Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 4

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 4

1508
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 4

“സുമിത്രേ…”
പുറത്ത് മഞ്ജുളയുടെ വിളിയൊച്ച!
ഈശ്വരാ! സമാധാനമായി! പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ലല്ലോ.
“ഉറങ്ങിയോ?” മഞ്ജുള വിളിച്ചു ചോദിച്ചു.
“ഇല്ല.”
ലൈറ്റിട്ടിട്ട് സുമിത്ര എണീറ്റു മുടി ഒതുക്കി കെട്ടിവച്ചു. എന്നിട്ട് വേഗം ചെന്ന് വാതില്‍ തുറന്നു.
“പുറത്തെ കരച്ചിലും ബഹളവും കേട്ടായിരുന്നോ? ”
”ഉം ”
”കണ്ടിട്ട് പേടിച്ച ലക്ഷണമുണ്ടല്ലോ ! മുഖം വല്ലാണ്ടിരിക്കുന്നു.”
മഞ്ജുള ചിരിച്ചുകൊണ്ട് ചോദിച്ചു.
“ശരിക്കും പേടിച്ചുപോയി. ആരായിരുന്നു ചേച്ചീ അത്?”
“ഒന്നും പറയണ്ട എന്‍റെ സുമി! റോഡിനപ്പുറത്തുള്ള ആ വീട്ടില്‍ ഒരലവലാതിയാ താമസിക്കുന്നത്. കുടിച്ച് വെളിവുകെട്ട് പാതിരാത്രീല്‍ കേറിവന്ന് കെട്ട്യോളെ തല്ലിച്ചതയ്ക്കുന്ന ബഹളമാ. എന്തു ചെയ്യാനാ, മിക്കരാത്രിയിലും ഇതു പതിവാ. കേട്ടുകേട്ടു ശീലമായതുകൊണ്ട് ഞങ്ങൾക്കിതൊരു പുത്തരിയല്ല .”
“ഞാന്‍ വിചാരിച്ചു നമ്മുടെ മുറ്റത്തുനിന്നാന്ന് . ശരിക്കും പേടിച്ചു വിറച്ചുപോയി.”
“നേരത്തെ ഇതൊന്നു സൂചിപ്പിക്കാന്‍ വിട്ടുപോയി. ഇപ്പം ബഹളം കേട്ടപ്പം സതിയേട്ടന്‍ എന്നെ കുത്തിപ്പൊക്കി ഇതുപറയാൻ ഇങ്ങോട്ട് വിട്ടതാ.”
“വന്നതേതായാലും നന്നായി. ഇല്ലെങ്കില്‍ ഞാന്‍ പേടിച്ചു ചത്തുപോയേനെ.”
“ഉറങ്ങിയായിരുന്നോ?”
“ഉം. കരച്ചിലുകേട്ട് എണീറ്റതാ.”
“എന്നാ കിടന്നോ. ഉറക്കം കളയണ്ട.”
മഞ്ജുള പിന്‍വാങ്ങി.
വാതിലടച്ചിട്ട് സുമിത്ര വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
അവള്‍ ഓര്‍ത്തു.
ബാല്‍ക്കണിയില്‍ നിന്നപ്പോള്‍ റോഡിനെതിര്‍വശത്തുകണ്ട വീട്ടിലെ സ്ത്രീയായിരിക്കും കരഞ്ഞത്.
പാവം! പെണ്ണുങ്ങള്‍ എന്തുമാത്രം യാതനകൾ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് . എന്തിനാണ് അതിനെ ആ മനുഷ്യൻ തല്ലിച്ചതക്കുന്നത് ? ഇങ്ങനെയും മനുഷ്യരുണ്ടല്ലോ ഈ ഭൂമിയിൽ .
ദീർഘമായി ഒന്ന് നിശ്വസിച്ചിട്ടു അവള്‍ കൈ ഉയര്‍ത്തി ലൈറ്റ് ഓഫ് ചെയ്തു.
