കരിങ്കൽ പടവുകൾ ചവിട്ടിക്കയറി അമ്പലമുറ്റത്തേക്കു കാലെടുത്തുവച്ചപ്പോൾ നേർത്ത കാറ്റുവീശി.
കാറ്റിൽ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം മൂക്കിലേക്ക് തുളച്ചുകയറിയതും സുമിത്രയുടെ കണ്ണുകൾ വലതുവശത്തേക്ക് തിരിഞ്ഞു.
അമ്പലമുറ്റത്തു പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഇലഞ്ഞിമരത്തില്‍ നിറയെ പൂക്കള്‍. ഇളംകാറ്റിലുലയുന്ന ശിഖരങ്ങളില്‍നിന്ന് പൂക്കള്‍ മഞ്ഞുതുള്ളികള്‍പോലെ അടര്‍ന്നുവീണുകൊണ്ടിരുന്നു.
കുഞ്ഞു കമ്മലുകൾ പോലെ ഇലഞ്ഞിമരച്ചുവട്ടില്‍ പൂക്കള്‍ നിരന്നുകിടക്കുന്നതു കണ്ടപ്പോള്‍ സുമിത്രയുടെ കണ്ണുകള്‍ വിടര്‍ന്നു. കൂട്ടുകാരിയെ നോക്കി അവള്‍ പറഞ്ഞു:
“ദേ, ഒരുപാട് പൂക്കളുണ്ട് ചോട്ടില്‍. കണ്ടിട്ട് കൊതിയാവുന്നു “
ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധവും സൗരഭ്യവും പണ്ടേ അവള്‍ക്കു വലിയ ഇഷ്ടമാണ്.
“പൂവും കായുമൊക്കെ പിന്നെ നോക്കാം. സമയം ഒരുപാട് വൈകി. വേഗം വാ”
ശശികല ചുവടുകള്‍ നീട്ടിവച്ചു. ഒപ്പമെത്താന്‍ സുമിത്ര പാടുപെട്ടു.
വീതിയില്‍ കസവുള്ള സെറ്റ് സാരിയായിരുന്നു സുമിത്രയുടെ വേഷം! മുട്ടറ്റം നീണ്ടുകിടക്കുന്ന മുടി അഗ്രം കെട്ടിയിരിക്കുന്നു. നെറ്റിയില്‍ കുങ്കുമപ്പൊട്ടും കാലില്‍ സ്വര്‍ണപാദസ്വരവും. അന്തിവെയിലിന്‍റെ ശോഭയില്‍ വെളുത്തുതുടുത്ത കവിളുകള്‍ സ്വര്‍ണക്കുടംപോലെ തിളങ്ങി.
അമ്പലമുറ്റം സജീവമായിരുന്നു. ആരാധനയ്ക്ക് ധാരാളം പേര്‍ എത്തിയിട്ടുണ്ട്.
ശ്രീകോവിലിനു മുമ്പില്‍ കണ്ണുകള്‍ പൂട്ടി, മനസു കേന്ദ്രീകരിച്ച്, കൈകള്‍ കൂപ്പി നിന്ന് സുമിത്ര പ്രാര്‍ഥിച്ചു.
എത്രയും വേഗം തനിക്കൊരു ജോലി കിട്ടണേ!
ജയേട്ടനുമൊത്ത് സന്തോഷകരമായ ഒരു ദാമ്പത്യജീവിതം തന്ന് അനുഗ്രഹിക്കണമേ.
അമ്മയ്ക്കും അജിത്തിനും ദീര്‍ഘായുസ് നല്‍കണമേ!
ശശികലയുടെ കഷ്ടപ്പാടുകള്‍ അകറ്റി നല്ലൊരു വിവാഹജീവിതം അവള്‍ക്കു കൊടുക്കണേ.
അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍!
കൃഷ്ണഭഗവാനോട് മനസുരുകി പ്രാർത്ഥിച്ചിട്ട് സുമിത്ര തിരിഞ്ഞുനടന്നു.
ശശികല പ്രാര്‍ഥന കഴിഞ്ഞ് പോകാൻ റെഡിയായി നിൽക്കുകയായിരുന്നു അപ്പോൾ
“പോകാം?”ശശികല ആരാഞ്ഞു
“ഉം..”
രണ്ടുപേരും തിരിഞ്ഞു നടന്നു .
