Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 38

1971
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 38

പണം ഉണ്ടായപ്പോൾ തന്നോട് എല്ലാവര്‍ക്കും എന്തൊരു സ്നേഹവും ബഹുമാനവുമാണ് !
ജാസ്മിന്‍ ഓര്‍ത്തു.
പണ്ട് തന്നെപ്പറ്റി അപവാദം പറഞ്ഞു നടന്നവർ ഇപ്പോൾ തന്റെ വീട്ടുപടിക്കൽ വന്നു ജോലിക്കായി കൈകൂപ്പി നിൽക്കുന്നു. സംഭാവനകള്‍ ചോദിച്ചും സഹായമഭ്യര്‍ത്ഥിച്ചും എത്രപേരാണ് ദിവസവും മുൻപിൽ വന്നു തൊഴുതു നിൽക്കുന്നത്. പണമുണ്ടായപ്പോള്‍ സ്നേഹവും ബഹുമാനവും താനെ കയറിവന്നു. അതാണ് ലോകം ! പണത്തിനു പിറകെ നടക്കുന്ന മനുഷ്യർ! പണമുണ്ടെങ്കിൽ എന്തും കീഴടക്കാം എന്ന സ്ഥിതി. ഭരിക്കുന്നവർ പോലും പണത്തിനു പിന്നാലെയല്ലേ പായുന്നത് .

സഹായമഭ്യര്‍ത്ഥിച്ചു വന്ന പവങ്ങളെയൊന്നും ജാസ്മിന്‍ വെറുംകൈയോടെ പറഞ്ഞയച്ചില്ല. പണത്തിന്‍റെ അഹങ്കാരമോ, തലക്കനമോ അവള്‍ പ്രകടിപ്പിച്ചുമില്ല. ദൈവം തന്നതിന്റെ ഒരു വീതം ദൈവത്തിന്റെ മക്കൾക്ക് തന്നെ കൊടുക്കണമെന്ന ചിന്താഗതിയായിരുന്നു അവൾക്ക്‌.

ദേവസ്യാച്ചന്റെ മകന് ജാസ്മിൻ ജോലികൊടുത്തു എന്ന് കേട്ടപ്പോൾ തൊഴിൽ തേടി അവളുടെ വീട്ടുപടിക്കൽ നാട്ടുകാരുടെ ക്യൂ ആയി. അത് കണ്ടപ്പോൾ മേരിക്കുട്ടി മകളോടു പറഞ്ഞു:

“ജീവിക്കാൻ വേണ്ടി എന്തു തൊഴിലും ചെയ്യാന്‍ തയാറായി നില്ക്കുന്ന എത്രയോ പേരുണ്ട് മോളെ ഇവിടെ. ചിത്തിരപുരത്ത് എന്തെങ്കിലുമൊരു സ്ഥാപനം തുടങ്ങിയാല്‍ കുറേപ്പേര്‍ക്കു തൊഴില്‍ കൊടുക്കാന്‍ പറ്റില്ലേ ? ഈ നാട്ടിൽ നമുക്ക് ഒരു അംഗീകാരവും ആവില്ലേ ? “
അത് ഒരു നല്ല ഒരാശയമാണെന്നു ജാസ്മിനു തോന്നി.
ചിത്തിരപുരത്ത് ഒരു വ്യവസായം തുടങ്ങുക. കുറെപ്പേര്‍ക്കു തൊഴില്‍ കിട്ടും. ഗ്രാമം അഭിവൃദ്ധിപ്പെടുകയും ചെയ്യും. ജയിംസിനോട് ആഗ്രഹം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു :
”അതൊരു നല്ലകാര്യമാ . ദൈവാനുഗ്രഹം കൊണ്ട് നമ്മൾ തൊട്ടതെല്ലാം പൊന്നായിട്ടേയുള്ളൂ .കുറച്ചു കാശ് ലോൺ എടുക്കാം . എന്ത് ബിസിനസാ തുടങ്ങേണ്ടതെന്നു നീ ആലോചിക്ക് .”