പിന്നെ ശാന്തമായ മനസോടെ കിടന്നുറങ്ങി.
നന്നേ പുലര്‍ച്ചെ എണീറ്റു കുളിച്ച് ഫ്രഷായി .
ജോയിന്‍ ചെയ്യാന്‍ പോകുമ്പോള്‍ കൊണ്ടുപോകേണ്ട ഡോക്കുമെന്‍റ്സ് എല്ലാം എടുത്ത് ബാഗിലൊതുക്കി വച്ചു.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സതീഷ് പറഞ്ഞു:
“സ്കൂളില്‍ ചെല്ലുമ്പം ടീച്ചേഴ്സ് ചോദിച്ചാല്‍ ഞാന്‍ കസിനാണെന്നു പറഞ്ഞാ മതി. അങ്ങനാ ഞാനവിടെ എല്ലാരോടും പറഞ്ഞിരിക്കുന്നേ. ജോലി കിട്ടാൻ വേണ്ടി കുറച്ചു കള്ളം പറയേണ്ടി വന്നേ .”
“ഉം…”
സുമിത്രയ്ക്കതു സന്തോഷമായിരുന്നു.
സുഹൃത്തെന്നു പറയുന്നതിനേക്കാള്‍ നല്ലത് കസിനെന്നു പറയുന്നതാണ് . ആളുകള്‍ വെറുതെ കഥകൾ മെനയില്ലല്ലോ .
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് സുമിത്ര മുറിയില്‍ പോയി ഡ്രസ് മാറി.
വിലകൂടിയ സാരിയും ബ്ലൗസും. ശശികലയുടെ സെലക്ഷന്‍ ആണ്.
മുടി ഭംഗിയായി ചീകിയൊതുക്കി, മുഖത്ത് പൗഡറിട്ട്, ദേഹത്ത് സെന്റും പൂശി അവള്‍ പോകാന്‍ റെഡിയായി.
കണ്ണടച്ച് ഗുരുവായൂരപ്പനെ മനസില്‍ ധ്യാനിച്ച് നില്‍ക്കുമ്പോള്‍ താഴെനിന്ന് മഞ്ജുളയുടെ വിളി.
“സുമി…”
“ദാ വരുന്നൂ ചേച്ചീ.”
കണ്ണാടിയില്‍ നോക്കി എല്ലാം ഭംഗിയായെന്ന് ഉറപ്പുവരുത്തിയിട്ട് മേശപ്പുറത്തുനിന്ന് ഹാന്‍ഡ് ബാഗെടുത്ത് തോളത്തിട്ടു. പിന്നെ സ്റ്റെയര്‍കെയ്സിറങ്ങി താഴേക്ക് ചെന്നു.
“സതിയേട്ടന്‍ കാറിലിരിപ്പുണ്ട്.”
“ഞാന്‍ വൈകിയോ ചേച്ചീ?”
“ഏയ്…”
മഞ്ജുളയോടും ഭവാനിയോടും യാത്രപറഞ്ഞിട്ട് അവള്‍ വേഗം ചെന്ന് കാറില്‍ കയറി.
ഡോര്‍ അടയുന്ന ശബ്ദം കേട്ടതും സതീഷ് വണ്ടി സ്റ്റാര്‍ട്ടുചെയ്തു.
കാർ സാവധാനം ഗേറ്റുകടന്ന് റോഡിലേക്കുരുണ്ടു.
സതീഷിന്‍റെ വീട്ടിൽ നിന്ന് നാലുകിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളിലേക്ക്.
കാർ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സതീഷ് വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു .
“അപ്പം കല്യാണത്തിനുശേഷം എന്താ പ്ലാന്‍? ജയന്‍റെ വീട്ടിന്നു പോയി വരാനാണോ ,അതോ ഇവിടെങ്ങാനും താമസിക്കാനാണോ ”
“പോയി വരാനാ ഉദ്ദേശിക്കുന്നേ. ഇത്തിരി യാത്ര കൂടുതലുണ്ടെങ്കിലും അതല്ലേ നല്ലത് . എന്തുവന്നാലും ജോലി കളയില്ല ഞാന്‍. ടീച്ചിംഗ് എനിക്കത്രയ്ക്കിഷ്ടപ്പെട്ട പ്രൊഫഷനാ.”
