Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 16

1851
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 16

ജാസ്മിൻ ആകാംക്ഷയോടെ ലാപ്ടോപ് സ്ക്രീനിലേക്ക് നോക്കിയിരിക്കെ പെട്ടെന്ന് കോളിംഗ് ബെൽ ശബ്ദിച്ചു .
”അമ്മ വന്നെന്നു തോന്നുന്നു . നമുക്ക് പിന്നൊരിക്കൽ കാണാം ഈ സിനിമ ”
ടോണി ലാപ്ടോപ്പ് ഓഫ് ചെയ്തു.
“ശ്ശൊ! കഷ്ടമായിപ്പോയി. കാണാൻ പറ്റിയില്ലല്ലോ ”
ജാസ്മിന് നിരാശ തോന്നി.
” വിഷമിക്കണ്ട . പിന്നൊരിക്കൽ കാണിച്ചു തരാം ”
ടോണി എണീറ്റ് ചെന്ന് പുറത്തേക്കുള്ള വാതിൽ തുറന്നു. പള്ളിയിൽ ധ്യാനത്തിന് പോയതായിരുന്നു ആഗ്നസും അനുവും . പതിവില്ലാതെ നേരത്തെ മടങ്ങി വന്നതു കണ്ടപ്പോൾ ടോണി ചോദിച്ചു .
” ഇന്നെന്താ , നേരത്തെ കഴിഞ്ഞോ ?”
” ഇന്ന് അവസാനത്തെ ദിവസമല്ലായിരുന്നോ. അച്ചനു വേറെങ്ങോ പോകണമെന്ന് പറഞ്ഞു നേരത്തെ നിറുത്തി.”
ആഗ്നസ് മുറിയിലേക്ക് കയറിയപ്പോഴാണ് ജാസ്മിനെ കണ്ടത് . ചുമരിനോട് ചേർന്ന് പുഞ്ചിരിതൂകി നിൽക്കുന്നു അവൾ.
”ങാ .., നീയിവിടെ ഉണ്ടായിരുന്നോ ? എപ്പ വന്നു മോളെ ?”
”ഇപ്പ വന്നതേയുള്ളൂ ആന്റീ ” അവൾ തെല്ലു നാണത്തോടെ കൈകൾ കൂട്ടി തിരുമ്മി നിന്നു
”മേരിക്കുട്ടിയെ ഇന്ന് ധ്യാനത്തിന് കണ്ടില്ലല്ലോ . എന്നാ പറ്റി ?
”അമ്മക്കവിടെ നിന്ന് തിരിയാൻ നേരമില്ല ആന്റി . നൂറുകൂട്ടം പണിയാ ”
”ഇന്നത്തേത് നല്ല ധ്യാനമായിരുന്നു കേട്ടോ. ഒന്ന് കേൾക്കേണ്ടതായിരുന്നു. ”
അത് പറഞ്ഞിട്ട് മേരിക്കുട്ടി വേഷം മാറാൻ കിടപ്പുമുറിയിലേക്ക് പോയി .
ജാസ്മിൻ അനുവിന്റെ മുറിയിലേക്ക് ചെന്നു. ഡ്രസ് മാറുകയായിരുന്നു അനു . ധ്യാനത്തിന്റെ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് ജാസ്മിൻ ചുറ്റിപറ്റി നിന്നു . അച്ചൻ പറഞ്ഞ കഥകളും അനുഭവങ്ങളുമൊക്കെ അനു അവളോട് വിശദമായി പറഞ്ഞു.
” ജാസ് മോളെ ഞാൻ ചായ എടുക്കുകയാ. ചായകുടിച്ചിട്ടേ പോകാവൂട്ടോ ”
അടുക്കളയിൽ നിന്ന് ആഗ്‌നസിന്റെ ശബ്ദം .
