Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 14

1415
0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 14

പൈലിയുടെ സംസാരത്തിൽ പന്തികേട് തോന്നിയ മേരിക്കുട്ടി വരാന്തയിൽ നിന്നിറങ്ങി, ഭര്‍ത്താവിന്‍റെ അടുത്തേയ്ക്കു ചെന്നു.
“എന്താ….?” അവർ ഉത്കണ്ഠയോടെ പൈലിയെ നോക്കി .
”ഒരു ചെറിയ പ്രശ്‌നം ഉണ്ട് . ഈ കല്യാണത്തിന് ഒരു ചെറിയ മാറ്റം വരുത്തണം ”
”എന്ത് മാറ്റം ?”
പൈലി എല്ലാം വിശദീകരിച്ചു.
സംഗതി കേട്ടപ്പോള്‍ മേരിക്കുട്ടി തരിച്ചു നിന്നുപോയി.
“ഇതു വല്യ ചതിയായിപ്പോയല്ലോ പൈലി.” ഇടതു കൈ താടിക്കു കൊടുത്തു മേരിക്കുട്ടി ഭർത്താവിനെ നോക്കി. തോമസും വിഷണ്ണനായി നിൽക്കുകയായിരുന്നു.
“ആ പെണ്ണ് ഒരു പാട് ആശിച്ചിരുന്നതാ. ഞങ്ങളെങ്ങനെ ഇതവളോട് പറയും?”
മേരിക്കുട്ടി സങ്കടഭാരത്തോടെ പൈലിയെ നോക്കി നിന്നു.
“നിങ്ങളു വിഷമിക്കാതിരി . അലീനയ്ക്കു വേറെ ചെറുക്കനെ ഞാന്‍ കൊണ്ടുതരാന്നേ..” ,പൈലി തുടർന്നു : “ഇതു കൈവിട്ടു കളയുന്നതു ബുദ്ധിമോശമാ. നല്ല ജോലി. നല്ല ശമ്പളം . ഇഷ്ടം പോലെ ഭൂസ്വത്ത്. കാണാന്‍ സുന്ദരൻ. സ്ത്രീധനമായിട്ടു നയാപൈസ കൊടുക്കണ്ട . ഇതിൽ കൂടുതൽ എന്നാ വേണം ?”
“ചേടത്തിയെ നിറുത്തിയിട്ട് അനിയത്തിയെ കെട്ടിയ്ക്കാനോ? പൈലി എന്താ ഈ പറയുന്നേ ?”
മേരിക്കുട്ടിയുടെ ശബ്ദം ഉയര്‍ന്നു.
“ഇപ്പഴത്തെ കാലത്ത് അങ്ങനെ ഒരുപാട് നടക്കുന്നുണ്ട്. ഞാൻ എത്രയോ എണ്ണം നടത്തിയിരിക്കുന്നു. അതൊരു തെറ്റൊന്നുമല്ല . ഇതുപോലെ എല്ലാം ഒത്ത ഒരു ബന്ധം ഇനി വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ” പൈലി രണ്ടു മുഖത്തേക്കും മാറിമാറി നോക്കി .
“അതിപ്പം ഞങ്ങൾ സമ്മതിച്ചാലും ജാസ്മിൻ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല . അവൾക്കു ചേച്ചി എന്ന് വച്ചാൽ ജീവനാ. അവളെ വേദനിപ്പിച്ചിട്ടു അവൾ ഒന്നും ചെയ്യില്ല .”
കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായിരുന്നു, തോമസ്.
“അലീനയ്ക്കു വേറെ ചെക്കനെ ഞാന്‍ കൊണ്ടെത്തരാന്നേ…ഒത്താൽ രണ്ടു കല്യാണവും നമുക്ക് ഒരുമിച്ചു ഒരു പന്തലിൽ നടത്താം . ”
പൈലി അങ്ങനെ പറഞ്ഞപ്പോള്‍ തോമസ് മേരിക്കുട്ടിയെ നോക്കി. മേരിക്കുട്ടി ദുഃഖഭാരത്തോടെ പറഞ്ഞു.
“ജാസ്മിന്‍ പഠിയ്ക്കുവല്ലേ?”