“ഒരു ജോലിയുള്ളതു എപ്പഴും നല്ലതാ. വയസാം കാലത്ത് മക്കളുപേക്ഷിച്ചാലും ജീവിച്ചു പോകാന്‍ ഒരു വരുമാനമുണ്ടല്ലോ.”
സുമിത്ര ചിരിച്ചതേയുള്ളൂ.
സതീഷ് പിന്നെയും ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.
സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്ന വലിയ ബോര്‍ഡ് കണ്ടപ്പോള്‍ സുമിത്രയുടെ ഹൃദയം തുടിച്ചു.
കാര്‍ ഗേറ്റുകടന്ന് സ്കൂള്‍ കോമ്പൗണ്ടിലേക്ക് കയറി.
മുറ്റത്തു കൂടി ഓടി നടന്ന ചില കുട്ടികള്‍ കാറിലേക്ക് കൗതുകത്തോടെ നോക്കി.
ഡോര്‍ തുറന്ന് സതീഷ് ആദ്യം ഇറങ്ങി. പിറകെ സുമിത്രയും.
“പുതിയ ടീച്ചാറാടാ…”
ഒരു കുട്ടി അടുത്തുനിന്ന കൂട്ടുകാരനോട് പതിയെ പറയുന്നത് സുമിത്ര കേട്ടു.
ഒന്നും കേള്‍ക്കാത്ത മട്ടില്‍ സതീഷിന്‍റെ പിന്നാലെ അവള്‍ വേഗം ഹെഡ്മിസ്ട്രസിന്‍റെ മുറിയിലേക്ക് നടന്നു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ സീറ്റിലുണ്ടായിരുന്നു.
സതീഷിനെ കണ്ടതും സിസ്റ്റര്‍ ഹൃദ്യമായി പുഞ്ചിരിച്ചു. സതീഷ് വന്നതെന്തിനാണെന്ന് വെളിപ്പെടുത്തി.
“ഇരിക്ക്…” – സിസ്റ്റര്‍ കസേരയിലേക്ക് കൈചൂണ്ടി.
സിസ്റ്ററിനഭിമുഖമായി കസേരയില്‍ ഇരുന്നു, സതീഷ്.
സുമിത്രയോടും ഇരിക്കാന്‍ ആംഗ്യം കാട്ടി സിസ്റ്റര്‍.
സതീഷിന്‍റെ തൊട്ടടുത്തുള്ള കസേരയില്‍ അവളും ഇരുന്നു.
“അപ്പോയ്മെന്‍റ് ഓര്‍ഡര്‍ കൊണ്ടുവന്നിട്ടുണ്ടോ?”
“ഉവ്വ്.”
ബാഗുതുറന്ന് അവള്‍ നിയമന ഉത്തരവെടുത്തു നീട്ടി.
സിസ്റ്റര്‍ അതു വാങ്ങിനോക്കിയിട്ട് മേശപ്പുറത്തു വച്ചു. അതിന്‍റെ മീതെ ഒരു പേപ്പര്‍ വെയ്റ്റെടുത്തുവച്ചുകൊണ്ട് സുമിത്രയെ നോക്കി പറഞ്ഞു.
“നല്ല റിസല്‍ട്ടും അച്ചടക്കോം ഒക്കെയുള്ള സ്കൂളാ ഇത്. കഴിഞ്ഞവര്‍ഷം ഈ ജില്ലയിലെ ഏറ്റവും മികച്ച സ്കൂള്‍ ഇതായിരുന്നു. ആ പേര് നമുക്ക് നിലനിറുത്തണം. കൃത്യസമയത്ത് വരികയും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ പഠിപ്പിക്കുകയും വേണം.”