”ലേഡീസ് ഗാർമെന്റ് സ് ഉണ്ടാക്കുന്ന ഒരു ടെയ്‌ലറിംഗ് യൂണിറ്റ് തുടങ്ങിയാലോ ? അതാവുമ്പം ഒരുപാട് പെണ്ണുങ്ങൾക്ക് ജോലി കൊടുക്കാം. ഞാനിവിടെ വെറുതെ ഇരിക്കുവല്ലേ . ഞാൻ അത് മാനേജ് ചെയ്തോളാം ”
.
”അത് കൊള്ളാം. നിനക്ക് ഒരു ജോലിയും ആകും . ” ജെയിംസ് ആ അഭിപ്രായത്തോട് പൂർണമായും യോജിച്ചു : ” തുടങ്ങുമ്പം വിപുലമായിട്ടങ്ങു തുടങ്ങാം . ഒരു പത്തുനൂറ് ജോലിക്കാരെ വച്ച് ഗംഭീരമായിട്ടങ്ങു സ്റ്റാർട്ട് ചെയ്യാം . ഈ നാട്ടിലുള്ള കുറെ പെണ്ണുങ്ങളെ ട്രെയിനികളായിട്ട് എടുക്കാം . ചിത്തിരപുരം ഒന്ന് വികസിക്കട്ടെ . നിനക്ക് ഈ നാട്ടിൽ ഒരു നിലയും വിലയും ആകുകയും ചെയ്യുമല്ലോ . ”
” ഞാൻ ജനിച്ചു വളർന്ന നാടല്ലേ . എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ലല്ലോ ഈ നാട്ടുകാരെ ” ജാസ്മിനും സന്തോഷമായി .
പിന്നീട് എല്ലാം ത്വരിതഗതിയിലായിരുന്നു.
റോഡരുകിൽ കുറച്ചു സ്ഥലം വാങ്ങി. ആവശ്യമുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു . തയ്യൽ മെഷീനും അനുബന്ധ യന്ത്രങ്ങളും കൊണ്ടുവന്നു ഫിറ്റ് ചെയ്തു. പരിശീലനം കിട്ടിയ കുറെ ജോലിക്കാരെ ആദ്യം നിയമിച്ചു. ചിത്തിരപുരത്തുനിന്നു കുറെ വനിതകളെ ട്രയിനികളായി എടുത്തു.
ഒരുവര്‍ഷത്തിനുള്ളില്‍, ചിത്തിരപുരം ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റിക്കൊണ്ട് ജാസ്മിന്‍റെ റെഡിമെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

ഉദ്‌ഘാടന വേളയിൽ തടിച്ചുകൂടിയ ആളുകളെ സാക്ഷി നിറുത്തി ജാസ്മിൻ ഇങ്ങനെ പ്രസംഗിച്ചു.
”ഞാൻ പിറന്നു വീണ നാടാണ് ചിത്തിരപുരം. പത്തിരുപത്തിരണ്ടു വർഷക്കാലം ചവിട്ടി നടന്ന മണ്ണ്. ഒരിക്കൽ ഈ ഗ്രാമത്തോട് കണ്ണീരോടെ എനിക്ക് യാത്ര പറയേണ്ടി വന്നു. ഹൈറേഞ്ചിലെ ഒരു മലമുകളിലായിരുന്നു പിന്നീടുള്ള എന്റെ ജീവിതം . ആ മലമുകളിൽ തന്നെ എന്റെ അന്ത്യ വുമായിരിക്കുമെന്നു ഞാൻ വിശ്വസിച്ചു. അവിടെ ചെന്ന ആദ്യനാളുകളിൽ പലരാത്രികളിലും ഞാൻ ഉണർന്നിരുന്നു കരഞ്ഞിട്ടുണ്ട്. ഒരുപാട് കാലം എനിക്ക് ആയുസുണ്ടാവുമെന്നും പ്രതീക്ഷയില്ലാ യിരുന്നു. പക്ഷെ പിന്നീട് മനസിലായി എനിക്ക് ചുറ്റും താമസിക്കുന്നത് ചതിയും വഞ്ചനയും അറിയാത്ത സ്നേഹമുള്ള, നിഷ്കളങ്കരായ മനുഷ്യരാണെന്ന് . അന്യനാട്ടിൽ നിന്ന് വന്നതായിട്ടും അവർ എന്നെയും എന്റെ അമ്മയെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഹൃദയം തുറന്നു സ്നേഹിച്ചു. ആ സ്നേഹത്തിനു പ്രതിഫലമായി അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി . ആ ഗ്രാമത്തിന്റെ പുരോഗതിക്കായി ഞാൻ കർമ്മരംഗത്തിറങ്ങി പ്രവർത്തിച്ചു . എനിക്ക് പറ്റുന്ന കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്തു കൊടുത്തു . അതിന്റെ പ്രതിഫലം ദൈവം എനിക്ക് തന്നു. എന്നോടൊപ്പം എല്ലാക്കാര്യത്തിലും സഹകരിക്കാനും പിൻതുണ നൽകാനും എനിക്ക് അവിടെ ഒരാളെ കിട്ടി . ജയിംസ് . ആ ചെറുപ്പക്കാരൻ പിന്നീട് എന്റെ ജീവിത പങ്കാളിയായി. അതോടെയാണ് എന്റെ ജീവിതം മാറി മറിഞ്ഞത് . ഞാൻ അനുഭവിച്ച വേദനകൾക്കും യാതനകൾക്കും ദൈവം തന്ന സമ്മാനമായാണ് എന്റെ ഹസ്ബൻഡിനെ ഞാൻ കാണുന്നത് . ഇന്നോളം എന്റെ ഒരാഗ്രഹത്തിനും ജെയിംസ് എതിര് നിന്നിട്ടില്ല . അതൊരു വലിയ ദൈവാനുഗ്രഹമാണ് എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. ഒരിക്കൽ പോലും ഞങ്ങൾക്ക് മുഖം കറുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയേണ്ടി വന്നിട്ടിട്ടില്ല . നഷ്ടപ്പെട്ടുപോയ ഇവിടുത്തെ എന്റെ തറവാട് തിരിച്ചുപിടിക്കാൻ എനിക്ക് പ്രചോദനം നൽകിയത് എന്റെ ഭർത്താവാണ്. ഈ നാട്ടിൽ ഒരു വ്യവസായം തുടങ്ങാൻ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി എന്നോടൊപ്പം അദ്ദേഹം കൂടെ നിന്നു . നമ്മൾ നല്ലതു ചെയ്‌താൽ തമ്പുരാൻ നല്ലതു നമുക്ക് തരും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എനിക്ക് കിട്ടിയ എന്റെ ഭർത്താവ് .
ചിത്തിരപുരത്തെ കുറെപ്പേർക്കെങ്കിലും ജോലി കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ ഇന്ന് സന്തോഷിക്കുന്നു. ഈ സ്ഥാപനം വിജയത്തിലേക്കു കുതിച്ചാൽ കൂടുതൽ ആളുകൾക്ക് ജോലികൊടുക്കാൻ കഴിയും. അതിനു നിങ്ങളുടെ സഹകരണം വേണം . ഒരു കാര്യം കൂടി ഞാൻ സൂചിപ്പിക്കട്ടെ . ഈ നാട്ടിലുള്ള ആളുകൾക്കായിരിക്കും ഈ സ്ഥാപനത്തിൽ ഞങ്ങൾ ജോലിക്കു മുൻഗണന കൊടുക്കുക . ഈ വേദിയിൽ വച്ച് ഞാൻ അത് നിങ്ങൾക്ക് ഉറപ്പു തരുന്നു ”
അതുകേട്ടപ്പോൾ ആളുകളുടെ നീണ്ട കയ്യടി.
പണ്ടത്തെ ആ തൊട്ടാവാടി പെണ്ണ് തന്നെയാണോ തങ്ങളുടെ മുൻപിൽ നിന്ന് ഇത്ര മനോഹരമായി പ്രസംഗിക്കുന്നത് എന്നുപോലും ഗ്രാമവാസികൾ സംശയിച്ചു.
ഉദ്ഘടന ചടങ്ങു കഴിഞ്ഞ് എല്ലാവര്ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു ജാസ്മിൻ .
ഭക്ഷണം കഴിച്ചു സന്തോഷത്തോടെയാണ് ആളുകൾ വീട്ടിലേക്കു മടങ്ങിയത്.


ആറുമാസത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി ജാസ്മിന്റെ റെഡിമെയ്‌ഡ്‌ വസ്ത്രനിർമ്മാണ സ്ഥാപനം ലാഭത്തിലേക്ക് കുതിച്ചു.
