ഡോക്ടര്‍ ജയപ്രകാശിന്റെ ഫോൺ കോളായിരുന്നു അത്. ജാസ്മിന്‍റെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലിലെ ഡോക്ടറാണ് ജയപ്രകാശ്.
ഒരു വാഹനാപകടത്തിൽപ്പെട്ട് പരിക്കുകളോടെ ഡോക്ടര്‍ ടോണിയെ ബംഗളൂരുവിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്നുവെന്നാണ് ഡോക്ടർ ജയപ്രകാശ് വിളിച്ചറിയിച്ചത്! ആള്‍ ഇപ്പോൾ അബോധാവസ്ഥയിലാണ്. സ്ഥിതി ഗുരുതരമാണത്രേ ! .
ജാസ്മിൻ മേശപ്പുറത്തുനിന്നു ഫോൺ എടുത്തു ജയപ്രകാശിനെ തിരിച്ചു വിളിച്ചിട്ടു ചോദിച്ചു:
” നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ടോണി തന്നെയാണതെന്ന് ഡോക്ടർക്ക് ഉറപ്പുണ്ടോ ?”
”ആണെന്നാണ് ഞാൻ അറിഞ്ഞത് . ബംഗളൂരുവിലെ ഒരു മലയാളി ഡോക്ടറാണ് എന്നെ വിളിച്ച് പറഞ്ഞത് . ടോണിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മാഡം എന്നോട് പറഞ്ഞിരുന്നല്ലോ. അതുകൊണ്ടു ഞാൻ എന്റെ സുഹൃത്തുക്കളോടെല്ലാം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ”
”അപകടത്തിൽപ്പെട്ട ആളുടെ ഫോട്ടോ എന്റെ വാട്ട് സ് ആപ്പിൽ ഒന്ന് അയച്ചുതരാൻ പറയുമോ ?”
”ഷുവർ. ഞാനിപ്പ തന്നെ വിളിച്ചുപറയാം. ”
ഫോൺ കട്ടായി.
വൈകാതെ ജാസ്മിന്റെ ഫോണിൽ അപകടത്തിൽപ്പെട്ട ആളുടെ ഫോട്ടോ എത്തി. അത് ആഗ്നസിന്റെ മകൻ ടോണി ഐസക് തന്നെയായിരുന്നു.
ജാസ്മിൻ വീണ്ടും ഡോക്ടർ ജയപ്രകാശിനെ വിളിച്ചിട്ടു പറഞ്ഞു :
“ശരിയാ ഡോക്ടര്‍. നമ്മള്‍ അന്വേഷിച്ചുകൊണ്ടിരുന്ന ടോണി തന്നെയാണ് അത്. ഡോക്ടര്‍ ഉടനെ ആശുപത്രിയുമായി ബന്ധപ്പെട്ടിട്ട് അയാളുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ കരുതലും എടുക്കണം. അതിന് എത്ര പണം മുടക്കിയാലും വേണ്ടില്ല. പറ്റുമെങ്കില്‍ ഡോക്ടർ നേരിട്ടു പോയി എല്ലാം ചെയ്യുക.”
“ഷുവര്‍. ഞാനുടനെ പുറപ്പെടാം മാഡം.”
” ഏറ്റവും നല്ല ട്രീറ്റ്‌മെന്റ് കൊടുക്കാൻ നോക്കണം. ”
” ഓഫ്‌കോഴ്‌സ് . ഞാൻ ഇപ്പത്തന്നെ വിളിച്ചു പറയാം. ”
കോള്‍ കട്ട് ചെയ്തിട്ടു കസേരയിലേക്കു ചാരി ജാസ്മിന്‍ കണ്ണടച്ചു .
ദൈവമേ, ഈ വാര്‍ത്ത എങ്ങനെ ആഗ്നസ് ആന്‍റിയെയും അനുവിനെയും അറിയിക്കും? നാളെ അനുവിന്‍റെ വിവാഹമാണ്. കല്യാണം കഴിഞ്ഞു വീട്ടിലേക്കു വരുമ്പോള്‍ സഹോദരന്‍റെ ചേതനയറ്റ ശരീരമായിരിക്കുമോ അവള്‍ക്കു കാണേണ്ടി വരിക? കണ്ണീരോടെയായിരിക്കുമോ അവളുടെ ആദ്യരാത്രി? അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ ഭർത്താവിന്റെ മാറിലേക്ക് വീഴുന്നത് അവളുടെ മിഴിനീർ ആയിരിക്കുമോ ?
