴിക്കില്ല ” ടോണി കൈ ഉയർത്തി നിരസിച്ചു .
”എല്ലാരും കഴിക്കുന്നുണ്ട് ടോണിച്ചാ. ഇതങ്ങോട്ടു പിടിക്ക്. കഴിച്ചില്ലെങ്കിൽ എനിക്കാ മോശം ”
” എനിക്ക് വേണ്ടെന്നു പറഞ്ഞില്ലേ ”’
”ആൾക്കാര് നമ്മളെ ശ്രദ്ധിക്കുന്നുണ്ട് ടോണി. ഈ ഒരു പെഗ് കഴിച്ചാൽ മതി . സ്‌കോച്ചാ .ഇറക്കിവിടാൻ ഒരു ബുദ്ധിമുട്ടുമില്ല . ഞാൻ കഴിച്ചല്ലോ രണ്ടു പെഗ് ”
ആതിരയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഗ്ലാസ് വാങ്ങി കയ്യിൽ പിടിച്ചു നിന്നു ടോണി.
”അങ്ങ് കഴിക്കെന്നേ ”
ആതിര ഗ്ളാസ് ചുണ്ടോടടുപ്പിച്ചപ്പോൾ ഒറ്റവലിക്ക് അകത്താക്കി ടോണി.
മദ്യം തലക്കു പിടിച്ചപ്പോൾ പലരും പാട്ടും ഡാന്‍സും തുടങ്ങി.
ടോണിയ്ക്കരോചകമായി തോന്നി എല്ലാം. വേഗം സ്ഥലം വിട്ടാൽ മതിയെന്നായിരുന്നു അയാൾക്ക് .
ഭക്ഷണം കഴിച്ചിട്ടു ടോണി പോകാൻ തിടുക്കം കൂട്ടിയപ്പോൾ ആതിര പറഞ്ഞു.
” ഇന്നിവിടെ തങ്ങിയിട്ടു വെളുപ്പിനു പോകാം ടോണി . ധൃതി പിടിച്ചു വീട്ടിലേക്കു ചെന്നിട്ടും കാര്യമില്ലല്ലോ. അവിടാരുമില്ലല്ലോ ”
”രാവിലെ അലീനേടെ വീട്ടില്‍ പോകണം”
ടോണി പറഞ്ഞു.
”അതിനെന്താ? നേരെ ഇവിടുന്നങ്ങു പോയാൽ പോരെ ? ഇതല്ലേ എളുപ്പം? ദൂരക്കുറവും ഇതാ ”
”ഇവള് പറയുന്നതാടാ അതിന്റെ ശരി . നിങ്ങള് രണ്ടുപേരും കൂടി ഇന്നിവിടെ കിടന്നിട്ടു വെളുപ്പിന് എണീറ്റ് പോയാൽ മതി ”
ആതിരയുടെ പപ്പ പാപ്പച്ചനും നിര്‍ബ്ബന്ധിച്ചു .
”പപ്പ പറയുന്നതു കേള്‍ക്കു ടോണീ”
”ശരി .. എന്നാ അങ്ങനെയായിക്കോട്ടെ ”
ആതിരയെ പിണക്കേണ്ടെന്നു കരുതി ടോണി സമ്മതം മൂളി.
ആതിരക്കു സന്തോഷമായി . അവൾ പോയി ഒരു പെഗ് മദ്യം കൂടി എടുത്തു കൊണ്ട് വന്നു ടോണിക്കു
നീട്ടി. ഇത്തവണ യാതൊരു എതിർപ്പും പ്രകടിപ്പിക്കാത്ത അയാൾ അത് വാങ്ങി കഴിച്ചു. സ്കോച്ച് വിസ്കിയുടെ ലഹരി ടോണിയെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു .
മദ്യപാനവും മേളവുമെല്ലാം കഴിഞ്ഞ് , രാത്രി വൈകിയാണ് അവർ ഉറങ്ങാൻ കിടന്നത്.
പ്രഭാതം !
രാത്രി മുഴുവന്‍ ഒരുപോള കണ്ണടയ്ക്കാതെ അലീനയുടെ മൃതദേഹത്തിനരികില്‍ കരുണകൊന്ത ചൊല്ലി ഇരിയ്ക്കയായിരുന്നു ജാസ്മിനും മേരിക്കുട്ടിയും. തൊട്ടടുത്ത് ആഗ്നസും അനുവും ഇരിപ്പുണ്ട്.
