Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 23

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 23

1113
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 23

ഒരു തിങ്കളാഴ്ച ദിവസം നാലുമണി നേരം!
ടിവിയില്‍ സിനിമ കണ്ടു കൊണ്ടു മുറിയില്‍ ഇരിക്കുകയായിരുന്നു സുമിത്ര.
തെറ്റിദ്ധാരണയുടെ പേരില്‍ കാമുകിയെ ഉപേക്ഷിച്ചു പോകുന്ന കാമുകന്റെയും തുടർന്ന് ആ പെണ്ണ് അനുഭവിക്കുന്ന ദുരിതങ്ങളുടെയും കഥയാണ് .
സിനിമയിലെ നായികയുടെ വേദനകളും വിഷമങ്ങളും കണ്ടപ്പോള്‍ സുമിത്ര സ്വന്തം ജീവിതത്തെക്കുറിച്ചോര്‍ത്തുപോയി.
ജയേട്ടന്‍ ഈ വീട്ടിൽ വന്നു പോയിട്ട് മൂന്നു ദിവസം പിന്നിട്ടിരിക്കുന്നു . ഒന്നു ഫോണ്‍ ചെയ്യാൻ പോലുമുള്ള സന്മനസ് ഉണ്ടായില്ലല്ലോ ആ മനുഷ്യന്! അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നുമില്ല. അത്രയ്ക്ക് വെറുപ്പാണോ തന്നോട്? ഏയ് . സമയം കിട്ടാത്തതുകൊണ്ടാവും .
വരും. വരാതിരിക്കില്ല. തന്നെ ഉപേക്ഷിച്ചിട്ട് പോകാൻ ജയേട്ടന് കഴിയുമോ ? കഴിയില്ല . മനസാക്ഷി അതിനു സമ്മതിക്കില്ല .
അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പുറത്തു ഒരു വിളിയൊച്ച
“സുമീ…”
ശശിലകയുടെ ശബ്ദം . റിമോട്ട് കണ്‍ട്രോളര്‍ ടീപ്പോയിയില്‍ വച്ചിട്ട് അവള്‍ എണീറ്റു വെളിയിലേക്ക് ചെന്നു.
കൈയില്‍ ഒരു സ്റ്റീല്‍മൊന്തയുമായി പുഞ്ചിരിച്ചുകൊണ്ട് ശശികല വരാന്തയിൽ.
“എന്തേ പതിവില്ലാത്തൊരു സന്തോഷം മുഖത്ത് ?”
“പറയാം. നീയിതങ്ങു വാങ്ങിച്ചേ.”
ശശികല മൊന്ത സുമിത്രയുടെ നേരെ നീട്ടി.
അവൾ മൊന്ത വാങ്ങി കയ്യിൽ പിടിച്ചുകൊണ്ടു ശശികലയെ നോക്കി.
“എന്താ ഇത്? ചൂടുണ്ടല്ലോ “
” തുറന്നു നോക്ക് ”
മൊന്തയുടെ അടപ്പ് മാറ്റിയിട്ട് സുമിത്ര ഉള്ളിലേക്ക് നോക്കി.
“ഹായ് പായസം! എന്താ ശശി വിശേഷം?കല്യാണം വല്ലോം ആയോ?””
ജിജ്ഞാസയോടെ അവളുടെ കണ്ണുകൾ വിടർന്നു.
“നീയറിയാതെ എനിക്കൊരു കല്യാണം ആകുമോ?”
“പിന്നെ?”
“എനിക്കൊരു ചെറിയ ജോലികിട്ടി. നിന്‍റെ റെക്കമെന്‍റേഷനിലാ .”
“എന്‍റെ റെക്കമെന്‍റേഷനോ?”
സുമിത്ര അത്ഭുതം കൂറി.
“ഒരിക്കല്‍ നീ ജയേട്ടനോട് പറഞ്ഞില്ലായിരുന്നോ എനിക്കെന്തെങ്കിലുമൊരു ജോലി ശരിയാക്കിതരണമെന്ന് . അത് ഫലിച്ചു. ജയേട്ടന്‍റെ നാട്ടിലുള്ള ഒരു സ്വാശ്രയ എൻജിനീയറിങ് കോളജില്‍ ഓഫിസ് അസിസ്റ്റന്റ് ആയി ജോലി കിട്ടി . മാസം പന്തീരായിരം രൂപ ശമ്പളം കിട്ടും.”
“ഇന്‍റര്‍വ്യൂ ഒന്നും ഇല്ലായിരുന്നോ ?”