” അവര് പറയുകയാ കല്യാണം കഴിഞ്ഞാലും പഠിയ്ക്കാലോന്ന് . പഠിക്കാൻ പോകുന്നതിലൊന്നും അവര് എതിര് നിൽക്കില്ല ” പൈലി പിന്തിരിയാൻ തയാറായില്ല ,
“അതിനിപ്പം അവളു കൂടി സമ്മതിയ്ക്കണ്ടേ?. അവളാണേൽ ചെക്കനെ കണ്ടിട്ടില്ലല്ലോ . ”
“ചെക്കനെ നിങ്ങളു രണ്ടുപേരും കണ്ടതല്ലേ ? എന്നാ കുഴപ്പം ? കാഴ്ചയ്ക്കു ആള് സുന്ദരനല്ലേ? നല്ല തറവാട്ടുകാരുമാ. വേണമെങ്കിൽ അവനെ ഒന്നുകൂടി വിളിച്ചു വരുത്താം. വീട്ടില്‍ വന്നു കേറിയ ഈ ഭാഗ്യത്തെ ചവിട്ടിയിറക്കിവിട്ടാല്‍ പിന്നെ ദുഃഖിയ്ക്കേണ്ടിവരും.”
തോമസ് ധര്‍മ്മസങ്കടത്തിലായി. മേരിക്കുട്ടി പറഞ്ഞു.
“അതു ശരിയാവില്ല പൈലി. അലീനയ്ക്കു വെഷമമാകും.”
“അതു കുറച്ചു ദിവസത്തേയ്ക്കേ ഒണ്ടാവൂന്നേ . ഒത്താല്‍ രണ്ടുപേരുടേം കല്യാണം നമുക്ക് ഒരു പന്തലില്‍ വച്ചു നടത്താം. ഞാൻ ഓടിനടന്നൊന്നു തപ്പാം .”
“അലീനയോടും ജാസ്മിനോടും സമ്മതം ചോദിച്ചിട്ട് പിന്നെ മറുപടി പറഞ്ഞാൽ പോരെ ?”
തോമസ് ചോദിച്ചു.
“മതി . പറഞ്ഞ് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാൻ നോക്കണം . വേറെ ആലോചനക്കാര് ഓടിനടക്കുക, കൊത്തിക്കൊണ്ടു പോകാന്‍. ”
“ചെക്കനതിനു ജാസ്മിനെ കണ്ടിട്ടില്ലല്ലോ?” മേരിക്കുട്ടി പിന്നെയും ചോദിച്ചു.
“ഫോട്ടോ കണ്ടതേ അവനിഷ്ടമായി. പോരെങ്കില്‍ ചെക്കന്‍റെ വീട്ടുകാരെല്ലാം കണ്ടതല്ലേ? ജാസ്മിനെ കണ്ടാൽ ആരാ വേണ്ടാന്നു പറയുക ?.”
എന്തുവേണമെന്നു തീരുമാനിക്കാനാവാതെ തോമസ് താടിയിൽ തടവി ദൂരേക്ക് നോക്കി നിന്നു .
“ദൈവം കൊണ്ടുവന്ന ആലോചനയാ ഇതെന്ന് കരുതി ഇത് നടത്താൻ നോക്ക് . എനിക്കാതെ പറയാനുള്ളൂ . ഞാൻ ഞായറാഴ്ച വരാം .അപ്പം തീരുമാനം പറയണം. ”
അത്രയും പറഞ്ഞിട്ട് പൈലി വന്നവഴിയേ തിരിച്ചുപോയി.
മേരിക്കുട്ടി തോമസിനോട് പറഞ്ഞു.
“എല്ലാംകൊണ്ടും നല്ല ഒരാലോചനയായിരുന്നു. അതിങ്ങനെയായി.”
“നമുക്കിതു ജാസ്മിനങ്ങാലോചിച്ചാലെന്താ? നല്ല കുടുംബക്കാരല്ലേ?” – തോമസ് ചോദിച്ചു.