“ഉം…”
സുമിത്ര തലകുലുക്കി.
“അപ്പം താമസം?”
“എന്‍റെ കൂടെയാ…”
സതീഷ് ഇടയ്ക്കുകയറി പറഞ്ഞു.
“അപ്പം സമയത്തെത്താൻ ബുദ്ധിമുട്ടില്ലല്ലോ. പിന്നെ, ചില ദിവസങ്ങളില്‍ എക്സ്ട്രാ ക്ലാസ് എടുക്കേണ്ടിവരും. ചിലപ്പം ശനിയാഴ്ചേം ക്ലാസുകാണും. അതൊക്കെ ഒരു ബുദ്ധിമുട്ടായിട്ടു തോന്നരുത്‌ പിന്നീട്.”
“ഒരിക്കലുമില്ല സിസ്റ്റര്‍.”
ഹെഡ്മിസ്ട്രസ് എണീറ്റു. “എന്നാ വാ. ടീച്ചേഴ്സിനെയൊക്കെ പരിചയപ്പെടുത്താം.”
സുമിത്രയും എണീറ്റു.
“എന്നാ ഞാനിറങ്ങട്ടെ. വൈകുന്നേരം സുമിത്ര ബസിനു പോരെ വീട്ടിലേക്ക് .”
സതീഷ് പറഞ്ഞു.
“ഉം..”
സുമിത്ര തലകുലുക്കി.
സിസ്റ്റർ സുമിത്രയേയും കൂട്ടിക്കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി.
മറ്റു ടീച്ചേഴ്സിന് പരിചയപ്പെടുത്തിയിട്ട് സിസ്റ്റര്‍ അവളുടെ മേശയും കസേരയും ചൂണ്ടിക്കാണിച്ചുകൊടുത്തു.
“ടൈംടേബിള്‍ തോമസ് സാറു തരും. അടുത്ത പീര്യഡു മുതലു ക്ലാസില്‍ പൊയ്ക്കോ. കുട്ടികളെയൊക്കെയൊന്നു പരിചയപ്പെടാല്ലോ. നാളെമുതല് കൃത്യമായിട്ട് പഠിപ്പിച്ചു തുടങ്ങണം “
“ഉം…” അവൾ തലകുലുക്കി
ഹെഡ്മിസ്ട്രസ് ഓഫീസ് റൂമിലേക്ക് തിരിച്ചുപോയി.
സുമിത്ര തന്‍റെ സീറ്റില്‍ വന്നിരുന്നു. അവൾക്കാകെ പരിഭ്രമമായിരുന്നു.
വലതുവശത്ത് ഹിന്ദി പഠിപ്പിക്കുന്ന ജൂലി ടീച്ചര്‍. ഇടതുവശത്ത് സൗമിനി ടീച്ചര്‍. നേരെ എതിർവശത്താണ് തോമസ് സാറ്. മറ്റ് അധ്യാപകര്‍ ക്ലാസിലാണ്.
ജൂലിയും സൗമിനിയും വീടിനെപ്പറ്റിയും നാടിനെപ്പറ്റിയുമൊക്കെ ചോദിച്ചു. അവിവാഹിതയാണെന്നു കേട്ടപ്പോള്‍ ജൂലി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇനി ഇപ്പം ഈ നാട്ടീന്നൊരാളെ കണ്ടുപിടിച്ച് ഇവിടെയങ്ങു കൂടിയാല്‍ മതില്ലോ”
സുമിത്ര ചിരിച്ചതേയുള്ളൂ.
“ഞങ്ങളന്വേഷിക്കണോ?”
സൗമിനി താമശമട്ടില്‍ ചോദിച്ചു.
“ഏതായാലും ഉടനെ വേണ്ട.”
ജയദേവനുമായി തന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന സത്യം അവള്‍ ആരോടും പറഞ്ഞില്ല.