ഇലഞ്ഞിമരത്തിന്‍റെ സമീപത്തെത്തിയപ്പോള്‍ പൊടുന്നനെ സുമിത്ര നിന്നു.
“കുറച്ചു പൂ പെറുക്കിയാലോ ശശീ?”
“നാണമില്ലേ നിനക്ക് ? നാളെ പുഴയിൽ കുളിക്കാൻ പോകുമ്പോൾ വടക്കേപ്പറമ്പിലെ ആ ഇലഞ്ഞിയുടെ ചോട്ടിൽ നിന്ന് ഇഷ്ടംപോലെ ഞാൻ പെറുക്കി താരാല്ലോ. നീ വാ ”
ശശികല പോകാൻ ധൃതികൂട്ടി.
നടക്കല്ലുകള്‍ ചവിട്ടിയിറങ്ങി ചെമ്മണ്‍റോഡിലേക്ക് നടന്നു അവര്‍. അവിടെനിന്നു മെയിന്‍ റോഡിലേക്കും.
“കണ്ണടച്ചുനിന്ന് ഒരുപാടുനേരം പ്രാര്‍ഥിക്കുന്നതു കണ്ടല്ലോ? എന്താ പ്രാര്‍ഥിച്ചേ?”
നടക്കുന്ന വഴി ശശികല സുമിത്രയെ നോക്കി ചോദിച്ചു.
“എന്‍റാഗ്രഹങ്ങളൊക്കെ നിറവേറ്റി തരണേന്ന്.”
“എന്‍റെ കാര്യം വല്ലതും പറഞ്ഞോ?”
“അതെന്നും പറയാറുള്ളതല്ലേ.”
“ഈ പ്രാര്‍ഥനകൊണ്ടൊന്നും ഒരു ഫലോം ഇല്ല സുമീ . എത്രകാലമായി ഞാന്‍ നെഞ്ചുരുകി പ്രാര്‍ഥിക്കുന്നു. വല്ല പ്രയോജനോം ഉണ്ടായോ? ഉണ്ടാകില്ല. പണമില്ലാത്തവനെ ദൈവത്തിനു പോലും വേണ്ട.”
ശശികലയുടെ വാക്കുകളില്‍ നിരാശയും സങ്കടവും.
“അങ്ങനെ പറയരുത് ശശീ. പ്രയോജനമുണ്ടാകും. എന്നെങ്കിലുമൊരു നല്ലകാലം വരാതരിക്കില്ല നിനക്ക്. കൃഷ്ണദേവനു ഞാനൊരു വഴിപാട് നേര്‍ന്നിട്ടുണ്ട്.”
“നിന്‍റെ ഈ സ്നേഹം കാണുമ്പഴാ എന്‍റെ വേദനേം വിഷമോം അല്‍പ്പമെങ്കിലും ഞാന്‍ മറക്കുന്നത്. ഒന്നാശ്വസിപ്പിക്കാന്‍ നീയും കൂടിയില്ലായിരുന്നെങ്കില്‍ പണ്ടേ മരിച്ചുപോയേനേ ഞാന്‍.”
“കഴിഞ്ഞ ജന്മത്തിൽ നമ്മള് ഒരേകുടുംബത്തിൽ ജനിച്ച ഇരട്ടകളായിരുന്നിരിക്കാം.”
അതു പറഞ്ഞിട്ടു സുമിത്ര ചിരിച്ചു. കുപ്പിവള കിലുങ്ങിയതുപോലൊരു സ്വരം!
“നിന്‍റെ ചിരി കാണാന്‍ തന്നെ എന്തൊരു രസാ. ദൈവം നിനക്ക് എല്ലാം തന്നനുഗ്രഹിച്ചിട്ടുണ്ട്. ആവശ്യത്തിനു സ്വത്ത്, സൗന്ദര്യം, പഠിപ്പ് ,സ്നേഹിക്കാന്‍ ഒരു സുന്ദരക്കുട്ടന്‍! ഇതില്‍ കൂടുതല്‍ എന്തുവേണം ഒരു പെണ്ണിന്! നീ ഭാഗ്യവതിയാ മോളേ. മഹാഭാഗ്യവതിയാ.”
ശശികലയുടെ ശബ്ദം ഇടറി.
സുമിത്ര മുഖം തിരിച്ചു അവളെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ സങ്കടം വന്നു അവള്‍ക്ക്.
