Home Editor's Choice ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 4

1525
0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 4

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. മറ്റാരും അറിയാതെ ആ പ്രണയം അവര്‍ മനസ്സില്‍ സൂക്ഷിച്ചു. ഒരു വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഇരുകുടുംബാംഗങ്ങളും തമ്മിലുള്ള സ്നേഹബന്ധം. ടോണിക്കു പപ്പയില്ല. അമ്മയും ഒരു പെങ്ങളും മാത്രം. ടോണി എംബിബിഎസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ജാസ്മിന്‍റെ ചേച്ചി അലീനയ്ക്ക് ഒരുപാട് വിവാഹാലോചനകള്‍ വന്നെങ്കിലും ഒന്നും നടന്നില്ല. അതില്‍ ദുഃഖിതരായിരുന്നു പപ്പയും അമ്മയും അലീനയും . പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ജാസ്മിനെ കോളജ് ഹോസ്റ്റലിലാക്കി തോമസ്. (തുടര്‍ന്നു വായിക്കുക)


മേട്രന്‍ ജാസ്മിനെ ചിഞ്ചുവിനും രേവതിക്കും പരിചയപ്പെടുത്തിയിട്ട് മുറിവിട്ടിറങ്ങി.
ബാഗും സാമാനങ്ങളും മുറിയുടെ ഒരു മൂലയില്‍ വച്ചിട്ട് ജാസ്മിന്‍ വന്ന് കസേരയില്‍ ഇരുന്നു. ചിഞ്ചുവും രേവതിയും അടുത്തു വന്നിരുന്നു കുശലാന്വേഷണം നടത്തി.
ചിഞ്ചു എറണാകുളം സ്വദേശിയാണ്. ഡാഡിയും മമ്മിയും വിദേശത്ത്. രേവതിക്ക് അമ്മ മാത്രമേയുള്ളൂ. അച്ഛന്‍ വിവാഹമോചനം നടത്തി വേറെ കല്യാണം കഴിച്ചു ജീവിക്കുന്നു. അമ്മ രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവുമായി തിരക്കിലാണ് എപ്പോഴും. അവളുടെ വീടും എറണാകുളത്തു തന്നെ.
ഇരുവരും സ്വയം പരിചയപ്പെടുത്തിയിട്ട് ജാസ്മിന്‍റെ കുടുംബവിശേഷങ്ങളും ജീവിതപശ്ചാത്തലവും ചോദിച്ചറിഞ്ഞു.
“ഞാനൊന്നു കുളിച്ചിട്ടു വരാം. വല്ലാത്ത ചൂട് .”
ഡ്രസ് മാറിയിട്ട് സോപ്പും തോര്‍ത്തുമെടുത്തു ജാസ്മിന്‍ ബാത്റൂമിലേക്കു പോയി. കുളികഴിഞ്ഞ്, ഈറനണിഞ്ഞ മുടി പടര്‍ത്തിയിട്ട് അവള്‍ മുറിയിലേക്കു വന്നപ്പോള്‍ കൂടുതല്‍ സുന്ദരിയായതുപോലെ തോന്നി.
ചിഞ്ചു മേശവലിപ്പില്‍ നിന്ന് ഫോറിന്‍ സെന്‍റെടുത്ത് അവളുടെ ദേഹത്തു സ്പ്രേ ചെയ്തു. മുല്ലപ്പൂവിന്റെ നറുമണമായിരുന്നു അതിന്. രേവതി അല്പം പൗഡറെടുത്ത് അവളുടെ മുഖത്തു പൂശിക്കൊണ്ടു പറഞ്ഞു:
“നല്ല സുന്ദരിക്കുട്ടിയായിട്ടിരിക്കട്ടെ.”
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
ചിഞ്ചുവിന്റേയും രേവതിയുടെയും പെരുമാറ്റം കണ്ടപ്പോൾ നല്ല സ്നേഹമുള്ളവരാണെന്ന്‌ ജാസ്മിന് തോന്നി.
ബാഗു തുറന്ന് ഒരു കടലാസ് പാക്കറ്റ് എടുത്തു ജാസ്മിന്‍ മേശപ്പുറത്തു വച്ചു.
