ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ കുറുക്കൻമല സെന്റ് ജോസഫ്‌സ് പള്ളിയില്‍ വച്ച് ജയിംസ് ജാസ്മിന്‍റെ കഴുത്തില്‍ മിന്നു കെട്ടി. ഇടവക വികാരിയാണ് വിവാഹം ആശീർവദിച്ചത് .
ജാസ്മിന്‍റെ ബന്ധുക്കളെന്നു പറയാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെയും ക്ഷണിച്ചില്ലെന്നതാണു സത്യം. ക്ഷണിക്കേണ്ടെന്നു ജാസ്മിനായിരുന്നു നിര്‍ബന്ധം. ആഗ്നസിനേയും ടോണിയേയും വിവരമറിയിച്ചതേയില്ല. കുര്യാക്കോസ് അങ്കിളിനെ പോലും അറിയിക്കേണ്ടെന്നു അവൾ പറഞ്ഞു .
ലളിതവും ആര്‍ഭാടരഹിതവുമായിരുന്നു ചടങ്ങ്.
വിവാഹാനന്തരം പാരീഷ്ഹാളില്‍ ചെറിയൊരു സദ്യ മാത്രം.
ചടങ്ങുകള്‍ കഴിഞ്ഞ് ജാസ്മിന്‍ ജയിംസിനോടൊപ്പം കാറില്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടിലേയ്ക്ക് യാത്രയായി.
ജയിംസിന്‍റെ അമ്മ സാറാമ്മയും അച്ചായന്‍ ജേക്കബുകുട്ടിയും ചേര്‍ന്ന് നെറ്റിയിൽ കുരിശു വരച്ചു ജാസ്മിനേയും ജയിംസിനേയും വീട്ടിനുള്ളിലേയ്ക്കു കൈപിടിച്ചു കയറ്റി.
സാമാന്യം നല്ല വാർക്ക വീടാണ്.
നാലോ അഞ്ചോ മുറികള്‍.
ജാസ്മിന്‍ എന്തുചെയ്യണമെന്നറിയാതെ സങ്കോചത്തോടെ നില്‍ക്കുമ്പോള്‍ ജയിംസിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വന്നു സ്വയം പരിചയപ്പെടുത്തി. അവളോട് വിശേഷങ്ങൾ തിരക്കി. എല്ലാവരും നല്ല സ്നേഹമുള്ളവരാണെന്നു ജാസ്മിനു തോന്നി.
ജയിംസിന്‍റെ പെങ്ങള്‍ മിലി അടുത്തുവന്നിരുന്ന് അവളോട് കുശലം പറഞ്ഞു.
സന്ധ്യ മയങ്ങിയപ്പോഴേയ്ക്കും ബന്ധുക്കളുടെ തിരക്കൊഴിഞ്ഞു.
ജാസ്മിന്‍ പോയി നന്നായി കുളിച്ച് വേഷം മാറി വന്നു.
പ്രാർത്ഥന കഴിഞ്ഞു അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവള്‍ അമ്മയേപ്പറ്റി ഓര്‍ത്തു.
അമ്മ വീട്ടില്‍ തനിച്ചിരിക്കുകയാവുമോ?
ശേഖരപിള്ളയുടെ ഭാര്യ സൗദാമിനിയെ കൂട്ടിനു വിളിച്ചുകിടത്തണമെന്നു പറഞ്ഞിട്ടാണ് താന്‍ പോന്നത് . അമ്മ അതൊന്നും ചെയ്തിട്ടുണ്ടാവില്ല. ഒറ്റയ്ക്കിരുന്ന് ഓരോന്നോര്‍ത്തു കരയുകയാവും. പാവം അമ്മ .
അത്താഴം കഴിഞ്ഞ് അവൾ അമ്മയോടും മിലിയോടും കുറേ നേരം വർത്തമാനം പറഞ്ഞിരുന്നു.
ഉറക്കം കണ്ണുകളെ തഴുകിയപ്പോള്‍ സാറാമ്മ അവളെ മണിയറയിലേക്ക് ആനയിച്ചു.
