Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 23

1818
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 23

ദുര്‍ഘടമായ റോഡിലൂടെ ലോറി സാവധാനം മുമ്പോട്ടോടിക്കൊണ്ടിരുന്നു..
ജാസ്മിന്‍ വെളിയിലേക്കു നോക്കി.
തെങ്ങും കുരുമുളകും ഏലവും വിളയുന്ന മലഞ്ചെരിവുകള്‍.
ഒരു വശത്ത് മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കുന്നുകൾ . മറുവശത്ത് അഗാധമായ കൊക്ക.
അവൾക്കു ഭയം തോന്നി. ദൈവമേ, ഈ കുന്നിന്റെ നെറുകയിലാണോ ഇനി തന്‍റെ താമസം? കണ്ടിട്ട് പേടിയാകുന്നു.
“ഇനി എന്തോരം ദൂരമുണ്ടങ്കിള്‍?”
അവൾ കുര്യാക്കോസിന്റെ നേരെ നോക്കി.
“അഞ്ചെട്ടു കിലോമീറ്ററുകൂടി കാണും.”
“എന്‍റെ ദൈവമേ…എന്തൊരു മലയാ ” അവള്‍ നെഞ്ചത്തു കൈവച്ചു.
കുര്യാക്കോസ് ഒന്നും പറഞ്ഞില്ല.
താന്‍ ജനിച്ചു വളര്‍ന്ന നാടിനേക്കാള്‍ എത്രയോ വ്യത്യസ്തമാണ് ഈ നാട് എന്നവൾ ഓർത്തു.
ഈ മലമുകളിൽ എങ്ങനെ ജീവിക്കും, ജീവിതാന്ത്യം വരെ ?

ഏറെ നേരത്തെ യാത്രയ്ക്കുശേഷം കുന്നിന്‍റെ നെറുകയില്‍ ലോറി വന്നു നിന്നു.
“ഇനിയങ്ങോട്ടു ലോറി പോകുകേല. ഇവിടുന്നു പെട്ടി ഓട്ടോ കിട്ടും. സാധനങ്ങളൊക്കെ അതേല്‍ കേറ്റി കൊണ്ടുപോണം.”
ഡ്രൈവര്‍ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചുകൊണ്ടു പറഞ്ഞു.
കുര്യാക്കോസ് ലോറിയില്‍ നിന്നിറങ്ങി.
എന്നിട്ട് മേരിക്കുട്ടിയെയും ജാസ്മിനെയും ഇറങ്ങാന്‍ സഹായിച്ചു.

ജാസ്മിന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. ആറേഴുകടകളുള്ള ചെറിയൊരു കവല . ഒരു ചായക്കടയുടെ വരാന്തയിലെ ബഞ്ചില്‍ രണ്ടുപേര്‍ ഇരിപ്പുണ്ട്. റോഡരുകിലെ വാകമരത്തിന്‍റെ ചുവട്ടില്‍ രണ്ടു പെട്ടി ഓട്ടോയും മൂന്നു ടാക്സി ജീപ്പും കിടപ്പുണ്ട്. അതിനപ്പുറത്ത് റോഡരികില്‍ നാലോ അഞ്ചോ സാദാ ഓട്ടോറിക്ഷകളും.
ലോറിയില്‍ വീട്ടുസാമാനങ്ങള്‍ കണ്ടപ്പോള്‍ പെട്ടി ഓട്ടോയുടെ ഡ്രൈവര്‍, കുര്യാക്കോസിന്‍റെ അടുത്തേക്കു നടന്നു വന്നിട്ട് ചോദിച്ചു .
“എവിടേക്കാ?”
“കുറുക്കന്‍മല.”
“ഇവിടുന്ന് രണ്ടു കിലോമീറ്ററുണ്ട്. വഴി മോശമാ. ഒരു ട്രിപ്പിന് 350 രൂപാ വച്ചാകും. കയറ്റിറക്കു കൂലി വേറെ. എങ്ങനാ കേറ്റട്ടെ?”
“അതിത്തിരി കൂടുതലല്ലേ ?”
“എന്റെ പൊന്നു ചേട്ടാ ഏറ്റവും കുറഞ്ഞ ചാർജ്ജാ ഞാൻ പറഞ്ഞത് . വഴി തീരെ മോശമാ. നിങ്ങള്‍ എവിടുന്നു വരുവാ ?”
കുര്യാക്കോസ് സ്ഥലപ്പേരു പറഞ്ഞു.
“ഒരു കാര്യം ചെയ്യ് . മുന്നൂറ് വച്ചു തന്നാല്‍ മതി.”
അനുവാദം കിട്ടുന്നതിനു മുമ്പേ രണ്ടു ചുമട്ടുകാരെ അയാൾ കൈകൊട്ടി വിളിച്ചു വരുത്തി.
”കുറുക്കൻ മലക്കാ ”
പിന്നെന്തെങ്കിലും പറയുന്നതിനുമുമ്പേ ചുമട്ടുകാർ ലോറിയില്‍ ചാടിക്കയറി കയർ അഴിച്ചു. സാധനങ്ങള്‍ ഓരോന്നായി ഇറക്കി പെട്ടി ഓട്ടോയില്‍ കയറ്റാന്‍ തുടങ്ങി .
ആദ്യ ട്രിപ്പ് പുറപ്പെട്ടപ്പോള്‍ ഒരു സാദാ ഓട്ടോയില്‍ കയറി കുര്യാക്കോസും മേരിക്കുട്ടിയും ജാസ്മിനും വഴികാട്ടിയായി മുന്‍പേ സഞ്ചരിച്ചു.
ദുർഘടമായ ചെമ്മൺ റോഡിലൂടെ ഓട്ടോ പോയിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ കുര്യക്കോസിനോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.