“എന്താ ഇത്?” രേവതി വന്നു കടലാസ് പൊതി അഴിച്ചു.
“ഹായ്! ബനാനാ ചിപ്സ്.”
പോളിത്തീൻ പാക്കറ്റ് പൊട്ടിച്ച് ഓരോന്നെടുത്തു തിന്നുന്നതിനിടയില്‍ ചിഞ്ചു ചോദിച്ചു:
“മമ്മി ഉണ്ടാക്കീതാണോ?”
“ഉം.”
“സൂപ്പറായിരിക്കുന്നു ട്ടോ.”
ജാസ്മിനു സന്തോഷം തോന്നി.
കുറേനേരം അവര്‍ വിശേഷങ്ങള്‍ പറഞ്ഞ്‌ ഇരുന്നു.
“ജാസ്മിന്‍റെ ഹോബിയെന്താ?”
ഇടയ്ക്കു ചിഞ്ചു ആരാഞ്ഞു .
“ഫ്രീ ടൈമില്‍ പുസ്തകം വായിച്ചിരിക്കും. അല്ലെങ്കില്‍ ടീവീല്‍ എന്തെങ്കിലും പരിപാടി കണ്ടിരിക്കും.”
“ഫേസ്ബുക്കും വാട്ട്സ് ആപ്പുമൊന്നും ഇല്ലേ?”
“ഉണ്ട്. പക്ഷേ, എനിക്കതൊന്നും അത്ര ക്രെയ്സ് അല്ല. വല്ലപ്പോഴുമൊന്ന് കേറി നോക്കൂന്നു മാത്രം “
“ബോയ്ഫ്രണ്ട്സ് ഒന്നും ഇല്ലേ?”
“യ്യോ അങ്ങനൊന്നും ഇല്ല. എല്ലാവരോടും ഒരേപോലുള്ള ഫ്രണ്ട്ഷിപ്പേയുള്ളൂ .”
” കുറച്ചുകൂടിയൊക്കെ മോഡേണ്‍ ആവണ്ടേ? നമുക്ക് ജീവിതം ഒന്നേയുള്ളൂ. അതടിച്ചു പൊളിച്ചു തിമിര്‍ത്തു ജീവിക്കണം. സാരമില്ല. ഞങ്ങളു ചെത്തിമിനുക്കി സ്മാര്‍ട്ടാക്കിത്തരാം ട്ടോ .”
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
രേവതി അടുത്തുവന്ന് അവളുടെ നീളമുള്ള മുടിയില്‍ തഴുകിക്കൊണ്ടു പറഞ്ഞു:
“പനങ്കുലപോലത്തെ മുടിയാണല്ലോ. ഏത് എണ്ണയാ തേക്കുന്നത്? ഇന്ദുലേഖയോ ധാത്രിയോ?”
“യ്യോ അതൊന്നുമില്ല . വെളിച്ചെണ്ണ മാത്രേ തേക്കാറുള്ളൂ.”
ഓരോന്നു ചോദിക്കുകയും പറയുകയും ചെയ്തുകൊണ്ട് അവര്‍ ഒരുപാടുനേരം അവളുടെ അടുത്തിരുന്നു.
എത്ര സ്നേഹത്തോടെയാണ് ഇരുവരും തന്നോടു സംസാരിക്കുന്നതെന്ന് ജാസ്മിന്‍ ഓര്‍ത്തു. പണക്കാരുടെ മക്കളാണെന്ന ജാടയോ തലക്കനമോ ഒന്നുമില്ല. ഈ മുറിയിൽ തന്നെ വന്നുചേർന്നത് ഒരു അനുഗ്രഹമായി എന്നവളോർത്തു .
രേവതിയും ചിഞ്ചുവും തമാശകൾ പറഞ്ഞ് അവളെ ഒരുപാട് ചിരിപ്പിച്ചു. ഇത്രയും നല്ല ഒരു സ്വീകരണം അവള്‍ പ്രതീക്ഷിച്ചതേയില്ല. സ്വന്തം കൂടപ്പിറപ്പുകള്‍ക്കുപോലും കാണില്ല ഇത്രയും സ്നേഹമെന്ന് അവള്‍ക്കു തോന്നി.