”അതേയുള്ളൂ ആന്റി ”
ജാസ്മിനും അനുവും വർത്തമാനം പറഞ്ഞുകൊണ്ട് മുറിയിലിരിക്കുമ്പോൾ ചായകുടിക്കാൻ ആഗ്നസിന്റെ വിളി വന്നു. രണ്ടുപേരും എണീറ്റ് ഡൈനിങ് റൂമിലേക്ക് ചെന്നു . ഡൈനിങ് ടേബിളിൽ ചായയും പലഹാരങ്ങളും നിരത്തിയിട്ടുണ്ടായിരുന്നു. ടോണി കഴിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു
”ങാഹാ .., ആശാൻ കഴിക്കാൻ തുടങ്ങിയോ . ടേബിൾ മാന്നേഴ്‌സ് ഒന്നുമറിഞ്ഞൂടാ അല്ലേ ”
ജാസ്മിൻ അവന്റെ പുറത്തു മൃദുവായി ഒരിടി കൊടുത്തു കൊണ്ട് പറഞ്ഞു
” നിങ്ങളൊക്കെ വലിയ മാനേഴ്‌സുള്ള ആളുകള് . നമ്മളൊരു പാവമാണേ ” ഒരു അച്ചപ്പം എടുത്തു കടിച്ചു കൊണ്ട് ടോണി, രസിക്കാത്ത മട്ടിൽ പറഞ്ഞു .
” അവൾ ഒരു തമാശ പറഞ്ഞതല്ലേടാ . അതിനു ഇങ്ങനാണോ മറുപടി പറയേണ്ടത് ? ” മേരിക്കുട്ടി ദേഷ്യപ്പെട്ടു.
”ഡോക്ടറാകാൻ പോകുന്നേന്റെ ഗമയാ ആന്റി”
ജാസ്മിൻ കസേര വലിച്ചിട്ടു ടോണിയുടെ സമീപം ഇരുന്നു . തൊട്ടടുത്തുള്ള കസേരയിൽ അനുവും.
”ഈ പുതുഞായറാഴ്‍ച നമുക്ക് എല്ലാർക്കും കൂടി മലയാറ്റൂർക്ക് ഒന്ന് പോകണം കേട്ടോ മോളെ . ഞാൻ ഒരു നേർച്ച നേർന്നിട്ടുണ്ട് .അലീനേടെ കല്യാണം വേഗം നടക്കാൻ വേണ്ടി . നീ മേരിക്കുട്ടിയോട് പറയണം കേട്ടോ ”
” ഞാനും നേർന്നിട്ടുണ്ട് ആന്റി . നമുക്കെല്ലാർക്കുംകൂടി പോകാം ”
അത് പറഞ്ഞിട്ട് അവൾ ടോണിയെ നോക്കി . ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരിരുന്നു അവൻ .
ചായയും പലഹാരങ്ങളും കഴിക്കുന്നതിനിടയിൽ ജാസ്മിനോട് വീട്ടിലെയും കോളേജിലെയും വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു ആഗ്നസ് .
ചായകുടി കഴിഞ്ഞു ആഗ്നസിനോടും അനുവിനോടും യാത്രപറഞ്ഞിട്ടു ജാസ്മിൻ പുറത്തേക്കിറങ്ങി. ടോണിയോട് യാത്ര ചോദിച്ചതേയില്ല .


ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞ നേരം.
കുര്യാക്കോസിനോടൊപ്പം ഈപ്പന്‍ വറുഗീസ് അലീനയെ പെണ്ണുകാണാന്‍ വന്നു.
ആളെ കണ്ടതും അലീന ഞെട്ടിപ്പോയി.
വലിയ മീശയും , കഷണ്ടി കയറിയ തലയുമുള്ള ഒരാജാനുബാഹു! കാഴ്ചയില്‍ ഒരു നാല്പത്തഞ്ചു വയസെങ്കിലും തോന്നിക്കും! ഒറ്റ നോട്ടത്തില്‍ ആളൊരു ഗുണ്ടയാണെന്നു തോന്നും.
മനസില്‍ സങ്കല്‍പ്പിച്ച രൂപവും യഥാര്‍ത്ഥ രൂപവും തമ്മില്‍ എത്രയോ അന്തരം എന്ന് അലീന ഓർത്തു . അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു പോയി.