തോമസ് സാറ് ടൈംടേബിള്‍ കുറിച്ചുകൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തു.
അടുത്ത പീരിയഡ് ആറ് ബിയിലാണ് ക്ലാസ്.
ബെല്ലടിച്ചതും ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.
ചോക്കും ഡസ്റ്ററുമെടുത്ത് അവള്‍ വേഗം സ്റ്റാഫ് റൂം വിട്ടിറങ്ങി.
വരാന്തയിലൂടെ ക്ലാസ് റൂമിലേക്ക് നടക്കുമ്പോള്‍ ചില കുട്ടികൾ കൗതുകത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു.
എതിരെ വന്ന ഒരധ്യാപിക അവളെ കണ്ടതും ആകാംക്ഷയോടെ ചോദിച്ചു.
“പുതിയ ടീച്ചറാണോ?”
അതെ.
“പേര്?”
“സുമിത്ര.”
“വരുമെന്നു കേട്ടിരുന്നു. വിശദമായി പിന്നെ പരിചയപ്പെടാം.”
“ഉം..”
സുമിത്ര പുഞ്ചിരിച്ചിട്ട് മുമ്പോട്ട് നടന്നു.
ക്ലാസ്റൂമിലേക്ക് കാലെടുത്തുവച്ചതും ഗുഡ്മോണിംഗ് ടീച്ചർ എന്നൊരാരവം!
സുമിത്രയും ഗുഡ്മോണിംഗ് പറഞ്ഞിട്ട് എല്ലാവരോടും ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാട്ടി.
കുട്ടികള്‍ ഇരുന്നു.
ചോക്കും ഡസ്റ്ററും മേശപ്പുറത്തുവച്ചിട്ട് സുമിത്ര കുട്ടികളുടെ അടുത്തേക്ക് ചെന്നു.
എല്ലാവരെയും അവൾ ആകമാനമൊന്നു നോക്കി.
“പുതിയ ടീച്ചറാണോ?”
മുൻ ബഞ്ചിലിരുന്ന ഒരു കുസൃതിക്കാരി നാണത്തോടെ ചോദിച്ചു.
“അതേലോ മോളേ… എന്താ മോളുടെ പേര്?”
”ജാസ്മിന്‍ ജോസഫ്.”
“നല്ല പേരാണല്ലോ “
സുമിത്ര അവളുടെ കവിളില്‍ വാല്‍സല്യത്തോടെ ഒന്നു തട്ടി.
“ടീച്ചറിന്‍റെ പേരെന്നാ?”
“സുമിത്ര “
“എവിടെയാ വീട്?”
അവൾ സ്ഥലപ്പേര് പറഞ്ഞു.
“ടീച്ചറു കല്യാണം കഴിച്ചതാണോ?”
പിൻ ബഞ്ചില്‍നിന്ന് ആ ചോദ്യം ഉയര്‍ന്നതും ക്ലാസില്‍ കൂട്ടച്ചിരി.
സുമിത്രയ്ക്കും ചിരിവന്നുപോയി.
“ആർക്കാ അറിയേണ്ടത്?”
“പിൻ ബഞ്ചിലെ ഓരോ കുട്ടിയേയും അവള്‍ മാറിമാറി നോക്കി.”
ആരും ഒന്നും മിണ്ടിയില്ല.
“ആരാ ചോദിച്ചത്?”
“ഇവനാ ടീച്ചർ.”
പിന്‍ബഞ്ചിലിരുന്ന അപ്പു തൊട്ടടുത്തിരുന്ന കുട്ടിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“നീയൊന്നെണീറ്റു നിന്നെ . ഞാനൊന്ന് കാണട്ടെ നിന്നെ”
മടിച്ചു മടിച്ച് അവന്‍ എണീറ്റു.
“എന്താ നിന്‍റെ പേര്?”
“അഭിലാഷ്.”
“നിനക്കെന്താ അറിയേണ്ടത്?”
സുമിത്ര ഗൗരവം ഭാവിച്ചു ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ മുഖം കുമ്പിട്ട് നിന്നതേയുള്ളൂ.
