Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 44

2176
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 44

ജാസ്മിന്റെ മൗനം ടോണിയെ ശ്വാസം മുട്ടിച്ചപ്പോൾ ടോണി തന്നെ മൗനം ഭേദിച്ചു.
“നന്ദി പറയാന്‍ വന്നതാ. മരണത്തില്‍നിന്ന് എന്നെ രക്ഷിച്ചതിന്. എന്‍റമ്മയെയും പെങ്ങളെയും പൊന്നുപോലെ നോക്കിയതിന്.. നഷ്ടപ്പെട്ടു പോയ വീട് തിരികെ വാങ്ങിതന്നതിന് ..എന്റെ പെങ്ങടെ കല്യാണം നടത്തിക്കൊടുത്തതിന് ” ഒരുവിധം അത്രയും പറഞ്ഞൊപ്പിച്ചു ടോണി.
അത് കേട്ടിട്ടും ഒന്നും മിണ്ടാതെ, ഭാവമാറ്റമില്ലാതെ വെറുതെ മുഖത്തേക്കു നോക്കിയിരുന്നതേയുള്ളൂ ജാസ്മിൻ . കൈകൂപ്പി ഇടറിയ സ്വരത്തില്‍ ടോണി തുടർന്നു:
“മാപ്പ്! ചെയ്ത തെറ്റുകള്‍ക്ക്‌ മാപ്പ്!”
ജാസ്മിന്‍ അപ്പോഴും മൗനം.
ആ മൗനം ടോണിയെ കൂടുതൽ നൊമ്പരപ്പെടുത്തി.
“കഴിഞ്ഞതെല്ലാം മറക്കണം. ഒരു സഹോദരനെപ്പോലെ എന്നെ സ്നേഹിക്കാനുള്ള സന്മനസ് കാണിക്കണം.”
“അതു കാണിച്ചില്ലായിരുന്നെങ്കില്‍ ടോണി ഇപ്പം എന്‍റെ മുമ്പിലിരിക്കുമായിരുന്നില്ല.” അയാളുടെ കണ്ണുകളിലേക്കു തുറിച്ചുനോക്കി ഉറച്ച സ്വരത്തിൽ ജാസ്മിൻ പറഞ്ഞു. ആ നോട്ടം ഹൃദയത്തിൽ കൊളുത്തി വലിക്കുന്നപോലെ അനുഭവപ്പെട്ടു .
“എനിക്കതറിയാം.”
“എന്തറിയാം? ഞാന്‍ ടോണിയെ വഞ്ചിച്ചു എന്നല്ലേ ഇപ്പഴും വിചാരിച്ചിരിക്കുന്നത്? രേവതി എന്നെ ചതിച്ചതാണെന്ന് ആണയിട്ടു പറഞ്ഞിട്ടും വിശ്വസിച്ചില്ലല്ലോ. ഒരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. സതീഷ് എന്നെ ഉപദ്രവിക്കാന്‍ വന്ന കാര്യം ഞാന്‍ ടോണിയോടു മറച്ചുവച്ചു. പിന്നീട് ആ തെറ്റ് ഏറ്റുപറഞ്ഞിട്ടും ടോണി വിശ്വസിച്ചില്ല. അതിലെനിക്കു വിഷമമില്ല. ആരാണെങ്കിലും ആ സാഹചര്യത്തില്‍ അങ്ങനെയേ ചെയ്യൂ. പക്ഷേ എന്നെ വേദനിപ്പിച്ചത് അതല്ല. ചേച്ചിയെ ആശുപത്രിയിലാക്കാന്‍ സഹായം തേടി വന്നപ്പം നിഷ്കരുണം ടോണി കൈ ഒഴിഞ്ഞില്ലേ? അന്ന് ടോണി പറഞ്ഞ വാക്കുകൾ ഓർക്കുന്നുണ്ടോ ? കുട്ടികളുണ്ടാകില്ലാത്ത അവൾ ഇനി ആർക്കു വേണ്ടിയാ ജീവിക്കുന്നത് എന്ന്. അതെന്നെ ഒരുപാടു വേദനിപ്പിച്ചു. അന്നു ചേച്ചിയെ ആശുപത്രീല്‍ കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ന് എന്‍റെ ചേച്ചി ജീവനോടെ ഇരുന്നേനെ.”
