ജാസ്മിന്‍ പറഞ്ഞതൊന്നും ടോണി വിശ്വസിച്ചില്ല. പതിവ്രത ചമയാന്‍ ഒരു കള്ളക്കഥയുണ്ടാക്കി പറഞ്ഞു എന്നു മാത്രമേ അയാള്‍ ചിന്തിച്ചുള്ളൂ. അതുകൊണ്ടുതന്നെ അതുകേട്ടിട്ടും അയാളുടെ മുഖത്ത് ഭാവമാറ്റമൊന്നുമുണ്ടായില്ല.
ജാസ്മിന്‍ തുടര്‍ന്നു:
“രേവതിയുടെ വീട്ടില്‍ വച്ചു നടന്ന ആ സംഭവം ഞാന്‍ പപ്പയോടോ ടോണിയോടോ പറഞ്ഞില്ല. ടോണി എന്നെ തെറ്റിദ്ധരിച്ചാലോന്നു വിചാരിച്ചാ പറയാതിരുന്നത്. അതു തെറ്റായിപ്പോയി. പക്ഷേ, അപ്പോഴും ഞാന്‍ ആശ്വസിച്ചു. എന്‍റെ ശരീരം കളങ്കപ്പെട്ടിട്ടില്ലല്ലോ എന്ന് . പിന്നെ, സതീഷിനെ പരിചയമുണ്ടോന്നു ടോണി ചോദിച്ചപ്പം ഇല്ലെന്നു ഞാന്‍ പറഞ്ഞു. അപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ പറയാനാ എന്റെ മനസു തോന്നിപ്പിച്ചത് . ആ തെറ്റിന് ടോണിയോടു ഞാന്‍ ഇപ്പം മാപ്പു ചോദിക്കുന്നു.”
ജാസ്മിന്‍ കൈ ഉയര്‍ത്തി മിഴികള്‍ തുടച്ചു.
“തെളിവു സഹിതം നിന്‍റെ മുഖംമൂടി വലിച്ചു കീറിയപ്പഴാ നീ തെറ്റു സമ്മതിച്ചതെന്നോര്‍ക്കണം. അങ്ങനെയുള്ള ഒരു പെണ്ണിനോട് ഏതു പുരുഷനാടീ സ്നേഹം തോന്നുക?” – ടോണിയുടെ കണ്ണുകള്‍ ജ്വലിച്ചു.
“ടോണിയുടെ സ്നേഹം പിടിച്ചുപറ്റാനോ സഹതാപം ഇരന്നു വാങ്ങാനോ വന്നതല്ല ഞാന്‍. പോകുന്നതിനുമുമ്പ് നടന്നതെന്താണെന്ന് ഒന്നു പറയണമെന്നു തോന്നി. ടോണിക്കത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.”
“വിശ്വസിക്കില്ല. ഒരു കാലത്തും നിന്നെ ഇനി ഞാന്‍ വിശ്വസിക്കില്ല.” ഒന്ന് നിറുത്തിയിട്ട് ടോണി തുടർന്നു : ” ”ഒരു സോഡാ പോലും കഴിക്കാത്ത നീ സതീഷ് എടുത്തു തന്ന ബീയര്‍ ഒറ്റവലിക്കു കുടിക്കുന്നതു കണ്ടപ്പം എന്‍റെ ചങ്കു പിളര്‍ന്നുപോയി.”
“ഞാന്‍ പറഞ്ഞല്ലോ, അപ്പഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ പറ്റാതെ വന്നതുകൊണ്ട് ചെയ്തതാ.”
” എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഒരുമിച്ചൊരു ജീവിതം ഞാനിനി ആഗ്രഹിക്കുന്നില്ല. അത് നടക്കില്ല .”
