സുമിത്ര വല്ലാതെ വിഷാദമൂകയായിരുന്നു.
സതീഷിന്‍റെ മൊബൈലിൽ വിളിച്ചിട്ട് റിംഗ് ഉണ്ട് . പക്ഷേ, ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. പലതവണ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫാക്കി .
എന്തുപറ്റി അദ്ദേഹത്തിന്? സതീഷേട്ടനും തന്നെ വെറുത്തോ ? ചിലപ്പോൾ തിരക്കിലായിരിക്കും. തിരിച്ചു വിളിക്കുമായിരിക്കും. അങ്ങനെ പ്രതീക്ഷിച്ചെങ്കിലും സതീഷ് ഒരിക്കൽപ്പോലും തിരിച്ചു വിളിച്ചില്ല .
നിശ്ചയിച്ച വിവാഹം വേണ്ടെന്നുവയ്ക്കാന്‍ ജയദേവന്‍ തയാറായിക്കാണില്ലായിരിക്കും . തന്‍റെ കരച്ചിലു കേള്‍ക്കാന്‍ കരുത്തില്ലാത്തതുകൊണ്ടാകും സതീഷേട്ടൻ ഫോണ്‍ എടുക്കാത്തത്. ഇനി വിളിച്ചു ശല്യം ചെയ്യുന്നില്ല ! മനസുണ്ടെങ്കില്‍ ഇങ്ങോട്ട് വിളിക്കട്ടെ. ഇല്ലെങ്കിൽ വേണ്ട . എല്ലാവരും തന്നെ ഉപേക്ഷിച്ചോട്ടെ . മരണം വരെ ഇനി ഒറ്റയ്ക്ക് താൻ ജീവിച്ചോളാം .
അങ്ങനെ ചിന്തിച്ചിട്ട് സുമിത്ര ദീര്‍ഘമായി ഒന്നു വിശ്വസിച്ചു.
അന്ന് ഉച്ചകഴിഞ്ഞ നേരം!
കിണറിനു സമീപത്തെ അലക്കുകല്ലിൽ അജിത്തിന്റെ ഷര്‍ട്ടും നിക്കറും കഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഗേറ്റുകടന്ന് രണ്ടുപേര്‍ മുറ്റത്തേക്ക് വരുന്നതു സുമിത്ര കണ്ടു. അലക്കു നിറുത്തിയിട്ട് കൈകഴുകി, തോര്‍ത്തെടുത്ത് കൈ തുടച്ചിട്ട് അവള്‍ വീട്ടിലേക്ക് ചെന്നു.
ഏകദേശം അറുപത്തഞ്ചു വയസ് പ്രായമുള്ള ഒരു കാരണവരും മുപ്പതു മുപ്പത്തഞ്ചു വയസ് തോന്നിക്കുന്ന യുവാവുമാണ് വന്നിരിക്കുന്നത്. കാരണവരുടെ കയ്യിൽ ഒരു കാലൻ കുടയുണ്ട് . സുമിത്രയെ കണ്ടതും യുവാവ് സൂക്ഷിച്ചൊന്നു നോക്കി
“ഈ മുല്ലയ്ക്കലെ വീട്?”
മുറ്റത്തുനിന്ന് കാരണവര്‍ വിളിച്ചു ചോദിച്ചു.
“ഇതു തന്നെയാ .”സുമിത്ര പറഞ്ഞു
“സുമിത്ര?”
“ഞാനാ.”
സുമിത്രയുടെ നെഞ്ചിടിപ്പ് കൂടി. ആരാണ് അവരെന്ന് അവൾക്കു പിടികിട്ടിയില്ല.
അടുത്തേക്ക് വന്നിട്ട് ചെറുപ്പക്കാരൻ പറഞ്ഞു.
“ഞങ്ങൾ ഇത്തിരി ദൂരേന്നു വരികാ. കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാ ”
“കേറി വാ .”
ആഗതരെ വരാന്തയിലേക്ക് ക്ഷണിച്ചിട്ട് സുമിത്ര അകത്തു നിന്ന് രണ്ടു കസേര എടുത്തു പുറത്തേക്കിട്ടു..
“ഇരിക്ക്.”
രണ്ടുപേരും കസേരയില്‍ ഇരുന്നു.
“ഇവിടെ തനിച്ചേയുള്ളോ?”
കാരണവര്‍ നാലുചുറ്റും നോക്കിയിട്ട് ചോദിച്ചു.
“അല്ല, എനിക്കൊരു അനുജൻ ഉണ്ട്. അവന്‍ സ്കൂളില്‍ പോയിരിക്ക്വാ.”
അവര്‍ എന്തിനാണ് വന്നതെന്നോര്‍ത്തു സുമിത്രയ്ക്കു വേവലാതിയായി .
