വൈകുന്നേരം അഞ്ചു മണി നേരം!
ആകാശത്തിന്റെ നെറുകയില്‍ കറുത്ത പഞ്ഞിക്കെട്ടുകള്‍ പോലെ മഴമേഘങ്ങളുടെ തിരയിളക്കം.
തണുത്ത കാറ്റു വീശിയപ്പോള്‍ ബാലചന്ദ്രന്‍ എണീറ്റു വാതില്‍ തുറന്നു.
മഴ ഉടനെ പെയ്യുമെന്നു തോന്നിയപ്പോൾ മുറിയില്‍ കിടന്ന ചാരുകസേരയെടുത്തു ബാലചന്ദ്രന്‍ വരാന്തയിലേക്കിട്ടു. പുതുമഴ കാണാൻ ഒത്തിരി ഇഷ്ടമാണ് ബാലചന്ദ്രന്. പുറത്തേക്ക് മിഴികള്‍ നട്ട് കസേരയില്‍ ചാരിക്കിടന്നു അദ്ദേഹം.
കിഴക്കുനിന്നു വീശിയടിച്ച കാറ്റില്‍ റബര്‍ മരങ്ങളുടെ ചില്ലകള്‍ വലിയ ശബ്ദത്തോടെ ഇളകിയാടി.
വൈകാതെ, പളുങ്കുമുത്തുകള്‍ വാരിവിതറിയതുപോലെ ആകാശത്തുനിന്നു മഴത്തുള്ളികള്‍ .
പുതു മഴയില്‍ കുതിര്‍ന്ന മണ്ണിന്‍റെ ഗന്ധം മൂക്കിലേക്കു തുളച്ചു കയറിയപ്പോള്‍ നവ്യമായ ഒരനുഭൂതി തോന്നി ..
വേനൽ മഴയിൽ ആകാശത്തു നിന്ന് ആലിപ്പഴം വീഴുന്നതു കാണാന്‍ മുറ്റത്തേക്ക് കണ്ണും നട്ടിരുന്ന ബാല്യകാലത്തെക്കുറിച്ചോർമ്മവന്നു . നനഞ്ഞ് കുളിച്ചു കൈമരവിക്കുവോളം ആലിപ്പഴം പെറുക്കി ഇറയത്തേക്കു കയറുമ്പോള്‍ അമ്മയുടെ സ്നേഹത്തോടെയുള്ള ശാസന . ”പനിപിടിക്കും, പോയി തലതുവര്‍ത്തെടാ “. എന്നാലും മഴയത്തു നിന്ന് നന്നായി ഒന്ന് കുളിച്ചിട്ടേ ഇറയത്തേക്കു കയറൂ.
മഴയത്തൊന്നു ചാടിക്കളിക്കാനും പുതുവെള്ളത്തിൽ കുളിക്കാനും ഇപ്പോഴും ഉള്ളിൽ മോഹം!
മഴ ശക്തിപ്രാപിക്കുകയാണ്.
ഇടയ്ക്കിടെ ഇടിമിന്നല്‍…ഇടിമുഴക്കം!
അകലെ ഒരു റബര്‍ മരം ഒടിഞ്ഞുവീഴുന്ന ശബ്‍ദം കേട്ടതും ബാലചന്ദ്രന്‍ ഭീതിയോടെ നോക്കി..
പൊടുന്നനെ ഒരു മിന്നലും ഇടിയും . ബാലചന്ദ്രന്‍ ഞെട്ടിപ്പോയി.
ഇനി പുറത്തിരിക്കുന്നതു പന്തിയല്ലെന്നു തോന്നിയപ്പോള്‍ അയാൾ കസേരയെടുത്തുകൊണ്ട് അകത്തേക്ക് കയറി.
ജനാല തുറന്നിട്ടിട്ട് വെളിയിലേക്ക് നോക്കി മഴയുടെ ഭംഗി ആസ്വദിച്ച് ജനാലക്കരുകിൽ, കസേരയില്‍ ചാരിക്കിടന്നു.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ പുറത്തൊരു വിളിയൊച്ച!
“ബാലേട്ടാ…”
ബാലചന്ദ്രന്‍ എണീറ്റു പുറത്തേക്കിറങ്ങിച്ചെന്നു.