“വേണ്ട. അങ്ങനെയൊരപേക്ഷയുമായിട്ടല്ല ഞാനിപ്പ വന്നത്. പോകുന്നതിനുമുമ്പ് ഒന്നു കണ്ട് യാത്ര പറയണമെന്നു തോന്നി. നടന്നതെന്താണെന്നു പറയണമെന്ന് തോന്നി . ഒരുപാട് വർഷം മനസിൽ കൊണ്ടുനടന്ന മുഖമല്ലേ? അവസാനമായി ഒന്നു കൂടി ഒന്ന് കാണണമെന്നു തോന്നി. അത്രേയുള്ളൂ . അതിനപ്പുറം ഒന്നും എനിക്കിനി വേണ്ട . “
ടോണി മിണ്ടിയില്ല .
ജാസ്മിന്‍ തന്‍റെ വിരലില്‍ കിടന്ന മോതിരം ഊരി ടോണിയുടെ നേരേ നീട്ടിക്കൊണ്ടു തുടര്‍ന്നു:
” ഓർമ്മയുണ്ടോ, എന്‍റെ പത്തൊമ്പതാമത്തെ ബര്‍ത്ത്ഡേയ്ക്കു ടോണി എനിക്കു സമ്മാനമായിത്തന്ന മോതിരമാണിത്. ഇതിനി ഈ വിരലില്‍ കിടന്നാല്‍ എനിക്ക് പൊള്ളും. ഇതു വാങ്ങിക്കോളൂ.”
കണ്‍പീലികള്‍ക്കിടയിലൂടെ രണ്ടു നീര്‍ച്ചാലുകള്‍ കവിളിലേക്കൊഴുകിയിറങ്ങുന്നതു ടോണി കണ്ടു . അതു കണ്ടപ്പോള്‍ ടോണിക്കും തെല്ലു പ്രയാസം തോന്നി . എങ്കിലും വെറുതെ നോക്കി നിന്നതേയുള്ളൂ അയാള്‍.
ജാസ്മിന്‍ അയാളുടെ വലതുകൈ പിടിച്ചുയര്‍ത്തിയിട്ട് ആ കൈവെള്ളയിലേക്ക് മോതിരം വച്ചു. അപ്പോള്‍ അവളുടെ മിഴികളില്‍നിന്ന് ഒരു തുള്ളി കണ്ണീര്‍ കൂടി അറിയാതെ ആ കൈവെള്ളയില്‍ വീണു പടര്‍ന്നു. ടോണിക്കു പൊള്ളുന്നതുപോലെ തോന്നി.
“നല്ലൊരു പെണ്ണിനെ കെട്ടി ടോണി സന്തോഷമായിട്ടു ജീവിക്കണം . ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ടോണിക്ക് കിട്ടാൻവേണ്ടി .”- അത് പറഞ്ഞതും അവള്‍ ഏങ്ങലടിച്ചുപോയി . ടോണി മിണ്ടിയില്ല.
” ഒരപേക്ഷയേയുള്ളു . ടോണീടെ മനസ്സില്‍ എന്നെക്കുറിച്ച് മോശമായി ഒരു ചിത്രം സൂക്ഷിക്കരുത് .” ഏങ്ങലു കള്‍ക്കിടയില്‍ അത്രയും അവള്‍ പറഞ്ഞൊപ്പിച്ചു.
ടോണി അപ്പോഴും ഒന്നും മിണ്ടിയില്ല. നിർവികാരനായി വെറുതെ നോക്കി നിന്നതേയുള്ളൂ.
“പോട്ടെ?” അവള്‍ യാത്ര ചോദിച്ചു.
”ഉം ”
മൂളിയതല്ലാതെ ടോണി തിരിച്ചൊന്നും ചോദിച്ചില്ല.
തുളുമ്പിയ കണ്ണുകള്‍ കൈകൊണ്ട് ഒപ്പിയിട്ട് അവള്‍ തിരിഞ്ഞു നടന്നു. അവള്‍ പോകുന്നതു നോക്കി ടോണി അവിടെ തന്നെ നിന്നു. തിരിഞ്ഞുനോക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല .
കൈവെള്ളയിലിരുന്ന മോതിരത്തിലേക്കു ടോണി സൂക്ഷിച്ചു നോക്കി. തിളക്കം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. അതു പോക്കറ്റിലേക്കിട്ടിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ അവൻ നടന്നകന്നു.
