Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 19

1439
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 19

കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. കോളജ് ഹോസ്റ്റലില്‍ ജാസ്മിന്‍റെ റൂംമേറ്റായ രേവതി കുത്തഴിഞ്ഞ ജീവിതം നയിച്ചവളായിരുന്നു. ഒരുനാള്‍ സതീഷെന്ന യുവാവ് രേവതിയുടെ വീട്ടില്‍വച്ച് ജാസ്മിനെ വലയിലാക്കാൻ ശ്രമിച്ചു. അവളുടെ ചെറുത്തുനില്പിനെ തുടർന്ന് അയാള്‍ പിന്‍വാങ്ങി. ആ സംഭവം ജാസ്മിന്‍ ആരോടും പറഞ്ഞില്ല. ഹോസ്റ്റലില്‍ ജാസ്മിനെ സന്ദര്‍ശിച്ച ടോണിയുമായി രേവതി ഫ്രണ്ട്ഷിപ്പുണ്ടാക്കി. ഇതറിഞ്ഞ ജാസ്മിന്‍ രേവതി വഴിപിഴച്ചവളാണെന്നു പറഞ്ഞ് ടോണിയെ ആ സൗഹൃദത്തില്‍നിന്നു പിന്തിരിപ്പിച്ചു. ഇതറിഞ്ഞതും കുപിതയായ രേവതി ജാസ്മിന്‍ തന്നേക്കാള്‍ വഴിപിഴച്ചവളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സതീഷിനോടൊപ്പം അവള്‍ കിടക്കുന്നതും കുശലം പറയുന്നതുമായ ദൃശ്യങ്ങള്‍ ടോണിയെ കാണിച്ചുകൊടുത്തു. ജാസ്മിന്റെ മനസ്സറിവില്ലാതെ ഒരു ചതിയിലൂടെ രേവതി മൊബൈലിൽ പിടിച്ചതായിരുന്നു ആ ദൃശ്യങ്ങൾ. അത് കണ്ടതും ജാസ്മിനോടു അങ്ങേയറ്റം വെറുപ്പു തോന്നി ടോണിക്ക് . എങ്കിലും പുറമേ സ്നേഹം അഭിനയിച്ച് അവൻ പ്രണയം തുടര്‍ന്നു. പപ്പ മരിച്ചതിനെത്തുടര്‍ന്ന് ജാസ്മിന്‍ വീട്ടിലേക്കു താമസം മാറ്റി. ജാസ്മിന്‍റെ ചേച്ചി അലീനയെ രണ്ടാം കെട്ടുകാരനായ ഈപ്പന്‍ കല്യാണം കഴിച്ചു. ഈപ്പനു കുട്ടികളുണ്ടാവില്ലെന്ന സത്യം അറിഞ്ഞ അലീന ദുഖിതയായി . ടോണിയുടെ സുഹൃത്തായി മാറിയ സതീഷ് ഒരുനാള്‍ ടോണിയുടെ വീട്ടില്‍ വന്നു. ആ സമയം ജാസ്മിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ടോണി. സതീഷിനെ കണ്ടതും ജാസ്മിൻ മുഖം കൊടുക്കാതെ വേഗം തിരിഞ്ഞുനടന്നു. സതീശിനെ മുൻപ് പരിചയമുണ്ടോ എന്ന് പിന്നീട് ഒരിക്കൽ ടോണി ചോദിച്ചപ്പോൾ ഇല്ല എന്ന് അവൾ കള്ളം പറഞ്ഞു. അതോടെ ടോണിക്ക് ജാസ്മിനോടുള്ള പക ഇരട്ടിച്ചു. (തുടര്‍ന്നു വായിക്കുക)

ജനറല്‍ മെഡിസിനില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠനം പൂര്‍ത്തിയാക്കി എംഡി ബിരുദമെടുത്തു പുറത്തുവന്നപ്പോള്‍ ഡോക്ടര്‍ ടോണി ഐസക് പുതിയൊരു മനുഷ്യനായി മാറിയിരുന്നു . പക്വതയും പാകതയും വന്ന ചെറുപ്പക്കാരന്‍റെ റോളിലേക്ക് അയാള്‍ വേഷപ്പകര്‍ച്ച നടത്തി. താന്‍ ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടറാണെന്ന ഭാവം അയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും പ്രകടമായി.

