Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 7

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 7

1424
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 7

തളർന്ന മനസോടെയാണ് സുമിത്ര വീട്ടിലേക്ക് ചെന്നുകയറിയത്.
ഡൈനിംഗ് റൂമിൽ അഭിക്കുട്ടനു ചോറുകൊടുത്തുകൊണ്ട് മഞ്ജുള ഇരിപ്പുണ്ടായിരുന്നു.
സുമിത്രയെ കണ്ടതും അമ്മയുടെ മടിയില്‍നിന്നു ചാടിയിറങ്ങി അവൻ അവളുടെ അടുത്തേക്കു പാഞ്ഞുചെന്നു.
സുമിത്ര അവനെ വാരിയെടുത്ത് കവിളില്‍ ഒരു മുത്തം നല്‍കി.
“അവന്‍റെ മേലുമുഴുവന്‍ അഴുക്കാ. സാരി വൃത്തികേടാവും.”
മഞ്ജുള പറഞ്ഞു.
“സാരമില്ല.”
അഭിക്കുട്ടനോട് അൽപ്പം കൊച്ചുവര്‍ത്തമാനം പറഞ്ഞിട്ട് സുമിത്ര മുകളിലത്തെ നിലയിലേക്ക് പോയി.
മുറിയില്‍ കയറി വാതില്‍ ചാരിയിട്ട് അവള്‍ കട്ടിലില്‍ തളര്‍ന്നിരുന്നു.
വയ്യ! ഈ ഭാരം ചുമക്കാൻ പറ്റുന്നില്ല തനിക്ക്!
സുകുമാരന്‍ ഒരു മൂർഖനെപ്പോലെ തന്നെ പിന്തുടരുകയാണ്!
ആ ഫോട്ടോയും വീഡിയോ ക്ലിപ്പും…?
അതാരെയെങ്കിലും അയാള്‍ കാണിച്ചാല്‍…?
ജയേട്ടനറിഞ്ഞാല്‍…?
എല്ലാം തകരും.
സ്വപ്നങ്ങളും മനക്കോട്ടകളും ഇടിഞ്ഞുവീഴും.
താൻ നിരപരാധിയാണെന്ന് ആണയിട്ടു പറഞ്ഞാല്‍പോലും ആരും വിശ്വസിക്കില്ല.
ജയേട്ടനോടു പറയണോ ആ സംഭവം?
വേണ്ട.
പറഞ്ഞാൽ വിശ്വസിക്കില്ല. അഞ്ചുവർഷം മുമ്പ് നടന്ന ആ സംഭവം എന്തുകൊണ്ട് അന്ന് പറഞ്ഞില്ല എന്നു ചോദിച്ചാൽ എന്തു മറുപടിയുണ്ട് തനിക്ക് ?
വേണ്ട. ഒന്നും ജയേട്ടന്‍ അറിയണ്ട.
പക്ഷേ, സുകുമാരന്റെ ഭീഷണിയിൽ നിന്ന് താനെങ്ങനെ രക്ഷപ്പെടും?
എന്തിനാണയാൾ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നത്?
തന്‍റെ ശരീരം കളങ്കപ്പെടുത്താനാണോ? അങ്ങനെയായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം മുമ്പേ അതാകാമായിരുന്നില്ലേ?
അയാളുടെ ഉദ്ദേശ്യമെന്താണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.
സുമിത്ര എണീറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.


നാലുമണിക്ക് സ്കൂള്‍ വിടാനുള്ള ബെല്‍ മുഴങ്ങുമ്പോള്‍ സുമിത്രയുടെ നെഞ്ചില്‍ തീയുയരാന്‍ തുടങ്ങും.
സുകുമാരനെ കാണരുതേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് ഓരോ ദിവസവും അവള്‍ സ്കൂളിന്‍റെ പടിയിറങ്ങുന്നത്.
ബസ്സ്റ്റോപ്പില്‍ ബസുകാത്തുനില്‍ക്കുമ്പോഴും ഉള്ളില്‍ ആധിയാണ്.
നാലാളുടെ മുമ്പില്‍വച്ച് തന്നെ ചീത്തവിളിച്ചിട്ട് ആ ഫോട്ടോയെടുത്ത് എല്ലാവരെയും കാണിച്ചാല്‍? വാട്ട്സ് ആപ്പിലൂടെ ആ വീഡിയോക്ലിപ്പ് ആർക്കെങ്കിലും കൈമാറിയാൽ ?