ജാസ്മിന്‍ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അയല്‍വീട്ടിലെ സെലിനും മകള്‍ സിതാരയും അവിടെയുണ്ടായിരുന്നു.
“ജാസ്മിന്‍ എവിടെപ്പോയതായിരുന്നു? ഞങ്ങളു വന്നപ്പം കണ്ടില്ല?” സെലിൻ ആരാഞ്ഞു .
“ഞാന്‍ വെറുതെ ഈ പറമ്പിലൊന്നു ചുറ്റിക്കറങ്ങാൻ പോയതാ. അവസാനത്തെ ദിവസമല്ലേ . എല്ലാം ഒന്നുകൂടി ഒന്ന് കാണണമെന്ന് തോന്നി “- അവള്‍ നേരെ കിടപ്പു മുറിയിലേക്കു പോയി. കട്ടിലിൽ കയറി തളർന്നു കിടന്നു. മനസിന്റെ പ്രയാസം കൂടിവരികയാണെന്നു തോന്നി. പിറന്നവീടും നാടും ഉപേക്ഷിച്ചു പോകുന്നതോർത്തപ്പോൾ ചങ്കുപൊട്ടുന്ന വേദന തോന്നി.
സന്ധ്യമയങ്ങിയപ്പോൾ ആഗ്നസും അനുവും അങ്ങോട്ട് വന്നു. മേരിക്കുട്ടിയും ജാസ്മിനുംകൂടി സാധനങ്ങള്‍ പായ്ക്കു ചെയ്യുകയായിരുന്നു ആ സമയം. അനുവും ആഗ്നസും അവരെ സഹായിക്കാൻ കൂടി. രാത്രി അവിടെനിന്നാണ് അവര്‍ അത്താഴം കഴിച്ചത്. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ആഗ്നസ് പറഞ്ഞു:
“ടോണിയോടും ഇങ്ങോട്ടു വരാന്‍ ഞാൻ പറഞ്ഞതായിരുന്നു. അപ്പം അവന് ആശുപത്രീല്‍ ഇന്ന് നൈറ്റ് ഡ്യൂട്ടിയുണ്ടത്രേ. ഡോക്ടറായേപ്പിന്നെ അവനെ കണികാണാനേയില്ല ”
“ടോണിയെകണ്ട് ഞാന്‍ യാത്ര പറഞ്ഞായിരുന്നു ആന്‍റീ.” – ജാസ്മിന്‍ പറഞ്ഞു.
“പഴയ ടോണിയല്ല ഇപ്പം. ആളു വല്ല്യ സീരിയസാ. എന്നോടു പോലും മിണ്ടാന്‍ അവനിപ്പം വല്യ വാലാ. ഡോക്ടറായതിന്‍റെ ഗമയാ.” – ആഗ്നസ് സങ്കടം പറഞ്ഞു.
“ഏയ്…. അതൊക്കെ ആന്‍റിക്കു തോന്നുന്നതാ. ഇന്ന് എന്നോട് ഒരുപാട് സംസാരിച്ചല്ലോ. പഴേ ടോണിക്ക് ഒരു മാറ്റവുംവന്നിട്ടില്ല ” – ഒരു പപ്പടമെടുത്തു കടിച്ചു കൊണ്ടു ജാസ്മിന്‍ പറഞ്ഞു.
അത്താഴം കഴിഞ്ഞ് ഏറെനേരം അവര്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. പത്തുമണി കഴിഞ്ഞപ്പോള്‍ ആഗ്നസും അനുവും പോകാനായി എണീറ്റു. അതുകണ്ടപ്പോൾ ജാസ്മിന്‍ പറഞ്ഞു:
“ഈ രാത്രീലിനി പോകണ്ട ആന്‍റീ. ടോണി അവിടെ ഇല്ലല്ലോ. ഇന്നിവിടെ കിടക്കാം. നമുക്കെല്ലാവര്‍ക്കുംകൂടി വര്‍ത്തമാനം പറഞ്ഞ് ഈ വീട്ടിൽ കിടക്കാം . എന്‍റെ അനുക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടക്കാന്‍ എനിക്കൊരാഗ്രഹം. കൊച്ചുന്നാളില്‍ എത്രയോ ദിവസം ഞങ്ങളൊരുമിച്ച് കിടന്നുറങ്ങീട്ടുള്ളതാ “
ജാസ്മിന്‍ അനുവിനെ തന്നിലേക്കു ചേര്‍ത്തുപിടിച്ചിട്ട് കവിളില്‍ ഒരുമ്മ നല്‍കി.