”ഇന്നു രാവിലെ കോളേജിന്ന് എന്നെ ഫോണിൽ വിളിച്ചു കുറെ കാര്യങ്ങൾ ചോദിച്ചിരുന്നു . ആദ്യം ചോദിച്ചത് കംപ്യുട്ടർ പഠിച്ചിട്ടുണ്ടോന്നാ . പഠിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പഴാ മറ്റു കാര്യങ്ങളൊക്കെ ചോദിച്ചത് . കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു പറഞ്ഞു എത്രയും വേഗം വന്നു ജോയിൻ ചെയ്തോളാൻ. ”
”ജയേട്ടൻ പറഞ്ഞിട്ട് തന്നതാന്ന് പറഞ്ഞോ ?
”ഉം. അമ്മേടെ കൂടെ ആശുപത്രീൽ നിന്നപ്പം ജയേട്ടനോട് ജോലീടെ കാര്യം ഞാൻ ഒന്നുകൂടി ഓർമ്മിപ്പിച്ചിരുന്നു . അന്ന് എന്റെ ഫോൺ നമ്പറും വാങ്ങിയിരുന്നു ”
“ഇപ്പം സന്തോഷമായില്ലേ?”
“ഒരുപാട്.”
“അച്ഛനെന്തു പറഞ്ഞു?”
“അച്ഛൻ അറിഞ്ഞിട്ടില്ല . നേരം വെളുത്തതേ പോയതല്ലേ . ദൂരെയായതുകൊണ്ട് വിടുമോന്നറിഞ്ഞൂടാ .”
“നല്ലൊരു ജോലിയല്ലേ. കളയരുത് . അച്ഛനെന്തെങ്കിലും എതിർപ്പ് പറഞ്ഞാൽ ഞാന്‍ അച്ഛനോട് പറഞ്ഞു സമ്മതിപ്പിച്ചോളാം .”
സുമിത്ര ഉറപ്പു നൽകി
“നിന്നോടെനിക്കു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് സുമീ . നീ കാരണമല്ലേ എനിക്കീ ജോലി കിട്ടിയത്.”
സന്തോഷംകൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“ഞാനൊരിക്കല്‍ പറഞ്ഞില്ലേ നിനക്കൊരു നല്ലകാലം വരുമെന്ന്. ഇപ്പം വിശ്വാസമായില്ലേ? ഒക്കെ ഗുരുവായൂരപ്പന്റെ അനുഗ്രഹമാ . ഞാൻ നിനക്കുവേണ്ടി എത്ര വഴിപാടു കഴിച്ചൂന്നറിയുമോ, ? ഇനി നിന്‍റെ കല്യാണോം നടക്കും വൈകാതെ. ഈ സുമിയുടെ വാക്കു സത്യമാകുമോന്ന് നീ നോക്കിക്കോ “
” ഈ സ്നേഹം കാണുമ്പം കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നുവാ . ”
”എന്റെ ‘അമ്മ ആശുപത്രീൽ കിടന്നപ്പം നീയല്ലായിരുന്നോ കൂടെ നിന്നത് . ആ സ്നേഹം എനിക്കും മറക്കാൻ പറ്റുമോ സുമി ? കൊച്ചുന്നാൾ മുതൽ തുടങ്ങിയ ഈ സ്നേഹബന്ധം മരിച്ചു അങ്ങ് പരലോകത്തു ചെല്ലുമ്പഴും ഉണ്ടാകണമെന്നാ എന്റെ ആഗ്രഹം ”
”എനിക്കും അങ്ങനെയാ ”
സുമിത്രയുടെ കണ്ണുകളില്‍ വിഷാദത്തിന്റെ ഒരു നിഴൽ ശശികല ശ്രദ്ധിച്ചു.
“ജയേട്ടന്‍ വരാറില്ലേ?”
ശശികല ചോദിച്ചു.
“കഴിഞ്ഞ ദിവസം വന്നിരുന്നു .”
“ഇനി എന്നെത്തേക്കാ കല്യാണം?”
“‘അമ്മ മരിച്ചതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ല . അതുകൊണ്ട് ഇത്തിരി വൈകി മതീന്ന് ഞാൻ പറഞ്ഞു. തിടുക്കമില്ലല്ലോ ”
ജയദേവന്‍ പിണങ്ങിപ്പോയ കാര്യം ശശികലയോട് പറഞ്ഞതേയില്ല . അതൊരു സൗന്ദര്യപ്പിണക്കമല്ലേ! ആരും അറിയണ്ട. പിണക്കം മാറുമ്പോള്‍ ജയേട്ടന്‍ വരും; വരാതിരിക്കില്ല.