ഒരു ദീർഘശ്വാസം വിട്ടിട്ട് ജാസ്മിൻ എണീറ്റ് പുറത്തേക്കിറങ്ങി. കാറെടുത്തു നേരെ അനുവിന്‍റെ വീട്ടിലേക്കു പുറപ്പെട്ടു.
മന്ത്രകോടിയും സ്വര്‍ണ്ണാഭരണങ്ങളുമൊക്കെ കൂട്ടുകാരെ കാണിച്ച് ചിരിച്ചുകളിച്ചിരിക്കുകയായിരുന്നു അനു. ജാസ്മിനെ കണ്ടതും അവള്‍ പറഞ്ഞു.
“ഞാൻ ചേച്ചീടെ കാര്യം ഇപ്പം ഓര്‍ത്തേയുള്ളൂ. ആ കല്യാണക്കുറി എവിടാ വച്ചിരിക്കുന്നേ? നാളെ പള്ളീല്‍ ചെല്ലുമ്പം അച്ചന്‍ അതായിരിക്കും ആദ്യം ചോദിക്കുക.”
“നീ അതൊന്നും ഓർത്തു ടെൻഷനടിക്കണ്ടാ . അതെല്ലാം ഞാന്‍ മറക്കാതെ എടുത്തോളാം. ”
“മന്ത്രകോടീം സാരീം ഒക്കെ എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടായി കേട്ടോ ജാസേച്ചി. ജാസേച്ചിയുടെ സെലക്ഷ ൻ ഉഗ്രൻ ആയീന്ന് എല്ലാരും പറഞ്ഞു. ”
‘ഉം” തലകുലുക്കിയതല്ലാതെ കൂടുതൽ ഒന്നും പറഞ്ഞില്ല ജാസ്മിൻ .
“കല്യാണത്തിന് ചേട്ടായീം കൂടി ഉണ്ടായിരുന്നെങ്കില്‍ എത്ര സന്തോഷമായിരുന്നേനേന്ന് ഞാനിപ്പം ഓര്‍ക്ക്വാ.”
“ഇപ്പം അതൊന്നും ഓർക്കാനുള്ള സമയമല്ല. കല്യാണം ഭംഗിയായി നടക്കാൻ വേണ്ടി പ്രാർത്ഥിക്ക് .” ജാസ്മിൻ പറഞ്ഞു.
തല്‍ക്കാലം ടോണിയുടെ സ്ഥിതി അവളെ അറിയിക്കേണ്ടെന്നു ജാസ്മിന്‍ തീരുമാനിച്ചു. സന്തോഷവും സമാധാനവും നിറഞ്ഞ മനസോടെ വേണം അവൾ നാളെ പള്ളിയിലേക്ക് പോകാൻ. അവളുടെ കണ്ണീര്‍ പള്ളിക്കകത്തു വീഴാന്‍ പാടില്ല.
ടോണിക്ക് ആയുസ്സ് നീട്ടിക്കൊടുക്കണേ ദൈവമേ എന്ന് അവള്‍ മൗനമായി പ്രാര്‍ത്ഥിച്ചു.
രാത്രി ഒട്ടും ഉറക്കം വന്നില്ല ജാസ്മിന് . നേരം പുലരുന്നതിനുമുമ്പ് ടോണി മരിച്ചാല്‍? ആ മൃതദേഹം ആഗ്നസ് ആന്‍റിയുടെ വീട്ടിലേക്കു കൊണ്ടുവരേണ്ടേ? മകളുടെ കല്യാണദിവസം തന്നെ മകന്‍റെ ശവസംസ്കാരവും നടത്തേണ്ട ദുര്‍വിധിയുണ്ടാകുമോ ആന്‍റിക്ക്? അങ്ങനെയൊന്നും സംഭവിക്കരുതേ ദൈവമേ !