“ഞാനിവിടുന്നു പോയാലും എന്നെ മറക്കരുത് കേട്ടോ മോളേ” അനുവിനെ കെട്ടിപ്പിടിച്ചു ജാസ്മിൻ പറഞ്ഞു.
“മറക്കാന്‍ പറ്റ്വോ ജാസേച്ചി ഞങ്ങള്‍ക്ക്?” അനുവിന്റെ കണ്ഠം ഇടറി.
അവളും ജാസ്മിനെ കെട്ടിപ്പിടിച്ച് ഒരുമ്മ നല്‍കി.
“മോളുടെ ആഗ്രഹമല്ലേ. ഇന്നിവിടെ കിടന്നേക്കാം.” – ആഗ്നസ് സമ്മതം മൂളി.
രാത്രി ഒരുപാട് നേരം അവര്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. പഴയ സംഭവങ്ങള്‍ പലതും അയവിറക്കി. ഉറങ്ങാന്‍ നേരം കിടക്കയില്‍ അനുവിനെ കെട്ടിപ്പിടിച്ചു കിടന്നാണ് ജാസ്മിന്‍ ഉറങ്ങിയത്.
രാവിലെ എണീറ്റ് ആഗ്നസും അനുവും അവരുടെ വീട്ടിലേക്കു മടങ്ങി.
ബെഡ് കോഫി കുടിച്ചിട്ട് ജാസ്മിന്‍ വരാന്തയിലെ കസേരയില്‍ വന്നിരുന്നു. മേരിക്കുട്ടി വന്നു നോക്കിയപ്പോള്‍ ശിരസ്സു ചലിക്കാതെ ദൂരേക്കു മിഴികൾ നട്ടിരിക്കയായിരുന്നു അവള്‍.
“എന്നാ മോളേ പറ്റിയേ? മരിച്ച വീട്ടില്‍ കുത്തിയിരിക്കുന്നപോലെ ജീവനില്ലാതെ ഇങ്ങനെ ഇരിക്കുന്നെ ?”
“ഒന്നുമില്ലമ്മേ.’
“നിനക്കു വിഷമമുണ്ടോ ഇവിടുന്ന് പോകാന്‍?”
പുറത്തു തലോടിക്കൊണ്ടു മേരിക്കുട്ടി ചോദിച്ചു.
“ഉം..” – അവള്‍ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു:
“അന്യനാട്ടില്‍ ആരും സഹായത്തിനില്ലാതെ നമ്മളു രണ്ടു പെണ്ണുങ്ങള്‍ മാത്രം എങ്ങനെ ജീവിക്കും അമ്മേ ! പപ്പ ഉണ്ടായിരുന്നെങ്കില്‍….” ഏങ്ങലടിച്ചു കരഞ്ഞുപോയി അവള്‍.
“കുറച്ചു ദിവസത്തേക്കേ ആ ബുദ്ധിമുട്ടാണ്ടാകൂ മോളേ. അവിടുള്ളോരു ഇവിടുത്തേക്കാൾ നല്ല മനുഷ്യരാണന്നല്ലേ കുഞ്ഞാങ്ങള പറഞ്ഞത്.”
“ചേച്ചിയെ കാണാന്‍ പറ്റിയേലല്ലോ അമ്മേ. ഇവിടായിരുന്നെങ്കിൽ വല്ലപ്പോഴുമെങ്കിലും പോയി ഒന്ന് കാണാമായിരുന്നു ”
”വല്ലപ്പഴും ഇങ്ങോട്ട് വരാം മോളേ.”
