കോഴിക്കോട്: പി ടി ഉഷയുടെ കായിക പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ ( 89 ) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1984 ലെ ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു.
1955-ൽ എയർഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാർ സർവീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എയർ ഫോഴ്‌സിൽ നിന്ന് പട്യാലയിൽ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാർ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ൽ കേരള സ്പോർട്സ് കൗൺസിലിൽ കോച്ചായി ചേർന്നത്.
1976 ലാണ് ഒ.എം.നമ്പ്യാർ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ചുമതലയേറ്റത്. പിന്നീട് പി.ടി.ഉഷയുടെ സ്ഥിരം പരിശീലകനായിരുന്നു . 1990ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസ് വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു.
പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാൾ പരിശീലനം നേടിയിട്ടുണ്ട്.
കണ്ണൂർ സ്പോർട്സ് ഡിവിഷൻ ആദ്യബാച്ചിലെ 13 ”കുട്ടികൾ” നാലുവർഷം വർഷം മുൻപ് ഒ.എം. നമ്പ്യാരെ കാണാൻ എത്തിയത് മധുരമുള്ള ഓർമ്മയായി അദ്ദേഹം മനസിൽ സൂക്ഷിച്ചിരുന്നു.
2017 ലെ ഓണകാലത്താണ് താരങ്ങൾ ഗുരുവിനെ കാണാൻ എത്തിയത് . പി.ടി. ഉഷയടക്കമുള്ള പ്രിയ ശിഷ്യരുടെ വരവ് ഒരു അനുഭൂതിയായിരുന്നു നമ്പ്യാർക്ക് . മക്കളെയെല്ലാവരെയും ഒരുമിച്ചുകണ്ട സന്തോഷമെന്നാണു നമ്പ്യാർ അന്ന് പറഞ്ഞത് . ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ സെക്കന്‍ഡിന്റെ 100 ല്‍ ഒരു അംശത്തിന് ഉഷക്ക് മെഡല്‍ നഷ്‌ടമായതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ലെന്നു നമ്പ്യാർ അന്ന് അനുസ്മരിച്ചു.
പി.ടി. ഉഷയോടൊപ്പം കെ. സ്വർണലത, സി.ടി. ബിൽക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാങ്കി, ത്രേസ്യാമ്മ ജോസഫ് എന്ന സിസ്റ്റർ സാനിറ്റ, ഡോ. ടി.പി. ആമിന, വി.വി. ഉഷ, എലിസബത്ത് ജോർജ്, ജമ്മ ജോസഫ്, മോളി ജോസഫ്, പി. സബിത എന്നിവരാണ് ഗുരുവിവിനെ കണ്ടു അനുഗ്രഹങ്ങൾ വാങ്ങാനും ഓണപ്പുടവ സമ്മാനിക്കാനും അന്ന് എത്തിയത് .
1977 മുതൽ 79 വരെ ഒരുമിച്ചുണ്ടായിരുന്നവർ പിന്നീട് പലവഴിക്കായി പിരിഞ്ഞു. നമ്പ്യാർ പരിശീലിപ്പിച്ചവരിൽ ഇന്നു കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരുമെല്ലാമുണ്ട്. ചിലർ മുത്തശ്ശിമാരായിരിക്കുന്നു. എനിക്കിപ്പോഴും അവരെല്ലാം കുട്ടികളാണെന്നാണ് നമ്പ്യാർ പറയുന്നത് .
തങ്ങളെ താരങ്ങളാക്കിയ നമ്പ്യാർ സാറിന്റെ ദേഷ്യവും സ്നേഹവുമെല്ലാം താരങ്ങൾ അനുസ്മരിച്ചു . പിരിയും മുൻപ് എല്ലാവരും പറയാതെ പറഞ്ഞൊരു കാര്യമുണ്ട്. തങ്ങൾ ഇന്നും നമ്പ്യാർ സാറിന്റെ കുട്ടികൾ.
പത്മശ്രീ തേടിയെത്തുമ്പോൾ എണ്‍പത്താറുകാരനായ നമ്പ്യാർ രോഗക്കിടക്കയിലായിരുന്നു . ഈ പുരസ്‌കാരം അല്പം വൈകിപ്പോയോ എന്ന സംശയം മാത്രമാണ് കായികലോകത്തിന് .
.’സംതൃപ്തിയുണ്ട്. ഏറെപ്പേരുടെ കഴിവുകൾ അതിന്റെ പാരമ്യത്തിൽ എത്തിയത് എന്റെ ശിക്ഷണത്തിൽ ആയിരുന്നുവെന്നതു ചെറിയ കാര്യമല്ല. ഏറ്റവുമൊടുവിൽ ആർ.സുകുമാരിയെന്ന മികച്ച അത്ലീറ്റിനെക്കൂടി കേരളത്തിനു നൽകിയാണു മതിയാക്കുന്നത്’ – 2002ൽ കോച്ചിന്റെ വേഷം അഴിച്ചുവയ്ക്കുമ്പോൾ ഒ.എം.നമ്പ്യാർ പറഞ്ഞ് ഇങ്ങനെ.
ആ പരിശീലകന്റെ നന്മയും സമർപ്പണവും സമാനതകൾ ഇല്ലാത്തതാണ്. ശിഷ്യരെല്ലാം സമ്മതിക്കുന്ന യാഥാർഥ്യം. ജീവിതത്തിലും നമ്പ്യാർ ഉദാരമനസ്‌കനായിരുന്നു. കിടപ്പാടമില്ലാത്ത ചിലർക്കെങ്കിലും അദ്ദേഹം സൗജന്യമായി സ്ഥലം നൽകി. ട്രാക്കിലും പുറത്തും നന്മയുടെ ആൾരൂപം എന്നാകും ഒ.എം.നമ്പ്യാർ എന്ന പരിശീലകനെ കായിക ലോകം എന്നും സ്മരിക്കുക