വരാന്തയില്‍, മഴയില്‍ നനഞ്ഞു കുളിച്ച് അജിത്മോന്‍ നിൽക്കുന്നു .
“എന്താ മോനേ?”
ഉത്കണ്ഠയോടെ ബാലചന്ദ്രന്‍ ആരാഞ്ഞു.
“ചേച്ചി ബോധം കെട്ടുവീണു. വിളിച്ചിട്ട് എണീക്കുന്നില്ല.”
കിതച്ചുകൊണ്ട് സംഭ്രമത്തോടെ അവന്‍ നിൽക്കുകയാണ് .
“എപ്പം?”
“ഇത്തിരിമുമ്പ്, ആ ഇടിവെട്ടിയപ്പം.”
“ഈശ്വരാ!”
നെഞ്ചത്തു കൈവച്ചുപോയി ബാലചന്ദ്രൻ .
“ഒരുമിനിറ്റ് . ഞാനിപ്പ വരാം.”
അകത്തുകയറി വേഷം മാറിയിട്ട് കാറിന്‍റെയും വീടിന്റെയും താക്കോലുമെടുത്തു വേഗം ബാലചന്ദ്രന്‍ പുറത്തേക്കിറങ്ങി വീടുപൂട്ടി .
ഷെഡില്‍നിന്ന് കാറിറക്കിയിട്ട് അജിത്മോനെയും കയറ്റി നേരെ സുമിത്രയുടെ വീട്ടിലേക്ക് വിട്ടു.
വീട്ടുമുറ്റത്തു കാറു വന്നുനിന്നതും ബാലചന്ദ്രന്‍ ഇറങ്ങി ധൃതഗതിയില്‍ അകത്തേക്കുനടന്നു.
കിടപ്പുമുറിയിലെ തറയില്‍ ബോധമറ്റു വീണു കിടക്കുന്നു സുമിത്ര!
പലപ്രാവശ്യം കുലുക്കി വിളിച്ചിട്ടും കണ്ണുതുറന്നില്ല.
“ഇത്തിരി വെള്ളമെടുത്തുകൊണ്ടുവന്നേ മോനേ.”
അജിത് അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസില്‍ കുറച്ചു വെള്ളമെടുത്തു കൊണ്ട് വന്നു.
ബാലചന്ദ്രന്‍ വലതു കൈയിലേക്ക് വെള്ളം പകര്‍ന്നിട്ട് ശക്തിയായി മുഖത്തേക്ക് തളിച്ചു. പലതവണ വെള്ളം തെളിച്ചപ്പോള്‍ സാവധാനം കണ്ണു തുറന്നു.
സ്ഥലകാലബോധം വീണ്ടുകിട്ടിയപ്പോള്‍ സുമിത്ര പതിയെ എണീറ്റു. കൈപിടിച്ച് ബാലചന്ദ്രന്‍ അവളെ എണീല്‍ക്കാന്‍ സഹായിച്ചു.
“എന്തുപറ്റി?”
ബാലചന്ദ്രന്‍ ആരാഞ്ഞു.
“ഇടിവെട്ടിയപ്പം ഷോക്കടിച്ചപോലെ തോന്നി. പിന്നെ ശരീരം തളരുന്നപോലെ ഒരു അനുഭവം. തലകറങ്ങി വീണു പോയേക്കുമോന്നു തോന്നിയപ്പം ഞാൻ നിലത്തേക്കിരുന്നു. അജിത് മോനേന്ന് ഒന്ന് വിളിച്ചതു മാത്രമേ പിന്നെ ഓർമ്മയുള്ളൂ. ”
“ഇപ്പം എങ്ങനുണ്ട്? ചങ്കിന് വല്ല വേദനയോ മറ്റോ തോന്നുന്നുണ്ടോ?”
“ഇല്ല. ശരീരത്തിനൊരു ബലമില്ലാത്തതുപോലെ തോന്നുന്നുണ്ട് ”
“എന്തായാലും നമുക്ക് ഹോസ്പിറ്റലിലൊന്നു പോകാം. ഡ്രസ് മാറിക്കോ.”
“അയ്യോ അതിന്റെയൊന്നും ആവശ്യമില്ല . അതിനുമാത്രമുള്ള അവശതയൊന്നുമില്ലെന്നേ.”
