Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 33

1639
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 33

അലീനയുടെ വേര്‍പാട് ജാസ്മിനെ വല്ലാതെ തളർത്തി. നാലഞ്ചുനാള്‍ അവള്‍ ശരിക്ക് ആഹാരംപോലും കഴിച്ചില്ല. കണ്ണടച്ചാലും തുറന്നാലും മുറിക്കുള്ളിൽ കൂനിക്കൂടിയിരിക്കുന്ന ചേച്ചിയുടെ മുഖമായിരുന്നു മനസില്‍. അഴിഞ്ഞുലഞ്ഞ മുടിയും ഭീതിപടര്‍ന്ന മുഖവുമായി മുറിയുടെ കോണില്‍ ഭയന്നുവിറച്ചിരിക്കുന്ന ആ ദൃശ്യം എത്ര ശ്രമിച്ചിട്ടും ഹൃദയത്തില്‍നിന്നു പിഴുതെറിയാന്‍ കഴിയുന്നില്ല.

ഈപ്പന്‍റെ പീഢനമേറ്റല്ലേ ചേച്ചി മരിച്ചത്? ഒരുപാട് ഉപദ്രവിച്ചുകാണും.
വേദന സഹിച്ച്, കണ്ണീരൊഴുക്കി എത്ര ദിവസം ചേച്ചി പട്ടിണി കിടന്നുകാണും?
മരിച്ചുപോകണമെന്ന് ഈപ്പന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകാണും.
സമയത്ത് ആഹാരവും ചികിത്സയും കിട്ടിയിരുന്നെങ്കില്‍ ചേച്ചി മരിക്കില്ലായിരുന്നു. ഈപ്പന്‍ കഴുത്തുഞെരിച്ചു കൊന്നതല്ലെന്നാരു കണ്ടു? ആരുമില്ലല്ലോ ചോദിക്കാനും പറയാനും.

കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും ടോണി അവളെ ആശുപത്രിയിലാക്കാൻ ഒന്ന് വന്നില്ലല്ലോ ! നീചൻ !
ടോണിയുടെ പപ്പ മരിച്ചപ്പോള്‍ ആ കുടുംബത്തെ സംരക്ഷിച്ചത് തന്‍റെ പപ്പയാണെന്നു ടോണിക്കറിയാം. എന്തുമാത്രം സാമ്പത്തിക സഹായം ചെയ്തു. സ്വന്തം മകനെപ്പോലെ സ്നേഹിച്ചു, ലാളിച്ചു, കൂടെ കൊണ്ടുനടന്നു. മടിയിലിരുത്തി കഥകൾ പറഞ്ഞു സന്തോഷിപ്പിച്ചു . എന്നിട്ടും താനൊരു സാഹായം ചോദിച്ചുചെന്നപ്പോള്‍ നിഷ്കരുണം തള്ളിയില്ലേ ആ മനുഷ്യൻ ! ചേച്ചിയുടെ മൃതദേഹം അവസാനമായി ഒന്നു കാണണമെന്നു പോലും അയാൾക്ക്‌ തോന്നിയില്ലല്ലോ . അത്രേയുള്ളൂ ബന്ധങ്ങള്‍ക്കു വില.
വരാന്തയിലെ തൂണില്‍ ചാരി വിദൂരതയിലേക്കു കണ്ണുംനട്ട് ഓരോന്നാലോചിക്കുകയായിരുന്നു ജാസ്മിന്‍.
“മോളേ”
അടുക്കളയില്‍നിന്ന് മേരിക്കുട്ടിയുടെ വിളി കേട്ടതും ജാസ്മിന്‍ ചിന്തയില്‍ നിന്നുണര്‍ന്നു.
മിഴിക്കോണുകളിലെ കണ്ണീര്‍ തുടച്ചിട്ട് വേഗം അവള്‍ അകത്തേക്കു ചെന്നു.
അടുക്കളയില്‍ പച്ചക്കറി അരിയുകയായിരുന്നു മേരിക്കുട്ടി.
“എന്താമ്മേ…?”
പിന്നിൽ നിന്ന് അമ്മയുടെ കഴുത്തിൽ കൈചുറ്റി ചേർന്നു നിന്ന് കൊണ്ടു അവൾ ചോദിച്ചു.
”നീ കരയുവായിരുന്നോ പുറത്തു നിന്ന് ?”