പിന്നെ ആത്മഹത്യയേ നിവൃത്തിയുള്ളൂ.
ആത്മനൊമ്പരത്തോടെയാണ് അവൾ ഓരോ ദിവസവും തള്ളിനീക്കിയത്.
ഒരാഴ്ചയായിട്ടു സുകുമാരന്‍റെ ശല്യം ഉണ്ടാകാതിരുന്നപ്പോൾ ഉള്ളിലെ തീ തെല്ലൊന്നു കുറഞ്ഞു.
എന്നാലും ആശങ്ക വിട്ടുമാറിയില്ല.
ഒരു വ്യാഴാഴ്ച ഉച്ചനേരം!
സ്കൂള്‍ കവലയ്ക്കു തെക്കുവശത്തുള്ള സ്റ്റേഷനറി കടയില്‍നിന്ന് കുറച്ച് വൈറ്റ് പേപ്പര്‍ വാങ്ങിക്കൊണ്ട് പുറത്തേക്കിറങ്ങിയപ്പോള്‍ മുമ്പില്‍ സുകുമാരന്‍!
ആദ്യം ഒന്നു പകച്ചു പോയി അവള്‍.
സ്കൂളിനടുത്താണ്. തൊട്ടടുത്ത് കുട്ടികളുണ്ട്. സുകുമാരന്‍ എന്തെങ്കിലും പറഞ്ഞാൽ അവർ കേൾക്കും.
“ടീച്ചറെന്താ ഇപ്പം ഈ കടയില്‍ നിന്നാണോ സാധനങ്ങള്‍ വാങ്ങിക്കുന്നത്?”
സുകുമാരന്റെ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല അവൾ.
“എന്നോട് ദേഷ്യായിരിക്കും?”
അതിനും മറുപടിയില്ല.
“സോറി. ഞാനന്ന് എന്തൊക്കെയോ പറഞ്ഞുപോയി. അന്നിത്തിരി സ്മോൾ അകത്തുണ്ടായിരുന്നു. അതിന്‍റെ കെട്ടുവിട്ടപ്പം പറഞ്ഞതൊക്കെ തെറ്റായിപ്പോയീന്ന് എനിക്ക് തോന്നി. ടീച്ചറു ക്ഷമിക്കണം. ഞാന്‍ ടീച്ചറെ ഉപദ്രവിക്കില്ല. എന്‍റെ വീട്ടിലേക്ക് ടീച്ചറു വരുകേം വേണ്ട. പറഞ്ഞതൊക്കെ മറന്നേക്കുക.”
സുമിത്ര അതിശയിച്ചുപോയി.
ഈ മനുഷ്യന് എന്തുപറ്റി?
പൊടുന്നനേ ഇങ്ങനെയൊരു മാറ്റം?
“കാണുമ്പം വല്ലപ്പഴും ഒന്നു ചിരിക്കാന്‍ സന്മനസ് കാണിച്ചാല്‍ മതി. എന്നോട് പിണക്കമില്ല എന്നു കാണിക്കാന്‍ വേണ്ടി മാത്രം.”
ഉപദ്രവിക്കില്ലെങ്കില്‍ ഒന്നല്ല ഒമ്പതുവട്ടം ചിരിച്ചേക്കാം എന്നവള്‍ മനസില്‍ പറഞ്ഞു. ചിരിക്കുന്നതുകൊണ്ട് ആര്‍ക്കും നഷ്ടമില്ലല്ലോ.
സുമിത്ര പക്ഷേ ഒന്നും മിണ്ടിയില്ല.
“സന്തോഷമായി പൊയ്ക്കൊള്ളൂ.”
അത് പറഞ്ഞിട്ട് സുകുമാരന്‍ വേഗം നടന്നകന്നു.
സുമിത്ര ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
ഒരു വലിയ ഭാരം ഇറക്കിവച്ചതുപോലൊരാശ്വാസം!
തന്‍റെ പ്രാര്‍ഥന ഗുരുവായൂരപ്പന്‍ കേട്ടുകാണുമായിരിക്കും.
പതിവിലേറെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് കയറിച്ചെന്നത്.