“എന്‍റെ പേര് കൃഷ്ണന്‍ നായര്‍. ഇത് എന്‍റെ മൂത്തമകളുടെ ഭര്‍ത്താവ് മോഹനചന്ദ്രന്‍. ഞങ്ങളു വന്നത് ഒരു കാര്യം അറിയാനാ. അതിനുമുമ്പ് ഒരപേക്ഷയുണ്ട്. ചോദിക്കുന്നതിന് സത്യായിട്ടുള്ള മറുപടിയേ പറയാവൂ.”
സുമിത്രയ്ക്ക് ദേഷ്യം വന്നു ആ സംസാരം കേട്ടപ്പോൾ. ഇയാളെന്താ പോലീസ് ഓഫിസറെ പോലെ?
“എന്താ അറിയേണ്ടത്?” രസിക്കാത്ത ഭാവത്തിൽ സുമിത്ര ചോദിച്ചു.
ചോദിക്ക് എന്ന അര്‍ഥത്തില്‍ കാരണവര്‍ മരുമകനെ കണ്ണുകാണിച്ചു. അച്ഛന്‍ ചോദിച്ചോളൂ എന്നു യുവാവും കണ്ണുകാണിച്ചു.
“എനിക്കിത്തിരി തിരക്കുണ്ട്.”
സുമിത്ര അസ്വസ്ഥത പ്രകടിപ്പിച്ചു.
കസേരയില്‍ ഒന്നുറച്ചിരുന്നിട്ട് കൃഷ്ണന്‍ നായര്‍ സുമിത്രയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ടു ചോദിച്ചു:
“ഈ ജയദേവന്‍ സുമിത്രേടെ ആരാ?”
“എന്‍റമ്മാവന്‍റെ മകനാ.”
“അതായത് മുറച്ചെറുക്കന്‍.”
“ഉം.”
“നിങ്ങളു തമ്മിലുള്ള കല്യാണം നിശ്ചയിച്ചിരുന്നതാണോ?”
“അതെ. എന്തേ?”
സുമിത്രയ്ക്ക് ഉൽകണ്ഠ വര്‍ധിച്ചു.
“എന്‍റെ മോള് ഹരിതയും ജയദേവനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്ക്വാ. കഴിഞ്ഞദിവസം ഞങ്ങള്‍ക്കൊരു ഊമക്കത്തു വന്നു. നിങ്ങളു തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണെന്നും അതു മുടക്കരുതെന്നും മുടക്കിയാല്‍ ദൈവശാപം കിട്ടുമെന്നുമൊക്കെ. അന്വേഷിച്ചപ്പം അതു ശരിയാണെന്നു ഞങ്ങള്‍ അറിഞ്ഞു. എന്നാ നേരിട്ടുകണ്ടു ചോദിച്ച് ഉറപ്പുവരുത്താല്ലോന്നു കരുതി വന്നതാ.”
സുമിത്രയുടെ കണ്ണുകള്‍ നിറയുന്നതു കാരണവരും യുവാവും ശ്രദ്ധിച്ചു.
അവൾ ചുണ്ടുകൾ കടിച്ചമർത്തി വിഷമം ഒതുക്കാൻ പാടുപെട്ടു. .
കൃഷ്ണന്‍നായരും മോഹനചന്ദ്രനും പരസ്പരം നോക്കി.
“ഞാന്‍ ചോദിച്ചതു ബുദ്ധിമുട്ടായോ ?”
“ഹേയ്..”. കണ്ണുതുടച്ചിട്ട് സുമിത്ര തുടര്‍ന്നു: “നിങ്ങളു പറഞ്ഞതു നേരാ. ഞങ്ങളു തമ്മിലുള്ള വിവാഹം കൊച്ചുന്നാളിലെ തീരുമാനിച്ചിരുന്നതാണ്. രണ്ടുപ്രാവശ്യം വിവാഹത്തീയതിയും നിശ്ചയിച്ചതാണ്. രണ്ടും മുടങ്ങി. ഒരിക്കല്‍ ഇന്‍വിറ്റേഷന്‍ കാര്‍ഡുപോലും പ്രിന്‍റ് ചെയ്തതായിരുന്നു.”
“എന്തേ അതു മുടങ്ങിപ്പോകാൻ കാരണം? “മോഹനചന്ദ്രന്‍ ചോദിച്ചു.
“ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ജയേട്ടന്‍ അകന്നുപോയതാ. അതൊക്കെ വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ ഇപ്പം .”
“വേണ്ട. കാര്യങ്ങൾ കുറെയൊക്കെ ഞങ്ങള്‍ അറിഞ്ഞു.”
സുമിത്ര ഒന്നും മിണ്ടിയില്ല.
”സുമിത്രേടെ സമ്മതത്തോടെയാണോ ജയന്‍ ഞങ്ങളുമായുള്ള ഈ കല്യാണം ആലോചിച്ചത്?”
