Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 24

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 24

1019
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 24

വാതില്‍ തുറന്നത് ജയദേവന്‍റെ അമ്മ സീതാലക്ഷ്മിയായിരുന്നു. മനസിലാകത്ത മട്ടിൽ അവർ നോക്കി നിന്നപ്പോൾ ശശികല സ്വയം പരിചയപ്പെടുത്തി .
“ഞാന്‍ സുമിത്രേടെ കൂട്ടുകാരിയാ… ശശികല.”
“എന്താ? “
നിർവികാരതയോടെയായിരുന്നു സീതാലക്ഷ്മിയുടെ ചോദ്യം.
“ജയേട്ടനെ ഒന്ന് കാണാൻ വന്നതാ ?”
”എന്തിനാ ?”
”എനിക്കിവിടെ നിർമ്മലറാണി കോളേജിൽ ഒരു ജോലി കിട്ടി . ജയേട്ടന്റെ റെക്കമെൻഡേഷനിൽ കിട്ടീതാ . നേരിട്ട് കണ്ട് നന്ദി പറയാൻ വന്നതാ ”
“അവന്‍ പറമ്പിൽ പണി നടക്കുന്നോടാത്താ . കേറി ഇരിക്ക് . ഞാനവനെ വിളിക്കാം ”
സീതാലക്ഷ്മി അവളെ സ്വീകരണ മുറിയിൽ ക്ഷണിച്ചിരുത്തിയിട്ടു അടുത്ത മുറിലേക്കു പോയി.
ശശികല മുറിയിലാകെ ഒന്നു കണ്ണോടിച്ചു.
എത്ര മനോഹരമായ സ്വീകരണമുറി.
എല്ലാ സജ്ജീകരണങ്ങളുമുണ്ട്. നല്ല വെടിപ്പും ഭംഗിയും!
സുമിത്ര ഭാഗ്യവതിയാണ്!
ഈ സ്വത്തുക്കള്‍ മുഴുവന്‍ അനുഭവിക്കേണ്ടത് ഇനി അവളാണല്ലോ!
ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോള്‍ പിന്നാമ്പുറത്തുനിന്ന് ജയദേവന്‍ സ്വീകരണമുറിയിലേക്ക് വന്നു.
ലുങ്കിയും ഷര്‍ട്ടുമായിരുന്നു വേഷം! തോളത്ത് ഒരു തോര്‍ത്തിട്ടിട്ടുണ്ട് . മുടി അലങ്കോലമായി കിടക്കുന്നു.
ജയദേവനെ കണ്ടതും ശശികല ആദരവോടെ എണീറ്റു.
“വന്നവിവരം ഞാനറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തു അല്ലേ?” – തോളത്തു നിന്ന് തോർത്തെടുത്തു മുഖം തുടച്ചുകൊണ്ട് ജയദേവന്‍ ചോദിച്ചു.
“ഉം.”
ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാട്ടിയിട്ട് ജയദേവന്‍ സോഫയിൽ ഇരുന്നു.
അഭിമുഖമായി ശശികലയും ഇരുന്നു.
“ഞാന്‍ ഒത്തിരി പ്രഷർ ചെലുത്തിയിട്ടാ ഈ ജോലി കിട്ടിയത്. കോളജിന്‍റെ ഗവേണിംഗ് ബോഡിയില്‍ എന്‍റെ ഒരു ഫ്രണ്ടുണ്ട്. അവനോടു ഞാൻ പറഞ്ഞു എന്റെ സ്വന്തപ്പെട്ട ആളാ കൊടുത്തേ പറ്റൂന്ന്‌ .”
” ഒരുപാട് നന്ദിയുണ്ട്.”
ശശികല സന്തോഷത്തോടെ പറഞ്ഞു.
“പറയുന്നതനുസരിച്ച് മര്യാദക്കൊക്കെ നിന്നോണം. നന്നായിട്ടു നിന്നാല്‍ ഒരു വര്‍ഷം കഴിയുമ്പം ശമ്പളം കൂട്ടിത്തരും.”
“ഉം “അവൾ തലകുലുക്കി .
“സുമിത്രയ്ക്കെന്തുണ്ട് വിശേഷം?”
“പ്രത്യേകിച്ചൊന്നുമില്ല. അന്വേഷിച്ചതായി പറയണമെന്നു പറഞ്ഞു.”
“മറ്റൊന്നും പറഞ്ഞില്ലേ?”