പുലര്‍ച്ചെ എണീറ്റ് അവള്‍ ഡോക്ടര്‍ ജയപ്രകാശിനെ വിളിച്ചു.
” സര്‍ജറി കഴിഞ്ഞു മാഡം . ബോധം വീണിട്ടില്ല. ആള് ഇപ്പഴും ക്രിട്ടിക്കല്‍ സ്റ്റേജില്‍തന്നെയാണ് .”
”മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണോ? ”
” മാറ്റാൻ പറ്റാവുന്ന ഒരു സ്റ്റേജിലല്ല ആളിപ്പം . അതിന്റെ ആവശ്യം ഉണ്ടെന്നും തോന്നുന്നില്ല. നല്ല ആശുപത്രിയാണ് ഇത് ”
“ഏറ്റവും നല്ല ട്രീറ്റ്മെന്‍റ് കൊടുക്കാന്‍ ഡോക്ടർ ശ്രദ്ധിച്ചോണം. എല്ലാം ഞാന്‍ ജയപ്രകാശിനെ ഏല്പിക്കുവാ.”
“ഞാന്‍ നോക്കിക്കോളാം മാഡം. എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഇവിടെ ഉണ്ട് ”
”ശരി. ”
കോള്‍ കട്ടു ചെയ്തിട്ട് ജാസ്മിന്‍ എണീറ്റ് വാഷ്ബേസിനിൽ പോയി കണ്ണും മുഖവും കഴുകി.
അനുവിന്റെ കല്യാണം കഴിയുന്നതിനുമുൻപെങ്ങാനും ടോണി മരിച്ചാൽ ആഗ്നസ് ആന്‍റി തന്നെ കുറ്റപ്പെടുത്തില്ലേ? അവസാനമായി ജീവനോടെ ഒന്നു കാണാനുള്ള അവസരം പോലും നിഷേധിച്ചു എന്നു പറഞ്ഞു ശപിക്കില്ലേ?
എന്തു ചെയ്യണമെന്നറിയാതെ ജാസ്മിന്‍ ധര്‍മസങ്കടത്തിലായി.
ഏറെ ആലോചിച്ചശേഷം അവള്‍ ഒരു തീരുമാനത്തിലെത്തി.
തല്‍ക്കാലം ഒന്നും അറിയിക്കണ്ട. ശപിച്ചാൽ ശപിക്കട്ടെ . ഈ വിവാഹം ഇനി മാറ്റിവയ്ക്കാന്‍ പറ്റില്ല.
പതിനൊന്നുമണിക്കാണ് അനുവിന്‍റെ വിവാഹം.
കുളിച്ചൊരുങ്ങി രാവിലെ തന്നെ ജാസ്മിൻ അനുവിന്റെ വീട്ടിലേക്കു പുറപ്പെട്ടു . ഭർത്താവും മക്കളും മേരിക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നു .
കല്യാണ വീട് ആഹ്ലാദാരവങ്ങൾ കൊണ്ട് മുഖരിതമായിരുന്നു . അനുവിനെ അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു ബ്യുട്ടീഷൻ. ഓരോരോ കമന്റുകൾ പറഞ്ഞുകൊണ്ട് തൊട്ടടുത്തു കൂട്ടുകാരികൾ. ആ സമയത്താണ് ജാസ്മിൻ അങ്ങോട്ട് കയറിച്ചെന്നത് .
”ങ്ഹാ ജാസേച്ചി വന്നോ. കണ്ടില്ലല്ലോന്ന് ഓർത്തിരിക്കുകയായിരുന്നു ഞാൻ. മേക്കപ്പ് ഇത്രയൊക്കെ മതിയോ ചേച്ചി? ”
”മതി മോളെ . എല്ലാം ഭംഗിയായിട്ടുണ്ട് .വേഗം റെഡിയാക് . കൃത്യ സമയത്തു തന്നെ പള്ളിയിൽ എത്തണം ”
ജാസ്മിൻ വെളിയിലേക്കിറങ്ങി.