പത്തുമണിയായപ്പോള്‍ പള്ളിയില്‍ നിന്ന് അച്ചനും കപ്യാരും എത്തി.
പിന്നെ വൈകിയില്ല. സംസ്കാര ശുശ്രൂഷകള്‍ തുടങ്ങി.
ടോണി വന്നില്ലല്ലോ എന്നു വിഷമിച്ചിരിയ്ക്കുകയായിരുന്നു ആഗ്നസ്.
വരും, വരാതിരിക്കില്ല എന്ന് മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.
അച്ചന്റെ പ്രാര്‍ത്ഥനശുശ്രൂഷ കഴിഞ്ഞു ഭൗതികശരീരം പള്ളിയിലേയ്ക്ക് എടുക്കുകയാണ്.
മൃതദേഹത്തില്‍ അന്ത്യ ചുംബനമര്‍പ്പിയ്ക്കാനായി ബന്ധുക്കള്‍ ഒന്നൊന്നായി മുമ്പോട്ടു വന്നുകൊണ്ടിരുന്നു .
ജാസ്മിന്‍ സാവധാനം മുമ്പോട്ടടുത്തു. ചേച്ചിയുടെ മുഖത്തേയ്ക്കവള്‍ സൂക്ഷിച്ചുനോക്കി. ഒരു മാലാഖ ഉറങ്ങിക്കിടക്കുന്നപോലെയാണ് അവൾക്കു തോന്നിയത്. എല്ലാം മറന്ന് ,ശാന്തമായി ഉറങ്ങുകയാണ് ചേ ച്ചി.
മുഖം കുനിച്ച്, അവസാനമായി ആ കവിളില്‍ ഉമ്മവച്ചപ്പോൾ പൊട്ടിക്കരഞ്ഞുപോയി അവള്‍. അലീനയുടെ മുഖത്ത് നിന്ന് ശിരസ്സ് ഉയർത്താതെ ഏങ്ങലടിച്ചു കരയുന്നതു കണ്ടപ്പോൾ ആരോ വന്നു അവളെ പിടിച്ചുമാറ്റിക്കൊണ്ടുപോയി.
രണ്ടുമൂന്നുപേർ താങ്ങിപിടിച്ചുക്കൊണ്ടുവന്നാണ് മേരിക്കുട്ടിയെ കൊണ്ട് അന്ത്യചുംബനം കൊടുപ്പിച്ചത് . ആഗ്നസും അനുവും വന്നു അലീനയുടെ ഇരുകവിളുകളിലും കൈകൾ ചേർത്തുപിടിച്ചാണ് ഉമ്മ നൽകിയത് . അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
ശവം പള്ളിയിലേക്ക് എടുക്കുകയാണ്.
വിലാപയാത്രയിൽ പങ്കെടുക്കാന്‍ ഒരുപാട് ആളുകൾ എത്തിയിട്ടുണ്ട് .
ആള്‍ക്കുട്ടത്തിനിടയില്‍ ആഗ്നസ് ടോണിയുടെ മുഖം തിരഞ്ഞു.
ഇല്ല.വന്നിട്ടില്ല..വരുമായിരിക്കും . വരാതിരിയ്ക്കില്ല. വരാതിരിയ്ക്കാന്‍ കഴിയില്ലല്ലോ അവന് !
അങ്ങനെ ആശ്വസിച്ചു അവർ .
ഒറ്റയും പെട്ടയും മണിനാദത്തിന്റെ അകമ്പടിയോടെ അലീനയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പള്ളിയിലേയ്ക്കു മെല്ലെ നീങ്ങി.
ശവപേടകം ചുമന്നിരുന്നത് ഈപ്പനും ബന്ധുക്കളുമായിരുന്നു.
പള്ളിമുറ്റത്തെത്തിയപ്പോള്‍ ആഗ്നസിന്‍റെ കണ്ണുകള്‍ പിന്നെയും നാലുപാടും പരതി.
ടോണി വന്നിട്ടുണ്ടോ?
കാണാത്തപ്പോള്‍ ഉല്‍കണ്ഠയായി. എന്തുപറ്റി അവന്?