സ്ഥാപനത്തിന്‍റെ പൂര്‍ണമായ മേല്‍നോട്ടവും മാനേജ്മെന്‍റും ജാസ്മിനായിരുന്നു. ജോലിക്കാരില്‍ ഭൂരിഭാഗവും അന്നാട്ടില്‍ നിന്നുള്ളവരുമായിരുന്നു.

തന്റെ മേൽനോട്ടത്തിൽ തുടങ്ങിയ ഒരു ബിസിനസ് വിജയിച്ചത് കണ്ടപ്പോൾ ജാസ്മിന് ആഹ്ലാദവും അഭിമാനവും തോന്നി. ഒക്കെ ഈശ്വര കൃപയാണെന്ന് അവൾ വിശ്വസിച്ചു .

എം.ഡിയുടെ കറങ്ങുന്ന കസേരയില്‍ ചാരി ഇരിക്കുമ്പോൾ ജാസ്മിന്‍ ഓര്‍ക്കുകയായിരുന്നു.
പത്തു പതിന്നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നാട്ടില്‍ എന്തു വിലയുണ്ടായിരുന്നു തനിക്ക് ? ഇപ്പോൾ പണവും പദവിയുമായപ്പോൾ എത്ര പേരാണ് തന്‍റെ മുമ്പില്‍ ഭയഭക്തി ബഹുമാനത്തോടെ നില്ക്കുന്നത്!
പണത്തിനുമീതെ പരുന്തും പറക്കില്ലെന്നു പറയുന്നത് എത്രയോ ശരിയാണ്.
ഓരോന്നോര്‍ത്തിരുന്നപ്പോള്‍ ക്യാബിന്‍റെ വാതില്‍ തുറന്ന് ജനറല്‍ മാനേജര്‍ മാത്യൂസ് കയറിവന്നു. കുറെ ഫയലുകള്‍ ഒപ്പിടാനുണ്ട്.
ഫയല്‍ ജാസ്മിന്‍റെ മുമ്പില്‍, മേശപ്പുറത്തു വച്ചിട്ട് മാത്യൂസ് ഒതുങ്ങിനിന്നു.
“എങ്ങനുണ്ട് ബിസിനസ്?”
ഫയല്‍ തുറന്ന് ഓരോ പേപ്പറിലും ഒപ്പിടുന്നതിനിടയിൽ മുഖത്തേക്ക് നോക്കാതെ ജാസ്മിന്‍ ചോദിച്ചു.
“കഴിഞ്ഞമാസത്തേക്കാള്‍ ഇരുപതു ശതമാനം കൂടുതൽ വിറ്റുവരവുണ്ട് ഈ മാസം . നമ്മുടെ പ്രൊഡക്റ്റ്സിനെപ്പറ്റി നല്ല അഭിപ്രായമാ എല്ലാവർക്കും ..”
“ക്വാളിറ്റി മോശമാകാതെ നോക്കിക്കോണം. അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് “
“ഒഫ് കോഴ്സ്! അക്കാര്യം ശ്രദ്ധിക്കണമെന്ന് ഞാന്‍ ജോലിക്കാരെ കൂടെക്കൂടെ ഓര്‍മിപ്പിക്കാറുണ്ട്.”
“ജോലിക്കാരൊക്കെ എങ്ങനെ?”
“ഇപ്പം എല്ലാവരും ആത്മാര്‍ത്ഥമായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട്. “
“മാത്യൂസിന്‍റെ ഒരു കണ്ണ് എല്ലായിടത്തും ഉണ്ടായിരിക്കണം.”
“തീർച്ചയായും .”
ഒപ്പിട്ട ഫയലുകള്‍ തിരികെ വാങ്ങിക്കൊണ്ട് മാത്യൂസ് ക്യാബിന്‍ വിട്ടിറങ്ങി.
ജാസ്മിന്‍ വീണ്ടും കസേരയിലേക്ക് ചാരി ചിന്തയില്‍ മുഴുകി.
പതിനാലുവര്‍ഷം മുമ്പ് ഇന്നാട്ടില്‍ എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്ന വ്യക്തി ഇന്ന് അവരുടെ യൊക്കെ ബഹുമാന്യ വ്യക്തിയായി മാറിയിരിക്കുന്നു. അന്ന് ഡോക്ടര്‍ ടോണിയായിരുന്നു ഇന്നാട്ടുകാരുടെ ആരാധ്യപുരുഷന്‍.