മാത്യൂസിന്‍റെ ഇടവകപ്പള്ളിയിലാണ് വിവാഹം . പത്തുമണിയായപ്പോള്‍ എല്ലാവരും പള്ളിയിലേക്കു പുറപ്പെട്ടു.
കൃത്യസമയത്തുതന്നെ ചടങ്ങ് ആരംഭിച്ചു . അനുവിന്‍റെ കഴുത്തില്‍ മാത്യുസ് താലി കെട്ടുന്നത് ജാസ്മിന്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അവളുടെ കണ്ണുകള്‍ സന്തോഷാധിക്യത്താല്‍ നിറഞ്ഞു.
വിശുദ്ധകുര്‍ബാന കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ സദ്യ.
ഫോട്ടോ എടുക്കാനും ആശംസകൾ നേരാനും ആളുകളുടെ തിരക്ക്. ജാസ്മിൻ ഓടിനടന്ന് എല്ലാറ്റിനും നേതൃത്വം നൽകി. അനു അങ്ങേയറ്റം സന്തോഷത്തിലായിരുന്നു. അപ്രതീക്ഷിതമായി ഒരു ലോട്ടറി അടിച്ചതുപോലെയല്ലേ തനിക്കു കിട്ടിയ ഈ സൗഭാഗ്യം എന്ന് അവൾ ഓർത്തു. ആശംസകൾ നേരാൻ വന്ന കൂട്ടുകാരികൾ തെല്ലു അസൂയയോടെയാണ് അവൾക്കു ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ട് പോയത്.
ആഗ്നസും നിറഞ്ഞ ഹൃദയത്തോടെ ഓടിനടക്കുകയായിരുന്നു. മകൾക്കു നല്ലൊരു വിവാഹബന്ധം കിട്ടിയല്ലോ എന്ന സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
എല്ലാം കഴിഞ്ഞ്, അനുവിനെ ഭര്‍ത്തൃവീട്ടില്‍ കൊണ്ടാക്കിയിട്ട് ജാസ്മിനും കുടുംബാംഗങ്ങളും മടങ്ങി.
മടക്കയാത്രയില്‍ ജാസ്മിന്‍റെ കാറില്‍ തൊട്ടടുത്തായിരുന്നു ആഗ്നസ് ഇരുന്നത്. ഇടയ്ക്ക് ആഗ്നസ് ഏങ്ങലടിക്കുന്നതു കേട്ടപ്പോള്‍ ജാസ്മിന്‍ മുഖം തിരിച്ചു നോക്കി.
“കല്യാണം ഭംഗിയായി നടന്നില്ലേ ആന്‍റീ. പിന്നെന്തിനാ കരയുന്നേ?”
“ഞാന്‍ ടോണിയെക്കുറിച്ചോര്‍ത്തു കരഞ്ഞുപോയതാ മോളെ. അവനും കൂടിയുണ്ടായിരുന്നെങ്കില്‍ എന്തു സന്തോഷമായിരുന്നു ഈ കല്യാണം?”
ജാസ്മിന്‍റെ ഉള്ളൊന്നു പിടഞ്ഞു.
ടോണി ആശുപത്രിയിലാണെന്ന സത്യം വെളിപ്പെടുത്തണോ ? ഒരു നിമിഷം അവർ ആലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. എന്തിന് ആന്‍റിയുടെ സന്തോഷം ഈ സമയത്തു തല്ലിക്കെടുത്തണം .
“എത്ര വര്‍ഷമായി ന്‍റെ മോന്‍റെ മുഖമൊന്നു കണ്ടിട്ട്. കാണാന്‍ ഒരുപാട് കൊതിയുണ്ട് മോളേ. അവൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോന്ന് ആര്‍ക്കറിയാം.”
”ജീവിച്ചിരിപ്പുണ്ട് ആന്റീ ” പെട്ടെന്ന് അറിയാതെ അങ്ങനെ പറഞ്ഞുപോയി ജാസ്മിൻ. പറഞ്ഞുകഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്.
”ങ്ഹേ ! എവിടെ ?” ആഗ്നസിന്റെ കണ്ണുകൾ വിടർന്നു.