“അലീനയ്ക്കു വിഷമമാവില്ലേ അച്ചായാ . അവളു മനസിൽ കൊണ്ടുനടന്ന ചെക്കനല്ലേ . അവനെക്കൊണ്ട് അനിയത്തിയെ കെട്ടിക്കുകാന്നു പറഞ്ഞാൽ.. ”
”അലീനയെ പറഞ്ഞു നീ സമ്മതിപ്പിക്കാൻ നോക്ക് . ഇതിപ്പം ജാസ്മിനാണെങ്കിൽ സ്ത്രീധനമായിട്ടു നമ്മൾ ഒന്നും കൊടുക്കണ്ട . എത്ര ലക്ഷമാ നമുക്ക് ലാഭം ?സ്ത്രീധനം കൊടുക്കാതെ ഇതുപോലെ ഒരു ചെറുക്കനെ അവൾക്കു വേറെ കിട്ടുമെന്ന് തോന്നുന്നുണ്ടോ നിനക്ക് ?”
” കാര്യം നല്ലതായിരുന്നു . പക്ഷേ , അലീനക്കാലോചിച്ച ചെക്കനായിപ്പോയില്ലേ അച്ചായാ ”
” അത് സാരമില്ലെന്നേ. നീ അവളോട് കാര്യങ്ങൾ പറഞ്ഞു ഒന്ന് ബോധ്യപ്പെടുത്ത് . പൈലി പറഞ്ഞപോലെ ഒത്താൽ രണ്ടു കല്യാണവും നമുക്ക് ഒന്നിച്ചു നടത്താം”
”ഞാൻ പറഞ്ഞു നോക്കാം ”
തോമസും മേരിക്കുട്ടിയും സംസാരിച്ചുകൊണ്ടു വീടിനകത്തേക്ക് കയറി .
ടോണിയുടെ വീട്ടില്‍ പോയ അലീന മടങ്ങി വന്നപ്പോള്‍ മേരിക്കുട്ടി വിവരം പറഞ്ഞു.
ഹൃദയം തളര്‍ന്ന് വീണുപോയി അവള്‍.
മേരിക്കുട്ടി അവളെ താങ്ങിപ്പിടിച്ച് കട്ടിലില്‍ കൊണ്ടുപോയി കിടത്തി . അലീനയുടെ നെഞ്ചു വിങ്ങി കഴച്ചു.
അവളുടെ പുറത്തു തടവിക്കൊണ്ട് മേരിക്കുട്ടി തളർന്ന സ്വരത്തിൽ പറഞ്ഞു.
”സാരമില്ല മോളേ . നിനക്കിതു വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്കാൻ നോക്ക്. ”
കരയാതിരിയ്ക്കാന്‍ അലീന ചുണ്ടുകള്‍ കടിച്ചമര്‍ത്തി.
എത്ര ശ്രമിച്ചിട്ടും സങ്കടം ഒതുക്കാന്‍ കഴിഞ്ഞില്ല .
”സാരമില്ലെടി കൊച്ചേ. ഇതിനേക്കാള്‍ നല്ല ചെക്കനെ നിനക്ക് കിട്ടും. സങ്കടപ്പെടാതിരി ”
മേരിക്കുട്ടി ഓരോന്നു പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും അലീനയുടെ ഹൃദയത്തില്‍ അതൊന്നും ഏശിയില്ല . കുറെ നേരം കണ്ണീര്‍ പൊഴിച്ച് അവള്‍ അങ്ങനെ കിടന്നു.
മനസിന്‍റെ പ്രയാസം തെല്ലൊന്നു കുറഞ്ഞപ്പോള്‍ എണീറ്റു പോയി കണ്ണും മുഖവും കഴുകി .
മുഖം കഴുകിക്കൊണ്ടിരിയ്ക്കുമ്പോള്‍ മേരിക്കുട്ടി അടുത്തുചെന്നു ചോദിച്ചു.
“പൈലി പറഞ്ഞപോലെ ആ ചെക്കനെ നമുക്കു ജാസ്മിനാലോചിച്ചാലോ?”
അലീന ഒന്നും മിണ്ടിയില്ല.
“നീയെന്താ ഒന്നുംപറയാത്തെ ? നിന്‍റഭിപ്രായമറിഞ്ഞിട്ടു വേണം അവളെ വിളിച്ചു വരുത്താൻ ” – മേരിക്കുട്ടിയ്ക്കു ക്ഷമകെട്ടു.
“അമ്മക്കും പപ്പക്കും ഇഷ്ടമാണെങ്കിൽ ആലോചിച്ചോ…”
അവളുടെ ശബ്ദം പതറിയിരുന്നു.
“നിനക്കു പ്രയാസമുണ്ടോ?”