“ടീച്ചറു കല്യാണം കഴിച്ചതല്ല. എന്താ നിനക്കു പ്ലാനുണ്ടോ?”
ക്ലാസില്‍ കൂട്ടച്ചിരി.
അഭിലാഷ് വിളറി വെളുത്തു.
“കഴിഞ്ഞ പരീക്ഷയ്ക്കൊക്കെ ആശാന് എത്രയായിരുന്നു മാർക്ക്?”
“പിന്നിൽ നിന്നു ഫസ്റ്റാ ടീച്ചറെ അവന്‍.”
ആരോ അങ്ങനെ പറഞ്ഞതും ക്ലാസില്‍ വീണ്ടും കൂട്ടച്ചിരി.
” കണ്ടപ്പം തോന്നി . ഇരുന്നോ “
ആശ്വാസത്തോടെ അഭിലാഷ് ഇരുന്നു.
“ഇനി നമുക്കൊന്നു പരിചയപ്പെടാം അല്ലേ?”
സുമിത്ര ഓരോരുത്തരോടും പേരു ചോദിച്ചു. പിന്നെ സ്വയം പരിചയപ്പെടുത്തിയിട്ടു പറഞ്ഞു.
“നമുക്കിന്നാദ്യം ഒരു കഥയില്‍ തുടങ്ങാം. എന്താ?”
“ങ്ഹാ…”
കഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഉൽസാഹം.
“പക്ഷേ, കഥ പറയുമ്പം നിങ്ങളു ശബ്ദമുണ്ടാക്കാതെ ശ്രദ്ധിച്ചുകേട്ടിരിക്കണം. സംസാരിച്ചാല്‍ അപ്പോഴെ കഥ നിറുത്തും.”
“ഉം.”
ക്ലാസ് റൂം പൂർണ നിശബ്ദം!
സുമിത്ര കഥ പറഞ്ഞുതുടങ്ങി. ആയിരത്തൊന്നു രാവുകളിലെ രസകരമായ ഒരു കഥ.
കുട്ടികൾക്കെല്ലാം സുമിത്ര ടീച്ചറിനെ വലിയ ഇഷ്ടമായി.
ബെല്ലടിച്ചപ്പോൾ സുമിത്ര ചോക്കും ഡസ്റ്ററും കൈയിലെടുത്തിട്ടു കുട്ടികളെ നോക്കി പറഞ്ഞു:
“നാളെ മുതലു നമുക്ക് പഠിക്കാന്‍ തുടങ്ങണം. എല്ലാവരും നന്നായിട്ടു പഠിച്ചോണം ട്ടോ…”
“ഉം.”
സുമിത്ര മുറിയില്‍ നിന്നിറങ്ങി സ്റ്റാഫ് റൂമിലേക്ക് ചെന്നു.
ആ സമയം കൂടുതല്‍ ടീച്ചേഴ്സുണ്ടായിരുന്നു സ്റ്റാഫ് റൂമില്‍.
“ഇവിടെ സിനിമാനടിയേപ്പോലിരിക്കുന്ന ഒരു ടീച്ചറു വന്നിട്ടുണ്ടെന്നു ജൂലി പറഞ്ഞു. ആളെ ഒന്നു പരിചയപ്പെടട്ടെ.”
കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള മേരി ടീച്ചര്‍ അടുത്തുവന്നിരുന്ന് സുമിത്രയെ പരിചയപ്പെട്ടു.
എല്ലാവരോടും ബഹുമാനത്തോടെയും എളിമയോടെയുമാണ് സുമിത്ര സംസാരിച്ചത്.
സഹപ്രവർത്തകരെല്ലാം സ്നേഹമുള്ളവരാണെന്നു തോന്നി. ആർക്കും അഹങ്കാരമോ ജാഡയോ ഒന്നുമില്ല.