”ഏയ് ” അവൾ അമ്മയുടെ കവിളിൽ ഒരു മുത്തം നൽകി.
“പുത്തന്‍പുരയ്ക്കലെ ജയിംസിനെ നീ അറിയില്ലേ?” പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കെ തിരിഞ്ഞു നോക്കാതെ മേരിക്കുട്ടി ചോദിച്ചു.
”അതെന്തു ചോദ്യാ . എന്റെ കൂടെ വേദപാഠം പഠിപ്പിക്കുന്ന ആളല്ലേ . പോരെങ്കിൽ വായനശാലയുടെ സെക്രട്ടറിയുമാ . ഞാൻ പ്രസിഡന്റും . അപ്പം പിന്നെ അറിയാണ്ടിരിക്കുമോ ?”
“അവന്‍ ആളെങ്ങനാ?”
“നല്ല മനുഷ്യനാ. എന്തേ?”
തെല്ലു നേരം ഒന്നു മിണ്ടാതെ നിന്നു, മേരിക്കുട്ടി. പിന്നെ പറഞ്ഞു.
“ശേഖരപിള്ള നിനക്കൊരു കല്യാണാലോചനയുമായി ഇന്നിവിടെ വന്നിരുന്നു. ജയിംസിന്‍റെ വീട്ടുകാരു പറഞ്ഞുവിട്ടതാ. കേട്ടിടത്തോളം നല്ല കുടുംബക്കാരാന്നു തോന്നി. പഴേ തറവാട്ടുകാരാ. ഇഷ്ടം പോലെ സ്വത്തും ഒണ്ട്.”
അമ്മ പറഞ്ഞു വരുന്നത് എന്താണെന്നു ജാസ്മിന് പിടി കിട്ടി.അവൾക്ക് ചിരിവന്നുപോയി!
ജയിംസിന് തന്നോട് പ്രേമം തോന്നിക്കാണും.
എത്രകാലത്തേക്കു കാണും ഈ സ്നേഹം?
കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം! അതു കഴിയുമ്പോള്‍ ചേച്ചിക്കുണ്ടായ അനുഭവമല്ലേ തനിക്കും ഉണ്ടാകാന്‍ പോകുന്നത്? ആണുങ്ങളെ ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.
ഒരിക്കലും പിരിയില്ലെന്നു വാക്കുതന്ന ടോണി ഒരു നിമിഷംകൊണ്ടു തന്നെ പിഴുതു ദൂരെ എറിഞ്ഞില്ലേ? തനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും സന്മനസ് കാണിച്ചില്ലല്ലോ അയാൾ .
വേണ്ട…
ഈ ജന്മത്തില്‍ തനിക്കിനിയൊരു വിവാഹമേ വേണ്ട. ജയിംസ് മറ്റാരെയെങ്കിലും കല്യാണം കഴിച്ചു സുഖമായി ജീവിക്കട്ടെ. അവൾ മനസിൽ പറഞ്ഞു .
“നീയെന്താ ഒന്നും മിണ്ടാത്തേ?”
“പിള്ളച്ചേട്ടനോട് കല്യാണക്കേസുമായി ഇനി ഇങ്ങോട്ടു വരണ്ടാന്നു പറഞ്ഞേക്ക്.”
മേരിക്കുട്ടി തിരിഞ്ഞിട്ട് അവളെ അമർഷത്തോടെ നോക്കികൊണ്ടു ചോദിച്ചു .
“പിന്നെന്തു ചെയ്യാനാ നിന്‍റെ ഉദ്ദേശ്യം? സന്യസിക്കാനോ? വയസാംകാലത്ത് നിന്നെ നോക്കാൻ ആരാ കൊച്ചേ ഉള്ളത് ?”
“ആരും നോക്കാനില്ലെങ്കില്‍ അഗതിമന്ദിരത്തില്‍ പോയി കിടക്കും.”
“തര്‍ക്കുത്തരം മാത്രമേ നിന്റെ വായീന്നു വരൂ!” മേരിക്കുട്ടി ദേഷ്യപ്പെട്ടു. “നിനക്കു നല്ലൊരു കുടുംബജീവിതം ഉണ്ടായിക്കാണാന്‍ എനിക്കാഗ്രഹമില്ലേ മോളേ? എനിക്കു നീയല്ലാതെ ഇനി ആരാ ഉള്ളത്?”
