ഓഫിസ് റൂമിലെ റിവോൾവിങ് കസേരയിൽ ചാരിക്കിടന്ന് ഒരു കേസ് ഡയറി വായിച്ചു നോക്കുകയായിരുന്നു ക്രൈംബ്രാഞ്ച് പോലീസ് സുപ്രണ്ട് ടോം വർക്കി. അപ്പോഴാണ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബാലചന്ദ്രൻ ഐ പി എസ് അങ്ങോട്ട് കയറിവന്നത്. എസ് പി യെ സല്യൂട്ട് ചെയ്തിട്ട് അദ്ദേഹം അഭിമുഖമായി കസേരയിൽ ഇരുന്നു .
” എവിടം വരെയായായി താങ്കളുടെ അന്വേഷണം? ” നോക്കിക്കൊണ്ടിരുന്ന ഫയൽ മടക്കിവച്ചുകൊണ്ടു ടോം വർക്കി ചോദിച്ചു.
” സാർ , പൂർത്തിയായില്ല. പക്ഷേ ഒരു കാര്യം ഉറപ്പായി . ലോക്കൽ പോലീസ് അറസ്റ്റു ചെയ്ത ആ പെണ്ണല്ല ഈ കൊല ചെയ്തത് .”
” പിന്നെ ആരാണ് ?”
”അത് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ”
” പിന്നെങ്ങനെയാ അവളല്ലാന്ന് താങ്കൾ ഉറപ്പിച്ചത്? ”
” സാറിനറിയാല്ലോ . ഐപിഎസ് ട്രെയിനിംഗ് കഴിഞ്ഞ് എ എസ് പി യായി നിയമനം കിട്ടിയ എനിക്ക് ആദ്യം കിട്ടിയ ഒരു കേസാ ഇത് . അതും ഒരു മർഡർ കേസിന്റെ റിഇൻവെസ്റ്റിഗേഷൻ. ഒരു പാളിച്ചയും വരാതെ ശരിയായ രീതിയിൽ അന്വേഷിച്ചു കുറ്റവാളിയെ കണ്ടു പിടിക്കണമെന്നുള്ള ഉദ്ദേശത്തോടെയാ ഈ കേസ് ഡയറി ഞാൻ തുറന്നത് . അതുകൊണ്ടു ഈ കേസ് ഞാൻ ശരിക്കു പഠിച്ചിട്ടാ അന്വേഷത്തിന് ഇറങ്ങിയത് . ഇപ്പോൾ പ്രതിയാക്കപ്പെട്ടിരിക്കുന്ന സുമിത്ര എന്ന അധ്യാപികയെ ലോക്കൽ പോലീസ് ചോദ്യം ചെയ്യുന്ന വീഡിയോ ഞാൻ സസൂഷ്മം കണ്ടിരുന്നു. അതുകണ്ടപ്പം തന്നെ എനിക്ക് ഒരു സംശയം തോന്നിയിരുന്നു അവരല്ല കൊന്നതെന്ന് . എങ്കിലും ഒരു മുൻ വിധിയോടുകൂടി അന്വേഷണം തുടങ്ങാൻ പാടില്ലല്ലോ. അതുകൊണ്ടു പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള ഒരു മെത്തേഡാ ഈ അന്വേഷണത്തിൽ ഞാൻ സ്വീകരിച്ചത് ”
” അതെന്തു മെത്തേഡാ ?”
”ഒരു സൈക്കോളജിക്കൽ അപ്രോച്ച്.”