” ഇനി നിന്റെ ജയേട്ടന്‍ വരുമ്പം പറയണം, എനിക്ക് ഒരുപാട് ഒരുപാട് നന്ദിയുണ്ടെന്ന്.”
ശശികല പറഞ്ഞു.
“ഉം. നീ അകത്തേക്ക് വാ “
അവളെ അകത്തേക്ക് ക്ഷണിച്ചിട്ട് മൊന്തയുമായി സുമിത്ര മുറിയിലേക്ക് കയറി. പിറകെ ശശികലയും.
“അവിടെ താമസിക്കാന്‍ സൗകര്യം ?” സുമിത്ര ആരാഞ്ഞു
“ഒന്നും അന്വേഷിച്ചില്ല. അവിടെ ചെന്നിട്ട് തിരക്കാമെന്നു വച്ചു . വേറെയും സ്ത്രീകളു കാണുമല്ലോ ജോലിക്കാരായിട്ട് . വല്ല ഹോസ്റ്റലിലോ മറ്റോ നില്കാമെന്നാ വിചാരിക്കുന്നേ ”
കുറേനേരം അവര്‍ വര്‍ത്തമാനം പറഞ്ഞിരുന്നു.
നാലരയായപ്പോള്‍ സ്കൂള്‍ വിട്ട് അജിത് മോൻ വന്നു.
സുമിത്ര എല്ലാവര്‍ക്കുമായി ഗ്ലാസ്സിൽ പായസം വിളമ്പി.
”നന്നായിരിക്കുന്നു കേട്ടോ ? നീ തന്നത്താൻ ഉണ്ടാക്കിയതാ?
പായസം കഴിക്കുന്നതിനിടയിൽ സുമിത്ര ചോദിച്ചു
”ഉം. സന്തോഷവാർത്ത പറയാൻ വരുമ്പം വെറും കയ്യോടെ വരുന്നതെങ്ങനെയാണെന്നു വിചാരിച്ചു തിരക്കിട്ടു ഉണ്ടാക്കീതാ . പ്രത്യേകിച്ച് നിന്റെ റെക്കമെൻഡേഷനിൽ കിട്ടീതാകുമ്പം ഒന്നും കൊണ്ടുവരാതിരിക്കുന്നതു മോശമല്ലേ ”
“പിന്നല്ലേ . എനിക്കും ഒരുപാട് സന്തോഷമായി . ഇനി നിന്റെ കല്യാണം കൂടിയൊന്നു നടന്നു കണ്ടാൽ മതി ”
” എല്ലാം അതാതിന്റെ സമയത്തു നടക്കും സുമി ”
” ശരിയാ . ഓരോന്നിനും ഓരോ സമയമുണ്ട് . ഇപ്പം എന്റെ സമയം മഹാ മോശമാ ”
”അതൊക്കെ ശരിയാവും . നീ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ദൈവം ഇറങ്ങി വന്നു പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ല . കുഞ്ഞുന്നാൾ മുതലേ എനിക്കറിയാവുന്നതല്ലേ നിന്നെ. ഒരു കോടതിയും നിന്നെ ശിക്ഷിക്കില്ല . ഈ ശശിയുടെ വാക്കു സത്യമാകുമോന്നു നീ നോക്കിക്കോ ”
”നീയെങ്കിലും എന്നെ വിശ്വസിക്കുന്നുണ്ടാല്ലോ എന്ന സന്തോഷം മാത്രമേ ഇപ്പം ഉള്ളൂ ”
സുമിത്രയുടെ മിഴികളിൽ ജലം നിറഞ്ഞു.


നിര്‍മലറാണി കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഓഫിസ് അസിറ്റന്റ് ആയി ശശികല ജോയിന്‍ ചെയ്തു.
ഒരു ബന്ധുവിനോടൊപ്പമാണ് ജോയിന്‍ ചെയ്യാന്‍ എത്തിയത്.
സേവനവേതന വ്യവസ്ഥകൾ സംബന്ധിച്ച കരാറിൽ ഒപ്പു വച്ചിട്ട് അവൾ പ്രിന്‍സിപ്പലിന്‍റെ മുൻപിൽ ഭവ്യതയോടെ നിന്നു.