പള്ളിയിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൃതദേഹം സെമിത്തേരിയിലേക്കെടുത്തപ്പോഴും ടോണി വരുമെന്നു തന്നെയായിരുന്നു പ്രതീക്ഷ.
സെമിത്തേരിയിലെ പ്രാർത്ഥന കഴിഞ്ഞ് പെട്ടിയടച്ച്, ശവം കുഴിയിലേക്കിറക്കിയപ്പോള്‍ ആഗ്നസിനു മകനോട് കടുത്ത ദേഷ്യം തോന്നി.
അവന്‍ വന്നില്ലല്ലോ!
നന്ദികെട്ടവന്‍.
ഒരു പാടുകാലം ഒന്നിച്ചു കളിച്ചു നടന്ന അവന് അവസാനമായി അവളുടെ മുഖമൊന്നു കാണണമെന്നു പോലും തോന്നിയില്ലല്ലോ!
ആഗ്നസ് കരഞ്ഞു പോയി.
മേരിക്കുട്ടിയും ജാസ്മിനും എന്ത് വിചാരിക്കും ? തോമസ് സ്വന്തം മകനെപ്പോലെയായിരുന്നു അവനെ കണ്ടിരുന്നത്. പഠിക്കാനും മറ്റും എന്തുമാത്രം പണം മുടക്കിയിരിക്കുന്നു. അതൊന്നും തിരിച്ചു ചോദിച്ചിട്ടുപോലുമില്ല. മേരിക്കുട്ടി എന്ത് പലഹാരമുണ്ടാക്കിയാലും ഒരു പങ്കു വീട്ടിൽ കൊണ്ടുവന്നു തരുമായിരുന്നു. ആ സ്നേഹം അവൻ തിരിച്ച് അങ്ങോട്ട് കാണിച്ചില്ലല്ലോ . നന്ദികെട്ടവൻ. ആഗ്‌നസ് പല്ലിറുമ്മി.
കുഴിമൂടി പുറമെ സ്ളാബിട്ട് കഴിഞ്ഞപ്പോൾ ആഗ്നസും അനുവും പിന്നാക്കം മാറി ഒരു മരത്തിന്റെ ചുവട്ടിലെ കൽക്കെട്ടിൽ വന്നിരുന്നു .
”ചേട്ടായി വന്നില്ലല്ലോ അമ്മേ ” അനുവിന്റെ ചോദ്യത്തിന് ആഗ്നസ് മറുപടി ഒന്നും പറഞ്ഞില്ല.
”അതിരേച്ചി വിട്ടു കാണില്ല ” ആരോടെന്നില്ലാതെ അനു പറഞ്ഞു.” നമുക്ക് പറ്റിയ ഒരു ബന്ധമല്ലായിരുന്നു
അമ്മേ അത് ”
ആഗ്നസ് ഒന്നും മിണ്ടാതെ കീഴോട്ട് നോക്കി ഇരുന്നതേയുള്ളൂ
”ടോണി വന്നില്ല, അല്ലേ?’
ചോദ്യം കേട്ട് ആഗ്നസ് മുഖം ഉയർത്തി നോക്കി.
കണ്ണീരു പടർന്ന മുഖവുമായി മേരിക്കുട്ടി മുൻപിൽ നിൽക്കുന്നു.
”ഇത്ര വെറുക്കാൻ മാത്രം എന്‍റെ മോള് എന്തുതെറ്റാ അവനോട് ചെയ്തത്.?” അത് പറഞ്ഞതും മേരിക്കുട്ടി പൊട്ടിക്കരഞ്ഞുപോയി.
നെഞ്ചിൽ തീ കോരി ഇട്ടതു പോലെ ആഗ്നസ് ഒന്ന് പിടഞ്ഞു.
പിന്നെ ഒന്നും പറയാതെ മേരിക്കുട്ടി അവിടെ നിന്നു നടന്നകന്നു .
”മേരിയാന്റിക്ക് ഒരുപാട് സങ്കടം വന്നു, അമ്മേ . ”
അനുവും അതീവ ദുഖിതയായിരുന്നു.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29














































