Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 2

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 2

1593
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 2

സുമിത്ര ഒരു ടീച്ചറാകാൻ പോകുന്നു!
ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല അവള്‍ക്ക്! ജയദേവന്‍ കളിപറയുകയാണെന്നേ കരുതിയുള്ളൂ.
“നേരാണോ ജയേട്ടാ? അതോ എന്നെ പറ്റിക്കാൻ പറയുന്നതാണോ ?”
അതിനു മറുപടിയായി ജയദേവന്‍ പോക്കറ്റില്‍ നിന്ന് അപ്പോയ്ന്‍റ്മെന്‍റ് ഓര്‍ഡര്‍ എടുത്തു നീട്ടി.
അതിലൂടെ കണ്ണോടിച്ചതും സുമിത്രയ്ക്ക് സന്തോഷം അണപൊട്ടി.
ചങ്ങനാശേരിക്കടുത്തുള്ള എയ്ഡഡ് സ്കൂളില്‍ ഇന്റർവ്യൂവിനു പോകുമ്പോള്‍ ഒട്ടും പ്രതീക്ഷയില്ലായിരുന്നു ആ ജോലി കിട്ടുമെന്ന്.
കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളല്ലേ, ക്രിസ്ത്യാനികളെയല്ലേ നിയമിക്കൂ എന്നായിരുന്നു ധാരണ.
എന്തായാലും ദൈവാനുഗ്രഹമായി .
ഇടതുകൈയില്‍ പുസ്തകവും വലതുകൈയില്‍ ഡസ്റ്ററുമായി സ്‌കൂൾ വരാന്തയിലൂടെ ക്ലാസിലേക്ക് പോകുന്ന രംഗം അവള്‍ ഭാവനയിൽ കണ്ടു. മാസാമാസം അക്വിറ്റൻസ് രജിസ്റ്ററില്‍ ഒപ്പിട്ടിട്ട് ശമ്പളം വാങ്ങി എണ്ണി നോക്കുമ്പോള്‍ എന്തൊരു സന്തോഷമായിരിക്കും മനസിന്!
സ്വന്തമായി ഒരു സമ്പാദ്യം ഏതൊരു സ്ത്രീയുടെയും സ്വപ്നമല്ലേ?
അപ്പോയ്ന്‍റ്മെന്‍റ് ഓര്‍ഡറിലേക്ക് നോക്കി സ്ഥലകാല ബോധം മറന്ന് അവള്‍ കണ്ണിമയ്ക്കാതെ നില്‍ക്കുന്നത് കണ്ടപ്പോൾ ജയന്‍ ചോദിച്ചു.
“ഏയ് ..,ഇവിടെങ്ങുമല്ലേ ആള് ?”
” ഞാൻ ഒരു സ്‌കൂൾ ടീച്ചറായി അങ്ങ് ചങ്ങനാശേരിക്ക് പോയി ജയേട്ടാ ഒരുനിമിഷ നേരം ”
“എന്‍റെ ഒരു ഫ്രണ്ടിന്‍റെ റെക്കമെന്‍റേഷനിൽ കിട്ടീതാ. എം എ ക്കു ഹൈ ഫസ്റ്റ് ക്ലാസുണ്ടായിരുന്നതുകൊണ്ട് അവർ ജാതിയും മതവുമൊന്നും നോക്കിയില്ല. “
“ആ ഫ്രണ്ടിനോട് എന്‍റെ നന്ദി പറഞ്ഞേരെ കേട്ടോ.”
സന്തോഷാധിക്യത്താല്‍ ഈറനണിഞ്ഞ കണ്ണുകള്‍ അവള്‍ കൈകൊണ്ട് ഒപ്പി.
“ഇപ്പം യു.പി.യിലാ നിയമനം. ഹൈസ്കൂളില്‍ വേക്കന്‍സി വരുമ്പം അങ്ങോട്ടു പ്രൊമോഷൻ തരും . പുതിയ പോസ്റ്റായതുകൊണ്ട് ശമ്പളം കിട്ടാന്‍ കുറച്ചു വൈകുമെന്ന് എച്ച്.എം. പറഞ്ഞു.”