മണിയറയുടെ വാതില്‍ തുറന്ന് അകത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഉള്ളില്‍ തകിലുമേളമായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ ചൂട് അറിയാൻ പോകുന്നു. ദാമ്പത്യത്തിന്റെ മാധുര്യം അനുഭവിക്കാൻ പോകുന്നു.
അകത്തു കയറിയപ്പോൾ കണ്ടു . ജയിംസ് കട്ടിലില്‍ ചെരിഞ്ഞു കിടന്ന് ഉറങ്ങുകയാണ് . ആൾ ഇത്രപെട്ടെന്ന് ഉറക്കം പിടിച്ചോ ?
വാതിലടച്ച് കുറ്റിയിട്ട് അവൾ ചെന്നു കട്ടിലിന്‍റെ ഓരത്തിരുന്നു.
ജയിംസിന്‍റെ മുഖത്തേയ്ക്കവള്‍ കണ്ണിമയ്ക്കാതെ നോക്കി.
സുന്ദരനാണ്. ഈ സൗന്ദര്യം ഹൃദയത്തിലുണ്ടാകുമോ?
“ജയിംസ് …”
മെല്ലെ ആ ദേഹത്ത് കൈ തൊട്ടു വിളിച്ചു.
ജയിംസ് ഞെട്ടി കണ്ണു തുറന്നു.
ജാസ്മിനെ കണ്ടതും അയാള്‍ വേഗം എണീറ്റു.
“സോറി, ക്ഷീണം മൂലം ഞാനൊന്ന് മയങ്ങിപ്പോയി “.
“സാരമില്ല ”
“അമ്മ കത്തിവച്ചു കൊന്നുല്ലേ?”
‘ഏയ്. വിശേഷങ്ങൾ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല ”
”അമ്മ അങ്ങനാ. ഇഷ്ടമുള്ളവരോട് ഒരുപാടു സംസാരിക്കും “
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
പാൽ നിറച്ച ഗ്ളാസ് അവൾ ജെയിംസിന് കൈമാറി. പാതി കുടിച്ചിട്ട് ജെയിംസ് ബാക്കി അവൾക്കു നീട്ടി . ഒറ്റ വലിക്കു ഗ്ലാസ് കാലിയാക്കിയിട്ട് ഒഴിഞ്ഞ ഗ്ളാസ് അവൾ മേശപ്പുറത്തു വച്ചു.
ജയിംസ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
” ഇന്നലെ രാത്രി ഞാൻ ഉറങ്ങിയതേയില്ല . ഉറങ്ങാന്‍ പറ്റിയില്ല. നമ്മുടെ കുടുംബജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ ഓർത്തു സ്വപ്നം കണ്ടുകിടക്ക്വായിരുന്നു”. മുടിയിഴകളിൽ വിരലുകൾ ഓടിച്ചുകൊണ്ട് അവൻ തുടർന്നു :
” ഞാനൊരു ഭാഗ്യവാനാ . ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ ജീവിതസഖിയായി കിട്ടിയല്ലോ . ആദ്യ ദിവസം പള്ളിയിൽ വച്ച് കണ്ടപ്പോൾ തന്നെ മനസ്സിൽ പ്രതിഷ്ടിച്ചതാ ഈ രൂപം. മോള്‍ക്കെന്നെ ഇഷ്ടമല്ലാന്നു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നു പോയേനെ. ” .
ആ വാക്കുകള്‍ കേട്ടപ്പോള്‍ ജാസ്മിന്‍ കോരിത്തരിച്ചുപോയി. സന്തോഷാതിരേകത്താല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“മരിക്കുന്നതുവരെ ഈ സ്നേഹം ഉണ്ടാവണം ട്ടോ”‘.
ഭര്‍ത്താവിന്‍റെ കൈകളെടുത്ത് നെഞ്ചോടു ചേര്‍ത്തു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“മരിക്കുന്നതുവരെയല്ല. മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴും നമ്മളൊന്നിച്ചായിരിക്കും”.