വൈകുന്നേരം വീട്ടില്‍ ചെന്നപ്പോഴും മുഖത്തു നല്ല തെളിച്ചമായിരുന്നു. മഞ്ജുള അതു ശ്രദ്ധിച്ചു.
“ഇന്ന് മുഖത്ത് നല്ല പ്രസാദമുണ്ടല്ലോ. സന്തോഷവാര്‍ത്ത വല്ലോം ഉണ്ടായോ?”
“ഇന്ന് സ്റ്റാഫ് മീറ്റിംഗുണ്ടായിരുന്നു. എന്‍റെ ക്ലാസിനെക്കുറിച്ച് സ്റ്റുഡന്‍റ്സിനൊക്കെ നല്ല അഭിപ്രായമാണെന്ന് എച്ച്.എം. എല്ലാരോടും പറഞ്ഞു.”
“ആഹാ!അപ്പം അതിന്‍റെ ചെലവു ചെയ്യണമല്ലോ.”
“ശമ്പളം കിട്ടട്ടെ. നമുക്ക് ഹോട്ടലില്‍ പോയി അടിച്ചുപൊളിക്കാം. അല്ലേടാ കുട്ടാ.”
അഭിക്കുട്ടനെ പൊക്കിയെടുത്തുകൊണ്ട് അവൾ മുകളിലത്തെ നിലയിലേക്ക് പോയി.
അന്നു രാത്രി അവള്‍ മനസമാധാനത്തോടെ കിടന്നുറങ്ങി.
പിറ്റേന്നു വൈകുന്നേരം ജയദേവന്‍ അവളെ മൊബൈലിൽ വിളിച്ചു.
“എന്താ ജയേട്ടാ?”
സുമിത്ര ജിജ്ഞാസയോടെ ഫോൺ കാതോടു ചേര്‍ത്തുപിടിച്ചു.
“നമ്മുടെ കല്യാണത്തെപ്പറ്റി ഞാന്‍ അച്ഛനോട് സംസാരിച്ചു. അച്ഛനു വല്യ സന്തോഷമായി. ഇന്നലെ അച്ഛന്‍ അമ്മായിയെ ചെന്നുകണ്ടു വിവരം പറഞ്ഞു. അമ്മായിക്ക് അതിനേക്കാളും സന്തോഷം. അടുത്തമാസം പതിനെട്ടിന് ഒരു മുഹൂര്‍ത്തമുണ്ട്. അന്നു നടത്താമെന്നാ അച്ഛന്‍ പറയുന്നത്. എന്താ?”
” എന്നായാലും എനിക്കെതിർപ്പില്ല. എല്ലാവരോടും ആലോചിച്ചിട്ട് വേണ്ടത് ചെയ്തോ ”
സുമിത്രയുടെ ഉള്ളിൽ വലിയ സന്തോഷമായിരുന്നു.
എത്രയും വേഗം കല്യാണം നടത്തണം. എന്നിട്ട് ഈ വീട്ടില്‍നിന്നു താമസം മാറ്റണം. എങ്കിലേ മനസിലെ തീ അണയൂ.
പിറ്റേന്ന് സ്‌കൂളിലരിക്കുമ്പോൾ സുമിത്രയുടെ അമ്മ സരസ്വതി അവളെ ഫോണില്‍ വിളിച്ചു. കല്യാണത്തിനു സുമിത്ര സമ്മതമറിയിച്ചപ്പോള്‍ അമ്മയ്ക്കും സന്തോഷം.
“ശനിയാഴ്ച മോളുവരുമ്പം വിളിക്കേണ്ടവരുടെ ഒരു ലിസ്റ്റുകൂടി തയാറാക്കിക്കൊണ്ടുപോരെ. ഇവിടെ വന്നാ ഒന്നിനും നേരം കിട്ടില്ല.”
“ഉം.”
“ശനിയാഴ്ച ക്ലാസുണ്ടെങ്കിൽ ലീവെടുത്തു പോരണം കേട്ടോ “
“ഉം…”
ഫോൺ വിളി അവസാനിച്ചപ്പോൾ അടുത്തിരുന്ന സൗമിനി ടീച്ചര്‍ ചോദിച്ചു.
“ആരാ വിളിച്ചേ ?”
“വീട്ടീന്നമ്മയാ.”
“എന്താ വിശേഷം…?”