ഉള്ളിലെ പരിഭ്രമവും ആശങ്കയുമെല്ലാം വിട്ടുമാറിയിരുന്നു അപ്പോൾ.
നാലുമണിയടിച്ചപ്പോൾ ബാഗെടുത്തു തോളത്തിട്ടിട്ടു മറ്റു അധ്യാപകരോടൊപ്പം അവളും പുറത്തേക്കിറങ്ങി.
ജൂലിയുടെയും സൗമിനിയുടെയും കൂടെയാണ് ബസ്സ്റ്റോപ്പിലേക്ക് നടന്നത്.
വീട്ടിലെത്തിയപ്പോൾ നേരം നാലര.
ചെന്നുകയറിയതേ മഞ്ജുള ചോദിച്ചു.
“എങ്ങനുണ്ടായിരുന്നു ആദ്യ ക്ലാസ്?”
“കുഴപ്പമില്ലായിരുന്നു. എന്നാലും ചില വിളഞ്ഞ വിത്തുകളുണ്ട് ചേച്ചീ. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരുത്തന്‍ ചോദിക്ക്വാ ടീച്ചറു കല്യാണം കഴിച്ചതാണോന്ന്.”
മഞ്ജുള ചിരിച്ചുപോയി.
“ഇപ്പഴത്തെ പിള്ളേരല്ലേ. എന്തൊക്കെയാ അവരുടെ വായീന്നു വരിക.”
“ഞാനൊക്കെ സ്കൂളില്‍ പഠിക്കുമ്പം ടീച്ചറിന്‍റെ മുഖത്തേക്ക് നോക്കാന്‍പോലും എനിക്ക് പേടിയായിരുന്നു.” സുമിത്ര പറഞ്ഞു
“കാലം മാറിയില്ലേ. ങ്ഹ., സുമി പോയി ഡ്രസ് മാറീട്ടു വാ. ഞാന്‍ ചായ എടുക്കാം.”
മഞ്ജുള കിച്ചണിലേക്ക് പോയി. സുമിത്ര സ്റ്റെയര്‍കെയ്സ് കയറി തന്‍റെ മുറിയിലേക്കും.
മുറിയില്‍ കയറി ഡ്രസ് മാറിയിട്ട് അവള്‍ തിരികെ ഡൈനിംഗ് റൂമിലേക്ക് വന്നു.
ഡൈനിംഗ് ടേബിളില്‍ ചായയും ബിസ്കറ്റും വച്ചിട്ടുണ്ടായിരുന്നു.
സുമിത്ര ഒരു കപ്പ് ചായമാത്രം കഴിച്ചു.
“ദേഹം മുഴുവന്‍ വിയര്‍ത്തുനാറിയിരിക്ക്വാ. ഞാന്‍ പോയി ഒന്നു കുളിച്ചു ഫ്രഷായിട്ടു വരാം.”
മഞ്ജുളയോട് അങ്ങനെ പറഞ്ഞിട്ട് അവള്‍ മുകളിലത്തെ നിലയിലേക്ക് പോയി.
കുളി കഴിഞ്ഞ് മുടി പടര്‍ത്തിയിട്ട് സുമിത്ര ബാല്‍ക്കണിയിൽ വന്ന് വെറുതെ താഴേക്കു നോക്കിനിന്നു.
കാറ്റുകൊണ്ടിങ്ങനെ നില്‍ക്കാന്‍ നല്ല സുഖം.
റോഡിനെതിര്‍വശത്തുള്ള രണ്ടുനില വീട്ടിലേക്ക് അവളുടെ കണ്ണുകള്‍ നീണ്ടു.
ആ വീട്ടില്‍ നിന്നല്ലേ ഇന്നലെ കരച്ചില്‍ കേട്ടത്.
പാവം സ്ത്രീ!
എന്തൊരു നീചനാണ് അവളുടെ ഭര്‍ത്താവ്!
അങ്ങനെ മനസില്‍ ചിന്തിച്ചതും ഒരു യുവാവ് വീടിനകത്തുനിന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങിവരുന്നതവൾ കണ്ടു.
