കഥ ഇതുവരെ-
അയല്‍ക്കാരായ ടോണിയും ജാസ്മിനും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹബന്ധത്തിൽ കഴിഞ്ഞവരാണ്. കൗമാരപ്രായം മുതല്‍ ഇരുവരും പ്രണയബദ്ധരുമായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ പിന്നീട് ടോണി ജാസ്മിനെ കൈയൊഴിഞ്ഞു. ആ നിരാശയിൽ ജാസ്മിൻ ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടിൽ അവളെക്കുറിച്ചു അപവാദങ്ങൾ പെരുകിയതോടെ ജാസ്മിനും അമ്മയും വീടുവിറ്റ് ഹൈറേഞ്ചില്‍ കുറുക്കന്‍മല എന്ന ഗ്രാമത്തില്‍ താമസമാക്കി. എം ഡി ബിരുദമെടുത്തു ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച ടോണി ആതിര എന്ന പണക്കാരിയെ വിവാഹം കഴിച്ചു. ആതിരയുടെ നിര്‍ബന്ധം മൂലം തറവാടും പുരയിടവും വിറ്റിട്ട് പട്ടണത്തില്‍ പുതിയ വീടുവാങ്ങി താമസമാക്കി ടോണി. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ മനസ്സില്ലാമനസ്സോടെ അമ്മ ആഗ്നസും പെങ്ങൾ അനുവും ടോണിയുടെ കൂടെ താമസമാക്കി. തറവാടു വിറ്റു കിട്ടിയതില്‍ ടോണിയുടെ പെങ്ങള്‍ അനുവിന്‍റെ ഷെയര്‍ അവളുടെ പേരില്‍ ബാങ്കിലിടണമെന്ന് അമ്മ നിര്‍ബന്ധിച്ചെങ്കിലും ടോണി ചെവിക്കൊണ്ടില്ല. ആതിര ടോണിയുടെ അമ്മയെയും പെങ്ങളെയും തീര്‍ത്തും അവഗണിച്ചു.
കുറുക്കന്‍മലയിലെ ജയിംസ് എന്ന യുവാവ് ജാസ്മിനെ വിവാഹം കഴിച്ചു. ഇരുവരും ചേര്‍ന്നു നടത്തിയ ബിസിനസ് വന്‍വിജയമായി. രണ്ടു മക്കളെയും ദൈവം അവര്‍ക്കു കൊടുത്തു. പതിനാലു വർഷങ്ങള്ക്കുശേഷം ചിത്തിരപുരത്തെ അവരുടെ പഴയ തറവാട് ജാസ്മിന്‍ തിരികെ വാങ്ങി. ജാസ്മിനും കുടുംബാംഗങ്ങളും അവിടെ താമസമാക്കി. ചിത്തിരപുരത്ത് ജാസ്മിന്‍ ഒരു റെഡിമെയ്‌ഡ് വസ്ത്ര നിർമാണശാല തുടങ്ങി. അതിന്റെ മേൽനോട്ടം ജാസ്മിനായിരുന്നു. ഒരു നാള്‍ ടോണിയുടെ പെങ്ങള്‍ അനു അവളെ കാണാന്‍ അവളുടെ സ്ഥാപനത്തിൽ എത്തി. ആതിരയുമായി വഴക്കിട്ട് അമ്മയും അനുവും വാടകവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്നറിഞ്ഞപ്പോൾ ജാസ്മിനു സങ്കടം വന്നു. പന്ത്രണ്ടുവര്‍ഷമായിട്ട് ടോണിയെക്കുറിച്ച് ഒരറിവുമില്ല എന്നു അനു പറഞ്ഞപ്പോൾ ജാസ്മിന്‍ അദ്ഭുതപ്പെട്ടു. ജാസ്മിന്റെ വീട്ടിൽ അതിഥിയായി അനു അന്ന് അന്തിയുറങ്ങി. (തുടര്‍ന്നു വായിക്കുക)
ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് അനു എണീറ്റു കൈകഴുകി .കര്‍ച്ചീഫുകൊണ്ട് കണ്ണും മുഖവും തുടച്ചിട്ട് തിരിഞ്ഞു മേരിക്കുട്ടിയോടായി അവൾ പറഞ്ഞു:
“വന്ന കാര്യം നടന്നില്ലെങ്കിലും എല്ലാവരെയും ഒന്ന് കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. പോട്ടെ ആന്‍റീ? ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം ട്ടോ. ” നാലുപാടും നോക്കിയിട്ട് അവള്‍ ചോദിച്ചു: “ജാസേച്ചി എവിടെ? ജാസേച്ചിയോട് യാത്ര പറഞ്ഞില്ലല്ലോ “
ആ സമയം ഡ്രസ്സ് മാറി ജാസ്മിന്‍ ഡൈനിംഗ് റൂമിലേക്കു വന്നു. അനു അടുത്തേക്കു ചെന്നു അവളുടെ ഇരുകരങ്ങളും കൂട്ടി പിടിച്ചുകൊണ്ടു കൊണ്ട് പറഞ്ഞു:
“പോട്ടെ ചേച്ചി … യോഗം ഉണ്ടെങ്കില്‍ ഇനി എവിടെങ്കിലും വച്ച് വീണ്ടും കാണാം.”