ജാസ്മിൻ അന്തം വിട്ടു നോക്കിനിന്നുപോയി.
”കണ്ടിട്ട് പേടിയാകുന്നല്ലോ ചേച്ചി. ചേച്ചിയേം അയാളേം കണ്ടാല്‍ ആനേം ആടും പോലുണ്ട്.”
അലീന വായ് പൊളിച്ച്‌ ഒരു പ്രതിമ കണക്കെ ചുമരിനോട് ചേർന്ന് നിന്നത്തേയുളൂ .
“ചേച്ചി തുറന്നങ്ങോട്ടു പറ , ഇയാളെ വേണ്ടാന്ന്.”
“ഞാനമ്മയ്ക്കു വാക്കു കൊടുത്തതാ. അമ്മയിഷ്ടപ്പെടുന്ന ആളിന്റെ മുമ്പില്‍ തലകുനിച്ചു നിന്നേക്കാമെന്ന്. ഇനി എന്താന്ന് വച്ചാൽ അമ്മ തീരുമാനിക്കട്ടെ.”
വികാരങ്ങളും വിചാരങ്ങളുമില്ലാത്ത ഒരു മനസിൽനിന്നാണ് ആ മറുപടി വന്നത് എന്ന് ജാസ്മിന് മനസിലായി .
ജാസ്മിന്‍ മേരിക്കുട്ടിയുടെ അടുക്കല്‍ ചെന്നു കേണപേക്ഷിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.
“സൗന്ദര്യം ഇത്തിരി കുറഞ്ഞൂ പോയീന്നുള്ളത് ഒരു കുറവല്ല മോളെ . നല്ല കുടുംബക്കാരാ. ഇഷ്ടംപോലെ സ്വത്തുമുണ്ട്. സ്ത്രീധനത്തിന് അവര് കണക്കു പറഞ്ഞുമില്ലല്ലോ . ഇതിനേക്കാള്‍ മെച്ചപ്പെട്ടത് ഇനി അവൾക്കു കിട്ടുമെന്നു നീ കരുതുന്നുണ്ടോ? എത്ര പേരു വന്നിട്ടു പോയതാ? അവളെക്കുറിച്ചു നാട്ടിലൊള്ളോരൊക്കെ പറയുന്നത് എന്താന്നു ബ്രോക്കർ പൈലി പറഞ്ഞത് നീയും കേട്ടതല്ലേ ‘?”
മേരിക്കുട്ടിക്ക് അതുപേക്ഷിക്കാന്‍ മനസു വന്നില്ല.
“അമ്മ അയാളുടെ തടി കണ്ടില്ലേ? ചേച്ചിയും അയാളും നിൽക്കുമ്പം ആനയും ആടും നിൽക്കുന്ന പോലെയല്ലേ ”
“തടി ഇത്തിരി കൂടിപ്പോയത് ഒരു ദോഷമായിട്ടു കാണണ്ട . കല്യാണം കഴിഞ്ഞു ഒരു കൊച്ചൊക്കെ ആയിക്കഴിയുമ്പം അലീനേം വണ്ണം വച്ചോളും. മനപ്രയാസം കൊണ്ടാ അവളു ഇപ്പം വള്ളിപോലിരിക്കുന്നേ. കല്യാണം കഴിയുമ്പം ആ പ്രയാസമൊക്കെ മാറി അവള് വണ്ണം വച്ചോളും ”
അമ്മയോട് എന്തു പറഞ്ഞിട്ടും പ്രയോജനമില്ലെന്നു തോന്നിയപ്പോള്‍ ജാസ്മിന്‍ പിന്‍വാങ്ങി.
പെണ്ണുകാണല്‍ ചടങ്ങു കഴിഞ്ഞു ചെക്കനും കൂട്ടരും പോയപ്പോള്‍ അലീന ആരും കാണാതെ, ബാത്റൂമില്‍ കയറി കതകടച്ചിരുന്നു ഹൃദയം പൊട്ടിക്കരഞ്ഞു. ഈ കല്യാണം നടക്കരുതേയെന്നു ഉള്ളുരുകി പ്രാർത്ഥിച്ചു.