“നിനക്കും കിട്ടും ശശീ നല്ലൊരു ജീവിതം! ഞാന്‍ എന്നും പ്രാര്‍ഥിക്കുന്നുണ്ട്.”
“കിട്ടും കിട്ടും! മരിച്ചു പരലോകത്തേക്ക് ചെല്ലുമ്പം.”
സ്വയം പരിഹസിച്ചുകൊണ്ടവള്‍ തുടര്‍ന്നു:
“ഈശ്വരന് അല്‍പമെങ്കിലും ദയയുണ്ടായിരുന്നെങ്കില്‍ ഇത്തിരി സൗന്ദര്യമെങ്കിലും എനിക്ക് തരില്ലായിരുന്നോ? കൊടുക്കുന്നവര്‍ക്കു വാരിക്കോരി കൊടുക്കും. ഇല്ലാത്തവര്‍ക്കൊന്നുമില്ല.”
അവള്‍ക്ക് അമര്‍ഷവും കരച്ചിലും വന്നു.
സുമിത്രയ്ക്കവളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല.
ശശികല തുടര്‍ന്നു.
“ആര്‍ക്കും വേണ്ടാത്ത ഒരു കരിംഭൂതമായിട്ട് എന്തിനാ ദൈവം എന്നെ സൃഷ്ടിച്ച് ഈ ഭൂമിയിലോട്ടു വിട്ടത്? ജനിച്ചുവീണപ്പഴേ മരിച്ചുപോയിരുന്നെങ്കില്‍ എതയോ നന്നായിരുന്നേനെ.”
അവള്‍ സ്വയം നിന്ദിക്കുകയും ശപിക്കുകയും ചെയ്തു.
“ഇത്ര വിഷമിക്കാന്‍ മാത്രം എന്താ ഉണ്ടായേ? കറുപ്പിനഴകില്ലെന്നാരാ പറഞ്ഞേ? കൃഷ്ണഭഗവാന്‍റെ നിറമെന്തായിരുന്നു?”
“കല്യാണം ആലോചിച്ചു വരുന്നവരോടൊക്കെ കൃഷ്ണഭഗവാന്‍റെ നിറോം പറഞ്ഞോണ്ടു ചെന്നാല്‍ അപ്പഴേ അവരു സ്ഥലം വിടും. വരുന്നവര്‍ക്കു നിറോം മണോം ഒന്നുമല്ല സുമീ വേണ്ടത്. കാശുവേണം. അല്ലെങ്കില്‍ ജോലി വേണം. മിനിയാന്ന് ഒരു കൂട്ടരു വന്നു. മുറ്റത്തേക്കു കയറിയതേ ചോദിച്ചത് എത്ര കൊടുക്കൂന്നാ? എന്താ പറയേണ്ടത് അവരോടൊക്കെ?”
സുമിത്രയ്ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല.
“എന്‍റെ വിഷമം നിനക്കിമാജിൻ ചെയ്യാന്‍പോലും പറ്റില്ല സുമീ. ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പം ഒരു കുടം കണ്ണീരാ ഒഴുക്കുന്നത്.”
അവളുടെ സ്വരം ഇടറുകയും വാക്കുകള്‍ മുറിയുകയും ചെയ്തു.
സുമിത്രയ്ക്ക് സഹതാപം തോന്നി!
പാവം പെണ്ണ്!
ഈശ്വരന്‍ അവള്‍ക്ക് ഒരു ജോലിയെങ്കിലും കൊടുത്തിരുന്നെങ്കില്‍!
“ഞാന്‍ ജയേട്ടനോട് പറയാം, നിനക്കെന്തെങ്കിലുമൊരു ജോലി സംഘടിപ്പിച്ചുതരാൻ .”
“വല്ല പ്യൂണ്‍ ജോലിയാണെങ്കിലും മതിയായിരുന്നു. അമ്മ മരിച്ചേപ്പിന്നെ വല്യ ബുദ്ധിമുട്ടാ സുമി. അച്ഛന്‍റെ കാര്യം നിനക്കറിയാല്ലോ. അഞ്ചുപൈസ സമ്പാദിച്ചുവച്ചിട്ടില്ല. വേണ്ട. അന്നന്നത്തെ ആഹാരത്തിനുള്ളതെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍!”