“ഇല്ല.”
“അവൾക്കു സങ്കടമാണോ ?”
” അമ്മ മരിച്ചേന്‍റെ വെഷമം മാറീട്ടില്ല. ആ സങ്കടം എപ്പഴും മുഖത്ത് കാണാം ”
” ഒക്കെ അവൾ വരുത്തി വച്ചതല്ലേ . അതിന്റെ ശിക്ഷ അനുഭവിക്കട്ടെ ”
”അയ്യോ അങ്ങനെ പറയരുത് . അവള് പാവമാ . അവൾക്കാരെയും കൊല്ലാൻ കഴിയില്ല. ”
ജയദേവന്‍ ഒന്നും മിണ്ടിയില്ല. തെല്ലു നേരം അയാള്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നിട്ട് ചോദിച്ചു
“ഈ സുകുമാരനുമായി സുമിത്രയ്ക്കു നേരത്തെ പരിചയമുണ്ടെന്ന കാര്യം ശശികലയ്ക്കറിയാമായിരുന്നോ?”
“ഇല്ല. എന്നോടൊന്നും അവള്‍ പറഞ്ഞിട്ടില്ല.”
“അയാള്‍ അവളുടെ ഫോട്ടോ എടുത്തെന്നോ മറ്റോ ഒക്കെ കേട്ടു. അക്കാര്യം വല്ലോം ശശികലയോട് പറഞ്ഞിരുന്നോ?”
“ഇല്ല.”
“സ്കൂളില്‍ ചെന്നതിനുശേഷം അയാളു ശല്യം ചെയ്തതായോ മറ്റോ പറഞ്ഞോ?”
“ഇല്ല. സുകുമാരന്‍ എന്നൊരാളിനെക്കുറിച്ചു എന്നോട് മിണ്ടീട്ടുപോലുമില്ല .”
“ആ കൊലപാതകത്തിനു പിന്നില്‍ സുമിത്രയ്ക്കറിയാവുന്ന എന്തൊക്കെയോ രഹസ്യങ്ങളുണ്ട് ” – ജയന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.
“ഹേയ്… എനിക്കങ്ങനെ തോന്നുന്നില്ല . ഒരുറുമ്പിനെ കൊല്ലുന്നതുപോലും പാപമാണെന്നു വിശ്വസിക്കുന്ന പാവം പെണ്ണാ അവള്.”
ജയദേവന്‍ ഒന്നും മിണ്ടിയില്ല.
ആ സമയം സീതാലക്ഷ്മി രണ്ടുപേര്‍ക്കും ചായയുമായി വന്നു.
“എന്‍റെ അമ്മയാ.”
ജയന്‍ പരിചയപ്പെടുത്തി.
” വന്നപ്പം കണ്ടിരുന്നു ” ശശികല പറഞ്ഞു.
സീതാലക്ഷ്മി രണ്ടു പേർക്കും ചായ കൊടുത്തു.
ശശികല ചായ വാങ്ങി ഒരു കവിള്‍ കുടിച്ചു.
”സുമിത്ര സുഖായിട്ടിരിക്കുന്നോ?”
സീതാലക്ഷ്മി ചോദിച്ചു.
“ഉം. ഇവിടുത്തെ കാര്യങ്ങള് എപ്പഴും അവള് പറയും. അമ്മയെ വല്യ ഇഷ്ടാ അവള്‍ക്ക്.”
ശശികല വെറുതെ അങ്ങനെ പറഞ്ഞു .
“എന്തായാലും കുടുംബത്തിന് പേരുദോഷമുണ്ടാക്കിയ പെണ്ണല്ലേ . തേച്ചാലും ഉരച്ചാലും ഇനി അതുപോകുമോ ”
” അവൾ തെറ്റൊന്നും ചെയ്തിട്ടുണ്ടാവില്ലെന്നാ എന്റെ വിശ്വാസം ”
” ആർക്കറിയാം സത്യം .”
അങ്ങനെ പറഞ്ഞിട്ട് സീത അകത്തേക്ക് പോയി.
ചായ കുടിച്ചിട്ടു ഗ്ളാസ് ടീപ്പോയിയിൽ വച്ചിട്ട് ശശികല എണീറ്റു.
“എന്നാ ഞാന്‍ ഇറങ്ങട്ടെ . നേരിട്ടുകണ്ടു നന്ദി പറയാൻ വേണ്ടി ഒന്ന് വന്നൂന്നെ ഒള്ളൂ .”