ഈപ്പന്‍ വറുഗീസിന്‍റെ മുഖം മനസില്‍ ഓര്‍ക്കാന്‍ പോലും അവള്‍ക്കു ഭയമായിരുന്നു. .
ആ വിവാഹം നടക്കരുതേയെന്നായിരുന്നു ജാസ്മിന്‍റെയും പ്രാര്‍ത്ഥന. അറിയാവുന്ന പള്ളികള്‍ക്കൊക്കെ അവള്‍ നേര്‍ച്ച നേര്‍ന്നു.
ദൈവം പക്ഷേ, രണ്ടുപേരുടെയും പ്രാര്‍ത്ഥന കേട്ടില്ല.
ഈപ്പന്‍ വറുഗീസ് അലീനയുടെ കഴുത്തില്‍ മിന്നുകെട്ടി.
കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്ന അലീനയുടെ കൂട്ടുകാരും ബന്ധുക്കളും വരനെ കണ്ട് മൂക്കത്തു വിരല്‍ വച്ചുപോയി.
കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോഴും അലീനയുടെ മിഴികള്‍ തുളുമ്പുകയായിരുന്നു.
വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ പള്ളിയില്‍ നിന്നു വെളിയിലേക്കിറങ്ങിയപ്പോള്‍ ആളുകളുടെ പിറുപിറുക്കലും അടക്കം പറച്ചിലും ജാസ്മിൻ ശ്രദ്ധിച്ചു.
അവൾക്കു കരച്ചിൽ വന്നു.
പാരിഷ് ഹാളിലെ സ്വീകരണ സൽക്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.
അലീന ഈപ്പനോടൊപ്പം കാറില്‍ കയറി. കാര്‍ മെല്ലെ പള്ളി മുറ്റത്തു നിന്നു റോഡിലേക്കുരുണ്ടു.
അലീനയെ ഭർത്തൃവീട്ടില്‍ കൊണ്ടാക്കിയിട്ട് മേരിക്കുട്ടിയും, ജാസ്മിനും, ടോണിയും, ആഗ്നസും അനുവും തിരിച്ചു പോരാനായി എണീറ്റു . മകളുടെ കയ്യിൽ പിടിച്ചു മേരിക്കുട്ടി യാത്ര ചോദിച്ചപ്പോൾ അലീനക്ക് സങ്കടം നിയന്ത്രിക്കാനായില്ല . അമ്മയെയും അനിയത്തിയേയും മാറി മാറി കെട്ടിപ്പിടിച്ചു അവൾ കരഞ്ഞു .
കണ്ടു നിന്നവരുടേയും കണ്ണു നിറഞ്ഞുപോയി.
അന്നു രാത്രിയില്‍ ശാന്തമായ മനസോടെയാണ് മേരിക്കുട്ടി ഉറങ്ങാന്‍ കിടന്നത്! ഒരു വലിയ ഭാരം തലയിൽ നിന്ന് ഇറക്കിവച്ച ആശ്വാസത്തോടെ.
ഇനി ജാസ്മിന്‍റെ കല്യാണം കൂടി നടന്നുകാണണം. അത് കഴിഞ്ഞു തന്നെ തോമാച്ചന്റെ അടുക്കലേയ്ക്കു ദൈവം വിളിച്ചോട്ടെ. സന്തോഷമായിട്ടു താൻ പൊയ്‌ക്കോള്ളാം.
ഈ സമയം ജാസ്മിനും ഓരോന്നാലോചിച്ചു കിടക്കുകയായിരുന്നു.
ചേച്ചി പോയി. ഇനി താന്‍ ഒറ്റയ്ക്ക്. ഒന്നു മിണ്ടാനും ചിരിയ്ക്കാനും ആരുമില്ലല്ലോ . അമ്മക്കെപ്പോഴും ദേഷ്യവും സങ്കടം പറച്ചിലുമാണ് .