“എത്ര വൈകിയാലും വേണ്ടില്ല . ഒരു ജോലിയായല്ലോ.”
“ശമ്പളം കിട്ടിക്കഴിയുമ്പം ഒരടിപൊളി പാര്‍ട്ടി നടത്തണം കേട്ടോ ” – ജയൻ പറഞ്ഞു.
“അതു പിന്നെ പ്രത്യേകം പറയണോ ജയേട്ടാ. ആദ്യത്തെ ശമ്പളം കിട്ടുമ്പം അതു മുഴുവന്‍ നമുക്കടിച്ചുപൊളിചേക്കാന്നേ.”
അജിത്ത് കൈയടിച്ച് അവന്റെ സന്തോഷം പ്രകടിപ്പിച്ചു.
സുമിത്ര തുടർന്നു :
“ഒന്നാം തീയതി ജോയിന്‍ ചെയ്യണമെന്നാ ഇതില്‍ പറഞ്ഞിരിക്കുന്നത്. ഇനി പത്തു ദിവസം കുടിയേയുള്ളൂ. അവിടെ താമസിക്കാനുള്ള സൗകര്യം?”
“സ്കൂളിനടുത്ത് ഒരു ഹോസ്റ്റലുണ്ട്. കന്യാസ്ത്രീകള്‍ നടത്തുന്നതാ. സ്കൂളിലെ ചില ടീച്ചേഴ്സ് അവിടാ താമസിക്കുന്നത്.” ജയൻ പറഞ്ഞു
അതുകേട്ടയുടനെ സരസ്വതി പറഞ്ഞു:”എന്നാ അതു മതി. അവിടാകുമ്പം പേടിക്കാതെ കിടക്കാം. മിണ്ടാനും പറയാനും ആളുമുണ്ട്.”
“ജയേട്ടന്‍ പോയി അക്കോമൊഡേഷനൊക്കെ ഒന്ന് ശരിയാക്കണം.”
സുമിത്ര പറഞ്ഞു.
“അതൊക്കെ ഞാനേറ്റു ” – ജയദേവന്‍ പറഞ്ഞു. “മുപ്പതാം തീയതി ഉച്ചകഴിഞ്ഞ് പുറപ്പെടണം. കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം പാക്കുചെയ്ത് റെഡിയായി നിന്നേക്ക് . ഉച്ചയാകുമ്പോഴേക്കും ഞാനിങ്ങെത്തിയേക്കാം.”
“ഉം.”
സുമിത്ര തലകുലുക്കി.
“ഇനി ഇവള്‍ക്ക് ഒന്നാം തീയതി വരെ ഉറക്കമുണ്ടാവില്ല” – സരസ്വതി പറഞ്ഞു.
“നേരാ ജയേട്ടാ. ഉറക്കം വര്യേല എനിക്ക്. മനസില് ഒരുപാട് സന്തോഷം വരുമ്പം ഉറങ്ങാന്‍ പറ്റ്വോ ആര്‍ക്കെങ്കിലും?”
“ഒറങ്ങാതെയിരുന്നിട്ട് കുട്ടികളുടെ മുമ്പില്‍ പോയി നിന്ന് ഉറക്കം തൂങ്ങരുത്. അവിടത്തെ എച്ച്.എം. ഭയങ്കര സ്ട്രിക്റ്റാ. പോലീസുകാരെപ്പോലെ ചൂരലും ചുഴറ്റി എപ്പഴും റൗണ്ടടിക്കും.”
“ജയേട്ടന്‍ പേടിക്കേണ്ട.” സുമിത്ര പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഒരു കുട്ടിയും എന്‍റെ ക്ലാസു മോശാന്നു പറയില്ല. അവരെ എങ്ങനെ കൈയിലെടുക്കണമെന്നെനിക്കറിയാം. പഠിക്കുന്ന കുട്ടികളാണെങ്കില്‍ നല്ല രസാ ക്ലാസെടുക്കാന്‍.”