ജാസ്മിന്‍റെ സ്വരം ഇടറി.
“ആ കുറ്റബോധത്തില്‍ നീറി നീറി കഴിയുകയായിരുന്നു ഞാൻ ” – ടോണി ഇടതുകരം ഉയര്‍ത്തി, കണ്ണുകള്‍ തുടച്ചു.
” ഭാര്യക്കുപോലും വേണ്ടാത്ത ടോണി ഇനി ആർക്കുവേണ്ടി ജീവിച്ചിരിക്കണം എന്ന് ഞാൻ വിചാരിച്ചിരുന്നെങ്കിൽ നിങ്ങൾ ഇന്ന് ഈ ഭൂമിയിൽ കാണുമായിരുന്നില്ല ” കൈചൂണ്ടി, തിളയ്ക്കുന്ന കണ്ണുകളോടെ അവൾ പറഞ്ഞു.
” എനിക്കറിയാം..എല്ലാം എനിക്കറിയാം ..പത്തു പതിനഞ്ചു വർഷത്തെ ജീവിതം ഒരുപാട് പാഠം പഠിപ്പിച്ചു എന്നെ ”.
“സതീഷ് ഒരു മാന്യനാണെന്നു വിചാരിച്ചതുകൊണ്ടാ രേവതിയുടെ വീട്ടില്‍ വച്ച് അയാളോടു ഞാൻ ഫ്രീയായി സംസാരിച്ചത് . പാതിരാത്രീല്‍ മാത്രമാണ് അയാളിലെ ചെകുത്താനെ ഞാന്‍ തിരിച്ചറിഞ്ഞത്. പക്ഷേ ദൈവാനുഗ്രഹംകൊണ്ട് എന്‍റെ ശരീരം കളങ്കപ്പെട്ടില്ല. അത് തുറന്നു പറഞ്ഞിട്ടും ടോണി വിശ്വസിച്ചില്ല. സതീഷിനെ പരിചയമില്ല എന്നൊരു കള്ളം എനിക്ക് ടോണിയോട് പറയേണ്ടി വന്നു. ടോണിയെ എനിക്ക് നഷ്ടപ്പെട്ടാലോ എന്ന പേടി കൊണ്ടു മാത്രമാ അന്ന് അങ്ങനെ പറയേണ്ടി വന്നത് . അത് തെറ്റായിപ്പോയി .ആ തെറ്റിന് ദൈവം എനിക്ക് ശിക്ഷയും തന്നു. ”
” ആ സംഭവത്തില്‍ ജാസ്മിന്‍ തെറ്റുകാരിയല്ലെന്ന് പിന്നീടെനിക്കു മനസിലായി .”
“എങ്ങനെ? എങ്ങനെ മനസിലായി ?”
“വര്‍ഷങ്ങള്‍ക്കുശേഷം രേവതിയെ ഞാന്‍ വീണ്ടും കണ്ടിരുന്നു.”
“എവിടെവച്ച്?”
“അവള്‍ എന്‍റെ ഹോസ്പിറ്റലില്‍ വന്നിരുന്നു. ട്രീറ്റ്മെന്‍റിന്.”
“ട്രീറ്റ്മെന്‍റിനോ?” – അവള്‍ അദ്ഭുതം കൂറി.