സൂക്ഷിച്ചുനോക്കി അവള്‍.
അതയാളല്ലേ?
ഉള്ളിലൊരാന്തൽ !
ഹേയ്… അയാൾ ആയിരിക്കില്ല. അയാളുടെ വീട് ഇവിടല്ലല്ലോ. അയാളെപ്പോലിരിക്കുന്ന മറ്റാരോ ആണ്.
അങ്ങനെ സമാധാനിച്ചിട്ട് അവള്‍ തിരികെ മുറിയിലേക്ക് കയറി.
മനസ് നേരെ നില്‍ക്കുന്നില്ല.
അതയാൾ ആയിരിക്കുമോ?
ആ രൂപം മനസിലൊരു കല്ലുപോലെ കിടക്കുന്നതെന്തേ?
കര്‍ച്ചീഫെടുത്ത് മുഖം തുടച്ചിട്ട് സുമിത്ര താഴേക്കുചെന്നു.
മഞ്ജുള ടിവി കണ്ടുകൊണ്ട് സ്വീകരണമുറിയിലിരിപ്പുണ്ടായിരുന്നു.
“കുളി കഴിഞ്ഞോ?”
“ഉം…”
സുമിത്ര മഞ്ജുളയുടെ സമീപം സെറ്റിയില്‍ ഇരുന്നു.
ഇന്നലെ രാത്രി കരച്ചിലുകേട്ട ആ സ്ത്രീയില്ലേ. അവരുടെ പേരെന്താ ചേച്ചി ?
“ശ്രീദേവി. എന്തേ?”
“ഒന്നൂല്ല. ചുമ്മാ ചോദിച്ചെന്നേയുള്ളു . എന്തൊരു കഷ്ടമാ അവരുടെ ജീവിതം, അല്ലേ ”
“അതൊരു പാവം സ്ത്രീയാ. പക്ഷേ, എന്തുചെയ്യാനാ; ആ ദുഷ്ടന്‍റെ കൈകൊണ്ട് മരിക്കാനായിരിക്കും അതിന്‍റെ വിധി.”
“ഇവിടെ വരാറുണ്ടോ ?”
“കൊള്ളാം! വീടിന്‍റെ പുറത്തേക്കെങ്ങും ഇറങ്ങരുതെന്നാ അയാളുടെ കല്‍പന. ഒരിക്കലിവിടെ വന്ന് അവരുടെ സങ്കടം മുഴുവന്‍ എന്നോട് പറഞ്ഞു. അന്നയാളവളെ തല്ലിയതിനു കണക്കില്ല. അതിന്‍റെ പേരില്‍ സതിയേട്ടനുമായി ഒന്നും രണ്ടും പറഞ്ഞ് അയാളു വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല “
ഒന്നു നിറുത്തിയിട്ടു മഞ്ജുള തുടര്‍ന്നു:
“മിണ്ടാന്‍ കൊള്ളില്ലാത്ത വര്‍ഗമാന്നേ . സുമിത്ര അങ്ങോട്ടു പരിചയപ്പെടാനോ സംസാരിക്കാനോ ഒന്നും പോകണ്ടാട്ടോ. വൃത്തികെട്ടവനാ . ഇങ്ങോട്ടു വല്ലോം ചോദിച്ചാല്‍ ഒന്നും മിണ്ടാതെയിങ്ങു പോന്നാൽ മതി. പെണ്ണുങ്ങള്‍ അയാള്‍ക്കൊരു വീക്നെസ്സാ .”
“എന്താ അയാടെ പേര്?”
“സുകുമാരൻ .”
അതു കേട്ടതും സുമിത്രയുടെ ഉള്ളിലൊരു മിന്നല്‍പ്പിണർ .
ശ്വാസം നിലച്ചപോലെ ഒരു നിമിഷം അവൾ മരവിച്ചിരുന്നു പോയി .
(തുടരും ..)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here