പതിനഞ്ചു മിനിറ്റു നേരത്തെ യാത്രയ്ക്കുശേഷം അവര്‍ കുറുക്കന്‍മലയിലെത്തി. ജാസ്മിന്‍ ഓട്ടോയില്‍ ഇരുന്നുകൊണ്ട് ഇടവും വലവും നോക്കി. ശരിക്കും ഒരു മല തന്നെ. സങ്കടം വന്നു അവള്‍ക്ക്. ജീവിതാന്ത്യം വരെ ഈ മലമുകളിൽ ഇനി കഴിയണമല്ലോ.
വീട്ടുമുറ്റത്ത് ഓട്ടോറിക്ഷ വന്നു നിന്നതും, മൂന്നുപേരും ഇറങ്ങി. കുര്യാക്കോസ് ഓട്ടോക്കൂലി കൊടുത്തു ഡ്രൈവറെ പറഞ്ഞുവിട്ടു .
” ഇത് ഭയങ്കര മലയാണല്ലോ അങ്കിൾ ” നാലുചുറ്റും കണ്ണോടിച്ചിട്ട് ജാസ്മിൻ വിഷമത്തോടെ പറഞ്ഞു .
”മലയാണെങ്കിൽ എന്താ , നല്ല ഒന്നാംതരം മണ്ണാ ”
“ഇത്രേം വല്യ മലയാന്നറിഞ്ഞിരുന്നെങ്കില്‍ ഞാനിതു വാങ്ങിക്കാന്‍ പറയില്ലായിരുന്നു.” – മേരിക്കുട്ടി സങ്കടത്തോടെ തടിക്കു കയ്യും കൊടുത്തു നിന്നു .
“നിന്നോടൊന്നു വന്നു കാണാന്‍ ഞാന്‍ പലവട്ടം പറഞ്ഞതല്ലായിരുന്നോ ?” മേരിക്കുട്ടിയെ നോക്കി നെറ്റിചുളിച്ചിട്ടു കുര്യാക്കോസ് തുടര്‍ന്നു: “പൊന്നു വിളയുന്ന മണ്ണാ. നിസാര വിലയ്ക്കു കിട്ടിയില്ലേ? പിന്നെ, സിനിമാ തിയേറ്ററും ബ്യൂട്ടിപാര്‍ലറുമൊന്നുമില്ലെന്നേയുള്ളൂ.” അതു പറഞ്ഞിട്ടു കുര്യാക്കോസ് ജാസ്മിനെ പാളി നോക്കി. അവളും സങ്കടപ്പെട്ടു നിൽക്കുകയായിരുന്നു.
പോക്കറ്റില്‍നിന്നു താക്കോലെടുത്ത് അയാള്‍ വരാന്തയിലേക്ക് കയറിയിട്ട് മുറിയിലേക്കുള്ള വാതില്‍ തുറന്നു.
പൊളിഞ്ഞുവീഴാറായ ഒരു പഴയ വീട്. ഓടുമേഞ്ഞതാണെങ്കിലും കഴുക്കോലും പട്ടികയുമൊക്കെ ചിതല്‍ തിന്നു ദ്രവിച്ചിരിക്കുന്നു. മുറിയിലേക്കു കയറിയപ്പോള്‍ വല്ലാത്ത ഭീതി തോന്നി ജാസ്മിന്. അവള്‍ ജനാലകളെല്ലാം തുറന്നിട്ടു.