“വിളഞ്ഞ വിത്തുകളുണ്ടെങ്കില്‍ ചേച്ചീടെ തല അവരെടുക്കും.”
അജിത്ത് പറഞ്ഞു.
“നിന്നെപ്പോലെ വിളഞ്ഞതൊന്നും കാണുകേല.”
ആ കളിയാക്കല്‍ ഇഷ്ടപ്പെട്ടില്ല അജിത്തിന്
“ഓ… ഒരു ടീച്ചറമ്മ വന്നിരിക്കുന്നു. ജോലിക്ക് കേറുന്നേനു മുമ്പേ വല്യ ഗമയായി.”
“ഗമയാണേല്‍ നീ കൊണ്ടെ കേസുകൊടെടാ.”
ഒന്നും രണ്ടും പറഞ്ഞ് അവര്‍ വഴക്കായി. വഴക്കുമൂത്തപ്പോള്‍ സരസ്വതി ഇടപെട്ടു.
“നീയിത്രേം വളര്‍ന്ന പെണ്ണല്ലേ? അവനെന്തെങ്കിലും പറഞ്ഞെന്നു വച്ച് കെടന്നു തുള്ളുകാ?”
സുമിത്ര പിന്നെ ഒന്നും മിണ്ടിയില്ല.
ജയദേവന്‍ എല്ലാം കണ്ടു ചിരിക്കുകയായിരുന്നു.
ഒരു വീടായാല്‍ അല്‍പം ഒച്ചയും ബഹളവുമൊക്കെ വേണം. എങ്കിലേ വീടിനു ജീവനുണ്ടാകൂ. താൻ ഒറ്റപുത്രനായതുകൊണ്ട് അങ്ങനെയൊരു സന്തോഷം അനുഭവിക്കാനുള്ള യോഗമില്ല. ഇവിടെ എന്തൊരു രസമാണ് ജീവിതം .
അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ പുറത്തു കാല്‍പ്പെരുമാറ്റം! ജയന്‍ തിരിഞ്ഞുനോക്കി. ശശികലയാണ്.
“കൂട്ടുകാരി വന്നല്ലോ?” ജയദേവന്‍ പറഞ്ഞു: “ഒരു വാലുപോലെ എപ്പഴും കൂടെയുണ്ടല്ലേ കക്ഷി?”
“പതുക്കെ പറ. അവളു കേൾക്കും.”
“എന്തിനാ ഇതിങ്ങനെ എപ്പഴും നിഴലു പോലെ പിറകെ നടക്കുന്നേ?”
ജയന്‍ സ്വരം താഴ്ത്തി ചോദിച്ചു.
” ശുദ്ധ പാവമാ ജയേട്ടാ. . മനസിൽ ഒരു കളങ്കവുമില്ലാത്ത പെണ്ണ് ”
ജയദേവനെ കണ്ടതും ശശികല തിരിഞ്ഞ് പിന്നാമ്പുറത്തേക്കു പോയി.
“എന്നെ കണ്ടതേ പിറകിലേക്ക് വലിഞ്ഞല്ലോ കക്ഷി?”
“ഞാൻ പറഞ്ഞില്ലേ പാവമാ . അവളാ ആ കുടുംബം കൊണ്ടുപോകുന്നത് ”
കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് സുമിത്ര എണീറ്റ് അടുക്കളയിലേക്ക് ചെന്നു.
ആ സമയം സരസ്വതിയുടെ സമീപത്തുണ്ടായിരുന്നു ശശികല. ഗ്ലാസിലേക്ക് ചായ പകരുകയായിരുന്നു അവള്‍.
“വന്നു കേറീതേ അടുക്കളഭരണം ഏറ്റെടുത്തോ?”
സുമിത്ര ചെന്ന് അവളുടെ തോളില്‍ കൈവച്ചു.
“അങ്ങനാ സ്നേഹമുള്ള പെമ്പിള്ളേര്.”
സരസ്വതി അവളെ പുകഴ്ത്തി .