ഒപ്പും മേൽവിലാസവും നോക്കിയിട്ട് പ്രിന്‍സിപ്പല്‍ പറഞ്ഞു:
“ജയദേവന്‍ പറഞ്ഞതുകൊണ്ടു മാത്രമാണ് ഇന്റർവ്യൂ പോലും നടത്താതെ തനിക്കീ ജോലി തന്നത്. സമയത്ത് വരികയും പറയുന്ന ജോലികള്‍ കൃത്യമായി ചെയ്യുകയും വേണം . കുറച്ചുകഴിയുമ്പം യൂണിയൻ ഉണ്ടാക്കാനോ കൊടിപിടിക്കാനോ ഒന്നും പോയേക്കരുത് . ഇതൊരു സ്വാശ്രയ കോളേജാണെന്ന് ഓർമ്മ വേണം . ഇതിൽ നിന്നുള്ള വരുമാനം കൊണ്ട് വേണം നിങ്ങൾക്ക് ശമ്പളം തരാൻ. പൂട്ടിപ്പോയാൽ നിങ്ങളുടെ ആപ്പീസും പൂട്ടും. കുട്ടികളില്ലാത്തതുകൊണ്ടു ഇപ്പം ഓരോന്ന് പൂട്ടിക്കൊണ്ടിരിക്കുവാ . ആ സ്ഥിതി നമ്മുടെ കോളേജിനുണ്ടാവരുത്‌ . ”
” പറയുന്ന ജോലിയൊക്കെ കൃത്യമായി ചെയ്തോളാം സാർ “
”വരുമ്പം എല്ലാവരും ഇങ്ങനെയൊക്കെയാ പറയുന്നത് . കുറച്ചു കഴിയുമ്പഴാ ജോലി കൂടുതലാ ശമ്പളം പോരാ എന്നൊക്കെ തോന്നുന്നത് . പിന്നെ സമരമായി സത്യാഗ്രഹമായി . അതോടെ കോളേജിൽ കുട്ടികളെയും കിട്ടില്ല. അതൊന്നും ഇവിടെ പറ്റിയേലാ കേട്ടോ ?”
” ഉം ” അവൾ തലയാട്ടി
”നിങ്ങളുടെ പെർഫോമൻസ് നല്ലതാണെങ്കിൽ ഓരോ വർഷവും ഇൻക്രിമെന്റുണ്ടാവും . അല്ലെങ്കിൽ പറഞ്ഞു വിടും. മര്യാദക്കൊക്കെ നിന്നാൽ നിങ്ങള്ക്ക് കൊള്ളാം . ങ് ഹാ ഇവിടെ എവിടെയാ താമസിക്കുന്നത് ?”
” ഒന്നും അന്വേഷിച്ചില്ല .”
” അതൊക്കെ അന്വേഷിക്കണ്ടേ ? ഇവിടെ അടുത്തൊരു വർക്കിങ് വിമൻസ് ഹോസ്റ്റലുണ്ട് . അവിടെ താമസിക്കുവാണെങ്കിൽ നടന്നു വരാവുന്ന ദൂരമേയുളളൂ. സമയത്തു എത്തുകയും ചെയ്യാം ”
” അവിടെ താമസിക്കാം സാർ. ”
”ങ് ഹ , മറ്റൊരു കാര്യം . ഇപ്പം എൻജിനീയറിങ്ങിനു ചേരാൻ കുട്ടികളൊക്കെ കുറവാ. അടുത്ത വർഷം നിങ്ങടെ നാട്ടീന്നു കുറച്ചു പിള്ളേരെ പിടിച്ചു തരണം . ഇവിടുത്തെ മറ്റു സ്റ്റാഫിനോടും പറഞ്ഞിട്ടുണ്ട് . നല്ല കോളേജാണെന്നു നാട്ടിൽ പബ്ലിസിറ്റിയൊക്കെ കൊടുക്കണം. ”
“ഉം ”
” എന്നാ പൊയ്ക്കോ ഓഫിസിലേക്ക് . അവിടുത്തെ ജോലികൾ എന്തൊക്കെയാണെന്ന് സൂപ്രണ്ട് പറഞ്ഞു തരും . ”
അനുവാദം കിട്ടിയതും അവള്‍ പ്രിൻസിപ്പലിന്റെ റൂം വിട്ടിറങ്ങി.
അടക്കാനാവാത്ത സന്തോഷത്തോടെയാണ് അവള്‍ ഓഫീസ് റൂമിലേക്ക് ചെന്നത് .
സൂപ്രണ്ടിന്റെ മുൻപിലെ കസേരയിൽ അവൾ വിനീത വിധേയയായി ഇരുന്നു
സൂപ്രണ്ട് കൃഷ്ണകൈമള്‍ ആദ്യം ചില ഉപദേശങ്ങളും നിർദേശങ്ങളുമൊക്കെ നൽകി. പിന്നെ ജോലിയുടെ സ്വഭാവത്തെപ്പറ്റി ഒരു രൂപരേഖ നൽകി .
പുതിയ ആളായതുകൊണ്ട് ആദ്യദിവസം അധികം ജോലികളൊന്നും ഏല്‍പിച്ചില്ല.