“അതെ . ഷി വാസ് എ ക്യാന്‍സര്‍ പേഷ്യന്‍റ്. എറണാകുളത്ത് ഞാന്‍ വര്‍ക്കുചെയ്തിരുന്ന ഹോസ്പിറ്റലിലായിരുന്നു അവളുടെ ട്രീറ്റ്മെന്‍റ്. അവിടെ വച്ചു യാദൃച്ഛികമായി ഞാൻ അവളെ കണ്ടു. എല്ലാ സത്യവും അവളെന്നോടു തുറന്നു പറഞ്ഞു. എന്‍റെ മുമ്പിലിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ ഒരുപാട് നേരം കരഞ്ഞു.”
“ഇപ്പം അവളെവിടുണ്ട്?”
“മരിച്ചുപോയി. വേദന സഹിച്ച് ഒരുപാട് കാലം നരകിച്ചു കിടന്നാ മരിച്ചത്. ജാസ്മിനെ കണ്ടു മാപ്പുപറയണമെന്നവള്‍ക്കാഗ്രഹമുണ്ടായിരുന്നു. അതു പറഞ്ഞ് എപ്പഴും കരയ്വായിരുന്നു.”
“തെറ്റുചെയ്യുന്നവര്‍ക്ക് ദൈവം ശിക്ഷ കൊടുക്കും.”
“ശരിയാ. സതീഷിനും കൊടുത്തു ശിക്ഷ. ഒരാക്സിഡന്‍റില്‍പ്പെട്ട് അയാളുടെ വലതുകൈ നഷ്ടപ്പെട്ടു. എത്രയോ പെണ്ണുങ്ങളെ നശിപ്പിച്ചിട്ടുള്ള കയ്യാ . ഒടുവിൽ ദൈവം വന്നു അതങ്ങ് എടുത്തോണ്ടുപോയി. എനിക്കും തന്നില്ലേ ശിക്ഷ. ആതിരേടെ വയറ്റില്‍ കിടന്ന എന്‍റെ കുഞ്ഞിനെ അവളു കൊന്നപ്പഴാ ഞാന്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത്.”
“ടോണി എന്നെ കയ്യൊഴിഞ്ഞപ്പോൾ ആത്മഹത്യയ്ക്കു ശ്രമിച്ചവളാ ഞാന്‍. ഇപ്പം അതോര്‍ക്കുമ്പം എത്ര ബാലിശമായിപ്പോയീന്നു തോന്നുന്നു. പ്രായത്തിന്‍റെ ചാപല്യത്തില്‍ എടുത്തുചാടി പെണ്ണുങ്ങള്‍ ഓരോന്നു കാട്ടിക്കൂട്ടും . പിന്നീട് പ്രായവും പക്വതയും വരുമ്പോൾ അതൊക്കെ എത്ര ബാലിശമായിരുന്നു എന്ന് ഓർത്തു ചിരിക്കും. അന്നു ടോണിയെ കല്യാണം കഴിക്കാതിരുന്നത് എന്‍റെ ഭാഗ്യമാണെന്ന് ഇപ്പം ഞാൻ കരുതുന്നു. ടോണിയേക്കാള്‍ സ്നേഹനിധിയായ ഒരു ഭര്‍ത്താവിനെയും ഓമനിക്കാന്‍ രണ്ടു കുഞ്ഞുങ്ങളെയും ദൈവം എനിക്കു തന്നു. ജീവിക്കാന്‍ ആവശ്യത്തിലേറെ സ്വത്തും . ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യത്തിനും കുഴപ്പമില്ല . ഇതിൽക്കൂടുതൽ എന്തുവേണം ഒരു പെണ്ണിന് ?”
ടോണിയുടെ മുഖം താനെ കുനിഞ്ഞുപോയി.