“എന്നാ ഞാന്‍ പോയി കഴിയുമ്പം അമ്മ ഇവളെ ഇവിടെയങ്ങു നിറുത്തിക്കോ. അമ്മയ്ക്കൊരു കൂട്ടുമാകും. അടുക്കളപ്പണീം നടക്കും.”
“എങ്ങോട്ടു പോകുമ്പം?”
ശശികല ആകാംക്ഷയോടെ നോക്കി.
“ഇവള്‍ക്കൊരു ജോലി കിട്ടി മോളേ. ടീച്ചറായിട്ട്. അതിന്‍റെ സന്തോഷത്തിലാ ഇപ്പം.”
“ഉവ്വോ? എവിടെയാ?”
സുമിത്ര എല്ലാം വിശദമായി പറഞ്ഞു.
ശശികലയുടെ കണ്ണുകള്‍ നിറയുകയായിരുന്നു അപ്പോൾ .
എന്തൊരു ഭാഗ്യവതിയാണ് സുമിത്ര! ദൈവം അവള്‍ക്കു മാത്രം എല്ലാ സൗഭാഗ്യവും കൊടുക്കുന്നതെന്തേ? തന്റെ ജീവിതം നരകത്തിൽ നിന്ന് നരകത്തിലേക്ക് താഴ്ന്നുപോയിക്കൊണ്ടിരിക്കുന്നു .
“നീ കരയ്വാണോ?”
സുമിത്ര അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“ഹേയ്… ഇതു സന്തോഷത്തിന്‍റെ കണ്ണീരാ.”
പുഞ്ചിരി വരുത്തിയിട്ട് അവള്‍ കണ്‍കോണുകളിലെ മിഴിനീര്‍ തുടച്ചു.
ഹൃദയം നുറുങ്ങിപ്പോകുന്ന വേദനയായിരുന്നു ശശികലയ്ക്കപ്പോൾ.
സുമിത്ര പോയാൽ തന്നെ സഹായിക്കാനും സമാധാനിപ്പിക്കാനും പിന്നെ ആരുണ്ട്?
സങ്കടം അണപൊട്ടാതിരിക്കാന്‍ അവള്‍ ഏറെ പണിപ്പെട്ടു. അത് സുമിത്ര ശ്രദ്ധിച്ചു.
“ഞാന്‍ പോയാലും എല്ലാ ശനിയാഴ്ചയും ഇവിടെ പാഞ്ഞെത്തും . എനിക്കെന്‍റെ അമ്മേം കൂട്ടുകാരിയേം കാണാതിരിക്കാന്‍ പറ്റ്വോ?”
ശശികലയുടെ മിഴിയില്‍നിന്ന് ഒരു തുള്ളി കണ്ണീര്‍ അടര്‍ന്ന് തറയില്‍ വീണു. അതു മറ്റാരും കണ്ടില്ല.
സുമിത്ര ഒരു ഗ്ലാസ് ചായ എടുത്തുകൊണ്ടുപോയി ജയദേവനു കൊടുത്തു.
അപ്പോഴേക്കും സരസ്വതി ഒരു പ്ലേറ്റില്‍ പലഹാരങ്ങളുമായി എത്തി.
പുറത്ത് ഇരുട്ടുവീണിരുന്നു അപ്പോള്‍!
സുമിത്ര അടുക്കളയില്‍ ചെന്ന് അരിയും പലവ്യഞ്ജനങ്ങളുമെടുത്ത് കടലാസില്‍ പൊതിഞ്ഞ് ശശികലയ്ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു:
“വേഗം കൊണ്ടുപോയി കഞ്ഞിവച്ചുകൊടുക്ക്. നേരം ഒരുപാടായി. വേഗം പൊക്കോ “
“ഉം.”
ശശികല തലയാട്ടി.
“തനിയെ പോകാന്‍ പേടിയുണ്ടോ?”
“ഇല്ല.”
“ഇരുട്ടായില്ലേ! ഞാന്‍ ടോര്‍ച്ചെടുത്തു തരാം.”
സുമിത്ര കിടുപ്പുമുറിയില്‍ ചെന്ന് ടോര്‍ച്ച്ചെടുത്തുകൊണ്ടുവന്ന് ശശികലയ്ക്കു കൊടുത്തു.