”സൈക്കോളജിക്കൽ അപ്രോച്ചോ ? എനിക്കതങ്ങു പിടി കിട്ടിയില്ല ”
”സാറിനറിയാമല്ലോ. എനിക്ക് വേണമെങ്കിൽ ആ പെണ്ണിനെ ഗസ്റ്റ് ഹൌസിലോ പോലീസ് ക്ലബിലോ വിളിച്ചുവരുത്തി ചോദ്യം ചെയ്യാം. പോലീസ് സാധാരണയായി ചെയ്യുന്നതും അങ്ങനെയാണല്ലോ. കുറെ ചോദ്യങ്ങൾ തയ്യാറാക്കിയിട്ട് പ്രതിയെന്നു സംശയിക്കുന്ന ആളിനെ കൊണ്ടുവന്നിരുത്തി തുടർച്ചയായി മണിക്കൂറുകളോളം ക്വസ്ട്യൻ ചെയ്യും . മാനസികമായും ശാരീരികമായും തളർത്തി അവരെ കുറ്റം സമ്മതിപ്പിക്കുകയും ചെയ്യാം. ഇനി അഥവാ അവർ കുറ്റം സമ്മതിച്ചില്ലെങ്കിൽ അവരുടെ മൊഴിയുടെ വൈരുധ്യങ്ങൾ പരിശോധിച്ചിട്ടു കുറ്റവാളിയാണോ അല്ലയോ എന്ന് പോലീസ് തന്നെ ഒരു തീരുമാനത്തിലെത്തും. ഇതാണല്ലോ സാധാരണയായിട്ടുള്ള അന്വേഷണ രീതി . പക്ഷെ ഈ കേസിൽ ലോക്കൽ പോലീസ് സുമിത്രയെ നന്നായിട്ടു ചോദ്യം ചെയ്തു എന്ന് വീഡിയോ കണ്ടപ്പം എനിക്ക് മനസിലായി. ഇനിയും അതുപോലൊരു ചോദ്യം ചെയ്യലിലൂടെ കൂടുതലൊന്നും അവരിൽ നിന്ന് കിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു . അതുകൊണ്ടു ഞാൻ അന്വേഷണത്തിന്റെ രീതി ഒന്ന് മാറ്റി. ഒരു പോലീസ് ഓഫിസർ ആണെന്ന് വെളിപ്പെടുത്താതെ സിനിമാതിരക്കഥാകൃത്ത് എന്ന ലേബലിൽ ഞാൻ അവരുടെ വീടിനടുത്തു ഒരു പഴയ വീട് വാടകക്കെടുത്തു താമസമാക്കി . എന്നിട്ട് പടിപടിയായി സുമിത്രയുടെ മനസിലേക്ക് കയറികൂടി. അവർക്കു എന്നോട് കള്ളം പറയാൻ പറ്റാത്ത ഒരു മാനസിക തലത്തിലേക്ക് ഞാൻ അവരെ കൊണ്ട് എത്തിച്ചു . അതായത് പ്രതിയുടെ മനസിൽ ൽ കടന്നു കയറിയുള്ള ഒരു നുണപരിശോധന. എന്നോട് കള്ളം പറയാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിലെത്തിച്ചിട്ട് ഞാൻ അവരെ ക്വെസ്ട്യൻ ചെയ്തു, . അവരുടെ മറുപടിയിൽ നിന്ന് എനിക്ക് മനസിലായി അവരല്ല ആ കൊലപാതകം നടത്തിയതെന്ന്. ”
” അതായത് വേഷപ്രച്ഛന്നനായി ചെന്ന് താൻ അന്വേഷിച്ചുവെന്ന് . അല്ലെ ?”
” അതെ . ഇതുവരെയുള്ള എന്റെ അന്വേഷണം പ്രച്ഛന്നവേഷത്തിലായിരുന്നു. . ഞാനൊരു പോലീസ് ഓഫിസറാണെന്ന് ആ നാട്ടിൽ ആർക്കും പിടികിട്ടിയിട്ടില്ല ”
”അത് കൊള്ളാല്ലോ . അവിടെ ഒറ്റയ്ക്ക് താങ്കൾ ഇത്രയും ദിവസം എങ്ങനെ ചിലവഴിച്ചു?”