രാത്രി അത്താഴവും പ്രാര്‍ത്ഥനയും കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ ജാസ്മിന്‍ വീടിനെക്കുറിച്ചോര്‍ത്തു. പപ്പയും അമ്മയും ഇപ്പോള്‍ ഉറക്കം പിടിച്ചു കാണും. ചേച്ചി ഓരോന്നോര്‍ത്തിരുന്നു കരയുകയാവും. ഇനി സമാധാനിപ്പിക്കാന്‍ ആരാണുള്ളത്? പാവം ചേച്ചി! എന്തു മാത്രം വേദന അനുഭവിക്കുന്നു. ഒരു നല്ല ഭർത്താവിനെ ദൈവം കൊടുക്കുമോ ചേച്ചിക്ക് എന്നെങ്കിലും ?
ടോണി വായിച്ചുകൊണ്ടിരിക്കുകയാവും ഇപ്പോള്‍. ഹോസ്റ്റലിലെ ആദ്യാനുഭവങ്ങള്‍ അവനെ അറിയിക്കാന്‍ മനസ്സു വെമ്പുന്നു. സ്നേഹസമ്പന്നരായ രണ്ടു റൂംമേറ്റ്സിനെ കിട്ടിയ കാര്യം നാളെത്തന്നെ വിളിച്ചു പറയണം.
ഓരോന്നോര്‍ത്തു കിടന്നവള്‍ ഉറങ്ങി. പുലര്‍ച്ചെ ചിഞ്ചു വിളിച്ചുണര്‍ത്തുകയായിരുന്നു.
“എങ്ങനുണ്ടായിരുന്നു ഫസ്റ്റ് നൈറ്റ്?”
ചിഞ്ചുവിന്‍റെ ചോദ്യം കേട്ട് ചിരിച്ചുപോയി അവള്‍ .
“നിങ്ങളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് സുഖായിട്ടുറങ്ങി.”
“മണി ഏഴര കഴിഞ്ഞു . ഞങ്ങളൊക്കെ കുളിച്ചു റെഡിയായി. എട്ടരയ്ക്കുമുമ്പ് മെസ്ഹാളിലെത്തിയില്ലെങ്കില്‍ ബ്രേക്ക് ഫാസ്റ്റ് കിട്ടില്ല.”
“യ്യോ… ഏഴര കഴിഞ്ഞോ? ഞാനറിഞ്ഞതേയില്ല ട്ടോ .”
തിടുക്കത്തില്‍ പിടഞ്ഞെണീറ്റ് അഴിഞ്ഞു കിടന്ന മുടി ഒതുക്കി കെട്ടിവച്ചു.
എന്നിട്ടു ബ്രഷും പേസ്റ്റുമെടുത്തു ബാത്റൂമിലേക്കു ഓടി.
കുളി കഴിഞ്ഞ് വന്നിട്ട് മറ്റുള്ളവരോടൊപ്പം മെസ്ഹാളില്‍ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. തിരികെ മുറിയില്‍ വന്ന് അവള്‍ വേഷം മാറിക്കൊണ്ടിരിക്കുമ്പോള്‍ രേവതി അടുത്തുവന്ന് അംഗപ്രത്യംഗം നോക്കിയിട്ടു ചോദിച്ചു.
“ജാസ് ബ്യൂട്ടി പാര്‍ലറിലൊന്നും പോകാറില്ലേ?”
“ഇല്ല.”
“ബ്യൂട്ടി പാര്‍ലറിലൊക്കെ പോയി ഒന്നു മേക്കപ്പിട്ടാല്‍ ഇപ്പഴത്തേക്കാള്‍ ഇരട്ടി സുന്ദരിയാകും താന്‍.”
ജാസ്മിന്‍ ചിരിച്ചതേയൂള്ളൂ.
“സിനിമാസംവിധായകരാരും കണ്ടില്ലേ തന്നെ? കണ്ടാല്‍ കൊത്തിക്കോണ്ടു പോകണ്ടതായിരുന്നല്ലോ.”