പൊടുന്നനെ ഇടതുകൈകൊണ്ട് ചുറ്റി അവളെ തന്നിലേക്കു ചേര്‍ത്തു പിടിച്ചുകൊണ്ടു ജാസ്മിന്‍ പറഞ്ഞു:
“നീയെന്താ മോളേ എന്നേക്കുറിച്ചു വിചാരിച്ചേ? ഞാന്‍ നിന്നെ വെറും കയ്യോടെ തിരിച്ചയയ്ക്കുമെന്നോ? നീ എന്‍റെ കുഞ്ഞനിയത്തിയല്ലേ കൊച്ചേ . ഞാനും വര്വാ, നിന്‍റെ വീട്ടിലേക്ക്. എനിക്ക് ആഗ്നസ് ആന്‍റിയെ ഒന്നു കാണണം. എത്രകാലമായി ഞാൻ കാണാൻ ആഗ്രഹിക്കുന്നൂന്ന് അറിയുവോ? “
അനുവിന്‍റെ കണ്ണുകൾ വിടർന്നു . അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ .
ജാസ്മിന്‍ തുടർന്നു :
”നിനക്കറിയുമോ, ഇന്നലെ രാത്രി ഞാൻ ഉറങ്ങിയതേയില്ല. ആഗ്നസ് ആന്റി കൂലിപ്പണിചെയ്താ ഇപ്പം ജീവിക്കുന്നതെന്ന് കേട്ടപ്പം എന്റെ ചങ്കു തകർന്നുപോയി മോളെ . അതോർത്തപ്പം ഉറങ്ങാൻ കഴിഞ്ഞില്ല. എന്റമ്മയെപ്പോലെ തന്നെയല്ലേ എനിക്ക് ആഗ്‌നസ് ആന്റിയും ? ”
അനുവിന്റെ കണ്ണുകളില്‍നിന്ന് മിഴിനീര്‍ ഒഴുകുന്നതു കണ്ടപ്പോള്‍ അവർ പറഞ്ഞു.
“കരയരുത് . .ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല . വാ , നമുക്കു പോകാം.”
അവളുടെ കൈ പിടിച്ചുകൊണ്ട് ജാസ്മിന്‍ പുറത്തേക്കിറങ്ങി. പുറത്തു കാറില്‍ ചാരി ഡ്രൈവര്‍ പോകാന്‍ റെഡിയായി നില്‍പ്പുണ്ടായിരുന്നു .
കറങ്ങുന്ന കസേരയില്‍ ചാരി ഇരിക്കുമ്പോള്‍ അനു ഓര്‍ത്തു. ഒരു നിമിഷം കൊണ്ടല്ലേ തന്‍റെ ജീവിതം മാറിമറിഞ്ഞത്! ജാസേച്ചിക്ക് തന്നോട് ഇത്രയും സ്നേഹമുണ്ടെന്നു ഒരിക്കലും വിചാരിച്ചില്ല. ഒരു പ്യൂണിന്‍റെ ജോലിയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു വന്ന തനിക്കു ജാസേച്ചി തന്നത് ജാസേച്ചിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന വലിയ തസ്തിക. താമസിക്കാന്‍ നല്ലൊരു വീടും. എന്തൊരു ഭാഗ്യം!വാടക, വൈദ്യുതി ചാര്‍ജ്, ഒന്നും കൊടുക്കേണ്ടതില്ല . ഒക്കെ കമ്പനി വക സൗജന്യം.