“വിശേഷം… എന്‍റെ കല്യാണം നിശ്ചയിച്ചു.”
“ഉവ്വോ…? ഞങ്ങളാരും ഇതൊന്നും അറിഞ്ഞില്ലല്ലോ? എവിടാ കക്ഷി? “
സുമിത്ര എല്ലാ കാര്യങ്ങളും സൗമിനിയോട് തുറന്നുപറഞ്ഞു.
സൗമിനി മറ്റു ടീച്ചേഴ്സിന് വാർത്ത കൈമാറി.
നൊടിയിടയ്ക്കുള്ളില്‍ സ്റ്റാഫ് റൂമില്‍ അതു പാട്ടായി.
അടുത്ത ദിവസം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ അവളെ വിളിച്ചിട്ടു പറഞ്ഞു:
“കല്യാണം കഴിയുമ്പം ജോലി രാജിവച്ചുപോകൊന്നും ചെയ്യരുതു കേട്ടോ. ടീച്ചറിനെപ്പോലൊരാളെ ഇനി കിട്ടാന്‍ ബുദ്ധിമുട്ടാ.”
“രാജിവച്ചു പോകുന്ന പ്രശ്നമേയില്ല ‍. ടീച്ചിംഗ് എനിക്ക് അത്രയ്ക്കിഷ്ടമാ .”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
സുമിത്രയുടെ വിവാഹ വാര്‍ത്ത വൈകാതെ കുട്ടികളുടെ ചെവിയിലുമെത്തി. ഏഴാം ക്ലാസിലെ ചില പെണ്‍കുട്ടികള്‍ സുമിത്രയോട് അക്കാ ര്യം തുറന്നു ചോദിക്കുകയും ചെയ്തു.
വാര്‍ത്ത സത്യമാണെന്നറിഞ്ഞപ്പോള്‍ ഒരു കുട്ടി ചോദിച്ചു.
“കല്യാണത്തിന് ഞങ്ങളെ വിളിക്കുമോ ടീച്ചര്‍?”
“ഇപ്പഴേ വിളിച്ചിരിക്കുന്നു. പതിനെട്ടാം തീയതി എല്ലാവരും എന്‍റെ വീട്ടിലേക്ക് പോരെ.”
“ആളിന്‍റെ ഫോട്ടോ ഒന്നു കാണിക്കാമോ?” – വേറൊരു പെൺകുട്ടിയുടെ ചോദ്യം .
“ഫോട്ടോ കൊണ്ടുനടക്കുന്ന സ്വഭാവം ഈ ടീച്ചറിനില്ലല്ലോ മോളെ.”
അവളുട ചുമലില്‍ വാല്‍സല്യത്തോടെ ഒന്നു തട്ടിയിട്ട് സുമിത്ര പുസ്തകമെടുത്തു തുറന്നു .


വെള്ളിയാഴ്ച വൈകുന്നേരം.
സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോൾ എവിടെനിന്നോ സുകുമാരന്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
“കല്യാണം നിശ്ചയിച്ചൂന്നു കേട്ടു?”
പുഞ്ചിരിച്ചുകൊണ്ട് സുകുമാരന്‍ ചോദിച്ചു.
“ഉം…”
സുമിത്ര തെല്ലു പരുങ്ങലോടെ മുളി.
“ടീച്ചര്‍ പേടിക്കൊന്നും വേണ്ട. ഞാനതു മുടക്കൊന്നുമില്ല.”
അവള്‍ ഒന്നും മിണ്ടിയില്ല.
“എന്നെ ക്ഷണിക്കുമല്ലോ ,കല്യാണത്തിന് . ഇല്ലെ ?”
സുമിത്ര ധർമ്മസങ്കടത്തിലായി. എന്തു പറയണം?
“ടീച്ചറു വിഷമിക്കേണ്ട. വിളിച്ചാലും ഞാന്‍ വരില്ല. അങ്ങനെയൊരു ശല്യം ഉണ്ടാവുമോന്നോർത്തു പേടിക്കണ്ട “
സുമിത്രയുടെ മുഖം തെളിഞ്ഞു.