ടോണി ഇപ്പോള്‍ എവിടെയായിരിക്കും?
കാണണമെന്നുണ്ട്.
ഇപ്പോൾ ആ രൂപം എങ്ങനെയിരിക്കുന്നു എന്നറിയാനാഗ്രഹമുണ്ട്.
ഏത് ആശുപത്രിയിലായിരിക്കും ആ മനുഷ്യന്‍ ഇപ്പോൾ ?
എവിടെയായാലും വലിയ നിലയിൽ സുഖമായി ജീവിക്കുന്നുണ്ടാകും.
ജീവിക്കട്ടെ. എല്ലാവരും സന്തോഷമായി ജീവിക്കട്ടെ. തനിക്കാരോടും പകയോ, വിദ്വേഷമോ ഇല്ല.
ദൈവാനുഗ്രഹംകൊണ്ട് സ്നേഹസമ്പന്നനും സല്‍സ്വഭാവിയുമായ ഒരു ഭര്‍ത്താവിനെ തനിക്കു കിട്ടിയല്ലോ . രണ്ടു കുഞ്ഞുമക്കളേയും ദൈവം തന്ന് അനുഗ്രഹിച്ചു . പപ്പയുടെ ഓര്‍മ നിലനിറുത്താന്‍ പഴയ വീടും മണ്ണും തിരിച്ചുകിട്ടുകയും ചെയ്തു! ഇതിൽക്കൂടുതൽ എന്ത് വേണം ? ഒന്നും വേണ്ട..ഒന്നും !


ഒരു വ്യാഴാഴ്ച. ഉച്ചനേരം .
ജാസ്മിന്‍ തന്‍റെ ക്യാബിനില്‍ അക്കൗണ്ടുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം മാനേജര്‍ മാത്യൂസ് മുറിയിലേക്കു കയറിവന്നു.
“മാഡം..?”
“ഉം…?”
ജാസ്മിന്‍ മുഖം ഉയര്‍ത്തി നോക്കി.
“ഒരു സ്ത്രീ മാഡത്തിനെ കാണണമെന്നു പറഞ്ഞ് ഗേറ്റിനരികില്‍ വന്നു സെക്യൂരിറ്റിയുമായി ബഹളം വച്ചുകൊണ്ടിരിക്കുന്നു .”
“ആരാ…?”
“മാഡത്തിന്‍റെ ഒരു പഴയ ഫ്രണ്ടാണെന്നു പറഞ്ഞു.”
“പേര്..?”
“ചോദിച്ചിട്ട് പറഞ്ഞില്ല.”
“ജോലി അന്വേഷിച്ചോ സഹായം ചോദിച്ചോ വന്നതാകും . പണ്ട് കാണുമ്പം മുഖം തിരിച്ചു നടന്നവരൊക്കെ ഇപ്പോൾ ഫ്രണ്ടാണെന്നും ബന്ധുവാണെന്നുമൊക്കെ പറഞ്ഞു വരുന്നുണ്ട് .”
“കണ്ടിട്ട് ഒരു പാവം സ്ത്രീയാണെന്ന് തോന്നുന്നു .”
“എന്താ അവരുടെ ആവശ്യം?”
“ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. എല്ലും തോലുമായി ഒരു മനുഷ്യ രൂപം. കണ്ടപ്പം എനിക്കു സഹതാപം തോന്നി. ഒന്നു കണ്ടിട്ടു പൊയ് ക്കൊട്ടെ മാഡം. സഹായത്തിനാണെങ്കിൽ എന്തെങ്കിലും കൊടുത്തു പറഞ്ഞു വിടാം “
“ഉം.. വിളിക്ക് . “
മാത്യൂസ് മുറിവിട്ടിറങ്ങി.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ ക്യാബിന്‍റെ വാതില്‍ തുറന്ന് ഒരു സ്ത്രീ മുറിയിലേക്ക് കയറിവന്നു.
അവളെ കണ്ടതും ജാസ്മിന്‍ അതിശയിച്ചിരുന്നുപോയി.
അത് അനുവായിരുന്നു!