കുടിലില്‍നിന്നു കൊട്ടാരത്തിലേക്കു താമസം മാറ്റിയതുപോലുള്ള അനുഭവമായിരുന്നു അവൾക്ക് .
അമ്മയുടെ കണ്ണീരിന് ഒടുവിൽ ദൈവം പ്രതിഫലം കൊടുത്തല്ലോ !
ഓഫിസിൽ പിടിപ്പതു ജോലിയൊന്നുമുണ്ടായിരുന്നില്ല അവൾക്ക്. എം.ഡിക്കു വരുന്ന ഫോണ്‍കോളുകള്‍ അറ്റന്‍ഡു ചെയ്യണം. കൈമാറേണ്ട കോളുകൾ എംഡിക്ക് കൈമാറണം. എംഡിയെ കാണാന്‍ വരുന്നവരെ സ്വീകരിച്ചിരുത്തി കാര്യങ്ങൾ തിരക്കണം. വി ഐ പി കളെ വേണ്ടരീതിയിൽ സൽക്കരിക്കണം. എംഡിക്കു വരുന്ന കത്തുകള്‍ പൊട്ടിച്ച് വായിച്ചിട്ട് എംഡി കാണേണ്ടവ കൈമാറണം. കമ്പ്യൂട്ടറില്‍ ലെറ്ററുകള്‍ ഡ്രാഫ്റ്റ് ചെയ്യണം. എംഡിയോടൊപ്പം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടൂര്‍ പോകണം. ഇത്രയൊക്കെയേ ജോലി എന്നുപറയാന്‍ ഉണ്ടായിരുന്നുള്ളു.
സ്ഥാപനത്തിലെ പഴയ ജീവനക്കാർക്ക് അവളോട് അസൂയ തോന്നി. ജാസ്മിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് ഇന്നലെ കയറിവന്ന ആ പെണ്ണ് എന്നവർ അടക്കം പറഞ്ഞു .
ജീവനക്കാര്‍ തെല്ലു ഭയത്തോടെയും ബഹുമാനത്തോടെയുമാണ് അനുവിനെ കണ്ടിരുന്നത് .
ഒരു മാസംകൊണ്ട് അനുവിന്‍റെ ശരീരം പുഷ്ടിപ്പെട്ടു. കണ്ണുകളുടെ തിളക്കവും മുഖത്തിന്‍റെ ശോഭയും തിരികെയെത്തി .
കണ്ണാടിയിലേക്ക് നോക്കിയ അനു അദ്ഭുതപ്പെട്ടുപോയി. നഷ്ടപ്പെട്ടു പോയ പഴയ സൗന്ദര്യം തിരിച്ചെത്തിയിരിക്കുന്നു . മുഖത്തെ ചുളിവുകളെല്ലാം മാറി തിളക്കം വർധിച്ചിരിക്കുന്നു . .
മനസിലെ വേദനയും വിഷമവും മാറിയപ്പോള്‍ ശരീരത്തിലും അതു പ്രതിഫലിച്ചു.
ആദ്യത്തെ ശമ്പളം കൈയില്‍ കിട്ടിയപ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞുതുളുമ്പി.
ഇരുപത്തിഅയ്യായിരം രൂപ! അത്രയും ശമ്പളം അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു .
ജാസ്മിനാണ് ശമ്പളം കൊടുത്തത്. രണ്ടുകൈയും നീട്ടി അവളതു സ്വീകരിച്ചു.
പണം കൊടുത്തിട്ട് ജാസ്മിന്‍ ചോദിച്ചു :
”സന്തോഷമായോ ?”
”ഒരുപാട് ഒരുപാട് ”
“ആദ്യത്തെ ശമ്പളമല്ലേ, ഇതമ്മയുടെ കൈയില്‍ കൊണ്ടുപോയി കൊടുക്കണം.”
“തീര്‍ച്ചയായും…”
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, കിട്ടിയ ശമ്പളം മുഴുവൻ അവള്‍ അമ്മയുടെ കൈയില്‍ ഏൽപ്പിച്ചു.
ആഗ്നസിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
“നമ്മുടെ ഭാഗ്യംകൊണ്ടാണ് മോളെ, ജാസ്മിന്‍ കൊച്ച് ഇവിടെ വരാനും ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാനും ഇടയായത്. ഇല്ലെങ്കില്‍ നമ്മള് വല്ല അഗതിമന്ദിരത്തിലും കിടന്നേനെ ഇപ്പം .”