“ഞാന്‍ പ്രയാസപ്പെട്ടിട്ടെന്താകാര്യം? വിധിച്ചതല്ലേ എനിക്കു കിട്ടൂ…”
“അവളു നിന്നോടഭിപ്രായം ചോദിച്ചാല്‍ നീ സമ്മതിക്കുമോ ?”
“ഞാൻ എന്തു പറയണമെന്ന് അമ്മ പറഞ്ഞുതാ. അതുപോലെ ഞാന്‍ പറയാം. എനിക്കിനി സുഖവും ദുഃഖവുമൊന്നും ഈ ജീവിതത്തിൽ ഇല്ലമ്മേ . മരിക്കുന്നതുവരെ ഇങ്ങനെയൊക്കെയങ്ങു ജീവിച്ചു പോയാ മതി.”
അലീന പോയി ടർക്കി ടവൽ എടുത്തു കണ്ണും മുഖവും തുടച്ചു.
അന്ന് രാത്രി തോമസ് ജാസ്മിനെ ഫോണില്‍ വിളിച്ചിട്ട് അത്യാവശ്യമായി വെള്ളിയാഴ്ച വീട്ടില്‍ വരണമെന്ന് അവളോട് പറഞ്ഞു. .
വെള്ളിയാഴ്ച സന്ധ്യയായപ്പോള്‍ അവള്‍ വീട്ടില്‍ പാഞ്ഞെത്തി.
മേരിക്കുട്ടി കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. അതു കേട്ടതും ജാസ്മിന്‍ പൊട്ടിത്തെറിച്ചു.
” ചേടത്തിയെ കണ്ടിട്ട് അനിയത്തിയെ കെട്ടാന്‍ വന്നിരിക്കുന്നു ! നാണമില്ലല്ലോ അവന്! നട്ടെല്ലില്ലാത്ത ആ മനുഷ്യനോടു പോകാന്‍ പറ . എനിക്കയാളെ വേണ്ട. ”
“മോളെ…” മേരിക്കുട്ടി സ്നേഹവായ്പോടെ വിളിച്ചു.” എല്ലാംകൊണ്ടും നല്ല കുടുംബക്കാരാ . ചെറുക്കനാണെങ്കില്‍ നല്ല ജോലീം ഒണ്ട്. ഇതുപോലൊക്കെ ഒന്നൊത്തുവരാന്‍ ഇത്തിരി പ്രയാസമാ. നമുക്കിതങ്ങു നടത്താന്നേ ?”
“അമ്മ എന്താ ഈ പറയുന്നത്? ”ജാസ്മിന്‍റെ കണ്ണുകള്‍ ജ്വലിച്ചു.”ചേച്ചിയെ നിറുത്തീട്ട് എന്റെ കല്യാണം നടത്താനോ ? അതും ഞാൻ കണ്ടിട്ടുപോലും ഇല്ലാത്ത ഒരാളെക്കൊണ്ട് . അമ്മക്കെങ്ങനെ ഇത് പറയാൻ തോന്നി ?”
മേരിക്കുട്ടി വല്ലാതായി.
“അല്ല….അതിപ്പം, അലീനയ്ക്ക് എതിര്‍പ്പൊന്നുമില്ല. എതിര്‍പ്പില്ലെന്നു മാത്രമല്ല, അവളാ ഇങ്ങോട്ടു പറഞ്ഞത്. നിനക്കിതാലോചിയ്ക്കാന്‍.” മേരിക്കുട്ടി ഒരു കള്ളം തട്ടിവിട്ടു.
”അമ്മക്ക് വേറെ പണിയൊന്നുമില്ലേ? ചേച്ചിയുടെ കല്യാണം കഴിയാതെ ആരും എനിക്കു കല്യാണം ആലോചിച്ചോണ്ടു വരണ്ട ”
ജാസ്മിന്‍ ദേഷ്യപ്പെട്ടുകൊണ്ട് അവളുടെ മുറിയിലേയ്ക്കു പോയി.
അല്പം കഴിഞ്ഞ് തോമസ് അവളുടെ അടുത്തേയ്ക്കു വന്നു.
“ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ട ഒരാലോചനയാ മോളെ ഇത് . അലീനയ്ക്ക് എന്നാ തോന്നുമെന്നോര്‍ത്തു നീ വിഷമിയ്ക്കണ്ട. അവള്‍ക്കു സന്തോഷമാ. പിന്നെ നിന്റെ പഠിപ്പിന്‍റെ കാര്യാണെങ്കില്‍…..കല്യാണം കഴിഞ്ഞാലും പഠിപ്പു തുടരാന്ന് അവരിങ്ങോട്ടു പറഞ്ഞു.”
“ചേടത്തിയെ കണ്ടിട്ട് അനിയത്തിയെ കെട്ടാന്‍ വരുന്നവന്‍ എത്തരക്കാരനായിരിക്കൂന്ന് പപ്പായ്ക്കൊന്നാലോചിയ്ക്കാന്‍ മേലായിരുന്നോ? അയാളെന്നെ കെട്ടിയാലും വേറെ പെണ്ണുങ്ങളെ കണ്ടാല്‍ ആ പിറകെ പോകും.”
ജാസ്മിന്‍ കണ്ണുതുറിച്ചു തോമസിനെ നോക്കി .
“അതൊക്കെ നിന്‍റെ തെറ്റിദ്ധാരണയാ. ഞാനന്വേഷിച്ചപ്പം അവനേക്കുറിച്ചു നല്ല അഭിപ്രായമാ എല്ലാരും പറഞ്ഞത്.”
“എന്നിട്ടാണോ ചേടത്തിയെ കണ്ടിട്ട് അനിയത്തിയെ കെട്ടാന്‍ വന്നത്?”
”അതിപ്പം അവന്‍റെ നിര്‍ബ്ബന്ധം കൊണ്ടുമാത്രം ആയിരിക്കില്ല മോളേ…”
“സ്വന്തം കാലിൽ നിൽക്കാൻ കഴിവില്ലാത്തവനെ എന്റെ തലയിൽ കെട്ടിവയ്ക്കണ്ടാ . എനിക്കിഷ്ടമല്ല അയാളെ .”
തോമസ് എത്ര നിര്‍ബ്ബന്ധിച്ചിട്ടും ജാസ്മിന്‍ ആ കല്യാണത്തിനു സമ്മതം മൂളിയില്ല . തോമസിനു ദേഷ്യം വന്നു.
“നീയാരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടെങ്കില്‍ പറ, എന്നേക്കൊണ്ടു കൂടുതൽ വായലപ്പിയ്ക്കാതെ….”
“ഞാനാരേം കണ്ടുവച്ചിട്ടില്ല. എന്നാലും ഈ കല്യാണം എനിക്കു വേണ്ട.”
ജാസ്മിന്‍ തീർത്തു പറഞ്ഞു.
“പപ്പായെ വിഷമിപ്പിയ്ക്കാതെ സമ്മതിയ്ക്കു മോളെ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ആലോചനയാ ഇത്.”
മേരിക്കുട്ടി പിന്നെയും നിര്‍ബന്ധിച്ചു.
“നിങ്ങൾക്ക് ഞാനൊരു ഭാരമായിട്ടു തോന്നുന്നുണ്ടെങ്കില്‍ പറ. ഞാനെങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൊള്ളാം.”
ജാസ്മിനു ദേഷ്യവും സങ്കടവും വന്നു.
“നീയെന്താ മോളേ ഈ പറയുന്നേ?” മേരിക്കുട്ടി മകളെ ശാസിച്ചു. “നിന്‍റെ നന്മയ്ക്കുവേണ്ടി പപ്പാ ഒരു കാര്യം പറഞ്ഞപ്പം നീയിങ്ങനാണോ സംസാരിയ്ക്കുന്നത്? നിനക്കു വേണ്ടെങ്കില്‍ ഞങ്ങളു നിര്‍ബ്ബന്ധിയ്ക്കുന്നില്ല.”
“എനിയ്ക്കു വേണ്ട, വേണ്ട, വേണ്ട.”
ജാസ്മിന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ തോമസും മേരിക്കുട്ടിയും നിരാശയോടെ പിന്‍വാങ്ങി.
ഞായറാഴ്ച ബ്രോക്കര്‍ പൈലി വന്നപ്പോള്‍ തോമസ് മനോവിഷമത്തോടെ ജാസ്മിന്‍റെ തീരുമാനമറിയിച്ചു.
പൈലി അവളെ വിളിച്ചു കുറെ ഉപദേശിച്ചു നോക്കിയെങ്കിലും ജാസ്മിൻ തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല . പൈലിക്കു ദേഷ്യം വന്നു.