” കുറുക്കൻമലയുടെ മുകളിൽ ഞാനും അമ്മയും തനിച്ചു താമസിച്ചപ്പോൾ ആദ്യ നാളുകളിൽ രാത്രി എണീറ്റിരുന്നു ഞാൻ കരയുമായിരുന്നു, ടോണിയെ ഓർത്ത് . പ്രണയത്തിന്റെ പാരമ്യത്തിൽ മറ്റെല്ലാ പെണ്ണുങ്ങളെയുംപോലെ ഞാനും ഒരു ദുർബല സ്ത്രീയായിപ്പോയി . അതൊക്കെ ഓർക്കുമ്പം ഇപ്പം ചിരിവരും. ”
ദീർഘമായി ഒന്ന് നിശ്വസിച്ചിട്ടു അവൾ തുടർന്നു:
”നിങ്ങൾക്കറിയാമോ . ഒരു പെട്ടി നിറയെ സ്വർണം കളഞ്ഞുകിട്ടിയിട്ടും അത് സ്വന്തമാക്കാൻ ഞാൻ ശ്രമിച്ചില്ല . അന്നങ്ങനെ ചെയ്തതുകൊണ്ടാണ് പിന്നീട് ദൈവം എനിക്ക് വാരിക്കോരി തന്നത് . ”
ടോണിയുടെ മിഴികൾ നിറഞ്ഞതു കണ്ടപ്പോൾ അവൾ പറഞ്ഞു .
“എനിക്കു ടോണിയോടു വെറുപ്പോ വിദ്വേഷമോ ഒന്നുമില്ല. ഒരു സഹോദരനെപോലെ ഞാനിപ്പഴും ടോണിയെ സ്നേഹിക്കുന്നു. ഒന്നുമില്ലെങ്കിലും പത്തിരുപത്തിരണ്ടു വര്‍ഷം ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ ചിരിച്ചു കളിച്ചു നടന്നവരല്ലേ നമ്മള്‍.”
ജാസ്മിന്റെ ഓരോ വാചകങ്ങളും തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കൂരമ്പുകളായി തോന്നി ടോണിക്ക് .
കൂടുതല്‍ നേരം അവിടെ ഇരിക്കാനുള്ള ശക്തിയുണ്ടായില്ല . അയാള്‍ എണീറ്റിട്ടു പറഞ്ഞു..
“മനസിന്‌ നല്ല സുഖമില്ല . നമുക്ക് പിന്നെ സംസാരിക്കാം. വരട്ടെ.”
“ഉം.” അവൾ തലകുലുക്കി .
പോകാനായി തിരിഞ്ഞപ്പോള്‍ ജാസ്മിന്‍റെ സ്നേഹാര്‍ദ്രസ്വരം.
“പഴയതൊന്നും മനസ്സിലിട്ടു വേദനിപ്പിക്കണ്ടാട്ടോ. എനിക്കു ടോണിയോട് വെറുപ്പും ദേഷ്യവുമൊന്നുമില്ല. “
“ഉം.”
ടോണി വാതില്‍ തുറന്നു വെളിയിലേക്കിറങ്ങി. അപ്പോൾ വരാന്തയില്‍ ആരോടോ സംസാരിച്ചുകൊണ്ടു നില്‍പ്പുണ്ടായിരുന്നു അനു. അവളുടെ കയ്യിൽ, മാറോടുചേർത്തു കുറെ ഫയലുകളും ഉണ്ടായിരുന്നു. ടോണിയെ കണ്ടതും അവള്‍ അത്ഭുതം കൂറി.
“ചേട്ടായിയായിരുന്നോ അകത്ത് ? ചേട്ടായി എപ്പ വന്നു? ജാസേച്ചിയെ കണ്ടോ?”
“ഉം.”
”എങ്ങനെയുണ്ട് എന്റെ സ്ഥാപനം ?”
”അടിപൊളി ”
“ചേട്ടായിക്ക് എന്‍റെ റൂം കാണണ്ടേ? ഒരുനിമിഷം . ഞാനിതു ജാസേച്ചിക്കു കൊടുത്തിട്ട് വേഗം വരാമേ ”
അവൾ ജാസ്മിന്റെ കാബിനിലേക്കു കയറിപ്പോയിട്ടു വേഗം തിരിച്ചു വന്നു.