ചിത്തിരപുരം ഗ്രാമത്തിലെ യുവാക്കള്‍ തെല്ല് അസൂയയോടെയാണ് അയാളെ നോക്കിയത്. ആ ഗ്രാമത്തിൽ നിന്ന് ആദ്യമായി എം ഡി ബിരുദമെടുത്ത ഡോക്ടറായിരുന്നു ടോണി ഐസക്.

ജാസ്മിന് അഭിമാനവും തെല്ല് അഹങ്കാരവും തോന്നി . തന്റെ പ്രാര്‍ത്ഥനയും നേര്‍ച്ചയുംകൊണ്ടാണ് ടോണിക്ക് ഈ വിജയം കൈവരിക്കാനായത് എന്ന് അവള്‍ അഹങ്കരിച്ചു.

ജാസ്മിൻ ഓർത്തു. ടോണി തന്റെ കഴുത്തിൽ മിന്നുകെട്ടുന്നു എന്ന് കേൾക്കുമ്പോൾ ചിത്തിരപുരത്തെ പെണ്ണുങ്ങൾക്ക് എന്തൊരു കുശുമ്പായിരിക്കും. സോനയും ഡോണയുമൊക്കെ ചുണ്ടുകടിച്ചു പുരികം ചുളിച്ചു തന്നെ നോക്കും. നോക്കട്ടെ. പണത്തിന്റെ അഹങ്കാരത്തിൽ അവർക്കൊക്കെ തന്നോട് എന്ത് പുച്ഛമായിരുന്നു. ടോണിയുടെ കൈപിടിച്ച് ഞെളിഞ്ഞു ആ പെണ്ണുങ്ങളുടെ മുൻപിലൂടെ ഞായറാഴ്‍ച കുർബാനക്കു പള്ളിയിൽ പോകണം . മാന്തോപ്പിലെ പെണ്ണാണ് ആ പോകുന്നതെന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിക്കണം .

കല്യാണം കഴിഞ്ഞ് പട്ടണത്തിൽ മനോഹരമായ ഒരു വീടുവാങ്ങി അങ്ങോട്ട് താമസം മാറ്റണം! അല്ലെങ്കില്‍ വേണ്ട, ഈ ഗ്രാമത്തില്‍ത്തന്നെ പുതിയൊരു വീടു പണിതു താമസിച്ചാല്‍ മതി. ഇവിടുത്തെ ഏറ്റവും വലിയ വീടായിരിക്കണം അത്.

രണ്ടോമൂന്നോ കുട്ടികള്‍! കറങ്ങിനടക്കാന്‍ ഒരു നല്ല കാര്‍. മതി. അത്രയൊക്കെ മതി. ജാസ്മിന്‍റെ മോഹങ്ങൾ ചിറകുവിരിച്ചു ആകാശത്തു പറന്നു നടന്നു.

ടോണിയുടെ വീട്ടില്‍ വിവാഹദല്ലാളന്മാരുടെ ഘോഷയാത്ര കണ്ടപ്പോള്‍ ജാസ്മിന് ആശങ്കയായി. കാശ് മോഹിച്ച് ആഗ്നസ് ആന്‍റി ഏതെങ്കിലും പണക്കാരിയെ കല്യാണം കഴിക്കാൻ നിര്‍ബന്ധിച്ചാല്‍…? ടോണി അതിനു സമ്മതം മൂളിയാൽ ? ഇനിയും കാത്തിരിക്കുന്നതു പന്തിയല്ലെന്ന് തോന്നിയപ്പോൾ ജാസ്മിന്‍ ടോണിയോടു പറഞ്ഞു:

“പഠിത്തം കഴിഞ്ഞു ടോണി ഫ്രീയായില്ലേ? എന്റെയും പഠിത്തം കഴിഞ്ഞു. ഇനി നമ്മുടെ കല്യാണക്കാര്യം അമ്മയോടൊന്നു സൂചിപ്പിച്ചൂടെ? ലവ് ആണെന്നൊന്നും പറയണ്ട. ഒരു ബ്രോക്കറെ പറഞ്ഞുവിട്ട് ഒരറേഞ്ച്ഡ് മാര്യേജ് പോലെയങ്ങു നടത്തിയാല്‍ മതി. കേള്‍ക്കുമ്പം അമ്മക്ക് ഒരുപാട് സന്തോഷമാകും. ഒരു ഡോക്ടറെയല്ലേ മരുമകനായി എന്റെ അമ്മക്ക് കിട്ടാന്‍ പോകുന്നത്?”
“ആദ്യം ഒരു നല്ല ആശുപത്രീല്‍ കേറട്ടെ. എന്നിട്ടാകാം കല്യാണം.” – ടോണി താത്പര്യം പ്രകടിപ്പിച്ചില്ല.
“അമ്മ എനിക്കു തിരക്കിട്ടു കല്യാണം ആലോചിച്ചുകൊണ്ടിരിക്ക്വാ. ഇന്നലെ ഇക്കാര്യം പറഞ്ഞു ഞാന്‍ അമ്മയുമായിട്ട് ഒടക്കി.” ജാസ്മിൻ വിടാനുള്ള ഭാവമില്ല.
“കല്യാണമൊക്കെ അതിന്‍റെ സമയമാകുമ്പം നടന്നോളും. നീ ടെൻഷനടിക്കണ്ട .”