“ചേച്ചീടെ ജീവിതവും തകര്‍ന്നൂന്നാ തോന്നുന്നെ. ഒരു കുഞ്ഞിനെ ദൈവം ഇതുവരെ കൊടുത്തില്ലല്ലോ ചേച്ചിക്ക് .”
“അതൊക്കെ കൊടുക്കും മോളെ. നമ്മളു പ്രതീക്ഷിക്കുന്ന സമയത്ത് കിട്ടിയെന്നു വരില്ല. അവളുടെ കൊഴപ്പംകൊണ്ടാന്നല്ലേ അവളു പറഞ്ഞത്? ട്രീറ്റ്മെന്‍റൊക്കെ കഴിയുമ്പം എല്ലാം ശരിയാകും. ഞാന്‍ വേളാങ്കണ്ണി മാതാവിന് ഒരു നേര്‍ച്ച നേര്‍ന്നിട്ടുണ്ട്.” – മേരിക്കുട്ടി അവളെ ഓരോന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.
“നീ ഡ്രസുമാറ്. നമുക്കു സിമിത്തേരിയിൽ പോയി പപ്പാടെ ശവക്കല്ലറയില്‍ കുറച്ചു പൂക്കൾ വയ്ക്കണം .”
“ഈ വീടും പറമ്പും വിറ്റതിന് പപ്പാടെ ആത്മാവു നമ്മളോടു പൊറുക്കുമോ അമ്മേ.”
“പൊറുക്കും മോളേ. നിന്‍റെ നന്മയ്ക്കുവേണ്ടിയാന്നു പപ്പായ്ക്കറിയാല്ലോ. സ്വര്‍ഗ്ഗത്തിലിരുന്നു പപ്പ എല്ലാം കാണുന്നുണ്ടല്ലോ. മോള് എണീറ്റു വേഷം മാറ്.”
ജാസ്മിന്‍ എണീറ്റുപോയി വേഷം മാറിയിട്ടു വന്നു. മുറ്റത്തരികിലെ പൂച്ചെടികളില്‍നിന്നു അവൾ കുറെ പൂക്കള്‍ ഇറുത്തെടുത്തു ഒരു പ്ലാസ്റ്റിക് കൂടിനുള്ളിലാക്കി . അപ്പോഴേക്കും മേരിക്കുട്ടി ഡ്രസുമാറി പുറത്തേക്കു ഇറങ്ങി വന്നിരുന്നു. രണ്ടുപേരും സാവധാനം പള്ളിയിലേക്കു നടന്നു.
സിമിത്തേരിയിൽ, പപ്പയുടെ ശവക്കല്ലറ മേരിക്കുട്ടിയും ജാസ്മിനും ചേര്‍ന്നു തുടച്ചു വൃത്തിയാക്കി. എന്നിട്ട് കൊണ്ടുവന്ന പൂക്കള്‍ അതിന്റെ പുറത്തു ഭംഗിയായി അലങ്കരിച്ചു വച്ചു. പിന്നെ, പപ്പയുടെ ആത്മശാന്തിക്കായി കണ്ണടച്ചു കൈകൂപ്പിനിന്നു പ്രാര്‍ത്ഥന ചൊല്ലി രണ്ടുപേരും.
സിമിത്തേരിയില്‍ നിന്നിറങ്ങി നേരെ പള്ളിമേടയിലേക്കു നടന്നു. അച്ചനെ കണ്ടു യാത്ര പറഞ്ഞു. രണ്ടുപേര്‍ക്കും ഓരോ കൊന്ത നല്‍കിയിട്ടു അച്ചന്‍ പറഞ്ഞു: “എവിടായിരുന്നാലും കര്‍ത്താവിനെ മറന്നൊരു ജീവിതം നയിക്കരുത്. അവിടെ പള്ളീം പട്ടക്കാരനുമൊക്കെ ഉണ്ടല്ലോ അല്ലേ?”
“ഉണ്ടച്ചോ.”
