സതീഷിന്റെ വീട്ടുമുറ്റത്ത് ജയദേവന്‍റെ കാർ വന്നു നിന്നു.
ജയന്‍ വേഗം കാറിൽ നിന്ന് ഇറങ്ങി ധൃതിയിൽ വീട്ടിലേക്ക് കയറി.
സ്വീകരണമുറിയിൽ സതീഷ് അയാളെ കാത്തിരിക്കുകയായിരുന്നു.
“എന്താ അത്യാവശ്യമായി കാണണമെന്നു പറഞ്ഞത്?”
വന്നപാടെ ജയന്‍ ചോദിച്ചു.
“പറയാം. നീയവിടെ ഇരുന്നിട്ട് ശ്വാസമൊന്നു നേരെ വിട്.”
സതീഷ് ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്തു.
ജയദേവന്‍ സോഫയിലിരുന്നിട്ട് ആകാംക്ഷയോടെ സതീഷിനെ നോക്കി.
“സസ്പെന്‍സിടാതെ നീ കാര്യം പറ .”
ജയദേവനഭിമുഖമായി സോഫയിൽ ഇരുന്നിട്ടു കൈകൾ രണ്ടും കൂട്ടി തിരുമ്മിക്കൊണ്ട് സതീഷ് ചോദിച്ചു.
“നീയും സുമിത്രയും തമ്മില്‍ പിണങ്ങിയോ?”
“ഏയ്.”
“പിന്നെ നിന്‍റെ കല്യാണം നിശ്ചയിച്ചൂന്ന് കേട്ടത്?”
“സുമിത്ര വിളിച്ചിരുന്നോ?”
“ഉം.”
“എന്തൊക്കെ പറഞ്ഞു അവള്?”
“ഞാന്‍ ചോദിച്ചതിനു നീ മറുപടി പറഞ്ഞില്ല.”
“നേരാ; കല്യാണം നിശ്ചയിച്ചു. അടുത്തമാസം ഇരുപത്തെട്ടിന്. നിന്നെ ഇപ്പഴേ ക്ഷണിക്ക്വാ. ഫാമിലി സഹിതം നേരത്തെ എത്തിയേക്കണം. മഞ്ജുവിനോടും പറഞ്ഞേക്ക്. ഔദ്യോഗികമായിട്ടു പിന്നെ ഞാൻ വന്നു വിളിച്ചോളാം”
“അതു മോശമായിപ്പോയി ജയാ.”
“ഏത്? കല്യാണം നിശ്ചയിച്ചതോ?”
“നിന്നെ ഇത്ര നാളും നോക്കിയിരുന്നിട്ട് നീ അവളെ ഉപേക്ഷിച്ചത് ശരിയായില്ല. നീ കാണിച്ചതു വിശ്വാസവഞ്ചനയാ.”
സതീഷിന്‍റെ സ്വരത്തില്‍ അമര്‍ഷം.
“നിനക്കറിയാല്ലോ അവളുടെ ഇപ്പഴത്തെ സ്ഥിതി. അവളെ കെട്ടിയാല്‍ എനിക്കു പുറത്തിറങ്ങി നടക്കാന്‍ പറ്റ്വോ? കേസില്‍ ശിക്ഷിക്കപ്പെട്ടാലുള്ള അവസ്ഥയൊന്നാലോചിച്ചു നോക്ക് ? എന്റെ കുഞ്ഞിനെ ജയിലിൽ പ്രസവിയ്ക്കണമെന്നാണോ നീ പറയുന്നത് ?”
“കേസ് സ്പെഷ്യല്‍ സ്ക്വാഡിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള ശ്രമം ഞാന്‍ നടത്തുന്നുണ്ട്. ഇനി അഥവാ അതു നടന്നില്ലെങ്കില്‍ കോടതി വിധി വരുന്നതുവരെ നിനക്ക് വെയ്റ്റുചെയ്തു കൂടേ ?”