“ഞാന്‍ മറ്റൊരാളെ സ്നേഹിച്ചിരുന്നു എന്നറിഞ്ഞിട്ടും ഇത്രയും സ്നേഹം എന്നോടു തോന്നാന്‍ എന്തു പ്രത്യേകതയാ എനിക്കുള്ളത്…?”
“എന്തോ, മറ്റാരോടും തോന്നാത്ത ഒരടുപ്പം എനിക്കു തോന്നി. ഒരു പക്ഷേ ദൈവത്തിന്റെ പദ്ധതി ആയിരുന്നിരിക്കാം നമ്മളെ തമ്മിൽ അടുപ്പിച്ചത് ”
ജയിംസ് അവളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു . റോസാ ദളങ്ങൾ പോലുള്ള അധരങ്ങളിൽ മൃദുവായി തലോടി.. എന്നിട്ടു സ്നേഹ വായ്‌പോടെ ആ അധരങ്ങളിൽചുംബിച്ചു. .ജാസ്മിന്റെ ശ്വാസഗതി വർദ്ധിച്ചു . ജെയിംസിനെ അവൾ ഇരു കൈകൾ കൊണ്ടും ഗാഢമായി പുണർന്നു . ജയിംസിന്‍റെ സിരകള്‍ക്കു ചൂടുപിടിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ഒരു മുല്ലവള്ളി പോലെ അയാള്‍ അവളിലേയ്ക്ക് പടര്‍ന്നു കയറി. അവന്റെ കൈകൾ ദേഹത്ത് കുസൃതികാട്ടിയപ്പോൾ ജാസ്മിനും വികാര തരളിതയായി. നിർവൃതിയുടെ അനന്ത വിഹായസിലേക്കു താൻ പറന്നു പറന്നു പോകുന്നതുപോലെ അവൾക്ക് തോന്നി.
പട്ടണത്തിലെ താമസം ആഗ്നസ്സിന് ഒട്ടും പിടിച്ചില്ല.
ചുറ്റുപാടും താമസിക്കുന്നത് സ്വാര്‍ത്ഥമതികളാണ്. ആര്‍ക്കും ആരോടും സ്നേഹമോ അടുപ്പമോ ഇല്ല. അധികം പേരും ജോലിക്കാരാണ്. അടുത്ത വീട്ടില്‍ താമസിക്കുന്നവര്‍ ആരാണെന്നോ എന്താണെന്നോ അവര്‍ അന്വേഷിക്കാറില്ല . എല്ലാവർക്കും തിരക്കോടു തിരക്ക് ..
ജയിലില്‍ കിടക്കുന്നതാണ് ഇതിനേക്കാള്‍ ഭേദമെന്ന് ആഗ്നസ്സിനു തോന്നി.
ആരോടു പറയാനാണ് തന്‍റെ വേദനകളും പ്രയാസങ്ങളും?
ടോണി ആതിര പറയുന്നതുപോലെയേ കേള്‍ക്കൂ…!.
വീടും പുരയിടവും വിറ്റത് അബദ്ധമായിപ്പോയി എന്ന് ആഗ്നസ്സിനു തോന്നി.
പുതിയ വീടു വാങ്ങിയ വകയില്‍ ബാങ്കിൽ കടമുണ്ട്.
അത്രയും വിലകൂടിയ വീട് വാങ്ങേണ്ടെന്ന് ആഗ്നസ്സ് ആവർത്തിച്ച് പറഞ്ഞതാണ്. ആതിര സമ്മതിച്ചില്ല. കടമെടുത്തായാലും വലിയ വീടുവാങ്ങണമെന്ന് അവള്‍ക്കായിരുന്നു നിര്‍ബന്ധം!.
ടോണിക്ക് അനുസരിക്കാതിരിക്കാന്‍ നിവൃത്തിയില്ലാതെ വന്നു .