ടോണിയുടെ പഠനം തീരുന്നതുവരെ താന്‍ കാത്തിരിക്കണമല്ലോ!
ഡോക്ടറായി സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കി ആശുപത്രി വരാന്തയിലൂടെ ടോണി നടന്നുപോകുന്ന രംഗം അവൾ ഭാവനയിൽ കണ്ടു. മാന്തോപ്പിലെ ജാസ്മിന്റെ ഹസ്ബന്റാണ് ആ പോകുന്നതെന്ന് ആളുകൾ പറയുന്നതും അവൾ മനസ്സിൽ സങ്കൽപ്പിച്ചു . എന്തൊരു അഭിമാനമായിരിക്കും അപ്പോൾ തനിക്ക് ! ഈ നാട്ടിലെ പെണ്ണുങ്ങൾക്ക് തന്നോട് കുശുമ്പ് തോന്നും. തോന്നട്ടെ . എല്ലാവരുടെയും മുൻപിലൂടെ ടോണിയുടെ കൈപിടിച്ചു തനിക്കു ഞെളിഞ്ഞൊന്നു നടക്കണം .
ടോണി തന്‍റെ കഴുത്തില്‍ മിന്നുകെട്ടുന്നതും ആദ്യരാത്രിയിലെ മധുരാനുഭവങ്ങളുമൊക്കെ അവള്‍ ഭാവനയില്‍ കണ്ടു. ആ ഭാവന ചിറകുവിരിച്ചു ആകാശത്തു പറന്നു നടന്നു. സ്വപ്നങ്ങള്‍ക്കു നിറം കൊടുത്തു കൊടുത്ത് എപ്പോഴോ അവള്‍ ഉറക്കത്തിലേക്കു വീണു .


പ്രഭാതം !
അലീന കിടക്കയില്‍ എണീറ്റിരുന്നിട്ടു തലമുടി ഒതുക്കി കെട്ടിവച്ചു. എന്നിട്ടു ഭര്‍ത്താവിനെ നോക്കി.
പോത്തിനെപ്പോലെ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുകയാണ് ഈപ്പന്‍ വറുഗീസ്.
കട്ടിലില്‍ നിന്നിറങ്ങി അവൾ നിലക്കണ്ണാടിയുടെ മുമ്പില്‍ വന്ന് നോക്കി.
മുഖമെല്ലാം വീങ്ങിയിരിക്കുന്നു. സങ്കടം വന്നു അവള്‍ക്ക്.
കരഞ്ഞു കരഞ്ഞ് എപ്പോഴാണ് താൻ ഉറങ്ങിപ്പോയത് ? ആദ്യരാത്രിയെക്കുറിച്ചുള്ള തന്റെ സപ്നങ്ങളും പ്രതീക്ഷകളും തകർന്നു തരിപ്പണമായിപ്പോയല്ലോ.
മദ്യലഹരിയില്‍ അയാള്‍ എന്തൊക്കെയാണു കാട്ടിക്കൂട്ടിയത്! ഇങ്ങനെയാണോ എല്ലാ ആണുങ്ങളും ? ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾക്കു ഒരു വിലയും കൊടുക്കാറില്ലേ ? അടുത്തുകിടക്കുന്നത് ഒരു മനുഷ്യസ്ത്രീയാണെന്ന ചിന്തപോലും ഇല്ലാതെപോയല്ലോ ആ മനുഷ്യന് . ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിവില്ലാത്ത ഇയാൾ എന്തിനാണ് വീണ്ടും ഒരു വിവാഹം കഴിച്ചത് ? ഒരു പെണ്ണിന് കുറച്ചു കണ്ണീർ സമ്മാനിക്കാനോ ?
വേണ്ടായിരുന്നു ഈ കല്യാണം.
കല്യാണമേ വേണ്ടായിരുന്നു.