”വാ ചേട്ടായി ”
ടോണിയെ വിളിച്ചുകൊണ്ട് അവള്‍ തന്‍റെ ക്യാബിനിലേക്കു നടന്നു. ശീതീകരിച്ച മനോഹരമായ റൂം.
നാലുചുറ്റും നോക്കിയിട്ടു ടോണി പറഞ്ഞു:
“കൊള്ളാല്ലോ! ഇത്രയും സെറ്റപ്പിലാണോ ഇരിപ്പ്?” -.
“എം.ഡി.യുടെ പ്രൈവറ്റ് സെക്രട്ടറീന്നു പറഞ്ഞാല്‍ ഊച്ചാളിപോസ്റ്റാണെന്നാണോ ചേട്ടായി വിചാരിച്ചേ? ഇവിടുത്തെ ജോലിക്കാർക്കുപോലും എന്നെ പേടിയാ.”
” ഭാഗ്യവതി ”
കറങ്ങുന്ന കസേരയില്‍ കയറി ഞെളിഞ്ഞിരുന്നിട്ട് അവള്‍ ഒരു ഓഫീസറുടെ ഗമയില്‍ ടോണിയെ നോക്കി തുടര്‍ന്നു:
“ജാസേച്ചി എന്നെ ഒരു ജോലിക്കാരിയായിട്ടല്ല, അനിയത്തിയെപ്പോലെയാ കാണുന്നത്.”
“നമ്മുടെ ഭാഗ്യം.”
”റിയലി . ജാസേച്ചിയെ കണ്ടുമുട്ടിയത് നമ്മുടെ ഭാഗ്യം തന്നെയാ ചേട്ടായി”
”നിന്റെ ഹസ്ബന്റിന്റെ റൂം എവിടെയാ ?”
”ഇതിന്റെ തൊട്ടടുത്ത് . മാത്യുസ് ചെറിയാൻ , ജനറൽ മാനേജർ എന്ന് ബോർഡ് വച്ചിരിക്കുന്നത് കണ്ടില്ലേ ?”
”ഞാൻ ശ്രദ്ധിച്ചില്ല ”
”കണ്ടിട്ട് പോകാം ട്ടോ ?”
”ഉം . എങ്ങനെയുണ്ട് മാത്യുസ് ?”
”നല്ല മനുഷ്യൻ. ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇതുപോലൊരാളെ എനിക്ക് ഹസ്ബന്റായി കിട്ടുമെന്ന്. എനിക്കുവേണ്ടി ദൈവം കാത്തു സൂക്ഷിച്ചു വച്ചതാ . അല്ലെങ്കിൽ നേരത്തെ കല്യാണം കഴിച്ചു പോകില്ലായിരുന്നോ? ഇന്നാർക്ക് ഇന്നാരെന്ന് തലയിൽ എഴുതി വച്ചിട്ടുണ്ടല്ലോ ദൈവം ?”
”അപ്പം എന്റെ തലയിൽ എഴുതി വച്ചിരുന്നതോ?”
”അത് ദൈവത്തിന്റെ ഇഷ്ടം അല്ലായിരുന്നു . വേറെ ആരെങ്കിലുമായിരിക്കും ദൈവം ചേട്ടായിക്കുവേണ്ടി കണ്ടു വച്ചിട്ടുള്ളത് ”
”ഇനിയോ? നല്ല കാര്യമായി ”
” ദൈവഹിതം എന്താണെന്ന് ആർക്കറിയാം. ങ്ഹാ വാ . നമുക്ക് മാത്യുസിനെ കണ്ടിട്ട് വരാം ”
ടോണിയെ വിളിച്ചുകൊണ്ടു അവൾ ജനറൽ മാനേജരുടെ മുറി ലക്ഷ്യമാക്കി നടന്നു.