“കുറേനാളായി ഞാന്‍ ശ്രദ്ധിക്കുന്നു. എന്‍റെ പഴയ ടോണിയല്ല ഇത്. ഒരുപാടു മാറിപ്പോയി. എന്നോടു മിണ്ടാന്‍പോലും ഇപ്പം ടോണിക്ക് മടിയാ. ടോണിക്കെന്നാ പറ്റിയത് ? വേറെയാരെയെങ്കിലും മനസിൽ കണ്ടു വച്ചിട്ടുണ്ടോ?”
ടോണി ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്കു നോക്കി വെറുതെ നിന്നതേയുള്ളൂ.
“പണ്ടൊക്കെ കല്യാണക്കാര്യം പറയുമ്പം ആയിരം നാവായിരുന്നു ടോണിക്ക്. കാത്തിരിപ്പിന്‍റെ ബുദ്ധിമുട്ട് പറഞ്ഞ് എത്ര തവണ ധൃതികൂട്ടിയിട്ടുണ്ട്. ഇപ്പം എന്തേ ഇങ്ങനെ? എന്താണെങ്കിലും എന്നോടു പറ. എന്താ എന്നെ ഇപ്പം ഇഷ്ടമില്ലാത്തത്?”
“കല്യാണം കഴിക്കാന്‍ ധൃതിയാണെങ്കില്‍ നീ വേറാരെയെങ്കിലും അന്വേഷിക്കുന്നതാ നല്ലത്. കാണാന്‍ കൊള്ളാവുന്നതുകൊണ്ട് എന്നെക്കാള്‍ നല്ല പയ്യനെ കിട്ടും.”
ആ വാചകം കേട്ടു ജാസ്മിന്‍ കണ്ണുമിഴിച്ചു നിന്നുപോയി.
“എന്‍റെ മുഖത്തു നോക്കി എങ്ങനെ പറയാന്‍ തോന്നി ടോണിക്കിത്? അപ്പം ഇക്കാലമത്രയും എന്നോടു കാണിച്ചതു കപടസ്നേഹമായിരുന്നോ? “
അവളുടെ കണ്ണുകൾ നിറഞ്ഞു. ചുണ്ടു കടിച്ചമര്‍ത്തി സങ്കടം ഒതുക്കാൻ പാടുപെട്ടു .
“ഒരുപാട് ആഗ്രഹിച്ചിരുന്നിട്ട്…! ടോണി പറ, എത്ര കാലം ഞാൻ കാത്തിരിക്കണം . ഒരു വര്‍ഷമോ? രണ്ടുവര്‍ഷമോ? അഞ്ചുവര്‍ഷമോ? എത്രനാളുവേണേലും കാത്തിരിക്കാന്‍ തയ്യാറാ.”
ഒരു ഭാവമാറ്റവും വരുത്താതെ ടോണി അവളുടെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കി നിന്നതേയുള്ളു . ജാസ്മിനു ഭയം തോന്നി. ഏതോ സത്വം ആ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്നതുപോലെ തോന്നി .
“എന്തേ ടോണി ഇങ്ങനെയൊരു നോട്ടം? ഒരു രാക്ഷസനേപ്പോലെ? എന്റെ ടോണിക്ക് എന്നാ പറ്റി? ” അവന്റെ ഇരു കൈകളും പിടിച്ചു കൊണ്ടവൾ ചോദിച്ചു.
“ഞാന്‍ ഒള്ള കാര്യം തുറന്നു പറയാം. നിനക്കു ചേരുന്ന ഒരു ഭര്‍ത്താവാകാന്‍ എനിക്കു സാധിക്കില്ല. ഈ ബന്ധം ഇന്ന്, ഇവിടെ വച്ച് നമുക്കവസാനിപ്പിക്കാം.”
ശിരസില്‍ ചുറ്റികകൊണ്ട് ഒരിടികിട്ടിയതുപോലെ ജാസ്മിന്‍ ഒന്നു പിടഞ്ഞു! ടോണിയുടെ കയ്യിലെ പിടി വിട്ടുപോയി !ഇക്കാലമത്രയും തന്‍റേതു മാത്രമെന്നു വിശ്വസിച്ച ടോണിയാണോ ഇതു പറഞ്ഞത്? പൊട്ടിത്തെറിക്കണോ പൊട്ടിക്കരയണോ എന്നറിയാതെ അവള്‍ വായ് പൊളിച്ചു നിന്നു.
“കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി കണ്ടു നമുക്കു മറക്കാം.” ടോണി അങ്ങനെ പറഞ്ഞതും ജാസ്മിന്റെ നിയന്ത്രണം വിട്ടുപോയി .