”ജാസേച്ചിക്ക് ഇത്രയും സ്നേഹമുണ്ടെന്നു ഞാൻ വിചാരിച്ചില്ലമ്മേ . ഒരുപക്ഷേ, നമ്മുടെ കഷ്ടകാലം തീര്‍ന്ന് നല്ലകാലം തുടങ്ങിയതാവും.”
അനു പ്രതിവചിച്ചു.
ആദ്യത്തെ ശമ്പളംകൊണ്ട് അമ്മയ്ക്കും അവള്‍ക്കും കുറേ വസ്ത്രങ്ങള്‍ വാങ്ങി. പിന്നെ, വീട്ടിലേക്കുവേണ്ട അത്യാവശ്യ സാധനങ്ങളും .
പിറ്റേന്ന് വീട്ടില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കിയിട്ട് അവള്‍ ജാസ്മിനെയും കുടുംബാംഗങ്ങളെയും അത്താഴത്തിനു ക്ഷണിച്ചു.
ക്ഷണം നിരസിച്ചില്ല ജാസ്മിൻ. കൃത്യസമയത്തു തന്നെ കുടുംബസമേതം അവർ അനുവിന്‍റെ വീട്ടില്‍ എത്തി .
തമാശകള്‍ പറഞ്ഞും വിശേഷങ്ങള്‍ പങ്കിട്ടും ഏറെനേരം ചെലവഴിച്ചു.
ജാസ്മിന്‍റെ ഭര്‍ത്താവ് ജയിംസ് സ്നേഹസമ്പന്നനാണെന്ന് അനുവിനു മനസിലായി. ഹൃദ്യമായ പെരുമാറ്റവും സംസാരവും . ജാസേച്ചിക്ക് യോജിച്ച ഹസ്ബൻഡ് തന്നെ. പണത്തിന്‍റെ അഹങ്കാരമോ തലക്കനമോ ഒന്നും ഇല്ല.
കുശലാന്വേഷണത്തിനിടയിൽ ജയിംസ് പറഞ്ഞു:
“അനുവിന്‍റെയും ആഗ്നസ് ആന്‍റിയുടെയും കാര്യം ഇവള്‍ എപ്പഴും എന്നോട് പറയുമായിരുന്നു. കാണാൻ കൊതിയാവുന്നു കൊതിയാവുന്നൂന്ന് .”
“വീണ്ടും കണ്ടുമുട്ടാന്‍ പറ്റിയത് ഞങ്ങടെ ഭാഗ്യമായി.”
ആഗ്‌നസ് അനുവിനെ നോക്കിയിട്ടു തുടർന്നു :
“ഇവളോട് കാണാന്‍ പോകാന്‍ പറഞ്ഞപ്പം ഇവള്‍ക്ക് മടിയായിരുന്നു.”
“വലിയ പണക്കാരായപ്പം ഞങ്ങളൊയൊക്കെ മൈൻഡ് ചെയ്യുമൊന്ന് പേടിയുണ്ടായിരുന്നു എനിക്ക് …”
ചിരിച്ചുകൊണ്ട് അനു പറഞ്ഞു.
“ആരെയൊക്കെ മറന്നാലും ആഗ്നസ് ആന്‍റിയെയും അനുവിനെയും എനിക്ക് മറക്കാന്‍ പറ്റുമോ? ഓര്‍മവച്ച നാള്‍മുതല്‍ കാണാന്‍ തുടങ്ങിയ മുഖമല്ലേ ? .”
ജാസ്മിന്‍ രണ്ടുപേരെയും മാറിമാറി നോക്കി.
“ടോണി ഇപ്പം എവിടുണ്ടെന്ന് അറിയില്ലേ?”
ജയിംസ് ചോദിച്ചു.
“ഇല്ല. അവന്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നാര്‍ക്കറിയാം. ആ പിശാചവനെ കൊണ്ടുപോയി കൊന്നുകളഞ്ഞുകാണുമായിരിക്കും. ഇല്ലെങ്കിൽ ഞങ്ങളെ അന്വേഷിച്ചു വരില്ലായിരുന്നോ ”
ടോണിയുടെ ഭാര്യ ആതിരയെക്കുറിച്ചാണ് ആഗ്നസ് പറഞ്ഞതെന്നു മനസിലായി .