അനുവിനു വിവാഹാലോചനകള്‍ വരുന്നുണ്ട്. പക്ഷേ നീട്ടിക്കൊണ്ടു പോകാനാണ് ടോണിക്കും അതിരക്കും താല്പര്യം. സ്ത്രീധനം കൊടുക്കാന്‍ പണമില്ല.
ഒരിക്കല്‍ ആഗ്നസ് പറഞ്ഞു :
” വീടുവിറ്റുകിട്ടിയ തുകയില്‍ അനുവിന്റെ ഷെയർ ബാങ്കിലിടണമെന്ന് ഞാനന്നേ പറഞ്ഞതല്ലായിരുന്നോ?”
അതു കേട്ടപ്പോള്‍ ടോണിക്കു ദേഷ്യം വന്നു.
” അമ്മ ഇത്ര വേവലാതിപ്പെടുന്നതെന്തിനാ? കടമെടുത്തായാലും അവളുടെ കല്യാണം ഞാന്‍ നടത്തിക്കൊടുക്കും.”
” എപ്പഴെങ്കിലും നടത്തിയാ മതിയോ മോനേ? അവള്‍ക്കു വയസ്സെത്രയായീന്നാ വിചാരം?”
” തലക്കു തീ പിടിച്ചിരിക്കുമ്പോഴാ ഓരോ ചൊറിയുന്ന വര്‍ത്തമാനവുമായി വരുന്നത് ” ടോണി അമ്മയെ നോക്കി പല്ലിറുമ്മി .
സംസാരം കേട്ട് ആതിര അങ്ങോട്ടു വന്നു.
” വീടു വാങ്ങിയ വകയില്‍ കുറച്ചു കടമുണ്ടെന്ന് അമ്മക്കറിയാല്ലോ. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അതു വീട്ടാം. അതു കഴിഞ്ഞാല്‍ അനുവിന്റെ കല്യാണം ഗംഭീരായിട്ടു നമുക്ക് നടത്താം.”
“നിങ്ങളുടെ കടം വീട്ടുന്നതിനു വേണ്ടി അവളുടെ ജീവിതം തുലയ്ക്കണമെന്നാണോ നീ പറയുന്നത്?”
“അതിനിപ്പം ജീവിതം തുലയാന്‍ ഇവിടെ എന്താ ഉണ്ടായേ? കല്യാണം നടത്തില്ലെന്ന് ആരും പറഞ്ഞില്ലല്ലോ? അത്രയ്ക്കു ധൃതിയായിരുന്നെങ്കില്‍ അമ്മേം മോളും തനിച്ചു താമസിച്ച കാലത്ത് അങ്ങ് നടത്തിക്കൊടുക്കരുതായിരുന്നോ?”
ആഗ്നസ്സിനു നെഞ്ചു വിങ്ങിക്കഴച്ചു.
സംഭാഷണം കേട്ടുകൊണ്ട് അനു അങ്ങോട്ടിറങ്ങി വന്നു.
” എന്നെ പ്രതി ആരും വഴക്കു കൂടണ്ട. എന്റെ കല്യാണം നടന്നില്ലേലും എനിക്കു വിഷമമില്ല. “
അനു കരയാതിരിക്കാന്‍ പണിപ്പെട്ടു.
” ആതിരേടെ സ്വര്‍ണ്ണാഭരണങ്ങളു പണയം വച്ചാല്‍ കുറെ രൂപ കിട്ടില്ലേ?”
ആഗ്നസ്സ് ഒരു പോംവഴി നിര്‍ദ്ദേശിച്ചു.
അതു കേട്ടതും ആതിര മുന്നോട്ടു ചാടി.
“അപ്പം അതാണു തള്ളേടെ മനസ്സിലിരുപ്പ് ! എന്‍റെ സ്വര്‍ണ്ണം പണയം വച്ച് നിങ്ങടെ മോളെ കെട്ടിക്കാന്‍. … നാണമില്ലല്ലോ നിങ്ങള്‍ക്കിതു പറയാന്‍. എന്‍റെ പപ്പാ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് വാങ്ങിച്ചതാ. അതു നിങ്ങടെ മോള്‍ക്കു കൊടുക്കാനുള്ളതല്ല.”