ശശികലയ്ക്ക് അച്ഛനോട് ദേഷ്യം തോന്നി . ഇടതുകൈ ഉയര്‍ത്തി മിഴിനീര്‍ തുടച്ചിട്ട് അവള്‍ തുടര്‍ന്നു:
“ഇന്നുച്ചയ്ക്ക് വീട്ടില്‍ കഞ്ഞിവച്ചില്ല. അച്ഛനെന്തെങ്കിലും കൊണ്ടുവന്നു തന്നെങ്കിലല്ലേ വയ്ക്കാന്‍ പറ്റൂ. എന്‍റെ കാര്യം പോട്ടെന്നു വയ്ക്കാം. പക്ഷേ, നന്ദിനി. അവളു കൊച്ചല്ലേ. എത്രനേരം പിടിച്ചുനില്‍ക്കാന്‍ പറ്റും അവള്‍ക്ക്?”
“എന്നാ നിനക്ക് എന്‍റെ വീട്ടില്‍ വന്ന് അരി വാങ്ങിക്കൊണ്ടുപോയി കഞ്ഞിവയ്ക്കാന്‍ മേലായിരുന്നോ?”
സുമിത്ര ദേഷ്യപ്പെട്ടു.
“മനഃപൂര്‍വം വരാതിരുന്നതാ. എത്രകാലം ഇങ്ങനെ കടം മേടിച്ചു ജീവിക്കും. ഇപ്പം എത്രയുണ്ടെന്നറിയ്വോ തിരിച്ചുതരാന്‍? ഒക്കെ ഞാനെഴുതിയിട്ടിട്ടുണ്ട്.”
“ഓഹോ, അപ്പം അങ്ങനെയൊരു തോന്നലുണ്ടോ മനസില്‍? തിരിച്ചുതരണമെന്നാ ആഗ്രഹിച്ചാണോ ഞാൻ തന്നതൊക്കെ? തന്നതെന്തെങ്കിലും ഞാന്‍ തിരിച്ചുചോദിച്ചിട്ടുണ്ടോ?നമ്മളു തമ്മിലുള്ള ബന്ധം അങ്ങനാണോ ശശീ!”
“ഞാനതുദ്ദേശിച്ചല്ല….”
“ഒന്നും ഉദ്ദേശിക്കണ്ട. വീട്ടില്‍ വന്ന് അരി വാങ്ങിക്കൊണ്ടുപോയി കഞ്ഞിവച്ചുകൊട് എല്ലാര്‍ക്കും. നീയും വയറുനിറയെ കഴിച്ചോണം. പട്ടിണി കിടക്കരുത് “
ആജ്ഞപോലെയായിരുന്നു ആ സ്വരം.
അവളുടെ സ്നേഹം കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്നു തോന്നിപ്പോയി ശശികലയ്ക്ക്.
“ഞാനോരൊന്നു പറഞ്ഞ് ബോറടിപ്പിച്ചു അല്ലേ?
“ഏയ്…”
സുമിത്ര ചിരിച്ചു.
തുടുത്ത കവിളില്‍ നുണക്കുഴി വിരിഞ്ഞു.
ചുവന്നുതുടുത്ത അധരങ്ങള്‍ക്ക് എന്തൊരാകര്‍ഷണീയത!
ജയദേവന്‍ ഭാഗ്യവാനാണെന്നു ശശികല ഓര്‍ത്തു. തുടുത്തമുഖവും വലിയ കണ്ണുകളുമുള്ള ഒരു സുന്ദരിക്കുട്ടിയെ സ്വന്തമാക്കാന്‍ പറ്റിയല്ലോ!
സുമിത്രയുടെ മുറച്ചെറുക്കനാണ് ജയദേവൻ . ഇട്ടുമൂടാന്‍ സ്വത്തുള്ള കോടീശ്വരന്‍റെ മകൻ
ജയദേവനുമായി സുമിത്രയുടെ വിവാഹം പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. പക്ഷേ, ഒരു ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന തീരുമാനത്തിലുറച്ചു നില്‍ക്കുകയാണ് സുമിത്ര!
അവള്‍ക്ക് അച്ഛനില്ല. എട്ടുവര്‍ഷം മുമ്പ് ഹാര്‍ട്ട് അറ്റാക്കുവന്ന് അച്ഛന്‍ മരിച്ചു. അമ്മ സരസ്വതിയായിരുന്നു പിന്നീടവള്‍ക്ക് താങ്ങും തണലും. ഒരു അനുജനുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന അജിത് !