” എവിടാ താമസിക്കുന്നേ ?”
” വർക്കിങ് വിമൻസ് ഹോസ്റ്റലിലാ ”
“എന്നാ ശരി . പിന്നെ കാണാം. പറയുന്ന ജോലിയൊക്കെ ചെയ്തു മര്യാദക്കൊക്കെ നിന്നോണം . എന്റെ പേര് കളഞ്ഞേക്കരുത് ”
”ഒരിക്കലും ഇല്ല ”
യാത്ര പറഞ്ഞിട്ട് അവൾ വെളിയിലേക്ക് ഇറങ്ങി.


പിറ്റേ ശനിയാഴ്ച ശശികല വീട്ടില്‍ പോയി.
ആ മാസം ജോലി ചെയ്ത പതിനെട്ടു ദിവസത്തെ ശമ്പളം കിട്ടിയിരുന്നു അവള്‍ക്ക്. ആ തുകകൊണ്ട് അച്ഛനും അനിയത്തിമാര്‍ക്കും കുറെ വസ്ത്രങ്ങള്‍ വാങ്ങി.
സുമിത്രയ്ക്ക് ഒരു കേയ്‌ക്കും .
പുതിയ ഷര്‍ട്ടും മുണ്ടും കിട്ടിയപ്പോള്‍ ദിവാകരനു വലിയ സന്തോഷമായി.
“ആ ജയൻ കൊച്ചനെ പൂവിട്ടു പൂജിക്കണം. കോളേജിലല്ലേ അവൻ ജോലി വാങ്ങി തന്നത്. നാലാളോട് പറയാൻ തന്നെ ഒരഭിമാനമല്ലേ ”
“സുമിത്രയ്ക്കാണച്ഛാ നന്ദിപറയേണ്ടത്. അവള് കാരണമാ ഈ ജോലി കിട്ടീത് “- ശശികല പറഞ്ഞു.
“ആര്‍ക്കു നന്ദി പറഞ്ഞാലും നീ രക്ഷപ്പെട്ടു മോളെ. ഇനി നിന്‍റെ കല്യാണം കൂടിയൊന്നു നടന്നുകണ്ടാല്‍ മതി എനിക്ക്.”
“ഒക്കെ നടക്കും അച്ഛാ. ഇനി എനിക്ക് നല്ലകാലമാ വരാൻ പോകുന്നതെന്ന് സുമി പറഞ്ഞു “
ഉച്ച കഴിഞ്ഞ് അവള്‍ കേയ്‌ക്കുമായി സുമിത്രയെ കാണാന്‍ പോയി.
കോളജിലെ വിശേഷങ്ങളും ജയദേവനെ കാണാന്‍ പോയ കാര്യവുമൊക്കെ അവള്‍ സുമിത്രയോട് സവിസ്തരം പറഞ്ഞുകേള്‍പ്പിച്ചു.
“ജയേട്ടന്‍ എന്നെക്കുറിച്ച് വല്ലോം ചോദിച്ചോ?”
” സുഖാണോന്നു തിരക്കി.”
“കല്യാണത്തെക്കുറിച്ച് വല്ലതും പറഞ്ഞോ?”
“ഇല്ല.”
കുറെനേരം വർത്തമാനം പറഞ്ഞിരുന്നിട്ട് ശശികല വീട്ടിലേക്കു മടങ്ങി.
സുമിത്ര കസേരയിലേക്ക് ചാരി ചിന്തയില്‍ മുഴുകി.
ജയേട്ടന്‍ വന്നില്ലല്ലോ തന്നെ കാണാന്‍!
വരാതിരിക്കില്ലെന്ന പ്രതീക്ഷയായിരുന്നു ഇത്രകാലവും. ഇനി ആ പ്രതീക്ഷ ഇല്ല .
തെറ്റ് തന്‍റെ ഭാഗത്തുമുണ്ട്. സുകുമാരന്‍ ശല്യം ചെയ്ത കാര്യം ജയേട്ടനോട് പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നു. പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ. .
ആരോടാണ് തന്‍റെ വേദനകളും വിഷമങ്ങളും ഒന്നു പറയുക?
പെട്ടെന്ന് അവൾ സതീഷിനെക്കുറിച്ചോര്‍ത്തു .