“ഞാന്‍ പോക്വാ. ഇനി ഒരാലോചനയുമായിട്ട് ഞാനീ കുടുംബത്തിലേയ്ക്കു വര്യേല. ഇനി ഈ വീട്ടിൽ ഒരു കല്യാണം നടക്കുമെന്നും എനിക്ക് പ്രതീക്ഷയില്ല. . അലീന ഭ്രാന്തുപിടിച്ച ആശുപത്രിയിൽ കിടന്ന കഥകളൊക്കെ ഈ നാട്ടുകാർക്കു മുഴുവൻ അറിയാം. പാരമ്പര്യമായിട്ടുള്ളതെന്നാ ചിലരു പറഞ്ഞു പരത്തിയിരിക്കുന്നത് . എത്ര ചെറുക്കന്മാര് അതുകേട്ട് വേണ്ടാന്ന് പറഞ്ഞു പോയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ . ഞാനതൊന്നും ഇവിടെ വന്നു പറഞ്ഞിട്ടില്ലെന്നേയുള്ളൂ . കെട്ടാച്ചരക്കായി നിൽക്കട്ടെ രണ്ടെണ്ണവും ഇവിടെ .”
പൈലി പിറുപിറുത്തുകൊണ്ട് കലിതുള്ളി പടിയിറങ്ങിപ്പോകുന്നത് മേരിക്കുട്ടിയും തോമസും സങ്കടത്തോടെ നോക്കിനിന്നു.
അന്ന് ആ വീട്ടിൽ തോമസും മേരികുട്ടിയും പിന്നീട് ജാസ്മിനോട് സംസാരിച്ചതേയില്ല .
ഉച്ചകഴിഞ്ഞപ്പോൾ ജാസ്മിന്‍ വേഷം മാറി ബാഗുമെടുത്തു ഹോസ്റ്റലിലേയ്ക്കു മടങ്ങാൻ തയ്യാറായി. പിറ്റേന്ന് വെളുപ്പിനു പോയാല്‍ മതിയെന്ന് മേരിക്കുട്ടി പറഞ്ഞെങ്കിലും അവള്‍ വഴങ്ങിയില്ല.
ബസിലിരുന്ന് അവള്‍ ടോണിയെ ഫോണിൽ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
ടോണി ചോദിച്ചു.
“നമ്മളു തമ്മിലുള്ള അടുപ്പത്തേക്കുറിച്ചു താന്‍ പറഞ്ഞോ?”
“ഇല്ല. ഞാനാരേയെങ്കിലും കണ്ടുവച്ചിട്ടുണ്ടോന്നു പപ്പ ചോദിച്ചു. ഇല്ലെന്നു ഞാന്‍ പറഞ്ഞു.”
“അത് നന്നായി. ഒരു കാരണവശാലും നമ്മളു തമ്മിലുള്ള സ്നേഹം പുറത്തു ആരും അറിയരുത്. വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകും.”
“ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു. സമയമാവുമ്പം ഒരു അറേൻജ്‌ഡ്‌ മാര്യേജ് പോലെയങ്ങ് നടത്തിയാൽ മതി. ഇല്ലെങ്കിൽ നാട്ടുകാര് വേണ്ടാത്ത കഥകളൊക്കെ ഉണ്ടാക്കും ” ജാസ്മിന്‍ പറഞ്ഞു.
”അതെ, അതാ നല്ലത് . ”
“ഇനി എന്നാ ഒന്നു കാണാൻ പറ്റുക ?”
“വീട്ടില്‍ വരുന്ന ദിവസം ഞാൻ മുന്നെ വിളിച്ചു പറയാം.”
”ഉം ”
ജാസ്മിൻ കോൾ കട്ട് ചെയ്തു .
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ തോമസും മേരിക്കുട്ടിയും അലീനയുടെ വിവാഹകാര്യത്തേക്കുറിച്ചു പിന്നെയും സംസാരിച്ചു .
” പൈലി പറഞ്ഞിട്ടു പോയത് നീ കേട്ടില്ലായിരുന്നോ . വരുന്ന ആലോചനകളൊക്കെ നാട്ടുകാര് മുടക്കി വിടുകയാണെന്ന്‌. ഇനി ഒരു കല്യാണം ഈ കുടുംബത്തിൽ നടക്കുമോ മേരിക്കുട്ടി ?” തോമസിന്റെ നെഞ്ചിടിപ്പ് മേരികുട്ടിക്കു കേൾക്കാമായിരുന്നു.