“ചേച്ചീടെ കുടുംബജീവിതം അമ്മ കണ്ടതല്ലേ? അങ്ങനൊരനുഭവമാ എനിക്കും ഉണ്ടാകുന്നതെങ്കിലോ?”
“ഒരാള്‍ക്കങ്ങനെ പറ്റിന്നു വച്ച് എല്ലാ ആണുങ്ങളും മോശമാന്നു ചിന്തിക്കരുത്.”
“ഞാന്‍ മനസമാധാനത്തോടെ ജീവിക്കുന്നതു കാണാനാണമ്മയുടെ ആഗ്രഹമെങ്കില്‍ അമ്മ ഒരു കാര്യം ചെയ്യണം. കല്യാണക്കാര്യം മാത്രം എന്നോടു പറയരുത്.”
“ഇത്ര രോഷം കൊള്ളാന്‍ മാത്രം എന്താ ഉണ്ടായേ? ജയിംസിനെ നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ട. വേറെ ആലോചിക്കാം.”
“ജയിംസിനെ എനിക്കറിയാം. നല്ല മനുഷ്യനാ . മനസുനിറയെ സ്നേഹവുമുണ്ട്. കാഴ്ചക്കും സുന്ദരനാ .പക്ഷേ… കല്യാണം കഴിഞ്ഞു കുറച്ചുനാള് കഴിയുമ്പം ഈ സ്നേഹവും അടുപ്പവുമൊക്കെ അങ്ങ് പോകും അമ്മെ .പിന്നെ ഭാര്യ ഒരു ബാധ്യതയായിട്ടു തോന്നും ഈ പറയുന്നവർക്കൊക്കെ . വേണ്ട.. അതാലോചിക്കണ്ട… ഞാൻ കല്യാണം കഴിക്കുന്നില്ല .”
“ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം എന്നൊക്കെ പറയുന്നതല്ലേ മോളേ ഒരു സ്ത്രീയുടെ സന്തോഷം? ഇപ്പം കല്യാണം വേണ്ടാന്നു തോന്നിയാലും കുറച്ചു കഴിയുമ്പം അതു തെറ്റായിപ്പോയീന്നു തോന്നും. ഒരമ്മയാകാനും കുഞ്ഞിനെ പ്രസവിക്കാനുമുള്ള മോഹം നിനക്കില്ലേ?”
ആ വാചകം ജാസ്മിന്റെ മനസിൽ തറച്ചു .എല്ലാ സ്ത്രീകളേയുംപോലെ തനിക്കും ആഗ്രഹമുണ്ടായിരുന്നു ഒരു കുഞ്ഞിനെ പ്രസവിക്കാനും ഓമനിച്ചു വളര്‍ത്താനും. അത് ടോണിയുടെ കുഞ്ഞായിരിക്കണമെന്നും ആഗ്രഹിച്ചു. പക്ഷേ…ടോണിയുമായുള്ള സ്നേഹബന്ധം മുറിഞ്ഞതോടെ ആ ആഗ്രഹം മനസിന്റെ കോണിൽ കുഴിച്ചുമൂടി . ഇപ്പോൾ മനസ് ശൂന്യമാണ് .

“നിന്‍റെ കല്യാണം നടന്നുകണ്ടെങ്കിലേ ഈ അമ്മയുടെ മനസിലെ തീയണയൂ മോളേ…! ഒരുപാട് ദുഃഖം അനുഭവിച്ചില്ലേ ഈ അമ്മ. ഇനിയെങ്കിലും ഈ അമ്മയ്ക്ക് സന്തോഷിക്കാന്‍ നീ ഒരവസരം താ…”
ജാസ്മിന്‍ ഒന്നും മിണ്ടാതെ കീഴ്പോട്ടു നോക്കി നിന്നതേയുള്ളൂ.
ഇടയ്ക്കു മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അമ്മയുടെ കണ്ണുകളിലെ യാചനാഭാവം അവള്‍ കണ്ടു.
“അമ്മയ്ക്കെന്നോടു ദേഷ്യം തോന്നുന്നുണ്ടോ?”
“ഒരമ്മയുടെ മനസിലെ പ്രയാസോം വേദനേം അറിയണമെങ്കിൽ നീയൊരമ്മയാകാണം “
മേരിക്കുട്ടിയുടെ ശബ്ദം ഇടറിയത് ജാസ്മിന്‍ ശ്രദ്ധിച്ചു. അവള്‍ക്കു പ്രയാസം തോന്നി.