ഇനി ഒളിക്കുന്നതിൽ അർത്ഥമില്ലെന്ന് അവൾക്ക് തോന്നി. എല്ലാം തുറന്നു പറയാം . ആന്റി അറിയട്ടെ കാര്യങ്ങൾ. എപ്പോഴെങ്കിലും അറിയേണ്ടതല്ലേ .
”ഞാനൊരു കാര്യം പറഞ്ഞാൽ ആന്റി കരയാതെ ഇരുന്നു കേക്കുമോ ?”
” എന്താ മോളെ ?”
”ടോണി ഒരു ആക്സിഡന്റിൽപ്പെട്ട് ബംഗളൂരുവിലെ ഒരു ആശുപത്രിയിൽ കിടക്കുവാ ഇപ്പം ”
”ങ് ഹേ!!” ആഗ്നസ് കണ്ണ് തുറിച്ച് ,വായ് പൊളിച്ചു നോക്കിയിരുന്നുപോയി .
എല്ലാ കാര്യങ്ങളും ജാസ്മിൻ വിശദീകരിച്ചു .
”എനിക്കെന്റെ മോനെ ഒന്ന് കാണണം മോളെ . എന്നെ ആശുപത്രിൽ കൊണ്ടുപോയി ഒന്ന് കാണിക്കുമോ?”
വിങ്ങിപ്പൊട്ടി, ഏങ്ങലടിച്ചുകൊണ്ടു ആഗ്നസ് ചോദിച്ചു.
” കൊണ്ടുപോകാം ആന്റി . പക്ഷെ അനുവിനോട് ഇപ്പം ഇതൊന്നും പറഞ്ഞേക്കരുത് . അവളുടെ സന്തോഷം നമ്മൾ തല്ലിക്കെടുത്താൻ പാടില്ല ”
” ഇല്ല മോളെ .. ഒന്നും പറയില്ല .. എനിക്കെന്റെ മോനെ ഒന്ന് കണ്ടാൽ മാത്രം മതി ”
” നാളെ തന്നെ നമുക്ക് പോകാം . ഞാൻ കൊണ്ടേ കാണിക്കാം ”
” ന്റെ മോനൊന്നും പറ്റരുതേ കർത്താവേ ” കൈകൂപ്പി ആഗ്നസ് നിരന്തരം അങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നത് കണ്ടപ്പോൾ ജാസ്മിന്റെയും നെഞ്ചു വിങ്ങി.
ബംഗളുരുവിലെ ചൈതന്യ ആശുപത്രി!
ഐ.സി.യു.വിന്‍റെ വാതില്‍ തുറന്നതും ഡോക്ടര്‍ ജയപ്രകാശ് അകത്തേക്കു പ്രവേശിച്ചു. തൊട്ടുപിന്നാലെ ജാസ്മിനും ആഗ്നസും .
മിഴികള്‍ പൂട്ടി അബോധാവസ്ഥയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ടോണിയെ അവർ കണ്ടു. ജാസ്മിൻ ഓര്‍ത്തു. പഴയ ടോണിയാണ് ഈ കിടക്കുന്നതെന്ന് കണ്ടാല്‍ തോന്നുകയേയില്ല. കവിളൊട്ടി, ശരീരം ശോഷിച്ച്, എല്ലും തോലുമായി ഒരു മനുഷ്യക്കോലം. മുടി പറ്റെ നരച്ചിരിക്കുന്നു.
കുറച്ചുനേരം നോക്കി നിന്നപ്പോള്‍ ജാസ്മിന്‍റെ കണ്ണുനിറഞ്ഞു . ടോണിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരണേ കര്‍ത്താവേ എന്നു മൗനമായി പ്രാര്‍ത്ഥിച്ചിട്ട് അവള്‍ മുഖം തിരിച്ചു ആഗ്‌നസിനെ നോക്കി . അവരുടെ കണ്ണിൽനിന്ന് കുടുകുടെ മിഴിനീർ ഒഴുകുകയായിരുന്നു. സങ്കടം നിയന്ത്രിക്കാൻ കഴിയാതെ അവർ പൊട്ടിക്കരഞ്ഞുപോയപ്പോൾ ജാസ്മിൻ ആശ്വസിപ്പിച്ചു .