സതീഷേട്ടൻ പറഞ്ഞാല്‍ ജയേട്ടന്‍ കേള്‍ക്കില്ലേ ? അവർ തമ്മിലുള്ള സ്നേഹബന്ധം അത്ര ശക്തമാണല്ലോ .
അവള്‍ എണീറ്റു മൊബൈല്‍ എടുത്തു സതീഷിന്റെ നമ്പർ ഡയൽ ചെയ്തു. സതീഷിനെ ലൈനിൽ കിട്ടി.
“ങ്ഹാ സുമിത്രയോ ? സുഖാണോ ?” സതീഷ് ആരാഞ്ഞു.
”സുഖമാണോന്നു ചോദിച്ചാൽ അല്ലെന്നു പറയുന്നതാവും സത്യം . ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ട് സതീഷേട്ടാ . ഒന്നിവിടം വരെ വരുമോ ?
” എന്താ പ്രശ്നം ?”
“ജയേട്ടനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാ . ഫോണിലൂടെ പറഞ്ഞാൽ ശരിയാവില്ല . എല്ലാം ഞാൻ നേരിട്ട് പറയാം . പറ്റുമെങ്കില്‍ ഈയാഴ്ച എന്നെങ്കിലും ഒന്ന് വരുമോ ?”
“വരാല്ലോ. അടുത്ത ഞായറാഴ്ച വരാം .”
“താങ്ക്സ് .”
“ജയന്‍ വരാറില്ലേ?” സതീഷ് ചോദിച്ചു.
“ഇല്ല.”
“അതെന്താ?”
“ഒക്കെ ഇവിടെ വന്നിട്ടു പറയാം. മഞ്ജുവേചിക്കും അഭിക്കുട്ടനും സുഖമാണോ ?”
”ഉം ”
” എന്നാ വയ്ക്കട്ടെ . ബാക്കി വിശേഷങ്ങളൊക്കെ വന്നിട്ട് പറയാം ”
” ഉം ”
സുമിത്ര ഫോണ്‍ കട്ട് ചെയ്തു.
പിറ്റേ ഞായറാഴ്ച ഉച്ചയാകാറായപ്പോള്‍ സതീഷ് വന്നു. സ്വന്തം കാറിൽ തനിയെ ഡ്രൈവ് ചെയ്താണ് വന്നത്.
സുമിത്ര അയാളെ ഹൃദ്യമായി സ്വീകരിച്ചിരുത്തി. വിശേഷങ്ങൾ തിരക്കി. കുടിക്കാന്‍ നാരങ്ങവെള്ളം കൊടുത്തു.
വെള്ളം കുടിച്ച് ഗ്ലാസ് ടീപ്പോയില്‍ വച്ചിട്ട് അയാള്‍ ചോദിച്ചു.
”എന്താ ഇവിടെ പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞെ ?”
ജയദേവന്‍ തന്നെ ഉപേക്ഷിച്ചു പോയ കഥ അവള്‍ നിറകണ്ണുകളോടെ പറഞ്ഞു .
“ആ പ്രശ്നം ഞാൻ തീർത്തു തരാം. അതൊരു തെറ്റിദ്ധാരണയുടെ പേരിൽ പോയതല്ലേ . അവൻ തിരിച്ചു വരും . ഇല്ലെങ്കിൽ ഞാൻ വരുത്തും . ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല. ഞാനിപ്പത്തന്നെ അവനെ വിളിക്കാല്ലോ .”
പോക്കറ്റില്‍നിന്നും മൊബൈല്‍ എടുത്തിട്ട് ജയദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു സതീഷ്..
ജയനെ ലൈനില്‍ കിട്ടി. കുശലാന്വേഷണങ്ങള്‍ക്കുശേഷം സതീഷ് പറഞ്ഞു.
“ഞാനൊരു സീര്യസ് കാര്യം പറയാന്‍ കൂടി വിളിച്ചതാ. സുമിത്രയുമായി നിനക്കെന്താ ഒരു പിണക്കം ?”
“ആരു പറഞ്ഞു ഇത്?”
“ഞാനറിഞ്ഞു.”
“അവളു വിളിച്ചിരുന്നോ?”
“ഉം.”
“ഇപ്പം എവിടുന്നാ നീ വിളിക്കുന്നേ ?”
“എന്‍റെ വീട്ടിന്നാ.”
സതീഷ് ഒരു കള്ളം പറഞ്ഞു.