“എനിക്കീ സിനിമയോടൊന്നും വലിയ താല്‍പര്യമില്ല.”
“ഈ പഴഞ്ചന്‍ ചുരിദാറൊക്കെ മാറ്റിയിട്ട് കുറെ നല്ല മോഡേണ്‍ ഡ്രസെടുക്കണം. ഇപ്പം നല്ല ഫാഷനിലുള്ള ഒരുപാടു ഡ്രസ്സുണ്ട്. ഞങ്ങളു സെലക്ടു ചെയ്തു തരാം ട്ടോ.”
ജാസ്മിന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല.
റൂം മേറ്റ്സിനോടൊപ്പമാണ് അവള്‍ കോളജിലേക്കു പോയത്. നടന്നുപോകാനുള്ള ദൂരമേയുള്ളൂ.
രേവതി വര്‍മ്മയും ചിഞ്ചു അലക്സാണ്ടറും എം.എ. ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനികളാണ്. പുരുഷന്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അവകാശവും സ്ത്രീകള്‍ക്കും വേണമെന്നു വാദിക്കുന്ന പുരോഗമന ചിന്താഗതിക്കാർ .
വൈകുന്നേരം ജാസ്മിനാണ് ആദ്യം റൂമിലെത്തിയത്. ചിഞ്ചുവും രേവതിയും വന്നപ്പോള്‍ അവള്‍ മുറിയിലിരുന്നു പുസ്തകം വായിക്കുകയായിരുന്നു.
“കോളജു വിട്ടതേ താൻ ഓടിപ്പോന്നു അല്ലേ? ഞങ്ങള്‍ അവിടൊക്കെ നോക്കിയായിരുന്നു. ടൗണിലൊക്കെ ഒന്നു ചുറ്റിക്കറങ്ങി ബേക്കറീലൊക്കെ കയറി വല്ലതും കഴിച്ചിട്ടു പോന്നാപ്പോരായിരുന്നോ? ഞങ്ങളൊന്നു കറങ്ങീട്ടാ വരുന്നത്.” – ചിഞ്ചു പറഞ്ഞു.
“യ്യോ ഒത്തിരി പഠിക്കാനുണ്ട്. പഠിക്കാൻ വേണ്ടിയാ എന്നെ ഹോസ്റ്റലിൽ ആക്കിയത് തന്നെ. “
”പുസ്തകപ്പുഴുവാ അല്ലേ?” ഒന്നു ചിരിച്ചിട്ടു ചിഞ്ചു തുടര്‍ന്നു: “ശരിക്കും ജയിലില്‍ കിടക്കുന്നതുപോലെയല്ലേ ഇവിടെ? ആറരയ്ക്കുശേഷം വന്നാല്‍ മേട്രന്റെ തിരുമുഖം കണ്ടിട്ടേ റോമിലേക്ക് കേറാന്‍ പറ്റൂ. എന്തൊരു പഴഞ്ചന്‍ നിയമമാ. ഫോറിനിലൊക്കെയാണെങ്കില്‍ ആണിനും പെണ്ണിനും ഒരേ ഹോസ്റ്റലില്‍ താമസിക്കാം. ഇഷ്ടമുള്ളപ്പം വരികയോ പോകുകയോ ചെയ്യാം. ഇവിടങ്ങനൊരു കാലം വരുമോ എന്നെങ്കിലും ? കുന്തം വരും.” അവൾ രോഷം കൊണ്ടു.
“എന്താടോ ഒരു പ്രസംഗം?”
പിന്നില്‍ ശബ്ദം കേട്ടു ചിഞ്ചു തിരിഞ്ഞുനോക്കി. രാജിയും ഊര്‍മ്മിളയും.
“ഏയ്… ഓരോ കാര്യങ്ങളും പറഞ്ഞോണ്ടിരിക്ക്വായിരുന്നു.”
“നിന്‍റെ കത്തി കേള്‍ക്കാന്‍ ഒരാളെ കിട്ടിയല്ലോ അല്ലേ?”