“അവളുടെ ഷെയറു കൊണ്ടു കൂടിയല്ലേ ആതിരേ ഈ വീടു വാങ്ങിയത്?”
” അതു നിങ്ങടെ മോനോടു ചോദിക്ക് .” ആതിര പല്ലു ഞെരിച്ചു കൊണ്ടു തുടര്‍ന്നു. ” ഒറ്റയ്ക്കു താമസിച്ചിട്ടെന്തിനാ ഇങ്ങോട്ടു വലിഞ്ഞു കയറി വന്നത് ? ആരെങ്കിലും ക്ഷണിച്ചായിരുന്നോ?”
ആഗ്നസ്സിന് ഉത്തരം മുട്ടി.
നെഞ്ചു വല്ലാതെ വിങ്ങി
വയ്യ…
ഈ പരിഹാസവും അവഹേളനവും സഹിക്കാന്‍ വയ്യ!
മരുമകള്‍ അമ്മയെ പരിഹസിക്കുന്നതു കണ്ടിട്ട് മകന്‍ മുനിയെപ്പോലെ കണ്ണടച്ചിരിക്കുന്നതു കണ്ടില്ലേ ?
അത്രേയുള്ളൂ മകന്റെ സ്നേഹം!
ആതിര തുടര്‍ന്നു.
“സത്യം പറയാല്ലോ. നിങ്ങളു വന്നു കയറിയതോടെ ഈ വീട്ടിലെ സന്തോഷം തീർന്നു . ഞാനും ടോണീം ഇവിടെ മനസ്സമാധാനത്തോടെ കഴിഞ്ഞിരുന്നതാ. അതില്ലാതായി”
” ആതിര മിണ്ടാതിരിക്ക്”
ടോണി താക്കീതു ചെയ്തു.
“ഈ കുരിശ് എത്ര കാലം ചുമക്കണം… വയ്യ…”
ചവിട്ടിത്തുള്ളിക്കൊണ്ട് അവൾ അകത്തേയ്ക്ക് കയറിപ്പോയി.
ടോണിക്കു ആത്മനൊമ്പരം തോന്നി. അമ്മയോട് ആതിര അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ വിലക്കേണ്ടതായിരുന്നു അവളെ.
പക്ഷേ….
തനിക്കതിനു കഴിയുന്നില്ല .
ആതിരയുടെ മുമ്പില്‍ താന്‍ ഭീരുവായി പോകുന്നതെന്തേ?
“അമ്മേ….”
ടോണി മൃദുവായി വിളിച്ചു.
അതിന് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. കരഞ്ഞുകൊണ്ട് ആഗ്‌നസ് എണീറ്റ് തന്‍റെ മുറിയിലേയ്ക്കു പോയി.
“നമ്മുടെ അമ്മ പാവമല്ലേ ചേട്ടാ. ഇങ്ങനൊക്കെ പറഞ്ഞു വേദനിപ്പിച്ചാല്‍….”
വാചകം പൂര്‍ത്തിയാക്കാനാകാതെ അനുവും അമ്മയുടെ മുറിയിലേക്ക് പോയി.
ടോണി ഏറെ നേരം താടിക്കു കയ്യും കൊടുത്ത് ചിന്താധീനനായി സ്വീകരണമുറിയിൽ തന്നെ ഇരുന്നു. എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലായിരുന്നു അവൻ.
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആതിര പറഞ്ഞു:
” നിങ്ങടെ തള്ളേടെ കണ്ണീരും കരച്ചിലും കണ്ടു ഞാൻ മടുത്തു. ”
” അമ്മ ഒന്നും മനസ്സില്‍ വച്ചോണ്ടു പറയുന്നതല്ല. അനുവിന്‍റെ കല്യാണം നടക്കാത്തതില്‍ അമ്മക്ക് ഒരുപാടു വിഷമമുണ്ട്. അതിപ്പം ഏതമ്മക്കാണെങ്കിലും വിഷമം ഉണ്ടാകില്ലേ?”