” ഏതായാലും ഒരു ഡോക്ടറെ കാണുന്നതു നല്ലതാ.”
“വേണ്ടെന്നേ… എനിക്കൊന്നുമില്ലെന്നേ .”
“കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെ വാശിപിടിക്കാതെ പറയുന്നത് അനുസരിക്ക് . ”
“പോകാം ചേച്ചീ.”
അജിതും നിർബന്ധിച്ചു.
“ശരീരത്തിന് ഇത്തിരി ബലക്കുറവുപോലെയേ തോന്നുന്നുള്ളൂ. അത് ഇത്തിരി കഴിയുമ്പം അങ്ങു മാറും. ആശുപത്രീല്‍ പോകേണ്ട കാര്യമൊന്നുമില്ലെന്നേ.”
“എന്‍റെ കൂടെ പോരാനുള്ള ബുദ്ധിമുട്ട് ഓർത്താണോ ?”
“ഹേയ്… അതുകൊണ്ടല്ല.”
“പിന്നെ?”
“പോകാന്‍ തക്ക അസുഖമൊന്നുമില്ലെന്നേ.”
“ഇപ്പം ഒന്നും ഇല്ലായിരിക്കാം. പിന്നെ വല്ലതും ഉണ്ടായാലോ? പാതിരാത്രീൽ വല്ല വിഷമവും തോന്നിയാൽ എന്ത് ചെയ്യും. നിങ്ങള് രണ്ടുപേരും തനിച്ചല്ലേ ഇവിടുള്ളൂ ?”
അതിനു മറുപടി പറഞ്ഞില്ല സുമിത്ര.
“ഇനി തടസമൊന്നും പറയണ്ട. ഡ്രസ് മാറിയിട്ട് വേഗം വാ. ഞാന്‍ വെളിയില്‍ നില്‍ക്കാം.”
മറ്റെന്തെങ്കിലും പറയുന്നതിനുമുമ്പേ ബാലചന്ദ്രന്‍ പുറത്തേക്കിറങ്ങി.
മനസില്ലാമനസോടെ സുമിത്ര എണീറ്റു വേഷം മാറിയിട്ട് പുറത്തേക്കിറങ്ങി ചെന്നു. കൂടെ അജിത്മോനും വേഷം മാറി ഇറങ്ങി.
അപ്പോഴേക്കും മഴ ശമിച്ചിരുന്നു.
വരാന്തയില്‍ നിന്ന് മുറ്റത്തേക്കിറങ്ങാന്‍ സ്റ്റെപ്പിലേക്കു കാലെടുത്തുവച്ചതും തെന്നിപ്പോയി സുമിത്ര.
വീഴാന്‍ തുടങ്ങിയ അവളെ ബാലചന്ദ്രന്‍ രണ്ടു കൈകൊണ്ടും താങ്ങി. ബാലചന്ദ്രന്‍റെ കരസ്പർശമേറ്റപ്പോൾ കോരിത്തരിച്ചുപോയി അവൾ.
വീഴ്ചയില്‍ കൈതാങ്ങാകാൻ എല്ലാക്കാലത്തും ഇതുപോലൊരാള്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ എന്നവളാശിച്ചുപോയി.
ബാലചന്ദ്രന്‍ കൈപിടിച്ച് അവളെ കാറില്‍ കയറ്റി ഇരുത്തി. തൊട്ടടുത്ത് അജിത്മോനും കയറി ഇരുന്നു.
മുന്‍വാതില്‍ തുറന്ന് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് ബാലചന്ദ്രന്‍ കാറ് സ്റ്റാര്‍ട്ടുചെയ്തു.
ആശുപത്രി വളപ്പിലാണ് ആ വാഹനം പിന്നെ വന്നു നിന്നത്.
കാഷ്വാലിറ്റിയിലെ ഡ്യൂട്ടി ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തി. കുഴപ്പമൊന്നുമില്ലെന്നു കേട്ടപ്പോള്‍ സമാധാനമായി സുമിത്രയ്ക്കും അജിത്മോനും ബാലചന്ദ്രനും.
“ഞാന്‍ പറഞ്ഞതല്ലായിരുന്നോ, പോരണ്ടായിരുന്നെന്ന്.”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രനെ നോക്കി സുമിത്ര പറഞ്ഞു.