” ഞാനൊരു കഥാകൃത്തുകൂടിയാണെന്നു സാറിനറിയാമല്ലോ ? ഐ പി എസ് സെലക്ഷൻ കിട്ടുന്നതിന് മുൻപ് കുറെ കഥകളെഴുതിയിട്ടുണ്ട് . എന്റെ ഒരു കഥ സിനിമയുമാക്കിയിട്ടുണ്ട് . കുങ്കുമപ്പാടം. കുറ്റിപ്പുറം ബാലൻ എന്ന പേരിലാ അത് ഞാൻ എഴുതിയത് ”
” അത് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നല്ലോ ”
”ഉവ്വ് . കുങ്കുമപ്പാടത്തിന്റെ പ്രൊഡ്യൂസർ കുറച്ചു നാള് മുൻപ് എന്നെ വിളിച്ചു പറഞ്ഞിരുന്നു , അടുത്ത സിനിമക്ക് ഒരു കഥകൂടി എഴുതിക്കൊടുക്കണമെന്ന് . അന്ന് എന്റെ ഐ പി എസ് ട്രെയിനിങ് സമയം ആയിരുന്നതുകൊണ്ട് എഴുതാൻ പറ്റിയില്ല . പക്ഷെ ഇവിടെ താമസിച്ച കാലത്തു എനിക്കതിനു സമയം കിട്ടി. ഞാൻ ഒരു കഥ എഴുതി പൂർത്തിയാക്കി. അതിന്റെ സ്റ്റോറി ഡിസ്കഷനും കഴിഞ്ഞു . വൈകാതെ അത് സിനിമയാകും.”
” വെരി ഗുഡ് ! ഒരു വെടിക്ക് രണ്ടു പക്ഷി. അതുപോട്ടെ , യഥാർത്ഥ കൊലയാളിയെ എങ്ങനെ കണ്ടെത്തും ? ഇപ്പം ദിവസം കുറെയായില്ലേ അന്വേഷണം തുടങ്ങിയിട്ട് .”
”സാർ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ഇന്നുമുതൽ തുടങ്ങുകയാ . കൊലയാളിയെ കണ്ടു പിടിയ്ക്കാൻ പറ്റുമെന്നാ എന്റെ വിശ്വാസം .”
”വിശ്വാസം കൊണ്ടൊന്നും കാര്യമില്ല . തെളിവുവേണം തെളിവ് . അത് കിട്ടുമോ ?”
”അന്വേഷണത്തിനിടയിൽ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള എന്തെങ്കിലും ഒരു തുമ്പ് തരാതിരിക്കുമോ ദൈവം ? യഥാർത്ഥ കൊലയാളിയെ കണ്ടു പിടിച്ചില്ലെങ്കിൽ ആ പാവം പെണ്ണിന്റെ ജീവിതം കട്ടപ്പൊകയാവും . ഇപ്പ തന്നെ നാട്ടുകാര് ഒരുപാട് അവളെ വേദനിപ്പിക്കുന്നുണ്ട് . ”
”താങ്കൾ ദൈവവിശ്വാസിയാണോ ?”
” തീർച്ചയായും . ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു തരുമെന്ന് എനിക്ക് ഉറപ്പുണ്ട് സാർ ”
” ഒന്ന് രണ്ടു ആഴ്ചക്കുള്ളിൽ ഇതിനൊരു തുമ്പുണ്ടാകുമോ ?”
”ഉണ്ടാക്കണം സാർ . എന്റെ ആദ്യത്തെ കേസല്ലേ. അത് വ്യക്തമായി തെളിയിക്കാൻ പറ്റിയില്ലെങ്കിൽ നാണക്കേട് എനിക്ക് കൂടിയല്ലേ? അതുകൊണ്ടു കൊലയാളിയെ കണ്ടു പിടിച്ചേ പറ്റൂ. ദൈവം സഹായിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.”