കൃഷ്ണന്‍ നായര്‍ ചോദിച്ചു.
“അല്ല…”
”വിഷമമുണ്ടോ മോള്‍ക്ക്?”
“വിഷമമുണ്ടെന്നു പറഞ്ഞാല്‍ അത് പരിഹരിക്കാൻ പറ്റുമോ നിങ്ങൾക്ക് ? ഇല്ലെന്നു വിശ്വസിച്ചു സമാധാനത്തോടെ പോയി കല്യാണം നടത്തിക്കൊള്ളൂ . എനിക്ക് ഒരു പരാതിയും ഇല്ല . ഞാനതു മുടക്കാനും വരില്ല ”
“ഈ കണ്ണീരുകണ്ടിട്ടു ഞങ്ങള്‍ക്കു സമാധാനത്തോടെ പോയി കല്യാണം നടത്താൻ പറ്റ്വോ മോളെ ? ജയന്‍റെ ഹിസ്റ്ററിയൊന്നും അന്വേഷിക്കാതെയാ ഞങ്ങളു കല്യാണം നിശ്ചയിച്ചത്. അതു മണ്ടത്തരമായിപ്പോയി. എന്തായാലും കല്യാണം നടക്കുന്നതിനുമുമ്പ് കാര്യങ്ങള്‍ അറിഞ്ഞല്ലോ. അത് ദൈവാനുഗ്രഹമായി ”
കാരണവര്‍ അവളെ സമാധാനിച്ചു.
“എനിക്കുവേണ്ടി നിശ്ചയിച്ച കല്യാണം വേണ്ടെന്നുവയ്ക്കണ്ട. ഹരിതയ്ക്കതു വെഷമമാകും. ഒരു പെണ്ണിന്‍റെ വിഷമോം വേദനേം എനിക്കു നന്നായിട്ടറിയാം. ഞാനത് അനുഭവിച്ചവളാണല്ലോ.”
“ഒരു പെണ്ണിന്‍റെ ശാപം കിട്ടുന്നതിനേക്കാള്‍ വലുതല്ലല്ലോ നിശ്ചയിച്ച കല്യാണം വേണ്ടെന്നുവയ്ക്കുന്നത്.”
മോഹനചന്ദ്രന്‍ പറഞ്ഞു.
“ഞാനാരേം ശപിക്കില്ല. സമാധാനമായിട്ടു പൊയ്‌ക്കോള്ളൂ ”
“ഞങ്ങളു ജയദേവനോട് പറയാം, നിങ്ങളു തമ്മിലുള്ള കല്യാണം നടത്താന്‍.”
കൃഷ്ണന്‍ നായര്‍ ആശ്വസിപ്പിച്ചു.
സുമിത്ര ഒന്നും പറഞ്ഞില്ല.
“എങ്ങനെയെങ്കിലും ഞങ്ങളിതു നടത്തിത്തരാന്‍ പറ്റുമോന്നു നോക്കാം. നിങ്ങളുതമ്മിലുള്ള കല്യാണനിശ്ചയ ത്തെപ്പറ്റി ഞങ്ങൾ വൈകിയാ അറിഞ്ഞത് ”
“എല്ലാവരും എന്നെ വിട്ടുപോയി. എന്‍റമ്മയും അച്ഛനുമെല്ലാം. ഒടുവിൽ ജയേട്ടനും. ഇപ്പം കണ്ണീരു മാത്രമേ ഉള്ളൂ എനിക്ക് കൂട്ട് ”
സുമിത്ര ഷാളിന്‍റെ അറ്റംകൊണ്ട് മിഴികള്‍ തുടച്ചു.
“ഒക്കെ കലങ്ങി തെളിയൂന്നേ. ഞങ്ങളു പ്രാര്‍ഥിക്കാം.”
കൃഷ്ണന്‍ നായരും മോഹനചന്ദ്രനും എണീറ്റു.
“പോകല്ലേ. ഞാന്‍ ചായ എടുക്കാം.”
“ഒന്നും വേണ്ട മോളെ . ഞങ്ങളിതൊന്നറിയാന്‍വേണ്ടി മാത്രം വന്നതാ. ജയദേവന്‍റെ കൂട്ടുകാരന്‍ സതീഷിനെ ഞങ്ങളു കണ്ടിരുന്നു. സതീഷ് കുറെ കാര്യങ്ങൾ പറഞ്ഞു .സതീഷാ ഇവിടത്തെ അഡ്രസ് തന്നത്. ” ഒന്ന് നിറുത്തിയിട്ട് കാരണവർ തുടർന്നു :”കാറിലാ വന്നതേ . വണ്ടി റോഡിൽ ഇട്ടിരിക്കുവാ . വീടിതാണോന്ന് ഒരു സംശയം ഉണ്ടായിരുന്നു . പലരോടും ചോദിച്ചാ കണ്ടു പിടിച്ചത് ”
യാത്രപറഞ്ഞിട്ട് കൃഷ്ണന്‍ നായരും മോഹനചന്ദ്രനും വെളിയിലേക്കിറങ്ങി റോഡിലേക്ക് നടന്നു .