” നടക്കും അച്ചായാ . അച്ചായൻ വിഷമിക്കാതിരി . നമ്മൾ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ . ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല ”
മേരിക്കുട്ടി ഭർത്താവിനെ സമാധാനിപ്പിക്കാൻ നോക്കി .
” ആ കല്യാണം മുടങ്ങീതോര്‍ക്കുമ്പം എന്‍റെ ചങ്കിനകത്തു നിന്നൊരു കേറ്റമാ മേരിക്കുട്ടി . എല്ലാം കൊണ്ടും പറ്റിയ ആലോചനയായിരുന്നു. ഇതുപോലൊന്നിനി എന്തായാലും കിട്ടുകേല.”
“കൈവിട്ടു പോയതോർത്തു മനസു വേദനിപ്പിച്ചിട്ടെന്താ കാര്യം. കിടന്നുറങ്ങാൻ നോക്ക്.”
മേരിക്കുട്ടി വലതു കൈ ചുറ്റി ഭർത്താവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ മേരിക്കുട്ടി ഉറക്കത്തിലേക്കു വീണു.
തോമസിന് ഉറക്കം വന്നില്ല. നെഞ്ചിനകത്തു മുഴുവൻ തീയായിരുന്നു . അത് ആളിക്കത്തുകയാണ് .
ഇനി അലീനയ്ക്ക് എവിടെ നിന്നു കിട്ടും ഒരു ചെക്കനെ ? ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
ഒരു പാടു പ്രതീക്ഷയോടെ കാത്തിരുന്നതാണ് അവൾ ഈ കല്യാണം. അതു തെന്നിപ്പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്തൊരു വിധിയാണ് അവളുടേത് .
തോമസിന്‍റെ നെഞ്ചു വിങ്ങി കഴച്ചു. ആ വിങ്ങല്‍ സാവധാനം വേദനയായി മാറി. വേദന കൂടിയപ്പോൾ നെഞ്ചില്‍ കൈ അമര്‍ത്തി അയാള്‍ മേരിക്കുട്ടിയെ വിളിച്ചു.
മേരിക്കുട്ടി എണീറ്റു ലൈറ്റിട്ടു നോക്കിയപ്പോള്‍ ശ്വാസമെടുക്കാന്‍ പാടുപെടുന്ന ഭര്‍ത്താവിനെയാണു കണ്ടത്. അയാളുടെ ശരീരം വിയര്‍പ്പില്‍ കുളിച്ചിരുന്നു.
മേരിക്കുട്ടി ഉറക്കെ അലീനയെ വിളിച്ചു. അടുത്ത മുറിയിൽ നിന്ന് അലീന എണീറ്റ് വന്നു നോക്കിയപ്പോൾ ജീവനുവേണ്ടി ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു തോമസ് .
”എന്നാ പപ്പാ പറ്റിയേ?”
” ഒന്നുമില്ല. കുടിക്കാനിത്തിരി വെള്ളം വേണം മേരിക്കുട്ടി ”
തോമസ് കൈ നീട്ടിയപ്പോള്‍ മേരിക്കുട്ടി ഓടിപ്പോയി അടുക്കളയിൽ ചെന്ന് വെള്ളമെടുത്തുകൊണ്ടുവന്നു കൊടുത്തു.
അലീന പപ്പയുടെ നെഞ്ചുതിരുമ്മിക്കൊണ്ടു കട്ടിലിന്റെ ഓരത്ത് ഇരുന്നു . എണീറ്റ് , മേരിക്കുട്ടിയുടെ കൈയ്യില്‍ നിന്ന് ഗ്ളാസ് വാങ്ങി ഒരു കവിള്‍ വെള്ളം കുടിച്ചു തോമസ് . ഗ്ളാസ് തിരികെ കൊടുത്തിട്ടു അയാള്‍ ഭാര്യയേയും മകളേയും മാറി മാറി നോക്കി.