“ഈ സ്നേഹം എനിക്കൊരിക്കലും മറക്കാൻ പറ്റില്ലാട്ടോ.”
“സ്നേഹപ്രകടനം ഒക്കെ പിന്നെയാകാം . വേഗം പൊയ്ക്കോ. നേരം ഒരുപാടായി.”
“ഉം.”
പടിയിറങ്ങി നടന്നു അവള്‍.
സുമിത്ര തിരികെ ഡൈനിംഗ് റൂമിലേക്ക് വന്നു.
“പറഞ്ഞുവിട്ടോ കൂട്ടുകാരിയെ?”
ജയന്‍ ചോദിച്ചു.
“ഉം…”
ജയദേവന്‍റെ അടുത്ത് കസേര വലിച്ചിട്ടിരുന്നു അവള്‍.


പിറ്റേന്ന് ബുധനാഴ്ച !
ഉച്ചയൂണ് കഴിച്ചിട്ട് പോകാനായി ജയദേവന്‍ വേഷം മാറി.
എല്ലവരോടും യാത്രപറഞ്ഞിട്ട് അയാള്‍ വെളിയിലേക്കിറങ്ങി കാറില്‍ കയറി.
കാര്‍ സ്റ്റാര്‍ട്ടുചെയ്തതും പോകല്ലേ എന്നു വിളിച്ചു കൊണ്ട് സുമിത്ര അകത്തുനിന്ന് ഓടിവന്നു.
അവളുടെ കൈയില്‍ ഒരു ഇലഞ്ഞിപ്പൂമാല ഉണ്ടായിരുന്നു.
മാല ജയദേവനു നീട്ടിക്കൊണ്ടവള്‍ പറഞ്ഞു:
“ഇതിവിടെ തൂക്കിയിട്ടാല്‍ നല്ല സുഗന്ധമായിരിക്കും കാറിനകത്ത്.”
“താങ്ക് യൂ.”
മാല വാങ്ങി ഒന്നു മണത്തിട്ട് ജയദേവന്‍ അത് കാറിന്‍റെ അകത്തു തൂക്കിയിട്ടു. പിന്നെ, മുന്‍വാതില്‍ തുറന്നുകൊടുത്തിട്ട് സുമിത്രയോട് അകത്തേക്ക് കയറാന്‍ ആവശ്യപ്പെട്ടു.
“എന്തിനാ?”
“കേറ്, ഒരു സ്വകാര്യം പറയാനുണ്ട്.”
“അമ്മേ, ഞാനിപ്പ വരാം.”
അതു പറഞ്ഞതും അവൾ അകത്തുകയറിയതും ഒപ്പമായിരുന്നു.
ഡോർ അടഞ്ഞു. ജയന്റെ ഇടതുവശത്തുള്ള സീറ്റിൽ അവളിരുന്നു. കാറു സാവധാനം മുമ്പോട്ടുരുണ്ടു. ഗേറ്റുകടന്ന് അതു റോഡിലേക്കിറങ്ങി.
“അതേയ്… ഈ ജോലി വാങ്ങിത്തന്നേന് എനിക്കെന്താ സമ്മാനം തര്വാ?”
ജയന്‍ ആരാഞ്ഞു.
“എന്നെ മുഴുവനായിട്ടങ്ങു തര്വല്ലേ ജയേട്ടാ…”
അവള്‍ സ്റ്റിയറിംഗില്‍ വലതുകൈ എടുത്തുവച്ചിട്ട് തുടര്‍ന്നു.
“ഇതോടിക്കാന്‍ എന്നെക്കൂടിയൊന്നു പഠിപ്പിക്കണം ട്ടോ.”
“കല്യാണം കഴിയട്ടെ. എല്ലാം പഠിപ്പിച്ചുതരാം.”
ജയദേവന്‍ കാറിന്‍റെ സ്പീഡ് അല്പം കൂട്ടി.
