Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 17

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 17

1157
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 17

സുകുമാരന്‍ കൊലക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു!
നിമിഷനേരത്തിനുള്ളില്‍ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു.
സംഭവം സത്യമാണോയെന്നറിയാന്‍ മാധ്യമപ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് വിളിയോട് വിളി. സത്യമാണെന്നറിഞ്ഞതും റിപ്പോർട്ടർമാരും ചാനൽ ക്യാമറാമാന്മാരും പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു. ചാനലുകളിൽ സ്ക്രോളിംഗ് ന്യുസ് വന്നു.
പോലീസ് സ്റ്റേഷനു മുൻപിലെ റോഡില്‍ ഒരുപാട് ആളുകള്‍ കൂടി നില്‍പ്പുണ്ടായിരുന്നു.
കൊലയാളി ഒരു സ്ത്രീയാണ് എന്നുമാത്രമേ പോലീസ് പുറത്തുവിട്ടിരുന്നുള്ളു!
അത് സുകുമാരന്‍റെ ഭാര്യ ശ്രീദേവിയാണെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍.
“അവളെ വെളിയിലേക്കൊന്നിറക്കി വിടോ! ഞങ്ങളൊന്നു കാണട്ടെ ആ തിരുമുഖം!”
പോലീസ് സ്റ്റേഷനിലേക്ക് നോക്കി റോഡിൽ നിന്ന് ആളുകൾ വിളിച്ചുപറഞ്ഞു.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്.
മുറിയുടെ മൂലയില്‍ ചുമരിനോട് ചേര്‍ന്ന് കൂനിക്കൂടി ഭയന്നുവിറച്ചിരിക്കുകയായിരുന്നു സുമിത്ര. കരഞ്ഞുകരഞ്ഞ് അവരുടെ കണ്ണുകള്‍ ചുവന്നുകലങ്ങിയിരുന്നു.
മുടിപടർത്തിയിട്ട് , കണ്ണുകള്‍ തുറിച്ച് ഒരു ഭ്രാന്തിയെപ്പോലെയായി മാറിയിരുന്നു അവള്‍.
സുമിത്രയുടെ ഇരിപ്പുകണ്ട് എസ്പി മുഹമ്മദ് ഇക്ബാലിന് സഹതാപം തോന്നി.
“ശരിക്കു കൊടുത്തെന്നു തോന്നുന്നല്ലോടോ .”
എസ്പി, എസ്ഐ ജോണ്‍ വറുഗീസിനോട് ചോദിച്ചു.
“കുറ്റം സമ്മതിപ്പിക്കാന്‍ രണ്ടെണ്ണം പൊട്ടിക്കേണ്ടിവന്നു സര്‍. നമ്മുടെ മിന്നൽ മറിയാമ്മയാ കൈകാര്യം ചെയ്തത് “
“മുറിവൊന്നുമില്ലല്ലോ അല്ലേ ?”
“ഹേയ്. അതൊക്കെ നോക്കീം കണ്ടുമാ ചെയ്തത് .”
മാധ്യമപ്രവർത്തകർ പ്രതിയെ കാണാന്‍ തിടുക്കം കൂട്ടുന്നു എന്നു പറഞ്ഞപ്പോള്‍ എസ്പി അവരിരുന്ന മുറിയിലേക്ക് ചെന്നു .
ടി.വിചാനലുകാര്‍ ദൃശ്യം പകര്‍ത്താന്‍ ക്യാമറ സ്റ്റാന്‍ഡിലുറപ്പിച്ച് റെഡിയായി നില്‍ക്കുകയായിരുന്നു.
പത്രലേഖകര്‍ക്കഭിമുഖമായി കസേരയില്‍ ഇരുന്നിട്ട് എസ്പി ആമുഖമായി പറഞ്ഞു:
“പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തിന്‍റെ ഫലമായാണ് പ്രതിയെ അറസ്റ്റുചെയ്യാന്‍ പറ്റിയത്. കൊല നടന്ന ദിവസം സുകുമാരന്‍റെ വീട്ടുമുറ്റത്തുനിന്നു കിട്ടിയ ഒരു കര്‍ച്ചീഫാണ് കേസിന് തുമ്പുണ്ടാക്കിയത് . അതിന്‍റെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ പറ്റിയതോടെ കാര്യങ്ങള്‍ എളുപ്പമായി. പ്രതി ആദ്യം കുറ്റം നിഷേധിച്ചു. പക്ഷേ, ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല.”
“പ്രതി ആരാണെന്നു ഇനിയും പറഞ്ഞില്ല.”
ഒരു പത്രലേഖകന് ആകാംക്ഷ ഒതുക്കാന്‍ പറ്റുന്നില്ല.
“ഓക്കെ. ഇനി സസ്പെന്‍സ് നീട്ടുന്നില്ല,” എസ്പി പറഞ്ഞു.
“സെന്റ് മേരിസ് ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സുമിത്രയാണ് ഈ കൊല നടത്തിയത് .”