”കൊലയാളിയെ കിട്ടിയാൽ മാത്രം പോരാ . അയാളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയും വേണം. അങ്ങനെ സമ്മതിപ്പിക്കണമെങ്കിൽ അയാൾക്ക് നിഷേധിക്കാൻ പറ്റാത്ത തെളിവുകൾ നമ്മൾ കണ്ടെത്തണം ”
” യേസ് ! ആ ഒരു വെല്ലുവിളി എന്റെ മുൻപിൽ ഉണ്ട് സാർ . അതുകൊണ്ടു എല്ലാ പഴുതുകളും അടച്ചു വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കൊലയാളിയെ കണ്ടു പിടിച്ചാലും ഞാൻ അറസ്റ്റു ചെയ്യൂ സാർ . ഇല്ലെങ്കിൽ കോടതിയിൽ കേസ് വരുമ്പോൾ നമ്മൾ നാണം കെടും . അതുകൊണ്ടു തെളിവു ശേഖരിക്കുക എന്നതാണ് ഈ അന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലി . ”
” കൊല നടന്നിട്ടു മാസങ്ങളായി . ഇനി എവിടുന്നു തെളിവ് കിട്ടാനാ ? കിട്ടിയ തെളിവൊക്കെ ലോക്കൽ പോലീസ് അരിച്ചു പെറുക്കി പരിശോധിച്ചതല്ലേ ?എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. എന്തായാലും നടക്കട്ടെ തന്റെ അന്വേഷണം . വിഷ് യു ആൾ ദ ബെസ്ററ് ”
” താങ്ക് യൂ സാർ ”
അയാൾ എണീറ്റ് പുറത്തേക്കിറങ്ങി .
സതീഷിന്‍റെ വീട്ടുപടിക്കല്‍ ഒരു പോലീസ് ജീപ്പ് വന്നുനിന്നു. ക്രൈംബ്രാഞ്ച് എഎസ്‌പി ബാലചന്ദ്രനും രണ്ടു പോലീസുകാരും ജീപ്പില്‍നിന്ന് ചാടിയിറങ്ങി.
ബ്ലാക്ക് കളറിലുള്ള പാന്‍റ്സും ഇന്‍ചെയ്ത ഫുള്‍സ്ലീവ് കോട്ടണ്‍ പിങ്ക് ഷര്‍ട്ടുമായിരുന്നു ബാലചന്ദ്രന്‍റെ വേഷം.
ഗേറ്റ് തള്ളിത്തുറന്ന് അദ്ദേഹം ധൃതിയില്‍ വീട്ടിലേക്ക് നടന്നു. പിറകെ പോലീസുകാരും.
ഡോര്‍ബെല്ലില്‍ വിരലമര്‍ത്തിയിട്ട് കാത്തുനിന്നപ്പോൾ വാതിൽ തുറക്കപ്പെട്ടു . സതീഷിന്റെ ‘അമ്മ ഭവാനിയായിരുന്നു വാതിൽക്കൽ
“സതീഷില്ലേ?”
ബാലചന്ദ്രന്‍ ചോദിച്ചു.
“ഉണ്ട്. ഉറങ്ങൂകാ.”
“വിളിക്ക്.”
ബാലചന്ദ്രന്‍ അകത്തേക്ക് കയറി നാലുപാടും ഒന്ന് നോക്കി.
പോലീസുകാര്‍ വെളിയിൽ നിന്നതേയുള്ളൂ.
അല്‍പം കഴിഞ്ഞപ്പോള്‍ ഉറക്കച്ചടവോടെ സതീഷ് സ്വീകരണമുറിയിലേക്ക് വന്നു.
ബാലചന്ദ്രനെ കണ്ടതും അയാള്‍ മനസിലാകാത്ത ഭാവത്തിൽ നോക്കി.
“ഞാന്‍ ക്രൈംബ്രാഞ്ച് എഎസ്പി ബാലചന്ദ്രന്‍ ഐ പി എസ് .” പോക്കറ്റില്‍നിന്ന് ഐഡന്‍റിറ്റി കാര്‍ഡെടുത്ത് കാണിച്ചിട്ട് അയാള്‍ തുടര്‍ന്നു: “സുകുമാരന്‍ കൊലക്കേസിനെ സംബന്ധിച്ച കുറച്ചു കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാ.”