ബാത്റൂമില്‍ കയറി അവള്‍ നന്നായി ഒന്നു കുളിച്ചു. കുളി കഴിഞ്ഞു വന്നു മുടി കോതി ഉണക്കിക്കൊണ്ടിരിക്കുമ്പോള്‍ അവൾ ഓര്‍ത്തു.
ഈപ്പച്ചന്‍ മദ്യപിക്കുമെന്ന് കുര്യാക്കോസ് അങ്കിള്‍ പറഞ്ഞില്ലല്ലോ! വായില്‍ നിന്നു മദ്യത്തിന്റെ ഗന്ധത്തോടൊപ്പം സിഗരറ്റിന്‍റെ നാറ്റംകൂടി വന്നപ്പോൾ ഛര്‍ദ്ദിയ്ക്കാന്‍ തോന്നിയിരുന്നു. മദ്യത്തിൽ അഭയം കണ്ടെത്തുന്നവർക്ക് മറ്റെന്തു സുഖമാണ് വേണ്ടത് ! ആദ്യരാത്രി ഒരു കാളരാത്രിയായിപ്പോയി . സ്വപ്‌നങ്ങൾ തകർന്നു തരിപ്പണമായി . വേണ്ടായിരുന്നു ഇങ്ങനൊരു ഭർത്താവ് .
മരണം വരെ ഈ മനുഷ്യനെ ഇനി സഹിച്ചല്ലേ പറ്റൂ.
അലീന വാതില്‍ തുറന്ന്, കിടപ്പുമുറിയില്‍ നിന്നിറങ്ങി അടുക്കളയിലേയ്ക്കു ചെന്നു.
ഈപ്പച്ചന്‍റെ അമ്മ ശോശാമ്മ ചായ തിളപ്പിയ്ക്കുകയായിരുന്നു ആസമയം.
ചായ എടുക്കാൻ അലീന അമ്മയെ സഹായിച്ചു.
ഈപ്പന്‍ ഉണര്‍ന്നപ്പോള്‍ ചായ പകർന്നു കൊണ്ടുപോയി അവൾ ഭർത്താവിന് നീട്ടി .
”രാവിലെ കുളിച്ചു സുന്ദരിക്കുട്ടിയായോ? എണീറ്റു പോയതു ഞാനറിഞ്ഞില്ലല്ലോ.” ചായ വാങ്ങുന്നതിനിടയിൽ ഈപ്പൻ ചിരിച്ചുകൊണ്ട് ചോദിച്ചു
അലീന പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .
കിടപ്പുമുറിയിലെ മേശയുടെ പുറത്ത് വച്ചിരിക്കുന്ന, മരിച്ചുപോയ ആദ്യ ഭാര്യയുടെ ഫോട്ടോയിലേയ്ക്കു നോക്കിയിട്ട് ഈപ്പന്‍ അലീനയോടു പറഞ്ഞു.
“ങ്ഹ പിന്നേയ്…..എന്നും രാവിലെ കുറച്ചു മുല്ലപ്പൂ പറിച്ച് ഒരു മാലയുണ്ടാക്കി ഈ ഫോട്ടോയിലിടണം കേട്ടോ . അത് എന്റെ ഒരു പതിവാ.”
”ഉം ”
അവൾ തലയാട്ടി.
“എന്നോട് ഒരുപാട് സ്നേഹമുള്ള കൊച്ചായിരുന്നു.” ഈപ്പച്ചന്‍ തന്റെ ആദ്യ ഭാര്യ നിലീമയെക്കുറിച്ചു പറയുകയാണ് . “ഏതു പാതിരാത്രീല്‍ കേറിവന്നാലും ഭക്ഷണം പോലും കഴിയ്ക്കാതെ എന്നെ കാത്തിരിക്കുമായിരുന്നു .”
ഈപ്പച്ചന്‍ ഒന്നു നെടുവീര്‍പ്പിട്ടിട്ടു തുടര്‍ന്നു.
“നല്ലതൊന്നും അധികകാലം നിലനില്കില്ലല്ലോ..”