രാജിയും ഊര്‍മ്മിളയും ജാസ്മിന്‍റെ അടുത്തുവന്നിട്ട് അവളെ നോക്കി ചിരിച്ചു .
“ജാസ്മിന്‍ തോമസ് അല്ലേ?” ഊര്‍മ്മിള ചോദിച്ചു.
“ഉം…” – ചിരിച്ചുകൊണ്ട് ജാസ്മിന്‍ തലകുലുക്കി.
“പേരെങ്ങനെ അറിഞ്ഞൂന്നായിരിക്കും. അടുത്തു വന്നപ്പം മുല്ലപ്പൂവിന്‍റെ മണം വന്നു.”
അതുകേട്ടു ജാസ്മിന്‍ ചിരിച്ചുപോയി.
ഊര്‍മ്മിളയും രാജിയും അവളുടെ അടുത്തിരുന്നു ഒരുപാട് സംസാരിച്ചു . കുടുംബകാര്യങ്ങളോക്കെ ചോദിച്ചു മനസ്സിലാക്കി.
“നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഈ ഹോസ്റ്റലിൽ അടിച്ചു പൊളിക്കണം കേട്ടോ .” – രാജി പറഞ്ഞു
” ഇപ്പം നമ്മുടെ കൂട്ടത്തിൽ ഒരാളുകൂടിയായി. ” ഊർമ്മിള ജാസ്മിനെ ചേർത്ത് പിടിച്ചുകൊണ്ടു ചോദിച്ചു.
” സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എന്താ ജാസ്സിന്റെ അഭിപ്രായം?”
“യ്യോ…. ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.”
“ഇനി ചിന്തിക്കണം. നമ്മൾ ഭാരതസ്ത്രീകള്‍ ഇന്ന് എല്ലാ അര്‍ത്ഥത്തിലും പുരുഷന്‍റെ അടിമയല്ലേ? കൗമാരത്തില്‍ അച്ഛന്‍റെ അടിമ. യൗവനത്തില്‍ ഭര്‍ത്താവിന്‍റെ അടിമ. വാര്‍ദ്ധക്യത്തില്‍ മക്കളുടെ അടിമ. ഇതീന്നൊക്കെ ഒരു മോചനം വേണ്ടേ നമുക്ക് ? ആണുങ്ങള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നമുക്കും വേണ്ടേ? അതല്ലേ അതിന്റെ ന്യായം ?”
“ക്ലാസൊക്കെ പിന്നെ എടുക്കാടോ? താന്‍ വീട്ടീന്ന് എന്താ കൊണ്ടുവന്നിരിക്കുന്നതെന്നു പറ”
-രേവതി ഇടയ്ക്കു കയറിപറഞ്ഞു.
“പത്തുമണി കഴിയുമ്പം ജാസിനെയും കൂട്ടി താന്‍ മുറിയിലേക്കു വാ. അപ്പം കാണിച്ചുതരാം.”
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ചിഞ്ചു പറഞ്ഞു:
“ഞങ്ങളുടെ ക്ലോസ് ഫ്രണ്ട്സാ. രാജി വര്‍ഗീസും ഊര്‍മ്മിള ഉണ്ണിക്കൃഷ്ണനും. രാജി കോടീശ്വരന്‍റെ മോളാ . ആറേഴു ബസ്, തുണിക്കട, ചെരിപ്പുഫാക്ടറി. ഇല്ലാത്ത ബിസിനസ്സൊന്നുമില്ല.”
ജാസ്മിന്‍ അദ്ഭുതത്തോടെ കേട്ടിരുന്നതേയുള്ളൂ.
രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ ജാസ്മിനെയും കൂട്ടി രേവതിയും ചിഞ്ചുവും റൂം നമ്പര്‍ പതിനേഴിലേക്കു ചെന്നു. ഊര്‍മ്മിള മൊബൈല്‍ ഫോണില്‍ എന്തോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ചിഞ്ചു വന്ന് അതു തട്ടിപ്പറിച്ചു.
