സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് സുമിത്രയെ അടിമുടി സൂക്ഷിച്ചു നോക്കി.
“ടീച്ചര്‍ ഇരിക്ക്.”
സെറ്റിയിലേക്ക് കൈചൂണ്ടി സി.ഐ. പറഞ്ഞു.
സുമിത്ര, സി.ഐ.യ്ക്ക് അഭിമുഖമായി സതീഷിന്റെ ഇടതുവശത്ത് അല്പം മാറി സെറ്റിയില്‍ ഇരുന്നു.
അവളുടെ മുഖത്തെ ഉത്കണ്ഠയും ഉള്ളിലെ അങ്കലാപ്പും കണ്ടപ്പോള്‍ മോഹന്‍ദാസ് സൗമ്യസ്വരത്തില്‍ പറഞ്ഞു.
“പേടിക്ക്വൊന്നും വേണ്ട. കൊല നടന്നത് തൊട്ടടുത്ത വീട്ടിലായതുകൊണ്ട് അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും സൂചന കിട്ടുമോന്നറിയാന്‍ വന്നതാ.”
സുമിത്ര ഒന്നും മിണ്ടിയില്ല.
അവളുടെ ശ്വാസഗതി വര്‍ധിക്കുന്നത് സി.ഐ. ശ്രദ്ധിച്ചു.
“ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായും കൃത്യമായും മറുപടി പറയണം. ഒരു കാരണവശാലും കള്ളം പറയരുത്. അറിയാവുന്ന കാര്യങ്ങൾ ഒന്നും മറച്ചുവയ്ക്കുകയും ചെയ്യരുത് “
“ഉം.” അവള്‍ തലകുലുക്കി.
“മരിച്ച സുകുമാരനെ നേരത്തെ പരിചയമുണ്ടോ ടീച്ചറിന്?”
ആദ്യത്തെ ചോദ്യം തന്നെ അവളെ കുഴക്കി. സതീഷിന്‍റെ മുമ്പിലിരുന്നു സത്യം പറയാന്‍ പറ്റുമോ തനിക്ക്? പരിചയമില്ലെന്ന് പറഞ്ഞാല്‍ അത് കള്ളവുമാണ്. ഉണ്ടെന്നു പറഞ്ഞാൽ സതീഷ് സംശയത്തോടെ തന്നെ നോക്കില്ലേ ?.
സുമിത്രയുടെ ഉള്ളിലെ വെപ്രാളം സി.ഐ. തിരിച്ചറിഞ്ഞു.
“പേടിക്കാതെ ഉള്ള കാര്യം തുറന്നു പറഞ്ഞോ. ടീച്ചറിനെ സംശയിച്ചിട്ടൊന്നുമല്ല ചോദിക്കുന്നത്. അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും തുമ്പ് കിട്ടുമോന്നറിയാനാ ”
“ഞാന്‍ പഠിച്ച കോളജിലാണ് അയാളും പഠിച്ചിരുന്നത്.”
“അന്ന് കണ്ടിട്ടുമുണ്ട്; പരിചയപ്പെട്ടിട്ടുമുണ്ട്. അല്ലേ ?”
“ഉം.”
ഇപ്പോള്‍ എങ്ങനെയിരിക്കുന്നു താങ്കളുടെ വാദം എന്ന ഭാവത്തില്‍ സി.ഐ. സതീഷിന്‍റെ മുഖത്തേക്ക് നോക്കി ചിരിച്ചു .
“ഞാനിതറിഞ്ഞിരുന്നില്ല.”
ചമ്മിയ മുഖത്തോടെ സതീഷ് പറഞ്ഞു.
“സുമിത്ര ഇക്കാര്യം ഇവരോട് പറഞ്ഞിരുന്നില്ലേ?”
“ഇല്ല.”
“അയാൾ ഇത്ര തൊട്ടടുത്ത് താമസിച്ചിട്ടും എന്താ പറയാതിരുന്നേ?”
“അയാളെക്കുറിച്ച് ഇവിടുള്ളോര്‍ക്ക് നല്ല അഭിപ്രായമല്ലായിരുന്നു. അതുകൊണ്ട് പരിചയമുണ്ടെന്ന് പറഞ്ഞാൽ എന്നെ തെറ്റിദ്ധരിക്കുമോന്നു ഞാന്‍ പേടിച്ചു.”