കുറെ മാറ്ററുകൾ കമ്പ്യുട്ടറിൽ ടൈപ്പ് ചെയ്യാൻ കൊടുത്തു . അവൾ അത് ഭംഗിയായി സമയത്തു ചെയ്തു കൊടുത്തപ്പോൾ സൂപ്രണ്ട് അഭിനന്ദിച്ചു.
”നോട്ട് എഴുതാനും ലെറ്റർ ഡ്രാഫ്ട് ചെയ്യാനുമൊക്കെ പഠിക്കണം . പഴയ ഫയലുകൾ നോക്കി അതിന്റെ മാതൃകയിൽ ചെയ്‌താൽ മതി . സംശയമുണ്ടെങ്കിൽ എന്നോടോ രാജേശ്വരിയോടോ ചോദിക്കാം ”
ശശികല തലയാട്ടി .
ഉച്ചക്ക് സഹപ്രവർത്തകർ പുതിയ സ്റ്റാഫിനെ പരിചയപ്പെടാന്‍ വന്നു.
എല്ലാവരും നല്ല സ്നേഹമുള്ളവരാണെന്നു തോന്നി.


ഹോസ്റ്റൽ മുറിയിലെ പതുപതുത്ത ബെഡിൽ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശശികല ഓർത്തു .
ജയദേവനെ പോയി കണ്ടു നന്ദിപറയണ്ടേ? ഫോണിൽ വിളിച്ചു പറയുന്നതിനേക്കാൾ നല്ലത് നേരിട്ട് പറയുന്നതല്ലേ ?അതല്ലേ അതിന്റെ മര്യാദ?
അപ്പോൾ തന്നെ അവള്‍ സുമിത്രയ്ക്കു ഫോണ്‍ ചെയ്ത് ജയദേവന്‍റെ മേൽവിലാസം വാങ്ങി.
കോളജില്‍നിന്ന് പത്തുകിലോമീറ്റര്‍ ദൂരമുണ്ട് ജയദേവന്റെ വീട്ടിലേക്ക്.
ഞായറാഴ്ച അവധി ദിവസം!
രാവിലെ അമ്പലത്തില്‍ പോയി തൊഴുതു മടങ്ങിവന്നു.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് നേരെ ജയദേവന്‍റെ വീട്ടിലേക്ക് ബസ് കയറി.
പലരോടും ചോദിച്ചാണ് വീട് കണ്ടുപിടിച്ചത്.
മെയിന്‍ റോഡില്‍നിന്ന് അമ്പതു മീറ്റർ മാറി പോക്കറ്റ് റോഡിനോട് ചേർന്ന് മനോഹരമായ ഒരിരുനില വീട്!
വലിയ ഗേറ്റ് തള്ളിത്തുറന്ന് ശശികല അകത്തേക്ക് പ്രവേശിച്ചു.
ഒരു നിമിഷം നിന്നിട്ടു അവൾ ചുറ്റും ഒന്ന് നോക്കി
വിശാലമായ മുറ്റവും പൂന്തോട്ടവും!
എന്ത് മനോഹരമാണ് വീടിന്റെ നിർമ്മിതി. ഇത്രയും വലിയ പണക്കാരനാണ് ജയദേവൻ എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല ! എത്ര ഭാഗ്യവതിയാണ് സുമിത്ര ! സ്നേഹ നിധിയായ ഒരു ഭർത്താവിനോടൊപ്പം ഈ കൊട്ടാരത്തിൽ ഒരു റാണിയെപ്പോലെ അവൾക്കു കഴിയാം !
ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള ഒരു വീട് കിട്ടിയാൽ മതിയായിരുന്നു തനിക്ക് ! എവിടെ കിട്ടാൻ . കല്യാണം പോലും നടന്നിട്ടുവേണ്ടേ വീടുകിട്ടാൻ . ഓർത്തപ്പോൾ അവളുടെ മിഴികളിൽ ജലം നിറഞ്ഞു
പട്ടിക്കൂട്ടില്‍ കിടന്ന ഒരല്‍സേഷ്യന്‍ നായ അവളെ കണ്ടതും ചാടി എണീറ്റു നാലഞ്ചു തവണ കുരച്ചു.
ശശികല പേടിച്ചുപോയി.
അവള്‍ സാവധാനം നടന്ന് സിറ്റൗട്ടിലേക്ക് കയറി.
ഡോര്‍ബെല്ലില്‍ വിരലമര്‍ത്തിയിട്ട് ചങ്കിടിപ്പോടെ കാത്തുനിന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here