”പോകാം ആന്റി. ഇനി ഇവിടെ നിന്നാൽ ആന്റി ചിലപ്പം തല കറങ്ങി വീഴും. വാ ”
ആഗനസിനെ പിടിച്ചുകൊണ്ടു അവൾ പുറത്തേക്കിറങ്ങി . പിന്നാലെ ഡോക്ടർ ജയപ്രകാശും .
ആ സമയം വെളിയില്‍ അവരെ കാത്ത് ഒരാള്‍ നില്പുണ്ടായിരുന്നു. ജയപ്രകാശിനെയും ജാസ്മിനെയും മാറിമാറി നോക്കിയിട്ട് അദ്ദേഹം ചോദിച്ചു.
“നിങ്ങള്‍ ടോണീടെ സ്വന്തക്കാരാണോ?”
“അതെ.” ജാസ്മിനാണു മറുപടി പറഞ്ഞത്.
” താങ്കൾ ?” ജയപ്രകാശ് മനസിലാകാത്ത ഭാവത്തിൽ നോക്കി .
“ഞാന്‍ ടോണിയുടെ ഒരു ഫ്രണ്ടാ. ഡോക്ടര്‍ ശരത്. ഞാനും ടോണിയും കുറച്ചുകാലം ഒരേ ആശുപത്രീല്‍ വര്‍ക്കു ചെയ്തിരുന്നു. അന്നു ഞങ്ങള്‍ അടുത്തടുത്ത മുറികളിലാ താമസിച്ചിരുന്നത്. ഇപ്പം ഒന്നു കാണാന്‍ വന്നതാ. അപ്പഴാ നിങ്ങള്‍ ബന്ധുക്കള്‍ അകത്തുണ്ടെന്നു നഴ്സ് പറഞ്ഞത്. എങ്ങനുണ്ട് ടോണിക്കിപ്പം?”
“ബോധം വീണിട്ടില്ല.” ജയപ്രകാശാണ് മറുപടി പറഞ്ഞത്.
“എവിടാ ടോണി വര്‍ക്ക് ചെയ്തിരുന്നത്?” ജാസ്മിന്‍ ആരാഞ്ഞു.
ശരത് ആശുപത്രിയുടെ പേരു പറഞ്ഞു.
” ഒന്നിങ്ങു വരുമോ ? ”
ശരത്തിനെ വിളിച്ചു മാറ്റി നിറുത്തിയിട്ട് ജാസ്മിൻ ചോദിച്ചു
” ടോണിയുടെ ഡീറ്റയിൽസ് ഡോക്ടർക്ക് അറിയാമോ ?”
”കുറെയൊക്കെ അറിയാം ”
” അറിയാവുന്നതൊക്കെ എന്നോടൊന്ന് പറയാമോ? പത്തു പതിനഞ്ചു വർഷമായിട്ട് അയാളെക്കുറിച്ചു അവരുടെ വീട്ടുകാർക്ക് ഒരറിവും ഇല്ലായിരുന്നു. അതുകൊണ്ട് ചോദിച്ചതാ ”
”എന്തൊക്കെയാ അറിയേണ്ടത് ? ”
“ടോണിയുടെ വൈഫ്?”
“വൈഫ് ഇപ്പം ടോണിയുടെ കൂടെയില്ല. അവരു തമ്മില്‍ പിരിഞ്ഞു. ആ കഥകളൊന്നും നിങ്ങൾക്ക് അറിയില്ലേ?”
“ഇല്ല. അതൊന്നും അവരുടെ അമ്മക്കുപോലും അറിയില്ല. അവര് പിരിയാൻ എന്തായിരുന്നു കാരണം എന്നു അറിയാമോ ? ”
”അറിയാം . ഞാനതു പറയാം ”
ജാസ്മിന്‍ ആകാംക്ഷയോടെ ശരത്തിനെ നോക്കി.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40














