പ്രിന്‍റുചെയ്തു കൊണ്ടുവന്ന വിവാഹക്ഷണക്കത്തിലൂടെ സീതാലക്ഷ്മി കണ്ണുകള്‍ ഓടിച്ചു.
മനോഹരമായിരിക്കുന്നു!
വെളുത്ത പ്രതലത്തില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്ത ഓരോ വാചകവും അവര്‍ സസൂക്ഷ്മം വായിച്ചു.
“നന്നായിട്ടുണ്ട് കേട്ടോടാ.. ഇത് ഒരെണ്ണത്തിന് എന്നാ വിലയായെടാ ?”
”അന്പത് രൂപയോളമായി . ഒന്നും കുറക്കണ്ട അമ്മെ . എല്ലാം ഭംഗിയായിട്ടിരിക്കട്ടെ . കാശിനു നമുക്ക് ബുദ്ധിമുട്ടില്ലല്ലോ . ഇനിയിപ്പം സ്ത്രീധനം എത്രയാ കിട്ടാൻ പോണത് . അടിപൊളിയായിട്ടു നടത്തണം നമുക്കീ കല്യാണം ”
” വേണമെടാ . ഒരു കല്യാണമല്ലേ ഉള്ളൂ . നമുക്കതു ഗംഭീരമായിട്ടു തന്നെ നടത്തണം ”
“കവറിലാക്കി അഡ്രസെഴുതുന്ന ജോലി അമ്മയെ ഏൽപ്പിക്കുവാ .”
“അതു ഞാനിന്നും നാളെയുമായിട്ട് ചെയ്തു തീർത്തേക്കാം .”
“സ്വന്തക്കാരെയൊക്കെ ഫോണില്‍ വിളിച്ചാ മതി അമ്മേ.”
“കുറെപ്പേരെയെല്ലാം ഞാന്‍ വിളിച്ചു. ബാക്കി ഈ ആഴ്‍ചയിൽ വിളിച്ചോളാം. നിന്‍റെ കൂട്ടുകാരെയൊക്കെ വിളിച്ചോ?”
“വിളിച്ചോണ്ടിരിക്കുന്നു.”
“അയ്യോ ഇപ്പഴാ ഞാനോര്‍ത്തത്. ചെന്നൈയിലുള്ള രമണിയെ വിളിച്ചില്ല. കൈയോടെ അതു വിളിച്ചിട്ടുവരാം”.
സീതാലക്ഷ്മി ടെലിഫോണിരിക്കുന്ന മുറിയിലേക്ക് നടന്നു.
നിറഞ്ഞ സന്തോഷത്തിലായിരുന്നു ജയദേവന്‍!
സുമിത്രയേക്കാള്‍ സുന്ദരിയായ ഒരു പെണ്ണിനെയാണു തനിക്ക് കിട്ടാന്‍ പോകുന്നത്.
ഹരിത! പേരില്‍തന്നെ എന്തൊരഴക്!
സുമിത്ര കേസില്‍ കുടുങ്ങിയത് ഒരുകണക്കിനു നന്നായി .
ജയദേവന്‍ ഡയറി തുറന്ന് ഇനി ക്ഷണിക്കാനുള്ള വരുടെയെല്ലാം നമ്പര്‍ കുറിച്ചെടുത്തു.
പകലും രാത്രിയിലുമായി ഒട്ടുമിക്കവരെയും വിളിച്ചു.
പിറ്റേദിവസം രാവിലെ ദൂരേയ്ക്ക് പോകേണ്ട ഇന്‍വിറ്റേഷന്‍ ലെറ്ററുകളെല്ലാം പോസ്റ്റുചെയ്തു.
കല്യാണത്തിന് ഇനി പതിനാറു ദിവസം കൂടിയേയുള്ളൂ. വീട്ടുമുറ്റത്ത് ഒരുക്കുന്ന വിശാലമായ പന്തലില്‍ വച്ചാണ് കല്യാണം.
ആദ്യത്തെയും അവസാനത്തെയും കല്യാണല്ലേ. അത് വീട്ടിൽ വച്ച് തന്നെ നടത്തണമെന്ന് സീതാലക്ഷ്മിക്കു നിര്‍ബന്ധം.
ജയദേവന്‍ ഓടിനടന്ന് ഒരുക്കങ്ങളെല്ലാം നടത്തി.