അമ്മയെ വേദനിപ്പിച്ച് താനൊറ്റയ്ക്കു ജീവിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?
ജയിംസിനെ തനിക്ക് നന്നായി അറിയാം.
കാണാന്‍ സുന്ദരനാണ്. വിദ്യാഭ്യാസവുമുണ്ട്. ഇന്നുവരെ തന്നോടു മാന്യമായിട്ടേ അയാള്‍ പെരുമാറിയിട്ടുള്ളൂ! അയാളുടെ മനസില്‍ ഇങ്ങനൊയൊരാഗ്രഹമുണ്ടെന്ന് ഒരിക്കല്‍പ്പോലും സൂചിപ്പിച്ചിട്ടുമില്ല .ശൃംഗാര ഭാവത്തോടെ ഒന്ന് നോക്കിയിട്ടു പോലുമില്ല .
തന്‍റെ സൗന്ദര്യം കണ്ടുള്ള അഭിനിവേശമാണോ അയാള്‍ക്ക്? അതോ ഹൃദയത്തില്‍ നിന്നുടലെടുത്ത ആത്മാര്‍ത്ഥ സ്നേഹമോ?
അവളുടെ ചിന്തകള്‍ പലവഴിക്കും പാഞ്ഞു .
“ആലോചിക്കാനൊന്നുമില്ല മോളേ. നിനക്കു നല്ലൊരു ഭാവിയുണ്ടായിക്കാണാന്‍ അമ്മയ്ക്കാഗ്രഹമുണ്ടായിട്ടു പറഞ്ഞതാ.”
അവൾ മൗനം ദീക്ഷിച്ചതേയുള്ളൂ.
മേരിക്കുട്ടി പിന്നെയും കുറെ ഉപദേശിക്കുകയും ഗുണദോഷിക്കുകയും ചെയ്തു.
മറുപടി ഒന്നും പറയാതെ ജാസ്മിന്‍ വേഗം അവിടെനിന്നെണീറ്റു പോയി.

സന്ധ്യമയങ്ങിയപ്പോള്‍ ശേഖരപിള്ള വീണ്ടും വന്നു. മേരിക്കുട്ടിയും ജാസ്മിനുമുണ്ടായിരുന്നു വീട്ടില്‍.
കുശലാന്വേഷങ്ങൾക്കു ശേഷം , ചവച്ചരച്ചുകൊണ്ടിരുന്ന മുറുക്കാന്‍ കൈവിരലുകള്‍ക്കിടയിലൂടെ മുറ്റത്തേക്കു നീട്ടിയൊന്നു തുപ്പിയിട്ടു ശേഖരപിള്ള ജാസ്മിനെ നോക്കി.
“ഞാന്‍ രാവിലെ മോളുടെ അമ്മയോട് ഒരു കാര്യം പറഞ്ഞിരുന്നു. അമ്മ പറഞ്ഞായിരുന്നോ ?”
”ഉം ”
“അവര്‍ക്കു വലിയ താല്പര്യമാ . പ്രത്യേകിച്ച് ജയിംസിന് . വേറെ ഒരുപാട് ആലോചനകളു വരുന്നുണ്ട്. ഇവിടുത്തെ തീരുമാനമറിഞ്ഞിട്ടു വേറെ നോക്കിയാൽ മതീന്നാ അവരുടെ പ്ലാൻ ” ഒന്നു നിറുത്തിയിട്ടു പിള്ള തുടര്‍ന്നു. ”പുത്തന്‍പുരയ്ക്കല്‍കാരു പഴേ തറവാട്ടുകാരാ. പത്തിരുപത്തഞ്ച് ഏക്കർ ഭൂസ്വത്തുണ്ട്. രണ്ടാണും ഒരു പെണ്ണുമേ ഉള്ളൂ . ഇപ്പഴത്തെ സ്ഥിതിയനുസരിച്ച് ഒരു പത്തമ്പത് ലക്ഷം രൂപ സ്ത്രീധനം മേടിച്ചു കെട്ടാന്‍ ഒരു പ്രയാസോം ഇല്ല. പക്ഷേ മോളുടെ കാര്യത്തില്‍ അവരൊന്നും ഡിമാൻഡ് ചെയ്യുന്നില്ല. ഇഷ്ടമുള്ളതു കൊടുത്താല്‍ മതീന്ന് പറഞ്ഞു . ഇനി ഒന്നും കൊടുത്തില്ലേലും കുഴപ്പമില്ല . മോളെക്കുറിച്ചു ഈ നാട്ടിൽ എല്ലാർക്കും വലിയ മതിപ്പാണല്ലോ. പള്ളേലെ വികാരിയച്ചനും മോളെ സപ്പോർട്ട് ചെയ്തു. ജയിംസിന്റെ അപ്പൻ കഴിഞ്ഞവർഷം പള്ളിയിലെ കൈക്കാരനായിരുന്നല്ലോ ” .