“എന്തു കാര്യം പറയാനാ എന്നെ വിളിച്ചു ഇതില് കേറ്റീത്?”
“പറയട്ടെ?”
“ഉം…”
പൊടുന്നനേ ജയദേവന്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് കവിളില്‍ ഒരു ചുംബനം നല്‍കി.
സുമിത്ര കുതറി മാറിയിട്ട്, കണ്ണുരുട്ടി, മുഖം കറുപ്പിച്ച് ജയദേവനെ നോക്കി.
“വണ്ടി ഓടിച്ചോണ്ടിരിക്കുമ്പഴാ ഒരു കുസൃതിത്തരം! റോഡാ, മനുഷ്യരുണ്ട് എന്ന ചിന്തപോലുമില്ല.”
വലതുകൈകൊണ്ട് കവിള്‍ത്തടം തൂത്തിട്ടു അവള്‍ കണ്ണുരുട്ടി പിണക്കം ഭാവിച്ചു .
“പിണങ്ങിയോടോ?”
അതിനു മറുപടി പറഞ്ഞില്ല . മുഖം വീർപ്പിച്ചു തന്നെ ഇരുന്നു അവൾ .
“സോറീടോ.”
“എന്തു സോറി?” ദേഷ്യഭാവത്തിൽ ജയനെ നോക്കിക്കൊണ്ട് അവള്‍ തുടര്‍ന്നു: “വേണ്ടാതീനം കാണിച്ചിട്ട് സോറി പറഞ്ഞാ മതീല്ലോ.”
“ഇതൊക്കെയല്ലേ മോളേ ഒരു സന്തോഷം “
“ഈ സന്തോഷമൊക്കെ കല്യാണം കഴിഞ്ഞിട്ടു മതി.”
“എന്നാ പറ. എന്നാ കല്യാണം?”
“ആദ്യത്തെ ശമ്പളം കിട്ടിക്കഴിഞ്ഞിട്ട്.”
“ഷുവർ ?”
“ഷുവർ “
“എന്നാ ഞാനച്ഛനോട് പറഞ്ഞേക്കട്ടെ?”
“ഉം.”
ജയദേവന്‍ കാറുനിറുത്തി.
“എന്നാ ഇറങ്ങിക്കോ.”
“ഇതിനായിരുന്നു എന്നെ വിളിച്ചുകേറ്റീത് അല്ലേ ? പേരും കള്ളൻ! കുസൃതിത്തരം മാത്രേ കൈയിലുള്ളൂ.”
ജയദേവന്‍റെ തലയിൽ ഒരിടി കൊടുത്തിട്ട് അവള്‍ വേഗം ഡോര്‍ തുറന്ന് പുറത്തിറങ്ങി.
“അപ്പോ… പറഞ്ഞതുപോലെ മുപ്പതാം തീയതി പോകാൻ റെഡിയായി നിന്നോണം ” ജയൻ ഓർമ്മിപ്പിച്ചു
“ഉം.”
സുമിത്ര കൈ ഉയര്‍ത്തി റ്റാറ്റാ പറഞ്ഞു
ജയ ദേവൻ കാർ ഓടിച്ചുപോയി.


മുപ്പതാം തീയതി ഉച്ചകഴിഞ്ഞ നേരം!
കണ്ണാടിയുടെ മുമ്പില്‍ നിന്ന് അണിഞ്ഞൊരുങ്ങുകയാണ് സുമിത്ര. തൊട്ടടുത്തു ശശികലയുമുണ്ട്.
ജയദേവനും അജിത്തും കൂടി ബാഗും സാമാനങ്ങളുമൊക്കെയെടുത്ത് കാറില്‍ വയ്ക്കുകയാണ്.
സരസ്വതി അടുക്കളയില്‍ ചായ ഉണ്ടാക്കുന്നു.
“ഒന്നു വേഗാവട്ടെടോ?”
വാതില്‍ക്കല്‍ വന്നു നിന്ന് ജയദേവന്‍ ധൃതികൂട്ടി .
“ഇതാ വന്നുകഴിഞ്ഞു.”