“വന്നതുകൊണ്ടെന്താ കുഴപ്പം? ഇനി ഇപ്പം സമാധാനായിട്ടിരിക്കാല്ലോ” – ബാലചന്ദ്രന്‍ ചിരിച്ചു .
“ബുദ്ധിമുട്ടായില്ലേ?”
“എനിക്കോ?”
“ഉം…”
“ഇഷ്ടമുള്ളവര്‍ക്കുവേണ്ടി ഇത്തിരി ബുദ്ധിമുട്ടുന്നത് സന്തോഷമുള്ള ഒരു കാര്യമല്ലേ ?”
”അത്രക്കിഷ്ടപ്പെടാൻ മാത്രം എന്റെ ആരാ ബാലേട്ടൻ ?”
”എല്ലാം ആണെന്ന് കൂട്ടിക്കോ ”
” എല്ലാവരും കൈ ഒഴിഞ്ഞപ്പോൾ എന്നെ സഹായിക്കാൻ ദൈവം നിയോഗിച്ച കാവൽ മാലാഖ , അല്ലെ ? ” അത് പറഞ്ഞിട്ട് സുമിത്ര കിലുകിലെ ചിരിച്ചു.
”കാവൽ മാലാഖയെന്നോ സ്നേഹദൂതനെന്നോ സുഹൃത്തെന്നോ സ്വന്തക്കാരനെന്നോ എങ്ങനെവേണമെങ്കിലും സുമിത്രക്ക് കരുതാം ”
പിന്നീട് ഒന്നും പറഞ്ഞില്ല സുമിത്ര.
ആശുപത്രിയിലെ ബില്ല് പേ ചെയ്തത് ബാലചന്ദ്രനായിരുന്നു.
തിരിച്ചുപോരാനായി കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ സുമിത്ര ചോദിച്ചു.
“എത്ര രൂപയായി ആശുപത്രിയില്?”
“ഉം… എന്തേ?”
“കാശു ഞാന്‍ തന്നേക്കാ ട്ടോ.”
“അതിന് സുമിത്ര പറഞ്ഞിട്ടല്ലല്ലോ ഞാനിങ്ങോട്ട് കൊണ്ടുവന്നത്?”
“എന്നാലും എനിക്കുവേണ്ടിയല്ലേ കാശു മുടക്കിയത്?”
“എത്രയുണ്ട് ബാങ്കില് ഡിപ്പോസിറ്റ്?”
“യ്യോ അങ്ങനൊന്നുമില്ല. അന്നന്ന് ജീവിച്ചുപോകാനുള്ളതേയുള്ളു . വേലയും കൂലിയുമില്ലാത്ത പെണ്ണിന് എവിടുന്നാ വരുമാനം ? ”
“ഞാന്‍ വെറുതെ ചോദിച്ചതാ. സീരിയസായിട്ടെടുക്കണ്ട . കേറിക്കോ, പോകാം ” – പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ഡോർ തുറന്നു പിടിച്ചു .
സുമിത്ര കാറില്‍ കയറി ഇരുന്നു. കൂടെ അജിത്മോനും.
കാര്‍ സാവധാനം മുമ്പോട്ടുരുണ്ടു.
നൂറുമീറ്റർ പിന്നിട്ട് ടൗണിലെത്തിയപ്പോള്‍ ബാലചന്ദ്രന്‍ അജിതിനോട് പറഞ്ഞു.
“നമുക്കെന്തെങ്കിലും കഴിച്ചിട്ടുപോകാം, അല്ലേ മോനെ ?”
“ഉം.”
അജിതിനു സന്തോഷമായി.
“ഒന്നും വേണ്ട. നേരം ഒരുപാടായി. നമുക്ക് നേരെ വീട്ടിലേക്ക് പോകാം” – സുമിത്ര പോകാൻ ധൃതികാട്ടി . .
“ചേച്ചി മിണ്ടാതിരി. നമുക്കെന്തെങ്കിലും കഴിച്ചിട്ടുപോകാം ബാലേട്ടാ. എനിക്ക് വിശക്കുന്നുണ്ട്.”