ആറുമാസം പിന്നിട്ടപ്പോഴേക്കും ടോണിയുടെ ആരോഗ്യം പൂര്‍ണ്ണമായും തിരിച്ചുകിട്ടി. മനസ്സും ശരീരവും സാധാരണനിലയിലെത്തിയപ്പോള്‍ ടോണിയെ തന്‍റെ ആശുപത്രിയില്‍ ഫിസിഷ്യനായി നിയമിച്ചു ജാസ്മിന്‍. അപ്പോയ്മെന്‍റ് ഓര്‍ഡര്‍ കൊടുത്തിട്ട് അവള്‍ പറഞ്ഞു:
“ഒരു നല്ല ഫിസിഷ്യനെ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍. ഇനി ഹോസ്പിറ്റല്‍ നമുക്കൊന്നു വിപുലീകരിക്കണം . എല്ലാറ്റിനും ടോണി മേല്‍നോട്ടം വഹിക്കണം. എന്‍റെ ഒരു സഹോദരന്‍റെ സ്ഥാനത്തുനിന്ന്.”
“ഷുവർ .” – ടോണി തലകുലുക്കി.
”ആവശ്യമുള്ള നഴ്സുമാരെയും ഡോക്ടർമാരെയും ടോണിക്ക് അപ്പോയിന്റ്‌ചെയ്യാം .പുതുതായി എക്വിപ്മെന്റ്സ് വല്ലതും വാങ്ങണമെങ്കിൽ അതുമാകാം . ആശുപത്രിയുടെ പൂർണമായ ചുമതല ഞാൻ ടോണിയെ ഏല്പിക്കുകയാണ് . ടോണിക്കാവുമ്പം കാര്യങ്ങൾ എല്ലാം അറിയാല്ലോ ”
”ഉം ” ടോണി തലകുലുക്കി.
”ഇന്ന് തന്നെ ചാർജ്ജ് എടുത്തോളൂ ”
”താങ്ക് യു മാഡം. ”
”മാഡമോ ? അതുവേണ്ട . ജാസ്മിൻ . അത് മതി..നമ്മൾ ഇപ്പോഴും ആ പഴയ അയൽക്കാർ തന്നെയാ ടോണി ”
”ഓക്കെ ”
ചിരിച്ചിട്ട് ടോണി മുറിവിട്ടിറങ്ങി.


ഒരു ദിവസം ജാസ്മിന്‍ ആഗ്നസിനോട് ചോദിച്ചു:
“ജീവിതകാലം മുഴുവന്‍ ടോണി ഇനി ഒറ്റയ്ക്കു കഴിഞ്ഞാല്‍ മതിയോ ആന്‍റീ” – ആഗ്നസ് മനസ്സിലാകാത്ത ഭാവത്തില്‍ നോക്കിയപ്പോള്‍ ജാസ്മിന്‍ തുടര്‍ന്നു:
“എന്തായാലും ആതിര ഇനി തിരിച്ചു വരില്ല. നിയമപരമായി ബന്ധവും വേർപെടുത്തി. കുടുംബം അന്യം നിന്നു പോകാതിരിക്കാന്‍ മറ്റൊരു വിവാഹത്തേക്കുറിച്ചു ചിന്തിച്ചൂടേ?”
“ഞാന്‍ ഒരുപാട് തവണ പറഞ്ഞതാ മോളേ. അവന്റെ ചെവിയിലേക്കതു കേറണ്ടേ. ” മേരിക്കുട്ടി കുറച്ചുകൂടി ചേർന്നിരുന്നിട്ടു തുടർന്നു : ”മോള്‍ക്കൊന്നു പറഞ്ഞു സമ്മതിപ്പിക്കാമോ? ഇപ്പഴത്തെ സാഹചര്യത്തിൽ മോള് പറഞ്ഞാൽ അവൻ കേൾക്കും.”
“നോക്കാം ആന്റി .”
അടുത്തദിവസം ജാസ്മിന്‍ ടോണിയെ തന്‍റെ ക്യബിനിലേക്കു വിളിപ്പിച്ചു. കല്യാണക്കാര്യം സംസാരിച്ചപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറി.