ടോണിയുടെ കുഞ്ഞുപെങ്ങൾ അനു.
എന്തുമാത്രം മാറിപ്പോയിരിക്കുന്നു അവൾ !
ശരീരം ശോഷിച്ച്, കവിളുകള്‍ ഒട്ടി, കണ്ണുകള്‍ കുഴിഞ്ഞ് ആകെ ദയനീയമായ ഒരു രൂപം!
പഴയ അനുവാണെന്നു തോന്നുകയേയില്ല!
“മോളേ… നീ….?”
ജാസ്മിന്‍ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു. ഇരുകരങ്ങളും അവളുടെ തോളിൽ വച്ചിട്ട് ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ കൊച്ചേ? .”
അടുത്ത നിമിഷം അവളെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് ജാസ്മിൻ പറഞ്ഞു .
“എന്തൊരു കോലമാ മോളെ ഇത് ? നിനക്കെന്താ പറ്റീത്? എവിടാ ഇപ്പം താമസിക്കുന്നേ ?”
ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ .
പൊടുന്നനെ ഇടതു കൈ കൊണ്ട് മുഖം പൊത്തി അനു വിങ്ങിപ്പൊട്ടി .
” കരയുന്നതെന്തിനാ ? നിനക്ക് നല്ല ക്ഷീണമുണ്ടല്ലോ .. വാ ..”
അനുവിനെ പിടിച്ചുകൊണ്ടു ജാസ്മിന്‍ ക്യാബിനോടു ചേര്‍ന്നുള്ള വിശ്രമമുറിയുടെ വാതില്‍ തുറന്ന് അങ്ങോട്ട് കൊണ്ടുപോയി.
എല്ലാ സജ്ജീകരണങ്ങളുമുള്ള ശീതീകരിച്ച വലിയ മുറിയായിരുന്നു അത്.
“ഇരിക്ക്…”
അനുവിനെ പിടിച്ചു കസേരയിൽ ഇരുത്തിയിട്ട് ജാസ്മിന്‍ അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
“ഒരു ഫ്രണ്ടു കാണാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞപ്പം അതു നീയായിരിക്കുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല . നീയെന്‍റെ ഫ്രണ്ടാണോ മോളെ ? കൂടെപ്പിറപ്പല്ലേ? എത്രകാലമായി നിന്നെക്കാണാന്‍ ഞാന്‍ കൊതിച്ചിരിക്കുന്നൂന്നറിയ്വോ?”
അനു ചുണ്ടു കടിച്ചു സങ്കടമൊതുക്കാന്‍ പാടുപെടുകയായിരുന്നു.
ജാസ്മിന്‍ ഫ്രിഡ്ജ് തുറന്ന് ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെള്ളമെടുത്ത് അനുവിനു നീട്ടിക്കൊണ്ടു പറഞ്ഞു.
“കുടിക്ക് . നിന്‍റെ പരവേശോം പ്രയാസോം ഒക്കെ മാറട്ടെ.”
അനു ഗ്ലാസ് വാങ്ങി ഒറ്റ വലിയ്ക്കതു കുടിച്ചു. നല്ല ദാഹമുണ്ടായിരുന്നു അവള്‍ക്ക്.
ഗ്ലാസ് തിരികെ കൊടുത്തിട്ട് അവള്‍ ജാസ്മിനെ നോക്കി.
അവളുടെ സമീപം കസേരയിൽ ഇരുന്നിട്ടു ജാസ്മിന്‍ ചോദിച്ചു
“പറ. നീ ഇപ്പം എവിടുന്നാ വരുന്നത്? ആഗ്നസാന്‍റിയും ടോണിയുമൊക്കെ എവിടുണ്ട് ഇപ്പം.?”
ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള മറുപടി.
അത് കണ്ടപ്പോൾ ജാസ്മിന്റെ ആശങ്ക വർധിച്ചു.
“എന്താ മോളേ നിനക്കു പറ്റീത്…?” ജാസ്മിന്‍ അവളെ മെല്ലെ പിടിച്ചെണീപ്പിച്ചു കട്ടിലിൽ കൊണ്ടുപോയി ഇരുത്തി. “ഇത്തിരി നേരം ഇവിടെ കിടക്ക്. നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. നമുക്ക് പിന്നെ സംസാരിക്കാം “
പതുപതുത്ത ഫോം ബെഡ്ഡില്‍ അവൾ അവശയായി കിടന്നു. അവളുടെ കണ്ണുകള്‍ പൊട്ടി ഒഴുകുകയായിരുന്നു.