“അങ്ങനെയാ മിടുക്കന്മാര് പിള്ളേര് ” – ബാലചന്ദ്രന്‍ അവനെ സപ്പോർട്ട് ചെയ്തു .
ടൗണിലെ മുന്തിയ ഹോട്ടലിന്‍റെ മുമ്പില്‍ കാറുവന്നു നിന്നു. പാര്‍ക്ക് ചെയ്തിട്ട് ബാലചന്ദ്രന്‍ ഇറങ്ങി. പിന്നാലെ അജിതും.
സുമിത്ര കാറില്‍തന്നെ ഇരിക്കുന്നതുകണ്ടപ്പോള്‍ ബാലചന്ദ്രന്‍ ചോദിച്ചു:
“ഇറങ്ങുന്നില്ലേ?”
“എനിക്ക് വിശപ്പുതോന്നുന്നില്ല.”
“എന്നോടൊപ്പം വരാന്‍ ബുദ്ധിമുട്ടുണ്ടല്ലേ?”
“യ്യോ അതുകൊണ്ടല്ല. ഇപ്പത്തന്നെ നേരം ഒത്തിരി ഇരുട്ടി. ഈ നേരത്ത് എന്നെ ഇവിടെവച്ച് പരിചയക്കാരാരെങ്കിലും കണ്ടാല്‍ ഓരോന്നു പറഞ്ഞുണ്ടാക്കും.”
“പറയുന്നവര് എന്തെങ്കിലും പറയട്ടെ. നമ്മളതു കാര്യാക്കണ്ട. ഒന്നുമല്ലെങ്കിലും നമ്മള്‍ ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെചിരിച്ചു കളിച്ചു നടന്നതല്ലേ പണ്ട് . “
“എന്നാലും…”
“ഒരെന്നാലുമില്ല. ഇറങ്ങിവാ. എന്‍റെ വക ഒരു ട്രീറ്റ് ആയിട്ട് കണക്കാക്കിയാല്‍ മതി.”
ഒടുവില്‍ ബാലചന്ദ്രന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി സുമിത്ര ഇറങ്ങി .
ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു ബാലചന്ദ്രന്‍. ബാലചന്ദ്രന്‍റെ തമാശകളും ചിരിയും ഹൃദ്യമായി അനുഭവപ്പെട്ടു സുമിത്രയ്ക്ക്. മാന്യത വിട്ടുള്ള ഒരു നോട്ടമോ വാക്കോ ഒരിക്കല്‍പ്പോലും ഉണ്ടായില്ല. ഈ മനുഷ്യനെയാണല്ലോ താന്‍ ആദ്യം സംശയിച്ചുപോയതെന്ന് സുമിത്ര ഓര്‍ത്തു.
ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു.
വീട്ടിലെത്തുന്നതുവരെ തന്നെ ആരും തിരിച്ചറിയരുതേ എന്നായിരുന്നു അവളുടെ പ്രാര്‍ഥന.
വീട്ടുമുറ്റത്ത് കാര്‍ വന്നുനിന്നപ്പോഴാണ് ശ്വാസം നേരെവീണത്.
സുമിത്രയും അജിത്മോനും ഇറങ്ങി. ബാലചന്ദ്രന്‍ കാറില്‍ തന്നെയിരുന്നതേയുള്ളൂ. അയാളെ നോക്കി സുമിത്ര ബഹുമാനത്തോടെ പറഞ്ഞു:
“ഒരുപാട് നന്ദിയുണ്ട് ട്ടോ.”
“പേടിയൊക്കെ മാറിയോ?”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
”അതെന്നേ മാറി. അതുകൊണ്ടല്ലേ ബാലേട്ടൻ വിളിച്ചപ്പം കൂടെ പോരാൻ ഞാൻ തയ്യാറായത് ”
”സുമിത്ര ഒരു നല്ല കുട്ടിയാണെന്ന് തോന്നീതുകൊണ്ടാ നിർബന്ധിച്ചു ഞാൻ ആശുപത്രീൽ കൊണ്ടുപോയതും ”
“അതിന് ഒരുപാട് നന്ദിയുണ്ട് ”
”നന്ദി സ്വീകരിച്ചിരിക്കുന്നു. എന്നാൽ ഞാൻ പോട്ടെ ?”