“കോളജില്‍വച്ച് എങ്ങനാ പരിചയം?”
“എന്റെ ഒരു കൂട്ടുകാരീടെ ബ്രദറായിരുന്നു.”
”ഓഹോ , അപ്പം അടുത്ത പരിചയമുണ്ട് ?”
”ഉം ”
”നിങ്ങളോട് അയാൾക്ക് ലവ് ആയിരുന്നോ ?”
“പിറകെ നടന്നു ശല്യം ചെയ്തിട്ടുണ്ട്. ”
“എന്നുവച്ചാല്‍ അയാൾക്ക് ടീച്ചറിനോട് സ്നേഹമായിരുന്നൂന്ന് ?”
“ഉം…”
“ടീച്ചറിനങ്ങോട്ട്?”
“ഹേയ്… ഒരിക്കലുമില്ല.”
“നിങ്ങളുടെ കല്യാണം തീരുമാനിച്ചു വച്ചിരിക്കുന്ന ജയദേവനറിയാമോ അയാളുമായി നിങ്ങൾക്ക് പരിചയമുണ്ടെന്നുള്ള കാര്യം ?”
“ഇല്ല. ഞാനതു ആരോടും പറഞ്ഞിട്ടില്ല.”
“കോളേജീന്നു പോന്നതിനുശേഷം ഇവിടെ വച്ചാണോ നിങ്ങളു വീണ്ടും കാണുന്നത്?”
“അതെ.”
“ഇതിനിടയില്‍ അയാളു ടീച്ചറിനെ ഫോണ്‍ വിളിക്കുകയോ മറ്റോ ചെയ്തോ ?”
“ഇല്ല.”
“ഇവിടെ വന്നതിനുശേഷം ആദ്യം എന്നാ കണ്ടത് ?”
“അയാളുടെ കടയില്‍ ഒരു പേന വാങ്ങിക്കാന്‍ കേറിയപ്പം.”
“അന്നു സംസാരിച്ചോ നിങ്ങളു തമ്മില്‍?”
“ഉം…”
“പിന്നെപ്പഴൊക്കെ കണ്ടിട്ടുണ്ട്?”
“ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പം രണ്ടു മൂന്നു തവണ കണ്ടിട്ടുണ്ട്.”
“പണ്ടത്തെപ്പോലെ ഇവിടെവച്ചും ശല്യം ചെയ്തോ?”
“അങ്ങനെ ശല്യമെന്നു പറയാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല. ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പം ഓരോന്നു പറഞ്ഞോണ്ട് അടുത്തുവന്നു നോക്കി നില്‍ക്കുമായിരുന്നു.”
“അതൊരു ശല്യായിട്ടു തോന്നിയില്ല?”
“മര്യാദവിട്ടു സംസാരിക്കുകയോ പെരുമാറുകയോ ഒന്നും ചെയ്തില്ല. അതുകൊണ്ട് ഞാനതു സീര്യസായിട്ടെടുത്തില്ല.”
“സുകുമാരന്‍ മരിച്ച രാത്രിയില്‍ സുമിത്ര ഇവിടെ ഉണ്ടായിരുന്നോ?”
“ഉം.”
“അന്ന് പകല് സുകുമാരനെ നിങ്ങളു കണ്ടോ?”
“ഇല്ല.”
“രാത്രിയിലോ?”
“ഇല്ല.”
“രാത്രി എപ്പഴാ നിങ്ങള് ഉറങ്ങാന്‍ കിടന്നത്?”
“പത്തുമണി കഴിഞ്ഞു കാണും .”
“പതിവായി ആ സമയത്താണോ കിടക്കുന്നത്?”
“ഉം…”
“രാത്രി സുകുമാരന്‍റെ വീട്ടീന്നു ശബ്ദം വല്ലതും കേട്ടോ?”
“ഇല്ല.”
“ഇടയ്ക്ക് നിങ്ങളെണീറ്റൊന്നുമില്ല ?”
“ഇല്ല.”
“സുകുമാരന്‍ മരിച്ചവിവരം എപ്പഴാ നിങ്ങളറിഞ്ഞത്?”
“രാവിലെ സതീഷേട്ടന്‍റെ അമ്മ വന്നു പറഞ്ഞപ്പം.”