“എന്നാ ഏതെങ്കിലുമൊരു കോന്തന്‍റെ തലേല്‍ പിടിച്ചുകെട്ടി കൊടുക്കവളെ. അമ്മേടെ പ്രയാസം തീരട്ടെ “.
” സ്ത്രീധനം കൊടുക്കാന്‍ കാശു വേണ്ടേ?”
“പപ്പേടെ കയ്യീന്നു കുറച്ചു കാശ് കടം വാങ്ങി ഞാന്‍ തരാം. അവളുടെ കല്യാണം നടത്തിക്കൊട്. അമ്മേടെ പ്രയാസം തീരട്ടെ.”
ആതിര ഒന്നു തിരിഞ്ഞു കിടന്നു.
ടോണിക്ക് ആ വാക്കുകള്‍ ആശ്വാസം പകര്‍ന്നു.
അനുവിന്‍റെ കല്യാണം എത്രയും വേഗം നടത്തണം. അമ്മയുടെ വേദനയും വിഷമവും തീരട്ടെ. ഇല്ലെങ്കില്‍ അമ്മയുടെ ശാപം കിട്ടും.
പിറ്റേന്നു മുതല്‍ തിരക്കിട്ടു വിവാഹാലോചന തുടങ്ങി.
നല്ല ആലോചനകള്‍ പലതും സ്ത്രീധന തുകയുടെ പേരില്‍ വഴിമാറി പോയി.
സ്ത്രീധനത്തിന് കണക്കു പറയാതിരുന്നവര്‍ക്ക് ഓരോരോ ന്യൂനതകളുണ്ടായിരുന്നു.
സ്വഭാവ ദൂഷ്യം, സാമ്പത്തിക ബുദ്ധിമുട്ട്, ശാരീരിക വൈകല്യം, അങ്ങനെ പലതും.
ആഗ്നസ്സിനും അനുവിനും ഒരാളെയും പിടിച്ചില്ല.
വന്ന ആലോചനകളൊക്കെ ഓരോരോ കാരണം പറഞ്ഞ് ആഗ്നസ്സ് ഒഴിവാക്കി വിടുന്നതു കണ്ടപ്പോള്‍ ആതിര പൊട്ടിത്തെറിച്ചു.
” ഇങ്ങനെ ഓരോന്നോരോന്നായി ഒഴിവാക്കി വിട്ടാല്‍ മകളു മൂത്തു നരച്ചിവിടെ നില്‍ക്കത്തേയുള്ളൂ.”
“ഏതെങ്കിലുമൊരു ചെറുക്കന്‍റെ തലേല്‍ പിടിച്ചു കൊടുത്താല്‍ മതിയോ മോളേ? അവള്‍ക്കു നല്ലൊരു കുടുംബജീവിതമുണ്ടായിക്കാണാന്‍ ആഗ്രഹമില്ലേ?”ആഗ്നസ് ചോദിച്ചു .
“നല്ല ചെറുക്കനെ കിട്ടണോങ്കില്‍ തുട്ടെണ്ണിയങ്ങു കൊടുക്കണം. എന്നാ സമ്പാദിച്ചു വച്ചിട്ടുണ്ട് നിങ്ങളു മകളുടെ പേരില്‍? എന്‍റെ പപ്പാടെ കാശു കൊണ്ടാ ഇപ്പം കെട്ടിച്ചു വിടാന്‍ നോക്കുന്നത്. വല്ല്യ കൊമ്പത്തൊന്നും പിടിക്കാന്‍ നോക്കണ്ട. ഒരു നാലുലക്ഷം ഉലുവയ്ക്കുള്ള പയ്യനെ നോക്കിയാൽ മതി. അമ്പാനിയെയും ആദാനിയെയുമൊന്നും കിട്ടില്ല നാലുലക്ഷത്തിന് . അതോർത്തോണം ”
”അവളുടെ ഷെയറായിട്ട് പതിനഞ്ചു ലക്ഷം രൂപ ഇല്ലേ ?”