മൂന്നുമുറിയും അടുക്കളയും. മുറികളെല്ലാം വൃത്തിഹീനമായി കിടക്കുകയാണ്. ജാസ്മിനു കരച്ചില്‍ വന്നു. പഴയവീടും പറമ്പും എത്രയോ മനോഹരമായിരുന്നു. ഇനി ഒരിക്കലും അതു കാണാനൊക്കില്ലല്ലോ.
അവള്‍ ലൈറ്റിന്‍റെ സ്വിച്ച് ഓൺ ചെയ്തു . മുറിയില്‍ പ്രകാശം പരന്നപ്പോൾ ഉള്ളിലെ ഭയം അല്പം കുറഞ്ഞു.
ചുമട്ടുകാര്‍ പെട്ടി ഓട്ടോയില്‍നിന്നു സാധനങ്ങള്‍ ഓരോന്നായി ഇറക്കി അകത്തേക്ക് കൊണ്ടുവന്നു . കുര്യാക്കോസും മേരിക്കുട്ടിയും ജാസ്മിനും ചേര്‍ന്ന് ഓരോന്നും അതതിന്‍റെ സ്ഥാനത്തു കൊണ്ടുപോയി വച്ചു. കട്ടിലും മേശയുമെല്ലാം പിടിച്ചിടാന്‍ ചുമട്ടുകാരും സഹായിച്ചു. മൂന്നു ട്രിപ്പായിട്ടാണ് ഫര്‍ണ്ണിച്ചറുകളെല്ലാം അവിടെ എത്തിച്ചത്. കണക്കു തീര്‍ത്തു കാശുകൊടുത്തിട്ട് കുര്യാക്കോസ് ഡ്രൈവറെയും ചുമട്ടുകാരെയും പറഞ്ഞു വിട്ടു.
ജാസ്മിൻ മുറ്റത്തിറങ്ങി ചുറ്റുപാടും നോക്കി.
പറമ്പും പരിസരവും കാടുപിടിച്ചു കിടക്കുകയാണ്. കണ്ണെത്തുന്ന ദൂരത്ത് അയല്‍ വീടുകളൊന്നും കാണാനില്ല. താനും അമ്മയും തനിച്ച് ഈ വീട്ടില്‍ എങ്ങനെ കഴിയും ?.
മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ കുഴിച്ചു മൂടി ഈ മലമുകളില്‍ മരിക്കുന്നതുവരെ കഴിയണമല്ലോ ദൈവമേ ! ജാസ്മിന്‍ തൂവാലകൊണ്ടു കണ്ണുകള്‍ തുടച്ചു.
മേരിക്കുട്ടി വേഷം മാറിയിട്ട് വെള്ളം കോരാനായി ബക്കറ്റുമെടുത്തു കിണറിനടുത്തേക്കു നടന്നു.
ജാസ്മിന്‍ വരാന്തയിലിട്ടിരുന്ന കസേരയില്‍ താടിക്കു കൈയും കൊടുത്ത് ദൂരേക്ക് നോക്കി ഓരോന്നാലോചിച്ചിരുന്നു.
“നീ എന്തിനാ കൊച്ചേ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നേ?” – കുര്യാക്കോസ് ഒരു പ്ലാസ്റ്റിക് കസേരയെടുത്ത് വരാന്തയിലേക്കിട്ട് അവളുടെ അടുത്ത് ഇരുന്നിട്ട് തുടർന്നു : “വീടിനിത്തിരി ഷോ കുറവാന്നേയുള്ളൂ. രണ്ടുവര്‍ഷത്തെ ആദായം മതീല്ലോ ഒന്നാന്തരം ഒരു വീടു പണിയാൻ . പൊന്നുവിളയുന്ന മണ്ണാ. കണ്ടില്ലേ കുരുമുളകും കാപ്പീം ഒക്കെ തഴച്ചു വളര്‍ന്നു നില്‍ക്കുന്നേ. കുരുമുളകിനൊക്കെ ഇപ്പം എന്താ വില.”
“പറഞ്ഞു കേട്ടപ്പം ഇതിനേക്കാളൊക്കെ സൗകര്യമുള്ളതായിരിക്കൂന്നാ ഓര്‍ത്തത്. ഇതിപ്പം തൊട്ടടുത്ത് ഒരു വീടു പോലുമില്ല “
“അമ്പത് ലക്ഷം ഉലുവായ്ക്ക് ഇതിനേക്കാള്‍ കൂടുതല്‍ എന്നാ കിട്ടുമെന്നാ നീ വിചാരിച്ചേ ? വന്ന് ഒന്ന് കാണാന്‍ പറഞ്ഞതല്ലായിരുന്നോ ഞാൻ ? അപ്പം രണ്ടുപേര്‍ക്കും കാണണ്ട. എനിക്കിഷ്ടപ്പെട്ടാല്‍ വാങ്ങിച്ചോളാന്‍ നീ തന്നെയല്ലേ എന്നോട് പറഞ്ഞത് ? ഇനി മണാകുണാ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”
”ഞാനൊന്നും പറയുന്നില്ല അങ്കിളേ. ഒരുപാട് കാലം ഈ ഭൂമിയിൽ വയ്ക്കാതെ മുകളിലേക്കൊന്നെടുത്താൽ മതിയെന്നേയുള്ളൂ ഇപ്പം ആഗ്രഹം .”
”എന്റെ കൊച്ചേ ഇവിടുള്ളോരു നല്ല സ്നേഹം ഉള്ള മനുഷ്യരാ. വല്യ പഠിപ്പും പത്രാസുമൊന്നും ഇല്ലെന്നേയുള്ളൂ. ”
”ഉം ”
മൂളിയതല്ലാതെ പിന്നെ ഒന്നും മിണ്ടിയില്ല അവൾ .