“എന്നാ ചെല്ല്. സന്തോഷകരമായ ഒരു ജീവിതം നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ .” അച്ചന്‍ അവരുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു .
“ഇവളുടെ കല്യാണം വേഗം നടക്കാന്‍ അച്ചന്‍ പ്രാര്‍ത്ഥിക്കണം കേട്ടോ .” ജാസ്മിനെ ചൂണ്ടി മേരിക്കുട്ടി പറഞ്ഞു.
“അതാണല്ലോ എന്‍റെ തൊഴില്. നിങ്ങള് പറഞ്ഞില്ലെങ്കിലും ഞാൻ പ്രാര്‍ത്ഥിക്കും മോളെ.”
അച്ചന്‍ രണ്ടുപേരെയും സമാധാനിപ്പിച്ചു പറഞ്ഞയച്ചു. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ കുര്യാക്കോസ് വരാന്തയിലിരുപ്പുണ്ടായിരുന്നു. അവരെ കണ്ടതേ തെല്ലു ദേഷ്യത്തോടെ കുര്യാക്കോസ് പറഞ്ഞു:
“അരമണിക്കൂറായി ഞാന്‍ വന്നിട്ട്. എവിടെ പോയതായിരുന്നു?”
“സിമിത്തേരീല്‍ പോയി. പിന്നെ അച്ചനേം പോയി കണ്ടു.’ – മേരിക്കുട്ടി വരാന്തയിലേക്കു കയറുന്നതിനിടയിൽ പറഞ്ഞു.
“പതിനൊന്നു മണിയാകുമ്പം ലോറി വരും. എല്ലാം പാക്കു ചെയ്തുവച്ചില്ലേ?”
“ഉം.”
”ലോറിയിൽ തന്നെ നമുക്കും പോകാം .അതിനു വേറെ വണ്ടിയൊന്നും വിളിച്ചിട്ടില്ല ”
”ഒരു കാറ് വിളിക്കായിരുന്നു ” മേരിക്കുട്ടി പറഞ്ഞു.
”അതിന്റെ ആവശ്യമില്ലെന്നേ . നമ്മള് മൂന്നുപേരല്ലെയുള്ളൂ . ലോറിയേൽ അഡ്ജസ്റ് ചെയ്തിരിക്കാം. അതുഞാൻ ഡ്രൈവറോട് പറഞ്ഞിട്ടുണ്ട്. ഒരു ടാക്സി വിളിച്ചാൽ എത്ര രൂപ കൊടുക്കണമെന്ന് അറിയാമോ ? ചുമ്മാ കാശുകളയുന്നതെന്തിനാ? അല്ലെ കൊച്ചേ? ”
കുര്യാക്കോസ് ജാസ്മിനെ നോക്കി . അവൾ പക്ഷേ , ഒന്നും മിണ്ടിയില്ല
പത്തേമുക്കാലായപ്പോള്‍ അലീന വന്നു. അവള്‍ തനിച്ചാണു വന്നത്. ഈപ്പന് അത്യാവശ്യമായി എവിടെയോ പോകണമെന്നു പറഞ്ഞു രാവിലെ സ്ഥലം വിട്ടത്രേ.
യാത്ര അയക്കാൻ അയൽക്കാർ ഓരോരുത്തരായി വന്നുതുടങ്ങി .
പതിനൊന്നുമണിയായപ്പോൾ ലോറി വന്നു. രണ്ടുമൂന്നു ചുമട്ടുകാരുമുണ്ടായിരുന്നു ലോറിയില്‍. അവര്‍ വീട്ടുസാധനങ്ങൾ ഓരോന്നായി കയറ്റാന്‍ തുടങ്ങി. അയല്‍ക്കാരും സഹായിച്ചു. ഉച്ചക്കുമുമ്പേ എല്ലാം ലോറിയിൽ കയറ്റി കയറുകൊണ്ടു കെട്ടി ചുമട്ടുകാര്‍ അവരുടെ ജോലി തീര്‍ത്തു കൂലിയും വാങ്ങി സ്ഥലം വിട്ടു.