അച്ഛന്‍റെ മരണശേഷം അവളുടെ വീട്ടിലെ ജോലികള്‍ നോക്കിനടത്തിയിരുന്നത് ജയദേവനായിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ജയദേവന്‍ വീട്ടില്‍ വരും. സുമിത്രയുമായി ഒരുപാടുനേരം വിശേഷങ്ങള്‍ പങ്കുവച്ചിരിക്കും.
മനസിലുള്ളതെല്ലാം അവള്‍ ജയദേവന്‍റെ മുമ്പില്‍ തുറന്നുവയ്ക്കും. സന്തോഷവും സങ്കടവുമെല്ലാം. അച്ഛന്‍റെ മരണമേല്‍പിച്ച ആഘാതത്തില്‍നിന്ന് അവളെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതു ജയദേവനായിരുന്നു.
അതോടെ ആ സ്നേഹബന്ധം ദൃഢതരമായി. ആര്‍ക്കും പിഴുതെറിയാനാവാത്തവിധം അതു പടര്‍ന്നു പന്തലിച്ചു പൂചൂടി നില്‍ക്കുന്നു ഇപ്പോൾ .
സുമിത്രയുടെ ആത്മാർത്ഥ കൂട്ടുകാരിയാണ് ശശികല.
ഒന്നിച്ച് പഠിച്ച് , ഒരുമിച്ച് കളിച്ചുവളര്‍ന്ന രണ്ടു പെണ്‍കുട്ടികള്‍. കൊച്ചുന്നാളില്‍ തുടങ്ങിയ ആ സുഹൃദ് ബന്ധത്തിന് ഒരിക്കല്‍പ്പോലും ഉടവുതട്ടിയിട്ടില്ല.
ശശികലയ്ക്ക് അമ്മയില്ല. പറക്കമുറ്റാത്ത മൂന്ന് അനിയത്തിമാരെ കൊടുത്തിട്ട് അഞ്ചുവര്‍ഷം മുമ്പ് അമ്മ സ്വര്‍ഗത്തിലേക്കുപോയി.
അച്ഛൻ ദിവാകരനു ചന്തയില്‍ ചുമടെടുപ്പാണ് ജോലി.
പകലന്തിയോളം പണിയെടുത്തുകിട്ടുന്ന കാശ് കള്ളുഷാപ്പില്‍ കൊണ്ടുപോയി കൊടുക്കും.
മിക്കപ്പോഴും പട്ടിണിയാണു വീട്ടില്‍. പല രാത്രികളിലും അത്താഴം കഴിക്കാതെ പച്ചവെള്ളം കുടിച്ചു വിശപ്പകറ്റിയിട്ടുണ്ട് ശശികല. അനിയത്തിമാര്‍ക്കെല്ലാം വിളമ്പിക്കഴിയുമ്പോള്‍ മിച്ചം കാണില്ല.
കൂലിപ്പണിക്കുപോകാൻ പലവട്ടം ഒരുങ്ങിയതാണ് ശശികല. ദിവാകരന്‍ പക്ഷേ, സമ്മതിച്ചില്ല. പട്ടിണി കിടന്നാലും മകള്‍ കൂലിപ്പണി ചെയ്യുന്നത് അഭിമാനക്ഷതമാണത്രേ അയാള്‍ക്ക്.
വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളൊക്കെ എന്നേ അവള്‍ മനസിന്‍റെ കോണില്‍ കുഴിച്ചുമൂടി.
“നീ വേറേതോ ലോകത്താണെന്നു തോന്നുന്നു?”
സുമിത്രയുടെ ചോദ്യം കേട്ടാനു ശശികല വര്‍ത്തമാനകാലത്തിലേക്ക് മടങ്ങിവന്നത്.
നടന്ന് തേന്‍വരിക്കപ്ലാവിന്‍റെ സമീപത്തെത്തിയിരിക്കുന്നു. ഇനി വഴി പിരിയുകയാണ്.
“ഞാനോരോന്നോര്‍ത്ത്…”
“ഓര്‍ത്തോര്‍ത്തു നടന്ന് വല്ല പൊട്ടക്കിണറ്റിലും പോയി വീഴരുത്.”