”രാത്രിയല്ലേ, ഇറങ്ങാൻ നിർബന്ധിക്കുന്നില്ല. ”
”അതുകൊണ്ടാ ഇറങ്ങാത്തതും. ഞാൻ മൂലം ഇനി ഒരു പേരുദോഷം കൂടി ഉണ്ടാകണ്ട ”
” പൈസ ഞാൻ അടുത്തദിവസം തന്നേക്കാം ട്ടോ? ”
”കണക്ക് ഞാൻ വച്ചിട്ടുണ്ട് . പോകുമ്പം എല്ലാം കൂടി വാങ്ങിച്ചോളാം ” ബാലചന്ദ്രൻ ചിരിച്ചു .
”എന്നാ ശരി. പിന്നെ കാണാം ”
”ഓക്കേ, ബൈ ”
യാത്രപറഞ്ഞിട്ട് ബാലചന്ദ്രന്‍ കാര്‍ റിവേഴ്സെടുത്ത് ഓടിച്ചുപോയി.
സുമിത്രയും അജിത്മോനും വരാന്തയിലേക്ക് കയറി ലൈറ്റിട്ടു. എന്നിട്ട് വാതില്‍ തുറന്ന് അകത്തുകയറി.
“ബാലേട്ടന്‍ എത്രനല്ല മനുഷ്യനാ അല്ലെ ചേച്ചി . നമുക്കുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു .”
അജിത്മോന്‍ പറഞ്ഞു.
“ഉം.”
വേഷം മാറിയിട്ട് സുമിത്ര പോയി കുളിച്ചു.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ സുമിത്രയുടെ മനസുനിറയെ ബാലചന്ദ്രന്‍റെ രൂപമായിരുന്നു .
ആ ചിരി. ആ സംസാരം. ആ പെരുമാറ്റം. എല്ലാം എത്ര ഹൃദ്യമാണ്! എല്ലാവരും തന്നെ ഉപേക്ഷിച്ചുപോയപ്പോള്‍ തനിക്ക് ആശ്വാസം പകരാന്‍ ദൈവം പറഞ്ഞുവിട്ട സ്നേഹദൂതൻ തന്നെയാണോ അദ്ദേഹം? ആ കരസ്പർശത്തിന്റെ രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല.
വളരെവേഗം തന്നെ ബാലചന്ദ്രന്‍ സുമിത്രയുടെ കുടുംബസുഹൃത്തായി മാറി. സ്നേഹം കൊണ്ട് അവളെ കീഴടക്കി ആ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു അയാൾ . മിക്കപ്പോഴും അദ്ദേഹം അവളുടെ വീട്ടില്‍ വരും. അജിത്മോനോടും സുമിത്രയോടും വിശേഷങ്ങള്‍ പറഞ്ഞിരിക്കും. സുമിത്രയ്ക്ക് ഇഷ്ടപ്പെടാത്ത ഒരു വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടാകാതിരിക്കാന്‍ ബാലചന്ദ്രന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ബാലചന്ദ്രന്‍റെ സാമീപ്യം സുമിത്രയ്ക്കും ഒരാശ്വാസമായിരുന്നു . സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാന്‍ കിട്ടിയ ഒരു നല്ല സുഹൃത്ത്. കൂടെപ്പിറപ്പുകള്‍ക്കുപോലും കാണില്ല ഇത്രയും സ്നേഹവും ആത്മാര്‍ഥതയും . ആ മനുഷ്യന്‍റെ ഭാര്യയായി വരുന്ന പെണ്‍കുട്ടി എത്ര ഭാഗ്യവതിയായിരിക്കും എന്ന് അവൾ ഓർത്തു. .
മനസില്‍ ഇലകൊഴിഞ്ഞുനിന്ന വൃക്ഷം തളിരിടുന്നതായി അവൾക്കു തോന്നി.
ബാലചന്ദ്രന്‍റെ സ്നേഹവും സാമീപ്യവും എപ്പോഴും അവള്‍ കൊതിച്ചു. ഹൃദയത്തിന്റെ ശ്രീകോവിലിൽ അവളറിയാതെ തന്നെ അയാൾ കടന്നു കയറി കൂടുകൂട്ടുകയ്യായിരുന്നു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41