ഉച്ചയായപ്പോൾ അനു ഓടി വന്നിട്ട് പറഞ്ഞു: “ഊണു വീട്ടില് റെഡിയാക്കീട്ടുണ്ട്. അങ്ങോട്ട് വരാൻ അമ്മ പറഞ്ഞു.”
മേരിക്കുട്ടി കുര്യാക്കോസിനെ നോക്കി.
“നിങ്ങളു പോയി കഴിച്ചിട്ടു പോരെ. ഞാന്‍ വെളീന്നു കഴിച്ചോളാം.” – കുര്യാക്കോസ് വരാന്തയിലെ ആരഭിത്തിയിൽ കയറി ഇരുന്നു .
മേരിക്കുട്ടിയും ജാസ്മിനും അനുവിനോടൊപ്പം ആഗ്നസിന്‍റെ വീട്ടിലേക്കു നടന്നു.
ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മേരിക്കുട്ടി ആഗ്നസിനോട് പറഞ്ഞു: “ടോണിയെ കണ്ടില്ലല്ലോ. അവനോടു ഞാനൊന്നു യാത്ര പറഞ്ഞില്ല.”
“അവന് ഹോസ്പിറ്റലിൽ തിരക്കാന്നു പറഞ്ഞു. സമയം കിട്ടുമെങ്കില്‍ വരാന്നു പറഞ്ഞിട്ടുണ്ട്.”
അതുകേട്ടപ്പോള്‍ ജാസ്മിന്‍ ഒന്നു നെടുവീര്‍പ്പിട്ടു. അവള്‍ക്കറിയമായിരുന്നു; തിരക്കായതുകൊണ്ടല്ല തന്നെ കാണാനുള്ള മടികൊണ്ടാണ് വരാത്തതെന്ന്.
ഊണുകഴിഞ്ഞ് എണീറ്റു കൈകഴുകി. ടൗവ്വലെടുത്തു കൈതുടച്ചിട്ടു മേരിക്കുട്ടി ആഗ്നസിന്‍റെ കരം പുണര്‍ന്ന് യാത്ര ചോദിച്ചു.
”വരട്ടെ ”
ആഗ്നസിന്‍റെ കണ്ണു നിറഞ്ഞു തുളുമ്പി.
“പത്തിരുപത്തഞ്ചു വര്‍ഷത്തെ സ്നേഹബന്ധം മുറിയുന്നതോര്‍ക്കുമ്പം…” പൂര്‍ത്തീകരിക്കാനാവാതെ ആഗ്നസ് പൊട്ടിക്കരഞ്ഞുപോയി.
“വല്ലപ്പോഴും ഇങ്ങോട്ടൊക്കെ വരണം ട്ടോ”
“ഉം…” മേരിക്കുട്ടി തലയാട്ടി. അവരുടെയും കണ്ണു നിറഞ്ഞു തുളുമ്പിയിരുന്നു. ജാസ്മിന്‍ ആരും കാണാതെ മാറിനിന്നു നിശബ്ദമായി കരയുകയായിരുന്നു.
മുറ്റത്തേക്കിറങ്ങിയപ്പോൾ അനു ഒരു കടലാസുപൊതിയുമായി ഓടിയെത്തി.
“ജാസേച്ചീ.” – വിളികേട്ട് ജാസ്മിന്‍ തിരിഞ്ഞു നോക്കി.
കടലാസു പൊതി അവളുടെ നേരേ നീട്ടിക്കൊണ്ടു അനു പറഞ്ഞു: “കുറച്ച് അവലോസുണ്ടയാ . ചേച്ചിക്ക് അവലോസുണ്ട വല്യ ഇഷ്ടാണല്ലോ.”
കടലാസുപൊതി വാങ്ങിയിട്ട് അനുവിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് കവിളില്‍ ഒരു മുത്തം നല്‍കി അവള്‍.
“മോളു നന്നായിട്ടു പഠിക്കണംട്ടോ. പഠിച്ചു ടോണിയേക്കാള്‍ വല്യ ആളാകണം . ഈ ചേച്ചീടെ പ്രാര്‍ത്ഥന എന്നും മോള്‍ക്കുണ്ടായിരിക്കും.”
