ജാസ്മിന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന വാര്‍ത്ത ചിത്തിരപുരം ഗ്രാമത്തില്‍ ഒരു കൊടുങ്കാറ്റായി പടര്‍ന്നു. നാട്ടുകാർ അവരവരുടെ ഭാവനയ്ക്കനുസരിച്ച് കഥകളുണ്ടാക്കി കൈമാറി.
ജാസ്മിന്‍ ഗര്‍ഭിണിയായിരുന്നെന്നും കാമുകനായ ടോണി കൈയൊഴിഞ്ഞപ്പോള്‍ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നുമായിരുന്നു പിന്നാമ്പുറത്തെ പ്രധാന സംസാരം.
മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലേക്കു മടങ്ങിച്ചെന്നപ്പോള്‍ ആ ഗ്രാമത്തിലെ ശ്രദ്ധേയ കഥാപാത്രമായി മാറിയിരുന്നു ജാസ്മിന്‍ തോമസ് . മേരിക്കുട്ടിയുടെ ചെവിയിലുമെത്തി മകളെക്കുറിച്ചു നാട്ടുകാർ പറഞ്ഞ അപവാദ കഥകൾ.
എന്തിനാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു മേരിക്കുട്ടി ചോദിച്ചപ്പോള്‍ പപ്പ മരിച്ചതിലുള്ള വിഷമം കൊണ്ടാണെന്ന് പറഞ്ഞു അവള്‍ അമ്മയിൽ നിന്ന് സത്യം മറച്ചു വച്ചു.
” പപ്പ മരിച്ചിട്ടു വർഷം കുറെയായില്ലേ മോളെ ? ഇപ്പഴാണോ നിനക്ക് അതിന്റെ വിഷമം തോന്നിയത് ? നാട്ടുകാര് പറയുന്നപോലെ നീയും ടോണിയും തമ്മിൽ വല്ല ബന്ധവും ഉണ്ടായിരുന്നോ ? എന്നോട് സത്യം പറ ”
” ഒരു ബന്ധവും ഇല്ലമ്മേ . അതോർത്ത് അമ്മ പേടിക്കണ്ട ”
” മരിക്കാൻ പോയ നേരത്ത് നിനക്ക് എന്നെ ഒന്ന് ഓർക്കരുതായിരുന്നോ മോളെ ? നീ മരിച്ചാ പിന്നെ എനിക്കാരാ ഉള്ളത്?”
“പെട്ടെന്നു തോന്നിയ ഒരു പൊട്ടബുദ്ധിയായിപ്പോയി അമ്മേ . ക്ഷമിക്ക്. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ” – അമ്മയെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ട് പശ്ചാത്താപത്തോടെ അവൾ പറഞ്ഞു.
”ഇനി അങ്ങനത്ത ബുദ്ധിമോശമൊന്നും കാണിച്ചേക്കരുത് കേട്ടോ . ഉറങ്ങാൻ കിടക്കുമ്പം എന്നും പ്രാർത്ഥിച്ചിട്ടു കിടക്കണം ”
‘ഉം ”
മേരിക്കുട്ടി കുറെ ഉപദേശങ്ങളും നിർദേശങ്ങളും നൽകിയിട്ടു എന്നീറ്റ് അടുക്കളയിലേക്കു പോയി.
കടയിൽ സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോഴും പള്ളിയില്‍ കുര്‍ബാനയ്ക്കു പോകുമ്പോഴും വെയിറ്റിങ് ഷെഡിലും കലിങ്കിനുപുറത്തും വായിനോക്കികൾ ഇരുന്നു തന്നെ നോക്കി രഹസ്യം പറയുന്നതും ചിരിക്കുന്നതും ജാസ്മിന്‍ ശ്രദ്ധിച്ചു. നാട്ടുകാരുടെ പരിഹാസവും കമന്റുകളും കേട്ടു മടുത്തപ്പോള്‍ മുറിക്കു വെളിയിലേക്കിറങ്ങണമെന്നുപോലും അവൾക്കു തോന്നിയില്ല . അധികനേരവും അവൾ മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരുന്നു.