മേരിക്കുട്ടി വെള്ളം കോരിക്കൊണ്ടു വന്നു കടുംകാപ്പി ഉണ്ടാക്കി. ഗ്ലാസില്‍ കാപ്പി പകര്‍ന്ന് ഡൈനിംഗ് ടേബിളില്‍ കൊണ്ടുവന്നു വച്ചു. ഒരു പ്ലേറ്റില്‍ ബ്രഡും എടുത്തു വച്ചു. എന്നിട്ട് ജാസ്മിനെയും കുര്യാക്കോസിനെയും കാപ്പി കുടിക്കാന്‍ വിളിച്ചു.
ചൂടുകാപ്പി ഊതിക്കുടിക്കുന്നതിനിടയില്‍ കുര്യാക്കോസ് പറഞ്ഞു:
“ഇനി റേഷന്‍കാര്‍ഡും ഇലക്ഷന്‍ കാര്‍ഡും ഇങ്ങോട്ടു മാറ്റണം. അതൊക്കെ ഞാന്‍ സാവകാശം ചെയ്തു തരാം.”
“ഉം.” മേരിക്കുട്ടി തലയാട്ടി.
“പിന്നെ, ഇവിടെ മൊബൈലിനു റേഞ്ചില്ല. തൊട്ടടുത്ത വീട്ടില് ലാന്‍ഡ് ഫോണുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ അവിടെ ചെന്ന് എന്നെ വിളിച്ചാല്‍ മതി. കേട്ടോടീ കൊച്ചേ.” കുര്യക്കോസ് ജാസ്മിനെനോക്കി.
ജാസ്മിന്‍ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അന്നു രാത്രി കുര്യാക്കോസ് അവരോടൊപ്പം ആ വീട്ടില്‍ അന്തിയുറങ്ങി. പിറ്റേന്നു രാവിലെ കുറെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമൊക്ക നല്‍കിയിട്ടാണ് അയാള്‍ യാത്ര പറഞ്ഞു പിരിഞ്ഞത്‌.