ജാസ്മിന്‍ ഒന്നും മിണ്ടിയില്ല.
പുത്തന്‍പുരയ്ക്കല്‍ വീടിനെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ തുടർന്നുകൊണ്ടേയിരുന്നു ശേഖരപിള്ള. ഒടുവിൽ ചോദിച്ചു.
“ഞാനെന്നാ പറയണം അവരോട്?”
ജാസ്മിന്‍ മറുപടി ഒന്നും പറഞ്ഞില്ല.
മേരിക്കുട്ടി പറഞ്ഞു:
“കല്യാണംന്നൊക്കെ പറയുന്നത് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമല്ലേ പിള്ളചേട്ടാ . ഒന്ന് രണ്ടു ദിവസത്തിനകം തീരുമാനം പറയാന്നു പറ.”
“അവര്‍ക്ക് എത്രയും പെട്ടെന്നു നടത്തണമെന്നാ പ്ലാന്‍.”
“എങ്കില്‍ വേറെ ആലോചിച്ചോളാന്‍ പറ…”
എടുത്തടിച്ചപോലെ ജാസ്മിൻ അത്രയും പറഞ്ഞിട്ട് അകത്തേക്കു കയറിപ്പോയി.
ശേഖരപിള്ള മേരിക്കുട്ടിയെ നോക്കി സ്വരം താഴ്ത്തി ചോദിച്ചു.
“കുഞ്ഞിന് ഈ ആലോചന ഇഷ്ടമല്ലേ?”
“ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവളൊരു പ്രത്യേക സ്വഭാവക്കാരിയാ. സാവകാശം ഞാനവളോട് കാര്യങ്ങള്‍ പറഞ്ഞു സമ്മതിപ്പിച്ചുകൊള്ളാം .”
”ഈ ആഴ്ച തന്നെ തീരുമാനം പറയണം ”
”ഉം”
ശേഖരപിള്ള പോയപ്പോൾ മേരിക്കുട്ടി മുറിയില്‍ ചെന്ന് ജാസ്മിനെ അനുനയിപ്പിക്കാന്‍ നോക്കി.
ജാസ്മിന്‍ തീരുമാനം പറയാതെ മൗനമായി ഇരുന്നതേയുള്ളൂ.
” ഒരു നല്ല ആലോചന വന്നപ്പം അത് നിഷേധിച്ചാൽ ദൈവം പോലും നിന്നോട് പൊറുക്കുകേല . നോക്കിക്കോ നീ അനുഭവിക്കും. ”
ദേഷ്യപ്പെട്ടിട്ട് മേരിക്കുട്ടി എണീറ്റ് പോയി.
ജാസ്മിന് എന്ത് തീരുമാനം എടുക്കണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല .
പിറ്റേന്നു വായനശാലയില്‍ ചെന്നപ്പോള്‍ അവള്‍ ജയിംസിനെ കണ്ടു.
വല്ലാത്തൊരു ചമ്മൽ ഉണ്ടായിരുന്നു അയാളുടെ മുഖത്ത് . ഉള്ളിലെ പരിഭ്രമവും അങ്കലാപ്പും മുഖത്തു പ്രകടമായിരുന്നു. താൻ എന്തിനാടോ കല്യാണാലോചനയുമായി എന്‍റെ വീട്ടിലേക്ക് ആളെ പറഞ്ഞുവിട്ടതെന്നു ചോദിക്കുമോന്നുള്ള ആശങ്കയായിരുന്നു അവന്റെ മുഖത്ത്.