ഒരു ദിവസം മേരിക്കുട്ടി പറഞ്ഞു:
“ആള്‍ക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു ഞാന്‍ മടുത്തു. എല്ലാര്‍ക്കും അറിയേണ്ടത് ഒന്നേയുള്ളൂ. നീ എന്തിനാ ചാകാന്‍ നോക്കിയേന്ന്.”
അത് കേള്‍ക്കാത്ത മട്ടിലിരുന്നതേയുള്ളു ജാസ്മിന്‍.
“നാണക്കേടുകൊണ്ടു തല ഉയര്‍ത്തി നടക്കാന്‍ മേലെന്നായി.” – ഒരു നെടുവീര്‍പ്പിട്ടിട്ടു മേരിക്കുട്ടി തുടര്‍ന്നു:
“നിന്‍റെ കാര്യം ഓര്‍ക്കുമ്പം ഉള്ളില്‍ തീയാ കൊച്ചേ. നിനക്കിനി എവിടുന്നാ ഒരു ചെറുക്കനെ കണ്ടുപിടിക്ക്വാ? ഒരാലോചനയുമായിട്ടു ഇനി ആരെങ്കിലും ഈ വീട്ടിലേക്കു കേറി വരുമോ ? നിനക്കു വയറ്റിലുണ്ടെന്നുവരെയാ ഓരോരുത്തര് പറഞ്ഞു പരത്തിരീക്കുന്നേ.”
“ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ അമ്മേ? എനിക്കു കല്യാണം വേണ്ടെന്നു പറഞ്ഞില്ലേ ? പിന്നെ എന്തിനാ അമ്മ അതോർത്തു വിഷമിക്കുന്നേ ? കഥകളുണ്ടാക്കുന്നവര് ഉണ്ടാക്കട്ടെ . വേലേം കൂലിം ഇല്ലാത്ത കുറെ അലവലാതികളുണ്ടല്ലോ ഉണ്ടല്ലോ ഈ നാട്ടിൽ. അവര്‍ അവരുടെ പണി ചെയ്യട്ടെ. അമ്മ മൈന്‍ഡു ചെയ്യണ്ട.” – ജാസ്മിന്‍ ദേഷ്യത്തിലായിരുന്നു.
”ഈ നാട്ടില്‍ ഇനി മനസമാധാനത്തോടെ നമുക്കു ജീവിക്കാന്‍ പറ്റിയേല മോളെ. ചുറ്റും ശത്രുക്കളാ . നമുക്ക് ഈ വീടും പറമ്പും വിറ്റിട്ടു വേറെങ്ങോട്ടെങ്കിലും പോയാലോ?”
അതു നല്ല കാര്യമാണെന്ന് ജാസ്മിനും തോന്നി . ഈ നാട്ടില്‍ താമസിച്ചാല്‍ കണ്ണീരൊഴിഞ്ഞൊരു ജീവിതം തനിക്കുണ്ടാവില്ല. ടോണിയെ കാണുമ്പോഴൊക്കെ മനസ്സു പിടയും. അയാള്‍ മറ്റൊരു പെണ്ണിന്‍റെ കഴുത്തില്‍ താലികെട്ടി കളിയും ചിരിയുമായി ഒന്നിച്ചു നടന്നുപോകുന്നത് കാണാനാവില്ല തനിക്ക്. അതു താങ്ങാനുള്ള കരുത്തുണ്ടാവില്ല മനസ്സിന്.
പോകണം!
ഈ വീടും നാടും ഉപേക്ഷിച്ചു പോകണം. ദൂരെ, ആരുമില്ലാത്ത ഒരു ഗ്രാമത്തില്‍ ഒറ്റയ്ക്കു കഴിയുന്നതാണ് നല്ലത് . ടോണി കല്യാണം കഴിച്ച് ഭാര്യയോടൊപ്പം സന്തോഷമായി ഇവിടെ കഴിയട്ടെ. താന്‍ അയാള്‍ക്കൊരു ശല്യമാകാൻ പാടില്ല.