പുതിയ താമസക്കാര്‍ വന്നു എന്നറിഞ്ഞ് ചുറ്റുവട്ടത്തു താമസിക്കുന്ന ചില സ്ത്രീകളും കുട്ടികളും പരിചയപ്പെടാന്‍ വന്നു. പരിഷ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളുകളാണ് ആ മലമുകളില്‍ താമസിക്കുന്നതെന്നു ജാസ്മിനു മനസ്സിലായി. പക്ഷേ, എല്ലാവരും സ്നേഹമുള്ളവരാണ്. കള്ളവും ചതിയും ഇല്ലാത്ത പാവങ്ങള്‍. അവരോടു ചിത്തിരപുരത്തെ വിശേഷങ്ങള്‍ പറഞ്ഞും അവരു പറഞ്ഞ വിശേഷങ്ങള്‍ കേട്ടും ഏറെ സമയം ചെലവഴിച്ചു ജാസ്മിന്‍.

ഉച്ചകഴിഞ്ഞു ജാസ്മിന്‍ അയല്‍വീടുകളിലെ കുട്ടികളോടൊപ്പം ആ പ്രദേശമാകെ ചുറ്റിനടന്നു കണ്ടു. വീടിന്‍റെ കിഴക്കുവശത്ത് ഇരുനൂറു മീറ്റർ അകലെ വലിയൊരു പാറയുണ്ട്. ആ പാറപ്പുറത്തു കയറി ഇരുന്നാൽ താഴ്വാരത്തെ റോഡും കെട്ടിടങ്ങളും വാഹനങ്ങളുമൊക്കെ കാണാം. നല്ല രസമുള്ള കാഴ്ചയായിരുന്നു അത്.. തണുത്ത കാറ്റുകൊണ്ട് അവിടെ ഇരിക്കാന്‍ നല്ല സുഖം !
കുട്ടികളുടെ കൂടെ ഏറെനേരം അവള്‍ ആ പാറപ്പുറത്തിരുന്നു. പാട്ടുപാടിയും കഥകള്‍ പറഞ്ഞും അവരെ രസിപ്പിച്ചു. പുതിയ കുഞ്ഞേച്ചിയെ കുട്ടികള്‍ക്കൊക്കെ വലിയ ഇഷ്ടമായി. മിഠായി വാങ്ങിക്കാന്‍ അവള്‍ എല്ലാവര്‍ക്കും അഞ്ചുരൂപാ വീതം കൊടുത്തു. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മേരിക്കുട്ടി അവളെ വഴക്കു പറഞ്ഞു.

“കുട്ടികളുടെ കൂടെ കളിച്ചു നടക്കേണ്ട പ്രായമൊക്കെ കഴിഞ്ഞു . പോരെങ്കില്‍ പരിചയമില്ലാത്ത സ്ഥലോം. നീ എന്നാ വിചാരിച്ചാ അവരുടെ കൂടെ നാട് നീളെ ചുറ്റിനടന്നത് ? “
“നല്ല സ്നേഹമുള്ള പിള്ളേരാ അമ്മേ. എന്നെ എന്തിഷ്ടായിന്നോ .. എന്നെ കുഞ്ഞേച്ചിന്നാ അവര് വിളിക്കുന്നത് “
“നീ പിള്ളേരെ പിടിക്കാന്‍ പണ്ടേ മിടുക്കിയാണല്ലോ. ങ്ഹ. നിന്‍റെ വിഷമമൊക്കെ മാറിയോ?”
“ഇത്തിരി കുറഞ്ഞു. എന്നാലും ഓർക്കുമ്പം ഉള്ളീന്നു ഒരു സങ്കടം കേറി വരും. മൊബൈലിന് റേഞ്ചുപോലുമില്ലാത്ത ഒരു കുഗ്രാമമല്ലേ അമ്മേ! ഇങ്ങനെയൊരു സ്ഥലമാന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ” മുറിയിലേക്ക് കയറുന്നതിനിയറിൽ അവൾ തുടർന്നു : “ങ്ഹ… അമ്മേ , നമുക്കു നാളെ രാവിലെ പള്ളീല്‍പോയി കുര്‍ബാന കാണണം. എന്നിട്ടു വികാരിയച്ചനേം പോയി കാണണം. വീടൊന്നു വെഞ്ചിരിക്കണ്ടേ?”
“ഇതു ഞാനങ്ങോട്ടു പറയാന്‍ തുടങ്ങ്വായിരുന്നു.” മേരിക്കുട്ടി പറഞ്ഞു.
ജാസ്മിൻ അടുക്കളയിൽ ചെന്ന് ഒരു ഗ്ളാസ് തണുത്ത വെള്ളം എടുത്തു കുടിച്ചു .