“അന്നു പതിവില്ലാതെ വൈകിയാ നിങ്ങളെണീറ്റത് അല്ലേ?”
“ഉം.”
“അതെന്തുപറ്റി?”
“നേരം വെളുത്തതറിഞ്ഞില്ല.”
“അതു മനസിലായി. രാത്രി ഉറക്കമിളച്ചോ എന്നാണ് എന്റെ ചോദ്യം.”
“ഇല്ല.”
“സുകുമാരന്‍റെ ഡെഡ്ബോഡി കാണാന്‍ നിങ്ങളു പോയോ?”
“ഇല്ല.”
”അതെന്താ പോകാതിരുന്നത് ?
”എനിക്ക് ദുർമരണം കാണുന്നത് ഇഷ്ടമല്ല ”
“ആ വീട്ടിലെപ്പഴെങ്കിലും നിങ്ങള്‍ പോയിട്ടുണ്ടോ?”
“ഇല്ല.”
“ആ കോമ്പൗണ്ടില്‍ കേറീട്ടേയില്ല?”
“ഇല്ല.”
“ഷുവര്‍?”
“ഉം…”
“ഒന്നുകൂടി ഓര്‍ത്തുനോക്ക് എപ്പഴെങ്കിലും പോയിട്ടുണ്ടോ അവിടെ?”
“ഇല്ല.”
“ഓകെ.”
മോഹന്‍ദാസ് പോക്കറ്റില്‍നിന്ന് ഒരു കര്‍ച്ചീഫെടുത്ത് നിവര്‍ത്തി.
“ഈ കര്‍ച്ചീഫ് നിങ്ങടെയാണോ?”
ആ ചോദ്യം കേട്ട് സുമിത്രയുടെ ഉള്ളൊന്നു പിടഞ്ഞു. അതു സി.ഐ. ശ്രദ്ധിച്ചു. അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
“എന്‍റെയല്ല.”
അവള്‍ ഉറപ്പിച്ചു പറഞ്ഞു.
സി.ഐ.ഒരു പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു കുറേനേരം . അവളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നത് അദ്ദേഹം ശ്രദ്ധിച്ചു.
“ഇതൊന്നു സൂക്ഷിച്ചു നോക്കീട്ടു പറ.”
കര്‍ച്ചീഫ് സുമിത്രയുടെ നേരെ നീട്ടി.
അവളതു വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടു പറഞ്ഞു.
“എന്റെയല്ല .”
“ഇതാരുടെയാണെന്നു ടീച്ചറിനു വല്ല പിടീം ഒണ്ടോ?”
“ഇല്ല.”
“ഇതിനുമുമ്പിതു കണ്ടിട്ടേയില്ല?”
“ഇല്ലെന്നു പറഞ്ഞല്ലോ”
”ഇതുപോലത്തെ ഡിസൈൻ ഉള്ള ഒരു കർചീഫ് ടീച്ചർ എന്നെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?”
”ഇല്ലെന്നേ ”
സുമിത്ര അസ്വസ്ഥയാകാൻ തുടങ്ങി. അതുകണ്ടപ്പോൾ സതീഷ് പറഞ്ഞു :
“സാറെന്തിനാ ഒരു കുറ്റവാളിയെപ്പോലെ ഇവരെ ഇങ്ങനെ ക്വസ്റ്റിൻ ചെയ്യുന്നേ? ഇവര്‍ക്കീ കൊലപാതകവുമായിട്ടൊരു ബന്ധോം ഇല്ല.”
“ബന്ധമുണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ?”
”പിന്നെന്തിനാ ഇങ്ങനെയൊരു ക്വസ്റ്റ്യന്‍ ചെയ്യല്‍?”
“ഒരു മര്‍ഡര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇങ്ങനെ ഒരുപാട് ആളുകളെ ക്വസ്റ്റ്യന്‍ ചെയ്യേണ്ടിവരും. അതിൽ വിഷമിച്ചിട്ട് കാര്യമില്ല “
“അതറിയാം . പക്ഷേ, ഇവരൊരു അധ്യാപികയല്ലേ സാർ ? മാനംമര്യാദയായി ജീവിക്കുന്ന ഒരു സ്ത്രീയോട് ഇങ്ങനൊക്കെ ചോദിക്കുന്നത് ക്രൂരതയാണ്.”