“നേരാ അമ്മേ.” ജാസ്മിന്‍ മേരിക്കുട്ടിയെ നോക്കി തുടര്‍ന്നു: “ഇവിടെ താമസിച്ചാല്‍ നമുക്കൊരിക്കലും മനഃസമാധാനം കിട്ടില്ല. അമ്മ പറഞ്ഞതാ ശരി. നമുക്കിവിടുന്നു പോകാം; ദൂരെ എങ്ങോട്ടെങ്കിലും.”
മേരിക്കുട്ടിക്കു സന്തോഷമായി. മകള്‍ എതിര്‍ക്കുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്! അതുണ്ടാവാതിരുന്നത് ഭാഗ്യം .
മേരിക്കുട്ടി വീടും പുരയിടവും വില്‍ക്കുകയാണെന്നു പറഞ്ഞു കേട്ടപ്പോള്‍ ആഗ്നസിനും അനുവിനും വിഷമമായി . ജാസേച്ചിയെയും മേരി ആന്റിയെയും ഇനി കാണാന്‍ പറ്റില്ലല്ലോ എന്ന സങ്കടമായിരുന്നു അനുവിന്. നല്ലൊരു അയല്‍ക്കാരിയെ നഷ്ടപ്പെടുന്നല്ലോ എന്ന വിഷമം ആഗ്നസിനും. ടോണിക്കു പക്ഷേ, സന്തോഷമായിരുന്നു. ജാസ്മിന്‍ കണ്‍മുമ്പില്‍ നിന്ന് അകന്നുപോകുന്നത് എല്ലാം കൊണ്ടും തന്‍റെ ഭാവി ജീവിതത്തിനു നല്ലതാണെന്ന് അയാള്‍ ചിന്തിച്ചു. നല്ലൊരു പെണ്ണിനെ കെട്ടി സന്തോഷമായി, മന സമാധാനത്തോടെ കഴിയണമെങ്കിൽ അവൾ കൺ മുൻപിൽ നിന്ന് അകന്നു പോകണം.
മാന്തോപ്പിൽ തറവാട് വില്‍ക്കുകയാണെന്നു കേട്ടപ്പോള്‍ പലരും വന്നു വീടും പറമ്പും കണ്ടു. രണ്ടേക്കര്‍ സ്ഥലവും ഒരു ഇടത്തരം വീടും! 80 ലക്ഷം രൂപയാണ് മേരിക്കുട്ടി വിലയിട്ടത്! 70 വരെ കൊടുക്കാമെന്നു ചിലര്‍ പറഞ്ഞെങ്കിലും മേരിക്കുട്ടി വഴങ്ങിയില്ല .
ഒരുനാൾ മേരിക്കുട്ടിയുടെ സഹോദരന്‍ കുര്യാക്കോസ് ഒരാളെ കൂട്ടി കൊണ്ടുവന്നു. വീടും പറമ്പും നോക്കിയിട്ട് അയാള്‍ 75 ലക്ഷത്തിന് വാങ്ങിക്കൊള്ളാമെന്നു പറഞ്ഞു. അതു നല്ല വിലയാണെന്നു പറഞ്ഞ് കുര്യാക്കോസ് മേരിക്കുട്ടിയെക്കൊണ്ടു ആ കച്ചവടം ഉറപ്പിച്ചു .
അഡ്വാന്‍സ് തുകയായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കയ്യിലേക്ക് വാങ്ങിയപ്പോൾ മേരിക്കുട്ടിയുടെ കണ്ണു നിറഞ്ഞുപോയി. മുപ്പതുവര്‍ഷക്കാലം ചവിട്ടിനടന്ന മണ്ണ് ഇനി അന്യന്‍റേതായല്ലോ ! പിറന്ന വീടും മണ്ണും കൈവിട്ടുപോകുന്നല്ലോ എന്നോര്‍ത്തപ്പോള്‍ ജാസ്മിനും കരച്ചില്‍ വന്നു. അയല്‍ക്കാരെയും സുഹൃത്തുക്കളെയുമൊക്കെ ഉപേക്ഷിച്ച് ഇനി മറ്റൊരു നാട്ടില്‍…! ഓർക്കുമ്പോൾ ചങ്കു പൊട്ടിപ്പോകുന്നു .