പിറ്റേന്നു രാവിലെ അവര്‍ പള്ളിയില്‍ പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ടു. കുര്‍ബാന കഴിഞ്ഞു നേരെ പള്ളിമേടയില്‍ ചെന്നു വികാരിയച്ചനെ കണ്ടു. പുതിയ താമസക്കാരാണെന്നു കേട്ടപ്പോള്‍ അച്ചന്‍ കുടുംബകാര്യങ്ങളൊക്കെ ചോദിച്ചു. എല്ലാം കേട്ട ശേഷം ജാസ്മിനെ നോക്കിഅച്ചന്‍ പറഞ്ഞു.
“പള്ളീടെ നേതൃത്വത്തില്‍ ഇവിടെ ഒരു കാത്തലിക് യൂത്ത് ലീഗ് ഉണ്ട്. അതില്‍ നീയും അംഗമാകണം. നിനിക്കിത്തിരി വിവരോം വിദ്യാഭ്യോസോം ഒക്കെയുണ്ടല്ലോ. ഇവിടുള്ളോരധികവും പാവങ്ങളാ. വല്യ അറിവും പഠിപ്പും ഒന്നുമില്ല . അവരെ സംഘടിപ്പിച്ച് നമുക്ക് പല പരിപാടികളും ആസൂത്രണം ചെയ്യണം . ആണുങ്ങളുടെ ഭാഗത്തുനിന്ന് കൊള്ളാവുന്ന ഒരു പയ്യനുണ്ട്. പുത്തന്‍പുരയ്ക്കലെ ജയിംസ്. അവനിത്തിരി വിവരോം വിദ്യാഭ്യോസോം ഉള്ള കൂട്ടത്തിലാ. പെണ്ണുങ്ങടെ ഭാഗത്തുനിന്ന് ഇതുവരെ കൊള്ളാവുന്ന ഒരാളെ കിട്ടിയില്ല. നിന്നെ കണ്ടപ്പം എനിക്കുതോന്നി, അതിനു പറ്റിയ ആളാന്ന് . നിനക്കു വേദപാഠം പഠിപ്പിക്കാന്‍ പറ്റുമോ മോളേ?”
“ഉം.” ജാസ്മിന്‍ തലകുലുക്കി.
“എന്നാ അടുത്ത ഞായറാഴ്ച രണ്ടാമത്തെ കുർബാന കഴിഞ്ഞ് എന്നെ വന്നൊന്നു കാണണേ. വേദപാഠം പഠിപ്പിക്കാന്‍ നല്ലൊരാളെ കിട്ടാതെ വിഷമിച്ചിരിക്ക്വായിരുന്നു ഞാൻ .”
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
അച്ചന്‍ എണീറ്റ് മിഠായി ഭരണി തുറന്ന് ഒരുപിടി മിഠായി വാരി അവള്‍ക്കു കൊടുത്തു കൊണ്ട് പറഞ്ഞു ,
“ആദ്യായിട്ടു വരികയല്ലേ. മധുരം കഴിച്ചു സന്തോഷമായിട്ടു പോ.” – ജാസ്മിന്‍ രണ്ടു കൈയും നീട്ടി മിഠായി വാങ്ങി. ഒരു പിടിമിട്ടായി വാരി മേരിക്കുട്ടിക്കും കൊടുത്തു അച്ചന്‍.
പള്ളിമേടയില്‍ നിന്നിറങ്ങിയപ്പോള്‍ മേരിക്കുട്ടി പറഞ്ഞു:
“നല്ല സ്നേഹമുള്ള അച്ചനാ. നമുക്ക് സഹായത്തിന് ഒരാളായി. പള്ളി അധികം ദൂരത്തുമല്ല.”
“എനിക്കും ഇഷ്ടായി അച്ചനെ.” – ജാസ്മിന്‍ ഒരു മിഠായി എടുത്തു വായിലേക്കിട്ടു നുണഞ്ഞു കൊണ്ട് സാവധാനം അമ്മയോടൊപ്പം വീട്ടിലേക്കു നടന്നു. ഉച്ചകഴിഞ്ഞു വികാരിയച്ചൻ വന്നു വീട് വെഞ്ചിരിച്ചിട്ടു പോയി.