“എന്തു കോടതി വിധി? കോടതി അവളെ ശിക്ഷിച്ചാലും വെറുതെ വിട്ടാലും ജനങ്ങളുടെ മനസില്‍ അവളെന്നും കുറ്റവാളിയാ . അതെത്രകാലം കഴിഞ്ഞാലും മാറില്ല. പെണ്ണുങ്ങൾക്ക് സൗന്ദര്യം മാത്രം പോരാ സദാചാരശുദ്ധിയും വേണം.”
“അവള്‍ക്കൊരു തെറ്റുപറ്റിപ്പോയി. അത് ഞാനും സമ്മതിക്കുന്നു . എന്നു വച്ചു അവളുടെ ശരീരം കളങ്കപ്പെട്ടിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല . അമ്മയും കൂടി പോയ സ്ഥിതിക്ക് ഇനി നീയല്ലേയുള്ളൂ അവള്‍ക്കു ഒരു തുണ?.”
“അതവളുകൂടി ചിന്തിക്കണമായിരുന്നു. സുകുമാരന്‍ അവളെ ശല്യം ചെയ്തിരുന്നെങ്കില്‍ ഒരു വാക്ക് അവള്‍ക്കെന്നോട് പറയായിരുന്നല്ലോ? അല്ലെങ്കില്‍ മഞ്ജുളയോട് പറയായിരുന്നല്ലോ? അതൊന്നും ചെയ്യാത്ത സ്ഥിതിക്ക് യഥാര്‍ഥത്തില്‍ സംഭവിച്ചത് അതല്ലെന്നു വിശ്വസിക്കാനേ എനിക്കു പറ്റൂ . എനിക്കെന്നല്ല, സാമാന്യബുദ്ധിയുള്ള ആര്‍ക്കും അങ്ങനെയേ ചിന്തിക്കാൻ പറ്റൂ . എന്റെ അമ്മയും അങ്ങനെയാ വിശ്വസിക്കുന്നത് . അമ്മക്ക് അവളെ ഒട്ടും ഇഷ്ടമല്ല. അമ്മയെ അവഗണിച്ചു ആ സാധനത്തിനെ കെട്ടിയെടുത്തോണ്ടു ഞാൻ വീട്ടിലേക്കു ചെല്ലണമെന്നാണോ നീ പറയുന്നത് ?”
അടുത്ത മുറിയിലിരുന്നു സംസാരം കേട്ടുകൊണ്ടിരുന്ന മഞ്ജുള ആ സമയം സ്വീകരണ മുറിയിലേക്ക് വന്നു.
“ജയന്‍ പറയുന്നതിലും കാര്യമുണ്ട്. ” മഞ്ജുള ജയനെ പിന്തുണച്ചുകൊണ്ട് തുടര്‍ന്നു: “പാതിരാത്രീല്‍ അവളു സുകുമാരന്‍റെ വീട്ടില്‍ പോയതു തെറ്റുതന്നെയാ. സുമിത്രേടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ സതിയേട്ടന്‍ എന്നെ വെറുതെ വിടുമായിരുന്നോ?”
സതീഷിന്റെ മുഖത്ത് നോക്കി മഞ്ജുള അങ്ങനെ ചോദിച്ചപ്പോൾ ഉത്തരം മുട്ടിപ്പോയി സതീഷിന് .
അതു കണ്ടപ്പോൾ ജയന് ആവേശം കൂടി.
“വേണ്ട. അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, അതായത് ഒരു യുവതി മാത്രം താമസിക്കുന്നിടത്ത് പാത്രിരാത്രീല്‍ രഹസ്യമായി ഞാന്‍ ചെല്ലുകയും പിടിക്കപ്പെടുകയും ചെയ്തിരുന്നെങ്കില്‍ എന്നെ അവളു കല്യാണം കഴിക്കുമായിരുന്നോ? “
“ഞാനാണെങ്കില്‍ ചെരിപ്പൂരി അടിച്ചോടിക്കും “- മഞ്ജുള പറഞ്ഞു.
“നീ മിണ്ടാതിരി മഞ്ജു .”
സതീഷ് ഭാര്യയെ ശാസിച്ചു.