“ദുഷ്ടനാ നിങ്ങള്‍… ദുഷ്ടന്‍…” – ടോണിയുടെ ഷര്‍ട്ടില്‍ പിടിച്ചുലച്ചു വികാരവിവശയായി അവള്‍ തുടര്‍ന്നു: “സ്വപ്നങ്ങളും മോഹങ്ങളും തന്ന് സന്തോഷത്തിന്‍റെ കൊടുമുടിയിലെത്തിച്ചിട്ട് നിഷ്കരുണം തള്ളിതാഴെ യിടാൻ എങ്ങനെ തോന്നി ടോണിക്ക് ? ” കരഞ്ഞുകൊണ്ട് അവന്‍റെ കൈകള്‍ പുണര്‍ന്നു നെഞ്ചോടു ചേര്‍ത്തുപിടിച്ചു അവള്‍ അപേക്ഷിച്ചു .” പ്ലീസ്…എന്നെ കൈ ഒഴിയരുത് . എനിക്കു വേറൊരാളെ ഭര്‍ത്താവായി ഇനി ചിന്തിക്കാന്‍ പോലും പറ്റില്ല ടോണി . പ്ലീസ് ടോണി, എന്നെ ഇഷ്ടമില്ലെന്നു പറയല്ലേ… പ്ലീസ്. ” വികാരവിവശയായി അവൾ തുടർന്നു : “ഞാനിന്നുവരെ ടോണിയെ മാത്രമേ മനസ്സില്‍ പ്രണയിച്ചിട്ടുള്ളൂ. ഈ രൂപം മനസീന്ന് ഇനി പിഴുതെറിയാന്‍ പറ്റില്ല ടോണീ .. പറ്റില്ല . ടോണി ഉപേക്ഷിച്ചാൽ പിന്നെ ഞാൻ ജീവനോടെ ഈ ഭൂമിയിലുണ്ടാവില്ല. ”
അവളുടെ പിടി വിടുവിച്ചിട്ട് കോപത്തോടെ ടോണി ചോദിച്ചു .
“സ്നേഹത്തെക്കുറിച്ചു പറയാന്‍ എന്തു യോഗ്യതയാടീ നിനക്കുള്ളത്? കാണുമ്പോള്‍ ചിരിച്ചു കാണിക്കുന്നതും വായ്തോരാതെ സംസാരിക്കുന്നതുമല്ല സ്നേഹം. അതു ഹൃദയത്തില്‍ നിന്നു വരണം . അങ്ങനെയൊരു സ്നേഹമായിരുന്നോ നീ ഇത്രകാലവും എനിക്കു തന്നത്?”
“ഇത്ര നാളും ഇല്ലാതിരുന്ന ഒരു സംശയം ഇപ്പഴെങ്ങനാ ടോണീടെ മനസ്സില്‍ കടന്നുകൂടീത്? സത്യം പറ . എന്നെ ഒഴിവാക്കാന്‍ ഓരോരോ ന്യായങ്ങള്‍ പറയുവല്ലേ ?”
“ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് സത്യസന്ധമായ മറുപടി പറഞ്ഞാല്‍ എന്‍റെ തീരുമാനം ഞാന്‍ മാറ്റാം.”-ടോണി അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി നിന്നു
“എന്താ ? .” അവൾ ആകാംക്ഷയോടെ നോക്കി
“എറണാകുളത്തുവച്ച് ഒരിക്കല്‍ ഞാന്‍ പരിചയപ്പെടുത്തിയ സതീഷ് മേനോനെ താന്‍ ഓര്‍ക്കുന്നില്ലേ? ഒരിക്കല്‍ എന്‍റെ വീട്ടില്‍ വന്ന….”
“ഉം. എന്താ?” – ജാസ്മിന് ഉത്കണ്ഠയായി.
“ആ മനുഷ്യനെ നേരത്തെ പരിചയമുണ്ടോ നിനക്ക്‌ ?”
ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം! അവള്‍ കുഴങ്ങി. എന്തു മറുപടി പറയണം? ആലോചിച്ചുനിന്നാല്‍ ടോണി തന്നെ സംശയിക്കുമെന്നു തോന്നിയതുകൊണ്ട് അവള്‍ പെട്ടെന്നു പറഞ്ഞു:
“ഇല്ല.”
ഒരിക്കല്‍ ഇല്ലെന്നു പറഞ്ഞതാണ്. ഇനി മാറ്റിപ്പറഞ്ഞാല്‍ തന്‍റെ വിശ്വാസ്യത പൂര്‍ണ്ണമായും തകരുമെന്നവള്‍ക്കു അറിയാം . നുണയാണെങ്കിലും ടോണിയെ തനിക്കു നഷ്ടപ്പെടാതിരിക്കാൻ ഒരു കള്ളം പറഞ്ഞു . സാരമില്ല .ദൈവം അത് ക്ഷമിക്കും .
“അയാള്‍ പറഞ്ഞു പരിചയപ്പെട്ടിട്ടുണ്ടെന്ന്.”
“നുണയാ അത്. എന്നേപ്പോലിരിക്കുന്ന വേറാരെങ്കിലുമായിരിക്കും.” അവള്‍ ഉരുണ്ടുകളിച്ചു.
അയാളെ കണ്ടു എന്നു തെളിയിക്കാന്‍ ടോണിയുടെ പക്കല്‍ തെളിവുകളൊന്നുമില്ലല്ലോ എന്ന വിശ്വാസത്തിലാണ് അവള്‍ അത്രയും പറഞ്ഞൊപ്പിച്ചത് .
“സോറി. ഇത്രയും സത്യസന്ധയായ ഒരു പെണ്ണിനെ സംശയിച്ചുപോയതിൽ എനിക്കിപ്പോള്‍ ദുഃഖം തോന്നുന്നു.”
ടോണി പരിഹസിക്കുകയാണെന്ന സത്യം ജാസ്മിന്‍ തിരിച്ചറിഞ്ഞില്ല.
“അയാള്‍ ഓരോ കള്ളക്കഥകളുണ്ടാക്കി നമ്മളെ തമ്മില്‍ അകറ്റാന്‍ വേണ്ടി നോക്കുന്നതാ. ഞാന്‍ ടോണിയുടെ ഭാര്യയാകുന്നതില്‍ അയാള്‍ക്കസൂയയായിരിക്കും.”