“ഇരിക്ക്…”
“താങ്ക് യൂ.”
ബാലചന്ദ്രന്‍ സെറ്റിയില്‍ ഇരുന്നു. അഭിമുഖമായി സതീഷും.
“സുകുമാരന്‍റെ കൊലപാതകവുമായി സുമിത്രയ്ക്കെന്തെങ്കിലും ബന്ധമുള്ളതായി സതീഷിന് തോന്നിയിട്ടുണ്ടോ?”
ബാലചന്ദ്രന്‍ ആരാഞ്ഞു.
“എനിക്കങ്ങനൊന്നും തോന്നിയിട്ടില്ല. അവരു നിരപരാധിയാന്നാ ഞാനിപ്പഴും വിശ്വസിക്കുന്നത്?”
“അതിന്‍റെ കാരണം?”
“ആ കുട്ടി ഇവിടെ നിന്നാ സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത് . ഞാൻ മനസ്സിലാക്കിയിടത്തോളം അവരൊരു നല്ല സ്ത്രീയാ ”
“അവരല്ലെങ്കില്‍ പിന്നെ ആരായിരിക്കും ആ കൊല നടത്തിയത്?”
“അതെനിക്കെങ്ങനെ പറയാന്‍ പറ്റും?”
“അയാളു കൊല്ലപ്പെട്ട ദിവസം രാത്രി സതീഷിവിടെ ഉണ്ടായിരുന്നോ?”
“ഇല്ല. എന്‍റെ ബ്രദറിന് അസുഖാന്നും പറഞ്ഞ് ഫോണ്‍ വന്നതുകൊണ്ട് ഞാനും ഭാര്യയും കൂടി കൊട്ടാരക്കരയ്ക്കു പോയി.”
“എത്രമണിക്ക്?”
“ഒരു പത്തുപത്തരയായിക്കാണും.”
“എന്നിട്ട് എപ്പഴാ തിരിച്ചുവന്നത്?”
“രാവിലെയാ…”
“അപ്പഴാണോ സുകുമാരന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.”
“അതെ.”
“ഭാര്യയെ ഒന്നു വിളിക്ക്വോ?”
“ഭാര്യ ഇവിടെ ഇല്ല. അവളുടെ വീട്ടില്‍ പോയിരിക്ക്വാ.”
”എന്ന് പോയതാ ?”
” കുറച്ചു ദിവസമായി ”
” കുറച്ചു ദിവസമെന്നു പറഞ്ഞാൽ? കൃത്യമായ കണക്കില്ലേ ? ”
”ഒന്ന് രണ്ടു മാസമായി ”
” ഒന്ന് രണ്ടു മാസം ! അതെന്താ ഒന്ന് രണ്ടുമാസമായിട്ടു വീട്ടിൽ പോയി നിൽക്കുന്നത് ? നിങ്ങള് തമ്മിൽ വല്ല അഭിപ്രായ വ്യത്യാസവുമുണ്ടായോ ?”
”അവൾക്കു ചില തെറ്റിധാരണകൾ ഉണ്ടായി”
” എന്ത് തെറ്റിധാരണ ?”
”അതായത് സുമിത്രയുമായി എനിക്ക് വഴിവിട്ടബന്ധമുണ്ടെന്ന് ജയദേവൻ അവളെ തെറ്റിദ്ധരിപ്പിച്ചു. ചില വ്യാജ തെളിവുകളൊക്കെ ഉണ്ടാക്കി അവളെ തെറ്റി ധരിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു . അതിന്റെ പേരിൽ അവള് പിണങ്ങി പോയതാ .”
” എന്ത് തെളിവാ അയാള് ഉണ്ടാക്കിയത് ?”