തിടുക്കത്തിൽ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അവള്‍ വെളിയിലേക്കിറങ്ങിവന്നു. പിന്നാലെ ശശികലയും.
വിലകൂടിയ ചുരിദാറായിരുന്നു സുമിത്രയുടെ വേഷം.
ഇത്രയും സുന്ദരിയായി മുന്‍പൊരിക്കലും ഇവളെ കണ്ടിട്ടില്ലെന്ന് ജയദേവന്‍ ഓര്‍ത്തു.
“ഇപ്പം കണ്ടാല്‍ ഐശ്വര്യ റായിയെപ്പോലുണ്ട് .”
ജയദേവന്‍റെ കമന്‍റുകേട്ട് സുമിത്ര ഒരു മുഴം ഉയര്‍ന്നു.
“ഓ, ഒരു ഐശ്വര്യറായി. സുകുമാരിച്ചേച്ചിയെപ്പോലെയാ എനിക്കു തോന്നുന്നത്. ” അജിത്ത് കളിയാക്കി.
“നീ പോടാ…”
സുമിത്ര അവനെ ഒന്ന് തള്ളിയിട്ട് കാറിനടുത്തേക്ക് വന്നു.
അപ്പോഴേക്കും ഒരു ട്രേയില്‍ ചായയുമായി അകത്തുനിന്നു സരസ്വതി വന്നു.
എല്ലാവരും ഓരോ കപ്പ് ചായ എടുത്തു.
“ചെന്നാലുടനെ ഫോണ്‍ വിളിക്കണം, കേട്ടോ മോളേ.”
സരസ്വതി ഓര്‍മിപ്പിച്ചു.
സുമിത്ര തലകുലുക്കി. എന്നിട്ടു ശശികലയെ നോക്കി അവൾ .
അല്‍പം മാറി, ആരും കാണാതെ ഒരു തൂണിനു മറവില്‍ നിന്ന് ശബ്ദമില്ലാതെ കരയുകയാണ് ശശികല.
സുമിത്ര ഓടി അവളുടെ അടുത്തുചെന്നു കരം പുണര്‍ന്നു.
“നീ ഇവിടെ ഒളിച്ചു നിന്നു കരയ്വാണോ. ഇങ്ങനാണോ കൂട്ടുകാരിയെ യാത്രയാക്കുന്നത്?”
തിടുക്കത്തില്‍ കണ്ണുകളൊപ്പിയിട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു ശശികല .
“നീ വാ…”
അവളുടെ കൈപിടിച്ചുകൊണ്ട് സുമിത്ര ജയദേവന്‍റെ അടുത്തേക്കു ചെന്നു.
“ജയേട്ടാ… ഇവള്‍ക്കുകൂടി എന്തെങ്കിലും ഒരു ജോലി വാങ്ങിക്കൊടുക്ക്വോ? ഇവളെ രക്ഷിച്ചാൽ ജയേട്ടന് നൂറു പുണ്യം കിട്ടും.”
“നോക്കാം. നീ കേറ്.”
ജയദേവന്‍ കാറിന്‍റെ ഡോര്‍ തുറന്നുകൊടുത്തു.
“നീ നന്നായി പഠിച്ചോണം. കേട്ടോടാ. കളിച്ചുനടന്നു സമയം കളയരുത്.”
അജിത്തിനെ ഉപദേശിച്ചിട്ട് എല്ലാവരോടും യാത്രചോദിച്ച് സുമിത്ര കാറിലേക്ക് കയറി.
ഡ്രൈവര്‍ സീറ്റില്‍ ജയദേവന്‍ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
കൈവീശി എല്ലാവരും അവള്‍ക്കു യാത്രാമംഗളം നേര്‍ന്നു.
കാര്‍ സാവധാനം ഗേറ്റുകടന്ന് റോഡിലേക്കുരുണ്ടു.
ശശികല ഇടതുകൈകൊണ്ട് മുഖംപൊത്തി ഏങ്ങിയേങ്ങി കരയുകയായിരുന്നു അപ്പോള്‍.