” ഞാനിപ്പ വരാമേ .”
അങ്ങനെ പറഞ്ഞിട്ട് ജാസ്മിന്‍ വിശ്രമമുറിയില്‍ നിന്ന് ക്യാബിനിലേക്ക് പോയി .
മൊബൈലിൽ ബന്ധപ്പെട്ട് മാനേജർ മാത്യൂസിനെ കാബിനിലേക്ക് വിളിച്ചു വരുത്തിയിട്ട് പറഞ്ഞു
“ഇപ്പം വന്ന ആ സ്ത്രീയില്ലേ, അവൾ എന്‍റെ ഫ്രണ്ടല്ല; കൂടെപ്പിറപ്പാ.ആ കഥ ഞാൻ പിന്നീട് പറയാം . അവര്‍ക്കു ഫുഡ്‌ കൊണ്ടുവരാന്‍ വേഗം ഏര്‍പ്പാടു ചെയ്യൂ. നല്ല റോയൽ ഫുഡായിരിക്കണം .”
”മീൽസ് ?”
”യേസ് ”
“ഓകെ മാഡം…”
മാത്യൂസിന് കാര്യം പിടികിട്ടിയില്ലെങ്കിലും തിരിച്ചൊന്നും ചോദിച്ചില്ല. അയാള്‍ ക്യാബിന്‍ വിട്ടിറങ്ങി.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ പ്യൂണ്‍ ശിവപ്രസാദ് ഭക്ഷണവുമായി എത്തി.
ജാസ്മിൻ അത് വാങ്ങി വിശ്രമമുറിയിലെ ഡൈനിംഗ് ടേബിളില്‍ കൊണ്ടുവന്നു വച്ചു. അനു മയക്കത്തിലായിരുന്നു . ജാസ്മിൻ ചെന്ന് അവളെ തട്ടി വിളിച്ചു .
“എണീറ്റേ മോളെ… ഇത്തിരി ഭക്ഷണം കഴിക്കാം .”
”എനിക്ക് ഒന്നും വേണ്ട ചേച്ചി ” അവൾ കട്ടിലിൽ എണീറ്റിരുന്നു .
”അങ്ങനെ പറഞ്ഞാൽ പറ്റില്ല. കഴിക്കണം. നിനക്ക് നല്ല ക്ഷീണമുണ്ട് . മുഖം കണ്ടാൽ അറിയാം. വാ ”
അനുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് ജാസ്മിന്‍ വാഷ്ബേസിനടുത്തേക്കു നടന്നു.
വാഷ്ബേസിനില്‍ വന്നു കണ്ണും മുഖവും കഴുകിയിട്ട് അനു വന്നു ഡൈനിംഗ് ടേബിളിനരികില്‍ കസേരയിൽ ഇരുന്നു.
ജാസ്മിന്‍ അവള്‍ക്കു ഭക്ഷണം വിളമ്പിക്കൊടുത്തു.
കോഴിക്കറിയും മീന്‍വറുത്തതും പുളിശേരിയുമൊക്കെ കൂട്ടി വിഭവസമൃദ്ധമായ ഊണ്.
നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അനു വയറുനിറയെ കഴിച്ചു.
ഭക്ഷണം കഴിച്ചപ്പോള്‍ അവളുടെ ക്ഷീണവും തളര്‍ച്ചയും മാറി. .
ടൗവ്വലെടുത്തു മുഖം തുടച്ചിട്ട് അവള്‍ സെറ്റിയില്‍ വന്നിരുന്നു. തൊട്ടടുത്ത് ജാസ്മിനും ഇരുന്നു.
“നീയാകെ കോലംകെട്ടുപോയല്ലോ കൊച്ചേ…” ജാസ്മിന്‍ പറഞ്ഞു. “പറ, നീയിപ്പം എവിടുന്നാ വരുന്നത്. ?.”
“എന്നോടിപ്പം ഒന്നും ചോദിക്കരുത് ചേച്ചീ…”
അവള്‍ വീണ്ടും കരയുമെന്ന മട്ടായി.