“ഞാന്‍ മനമാധാനത്തോടെ ജീവിക്കുന്നതു കണ്ടിട്ട് ഒട്ടും സഹിക്കുന്നില്ല അല്ലേ ?” – ചിരിച്ചുകൊണ്ടു ടോണി ചോദിച്ചു .
“എല്ലാ പെണ്ണുങ്ങളും ആതിരയേപ്പോലെയാവണമെന്നില്ല ടോണി. നല്ല സ്നേഹമുള്ള ഒരുപാട് പെണ്ണുങ്ങളുണ്ട് ഈ ഭൂമിയില്‍. പണമില്ലാത്തതിന്‍റെ പേരില്‍ കല്യാണം നടക്കാതെ കണ്ണീരൊഴുക്കി നില്‍ക്കുന്ന ഒരുപാട് പെണ്ണുങ്ങള്‍. അവരിലൊരാള്‍ക്ക് ഒരു ജീവിതം കൊടുത്താല്‍ അതൊരു പുണ്യകര്‍മ്മമല്ലേ ? ആലോചിച്ചു നോക്ക് “
ടോണി മിണ്ടിയില്ല.
“ഭാര്യ ..കുടുംബം… കുഞ്ഞുങ്ങൾ… ഇതൊക്കെ ഒരു സന്തോഷമല്ലേ ? ഒരു കുഞ്ഞിനെ താലോലിക്കാനും ലാളിക്കാനുമുള്ള മോഹം ടോണിക്കില്ലേ?”
ആ വാചകം ടോണിയുടെ ഹൃദയത്തെ പിടിച്ചു കുലുക്കി. തനിക്കു ഒരു കുഞ്ഞുണ്ടായപ്പോൾ അതിനെ കൊന്നു കളഞ്ഞവളാണ് ആതിര. അതോർക്കുമ്പോൾ ഇപ്പോഴും നെഞ്ചിൽ നിന്ന് ഒരു കയറ്റമാണ് . ടോണിയുടെ മുഖത്തെ ഭാവമാറ്റം ജാസ്മിന്‍ ശ്രദ്ധിച്ചു.
“ആന്‍റിക്കും അനുവിനും എന്തുമാത്രം ആഗ്രഹമുണ്ടെന്നറിയുവോ ടോണി കല്യാണം കഴിച്ചു കാണാന്‍.”
” ഇനിയും ഒരു കല്യാണത്തെക്കുറിച്ചു ഞാൻ ആലോചിച്ചിട്ടുപോലുമില്ല ”
” ഇനി ആലോചിക്കണം . ഇപ്പം എല്ലാം കലങ്ങി തെളിഞ്ഞില്ലേ ? മനസു നേരെയായില്ലേ ? ”
ടോണി മിണ്ടിയില്ല .
”ഇത്രയും കാലം ആഗ്‌നസ് ആന്റിയെ വേദനിപ്പിച്ചതല്ലേ . ഇനി ആന്റിക്ക് അല്പം സന്തോഷം കൊടുക്ക്. നല്ലൊരു പെണ്ണിനെ നമുക്ക് അന്വേഷിച്ചു കണ്ടു പിടിക്കാന്നേ ”
“എല്ലാവരുടെയും ആഗ്രഹം അതാണെങ്കില്‍ ആയികോട്ടെ . പറ്റിയ ഒരാളെ ജാസ് തന്നെ കണ്ടുപിടിച്ചോ.”
“നമുക്ക് ഒരുമിച്ചു കണ്ടു പിടിക്കാന്നേ… ”
“ഞാനൊരു കാര്യം ചോദിച്ചോട്ടെ ?”
”ഉം ”
“എന്നോടു കാണിക്കുന്ന ഈ സ്നേഹവും അടുപ്പവും കാണുമ്പം ജാസ്മിന്‍റെ ഹസ്ബന്‍റ് തെറ്റിദ്ധരിക്കില്ലേ?”