‘ഉം.” അനു തലകുലുക്കി.
വീട്ടിലേക്കു നടക്കുമ്പോള്‍ ആഗ്നസും അനുവും അവരെ അനുഗമിച്ചു .
കുര്യാക്കോസ് അവരെ നോക്കി അക്ഷമയോടെ മുറ്റത്ത് നില്‍പ്പുണ്ടായിരുന്നു. വാച്ചില്‍ നോക്കിയിട്ട് അയാള്‍ ദേഷ്യത്തോടെ പറഞ്ഞു:
“സമയം ഒരുപാടായി. ഇനി വൈകിയാല്‍ അങ്ങെത്തുമ്പോഴേക്കും നേരം ഇരുട്ടും. കേറ് വേഗം.”
അലീനയെ കെട്ടിപ്പിടിച്ചു ജാസ്മിൻ കരഞ്ഞു.
”ഇനി എന്നാ ചേച്ചിയെ ഒന്ന് കാണാൻ പറ്റുക ?”
ഒരുപൊട്ടിക്കരച്ചിലായിരുന്നു അതിനു മറുപടി.
അത് കണ്ടു നിന്നവരുടെയും കണ്ണ് നിറഞ്ഞു.
”സമയം കളയാതെ ഒന്ന് കേറുന്നുണ്ടോ ?” കുര്യാക്കോസിന്റെ ശബ്ദം കനത്തു .
എല്ലാവരോടും ഒരിക്കല്‍ക്കൂടി യാത്ര പറഞ്ഞിട്ട് ലോറിയുടെ മുന്‍സീറ്റില്‍ മേരിക്കുട്ടി ആദ്യം കയറി. പിന്നെ ജാസ്മിനും കുര്യാക്കോസും.
ഡ്രൈവര്‍ ലോറി സ്റ്റാര്‍ട്ട് ചെയ്തു. യാത്ര അയയ്ക്കാന്‍ വന്നവരെ നോക്കി ജാസ്മിന്‍ കൈവീശി. തിരിച്ച് അവരും കൈവീശി . അലീന മുഖം പൊത്തി കരയുകയായിരുന്നു. ഒരിക്കല്‍ക്കൂടി ജാസ്മിൻ വീടിനു നേരേ കണ്ണ് പായിച്ചു . പോകട്ടെ? മൗനമായി അവള്‍ വീടിനോടു യാത്ര ചോദിച്ചു . കരയാതിരിക്കാൻ ചുണ്ടുകള്‍ കടിച്ചമര്‍ത്തി.
ജനിച്ച വീടും വളര്‍ന്ന മണ്ണും ഉപേക്ഷിച്ചു പോകുകയാണ്. രണ്ടു പതിറ്റാണ്ടുകാലം ഓടിക്കളിച്ചു നടന്ന മുറ്റം ഇനി വിസ്മൃതിയിലേക്ക്! ഷാളുകൊണ്ട് അവള്‍ കണ്ണുകൾ ഒപ്പി.
ലോറി മുറ്റത്തു നിന്ന് റോഡിലേക്കിറങ്ങിയപ്പോള്‍ അവള്‍ വെളിയിലേക്കു തലനീട്ടി നോക്കി. അവസാനമായി ഈ പറമ്പ് ഒരിക്കല്‍ക്കൂടി ഒന്ന് കാണട്ടെ.
ലോറി സാവധാനം മുൻപോട്ടു നീങ്ങി . ജാസ്മിന്‍ കണ്ണുകളടച്ച് ബാക്ക് സീറ്റിലേക്കു ചാരി ഇരുന്നു. കണ്‍പീലികള്‍ നനച്ചുകൊണ്ട് രണ്ടു തുള്ളി കണ്ണുനീര്‍ പളുങ്കുമണികള്‍പോലെ പുറത്തേക്കു ചാടാന്‍ വെമ്പി, കണ്‍കോണുകളില്‍ തങ്ങി നിന്നു.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21