അന്ന് വൈകുന്നേരം ജയൻ കുളിച്ച് ടൗണിലേക്ക് പോകാനായി ഡ്രസ് മാറിക്കൊണ്ടിരിക്കുമ്പോള്‍ മുറ്റത്ത് ഒരു കാര്‍ വന്ന ശബ്ദം കേട്ടു .
ജയദേവനും പിന്നാലെ സീതാലക്ഷ്മിയും സിറ്റൗട്ടിലേക്ക് ഇറങ്ങി നോക്കി .
കാറില്‍ നിന്നിറങ്ങിയത് കൃഷ്ണന്‍ നായരും മോഹനചന്ദ്രനുമായിരുന്നു.
അവരെ കണ്ടതും ജയനും സീതാലക്ഷ്മിയും പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു.
“ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ഈ നേരത്ത്?”
സീത ഉദ്വേഗത്തോടെ നോക്കി.
“ചില കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നതാ.”
കൃഷ്ണന്‍ നായരുടെ മുഖത്ത് ഒരു വിളറിയ ചിരി.
“വരൂ.”
രണ്ടുപേരെയും അകത്തേക്കു ക്ഷണിച്ചു ജയദേവന്‍.
സ്വീകരണമുറിയിലെ സോഫയില്‍ രണ്ടുപേരും അടുത്തടുത്തിരുന്നു.
“കുടിക്കാന്‍ ചായയോ കാപ്പിയോ?”
സീതാലക്ഷ്മി ചോദിച്ചു.
“ഒന്നും വേണ്ട.”
കൃഷ്ണന്‍ നായര്‍ എന്തോ പറയാന്‍ വിഷമിക്കുന്നതുപോലെ തോന്നി ജയദേവന്.
“കല്യാണത്തിന്‍റെ ഒരുക്കങ്ങളൊക്കെ എവിടംവരെയായി.”
സീതാലക്ഷ്മി ചോദിച്ചു.
“അതു പറയാനാ ഞങ്ങളിപ്പം വന്നത്.” ഒന്നു നിറുത്തിയിട്ട് കൃഷ്ണന്‍ നായര്‍ മോഹനചന്ദ്രനെ നോക്കി. പിന്നെ ജയദേവനെ നോക്കിയിട്ടു തുടര്‍ന്നു: “ഒരച്ഛന്‍റെ സ്ഥനത്തുനിന്നു പറയുകയാണെന്നു കരുതിയാല്‍ മതി. മോന് എന്‍റെ മോളേക്കാള്‍ എന്തുകൊണ്ടും ചേരുന്നത് സുമിത്ര തന്നെയാ. ഞങ്ങളവളെ പോയി കണ്ടിരുന്നു. പാവം പെണ്ണാ. ഇപ്പഴും മോനുവേണ്ടി അവളു കാത്തിരിക്ക്വാ. എല്ലാവരും നഷ്ടപ്പെട്ട അവള്‍ക്ക് ഒരു ജീവിതം കൊടുക്കാന്‍ പറ്റുമെങ്കില്‍ മോനു നൂറു പുണ്യം കിട്ടും. ഇതു പറയാന്‍ എന്‍റെ മോളാ എന്നെ നിർബന്ധിച്ചു ഇങ്ങോട്ടു പറഞ്ഞുവിട്ടത്.”
ജയദേവനും സീതാലക്ഷ്മിയും പരസ്പരം നോക്കി കണ്ണ് മിഴിച്ചു
ഈ മനുഷ്യനു സമനില തെറ്റിയോ എന്നുപോലും ജയന്‍ സംശയിച്ചു.
“നിങ്ങൾ എന്താ ഈ പറയുന്നേ? കല്യാണം നിശ്ചയിച്ച് ക്ഷണക്കത്തും അടിച്ച് വിതരണം ചെയ്ത് ഒരുക്കങ്ങളെല്ലാം നടത്തീട്ട് വേറൊരു പെണ്ണിനെ കെട്ടിക്കോളാനോ …?”
ജയന്‍ നെറ്റിചുളിച്ച് കൃഷ്ണന്‍ നായരെ നോക്കി.
“ചേരേണ്ടതു തമ്മില്‍ ചേര്‍ന്നെങ്കിലേ ആ ബന്ധം ശാശ്വതമായിട്ടു നിലനില്‍ക്കൂ മോനേ. ഞങ്ങളെല്ലാരും കൂടി ആലോചിച്ചപ്പം ഈ ബന്ധം ചേരുകേലെന്നു തോന്നി. എന്‍റെ മോള്‍ക്കും അതാ അഭിപ്രായം.”
“ഇതു നല്ല കൂത്ത്.” സീതാലക്ഷ്മി പൊട്ടിത്തെറിച്ചു: “എന്തു തോന്ന്യാസമാ നിങ്ങളീ പറയുന്നത് ? എല്ലാരേം ക്ഷണിച്ച് സദ്യേം ഏര്‍പ്പാടാക്കി പന്തലിടാന്‍ ആളേം ചുമതലപ്പെടുത്തിക്കഴിഞ്ഞപ്പം കല്യാണം നടക്കിയേലെന്നു പറഞ്ഞാലെങ്ങനാ?”