സുമിത്ര പറഞ്ഞു:
“വീട്ടില്‍ ചെന്നിട്ടു വേഗം വരണേ. അരിമേടിച്ചോണ്ടുപോയി കഞ്ഞിവച്ചു കൊടുക്കണം എല്ലാര്‍ക്കും.”
“നേരം ഒരുപാടായല്ലോ സുമീ…”
“സാരമില്ല. രണ്ടു പറമ്പിന്‍റെ ദൂരമല്ലേയുള്ളൂ. ഇത്തിരി വൈകിയാലും നിന്നെ ആരും പിടിച്ചോണ്ടുപോക്വൊന്നുമില്ല.”
“നേരാ. അല്ലെങ്കില്‍ത്തന്നെ ഈ കറുമ്പിയെ ആര്‍ക്കുവേണം?”
സ്വയം പരിഹസിച്ചിട്ട് അവള്‍ വലത്തോട്ടുള്ള വഴിയിലേക്കു തിരിഞ്ഞു. സുമിത്ര മുമ്പോട്ടും .
നേരം സന്ധ്യമയങ്ങിയിരുന്നു.
സുമിത്ര ധൃതിയില്‍ നടന്നു.
വീടിനടുത്തെത്തിയപ്പോള്‍ കണ്ടു; മുറ്റത്ത് ജയദേവന്‍റെ വോക്‌സ് വാഗൺ കാർ.
നടപ്പിനു വേഗത കൂട്ടി അവള്‍. ജയേട്ടന്‍ ഇന്നു വരുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നല്ലോ? എന്തുപറ്റി പതിവില്ലാത്തൊരു വരവ്?
മുറ്റത്തേക്കു കാലെടുത്തുവച്ചതും അകത്തു ജയദേവന്‍റെ പൊട്ടിച്ചിരി കേട്ടു.
സുമിത്ര ഓടി വരാന്തയിലേക്ക് കയറി.
സരസ്വതിയാണവളെ ആദ്യം കണ്ടത്. അവര്‍ ജയദേവനെ നോക്കി പറഞ്ഞു:
“ആള് വന്നു.”
ചവിട്ടിയില്‍ കാലുരച്ചിട്ട് സുമിത്ര സ്വീകരണ മുറിയിലേക്ക് കയറി.
അവളെ കണ്ടതും ജയദേവന്‍റെ മുഖം പ്രസന്നമായി.
“അടിപൊളിയാണല്ലോ വേഷം! ഇപ്പം കണ്ടാല്‍ ഒരു തമ്പ്രാട്ടിക്കുട്ടിയാന്നേ പറയൂ. സൂപ്പർ “
ജയന്‍റെ കമന്‍റ് സുമിത്ര നന്നേ ആസ്വദിച്ചു. അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ജയേട്ടനെപ്പ വന്നു?”
“കുറേനേരായി. നീയെന്താ വൈകീത്?”
“വൈകിയോ? ഒരുപാട് കാര്യങ്ങളില്ലേ ജയേട്ടാ ഭഗവാനോട് പറയാന്‍!”
“അതെന്താണാവോ ഈ ഒരുപാടുകാര്യങ്ങള്‍? എന്‍റെ കാര്യം വല്ലോം പറഞ്ഞോ?”
“എല്ലാരുടേം കാര്യം പറഞ്ഞിട്ടുണ്ട്. ആട്ടെ, എനിക്കെന്താ തിന്നാല്‍ കൊണ്ടുവന്നിരിക്കുന്നേ?”
അവള്‍ നാലുചുറ്റും നോക്കി.
“കണ്ടോ കണ്ടോ… വന്നു കേറീതേ അവളു തിന്നാനുള്ളതാ അന്വേഷിക്കുന്നത്.” സരസ്വതി മകളെ നോക്കിയിട്ടു തുടര്‍ന്നു: “നീ പോയി ഡ്രസ് മാറീട്ടു വാ കൊച്ചേ .”
“ഡ്രസൊക്കെ മാറാം. തിന്നാനുള്ളത് എന്താന്നു പറ.”
“കുന്തം”- ജയദേവന്‍ പറഞ്ഞു.
“കുന്തമെങ്കില്‍ കുന്തം. എവിടെ സാധാനം?”
അവള്‍ കൈനീട്ടി.
“ഡൈനിംഗ് ടേബിളിലിരിപ്പുണ്ട് ചേച്ചീ.”
അജിത്താണ് മറുപടി പറഞ്ഞത്.