“കഥകളൊക്കെ ഞാനങ്ങോട്ട് വന്ന് നേരിട്ട് പറയാം.” ജയൻ പറഞ്ഞു .
“എന്നു വരും?”
“ഈയാഴ്ച ഒരു ദിവസം വരാം .”
” വരണം , വരാതിരിക്കരുത് ”
“ഷുവർ . വിളിച്ചിട്ടു വരാം ”
മൊബൈൽ കട്ട് ചെയ്തിട്ട് സതീഷ് സുമിത്രയുടെ നേരെ തിരിഞ്ഞു.
“പ്രശ്നം തീരും; ഞാന്‍ തീര്‍ത്തുതരാം. സുമിത്ര സമാധാനായിട്ടിരിക്ക്. ഇത് നേരത്തെ എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ അപ്പഴേ ഞാൻ വിളിച്ചു അവനെ ഫയറു ചെയ്തേനെല്ലോ ”
” ജയേട്ടൻ തിരിച്ചു വരുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇത്ര ദിവസവും . ഇപ്പം ആ പ്രതീക്ഷ നഷ്ടമായി ”
”ഒന്നും നഷ്ടപ്പെട്ടിടില്ല . അവൻ വരും . ഇല്ലെങ്കിൽ ഞാൻ വരുത്തും . സമാധാനമായിട്ടിരിക്ക് കേട്ടോ. ഇതോർത്ത് ഒട്ടും വിഷമിക്കണ്ട . ഈ കല്യാണം ഞാൻ നടത്തിത്തരാം ”
”ഉം ”
സുമിത്രയ്ക്ക് വലിയ ആശ്വാസം തോന്നി.
അവള്‍ മഞ്ജുളയേയും ഭവാനിയേയും അഭിക്കുട്ടനെയും കുറിച്ച് തിരക്കി. എല്ലാവരും സുഖമായിട്ടിരിക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷമായി.
ഉച്ചയ്ക്ക് സുമിത്രയുടെ വീട്ടില്‍ നിന്നാണ് സതീഷ് ഊണ് കഴിച്ചത്.
ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സതീഷ് ഓര്‍മിപ്പിച്ചു.
“ഞാനിവിടെ വന്ന കാര്യം മഞ്ജുളയോട് പറയണ്ട ട്ടോ “
“ചേച്ചിക്കെന്നോട് ദേഷ്യമായിരിക്കും അല്ലേ?”
“അതുകൊണ്ടല്ല. പെണ്ണല്ലേ. ചെറിയൊരു കരടുവീണാല്‍ മതി, മനസ് കലങ്ങിമറിയാന്‍. അതിനവസരം ഉണ്ടാക്കണ്ടാല്ലോ “
”ഞാൻ ആരോടും പറയില്ല . നിങ്ങളുടെ കുടുംബ ജീവിതം കണ്ട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട് . എത്ര സ്നേഹമാ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ”
”അതെല്ലാവരും പറയാറുണ്ട്. ”
സുമിത്ര സതീഷിന്‍റെ പ്ലേറ്റിലേക്ക് അല്‍പം ചോറുകൂടി വിളമ്പാൻ തുടങ്ങിയപ്പോൾ സതീഷ് കൈ ഉയർത്തി തടഞ്ഞു.
“മതി.”
ഊണ് കഴിഞ്ഞു എണീറ്റ് കൈകഴുകി, ടർക്കി ടവ്വലെടുത്തു കയ്യും മുഖവും തുടക്കുന്നതിനിടയിൽ സതീഷ് പറഞ്ഞു.
“ങാ, വേറൊരു കാര്യം പറയാൻ മറന്നു പോയി. സുകുമാരന്റെ കൊലക്കേസിനെപ്പറ്റി ഞാന്‍ മന്ത്രിയുമായിട്ടു സംസാരിച്ചിരുന്നു . പറ്റുമെങ്കിൽ ഈ കേസ് സ്പെഷല്‍ സ്ക്വാഡിനെ കൊണ്ട് പുനരന്വേഷിപ്പിക്കാമെന്നു മന്ത്രി പറഞ്ഞു. ഏതായാലും ചാർജ്ജ് ഷീറ്റ് ഉടനെ കോടതീൽ കൊടുക്കില്ല . നമുക്കൊന്ന് പ്രഷർ ചെലുത്തി നോക്കാം ” – സതീഷ് പറഞ്ഞു.