“കല്യാണം നടക്കിയേലെന്നു ഞങ്ങളു പറഞ്ഞില്ലല്ലോ.”
മോഹനചന്ദ്രന്‍ ഇടയ്ക്കുകയറി പറഞ്ഞു.
“പിന്നെ?”
“നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ നമുക്ക് കല്യാണം നടത്താം.”
“പിന്നെന്താ പ്രശ്നം?”
ജയന്‍ ചോദിച്ചു.
“പ്രശ്നമൊന്നുമില്ല.” ഒന്നു നിറുത്തിയിട്ട് അയാള്‍ തുടര്‍ന്നു: “വധുവിന്‍റെ സ്ഥാനത്ത് എന്‍റെ മോള്‍ക്കു പകരം സുമിത്രയായിരിക്കും. എല്ലാ കാര്യത്തിലും ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും . മോനു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെങ്കില്‍ ആ കല്യാണം നടക്കണം. ഇല്ലെങ്കില്‍ ആ കൊച്ചിന്‍റെ ശാപം കിട്ടും.”
“ഓഹോ…! അപ്പം നിങ്ങളും അവളും കൂടി പ്ലാന്‍ ചെയ്തുണ്ടാക്കിയ തിരക്കഥയാ ഇതല്ലേ?”
ജയന്‍ വികൃതമായി ചിരിച്ചു.
“ഇതു തിരക്കഥയും നാടകവുമൊന്നുമല്ല മേനെ. കുറച്ചു ദിവസം മുൻപ് എനിക്കൊരൂമക്കത്ത് കിട്ടി. മോനും സുമിത്രയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നതാണെന്നും അവളിപ്പോഴും മോനെ കാത്തിരിക്കുന്നുണ്ടെന്നും അവളെ അനാഥായാക്കരുതെന്നും പറഞ്ഞ് ഒരു കത്ത്. കത്ത് വായിച്ചപ്പം എന്‍റെ മോള്‍ക്കു കരച്ചിലുവന്നു. ഞങ്ങളു സുമിത്രയെ അന്വേഷിച്ച് അവളുടെ വീട്ടില്‍ ചെന്നു. നേരിട്ട് സംസാരിച്ചപ്പം കത്തില്‍ പറഞ്ഞതൊക്കെ നേരാണെന്നു ഞങ്ങള്‍ക്കു മനസിലായി. എന്‍റെ മോളെക്കാളും ഒരുപാടൊരുപാട് നല്ല പെണ്ണാ അവള്. അവളുടെ സംസാരത്തീന്ന് എനിക്കതു മനസിലായി.”
ജയദേവനു നിയന്ത്രണം വിട്ടു. കൃഷ്ണന്‍ നായരുടെ നേരെ വിരല്‍ചൂണ്ടി അയാള്‍ ആജ്ഞാപിച്ചു.
“എണീക്കെടോ…”
വല്ലാത്തൊരു പരിഭ്രമത്തോടെ കൃഷ്ണന്‍ നായര്‍ എണീറ്റു.
പുറത്തേക്ക് വിരല്‍ചൂണ്ടി ജയന്‍ അലറി.
“ഇറങ്ങെടോ വെളിയില്‍…”
“മോനെ അത്…”
“താനിനി ഒരു കുന്തോം പറയണ്ട. പ്രായത്തെ മാനിച്ച് തന്നെ ഞാന്‍ തല്ലാതെ വിടുന്നു . യു ഗെറ്റൗട്ട്.”
വീട് കുലുങ്ങിയതുപോലെ തോന്നി.
കൃഷ്ണന്‍ നായരും മോഹനചന്ദ്രനും പിന്നെ ഒരുനിമിഷം അവിടെ നിന്നില്ല. ജീവനുംകൊണ്ട് ഇറങ്ങി, വേഗം ചെന്ന് കാറില്‍ കയറി.
“ബ്ഭ! ചെറ്റ…”
സീതാലക്ഷ്മി ആട്ടിയൊരു തുപ്പുതുപ്പി.
” അമ്മയ്ക്ക് മനസിലായില്ലേ ആരാ ഊമക്കത്തയച്ചതെന്നും ഈ കല്യാണം മുടക്കിയതെന്നും ” – ജയന്‍ പല്ലുഞെരിച്ചു.
“അവളെ മൂര്‍ഖന്‍പാമ്പ് കൊത്തിക്കൊല്ലട്ടെ.” സീത തലയില്‍ കൈവച്ചു സുമിത്രയെ പിരാകി.