” അതുകൊണ്ടല്ലേ ഈ വീട് വാങ്ങിയത് ? ”
”അവൾക്കും കൂടി അവകാശപ്പെട്ടതല്ലേ ഈ വീട് ?”
”ഈ വീട് എന്റെ പേരിലാ എഴുതിയിരിക്കുന്നത് . മര്യാദക്ക് നിന്നാൽ ഇവിടെ നിൽക്കാം . അല്ലെങ്കിൽ ഇറങ്ങിപ്പോക്കോ രണ്ടും ”
” മിണ്ടാതിരി ആതിരേ ” ടോണി ശാസിച്ചു . ആ ശാസന പക്ഷേ ദുർബലമായിരുന്നു
ഹൃദയത്തിലൂടെ ഒരീര്‍ച്ചവാള്‍ കടന്നുപോയതുപോലെ തോന്നി ആഗ്നസ്സിന്.
സ്വന്തം പേരിലുണ്ടായിരുന്ന വീടും പുരയിടവും വിറ്റ് പണം കൊടുത്തിട്ട് ഇപ്പോള്‍ പറയുന്നതു കേട്ടില്ലേ?
ടോണി അതൊക്കെ കേട്ടിട്ട് നിര്‍വ്വികാരനായി ഇരിക്കുന്നല്ലോ ?
അനുവിന്‍റെ വിഹിതം ബാങ്കിലിടണമെന്ന് താന്‍ എത്ര തവണ പറഞ്ഞതാണ് . എന്നിട്ടു കേട്ടോ?
പെങ്ങളുടെ കല്യാണം ഗംഭീരമായി നടത്തുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മുനിയെപ്പോലെ മുഖം കുമ്പിട്ട് ഇരിക്കുന്നതു കണ്ടില്ലേ?
“ഞങ്ങളു തീരുമാനിക്കുന്ന കല്യാണത്തിനു സമ്മതമാണെങ്കില്‍ അമ്മേം മോളും ഇവിടെ നിന്നാല്‍ മതി..അല്ലെങ്കിൽ പൊയ്‌ക്കോ .”
ആതിരയ്ക്കു രോഷം അടക്കാനായില്ല .
ആഗ്നസ്സ് നിസ്സഹായതയോടെ ടോണിയെ നോക്കി.
ടോണി പറഞ്ഞു
“അമ്മയ്ക്കറിയാല്ലോ; കുറച്ചു കടമുണ്ട് . അതുകൊണ്ട് ഒരുപാടു സ്ത്രീധനമൊന്നും കൊടുക്കാന്‍ പറ്റില്ല. വല്ല നാലോ അഞ്ചോ ലക്ഷം …..”
“വേണ്ട” അനു പറഞ്ഞു. “ആരുടേം ഔദാര്യത്തില്‍ എന്നെ കെട്ടിച്ചു വിടണ്ട. ഞാന്‍ വല്ല അഗതി മന്ദിരത്തിലും പൊയ്ക്കൊള്ളാം.”
“തനിച്ചു പോകണ്ട . തള്ളേം കൂട്ടിക്കോ ” ആതിര പറഞ്ഞു.
“ആതിര വായടക്ക് “
ടോണി വിലക്കി
“ടോണി കേട്ടില്ലേ അവളു പറഞ്ഞത് ? അഗതി മന്ദിരത്തില്‍ പൊക്കോളാന്ന് . ആരെ തോല്പിക്കാനാ? നമ്മളെ. .പോകട്ടെ. പുകഞ്ഞ കൊള്ളി പുറത്ത്…”
തളര്‍ന്നു വീണു പോകാതിരിക്കാന്‍ ആഗ്നസ് പാടുപെട്ടു.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33














