“പക്ഷേ, എനിക്കൊരപേക്ഷയുണ്ട്. മനസുണ്ടെങ്കിൽ ടീച്ചര്‍ എന്‍റെ വീട്ടിലൊന്നു വരണം. എന്‍റെ ഭാര്യയേയും കുഞ്ഞിനേയും പരിചയപ്പെടുത്താം. ഇത് ഭീഷണിയൊന്നുമല്ല കേട്ടോ. ഒരപേക്ഷ… അപേക്ഷ മാത്രം…”
“പ്ലീസ്… എന്നെ നിർബന്ധിക്കരുത്.”
സുമിത്ര അപേക്ഷാഭാവത്തിൽ പറഞ്ഞു
“ഇഷ്ടമില്ലെങ്കില്‍ വേണ്ട.”
മറ്റെന്തെങ്കിലും പറയുന്നതിനുമുമ്പേ സുകുമാരന്‍ സ്ഥലംവിട്ടു.
സുമിത്ര കര്‍ച്ചീഫെടുത്തു കണ്ണും മുഖവും തുടച്ചു.
ഒഴിഞ്ഞുപോയി എന്നു കരുതിയ ആ മാരണം വീണ്ടും വരുകയാണോ എന്നവള്‍ ഭയന്നു.
പേടിയാവുന്നു.
വിവാഹം മുടക്കില്ലെന്നു പറഞ്ഞെങ്കിലും അയാള്‍ എന്തെങ്കിലും വേണ്ടാതീനം കാണിച്ചാല്‍?
മനസ് പിന്നെയും അസ്വസ്ഥമാകുന്നല്ലോ!
അങ്ങനെ ചിന്തിച്ചുനിന്നപ്പോള്‍ സുമിത്രയ്ക്ക് പോകേണ്ട ബസ് വന്നു. അവള്‍ വേഗം വണ്ടിയില്‍ കയറി.


പിറ്റേന്നു ശനിയാഴ്ച.
അതിരാവിലെ വീട്ടിലേക്ക് പോകാന്‍ റെഡിയായി, സുമിത്ര.
കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ബാഗില്‍ നിറച്ചിട്ട് അവള്‍ അതെടുത്തുകൊണ്ട് വെളിയിലേക്കിറങ്ങി.
വാതിലടച്ചു ഓടാമ്പലിട്ടിട്ട് ബാഗും തൂക്കി അവള്‍ സ്റ്റെയര്‍കെയ്സിറങ്ങി താഴേക്കുവന്നു.
“ഇന്നു വല്യ സന്തോഷമാണല്ലോ മുഖത്ത്.”
സതീഷിന്‍റെ കമന്‍റുകേട്ട് ചിരിച്ചതേയുള്ളൂ സുമിത്ര.
“ഇനി കല്യാണം കഴിഞ്ഞിട്ടേയുള്ളോ മടക്കയാത്ര?”
ഭവാനി ചോദിച്ചു.
“ഹേയ്. കല്യാണത്തിന് ഇനീം ഉണ്ടല്ലോ പത്തിരുപതുദിവസം .”
“ക്ഷണിക്കേണ്ടവരുടെയൊക്കെ ലിസ്റ്റ് ഉണ്ടാക്കിയോ ?”
മഞ്ജുള ചോദിച്ചു.
“ഉം..മനസിലുള്ളതൊക്കെ കുറിച്ചുവച്ചിട്ടുണ്ട് “
“എന്നാ വേഗം ചെല്ല്. അമ്മ കാത്തിരിക്കുന്നുണ്ടാവും.”
മഞ്ജുളയുടെ കൈയില്‍ നിന്ന് അഭിക്കുട്ടനെ വാങ്ങി ഒരു മുത്തം നല്‍കിയിട്ട് ബാഗും തൂക്കി സുമിത്ര വെളിയിലേക്കിറങ്ങി.
റോഡിലിറങ്ങിയപ്പോൾ എതിര്‍വശത്തുള്ള വീടിന്‍റെ മുറ്റത്ത് സുകുമാരന്‍റെ ഭാര്യ നില്‍ക്കുന്നതുകണ്ടു.
അവള്‍ ഒന്നേ നോക്കിയുള്ളൂ. വേഗം മുഖം തിരിച്ച് ബസ്സ്റ്റോപ്പിലേക്ക് നടന്നു.
വീട്ടിലെത്തിയപ്പോള്‍ മണി പതിനൊന്ന്.