അലീനയ്ക്ക് അരോചകമായി തോന്നി ആ സംസാരം .അവള്‍ പറഞ്ഞു.
“ഇനി ഞാനില്ലേ എല്ലാം നോക്കാൻ .”
അവളെ പിടിച്ചു കട്ടിലിൽ ഇരുത്തിയിട്ടു അയാൾ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു
” രാത്രി ഞാൻ പെട്ടെന്നുറങ്ങിപ്പോയി, അല്ലേ ?”
”ഓ അത് സാരമില്ല . ക്ഷീണം കൊണ്ടല്ലേ . ഒരുരാത്രികൊണ്ടു അവസാനിക്കുന്നതല്ലല്ലോ നമ്മുടെ ബന്ധം ”
താൻ അത് ഗൗരവമായി എടുത്തിട്ടില്ല എന്ന മട്ടിൽ അവൾ ചിരിച്ചു .
”ഇന്നലെ ഇത്തിരി കൂടുതല് കുടിച്ചുപോയി . സോറി ”
”എന്നും കുടിക്കാറുണ്ടോ ?”
” നീലിമ മരിച്ചെപ്പിന്നെ തുടങ്ങിയതാ . ആ വിഷമം മാറാൻ ദിവസവും ഓരോ പെഗ് . അത് പിന്നെ ശീലായിപ്പോയി. കുര്യാക്കോസ് ചേട്ടൻ പറഞ്ഞില്ലായിരുന്നോ ഞാൻ ഇത്തിരി കഴിക്കുന്ന ആളാണെന്ന് “
” ഇല്ല ”
”എല്ലാം ഞാൻ പറഞ്ഞിരുന്നല്ലോ . കുടിയുടേം വലിയുടേം കാര്യം ”
” ഇനി രണ്ടും നിറുത്തിക്കൂടേ? ”
”നോക്കാം ”
“ഇനി നീലിമയ്ക്കു പകരം ഞാനുണ്ടല്ലോ. പിന്നെന്തിനാ വിഷമിക്കുന്നേ. കുടിയും വലിയും നമുക്ക് വേണ്ടാന്നേ . അത് ചീത്ത ശീലമാ ”
“നോക്കാമെന്നു പറഞ്ഞല്ലോ .”
ഈപ്പന്‍ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കവിളിൽ ഒരു ചുംബനം നല്‍കി.
സിഗരറ്റിന്‍റെ മണമടിച്ചപ്പോള്‍ അവള്‍ ശ്വാസം പിടിച്ചിരുന്നു.
”ഭർത്താവിന്റെ ശീലങ്ങൾ മാറ്റുന്നതും പുതിയ ശീലങ്ങൾ ഉണ്ടാക്കുന്നതും ഭാര്യയുടെ സാമർഥ്യം പോലെയിരിക്കും.”
ഈപ്പന്റെ ആ വാചകത്തിനു മറുപടിയൊന്നും പറഞ്ഞില്ല അവൾ.


നീലിമ.
ഈപ്പൻ വർഗീസിന്റെ ആദ്യ ഭാര്യ .
എപ്പോഴും അവളെക്കുറിച്ചു പറയാനേ ഈപ്പനു നേരമുണ്ടായിരുന്നുള്ളൂ . അത് കേട്ടുകേട്ട് അലീനയ്ക്കു സഹികെട്ടു. മരിച്ചുപോയ ആളെ സ്തുതിച്ചിട്ട് ഇനി എന്തു കിട്ടാനാണ്? ഈപ്പച്ചനതു മനസിലാകില്ല.
ഒരു ദിവസം സഹികെട്ടു അലീന ദേഷ്യത്തോടെ പറഞ്ഞു:
“നീലിമ മരിച്ചിട്ട് വര്‍ഷം രണ്ടായില്ലേ ചേട്ടാ. ഇനി അതു വിട്. നീലിമേടെ സ്ഥാനത്തു ഞാനുണ്ടല്ലോ ചേട്ടനെ സ്നേഹിയ്ക്കാന്‍.’