“ഒക്കെ നേരെയാവും ആന്‍റീ.”
ജാസ്മിന്‍ സമാധാനിപ്പിച്ചു.
ഒരു ദിവസം ജാസ്മിന്‍ അനുവിനെ തന്‍റെ ക്യാബിനിലേക്ക് വിളിച്ചിട്ടു പറഞ്ഞു:
“ചിത്തിരപുരത്തെ പഴയ തറവാടും പറമ്പും തിരിച്ചുകിട്ടിയാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹമുണ്ടോ?”
“ഒരുപാട് ആഗ്രഹമുണ്ട് ചേച്ചി . എനിക്ക് മാത്രമല്ല, അമ്മയ്ക്കും.”
ഒരു നെടുവീര്‍പ്പിട്ടിട്ട് അനു തുടര്‍ന്നു: “അമ്മയ്ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു അതു വില്ക്കാന്‍. അമ്മ അറിയാതെ ചേട്ടായി വിറ്റതാ …. ങ്ഹ… കഴിഞ്ഞതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യം. എല്ലാം കൈവിട്ടുപോയില്ലേ?”
അനുവിന്‍റെ സ്വരം പതറി .
“കൈവിട്ടുപോയതൊക്കെ നമുക്ക് തിരിച്ചുപിടിക്കണം മോളെ.” ജാസ്മിന്‍ തുടര്‍ന്നു: “ആ വീടും പുരയിടവും വില്ക്കാന്‍ പോകയാണെന്നു ഞാന്‍ കേട്ടു. നമുക്കതങ്ങ് വാങ്ങിയാലോ ?”
“കയ്യിൽ കാശുണ്ടെങ്കിലല്ലേ വാങ്ങാൻ പറ്റൂ ചേച്ചി ? എന്റെ കയ്യിൽ ഒന്നുമില്ല “
“കാശ് ഞാൻ ഉണ്ടാക്കി തരാം. ലോൺ കിട്ടാൻ എനിക്ക് ബുദ്ധിമുട്ടുണ്ടാവില്ല. നിന്റെ ശമ്പളത്തീന്നു കുറേശ്ശെ തിരിച്ചടച്ചാൽ മതി “
”എങ്കിൽ വല്യ ഉപകാരമായിരിക്കും”
” നിന്നെ ഞാൻ അയൽക്കാരിയായിട്ടല്ല , എന്റെ കുഞ്ഞനിയത്തിയായിട്ടാ കാണുന്നത്”
“ഈ സ്നേഹം കാണുമ്പം എന്‍റെ കണ്ണുനിറയുകയാ ചേച്ചി “
”സ്നേഹം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതമാ മോളെ . ബന്ധങ്ങളൊക്കെ ശക്തിപ്പെടുന്നത് സ്നേഹത്തിലൂടെയല്ലേ. ശരി . നീ പോയി നിന്റെ ജോലി ചെയ്തോ ”
അനു പിന്നീടൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. അവളുടെ റൂമിലേക്ക് മടങ്ങി .
ചിത്തിരപുരത്തെ, അനുവിന്‍റെ പഴയ തറവാടും പുരയിടവും വാങ്ങാന്‍ ജാസ്മിൻ ആളെ ഏര്‍പ്പാടാക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ വീടും സ്ഥലവും തീറെഴുതി വാങ്ങി.
ആഗ്നസിന്‍റെ പേരിലാണ് ആധാരമെഴുതിയത്.
നഷ്ടപ്പെട്ടുപോയ മണ്ണ് തിരികെ കിട്ടിയപ്പോള്‍ ആഗ്നസിന്‍റെ കണ്ണ് നിറഞ്ഞുതുളുമ്പി.
വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് ആഗ്നസും അനുവും അങ്ങോട്ട് താമസം മാറ്റി. മുറി തൂത്തു വൃത്തിയാക്കുന്നതിനിടയില്‍ ആഗ്നസ് പറഞ്ഞു.
“ന്‍റെ മോളുടെ കല്യാണം കൂടി ഒന്നു നടന്നുകണ്ടാല്‍ എനിക്കു സന്തോഷമായി.”
“ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ പിന്നെ അമ്മയ്ക്ക് ആരാ ഉള്ളത്? ഒന്നും വേണ്ടമ്മേ. പട്ടിണി കൂടാതെ ഇങ്ങനെയങ്ങു ജീവിച്ചുപോയാൽ മതി നമുക്ക്. മരിക്കുമ്പം ഒന്നിച്ചു മരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം “
“അവനിപ്പം എവിടുണ്ടാകും മോളെ?”
അമ്മ ടോണിയെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് മനസിലായി.
“അമ്മയ്ക്ക് കാണണമെന്ന് ആഗ്രഹമുണ്ടോ?”
“പിന്നില്ലേ ?എന്തൊക്കെയായാലും എന്റെ വയറ്റിൽ പിറന്ന കൊച്ചല്ലേ”
ആഗ്നസ് നെടുവീര്‍പ്പിട്ടു.
“ആതിരേച്ചി വന്നു കയറിയതോടെയാണ് നമ്മുടെ ദുരിതങ്ങളൊക്കെ തുടങ്ങിയത്.”
”അതെ .. വല്യവീട്ടിന്ന് ഒരു കല്യാണം വേണ്ടായിരുന്നു . കൊക്കിലൊതുങ്ങുന്നതേ കൊത്താവൂന്ന് പറയുന്നത് എത്ര ശരിയാ ”
”ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലമ്മേ .വന്നത് വന്നു , പോയത് പോയി. ”
അങ്ങനെ പറഞ്ഞിട്ട് അവൾ കുളിക്കാനായി ബാത്ത് റൂമിലേക്ക് പോയി .
ഒരു ഞായറാഴ്ച പള്ളിയില്‍ പോയി മടങ്ങും വഴി ജാസ്മിന്‍ അനുവിനോടു പറഞ്ഞു:
“ജീവിതകാലം മുഴുവൻ നീ ഇങ്ങനെ ഒറ്റയ്ക്കു കഴിഞ്ഞാല്‍ മതിയോ? നിനക്കും വേണ്ടേ ഒരു കുടുംബജീവിതം?”
“മനസ്സില്‍ മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ കൊണ്ടുനടന്ന ഒരു കാലമുണ്ടായിരുന്നു ചേച്ചീ എനിക്ക്. മനസീന്ന് അതെല്ലാം പടിയിറങ്ങിപ്പോയി. ഈ വയസാംകാലത്ത് ഇനി അങ്ങനെയുള്ള ആഗ്രഹങ്ങളൊന്നും മനസിൽ സൂക്ഷിക്കാൻ പാടില്ലല്ലോ .”
“നിനക്ക് പ്രായം ഒരുപാട് കൂടിപ്പോയിട്ടൊന്നുമില്ല. കാഴ്ചയില്‍ ഒരു മുപ്പത് മുപ്പത്തിരണ്ടു വയസ്സേ തോന്നിക്കൂ.”
” അതൊക്കെ എന്നെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ? ”
”അല്ല. ഞാൻ കാര്യായിട്ട് പറഞ്ഞതാ ”
“കാശില്ലാത്തവര്‍ കല്യാണത്തേക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതല്ലേ ചേച്ചീ നല്ലത്? സ്ത്രീധനം കൊടുക്കാതെ ആരാ വന്നു കെട്ടിക്കൊണ്ടു പോകുക ?”
”എന്റെ കല്യാണം നടന്നത് സ്ത്രീധനം കൊടുത്തല്ലല്ലോ ?”
”അത് ചേച്ചീടെ ഭാഗ്യം. ആ ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ല ”
“സ്ത്രീധനം ആഗ്രഹിക്കാത്ത, സുന്ദരനും സല്‍സ്വഭാവിയും വിദ്യാസമ്പന്നനുമായ ഒരാള്‍ നിന്നെ കല്യാണം കഴിക്കാന്‍ തയ്യാറായി വന്നാല്‍ നീ സമ്മതം മൂളുമോ?”
“സ്വഭാവം നല്ലതാണെങ്കിൽ തീർച്ചയായും സമ്മതം മൂളും ”
.”എങ്കിൽ അങ്ങനെ ഒരാളുണ്ട് നമ്മുടെ സ്ഥാപനത്തിൽ ”
”ആരാ ചേച്ചീ ”
”ആളെ നീ അറിയും ”
”ആരാന്നു പറ ചേച്ചി ”
”നിന്നെ അയാള്‍ക്കിഷ്ടമാ. അതെന്നോടു സൂചിപ്പിച്ചു. പ്രായംകൊണ്ടും നിങ്ങളു തമ്മില്‍ ചേരും. കല്യാണം കഴിക്കുന്നില്ലാന്നു പറഞ്ഞിരിക്കുവായിരുന്നു അയാള് ഇത്രകാലവും. ഒരു പക്ഷേ ദൈവം നിനക്കുവേണ്ടി കാത്തുസൂക്ഷിച്ചു വച്ചതാകും.”