“സതിയേട്ടന്‍ എന്തിനാ ആ പെണ്ണിനുവേണ്ടി ഇത്ര വാദിക്കുന്നേ? എനിക്കതു മനസിലാവുന്നില്ല ”
മഞ്ജുള വെട്ടിത്തുറന്നു ചോദിച്ചു.
“അതൊരു പാവം പെണ്ണായതുകൊണ്ട്. മൂന്നാലു മാസം ഇവിടെ നിന്നതല്ലേ ആ കൊച്ച് ? നിനക്കും അറിയാല്ലോ അവളെ? “
”ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്‍റെ കല്യാണം നിശ്ചയിച്ചു. അതിനി മാറ്റാന്‍ പറ്റില്ല “- ജയന്‍ തറപ്പിച്ചു പറഞ്ഞു.
“മനസുണ്ടെങ്കില്‍ മാറ്റാവുന്നതേയുള്ളൂ. നിശ്ചയിച്ച കല്യാണം വേണ്ടാന്നു വയ്ക്കുന്നത് വലിയ അപരാധമൊന്നുമല്ല ” – സതീഷ് പറഞ്ഞു.
“അതു നിനക്ക്. എനിക്കത് അപരാധം തന്നെയാ.”
“ഒന്നൂടി ഒന്ന് ആലോചിച്ചൂടേ നിനക്ക് ?”
” ജയദേവന് ഒരു തന്തയേയുള്ളൂ. ഒരിക്കല്‍ ഒരു വാക്കുപറഞ്ഞാല്‍ വാക്കാ. വാക്ക് തെറ്റിക്കാൻ എന്നെ കിട്ടുകേല “
“ങ്ഹും. വാക്കുപാലിക്കുന്ന ഒരു മാന്യന്‍! നിന്‍റെ വാക്കും കീറച്ചാക്കും ഒരുപോലെയാ. ഈ ജീവിതത്തില്‍ സുമിത്രയെ മാത്രമേ കല്യാണം കഴിക്കൂന്ന് നീ പലവട്ടം അവള്‍ക്കു വാക്കുകൊടുത്തിട്ടില്ലേ? എന്നോട് പറഞ്ഞിട്ടില്ലേ ?”
“ഉണ്ട് . പക്ഷേ, അന്നത്തെ സിറ്റ്വേഷനല്ലല്ലോ ഇപ്പം! എന്‍റെ സ്ഥാനത്ത് നീയാണെങ്കിലും ഇതേ ചെയ്യൂ. ഇപ്പഴത്തെ ഈ സഹാനുഭൂതിയൊന്നും അപ്പം കാണുകേല നിനക്ക് ”
“നിനക്കു സുമിത്രയെ മനസിലാക്കാന്‍ പറ്റാത്തതു കൊണ്ടാ ഇങ്ങനൊക്കെ പറയുന്നത് . എനിക്കറിയാം ആ കൊച്ചിനെ. ഇവിടെ നിന്നല്ലേടാ അവള് കുറച്ചുകാലം സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത് ”
“ഇരുപത്തിനാല് വര്‍ഷംകൊണ്ട് എനിക്ക് മനസിലാക്കാന്‍ പറ്റാത്തത് മൂന്നുമാസംകൊണ്ട് നീ മനസിലാക്കിയതെങ്ങനെയാ ?”
“അതിന് തലയ്ക്കകത്തു ബുദ്ധി വേണം. പെണ്ണിന്‍റെ മനസു കാണാനുള്ള കഴിവുവേണം.”
ജയദേവന് ഇഷ്ടപ്പെട്ടില്ല ആ മറുപടി. തന്നെ അവഹേളിക്കുകയല്ലേ ഇവന്‍?
“നീയവളുടെ മനസു കണ്ടിട്ടുണ്ടെന്ന് എനിക്കറിയാം . രാവിലെ കാറേല്‍ കേറ്റിക്കൊണ്ടുപോകുമ്പം ഇഷ്ടംപോലെ സമയമുണ്ടായിരുന്നല്ലോ മനസും ശരീരവും കാണാൻ .”