“ഞാന്‍ ഈ ചോദിക്കുന്നതൊക്കെ ഒരു ക്രൂരതയായിട്ട് തോന്നുന്നുണ്ടോ ടീച്ചറിന്?” സി ഐ ചോദിച്ചു
”ആ കൊലപാതകവുമായി എനിക്കൊരു ബന്ധോം ഇല്ല.”
സുമിത്ര അല്‍പം ഉച്ചത്തില്‍തന്നെ പറഞ്ഞു.
“ഓകെ ഓകെ. ഇപ്പം ഞാന്‍ കൂടുതലൊന്നും ചോദിക്കുന്നില്ല. പൊയ്ക്കൊള്ളൂ “
സി.ഐ. എഴുന്നേറ്റു. എന്നിട്ട് സതീഷിനെ നോക്കി പറഞ്ഞു:
“അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും തുമ്പുകിട്ടിയാല്‍ എന്നെ അറിയിക്കണം ?”
“തീര്‍ച്ചയായും”
“വരട്ടെ…”
സതീഷിനോട് യാത്രപറഞ്ഞിട്ട് സി.ഐ. മോഹന്‍ദാസ് പുറത്തേക്കിറങ്ങി.
സുമിത്ര പടികള്‍ കയറി മുകളിലേക്ക് പോയി. മുറിയിലേക്ക് കയറിയ അവള്‍ ബാഗ് മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞിട്ട് കട്ടിലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു.
ഈശ്വരാ… എന്തൊരു പരീക്ഷണമാണിത്!
സതീഷും മഞ്ജുളയും തന്നേക്കുറിച്ച് ഇപ്പോള്‍ എന്തു വിചാരിച്ചുകാണും? എന്തെങ്കിലും സംശയം തോന്നി കാണുമോ അവര്‍ക്ക്?
സുകുമാരനെ നേരത്തെ പരിചയമുണ്ടെന്ന് അവരോട് പറയാതിരുന്നത് ബുദ്ധിമോശമായിപ്പോയി.
ആ കര്‍ച്ചീഫ് തന്‍റേതാണെന്നു പോലീസ് തെളിയിച്ചാല്‍? തെളിയിക്കുമോ? എങ്ങനെ തെളിയിക്കാൻ?. അതുപോലെ എത്രയോ തൂവാലകൾ വേറെയും കാണും.
ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണോ ആ ദുഷ്ടന്‍റെ വീട്ടിലേക്ക് പോകാന്‍ തനിക്ക് തോന്നിയത്!
തലയണയില്‍ കെട്ടിപ്പിടിച്ച് സുമിത്ര ശബ്ദമില്ലാതെ കരഞ്ഞു.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മഞ്ജുള വന്ന് അവളെ ചായ കഴിക്കാനായി നിര്‍ബന്ധിച്ച് താഴേക്ക് കൂട്ടിക്കൊണ്ടുപോയി.
ഡൈനിംഗ് ടേബിളിനു സമീപം കസേരയില്‍ സതീഷും ഭവാനിയും ഇരിപ്പുണ്ടായിരുന്നു.
അവരുടെ മുഖത്തേക്കു നോക്കാന്‍പോലും ശക്തിയില്ലാതെ കുറ്റബോധത്തോടെ മുഖം കുമ്പിട്ടു നിന്നതേയുള്ളു സുമിത്ര.
“മുറീല്‍ പോയിരുന്നു കരയ്വായിരുന്നോ?”
സതീഷ് അങ്ങനെ ചോദിച്ചതും സുമിത്രയ്ക്കു നിയന്ത്രണം വിട്ടു. അവള്‍ പൊട്ടിക്കരഞ്ഞുപോയി.
സതീഷ് വല്ലാതായി.
മഞ്ജുള അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“പോലീസുകാരല്ലേ… അവരു വേണ്ടതും വേണ്ടാത്തതുമൊക്കെ ചോദിക്കും. അതൊന്നും കാര്യാക്കണ്ടാന്നേ. ഞങ്ങള്‍ക്കറിയാം സുമിത്രയ്ക്ക് ഈ കേസുമായിട്ട് ഒരു ബന്ധോം ഇല്ലെന്ന്.”