ജാസ്മിന്‍ ഒന്നും ചോദിച്ചില്ലെന്നു മാത്രമല്ല പതിവിലേറെ സ്നേഹത്തോടെ അവനോട് സംസാരിക്കുകയും ചെയ്തു . ആ സംസാരവും പെരുമാറ്റവും കണ്ടപ്പോള്‍ ജയിംസിന്‍റെ ഉള്ളിലെ ഭീതി അകന്നു. ജാസ്മിനു തന്നോടു പിണക്കമോ ദേഷ്യമോ ഇല്ലെന്നും സ്നേഹം കൂടിയിട്ടേ ഉള്ളൂ എന്നും അവനു മനസിലായി.
വായനശാലയില്‍ നിന്ന് പിരിയാന്‍നേരം തെല്ലു സങ്കോചത്തോടെ സ്വരം താഴ്ത്തി ജയിംസ് ചോദിച്ചു.
“ശേഖരപിള്ള എന്തെങ്കിലും പറഞ്ഞിരുന്നോ ?”
“ഉം…” മൂളിയതല്ലാതെ കൂടുതൽ ഒന്നും അവൾ പറഞ്ഞില്ല .
“പരിചയപ്പെട്ടപ്പം മുതല്‍ മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാ. തെറ്റാണെങ്കില്‍ ക്ഷമിക്കുക. .”
ജാസ്മിൻ അയാളുടെ മുഖത്തേക്കു നോക്കി തെല്ലുനേരം നിന്നു . ജെയിംസ് വല്ലാതായി.
“നന്നായി ആലോചിച്ചിട്ടാണോ ജയിംസ് ഇങ്ങനെയൊരു തീരുമാനമെടുത്തത്?”
“അതെ…”
“എത്ര കാലത്തേയ്ക്കുണ്ടാവും ഈ സ്നേഹവും ഇഷ്ടവും ?”
“മരിക്കുന്നതുവരെ…”
“എന്നെക്കുറിച്ചെന്തറിയാം ജയിംസിന്? ഇവിടെ വന്നതിനു ശേഷമുള്ള പരിചയമല്ലേ നമ്മള്‍ തമ്മിലുള്ളൂ? മുന്‍പ് ഞാനാരായിരുന്നു, എന്തായിരുന്നു എന്നൊക്കെ അന്വേഷിച്ചിട്ടുണ്ടോ? എടുത്തുചാടി ഒരു തീരുമാനമെടുത്തിട്ട് പിന്നീട് വിഷമിക്കുന്നതിനേക്കാള്‍ നല്ലത് ശരിക്കും മനസിലാക്കിയിട്ട് ഒരു തീരുമാനമെടുക്കുന്നതല്ലേ?”
“ഒക്കെ ഞാൻ അന്വേഷിച്ചിട്ടാ തീരുമാനമെടുത്തത്.”
“അന്വേഷിച്ചിട്ട് എന്ത് മനസിലായി ?”
“ഡോക്ടര്‍ ടോണിയുമായി അടുപ്പത്തിലായിരുന്നെന്നും ആ ബന്ധം മുറിഞ്ഞപ്പോള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും ഒടുവില്‍ വീടും പുരയിടോം വിറ്റ് ഈ മലമുകളിലേക്ക് താമസം മാറ്റീന്നും മനസിലായി …”
ജാസ്മിന്‍ അതിശയത്തോടെ നോക്കിനിന്നുപോയി.
ജയിംസ് എല്ലാം അറിഞ്ഞിരിക്കുന്നു! താന്‍ വിചാരിച്ചതുപോലുള്ള ആളല്ല ഈ മനുഷ്യന്‍! തന്നെക്കുറിച്ച് ഗൗരവമായി പഠിക്കുകയും മനസിലാക്കുകയും ചെയ്തിരിക്കുന്നു!
”ആര് പറഞ്ഞു ഈ കഥകളൊക്ക?”
”ചിത്തിരപുരത്തു എനിക്ക് പരിചയക്കാരുണ്ട് ”
”അത് മാത്രമാവില്ലല്ലോ കേട്ടത് . ഞാൻ പ്രഗ്‌നന്റ് ആയീന്നും ടോണി കയ്യൊഴിഞ്ഞപ്പോൾ അബോർഷൻ നടത്തീന്നുമൊക്കെ പറഞ്ഞിട്ടുണ്ടാവുമല്ലോ ആളുകൾ ”
” അങ്ങനെയും ചിലർ പറഞ്ഞു ”
” അതൊക്കെ കേട്ടിട്ടും എന്നെ കല്യാണം കഴിക്കണമെന്നു തോന്നീതെന്താ ?”
” കഥകളൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല. കുറെ നാളായില്ലേ ഞാൻ ജാസ്മിനെ കാണാൻ തുടങ്ങിയിട്ട് ”
“കേട്ടത്‌ മുഴുവൻ കഥയല്ല ജെയിംസ് . അതിൽ കുറച്ചു സത്യമുണ്ട് . ആ സത്യം ഞാൻ പറയാം ”
വള്ളി പുള്ളി തെറ്റാതെ അവൾ എല്ലാ സംഭവങ്ങളും അവനോട് തുറന്നു പറഞ്ഞു . ഒടുവിൽ ഇങ്ങനെ പറഞ്ഞു നിറുത്തി :
”ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് അന്നു ഞാന്‍ മനസില്‍ പ്രതിജ്ഞയെടുത്തതാ.”
“കഴിഞ്ഞതൊക്കെ ഒരു ദുഃസ്വപ്നമായിട്ടു കരുതി എനിക്ക് വേണ്ടി തീരുമാനം മാറ്റിക്കൂടേ ?”
ജാസ്മിൻ ഒന്നും മിണ്ടിയില്ല .
”ഒരുപക്ഷേ നമ്മള്‍ കണ്ടുമുട്ടിയത് ദൈവനിയോഗമായിരിക്കാം.”
“അങ്ങനെ വിശ്വസിക്കുന്നുണ്ടോ ജയിംസ്?”
“തീര്‍ച്ചയായും.”
“കല്യാണം കഴിഞ്ഞു കുറെനാളു കഴിയുമ്പം ഇതൊരു ദൈവശാപമായിരുന്നൂന്നു തോന്നിയാല്‍…?”
“അങ്ങനെ തോന്നുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനുമാത്രം വലിയ തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ.”
ജാസ്മിന്‍ ഒന്നു മിണ്ടാതെ തെല്ലുനേരം ആലോചനയിലാണ്ടു.
“ധൃതിപിടിച്ച് ഒരു തീരുമാനമെടുക്കേണ്ട. എന്നേക്കുറിച്ച് നന്നായി അന്വേഷിച്ചിട്ട് ഒരു തീരുമാനമെടുത്താല്‍ മതി. വരട്ടെ “
അതു പറഞ്ഞിട്ട് ജയിംസ് വേഗം നടന്നകന്നു. അവൻ പോകുന്നത് നോക്കി അവൾ അവിടെ തന്നെ നിന്നു.
വീട്ടില്‍വന്നു ജാസ്മിന്‍ ഗഹനമായി ആലോചിച്ചു.
ജയിംസിന് എന്തു മറുപടി കൊടുക്കണം? അയാള്‍ തനിക്കു ചേരുന്ന ഭര്‍ത്താവാണോ?
സംസാരവും ഇടപെടലുമെല്ലാം അങ്ങേയറ്റം മാന്യതയോടെയാണ്. ഉള്ളില്‍ തന്നോട് ഒരുപാട് സ്നേഹവുമുണ്ട് .പിന്നെന്തിന് താനയാളെ അകറ്റിനിറുത്തണം?
തനിക്കും വേണ്ടേ ഒരു ദാമ്പത്യജീവിതം? ഒരു പുരുഷന്റെ സ്നേഹവും സ്പർശനവും അനുഭവിക്കേണ്ടേ ?
കെട്ടിപ്പിടിച്ചൊന്നു കിടന്നുറങ്ങണ്ടേ ?
അമ്മയ്ക്ക് ഈ ആലോചന ഒരുപാട് ഇഷ്ടമാണ്. അമ്മ പറഞ്ഞതുപോലെ, വയസാം കാലത്ത് അമ്മയെ സംരക്ഷിക്കാന്‍ ഒരാളുവേണ്ടേ? കുടുംബം അന്യംനിന്നുപോകാതിരിക്കാന്‍ ഒരു സന്തതി വേണ്ടേ?
സമ്മതം മൂളാം.
ഈ വിവാഹത്തിന് ഇഷ്ടമാണെന്ന് അമ്മയോട് തുറന്നു പറയാം. അമ്മക്കും സന്തോഷമാവട്ടെ
ഉറങ്ങുന്നതിനുമുമ്പ് അവള്‍ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here