അടി കിട്ടിയതുപോലെ സതീഷ് ഒന്ന് പുളഞ്ഞു.
അയാള്‍ ഒളികണ്ണിട്ട് മഞ്ജുളയെ നോക്കി. എല്ലാം കേട്ട് അവൾ പകച്ചു നില്‍ക്കുകയാണ്.
ഒരു ജേതാവിനെപ്പോലെ ഞെളിഞ്ഞിരുന്നിരുന്നിട്ടു ജയന്‍ തുടർന്നു .
“നീ ബുദ്ധിമാന്‍! അവളെ ഈ വീട്ടില്‍കൊണ്ടെ താമസിപ്പിച്ച ഞാൻ മരമണ്ടൻ .”
” ഇത്ര ചീപ്പായി സംസാരിക്കരുത് ജയാ.” സതീഷ് ഹൃദയവേദനയോടെ പറഞ്ഞു: “നിന്‍റെ സുഹൃത്താണെന്നു പറയാന്‍പോലും ഇപ്പം എനിക്ക് ലജ്ജ തോന്നുന്നു .”
“വല്ലവനും ചവച്ചു തുപ്പിയത് തിന്നാൻ എന്നെ നിർബന്ധിക്കുന്ന നിന്നെ ഒരു സുഹൃത്തായി കാണാൻ എനിക്കും അറപ്പാ.”
”നീയെന്താടാ ഈ പറയുന്നേ ? നീയെങ്ങനെ ഇങ്ങനെ മാറിപ്പോയി ? ” സതീഷിന്റെ ശബ്ദം കനത്തു.
”നിനക്കവളോട് അത്രയ്ക്കു സഹതാപം തോന്നുന്നുണ്ടെങ്കില്‍ വിളിച്ചു കൊണ്ടുവന്നു കൂടെ പൊറുപ്പിക്കെടാ. ഇരിക്കട്ടെ ഒരെണ്ണം കൂടി , സ്റ്റെപ്പിനിയായിട്ട് .”
സതീഷ് ചാടിയെണീറ്റു പുറത്തേക്കു കൈചൂണ്ടി അലറി.
“ഇറങ്ങെടാ ചെറ്റേ ഇവിടുന്ന്.”
ദേഷ്യം കൊണ്ട് അയാള്‍ വിറയ്ക്കുകയായിരുന്നു.
ജയദേവന്‍ എണീറ്റു. അയാളുടെ മുഖവും ദേഷ്യം കൊണ്ടു ചുവന്നു.
“വിളിച്ചുവരുത്തിയിട്ട് ആട്ടിയിറക്കുന്നോടാ പട്ടീ. നീയവളെ കല്യാണം കഴിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നതിന്‍റെ കാരണം എനിക്കറിയാം. അതറിഞ്ഞതുകൊണ്ടുതന്നെയാ എനിക്കവളെ വേണ്ടെന്നു ഞാൻ പറഞ്ഞതും .”
മഞ്ജുള ഓടിവന്ന് ഭര്‍ത്താവിനെ പിടിച്ചു.
“വഴക്കുകൂടണ്ട ചേട്ടാ.” ജയന്‍റെ നേരെ നോക്കി അവള്‍ തുടര്‍ന്നു: “ജയന്‍ പൊയ്‌ക്കോ .”
“ഇവന്‍ പറഞ്ഞതു കേട്ടില്ലേ നീ? കൂടെപ്പൊറുപ്പിച്ചോളാന്‍. കരണക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ചുവിടുകാ വേണ്ടത്. ചെറ്റ… റാസ്കല്‍.”
സതീഷ് പല്ലുഞെരിച്ചു.
“എന്നാ പൊട്ടിക്കടാ പട്ടീ .” ജയന്‍ മുമ്പോട്ടുചാടി. “കുറച്ചുകാലം കൊണ്ടുനടന്നു സുഖിച്ചു കൊതിതീര്‍ന്നപ്പം നിനക്കവളെ എന്‍റെ തലേല്‍ കെട്ടിവയ്ക്കണം അല്ലേ? നിന്റെ അഭിനയം സൂപ്പറായിരിക്കുന്നു. നല്ല ഒന്നാന്തരം നടനാ നീ ”
“ബ് ഭാ , ചെറ്റേ.”