“ശരിയാ. അങ്ങനെയായിരിക്കും. അയാള്‍ എന്നോട് ഒരുപാടു കള്ളം പറഞ്ഞു. തന്നെ കണ്ടിട്ടുണ്ടെന്നും, സംസാരിച്ചിട്ടുണ്ടെന്നും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും , ഒന്നിച്ചുകിടന്നിട്ടുണ്ടെന്നുമൊക്കെ . ഞാനതു വിശ്വസിച്ചു പോയി. സോറി.”
“ഇപ്പം തെറ്റിദ്ധാരണ മാറിയോ ? “
”ശരിക്കും മാറി.” ടോണി തുടര്‍ന്നു: “ങ് ഹ , നാളെത്തന്നെ ഞാന്‍ ബ്രോക്കറെ പറഞ്ഞു വിടാം; നിന്റെ അമ്മയുടെ അടുത്തേക്ക്. നമ്മുടെ കല്യാണത്തെക്കുറിച്ചു സംസാരിക്കാന്‍.”
“നേരാണോ?” – ജാസ്മിന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
“നേര് .”
“ഹൊ! ഇപ്പഴാ എന്‍റെ മനസ്സൊന്നു തണുത്തത്! സമാധാനമായി. ടോണിയെ കൈവിടുന്ന കാര്യം എനിക്കു ചിന്തിക്കാനേ പറ്റില്ല. അത്രയ്ക്കിഷ്ടാ എനിക്കു ടോണിയെ.”
അവള്‍ അവന്റെ കൈപിടിച്ചുയർത്തി കൈത്തലത്തിൽ ഒരു മുത്തം നല്‍കി.
ടോണിക്കു പ്രത്യേകിച്ച് ഒരു അനുഭൂതിയും തോന്നിയില്ല. മുഖത്തു ഭാവമാറ്റവുമുണ്ടായില്ല.
“ഇനി നീട്ടിക്കൊണ്ടുപോകരുത്. എത്രയും വേഗം കല്യാണം നടത്തണം. കല്യാണം കഴിഞ്ഞാലേ എന്‍റെ മനസ്സു സ്വസ്ഥമാകൂ.” ജാസ്മിൻ ധൃതി കൂട്ടി .
“ഉം .”
“എന്നാ ഞാന്‍ സന്തോഷമായിട്ടു പോകട്ടെ?” – അവള്‍ യാത്ര ചോദിച്ചു
“നില്‍ക്ക്. നമ്മള്‍ രണ്ടുപേരും മാത്രമേ ഇപ്പം ഇവിടുള്ളൂ. അമ്മയും അനുവും പള്ളിയിൽ നിന്ന് വരാൻ വൈകും. നമുക്ക് ഒരുമിച്ചിരുന്നു സന്തോഷത്തോടെ ഒരു സിനിമ കണ്ടിട്ടു പോകാം. എന്താ?”
“ഏതു സിനിമയാ?”
“ഒരിക്കല്‍ നീ കാണണമെന്നു പറഞ്ഞു നിര്‍ബന്ധം പിടിച്ചില്ലേ, ഒരു ഹൊറർ ഫിലിം? ഇരട്ടമുഖമുള്ള യക്ഷി? അമ്മ വന്നതുകൊണ്ടു കാണാൻ പറ്റാതെ പോയത്?”
“ഓ… അതൊരുപാടുനാളു മുമ്പല്ലേ? ഞാനാക്കാര്യം മറന്നു പോയിട്ടോ. ടോണിക്കു നല്ല ഓര്‍മ്മയാ.”
“എനിക്കതൊന്നും മറക്കാന്‍ പറ്റില്ലല്ലോ .”
ജാസ്മിനെ പിടിച്ചു കസേരയിലിരുത്തിയിട്ട് ടോണി എണീറ്റു മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് എടുത്തു തുറന്നു. പവര്‍സ്വിച്ചില്‍ വിരലമര്‍ത്തി ഓണ്‍ ചെയ്തു. അതു ബൂട്ടു ചെയ്തു വന്നപ്പോള്‍ മേശവിരിപ്പില്‍നിന്ന് ഒരു പെന്‍ഡ്രൈവ് എടുത്ത് യു എസ് ബി പോർട്ടിലേക്കു കുത്തി.
ആകാംക്ഷയോടെ മോണിറ്ററിലേക്കു മിഴികള്‍ നട്ടിരിക്കുകയായിരുന്നു ജാസ്മിന്‍.
പെൻ ഡ്രൈവിലെ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്ത് ടോണി വീഡിയോ പ്ലേ ചെയ്തു.
സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ടതും തല കറങ്ങുന്നതുപോലെ തോന്നി ജാസ്മിന്.
വീണുപോകാതിരിക്കാൻ കസേരകൈയില്‍ അവള്‍ മുറുകെപ്പിടിച്ചു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here