“ശ്ശൊ… ക്ലൈമാക്സിലെത്തിയപ്പഴാ നിന്റെ ഒരു വിളയാട്ടം.” ഊര്‍മ്മിള ദേഷ്യപ്പെട്ടു.
“ആഹാ… ഇതെവിടുന്നു കിട്ടി ഈ സാധനം ? എനിക്കൊന്നു സെന്‍റു ചെയ്യണേ…”
മൊബൈലിലേക്കു നോക്കിയിട്ടു ചിഞ്ചു പറഞ്ഞു.
“വാട്ട്സ് ആപ്പില്‍ ഇപ്പം കിട്ടിയതേയുള്ളൂ. എല്ലാര്‍ക്കും സെന്‍റ് ചെയ്തേക്കാം. ജാസിന്‍റെ നമ്പര്‍ തര്വാണെങ്കില്‍ ജാസിനും സെന്‍റ് ചെയ്തേക്കാം.”
“എന്താ….?” ജാസ്മിന് ആകാംക്ഷയായി.
“ദാ… കണ്ടുനോക്ക്.”- ചിഞ്ചു ഫോണ്‍ ജാസ്മിനു കൈമാറി. ജാസ്മിന്‍ ഒന്നേ നോക്കിയുള്ളൂ. പെട്ടെന്നു മുഖം തിരിച്ച്, ഫോണ്‍ തിരികെക്കൊടുത്തുകൊണ്ടു പറഞ്ഞു: “ഇതുപോലുള്ള വീഡിയോകളൊന്നും എനിക്കു വേണ്ട. ഇതൊക്കെ കാണുന്നതു പാപമാ.”
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
“എന്തായാലും ഒന്നു നോക്കിപ്പോയില്ലേ. നാളെത്തന്നെപോയി കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കണേ.”
ചിഞ്ചു ഒരുപാട് കളിയാക്കി .
“ങ്ഹ… സമയം പോകുന്നു. സാധനം എടുക്ക്.” – രേവതി തിടുക്കം കൂട്ടി.
രാജി ബാഗു തുറന്ന് ഒരു കുപ്പി സ്കോച്ച് വിസ്കി എടുത്തു മേശപ്പുറത്തു വച്ചു.
ജാസ്മിന്‍ അദ്ഭുതപ്പെട്ടുപോയി. ഇവര്‍ മദ്യം കഴിക്കുമോ?
ഊര്‍മ്മിള കബോര്‍ഡില്‍നിന്നു കുറെ ഗ്ലാസുകള്‍ പുറത്തെടുത്തു മേശയില്‍ നിരത്തി. രാജി അതിലേക്കു മദ്യം പകര്‍ന്നിട്ട് കോള ഒഴിച്ചു ഡൈല്യൂട്ട് ചെയ്തു. ഒരു ഗ്ലാസ് എടുത്തു ജാസ്മിനു നീട്ടിക്കൊണ്ടു പറഞ്ഞു:
“ജാസല്ലേ ഇന്നത്തെ ഞങ്ങടെ ഗസ്റ്റ്. ഗസ്റ്റ് കഴിക്ക് ആദ്യം.”
“യ്യോ എനിക്കുവേണ്ട. ഞാനിതൊന്നും കഴിക്കില്ല.” അവള്‍ കൈ ഉയര്‍ത്തി നിരസിച്ചു.
“സ്കോച്ചാ മോളേ. കോള കുടിക്കുന്ന എഫക്ടേയുള്ളൂ. ശരീരത്തിന് ഒരുന്മേഷവും ഉണര്‍വ്വും ധൈര്യവും ഒക്കെ കിട്ടും. ഒരു ഗ്ലാസ് ഒന്നു കഴിച്ചുനോക്ക്.”
“എനിക്കിതിന്‍റെ മണംപോലും ഇഷ്ടമല്ല . പ്ലീസ്, എന്നെ നിര്‍ബന്ധിക്കരുത്. നിങ്ങളു കഴിച്ചോ.”