ദേഷ്യം പിടിച്ചു നിറുത്താനാവാതെ വന്നപ്പോള്‍ കൈ നിവര്‍ത്തി ജയന്റെ കരണത്തൊന്നു കൊടുത്തു സതീഷ്.
ജയന്‍ തിരിച്ചടിക്കാന്‍ കൈ ഉയര്‍ത്തിയപ്പോഴേക്കും മഞ്ജുള ഓടിവന്നു ഭര്‍ത്താവിനെ പിടിച്ച് അടുത്ത മുറിയിലേക്ക് തള്ളി വാതിലടച്ചു.
എന്നിട്ട് തിരിഞ്ഞു ജയന്‍റെ നേരെ കൈകൂപ്പി അവൾ പറഞ്ഞു.
” പ്ലീസ് … ഒന്നു പോയി തര്വോ ഇവിടന്ന്.”
കവിള്‍ത്തടം തടവിക്കൊണ്ട് ജയദേവന്‍ പല്ലുഞെരിച്ചു.
“വിടില്ല ഞാനവനെ. വീട്ടിൽ വിളിച്ചുവരുത്തി എന്‍റെ കരണത്തടിച്ച ആ നാറിയോട് പ്രതികാരം ചെയ്യാതെ അടങ്ങില്ല ഞാൻ .”
“പ്ലീസ്… എന്നെ ഓര്‍ത്തു വഴക്കുണ്ടാക്കരുതേ. ദയവുചെയ്തു ഇവിടുന്നു ഒന്ന് ഇറങ്ങി താ.” അവള്‍ കൈകൂപ്പി ദയനീയ സ്വരത്തിൽ വീണ്ടും യാചിച്ചു.
“സത്യത്തില്‍ എനിക്കിപ്പം മഞ്ജുവിനോട് സഹതാപം തോന്നുന്നു. നിന്റെ ഭര്‍ത്താവ് പരിശുദ്ധനും കാരുണ്യവാനുമാണെന്നല്ലേ നീ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ കേട്ടോ… സഹാനുഭൂതികൊണ്ടൊന്നുമല്ല അവളെ എന്‍റെ തലേല്‍ കെട്ടിവയ്ക്കാന്‍ ഇവന്‍ ശ്രമിച്ചത്. അതിന്‍റെ പിന്നില്‍ ഒരു സംഭവമുണ്ട്. മഞ്ജു അറിയാത്ത ഒരു വലിയ സത്യം .”
ജയദേവന്‍ എന്താണ് പറയുന്നതെന്നു കേള്‍ക്കാന്‍ മഞ്ജുള കാതുകൂര്‍പ്പിച്ചു.
“ഇവിടെ താമസിച്ചുകൊണ്ടിരുന്ന കാലം മുഴുവന്‍ നിങ്ങളറിയാതെ അവളെ ഈ തെണ്ടി ഉപയോഗിക്കുകയായിരുന്നു. അവളേം കൊണ്ട് പല ഹോട്ടലുകളിലും ഇവന്‍ കറങ്ങീട്ടുണ്ട്. ഹോട്ടല്‍ മുറീല്‍ രണ്ടുപേരും കെട്ടിമറിയുന്ന വീഡിയോ ഇവരറിയാതെ ഹോട്ടലുകാര് ഒളിക്യാമറായിൽ എടുത്തു. അതു സുകുമാരന്‍റെ കൈയില്‍ കിട്ടി. അതീന്നെടുത്ത ഒരു ഫോട്ടോ വച്ചാ സുകുമാരന്‍ ഇവളെ ബ്ലാക്ക്മെയില്‍ ചെയ്തത്. സംഭവം പുറത്തറിഞ്ഞാല്‍ രണ്ടു കുടുംബങ്ങളും തകരുമെന്നു മനസിലാക്കിയ സതീഷാണ് രാത്രി സുകുമാരന്‍റെ വീട്ടില്‍ ചെല്ലാന്‍ സുമിത്രയെ നിർബന്ധിച്ചത് . അവിടെ ചെന്നപ്പം അവന്‍ മരിച്ചുകിടക്കുകയായിരുന്നു. മരിച്ചില്ലായിരുന്നെങ്കിലോ? അവളെ അവന്‍ ഉപയോഗിച്ചിട്ട് ഒരുമണിക്കൂര്‍ കഴിയുമ്പം പറഞ്ഞുവിടുമായിരുന്നു . ആരറിയാന്‍? എന്ത് നഷ്ടം? “
പാതാളത്തിലേക്ക് താഴ്ന്നുപോകുന്നതുപോലെ തോന്നി മഞ്ജുളയ്ക്ക്!