അതുകേട്ട് ജാസ്മിന്‍ ഉറക്കെ ചിരിച്ചു.
“ടോണി എന്താ എന്‍റെ ഹസ്ബന്‍റിനെക്കുറിച്ചു വിചാരിചിരിക്കുന്നേ ? ടോണിയെപ്പോലെ ഇടുങ്ങിയ ചിന്താഗതിക്കാരനും സംശയാലുവും ആണെന്നോ ? ടോണിക്കറിയുവോ, നമ്മള്‍ തമ്മിലുണ്ടായിരുന്ന പ്രണയരഹസ്യം മുഴുവന്‍ അറിഞ്ഞിട്ടാ ജയിംസ് എന്നെ കല്യാണം കഴിച്ചത്. ടോണിയോട് ഇപ്പം ഇതുപറയാൻ ഞാന്‍ വിളിച്ചു വരുത്തീതുപോലും ജയിംസിനോടാലോചിച്ചിട്ടാ. എന്‍റെ ഹൃദയം കാണാന്‍ എന്‍റെ ഹസ്ബന്റിനു കഴിയും. ടോണിക്കു കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് നന്നായിട്ട് . ഒന്നുമില്ലെങ്കിലും പത്തു പതിനാലു വർഷമായില്ലേ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ? എനിക്ക് ജെയിംസിനെയും ജെയിംസിന് എന്നെയും നന്നായി അറിയാം. മനസിലായോ? ”
ടോണിചമ്മിപ്പോയി. മുഖം താനെ കുനിഞ്ഞു പോയി.
“ശരി. പൊയ്‌ക്കോ .”
അനുമതി കിട്ടിയതും അയാള്‍ എണീറ്റു മുറിവിട്ടിറങ്ങി.
പിന്നീട് തിരക്കിട്ട് കല്യാണാലോചനയായിരുന്നു. ഒരുപാട് അന്വേഷണത്തിനുശേഷം ഒരു പെണ്ണിനെ കണ്ടെത്തി.
അനുപമ ജോസ്.
പഠിപ്പും ആരോഗ്യവും ഉണ്ടായിട്ടും സ്ത്രീധനം കൊടുക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ കല്യാണപ്രായം കഴിഞ്ഞു നിൽക്കുന്ന പാവപ്പെട്ട വീട്ടിലെ ഒരു പെണ്ണ്. ടോണിക്കും ഇഷ്ടമായി അവളെ.
നയാപൈസ സ്ത്രീധനം ആവശ്യപ്പെടാതെ ടോണി ആ കല്യാണത്തിനു സമ്മതം മൂളി. ഒരിക്കലും തന്റെ വിവാഹം നടക്കില്ലെന്നു വിചാരിച്ചു കണ്ണീരും കരച്ചിലുമായി കഴിഞ്ഞിരുന്ന അനുപമയുടെ മുഖത്തു ആദ്യമായി സന്തോഷത്തിന്റെ പൊൻവെട്ടം തെളിഞ്ഞു.
നിശ്ചിതദിവസം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സാന്നിദ്ധ്യത്തില്‍ ടോണി അനുപമയുടെ കഴുത്തില്‍ മിന്നു കെട്ടി . ആ രംഗം കണ്ടു നിന്നപ്പോള്‍ ജാസ്മിന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ഓര്‍ത്തു. ടോണിയുടെ ആദ്യ മിന്നുകെട്ടല്‍ കണ്ടുനിന്നപ്പോഴും തന്‍റെ മിഴികള്‍ നിറഞ്ഞിരുന്നു. അന്നതു സങ്കടത്തിന്‍റെ കണ്ണുനീരായിരുന്നെങ്കില്‍ ഇന്നത് സന്തോഷത്തിന് വഴിമാറി .
(അവസാനിച്ചു)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം43


About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here