സന്ധ്യമയങ്ങിയപ്പോള്‍ ആകാശത്ത് കാര്‍മേഘം ഉരുണ്ടുകൂടി. മഴക്കുള്ള പുറപ്പാടാണ് . തണുത്ത കാറ്റ് ആഞ്ഞു വീശിയപ്പോള്‍ ജാസ്മിനു പേടി തോന്നി. കാറ്റിനു പിന്നാലെ ശക്തമായ മിന്നലും ഇടിയും കൂടിയായപ്പോള്‍ പേടി വര്‍ദ്ധിച്ചു. ജനാലകളെല്ലാം അടച്ച് അവള്‍ കുറ്റിയിട്ടു.
പൊടുന്നനെ മഴത്തുള്ളികള്‍ പൊട്ടി വീണു. മഴയോടൊപ്പം ശക്തമായ കാറ്റും. വീടു തകര്‍ന്നു വീണേക്കുമോ എന്നുപോലും ജാസ്മിന്‍ ഭയന്നുപോയി. അവിടവിടെ ചോരുന്നുണ്ട് . അവള്‍ അമ്മയെ കെട്ടിപ്പിടിച്ചിരുന്നു.
തുള്ളിക്കൊരുകുടം പെയ്യുന്ന കനത്ത മഴ. ഒപ്പം ചെവി പൊട്ടുന്ന ഇടിയും . പെട്ടെന്നു കറണ്ടും പോയി. മുറിയില്‍ കനത്ത ഇരുട്ട്. എണീറ്റു തപ്പിത്തടഞ്ഞ് തീപ്പെട്ടി എടുത്തു തിരി കത്തിച്ചു മേരിക്കുട്ടി. വെളിയില്‍ മരം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതും ഞെട്ടി വിറച്ചുപോയി ജാസ്മിനും മേരിക്കുട്ടിയും.
“പേടിയാകുന്നല്ലോ അമ്മേ! ഈ രാത്രീല് നമ്മള് രണ്ടു പെണ്ണുങ്ങള് തനിച്ച്‌ …. തൊട്ടടുത്ത് ഒരു വീടുപോലും ഇല്ല ”
കാതടിപ്പിക്കുന്ന ഇടിശബ്ദം പടപടാമുഴങ്ങിയപ്പോള്‍ മേരിക്കുട്ടിയും വല്ലാതെ ഭയന്നുപോയി. ജപമാല ചൊല്ലി അവർ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു; ഒരാപത്തും വരുത്തരുതേ മാതാവേ എന്ന് .
മഴ നീണ്ടു നില്‍ക്കുകയാണ്. മേരിക്കുട്ടി ക്ലോക്കിലേക്കുനോക്കി. മണി പത്തര. വെട്ടവും വെളിച്ചവുമില്ലാതെ ഈ രാത്രി എങ്ങനെ ഇരുട്ടി വെളുപ്പിക്കും ?
ഉറക്കം വന്നില്ല രണ്ടുപേര്‍ക്കും.

ശ്വാസമടക്കി പേടിച്ചിരിക്കുമ്പോള്‍ വെളിയില്‍ ആരുടെയോ പാദപതനശബ്ദം. വരാന്തയിലാരെങ്കിലുമുണ്ടോ? ജനാലയുടെ പാളി അല്പം തുറന്ന് ജാസ്മിൻ ഭീതിയോടെ പുറത്തേക്കു നോക്കി. മഴയില്‍ നനഞ്ഞ് കുതിർന്ന് ഒരു രൂപം വരാന്തയില്‍ നില്‍ക്കുന്നു. അവൾ ഭയന്നു വിറച്ചു പോയി. ഇതു പ്രേതമോ മനുഷ്യനോ?
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here