മനസില്‍ വീണ തീപ്പൊരി കത്തിപ്പടരാന്‍ തുടങ്ങിയിരിക്കുന്നു എന്ന് അവളുടെ മുഖഭാവത്തില്‍നിന്ന് ജയനു മനസിലായി. അയാള്‍ക്ക് സന്തോഷമായി.തന്റെ കെട്ടുകഥ ഇവൾ വിശ്വസിച്ചല്ലോ .
ജയന് ആവേശം കൂടി :
“പോലീസ് പിടിച്ചുകഴിഞ്ഞപ്പം സതീഷിനെ രക്ഷപ്പെടുത്താന്‍വേണ്ടി അവള് സുകുമാരന്‍ പണ്ടെന്നോ ഒരു ഫോട്ടോ എടുത്തെന്ന് ഒരു കള്ളക്കഥയുണ്ടാക്കി. അത് ഈ നാറി പറഞ്ഞു കൊടുത്ത സൂത്രമാ . നമ്മളെ രണ്ടു പേരെയും ഇവര് വിദഗ്ധമായി കബളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്ര കാലവും . സുമിത്ര ഇവിടെ താമസിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങളുടെ ഭർത്താവ് രാത്രി മുഴുവൻ നിങ്ങളുടെ മുറിയിൽ തന്നെയായിരുന്നു കിടന്നിരുന്നതെന്നു നിങ്ങൾക്കുറപ്പുണ്ടോ ? ”
മഞ്ജുളയുടെ ശ്വാസഗതി വര്‍ധിക്കുന്നതു ജയന്‍ കണ്ടു.
“ഇതൊക്കെ ഞാന്‍ എങ്ങനെയറിഞ്ഞൂന്നായിരിക്കും? അവളുടെ ഒരു കൂട്ടുകാരിയുണ്ടല്ലോ, ശശികല. അവള്‍ എല്ലാം എന്നോട് പറഞ്ഞു. അവരു തമ്മില്‍ കൈമാറാത്ത രഹസ്യങ്ങളൊന്നുമില്ല.”
മഞ്ജുള ഒരു ശിലാപ്രതിമപോലെ നില്‍ക്കുകയായിരുന്നു.
“ഒരു കുടുംബം തകരേണ്ടെന്നു കരുതി ഞാനിതു മഞ്ജുവിനോട് പറഞ്ഞില്ലെന്നേയുള്ളൂ. മഞ്ജുളയ്ക്ക് വിശ്വാസമായില്ലെങ്കില്‍ ഞാന്‍ തെളിവു തരാം. വൈകാതെ അത് ഞാനിങ്ങെത്തിക്കാം .”
വെറുതെ കള്ളം പറഞ്ഞതാണു ജയദേവന്‍. കരണത്തു കിട്ടിയ അടിയേക്കാൾ ശക്തമായ അടി അവളുടെ ഹൃദയത്തിൽ കൊടുക്കണം എന്നയാൾ ചിന്തിച്ചു. മഞ്ജുളയുടെ മനസിൽ കൊളുത്തിയ തീ ഇനി പടര്‍ന്നുകയറിക്കൊള്ളും. അത് ആളിക്കത്തി ഈ കുടുംബം വെണ്ണീറാക്കിക്കൊള്ളും . തകർത്ത് തരിപ്പണമാക്കണം ഈ കുടുംബം . എങ്കിലേ എന്റെ കരണത്തടിച്ചതിന്റെ വേദന മാറൂ .