തെല്ലുനേരം ആലോചിച്ചുനിന്നിട്ട് ജയദേവന്‍ പറഞ്ഞു:
“ഇങ്ങോട്ടുചെയ്ത അതേ നാണയത്തില്‍ തന്നെ നമുക്കങ്ങോട്ടും പണികൊടുക്കാം അമ്മേ.”
“എങ്ങനെ?”
“അമ്മ എന്‍റെ കൂടെ നില്‍ക്ക്വോ?”
“ഉം…”
”നിശ്ചയിച്ച ദിവസം , നിശ്ചയിച്ച മുഹൂർത്തത്തിൽ നമുക്ക് കല്യാണം നടത്താം . ”
” പെട്ടെന്ന് ഒരു പെണ്ണിനെ എവിടുന്ന് കിട്ടും മോനെ ?”
”നമുക്കൊന്ന് ശ്രമിച്ചുനോക്കാം . അവളുടെ ഒരു കൂട്ടുകാരിയുണ്ടല്ലോ . ശശികല . അവളെ ‘അമ്മ കണ്ടതല്ലേ ?”
”ഓ അതൊരു കറുമ്പി പെണ്ണല്ലേ മോനെ . നിനക്ക് അത് ചെരുകേല ”
”അത്രക്കങ്ങു മോശമൊന്നുമല്ല അവള് . കറപ്പിനുമില്ലേ അമ്മേ ഒരഴക് . പിന്നെ കാശൊന്നും പ്രതീക്ഷിക്കണ്ട . ഒരു പാവപ്പെട്ട വീട്ടിലെയാ ”
സീതാലക്ഷ്മിക്കു ഇഷ്ടമായില്ലെങ്കിലും ജയദേവന്റെ നിർബന്ധത്താൽ അവർ സമ്മതം മൂളി .
”ഇക്കാര്യം ‘അമ്മ പുറത്തു വിടരുത്. ഞാൻ ശശികലയോടു നേരിട്ട് ചോദിച്ചോളാം . അതിനു മുൻപ് നമുക്ക് ഒരു നാടകം കൂടി കളിക്കണം ”
” എന്ത് നാടകം ?’
ജയൻ അമ്മയുടെ ചെവിയിൽ ആ സൂത്രം പറഞ്ഞു.
” അത് വേണം മോനെ . അവൾക്കിട്ട് ഒരു പണി കൊടുക്കണം . ഈ കല്യാണം മുടക്കിയ അവളെ പ്രതീക്ഷയുടെ കൊടുമുടിയിൽ കയറ്റിയിട്ട് ഉന്തി താഴെയിടണം . അവിടെക്കിടന്ന് അവള് കരയുന്നത് എനിക്ക് കൺകുളിർക്കെ കാണണം ”
”മൂർക്കനെയാണ് നോവിച്ചിരിക്കുന്നതെന്ന് അവൾ മനസ്സിലാക്കട്ടെ ”
ജയദേവന്‍ അകത്തുപോയി മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുവന്ന് സുമിത്രയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
സുമിത്രയെ ലൈനില്‍ കിട്ടി.
ജയദേവനാണ് വിളിക്കുന്നതെന്നറിഞ്ഞതും അവള്‍ക്ക് അടക്കാനാവാത്ത ആഹ്ലാദം.
“എന്താ മോളെ വിശേഷങ്ങള്‍?”
സ്നേഹം തുളുമ്പുന്ന സ്വരത്തിൽ ജയന്‍ ചോദിച്ചു.
“എനിക്കെന്തു വിശേഷം? അവിടെയല്ലേ വിശേഷങ്ങള്.”
“കൃഷ്ണന്‍നായരു സുമിയെ കാണാന്‍ വന്നിരുന്നോ? ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ഹരിതേടെ അച്ഛന്‍?”
“ഉം…”
“അയാൾ ഇവിടെ വന്ന് അവിടത്തെ വിശേഷങ്ങളു പറഞ്ഞപ്പം എനിക്ക് സങ്കടം തോന്നി. നീ ഇപ്പഴും എനിക്കുവേണ്ടി കാത്തിരിക്ക്വാണെന്നും, എന്‍റെ കല്യാണക്കാര്യം അറിഞ്ഞപ്പം കരഞ്ഞൂന്നുമൊക്കെ അദ്ദേഹം പറഞ്ഞു. സോറീട്ടോ. എനിക്കൊരു തെറ്റുപറ്റിപ്പോയി. നേരത്തെ നിശ്ചയിച്ച കല്യാണം ഞാന്‍ വേണ്ടെന്നുവച്ചു. കൃഷ്‌ണൻ നായർക്കും അതായിരുന്നു ആഗ്രഹം . അതേദിവസം അതേ മുഹൂര്‍ത്തത്തില്‍ മോളുടെ കഴുത്തില്‍ ഞാന്‍ മിന്നുകെട്ടും. ദൈവം നിശ്ചയിച്ചതു മനുഷ്യര്‍ക്കു വേര്‍പെടുത്താന്‍ പറ്റില്ലെന്ന് എനിക്ക് ഇപ്പം മനസിലായി ”
കുറച്ചുനേരത്തേക്ക് അങ്ങേതലയ്ക്കല്‍ നിശബ്ദത.