പക്ഷേ, പോയേ പറ്റൂ. ടോണിയെ മറക്കണമെങ്കില്‍ ഈ നാട്ടില്‍നിന്നു അകന്നു പോകണം.
വീടുവിറ്റു എന്ന് കേട്ടപ്പോൾ അലീനയെയും കൂട്ടി ഈപ്പച്ചന്‍ മേരിക്കുട്ടിയുടെ വീട്ടില്‍ പാഞ്ഞെത്തി. സ്വത്തിന്‍റെ ഒരു ഭാഗം അലീനയ്ക്കും അവകാശപ്പെട്ടതാണെന്ന് പറഞ്ഞു അയാള്‍ ഒച്ചവച്ചപ്പോൾ മേരിക്കുട്ടി അമര്‍ഷത്തോടെ പറഞ്ഞു:
“അവകാശപ്പെട്ടതൊന്നും തരാതെ ഞങ്ങളു പോകില്ല ഈപ്പച്ചാ . അതിന്റെ പേരിൽ ഒച്ചവയ്ക്കണ്ടാ . ഇപ്പം അഡ്വാൻസ് കിട്ടിയതല്ലേയുള്ളൂ . മുഴുവൻ പൈസയും കിട്ടുമ്പം നിങ്ങടെ വീതം തന്നേക്കാം.”
അതു കേട്ടപ്പോള്‍ ഈപ്പനു സന്തോഷമായി. താന്‍ നിസ്സഹായയാണ് അമ്മേ എന്ന ഭാവത്തില്‍ അലീന മേരിക്കുട്ടിയെ നോക്കി. അവളുടെ നിസ്സഹായാവസ്ഥ മേരിക്കുട്ടിക്കും മനസിലാവുമായിരുന്നു .
പുതിയ പറമ്പും വീടും വാങ്ങുന്നതിനു കുര്യാക്കോസിനെയാണ് മേരിക്കുട്ടി ചുമതലപ്പെടുത്തിയത്. ഒരു ദിവസം കുര്യാക്കോസ് വീട്ടില്‍ വന്നിട്ട് പറഞ്ഞു:
“ഹൈറേഞ്ചില്‍ ഒരിടത്ത് നാലേക്കര്‍ സ്ഥലവും ഒരു ചെറിയ വീടും ആദായവിലയ്ക്കു കിട്ടും. ഒരുപാടു വികസിച്ച പ്രദേശമൊന്നുമല്ല . പക്ഷേ നല്ല വളക്കൂറുള്ള മണ്ണാ. കുരുമുളക്, തെങ്ങ്, കാപ്പി എന്നുവേണ്ട അല്ലറചില്ലറ കൃഷികളെല്ലാം ഉണ്ട്. കണ്ടിട്ട് എനിക്കിഷ്ടമായി. മേരിക്കുട്ടിയും ജാസ്മിനും വന്നൊന്നുകണ്ടു നോക്ക്.”
“എന്നാ വെലയാകും?” – മേരിക്കുട്ടി ആകാംക്ഷയോടെ ആങ്ങളയെ നോക്കി .
“20 ലക്ഷം അലീനയ്ക്കു കൊടുത്തു കഴിഞ്ഞ് ബാക്കി 55 ലക്ഷമല്ലേ ഇപ്പം നിങ്ങടെ കൈയിലുള്ളൂ? 50 ലക്ഷത്തിനു ഞാനതു വാങ്ങിച്ചു തരാം. ബാക്കി അഞ്ചുലക്ഷം ബാങ്കിലിട്ടിട്ടു അതിന്റെ പലിശകൊണ്ടു നിങ്ങള്‍ക്കു ജീവിക്കാം.”
“ജാസ്മോളെ കെട്ടിക്കാനുള്ള കാശു മാറ്റി വയ്ക്കണ്ടേ?”
“രണ്ടുവര്‍ഷത്തെ ആദായത്തീന്ന് അത് ഒണ്ടാക്കാന്നേ. പൊന്നുവിളയുന്ന മണ്ണാ. ഇപ്പം കുരുമുളകിനൊക്കെ എന്നാ വില?”