“നീലിമേടെ സ്നേഹവും തന്‍റെ സ്നേഹവും, രണ്ടും രണ്ടാ. തനിക്കതു മനസിലാവില്ല. അനുഭവിച്ച എനിക്കറിയാം അതിന്‍റെ വ്യത്യാസം. അലീനക്കറിയുവോ …..ഒരു രണ്ടാം കെട്ടിനേക്കുറിച്ചു ഞാനാലോചിച്ചതല്ല. അമ്മയുടെ നിര്‍ബ്ബന്ധം കൊണ്ടാ അതിനു സമ്മതിച്ചത്! ഇയാള്‍ക്കെന്നെ ഇഷ്ടമില്ലായിരുന്നെന്നെന്നും എനിക്കറിയാം.’
“യ്യോ…..ആരു പറഞ്ഞു ഈ കള്ളക്കഥ?” അലീന വല്ലാതായി. “എനിക്കിഷ്ടായിരുന്നു. ഒരുപാട് ഒരുപാട് ഇഷ്ടായിരുന്നു. മറിച്ചൊന്നും ചിന്തിക്കരുത് ട്ടോ “
അതുകേട്ട് ഈപ്പന്‍ ചിരിച്ചു.
“അഭിനയിക്കണ്ട. കുര്യാക്കോസ് ചേട്ടന്‍ എല്ലാം എന്നോട് പറഞ്ഞിരുന്നു. നിന്‍റൊരനിയത്തിയുണ്ടല്ലോ, ജാസ്മിന്‍. അവള്‍ക്കായിരുന്നല്ലോ ഏറ്റവും കൂടുതല്‍ എതിര്‍പ്പ്.”
അലീനയ്ക്ക് എന്തു പറയണമെന്നു ഒരു രൂപവും കിട്ടിയില്ല. ഈപ്പച്ചന്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുന്നു.
“എന്നു വച്ച് എനിക്കു തന്നോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷേ നീലിമ. അവളെ മനസിന്ന് കളയാൻ എനിക്കെത്രയായാലും പറ്റില്ല . ”
അതുകേട്ടപ്പോൾ അലീനയുടെ നെഞ്ചൊന്നു കാളി.
“മരിക്കുന്നേനു മുമ്പ് അവളു പറഞ്ഞവാചകം എന്തായിരുന്നൂന്നറിയ്വോ? മോനെ ദുഖിപ്പിക്കാതെ വളര്‍ത്തണമെന്ന്. ഒരമ്മയുടെ സ്നേഹവാല്‍സല്യങ്ങള്‍ അവനു കിട്ടാന്‍ വേണ്ടിയാ ഞാന്‍ വീണ്ടുമൊരു കല്യാണത്തിന് സമ്മതിച്ചത് . ഇനി ഒരിക്കലും എനിക്ക് ഒരു കുഞ്ഞ് ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടുകൂടി ”
“എന്താ പറഞ്ഞേ ? കുഞ്ഞുണ്ടാവില്ലെന്നോ ?”
ഒരു ഞെട്ടലോടെ മുഖം ഉയർത്തി അലീന അയാളെ നോക്കി.
ഈപ്പന്‍ വല്ലാതായി. അവസാന വാചകം അറിയാതെ വായില്‍ നിന്നു വീണു പോയതാണ്. അത് പറയാൻ ആഗ്രഹിച്ചതല്ലായിരുന്നു. അലീന അറിയരുതെന്ന് ആഗ്രഹിച്ച രഹസ്യം കൈവിട്ടുപോയി . ഇനി അത് പറഞ്ഞേ പറ്റൂ .
”ചേട്ടന് ഇനി കുഞ്ഞുണ്ടാവില്ലേ ?” അവളുടെ ശ്വാസഗതി വർധിച്ചു.
”ഇല്ല . ”
തലക്കകത്തു ഒരു മിന്നൽ പിണർ . ഇടിമുഴക്കം . ചുറ്റും ഇരുട്ട് പടരുന്നപോലെ അവൾക്കു തോന്നി.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here