“സുമി ഫോണ്‍ വച്ചോ?”
“ഇല്ല ജയേട്ടാ… സന്തോഷംകൊണ്ട് എനിക്ക് മിണ്ടാന്‍ പറ്റുന്നില്ല . ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ജയേട്ടന്‍റെ വായില്‍നിന്ന് ഇങ്ങനെയൊരു സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ പറ്റുമെന്ന്. ഗുരുവായൂരപ്പന്‍ എന്‍റെ പ്രാര്‍ഥന കേട്ടു. കൃഷ്ണന്‍നായരുചേട്ടന്‍ എത്ര മഹാമനസ്കനാ അല്ലേ ജയേട്ടാ?”
അവളടെ ശബ്ദം ഇടറിയിരുന്നു.
“അതെ അതെ. അയാളുടെ മഹാമനസ്കതകൊണ്ടാണല്ലോ ഇപ്പം എനിക്കങ്ങോട്ട് വിളിക്കാന്‍ തോന്നിയത്.”
“അമ്മയില്ലേ അടുത്ത്?”
“ഉണ്ട്. അമ്മയ്ക്കും ഇതുതന്നെ നടത്തിയാൽ മതീന്നാ ആഗ്രഹം . ഞാന്‍ കൊടുക്കാം.”
ജയന്‍ ഫോണ്‍ സീതാലക്ഷ്മിക്കു കൈമാറിയിട്ട് കണ്ണിറുക്കി കാണിച്ചു.
സീതാലക്ഷ്മിയും വളരെ സ്നേഹത്തോടെയും വാല്‍സല്യത്തോടെയുമാണ് സംസാരിച്ചത്.
“ജയേട്ടനു കൊടുക്ക്വോ ഫോണ്‍?”
സുമിത്ര ചോദിച്ചു.
“കൊടുക്കാം മോളെ .”
സീത ഫോണ്‍ ജയനു കൈമാറി.
“എന്താ സുമി ?”
“ഇനി എന്നാ ഇങ്ങോട്ടുവര്യാ?”
“ഉടനെ വരാം. കല്യാണത്തിന് ഇനി പത്തുപതിനഞ്ചു ദിവസമല്ലേയുള്ളൂ. ഒരുക്കങ്ങളൊക്കെ വേഗം നടത്തിക്കോ. പഴയ ഇന്‍വിറ്റേഷന്‍ കാര്‍ഡ് പ്രിന്‍റുചെയ്തതു പെട്ടീലിരിപ്പില്ലേ? അതെടുത്ത് ഡേറ്റുതിരുത്തിട്ട് നാളെ തന്നെ എല്ലാര്‍ക്കും അയച്ചോ. ഫോണില്‍ വിളിക്കേണ്ടവരെ അങ്ങനെ വിളിച്ചോ. തീയതി മറന്നുപോകരുതേ. ഇരുപത്തിയെട്ടാം തീയതി പകല്‍ പതിനൊന്നിനും പതിനൊന്നരക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ . ബാക്കിയുള്ളതെല്ലാം പ്രിന്‍റുചെയ്തിരിക്കുന്നതുപോലെ തന്നെ. ”
“ഒരുപാട് ഒരുപാട് സന്തോഷമായി ജയേട്ടാ.”
” ഇപ്പം എനിക്കും ഒരുപാട് സന്തോഷമായി .” അത് പറഞ്ഞിട്ട് ജയൻ പല്ലിറുമ്മി
“അപ്പം വയ്ക്കട്ടെ?”
ജയന്‍ ചോദിച്ചു.
“ഫോണ്‍ വയ്ക്കാന്‍ തോന്നുന്നില്ല ജയേട്ടാ. അവിടത്തെ വിശേഷങ്ങളു പറ.”
”അയ്യോ, നമുക്കിനി ദിവസങ്ങള്‍ വളരെ കുറച്ചല്ലേയുള്ളൂ. കല്യാണം കഴിഞ്ഞിട്ട് ഇഷ്ടം പോലെ സംസാരിക്കാല്ലോ . മോളു പോയി കാര്‍ഡെടുത്ത് ഡേറ്റുതിരുത്തി എല്ലാവര്‍ക്കും അയയ്ക്കാന്‍ നോക്ക്.”
“ഉം…”
സുമിത്ര ഫോണ്‍ വച്ചു.
ജയദേവന്‍ കോള്‍ കട്ടുചെയ്തിട്ട് വിജയീഭാവത്തിൽ ഒന്ന് ചിരിച്ചു
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41