“സസ്പെന്‍സിടാതെ ആരാന്നു പറ ചേച്ചീ.”
“നിന്നോട് എപ്പഴും സംസാരിക്കുന്ന, തമാശ പറയുന്ന, എപ്പഴും മുഖത്തു ചിരിയുള്ള ഒരാളാ.”
“മാത്യൂസ് സാര്‍?”
“യേസ്. മാനേജര്‍ മാത്യുസ് തന്നെ.”
“സാറിനെന്നെ ഇഷ്ടമാണെന്നു പറഞ്ഞോ?”
“സംസാരത്തിലൂടെ അതു സൂചിപ്പിച്ചു. ഒരു ദിവസം ഞാന്‍ നേരിട്ടു ചോദിച്ചു. അപ്പം അയാളു പറഞ്ഞതെന്താന്നറിയ്വോ? രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല് എന്ന്. ”
”എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ചേച്ചി”
”നമുക്ക് കാര്യങ്ങൾ നേരിട്ട് ചോദിക്കാം . എനിക്കറിയാവുന്നിടത്തോളം ഡീസന്‍റ് ചെറുപ്പക്കാരനാ. വെരി ഇന്‍റലിജന്‍റ് ആന്‍ഡ് എഫിഷ്യന്‍റ്. ദൈവം നിനക്കുവേണ്ടി കാത്തു വച്ചിരുന്നതാകും ഇത്രകാലവും .”
“എനിക്കിഷ്ടാ ചേച്ചീ. ഒരുപാട് ഒരുപാട് ഇഷ്ടമാ.”
”ഒരുപാട് കഷ്ടപ്പെട്ടില്ലേ നീ . ഇനി സന്തോഷിക്കാനായിരിക്കും ദൈവ നിശ്ചയം ”
അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അനുവിന്‍റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയി. മാത്യൂസ് തന്‍റെ കഴുത്തില്‍ മിന്നുകെട്ടുന്നതും മധുവിധുനാളുകളിലെ മധുരാനുഭവങ്ങളുമൊക്കെ മനസില്‍ സങ്കല്പിച്ച് അവള്‍ സ്വപ്നലോകത്ത് പറന്നുനടന്നു.
ആഗ്നസിനും വലിയ സന്തോഷമായിരുന്നു. മകള്‍ക്കു നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ പോകുന്നല്ലോ എന്ന ആഹ്ലാദം.
ആലോചന മുറുകി .
വിവാഹം ഉറപ്പിച്ചു .
മനസമ്മതം കഴിഞ്ഞതോടെ അനു കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു . കല്യാണത്തിന് ക്ഷണിക്കേണ്ടവരെ എല്ലാം അവൾ ക്ഷണിച്ചു. സ്ഥാപനത്തിലെ ജീവനക്കാരെ ഓരോരുത്തരെയും നേരിട്ട് കണ്ടു ക്ഷണിച്ചു. ചിരിച്ചുകൊണ്ട് ഭാവുകങ്ങൾ നേരുമ്പോഴും ഉള്ളിൽ പലർക്കും അവളോട് കുശുമ്പായിരുന്നു.
കല്യാണത്തിന്റെ തലേന്ന് ജാസ്മിന് ഒരു ഫോണ്‍കോള്‍. ഫോണിലൂടെ കേട്ട വാർത്ത ജാസ്മിനെ അക്ഷരാർത്ഥത്തിൽ തളർത്തി. ഫോൺ മേശയിലേക്കു വച്ചിട്ട് സീറ്റിലേക്ക് ചാരി അവൾ കണ്ണടച്ചു. കൺപീലിക്കിടയിലൂടെ ഒരുതുള്ളി കണ്ണീർ പുറത്തേക്കു വന്നു.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39














