കുര്യാക്കോസ് ജാസ്മിന്‍റെ നേരേ തിരിഞ്ഞിട്ടു ചോദിച്ചു: “നീയെന്നാ പറയുന്നു കൊച്ചേ?”
“അമ്മയ്ക്കിഷ്ടപ്പെട്ടാല്‍ കച്ചോടം ഒറപ്പിച്ചോ. എനിക്കു കാണണ്ട . എവിടാണെങ്കിലും ഞാന്‍ വന്നു താമസിച്ചോളാം.”
അതു പറഞ്ഞിട്ട് അവള്‍ അവിടെ നിന്നു എണീറ്റ് പോയി.
“നിന്‍റെ അഭിപ്രായം എന്താ?”
കുര്യാക്കോസ് കസേരയിലിരുന്നിട്ടു മേരിക്കുട്ടിയെ നോക്കി.
“കുഞ്ഞാങ്ങളക്ക് ഇഷ്ടപ്പെട്ടാൽ ഒറപ്പിച്ചോ! എനിക്കും കാണണ്ട സ്ഥലം.”
“പിന്നെ കണ്ടില്ലാ കേട്ടില്ലാന്നൊന്നും പരാതി പറഞ്ഞേക്കരുത്.”
“വഴീം വെള്ളവും ഒണ്ടല്ലോ അല്ലേ?”
“അതൊണ്ട്. പിന്നെ വല്യ പരിഷ്കാരികളായ ആളുകളൊന്നും ചുറ്റുവട്ടത്ത് ഇല്ല. എല്ലാം പാവങ്ങളാ. പക്ഷേ നല്ല സ്നേഹമുള്ളവരാ കേട്ടോ?”
“പള്ളി…?”
“പള്ളി അടുത്തുണ്ട്. തൊട്ടടുത്താ. എന്നും കുർബാനയുമുണ്ട് “
“അതു വല്യ അനുഗ്രഹമായി. വേറൊന്നുമില്ലെങ്കിലും എന്നും കുര്‍ബാനയെങ്കിലും കാണാല്ലോ.”
“എന്‍റെ നോട്ടത്തില്‍ വളരെ നല്ല സ്ഥലമാ മേരിക്കുട്ടി. തെങ്ങിലൊക്കെ എന്നാ കായാന്നറിയുവോ? രണ്ടുവര്‍ഷം കഴിയുമ്പം പെണ്ണിനെ കെട്ടിച്ചു വിടാനുള്ള കാശ് പറമ്പീന്നുണ്ടാക്കാന്നേ. കുഞ്ഞാങ്ങള നിന്നെ കൊണ്ടുപോയി കുഴീല്‍ ചാടിക്കൊന്നുമില്ല.”
“എന്നാ അതിന് അഡ്വാന്‍സ് കൊടുത്തോ.”
മേരിക്കുട്ടി അനുമതി നല്‍കി.
“നിനക്കു സ്ഥലം കാണണമെന്നുണ്ടെങ്കില്‍ ഞാന്‍ കൊണ്ടെ കാണിക്കാം. പത്തെഴുപതു കിലോമീറ്റർ യാത്ര ചെയ്യണമെന്നേയുള്ളു . പോകുന്നോ ?
“വേണ്ട. ഏതു കുഗ്രാമത്തിലാണെങ്കിലും വഴീം വെള്ളോം പള്ളീം ഒണ്ടല്ലോ. അതുമതി. ഇവിടെ കിടന്നാല്‍ നാട്ടുകാരുടെ അപവാദം കേട്ട് എന്‍റെ മോള് ഇനീം വല്ല കടുംകയ്യും ചെയ്യും. അതുകൊണ്ടു
എത്രയും വേഗം ഇവിടുന്നു പോണം കുഞ്ഞാങ്ങളെ .”
“എന്നാ ഞാനിറങ്ങട്ടെ.” – കുര്യാക്കോസ് എണീറ്റു.
“ഊണുകഴിച്ചിട്ടു പോകാം.”
“വേണ്ട മേരിക്കുട്ടി. ഇപ്പം സമയം പന്ത്രണ്ടല്ലേ ആയുള്ളൂ. വിശപ്പായില്ല. ഞാന്‍ വീട്ടില്‍ ചെന്നു കഴിച്ചോളാം.”