“സുകുമാരനെ പരിചയമുണ്ടെന്നു ഞാന്‍ നിങ്ങളോട് പറഞ്ഞില്ല. തെറ്റായിപ്പോയി. ക്ഷമിക്കണം.”
സുമിത്ര ഏങ്ങലടിച്ചു.
“അയ്യയ്യേ…! അതൊന്നും ഞങ്ങളു കാര്യമായി എടുത്തിട്ടില്ല .” അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് മഞ്ജുള തുടര്‍ന്നു. “സുമിത്രേടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അതു പറയില്ലായിരുന്നു. അത്രയ്ക്കു നല്ലവനായിരുന്നല്ലോ അയാള്.”
അതു കേട്ടപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി. സാരിത്തലപ്പുയര്‍ത്തി അവള്‍ മുഖം തുടച്ചു.
“ആ സി.ഐ.യുടെ കരണക്കുറ്റിക്ക് ഒന്നു കൊടുത്തുവിടണമായിരുന്നു. അവന്റെ ഒരു ചോദ്യം ചെയ്യൽ. എങ്ങാണ്ടുന്നോ ഒരു തൂവാലയും പൊക്കിപ്പിടിച്ചോണ്ടു വന്നിരിക്കുന്നു, റാസ്കല്‍.” സതീഷ് പല്ലുഞെരിച്ചു.
“മോള് ചായകഴിക്ക്.”
ഭവാനി ചായ നിറച്ച ഗ്ലാസ് സുമിത്രയുടെ അടുത്തേക്ക് നീക്കിവച്ചു.
സതീഷിനും മഞ്ജുളയ്ക്കും ഭവാനിക്കും തന്നോടുള്ള സ്നേഹത്തിന് ഒട്ടും കുറവുവന്നിട്ടില്ലെന്നു കണ്ടപ്പോള്‍ സുമിത്രയ്ക്ക് സമാധാനമായി.
അവള്‍ ചായ എടുത്ത് സാവധാനം കുടിച്ചു.
“ജയേട്ടനോടിതൊന്നും പറയണ്ടാട്ടോ .”
ഗ്ലാസ് തിരികെ മേശയില്‍ വച്ചിട്ട് അവള്‍ സതീഷിനെ നോക്കി പറഞ്ഞു.
“ഇതു ഞാനങ്ങോട്ട് പറയാന്‍ തുടങ്ങ്വായിരുന്നു. ജയദേവനോടു മാത്രമല്ല, വീട്ടിൽ അമ്മയോടും ഒന്നും പറയണ്ട . ഇതു ചുമ്മാ പോലീസ് ഒരു നമ്പരിറക്കീതല്ലേ. ഇനി വരുവൊന്നുമില്ല അവര് . പേടിക്കണ്ട “
സതീഷ് അത് നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു.
സുമിത്രയ്ക്ക് വലിയ ആശ്വാസം തോന്നി. എല്ലാവര്‍ക്കും എന്തൊരു സ്നേഹമാണ് തന്നോട്.
നാളെയെക്കുറിച്ചോര്‍ക്കുമ്പോള്‍ പേടിയാവുന്നു. നാളെ സത്യം ഇവരറിഞ്ഞാല്‍? അറിയുമോ ? പോലീസ് കണ്ടുപിടിക്കുമോ ?
അവള്‍ റൂമിലേക്ക് തിരിച്ചുപോയി.
സാരിമാറി ചുരിദാര്‍ ധരിച്ചിട്ട്, ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്ന് അവള്‍ അങ്ങോട്ടിറങ്ങി.
കണ്ണുകള്‍ സുകുമാരന്‍റെ വീട്ടിലേക്ക് നീണ്ടു. ആരെയും കണ്ടില്ല അവിടെ.
ഒരു നെടുവീര്‍പ്പിട്ടിട്ട് തിരികെ അവള്‍ മുറിയിലേക്ക് കയറി.
കസേരയില്‍ വന്നിരുന്നിട്ട് മേശയിലേക്ക് ശിരസ് ചായ്ച്ചവള്‍ കിടന്നു.