സുമിത്ര ഡൈനിംഗ് റൂമിലേക്കു നടന്നു. ഡൈനിംഗ് ടേബിളിനു മുകളില്‍, പ്ലേറ്റില്‍ വച്ചിരുന്ന ലഡു അവള്‍ കണ്ടു. ഒരെണ്ണമെടുത്തു തിന്നുകൊണ്ട് അവള്‍ തിരികെ സ്വീകരണമുറിയിലേക്ക് വന്നു.
“ലഡു എനിക്കിഷ്ടമില്ലാന്നു ഞാനെത്ര തവണ പറഞ്ഞിട്ടുള്ളതാ ജയേട്ടാ?”
ജയദേവനെ നോക്കി അവള്‍ മുഖം കറുപ്പിച്ചു.
“അതു നനിക്കു വാങ്ങിക്കൊണ്ടുവന്നതല്ല. അജിത് മോനാ …”
“ഇവിടെ മോന്‍ മാത്രമല്ല, ഒരു മോളും കൂടിയുണ്ടെന്നറി ഞ്ഞുടേ? അല്ലേ അമ്മേ…”
കൊഞ്ചിക്കുഴഞ്ഞ് അവള്‍ അമ്മയുടെ തോളില്‍ കൈതാങ്ങി.
“വയസ് ഇരുപത്തിമൂന്നായി. ഇപ്പഴും കുട്ടിക്കളി മാറീട്ടില്ല പെണ്ണിന് .”
സരസ്വതി കണ്ണുരുട്ടി സുമിത്രയേ നോക്കി.
“ഞാനെന്നും കുട്ടിയല്ലേ അമ്മേ. അമ്മേടെ കുഞ്ഞുമോള്.”
സുമിത്ര സരസ്വതിയുടെ താടിയില്‍ പിടിച്ചൊന്നു കുലുക്കി.
“കല്യാണം കഴിയട്ടെ അമ്മായി. ഞാന്‍ പഠിപ്പിച്ചോളാം ഇവളെ മര്യാദ.”
ഗൗരവം നടിച്ചുകൊണ്ട് ജയദേവന്‍ പറഞ്ഞു.
“പിന്നെപിന്നെ … മര്യാദ പഠിപ്പിക്കാന്‍ ഇങ്ങു വന്നേക്ക്. സ്ത്രീപീഡനത്തിന് ഞാന്‍ കേസുകൊടുക്കും.”
“നീ പോയി വേഷം മാറീട്ടുവാ മോളേ.”
സരസ്വതി ദേഷപ്പെട്ടു
“ഇത്തിരി കഴിഞ്ഞേ വേഷം മാറുന്നുള്ളൂ. ഈ വേഷത്തിൽ കാണാൻ നല്ലഭംഗിയാണെന്നല്ലേ ജയേട്ടൻ പറഞ്ഞത് . കൺകുളിർക്കെ കണ്ടോ ”
അങ്ങനെ പറഞ്ഞിട്ട് അവള്‍ ജയദേവന്‍റെ സമീപം സെറ്റിയില്‍ വന്നിരുന്നു.
”എന്നും കാണുന്നതല്ലേ കാണാനുള്ളൂ . പുതുതായിട്ടൊന്നുമില്ലല്ലോ ”
“അതുപോട്ടെ . പതിവില്ലാതെയുള്ള ഇന്നത്തെ ഈ വരവിന്റെ ഉദ്ദേശ്യം ?”
“ഒരു വിശേഷമുണ്ട്. തന്നെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത. പറഞ്ഞാൽ എനിക്കെന്തു സമ്മാനം തരും?”
“സന്തോഷിപ്പിക്കുന്നതാണെങ്കില്‍ എന്തും തരും.”
“പ്രോമിസ്?”
“പ്രോമിസ്.”
“പിന്നെ വാക്കുമാറരുത്?”
“ഇല്ല.”
ജയദേവന്‍ ആ വാര്‍ത്ത പറഞ്ഞതും ആഹ്ലാദാതിരേകത്താല്‍ കണ്ണുകൾ വിടർന്നു വായ്പൊളിച്ചു നിന്നുപോയി അവൾ
(തുടരും .)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുഴുവൻ അദ്ധ്യായങ്ങൾ വായിക്കാൻ താഴെയുള്ള ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 49
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 50
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 51
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 52