സരസ്വതിയും അജിത്തും അവൾ വരുന്നത് നോക്കി വാരാന്തയിൽ ഇരിക്കയായിരുന്നു.
“ഇപ്പം ജയന്‍ വിളിച്ചിട്ട് ഫോണ്‍ വച്ചതേയുള്ളൂ.”
സരസ്വതി മുറ്റത്തേക്കിറങ്ങിവന്നിട്ട് അവളുടെ കൈയില്‍നിന്ന് ബാഗുവാങ്ങി. അമ്മയുടെ കൈയില്‍നിന്ന് അതു തട്ടിപ്പറിച്ചുകൊണ്ട് അജിത് അകത്തേക്കോടി.
“നിനക്കിനി എന്നു തിരിച്ചുപോണം മോളെ ?”
“തിങ്കളാഴ്ച രാവിലെ.”
“അപ്പം സ്വർണോം ഡ്രസുമൊക്കെ എടുക്കേണ്ടേ? അതെന്നാ?”
“ജയേട്ടനോട് ചോദിച്ചില്ലേ ?”
“തിങ്കളാഴ്ച എടുക്കാമെന്നാ അവന്‍ പറഞ്ഞത്.”
“എങ്കില്‍ അന്നു ഞാന്‍ ലീവെടുക്കാം .”
സുമിത്ര അകത്തേക്കു കയറിയിട്ട് ഡ്രസിംഗ് റൂമിലേക്ക് നടന്നു.


കൂട്ടുകാരി വന്നിട്ടുണ്ടെന്നറിഞ്ഞതും ശശികല ഓടി സുമിത്രയുടെ വീട്ടിലെത്തി.
“ഊണുകഴിഞ്ഞു ഞാനങ്ങോട്ട് വരാനിരിക്കായിരുന്നു.” സുമിത്ര ആഹ്ലാദത്തോടെ വന്ന് അവളുടെ കരം പിടച്ചുകൊണ്ട് തുടര്‍ന്നു: “നീ ഒരുപാട് ക്ഷീണിച്ചുപോയല്ലോ! എന്തുപറ്റി?”
“മനസിനു സമാധാനമുണ്ടെങ്കിലല്ലേ ശരീരോം നന്നാകൂ.” ശശികല ചിരിച്ചുകൊണ്ട് തുടര്‍ന്നു: “വിശേഷങ്ങളൊക്കെ അറിഞ്ഞൂട്ടോ.”
“അപ്പം നാട്ടില്‍ മുഴുവന്‍ ഇതു പാട്ടായോ?”
“ഞാനെല്ലാരോടും പറഞ്ഞു മോളെ . കല്യാണം രഹസ്യമാക്കി വയ്ക്കേണ്ട കാര്യമൊന്നുമല്ലല്ലോ . ” സരസ്വതി പറഞ്ഞു.
“വാ… നമുക്കകത്തിരുന്നു സംസാരിക്കാം.”
സുമിത്ര ശശികലയെ വിളിച്ചു അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
കല്യാണത്തിന് ധരിക്കേണ്ട സാരിയെക്കുറിച്ചും ആഭരണങ്ങളെപ്പറ്റിയുമെല്ലാം അവള്‍ കൂട്ടുകാരിയോട് അഭിപ്രായം ചോദിച്ചു.
നാലുമണി കഴിഞ്ഞപ്പോഴാണ് ശശികല മടങ്ങിപ്പോയത്.
സന്ധ്യമയങ്ങിയപ്പോൾ ജയദേവൻ വന്നു.
മുറ്റത്ത് കാറുവന്നുനിന്നതും സുമിത്ര ആഹ്ലാദത്തോടെ ഓടിച്ചെന്നു.
മൂന്നുമണിക്ക് പുറപ്പെട്ടെന്നു പറഞ്ഞിട്ട് ഇപ്പഴാ എത്തുന്നേ?” – സുമിത്ര പരിഭവം പറഞ്ഞു. “ഞാന്‍ നോക്കിയിരുന്നു മടുത്തു.
“വഴിക്ക് ഒന്നുരണ്ടു സ്ഥലത്തു കേറി.”
കാര്‍ ഒതുക്കിയിട്ടിട്ട് ജയന്‍ പുറത്തേക്കിറങ്ങി.
“തന്‍റെ മുഖത്ത് പതിവില്ലാത്ത ഒരു സന്തോഷമുണ്ടല്ലോ?”