”ഞാൻ സുമിത്രയെ ചുംബിക്കുന്ന ഒരു ഫോട്ടോ അയാൾ ഫോട്ടോഷോപ്പിൽ ഉണ്ടാക്കി പ്രിന്റ് എടുത്തു എന്റെ ഭാര്യയുടെ പേരിൽ അയച്ചു കൊടുത്തു . ”
”നിങ്ങളും ജയദേവനും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നില്ലേ ? പിന്നെന്താ ഇങ്ങനെ ചെയാൻ കാരണം ?”
അതിന്റെ കാരണം സതീഷ് വിശദമായി പറഞ്ഞു.
”നിങ്ങളുടെ ഭാര്യ പിണങ്ങിപ്പോയ വിവരം സുമിത്രക്കറിയാമോ ?”
” ഇല്ല . അവരെ കൂടുതൽ വിഷമിപ്പിക്കണ്ടല്ലോന്ന് കരുതി ഞാൻ അത് പറഞ്ഞിട്ടില്ല ”
” ജയദേവൻ അയച്ചു തന്ന ആ ഫോട്ടോ ഒന്ന് കാണിക്കുമോ ?”
”തീർച്ചയായും ”
സതീഷ് അകത്തുപോയി ഫോട്ടോ എടുത്തുകൊണ്ടു വന്നു ബാലചന്ദ്രന്റെ നേരെ നീട്ടി. അയാൾ അത് നോക്കിയിട്ടു ചോദിച്ചു
”ഇങ്ങനെയൊരു ഫോട്ടോ കിട്ടിയ കാര്യം സുമിത്രയോടു പറഞ്ഞിരുന്നോ?”
”ഇല്ല “”
” ജയദേവനെതിരെ നിങ്ങള് പോലീസിൽ പരാതി കൊടുത്തോ ?”
” ഇല്ല ”
”അതെന്താ ? ഇത്രയും നീചമായ ഒരു പ്രവൃത്തി ചെയ്തു അയാൾ നിങ്ങളുടെ കുടുംബത്തെ തകർത്തിട്ടു പരാതി കൊടുക്കാതിരുന്നത് ?”
” സത്യം പറഞ്ഞാൽ പരാതി കൊടുക്കാൻ ആദ്യം ആലോചിച്ചതാ. പിന്നെ അത് വേണ്ടാന്നു വച്ചതു സുമിത്രയെ ഓർത്താ. പരാതി കൊടുത്താൽ ഇതുമായി ബന്ധപ്പെട്ടു അവളെയും ചോദ്യം ചെയ്യുമല്ലോ . ഒരുപാട് വേദനകൾ അനുഭവിച്ച കുട്ടിയാ അത് . ഇനി ഞാൻ കാരണം കുറച്ചു വേദനകൂടി അനുഭവിക്കണ്ടാന്നു വച്ചു ,”
” എന്നുവച്ചാൽ നിങ്ങൾക്കു ഭാര്യയോടുള്ളതിനേക്കാൾ സ്നേഹം സുമിത്രയോടാണെന്നാണോ ?”
”അല്ല. ഭാര്യയുടെ പിണക്കം മാറി അവള് തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട് . പെട്ടെന്നുണ്ടായ ഷോക്കിൽ അവൾ എടുത്തു ചാടി പോയെന്നേയുള്ളു ”
”പോയതിനു ശേഷം അവര് ഫോണിൽ വിളിച്ചിരുന്നോ? ”
”ഞാൻ വിളിച്ചിരുന്നു ”
”എന്നിട്ട് ?”