“ഓകെ. ചോദിക്കുന്നില്ല. കുറച്ചുനേരം വിശ്രമിക്ക് . നിന്‍റെ പ്രയാസങ്ങളൊക്കെ മാറട്ടെ. എന്നിട്ട് നമുക്ക് സംസാരിക്കാം .പോയി കിടന്നോ.”
അവളെ വിശ്രമ മുറിയിലാക്കിയിട്ട് ജാസ്മിന്‍ ക്യാബിനിലേക്ക് മടങ്ങി.
ക്യാബിനില്‍ വന്നിരുന്ന് അവള്‍ ആലോചിച്ചു.
അനുവിന് എന്തുപറ്റി?
അവളുടെ വിവാഹം കഴിഞ്ഞില്ലേ? ആഗ്നസാന്‍റിയേയും ടോണിയേയും പറ്റി ചോദിച്ചപ്പോൾ അവള്‍ കരഞ്ഞതെന്തിന്? അവരാരും ജീവിച്ചിരിപ്പില്ലേ?
പാവം പെണ്ണ്!
മെലിഞ്ഞ് എല്ലും തോലും മാത്രമേയുള്ളൂ ആ ശരീരത്തിൽ . ചെറുപ്പത്തില്‍ കാണാന്‍ എത്ര സുന്ദരിയായിരുന്നു.
കുറേനേരം കഴിഞ്ഞപ്പോൾ ജാസ്മിൻ എണീറ്റ് വിശ്രമമുറിയിൽ ചെന്ന് നോക്കി. അനു കട്ടിലിൽ കിടന്നു സുഖമായി ഉറങ്ങുന്നു . ഉറങ്ങട്ടെ. ക്ഷീണമൊക്കെ മാറട്ടെ .
ക്യാബിനില്‍ വന്നിരുന്ന് ജാസ്മിന്‍ ജോലിയിൽ മുഴുകി .
നാലരയായപ്പോള്‍ അവള്‍ വീണ്ടും വിശ്രമമുറിയിലേക്ക് ചെന്നു .
അനു എണീറ്റ് കട്ടിലില്‍ താടിക്കു കൈയും കൊടുത്ത് ചിന്താധീനയായി ഇരിക്കുകയായിരുന്നു.
“ങ്ഹാ.. നീ എണീറ്റിരിക്കയായിരുന്നോ ? ക്ഷീണമൊക്കെ മാറിയോ ?”
”ഉം ”
” കുടിക്കാനെന്തെങ്കിലും വേണോ ?”
”വേണ്ട ചേച്ചി ” അവൾ എണീറ്റ് വാഷ്ബേസിനിൽ ചെന്ന് കണ്ണും മുഖവും കഴുകി തുടച്ചു.
”ഇനി പറ . ആഗ്നസ് ആന്റിയും ടോണിയും എവിടുണ്ട് ഇപ്പോൾ ?”
” ഞാനൊരു ഭാഗ്യദോഷിയായിപ്പോയി ചേച്ചി . ആർക്കും വേണ്ടാത്ത ഒരു പെണ്ണ് …”
അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങിയപ്പോൾ ജാസ്മിൻ ആശ്വസിപ്പിച്ചു
” നീ കരയാതെ കാര്യം പറ . എന്താ നിനക്ക് പറ്റീത് ?”
” എനിക്ക് എന്തെങ്കിലും ഒരു ജോലി തരുമോ ചേച്ചി ?” ജാസ്മിന്റെ കരം പുണർന്നുകൊണ്ടു അവൾ യാചിച്ചു .
” നീ എന്താ കൊച്ചേ ഇങ്ങനൊക്കെ പറയുന്നേ ? എനിക്കൊന്നും മനസിലാവുന്നില്ല . ഒരു കാര്യം ചെയ്യാം. നമുക്കു വീട്ടിലേക്കു പോകാം. അവിടെ ചെന്നിട്ടു വിശദമായി സംസാരിക്കാം ”
അനു എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല .
അവളെയും വിളിച്ചുകൊണ്ട് ജാസ്മിന്‍ പുറത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ മെല്ലെ ഗേറ്റുകടന്നു റോഡിലേക്കിറങ്ങി . ജാസ്മിനാണ് ഡ്രൈവ് ചെയ്തത് .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here