“വിശ്വസിക്കരുത് മഞ്ജു അവനെ. നമ്മുടെ കുടുംബം കലക്കാന്‍വേണ്ടി അവൻ ഉണ്ടാക്കിയ കള്ളക്കഥകളാ ഇതൊക്കെ.” അകത്തുനിന്ന് സതീഷ് ഉറക്കെ വിളിച്ചുപറഞ്ഞു.
“എന്നാ ഒരു സത്യം കൂടി പറയാം.” ജയന്‍ മഞ്ജുളയെ നോക്കി തുടര്‍ന്നു: “നിങ്ങളറിയാതെ നിങ്ങടെ കെട്ട്യോന്‍ കഴിഞ്ഞയാഴ്ച സുമിത്രയുടെ വീട്ടില്‍ പോയിരുന്നു. അവിടുന്ന് ഊണുകഴിച്ച് അവളുടെ കൂടെ കിടന്നു സുഖായിട്ടൊന്നുറങ്ങീട്ടു കൂടിയാ തിരിച്ചു പോന്നത് . ആ പയ്യന്‍ സ്കൂളില്‍പോയാല്‍ പിന്നെ അവിടെയാരുമില്ലല്ലോ . ചോദിച്ചുനോക്ക് കെട്ടിയോനോട് സത്യമാണോന്ന്.”
അത്രയും പറഞ്ഞിട്ട് ജയദേവന്‍ മിന്നല്‍പോലെ പുറത്തേക്ക് പാഞ്ഞു.
കാറില്‍ കയറി അയാൾ ഡോര്‍ വലിച്ചടച്ചു.
വണ്ടി സ്റ്റാര്‍ട്ടുചെയ്ത് നല്ല സ്പീഡില്‍ ഓടിച്ചുപോയി.
മഞ്ജുള തളര്‍ന്ന് കസേരയില്‍ ഇരുന്നുപോയി.
ജയദേന്‍ കൊളുത്തിയ തീ തലച്ചോറിലേക്ക് കയറാന്‍ തുടങ്ങിയിരുന്നു.
നേരാണോ അയാള്‍ പറഞ്ഞത്?
പലതും കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ സത്യങ്ങള്‍ ഉള്ളതായി തോന്നുന്നു.
ഒരിക്കല്‍ പതിവില്ലാതെ നാലുമണിക്ക് സതിയേട്ടന്‍ അവളെയും കൂട്ടി കാറില്‍ കയറി വീട്ടില്‍ വന്നത്?
സതിയേട്ടന്‍റെ കാറില്‍ അവളെ സ്കൂളില്‍ പോകാൻ അനുവദിച്ചത് തന്‍റെ ബുദ്ധിമോശം! സാഹചര്യങ്ങളല്ലേ ഒരാളെ ചീത്തയാക്കുന്നത് ?
കഴിഞ്ഞ ആഴ്ച സതിയേട്ടന്‍ അവളുടെ വീട്ടില്‍ പോയിരുന്നു എന്നു പറഞ്ഞതു സത്യമായിരിക്കുമോ ?
അതറിയണം. അറിഞ്ഞേ പറ്റൂ.
മഞ്ജുള ചാടിയെണീറ്റ് ഒരു മിന്നല്‍പ്പിണര്‍പോലെ അടുത്ത മുറിയിലേക്ക് പാഞ്ഞു.
കസേരയിൽ എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു സതീഷ്.
“ജയേട്ടന്‍ കഴിഞ്ഞയാഴ്ച സുമിത്രേടെ വീട്ടില്‍ പോയിരുന്നോ?”
പെട്ടെന്നുള്ള ആ ചോദ്യം സതീഷിനെ കുഴക്കി.
എന്തു മറുപടി പറയണം?
പോയെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും പ്രശ്നം ഗുരുതരമാകും! ഈ കുടുംബം തകരാതിരിക്കാൻ എന്താ ണ് പറയുക ?
”പോയോ ഇല്ലയൊന്നു പറ സതിയേട്ടാ ?”
” ഒരു ബിസിനസ് ആവശ്യത്തിന് ആ വഴി പോയപ്പം അവിടെയൊന്നു കയറി . അത്രേയുള്ളൂ . അല്ലാതെ അവൻ പറയുന്നപോലെ വേറൊന്നുമുണ്ടായിട്ടിട്ടില്ല ”
” അവിടുന്ന് ഊണ് കഴിച്ചിട്ടാണോ മടങ്ങിയത് ?”
” ചെന്നപ്പം ഉച്ചനേരമായിരുന്നു. ഊണ് കഴിക്കാൻ നിർബന്ധിച്ചപ്പം അല്പം കഴിച്ചു . അതിലെന്താ തെറ്റ് ?”
”എന്നിട്ട് എന്നോട് ഇക്കാര്യം ചേട്ടൻ പറയാതിരുന്നതെന്താ ?”
” ഞാനതു മറന്നു പോയി. നീ വിചാരിക്കുന്നപോലൊന്നും സംഭവിച്ചിട്ടില്ല മഞ്ജു . അവൻ പറഞ്ഞത് മുഴുവൻ കള്ളക്കഥകളാ .”
”എന്നാ ചേട്ടൻ അവിടെ പോയത് ?
” നീയെന്താ ഒരു പോലീസ് ഉദ്യോഗസ്ഥയെപ്പോലെ ഇങ്ങനെ കൊസ്ട്യൻ ചെന്നുന്നേ ? നിനക്കെന്നെ വിശ്വാസമില്ലേ ?
”സതിയേട്ടൻ പറഞ്ഞത് സത്യമാണോന്ന് ഞാനൊന്ന് വിളിച്ചു ചോദിക്കട്ടെ , സുമിത്രയോട് ”
അവൾ അപ്പോൾ തന്നെ മൊബൈൽ എടുത്തു സുമിത്രയുടെ നമ്പർ ഡയൽ ചെയ്തു . കുശലാന്വേഷങ്ങൾക്കു ശേഷം അവൾ ചോദിച്ചു .
”സതിയേട്ടൻ കഴിഞ്ഞ ആഴ്ച അവിടെ വന്നിരുന്നു അല്ലെ ?
” ആരാ പറഞ്ഞെ ?”
”സതിയേട്ടൻ എല്ലാം എന്നോട് പറഞ്ഞു . സുമി വിളിച്ചു വരുത്തീതായിരുന്നോ സതിയേട്ടനെ ?”
”അതെ. ജയേട്ടനുമായി ബന്ധപ്പെട്ട കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതൊന്നു തീർക്കാൻ വേണ്ടി ഞാൻ വിളിച്ചു വരുത്തീതാ. സതീഷേട്ടൻ അതൊന്നും പറഞ്ഞില്ലേ ? ”
” അക്കാര്യം പറഞ്ഞില്ല . എന്നായിരുന്നു വന്നത് ?”
” കഴിഞ്ഞ ഞായറാഴ്ച്ച. ”
‘ശരി .എന്നാ വയ്ക്കട്ടെ . ആരോ വന്നെന്നു തോന്നുന്നു . പിന്നെ വിളിക്കാം ”
ഫോൺ കട്ട് ചെയ്തിട്ട് മഞ്ജുള ഭർത്താവിനെ നോക്കി . ദഹിച്ചു പോകുന്ന നോട്ടം.
”ബിസിനസ് ആവശ്യത്തിന് ആ വഴി പോയപ്പം ഒന്നു കേറി. ഞായറാഴ്ച എന്ത് ബിസിനസായിരുന്നു സതിയേട്ടാ ?”
ആ ചോദ്യത്തിനു മുൻപിൽ സതീഷ് വിളറി വിയർത്തു
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