”അവളോട് സംസാരിച്ചു . പക്ഷെ തിരിച്ചു വരാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് അവൾ ഇപ്പഴും എത്തിയിട്ടില്ല ”
”നിങ്ങള് പറയുന്ന പലതും തമ്മിൽ പൊരുത്തപ്പെടുന്നില്ലല്ലോ സതീഷ് . നിങ്ങളുടെ സംസാരത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഞാൻ കാണുന്നു. നിങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പെണ്ണിന്റെ മനസമാധാനത്തിനു വേണ്ടി സ്വന്തം ഭാര്യയെ അകറ്റി നിറുത്തുന്നു എന്ന് പറഞ്ഞാൽ അതങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല . ഈ ഫോട്ടോയുടെ പേരിൽ മാത്രമാണ് അവർ പിണങ്ങിപ്പോയതെങ്കിൽ നിങ്ങൾ തീർച്ചയായും ഇത് പോലീസിൽ ഏൽപ്പിച്ചു സത്യാവസ്ഥ പുറത്തുകൊണ്ടു വന്നു ജയനെതിരെ കേസെടുപ്പിക്കേണ്ടതായിരുന്നില്ലേ ? ഇത് വ്യാജഫോട്ടോയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിൽ നിങ്ങളുടെ ഭാര്യയുടെ തെറ്റിധാരണ മാറി അവർ തിരിച്ചു വരില്ലായിരുന്നോ ? എന്തുകൊണ്ട് നിങ്ങൾ അത് ചെയ്തില്ല ? അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് ?”
”ഞാൻ പറഞ്ഞല്ലോ, ഇതിന്റെ പേരിൽ സുമിത്രയെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നത് അവർക്കു വിഷമം ഉണ്ടാക്കുമെന്ന് കരുതിയാ. ഞാൻ കാരണം ഇനിയും അവര് വേദനിക്കരുതെന്നു ഞാൻ ആഗ്രഹിച്ചു .”
”അത് വിശ്വസിക്കാൻ ബുദ്ധിമുട്ടാ സതീഷ് . എന്തായാലും നിങ്ങളുടെ ഭാര്യയെ കണ്ടു എനിക്കൊന്നു സംസാരിക്കണം . അവരുടെ ഫോൺ നമ്പറും ഇപ്പം താമസിക്കുന്ന മേൽവിലാസവും കുറിച്ച് താ ”
സതീഷ് ഒരു കടലാസിൽ മഞ്ജുളയുടെ ഫോൺ നമ്പറും മേൽവിലാസവും കുറിച്ചുകൊടുത്തു .
ഫോട്ടോ തിരികെ കൊടുത്തിട്ടു സതീഷ് പറഞ്ഞു.
” ഈ ഫോട്ടോ നശിപ്പിച്ചു കളയരുത് . ഞങ്ങൾക്ക് അത് പിന്നീട് വേണ്ടി വരും ”
” ഉം ” സതീഷ് തലകുലുക്കി.
” കൊല്ലപ്പെട്ട സുകുമാരനുമായി നിങ്ങൾ പിണക്കത്തിലായിരുന്നോ? ”
” പിണക്കവും ഇണക്കവുമില്ലായിരുന്നു ”
”അയാൾക്ക് ശത്രുക്കൾ ആരെങ്കിലുമുള്ളതായിട്ടു അറിയാമോ ?”
” ഇല്ല ”
”ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം . സുമിത്രയല്ല ഈ കൊലപാതകം നടത്തിയത് . പക്ഷെ കൊലയാളി ഞങ്ങളുടെ വലയിൽ കുടുങ്ങും ; എത്ര ഉന്നതനായാലും”
” കുടുക്കണം സാർ !എന്റെയും ആഗ്രഹം അതാണ് . ആ പെണ്ണ് ഒരുപാട് കണ്ണീർ കുടിച്ചതാണ് . ഇനിയെങ്കിലും അതിനൊരു നല്ല ജീവിതം കിട്ടട്ടെ ”
”താങ്കളുടെ സഹായം ഇനിയും വേണ്ടി വരും ”
”ഒഫ് കോഴ്‌സ് ! എന്ത് സഹായം ചെയ്യാനും ഞാൻ തയ്യാറാണ് ”
” ശരി! വരട്ടെ !” എണീറ്റ് കൈകൊടുത്തിട്ടു ബാലചന്ദ്രൻ പുറത്തേക്കിറങ്ങി.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