ഈ സമയം താഴെ, അടുക്കളയില്‍ സതീഷും മഞ്ജുളയും ഭവാനിയും ആ സംഭവത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. കറി ഇളക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ മഞ്ജുള പറഞ്ഞു:
“എന്തൊക്കെയായാലും അവള്‍ക്കെന്നോടൊന്നു പറയായിരുന്നു അയാളെ പരിചയമുണ്ടെന്നുള്ള കാര്യം. പറയാതിരുന്നത് മഹാ മോശമായിപ്പോയി സതിയേട്ടാ . സതിയേട്ടൻ എന്തൊക്കെ ന്യായീകരിച്ചാലും . “
“അത് നേരാ .” ഭവാനി മഞ്ജുളയെ പിന്തുണച്ചു. എന്നിട്ട് തുടർന്നു : ” അവരു തമ്മില്‍ പരിചയമുണ്ടെന്നുള്ള കാര്യം പോലീസെങ്ങനെയാ അറിഞ്ഞത്?”
“ആര്‍ക്കറിയാം. ഒരു പക്ഷേ, സ്കൂളിലെ ടീച്ചേഴ്സ് ആരെങ്കിലും പറഞ്ഞുകാണുമായിരിക്കും .”
പാത്രത്തിൽ നിറച്ചുവച്ചിരുന്ന വറുത്ത പപ്പടത്തിൽ നിന്ന് ഒരെണ്ണം എടുത്തു കടിച്ചു കൊണ്ടു സതീഷ് പറഞ്ഞു.
“എന്നോട് പറയാത്ത കാര്യം ടീച്ചേഴ്സിനോട് പറയ്വോ?”
മഞ്ജുള ചോദിച്ചു.
“എന്തോ കുഴപ്പമുണ്ട്. ഇല്ലെങ്കില്‍ ആ തൂവാലേടെ കാര്യം പോലീസ് എടുത്തെടുത്ത് ചോദിക്കേണ്ട ആവശ്യമുണ്ടോ? ആ തൂവാല എവിടുന്നു കിട്ടി അവർക്ക് ?”
ഭവാനി ചോദിച്ചു.
” പോലീസുകാരല്ലേ. അവരെല്ലാരേം സംശയത്തോടെയേ കാണൂ. വന്നതേ നമ്മളോടും ചോദിച്ചല്ലോ തൂവാലേടെ കാര്യം?”
സതീഷ് പറഞ്ഞു.
“അയാളുടെ വീട്ടില്‍ പോയിട്ടുണ്ടോന്ന് അവളോട് പലതവണ എടുത്തെടുത്തു ചോദിച്ചതെന്തിനാ? എന്തോ തെളിവുകിട്ടിയിട്ടില്ലേ സതിയേട്ടാ അവർക്ക് ?”
മഞ്ജുള സംശയിച്ചു.
“തെളിവ് . മാങ്ങാത്തൊലി . നീ മിണ്ടാതിരിക്ക്. കല്യാണം നിശ്ചയിച്ച പെണ്ണാ. ഓരോന്നു പറഞ്ഞു പരത്തി ഇനി കൊളമാക്കരുത് . നീ ഇതിനേക്കുറിച്ച് അവളോട് ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്യരുത് കേട്ടോ. വേറാരോടും മിണ്ടുകേം വേണ്ട . പോലീസിനു വേറെ പണിയില്ലാഞ്ഞിട്ടു വന്നതാ. ചുമ്മാ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാൻ “
സതീഷ് ദേഷ്യപ്പെട്ടു.
“ഞാനൊന്നും ചോദിക്കുന്നും പറയുന്നുമില്ലേ. പാവമായിട്ടിരിക്കുന്നൊരു അങ്ങനെതന്നെ ഇരിക്കട്ടെ ”
ചീനച്ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊണ്ട് മഞ്ജുള രസിക്കാത്ത മട്ടിൽ പറഞ്ഞു.
“നമുക്കിവളൊരു കുരിശാകുവോടാ.”
ഭവാനി തെല്ലു ഭയത്തോടെ ചോദിച്ചു.
“ഒന്നുമില്ലമ്മേ. കണ്ടാ അറിയില്ലേ അവളൊരു പാവമാണെന്ന്.”
“മിണ്ടാപ്പൂച്ച കലമുടക്കുമെന്ന് ഒരു പഴംചൊല്ലുണ്ട് .”
മഞ്ജുള സ്റ്റവിന്റെ ഫ്ളയിം അൽപ്പം കൂട്ടിവച്ചു.
സതീഷ് പിന്നെ ഒന്നും മിണ്ടിയില്ല.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10