കാലന്‍കുടയെടുത്തു പിന്നില്‍, തോളത്തു തൂക്കിയിട്ട് കുര്യാക്കോസ് പടികളിറങ്ങി നടന്നു. മേരിക്കുട്ടി അത് നോക്കി വരാന്തയില്‍ നിന്നു. കുറേനേരം അങ്ങനെ നിന്നിട്ട് അവർ തിരിഞ്ഞു മുറിക്കകത്തേക്കു കയറി.
ജാസ്മിന്‍ കിടപ്പുമുറിയിലെ കട്ടിലില്‍ മനസ്സു മരവിച്ചു കിടക്കുകയായിരുന്നു . മേരിക്കുട്ടി അടുത്തു ചെന്നിരുന്ന് അവളുടെ ചുമലില്‍ കൈവച്ചുകൊണ്ടു ചോദിച്ചു.
“നിനക്കു വിഷമമുണ്ടോ മോളേ? ”
“ഇല്ലമ്മേ.” അങ്ങനെ പറഞ്ഞെങ്കിലും അവളുടെ നെഞ്ചുനീറിപ്പുകയുകയായിരുന്നു. അതു മേരിക്കുട്ടി മനസ്സിലാക്കി.
“സാരമില്ല മോളേ. ഒരു പക്ഷേ നമ്മുടെ യോഗം തെളിയുന്നത് ആ മലമുകളിലായിരിക്കും. കര്‍ത്താവിനോടു നമുക്ക് പ്രാര്‍ത്ഥിക്കാം. കർത്താവ് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല.”
“ഉം. അമ്മ പൊയ്ക്കോ. ഞാനിത്തിരി നേരം സ്വസ്ഥമായിട്ടൊന്നു കിടക്കട്ടെ.”
മേരിക്കുട്ടി എണീറ്റ് അടുക്കളയിലേക്കു പോയി.
സന്ധ്യ!
ചക്രവാളത്തിന്‍റെ തിരുനെറ്റിയില്‍ കുങ്കുമപ്പൊട്ടുപോലെ അസ്തമയസൂര്യന്‍.
മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ കൊമ്പിലിരുന്ന് ഒരു അണ്ണാന്‍ ചിലച്ചു. ജാസ്മിന്‍ ദൂരേക്ക് കണ്ണുംനട്ട് വീടിന്‍റെ വരാന്തയിലിട്ടിരുന്ന കസേരയില്‍, താടിക്കു കൈയും കൊടുത്ത് ഓരോന്നാലോചിച്ചിരിക്കുകയായിരുന്നു.
അവള്‍ ഓര്‍ത്തു: നാളെ ഈ വീടും നാടും വിട്ട് പോകുകയാണ് . പോകുന്നതിനു മുമ്പ് ടോണിയെ ഒന്നു കാണണ്ടേ? കണ്ടു യാത്ര പറയണ്ടേ? വേണം. ഇപ്പോള്‍ ശത്രുവാണെങ്കിലും ഒരുപാട് വർഷങ്ങൾ മനസ്സില്‍ കൊണ്ടുനടന്ന രൂപമല്ലേ. ഒരിക്കല്‍ കൂടി ആ മുഖം ഒന്ന് കാണണം. ഇനി ഒരിക്കലും കാണാന്‍ പറ്റിയില്ലെങ്കിലോ? ഓര്‍ത്തപ്പോള്‍ അറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞു .
ഇനി ഒരു ദിവസം കൂടിയേയുള്ളൂ ഈ നാട്ടില്‍. നാളെ മുതല്‍ അന്യദേശത്ത്, പരിചയമില്ലാത്ത ആൾക്കാരുടെ ഇടയിൽ . ഓര്‍ക്കുമ്പോള്‍ ചങ്കുപൊട്ടുന്ന വേദന. ജനിച്ച വീടും ഓടിക്കളിച്ചു നടന്ന പറമ്പും ഉപേക്ഷിച്ചു പോകണമല്ലോ ദൈവമേ ! ഏങ്ങലടിച്ചിട്ട് അവൾ വലതുകൈ ഉയര്‍ത്തി മിഴികള്‍ തുടച്ചു.