ജയന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“കല്യാണം എന്നു കേൾക്കുമ്പോൾ ഏതൊരു പെണ്ണിനും സന്തോഷമുണ്ടാകും ജയേട്ടാ “
സുമിത്ര ജയന്റെ കയ്യിൽ നിന്ന് പലഹാരപ്പൊതി വാങ്ങി തുറന്നു നോക്കി
“എനിക്കിഷ്ടപ്പെട്ട പലഹാരം തന്നെ വാങ്ങിച്ചു അല്ലെ “
അവൾ ജയനെ വിളിച്ചുകൊണ്ട് അകത്തേക്കുപോയി.
ഏറെനേരം അവർ സംസാരിച്ചിരുന്നു.
രാത്രി അത്താഴം കഴിഞ്ഞ് വിവാഹത്തിന്‍റെ ഒരുക്കങ്ങളെപ്പറ്റിയായിരുന്നു ചര്‍ച്ച.
ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് സുമിത്ര ജയദേവനെ വായിച്ചുകേൾപ്പിച്ചു.
“വിട്ടുപോയ പേരു വല്ലോം ഉണ്ടോന്ന് ഒന്ന് ഓർത്ത് നോക്ക് “- ജയദേവന്‍ പറഞ്ഞു.
“ആദ്യത്തെ കല്യാണമല്ലേ. ഗംഭീരമായിട്ടു നടത്തണം.” സരസ്വതി കുറെ പേരുകള്‍ കൂടി പറഞ്ഞുകൊടുത്തു. സുമിത്ര അതു കുറിച്ചെടുത്തു.
“നിനക്കാരെയെങ്കിലുമുണ്ടോടാ വിളിക്കാൻ ?”
സരസ്വതി അജിത്തിന്റെ നേരെ തിരിഞ്ഞു.
“എന്‍റെ കൂട്ടുകാരെയെല്ലാം വിളിക്കണം.”
“എന്നാ അവരുടെയൊക്കെ പേരുപറ.”
ജയദേവന്‍ പറഞ്ഞു.
“അജിത് പേരുകള്‍ ഒന്നൊന്നായി പറയാൻ തുടങ്ങി. സുമിത്ര അതും കടലാസിൽ കുറിച്ചു.
വിവാഹ ക്ഷണക്കത്ത് തയാറാക്കിയതു ജയദേവനായിരുന്നു.
സുമിത്ര അതിലെ ഓരോ വാചകവും സസൂക്ഷ്മം പരിശോധിച്ചിട്ട് ചില ഭേദഗതികള്‍ വരുത്തി.
“നേരം ഒരുപാടായി. ഇനി കിടക്കാൻ നോക്ക്.”
സരസ്വതി പറഞ്ഞു. ജയദേവന്‍ ക്ലോക്കിലേക്ക് നോക്കിയപ്പോൾ മണി പന്ത്രണ്ടര.
“രാവിലെ എനിക്കു പോകേണ്ടതാ. ആറുമണിക്ക് വിളിച്ചേക്കണേ..?”
സുമിത്രയോട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് ജയദേവന്‍ കിടപ്പുമുറിയിലേക്ക് പോകാനായി എണീറ്റു.
ആ സമയം ജയദേവന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
അയാള്‍ ഫോണ്‍ എടുത്തുനോക്കി.
വീട്ടില്‍ നിന്നാണ്. കോൾ അക്സപ്റ്റുചെയ്തിട്ട് മൊബൈല്‍ കാതോടുചേര്‍ത്തു.
അങ്ങേത്തലയ്ക്കൽ നിന്ന് എന്താണ് പറഞ്ഞതെന്നു സുമിത്രയ്ക്കു പൂർണമായും മനസിലായില്ല.
പക്ഷേ, ജയദേവന്‍റെ മുഖഭാവത്തില്‍ നിന്നു മനസിലായി എന്തോ ഗൗരവമുള്ള പ്രശ്നമാണെന്ന്.
കോള്‍ കട്ടുചെയ്തിട്ടു ജയദേവൻ സുമിത്രയോട് പറഞ്ഞു.
“ഒരു ചെറിയ പ്രശ്നം ! എനിക്കിപ്പത്തന്നെ വീട്ടിലേക്ക് പോണം.”
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here