” ഞാൻ മരിച്ചു പോകും മേരിക്കുട്ടി . എന്റെ ചങ്കു പൊട്ടിപ്പോകുവാ ”
”നമുക്ക് ആശുപത്രിയിൽ പോകാം പാപ്പാ . ഞാൻ വണ്ടി വിളിക്കാം” അലീന എണീൽക്കാൻ ഭാവിച്ചപ്പോൾ തോമസ് അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു .
” വേണ്ട , നീയെവിടെ ഇരിക്ക് ” അലീനയെ പിടിച്ചു കട്ടിലിൽ ഇരുത്തിയിട്ടു തോമസ് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്നിട്ടു പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
” ന്റെ കൊച്ചിന്റെ കല്യാണം നടത്തി തരാൻ ഈ പപ്പാക്ക് കഴിഞ്ഞില്ലല്ലോ മോളെ . ഇനി അതിനു കഴിയുമെന്നും തോന്നുന്നില്ല ”
” പപ്പാ വിഷമിക്കാതിരി , എന്റെ കല്യാണം നടന്നില്ലാന്നു വച്ച് എനിക്കൊരു കുഴപ്പവുമില്ല. പപ്പാ കരയാതിരി ”
അലീന പപ്പയുടെ കവിളിൽ സ്നേഹവായ്‌പോടെ ഒരുമ്മ കൊടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയിരുന്നു .
തോമസ് മേരിക്കുട്ടിയെ നോക്കിക്കൊണ്ടു പറഞ്ഞു.
“ഞാന്‍ മരിച്ചുപോയാല്‍ നമ്മുടെ രണ്ടു മക്കളേയും നീ പൊന്നുപോലെ നോക്കണം കേട്ടോ മേരിക്കുട്ടി .”
” അച്ചായൻ എന്തൊക്കെയാ ഈ പറയുന്നത് . ഓരോന്നോർത്തു മനസുവേദനിപ്പിക്കാതെ ശാന്തമായിട്ടു കിടക്ക് ”
അലീനയുടെ മുഖത്തേയ്ക്കു നോക്കിയിട്ട് തോമസ് തുടര്‍ന്നു. “ന്‍റെ മോടെ കല്യാണം നടന്നു കണ്ടിട്ട് മരിയ്ക്കണോന്ന് ഈ പപ്പായ്ക്ക് ഒരു പാട് ആഗ്രഹമുണ്ടായിരുന്നു. അത് നടക്കുമെന്ന് തോന്നുന്നില്ല മോളെ ” അവളുടെ രണ്ടു കൈകളും പിടിച്ചു തന്റെ മുഖത്തേക്ക് ചേർത്തിട്ടു തോമസ് തുടർന്നു . ” ഈ പപ്പയോട് ക്ഷമിയ്ക്കണം, കേട്ടോ മോളെ “
“എന്തിന് ?എന്തിനാ പപ്പാ ക്ഷമിക്കുന്നെ? പപ്പാ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ”
അലീന പപ്പയെ തന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.
അലീനയുടെ വലതു കൈ പിടിച്ചുയർത്തിയിട്ടു തോമസ്‌ ആ കൈവെള്ളയില്‍ ഒരു മുത്തം നല്‍കി.
ഒരു തുള്ളി കണ്ണുനീര്‍ ആ കൈവെള്ളയില്‍ വീണു പടർന്നു .
”എന്താ പാപ്പാ ഇത് ”
” എന്റെ മോൾക്ക് തരാൻ ഈ പപ്പായ്ക്ക്ഇതേയുള്ളൂ . ഞാൻ പോകുവാ മോളെ ”
അടുത്ത നിമിഷം തോമസിന്റെ കണ്ണുകൾ മിഴിച്ചു . ശിരസ് ഒരു വശത്തേയ്ക്കു ചെരിഞ്ഞു. കിടക്കയിലേക്ക് അയാൾ മറിഞ്ഞു വീണുപോയി . ശരീരം ഒന്ന് പിടഞ്ഞിട്ടു നിശ്ചലമായി . വായിൽ നിന്ന് രക്തം പുറത്തേക്കൊഴുകി .ആ ശരീരത്തിൽ നിന്ന് ആത്മാവ് പറന്നു പോയിരുന്നു . .
ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വീണുപോയ തോമസിനെ കെട്ടിപ്പിടിച്ചു അലീനയും മേരിക്കുട്ടിയും വാവിട്ടു കരഞ്ഞു
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here