അയൽക്കാരോടും സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ യാത്രപറഞ്ഞു കഴിഞ്ഞു. ടോണിയെ മാത്രം കണ്ടില്ല. തന്‍റെ കണ്ണില്‍പ്പെടാതെ ഒഴിഞ്ഞുനടക്കുകയാണവന്‍. തന്നെ കാണണമെന്ന് അവന് ആഗ്രഹമില്ലായിരിക്കും. വേണ്ട. പക്ഷേ, തനിക്കു കാണണം. കണ്ടേ പറ്റൂ.
മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം നടക്കുമ്പോള്‍ ദൂരെ, വയല്‍വരമ്പിലൂടെ ആരോ നടന്നു പോകുന്നത് അവള്‍ കണ്ടു. അതു ടോണിയല്ലേ? ജാസ്മിന്‍ എണീറ്റു മുറ്റത്തേക്കിറങ്ങി സൂക്ഷിച്ചു നോക്കി. അതെ, ടോണി തന്നെ!
മുറ്റത്തു നിന്നു പറമ്പിലേക്കിറങ്ങി ഒറ്റയടിപ്പാതയിലൂടെ അവള്‍ വയല്‍ വരമ്പിലേക്കോടി. അപ്പോഴേക്കും ടോണി വയല്‍ വരമ്പില്‍ നിന്നു തെങ്ങിന്‍തോപ്പിലേക്കു പ്രവേശിച്ചിരുന്നു.
“ടോണീ…”
വിളികേട്ട് അയാള്‍ തിരിഞ്ഞു നോക്കി. ജാസ്മിന്‍ ഓടി അടുത്തു ചെന്നു. നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു .
ജാസ്മിനെ കണ്ടതും ടോണി വല്ലാതായി. ഒന്നും മിണ്ടാതെ രണ്ടുപേരും മിഴിയോടു മിഴിനോക്കി തെല്ലുനേരം നിന്നു. ഒടുവില്‍ മൗനം ഭേദിച്ചതു ജാസ്മിനാണ് .
“നാളെ ഞങ്ങളു പോക്വാ.” – അത് പറഞ്ഞപ്പോൾ അവളുടെ സ്വരം ഇടറുകയും മിഴികള്‍ നിറയുകയും ചെയ്തു. അതു കണ്ടപ്പോള്‍ ടോണിക്കും വിഷമം തോന്നി ..
“പോകുന്നതിനു മുമ്പ് ഒരു കാര്യം പറയണമെന്നു തോന്നി. ടോണിയുടെ മിഴികളിലേക്കു നോക്കി ജാസ്മിന്‍ തുടര്‍ന്നു: “വിശ്വസിക്കില്ലെന്നറിയാം. എന്നാലും പറയട്ടെ. ഇന്നുവരെ ഈ മനസ്സും ശരീരവും ഞാന്‍ വേറാര്‍ക്കും കൊടുത്തിട്ടില്ല. ആ വീഡിയോ…അത് …. രേവതി എന്നെ ചതിച്ചതാ.”
അതുകേട്ടതും ടോണി പുച്ഛഭാവത്തില്‍ ഒന്നു ചിരിച്ചു. ഇതൊന്നും താൻ വിശ്വസിക്കില്ല എന്ന അർത്ഥത്തിലോരു ചിരി.
ജാസ്മിൻ തുടർന്നു : “എന്താ സംഭവിച്ചതെന്നു ഞാന്‍ പറയാം. അതു പറഞ്ഞില്ലെങ്കില്‍ എനിക്കൊരിക്കലും മനസമാധാനം കിട്ടില്ല. ടോണി അതു കേള്‍ക്കാനുള്ള സന്മനസ്സു കാണിക്കണം.”
കേള്‍ക്കാം എന്ന ഭാവത്തില്‍ ടോണി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
രേവതിയുടെ വീട്ടിൽ വച്ച് നടന്ന ആ സംഭവം, വള്ളിപുള്ളി തെറ്റാതെ അവൾ വിശദമായി പറഞ്ഞു..
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20