“ഞാനൊരു തെറ്റേ ചെയ്തിട്ടുള്ളൂ സതീഷേട്ടാ . സുകുമാരന്‍റെ വാക്കു വിശ്വസിച്ച് രാത്രി അയാളുടെ വീട്ടിലൊന്നു പോയി. ആ ഫോട്ടോ തിരികെ കിട്ടുമെന്നോർത്തു പോയതാ . വേറൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു. ചെന്നപ്പോൾ അയാള് മരിച്ചു കിടക്കുന്നതാ കണ്ടത് ” സുമിത്രയുടെ ശബ്ദം ഇടറി.
“എനിക്കു വിശ്വാസമാ ഈ പറഞ്ഞതൊക്കെ . പക്ഷേ പോലീസ് വിശ്വസിക്കുകേല . കേൾക്കുന്നവരും വിശ്വസിക്കുകേല . രാത്രി തനിച്ച് ആ വീട്ടിൽ പോയതു വലിയ തെറ്റ് തന്നെയാ . ബുദ്ധിമോശമെന്നു പറയുന്നതാവും കൂടുതൽ ശരി. യഥാർത്ഥ കൊലയാളിയെ പൊലീസിന് കണ്ടു പിടിക്കാൻ പറ്റാതിരുന്നതാണ് ഈ പ്രശ്നം ഇത്രയും വഷളാക്കിയത് . ആ കർച്ചീഫും സുമിത്രക്ക് ഒരു പാരയായി .”
“എന്‍റെ നിരപരാധിത്വം ഞാന്‍ എങ്ങനെ തെളിയിക്കും സതീഷേട്ടാ ?”
“യഥാര്‍ഥ കൊലയാളിയെ കണ്ടുപിടിച്ചെങ്കിലേ അതു തെളിയൂ. അതു പോലീസ് വിചാരിച്ചെങ്കിലേ നടക്കൂ. പ്രഗത്ഭനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ശാസ്ത്രീയമായി അന്വേഷിച്ചാൽ കണ്ടു പിടിക്കാവുന്നതേയുള്ളു. അതുകൊണ്ടാ കേസ് പുനരന്വേഷിക്കണമെന്ന് ഞാൻ മന്ത്രിയെ കണ്ടു പറഞ്ഞത് . അതിന്റെ നിയമവും ചട്ടവും നോക്കിയിട്ടു വേണ്ടത് ചെയ്യാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട് ”
” എന്നും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്റെ നിരപരാധിത്വം തെളിയിക്കണമേ ഗുരുവായൂരപ്പാന്ന് ”
” എല്ലാം ശരിയാകും . വരട്ടെ ”
സുമിത്രയോട് യാത്രപറഞ്ഞു അയാൾ പുറത്തേക്കിറങ്ങി.
സതീഷിനെ യാത്രയാക്കാന്‍ കാറിനടുത്തുവരെ സുമിത്രയും വന്നു.
കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തിട്ട് സതീഷ് പറഞ്ഞു:
“എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ വിളിച്ചുപറയണം, കേട്ടോ? പിന്നെ, ജയനെ ഇനി അങ്ങോട്ട് വിളിച്ചു ഒന്നും പറയണ്ട . ഞാൻ സംസാരിച്ചു കഴിഞ്ഞിട്ട് അവനെക്കൊണ്ട് തന്നെ സുമിത്രയെ വിളിപ്പിച്ചോളാം. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ നമുക്ക് വിഷം ഇറക്കിക്കാന്നേ ” അത് പറഞ്ഞിട്ട് സതീഷ് ചിരിച്ചു . സുമിത്രക്കും ചിരിവന്നുപോയി.
” ഇപ്പം മനസിന്‌ ഒത്തിരി ആശ്വാസം തോന്നുന്നു. “.ചിരിച്ചു കൊണ്ട് സുമിത്ര പറഞ്ഞു.
സതീഷ് പോയിക്കഴിഞ്ഞപ്പോൾ സുമിത്ര ഓർത്തു .
എത്ര സ്നേഹമുള്ള മനുഷ്യൻ.
ഇതുപോലൊരു നല്ല മനസ് എന്റെ ജയേട്ടനുണ്ടായിരുന്നെങ്കില്‍!
ഒന്ന് നെടുവീര്‍പ്പിട്ടിട്ട് സുമിത്ര തിരിഞ്ഞ് അകത്തേക്ക് കയറി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here