“നീ വിചാരിക്കുന്നതപോലെ തലയ്ക്കു പിടിക്കുന്ന സാധനമൊന്നുമല്ല. നീറിനീറി ഉമിക്കു തീ പിടിക്കുന്നതുപോലെ സാവധാനം കേറി കേറി വരികയേയുള്ളൂ. നമ്മുടെ ഇവിടെ കിട്ടുന്ന അഴകൊഴമ്പന്‍ സാധനമല്ല . ഫോറിനാ ഫോറിൻ . വീട്ടില്‍ ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചിരുന്നു കുഴിക്കുന്നതാ. ഒരു ഗ്ലാസ് കുടിച്ചു കഴിയുമ്പം നീ പറയും ഒരു ഗ്ലാസുകൂടെ തരാന്‍. ഇതങ്ങു പിടിക്ക്.”
“ഞാന്‍ ഛര്‍ദ്ദിക്കും. എനിക്കുവേണ്ട.”
“അങ്ങനത്തെ സാധനമല്ല ഇത്. നല്ല ടേസ്റ്റാ. ഞങ്ങടെ സന്തോഷത്തിനുവേണ്ടി ഒരു ഗ്ലാസ് കഴിക്ക്. ഒരുഗ്ലാസ് മാത്രം ..പ്ലീസ്.”
രാജി നിര്‍ബന്ധിച്ച് ഗ്ലാസ് അവളുടെ കൈയില്‍ പിടിപ്പിച്ചു. ഗ്ലാസ് കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ എല്ലാ മുഖത്തേക്കും ദയനീയമായി മാറി മാറി നോക്കി.
“അങ്ങു വീശു മോളേ….” ഊര്‍മ്മിള നിര്‍ബന്ധിച്ചു.
“വീശാനോ….?”
“വീശുകാന്നു പറഞ്ഞാല്‍ കുടിക്കാന്‍.അതൊന്നും അറിയില്ല അല്ലെ . ഈ കൊച്ചിനെ എ ബി സി ഡി മുതൽ പഠിപ്പിച്ചെടുക്കണമെല്ലോ ”
രാജി ഓരോ ഗ്ലാസെടുത്തു ചിഞ്ചുവിനും രേവതിക്കും ഊര്‍മ്മിളയ്ക്കും നല്‍കി.
“ചിയേഴ്സ്.”
ജാസ്മിനൊഴികെ എല്ലാവരും ഗ്ലാസ് കാലിയാക്കി. ജാസ്മിന്‍ ഗ്ളാസ് കയ്യിൽ പിടിച്ചു അങ്ങനെ നിന്നതേയുള്ളൂ . അവൾ കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.
“അങ്ങു കഴിക്കൂ കുട്ടാ…, ഒറ്റവലിക്കങ്ങു അകത്താക്ക്‌ .”
രാജി ഗ്ലാസ് അവളുടെ ചുണ്ടോടു ചേര്‍ത്തു കൊണ്ട് പറഞ്ഞു .
മനസില്ലാ മനസോടെ ജാസ്മിന്‍ കണ്ണടച്ച്, ശ്വാസം പിടിച്ച് ഗ്ലാസിലുള്ള മദ്യം മുഴുവന്‍ ഒറ്റവലിക്ക് അകത്താക്കി .
ഛർദ്ദിക്കാൻ ഭാവിച്ചപ്പോള്‍ ചിഞ്ചു കുറെ ചിപ്സ് എടുത്ത് അവളുടെ വായിലേക്കു വച്ചുകൊടുത്തിട്ടു പറഞ്ഞു .
” ഇതങ്ങു കഴിച്ചേ , അപ്പം ആ ചുവ മാറിക്കോളും ”
പൊട്ടിക്കരയണമെന്നു തോന്നി ജാസ്മിന് .
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

കോളജ് ഹോസ്റ്റലിലേക്കു താമസം മാറ്റിയ ജാസ്മിനെ പക്ഷേ, കാത്തിരുന്നത് ദുരന്തങ്ങളുടെ പെരുമഴയായിരുന്നു. പ്രിയപ്പെട്ടതെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുന്നത് നിറകണ്ണുകളോടെ അവള്‍ നോക്കി നിന്നു. അടുത്ത അധ്യായം നാളെ.

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here