കാര്‍ ചങ്ങനാശേരി ടൗണിലെത്തിയപ്പോള്‍ മണി അഞ്ച് . സുമിത്ര ജയദേവനോട് ചോദിച്ചു:
“ഇനി എത്രദൂരമുണ്ട് ഹോസ്റ്റലിലേക്ക്?”
“എട്ടുപത്തു കിലോമീറ്ററു കാണും “
ടൗണിലെ ഹോട്ടലില്‍ കയറി ഓരോ മസാലദോശയും ചായയും കഴിച്ചിട്ട് യാത്ര തുടര്‍ന്നു അവര്‍.
“ഹോസ്റ്റലിലെ ഭക്ഷണമൊക്കെ എങ്ങനെയാണോ?”
സുമിത്ര ആരോടൊന്നില്ലാതെ പറഞ്ഞു.
ജയദേവന് ഉള്ളില്‍ ചിരി വന്നുപോയി.
കുറെദൂരം ഓടിയിട്ട് കാര്‍ ഒരു രണ്ടുനില വീടിന്റെ മുറ്റത്തു വന്നു നിന്നു.
“ഇതാണോ ഹോസ്റ്റല്‍?”
സുമിത്ര ചുറ്റുപാടും നോക്കി.
“ഇവിടെ ഹോസ്റ്റലും മണ്ണാങ്കട്ടേം ഒന്നുമില്ല. ഞാന്‍ അമ്മായിയോട് കള്ളം പറഞ്ഞതാ. ഇതെന്‍റെ ഒരു സുഹൃത്തിന്‍റെ വീടാ. ഇവിടെ നിനക്കു സുഖായിട്ടു താമസിക്കാം. അധികം ആള്‍ക്കാരൊന്നുമില്ല. സുഹൃത്തും അവന്‍റെ അമ്മേം ഭാര്യേം ഒരു കുട്ടീം മാത്രം. ശാന്തമായ അന്തരീക്ഷമാ. രുചിയുള്ള ഭക്ഷണോം കിട്ടും. ”
സുമിത്രയുടെ മനസ് വല്ലാതെ അസ്വസ്ഥമായി.
“ഇവിടെ വേണ്ടായിരുന്നു. ഇങ്ങോട്ടാ വരുന്നതെന്നു നേരത്തെ എന്നോടൊന്നു പറഞ്ഞില്ലല്ലോ.”
അവള്‍ പരിഭവം പറഞ്ഞു.
“നീ ഒന്നുകൊണ്ടും പേടിക്കണ്ട. ഹോസ്റ്റലിനേക്കാള്‍ സുരക്ഷിതമാ ഇവിടെ. എനിക്ക് വല്ലപ്പഴും നിന്നെ വന്നൊന്നു ഫ്രീയായി കാണണമെങ്കില്‍ ഇവിടല്ലേ സൗകര്യം.”
“എന്നാലും…”
“ഒരെന്നാലുമില്ല. നിയങ്ങോട്ടിറങ്ങ് ” ജയദേവന്‍ ഡോർ തുറന്നു പുറത്തിറങ്ങി . പിന്നാലെ സുമിത്രയും . “അവിടെ ചെന്നുകഴിയുമ്പം ഇഷ്ടക്കോടൊന്നും കാണിച്ചേക്കരുത്. നല്ല ചിരിക്കുന്ന മുഖായിരിക്കണം.”
സുമിത്ര മറുപടി ഒന്നും പറഞ്ഞില്ല
വിശാലമായ മുറ്റവും പൂന്തോട്ടവും.
പൂന്തോട്ടം നിറയെ വിവിധ വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍.
സുമിത്ര നോക്കി.
മനോഹരമായ വീട് !
“വാ…”
സുമിത്രയെ വിളിച്ചുകൊണ്ട് ജയദേവന്‍ സിറ്റൗട്ടിലേക്ക് കയറി.
ഡോര്‍ ബെല്ലില്‍ വിരലമര്‍ത്തിയിട്ട് അവര്‍ ക്ഷമയോടെ വെളിയിൽ കാത്തുനിന്നു.
( തുടരും.)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here