പ്രതിയെ മുറിയിലേക്ക് കൊണ്ടുവരാൻ എസ്‌പി പോലീസുകാരോട് ആവശ്യപ്പെട്ടു .
പോലീസുകാർ ചെന്ന് സുമിത്രയെ മാധ്യമപ്രവർത്തകർ ഇരുന്ന മുറിയിലേക്ക് കൂട്ടി കൊണ്ടുവന്നു.
ഭയന്ന് വിറച്ചു കിലുകിലെ വിറക്കുകയായിരുന്നു അവൾ . ആളുകളെ അഭിമുഖീകരിക്കാൻ ശക്തിയില്ലാതെ അവൾ മുഖം പൊത്തി നിന്നു.
”ആ കൈയൊന്നു മാറ്റിക്കേ. നിന്റെ തിരുമുഖം ഇവരൊന്നു കാണട്ടെ .”
എസ്പി അങ്ങനെ പറഞ്ഞതും ഒരു വനിതാ പോലീസുകാരി വന്ന് അവളുടെ കൈ പിടിച്ചുമാറ്റി.
പത്രലേഖകര്‍ അത്ഭുതപ്പെട്ടുപോയി.
ഇത്രയും സുന്ദരിയായ ഒരു പെണ്ണോ ഈ അരുംകൊല ചെയ്തത്?
“കൊലചെയ്യാനുള്ള കാരണം ?”
പത്രലേഖകര്‍ക്ക് ആകാംക്ഷ വര്‍ധിച്ചു.
”പറയാം ” കസേരയിൽ ചാഞ്ഞിരുന്നിട്ട് പത്രലേഖകരെ നോക്കി എസ്പി തുടർന്നു :
“സുമിത്രയും കൊല്ലപ്പെട്ട സുകുമാരനും തമ്മില്‍ കോളജില്‍ പഠിക്കുന്ന കാലത്ത് പ്രേമമായിരുന്നു. അന്ന് ഹോസ്റ്റലിലായിരുന്നു സുമിത്രയുടെ താമസം. സുകുമാരന്‍റെ സഹോദരി അശ്വതി ഹോസ്റ്റലില്‍ സുമിത്രയുടെ റൂംമേറ്റായിരുന്നു. അശ്വതീടെ കൂടെ പലതവണ സുമിത്ര അവളുടെ വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ എപ്പോഴോ സുമിത്രയുടെ ഒരു ഫോട്ടോ, അതായത് അല്‍പം മോശമായിട്ടുള്ള ഒരു ചിത്രം സുകുമാരന്‍ എടുത്തു. കോളജ് പഠനം കഴിഞ്ഞതോടെ സുമിത്ര സുകുമാരനെ വീട്ട് അവളുടെ പാട്ടിനു പോയി. സുകുമാരന്‍ അവളെ കല്യാണം കഴിക്കണോന്നുള്ള ആത്മാര്‍ഥതയോടെയാണ് പ്രേമിച്ചത്. പക്ഷേ, സുമിത്ര അതൊരു നേരമ്പോക്കായി മാത്രമേ കണ്ടുള്ളൂ. കാരണം, സുമിത്രയുടെ വിവാഹം അവളുടെ മുറച്ചെറുക്കനുമായി നേരത്തെ നിശ്ചയിച്ചതായിരുന്നു. അങ്ങനെയിരിക്കെ വര്‍ഷങ്ങള്‍ക്കുശേഷം സുമിത്രയ്ക്ക് ഇവിടെ സെന്‍റ് മേരീസ് സ്കൂളില്‍ ടീച്ചറായി ജോലികിട്ടി. ഇവിടെവച്ചു വീണ്ടും അവര്‍ കണ്ടുമുട്ടി. തന്നെ വഞ്ചിച്ചതില്‍ സുകുമാരന് അവളോട് പകയുണ്ടായിരുന്നു. ഇവിടെ സുമിത്ര താമസിച്ചുകൊണ്ടിരുന്ന വീടിന്‍റെ എതിര്‍വശത്തായിരുന്നു സുകുമാരന്‍റെ വീട്. ഒരു ദിവസം രാത്രിയില്‍ തന്‍റെ വീട്ടില്‍ വരണമെന്ന് സുകുമാരന്‍ അവളോട് പറഞ്ഞു. വരില്ലെന്ന് അവളും പറഞ്ഞു. അപ്പോള്‍ പഴയ ഫോട്ടോ കാണിച്ച് സുകുമാരന്‍ അവളെ ഭീഷണിപ്പെടുത്തി. വന്നില്ലെങ്കില്‍ ഫോട്ടോ സ്കൂളിലെ ടീച്ചേഴ്സിന് അയച്ചുകൊടുക്കുമെന്നു പറഞ്ഞയാള്‍ സുമിത്രയെ ട്രാപ്പിലാക്കി. സുകുമാരന്റെ വീട്ടിൽ ചെന്നെങ്കിലേ തനിക്കിനി രക്ഷയുള്ളെന്നു ചിന്തിച്ച സുമിത്ര രാത്രി വീട്ടില്‍ ചെല്ലാമെന്നു വാക്കുകൊടുത്തു.
സംഭവദിവസം രാത്രി പന്ത്രണ്ടുമണിക്ക് ആരും കാണാതെ അവള്‍ സുകുമാരന്‍റെ വീട്ടില്‍ ചെന്നു. സുകുമാരന്‍റെ മുറിയുടെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അകത്ത് വെളിച്ചം കണ്ടപ്പോള്‍ അവള്‍ വാതിലില്‍ തള്ളിനോക്കി. അത് തുറന്നു.
ആ സമയം സുകുമാരന്‍ ചാരുകസേരയില്‍ ചാരിക്കിടുന്നു മയങ്ങുകയായിരന്നു. നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു അയാള്‍.
കൊല്ലാന്‍ പറ്റിയ സാഹചര്യമാണെന്നു മനസിലാക്കിയ സുമിത്ര മുറ്റത്തു കിടന്നിരുന്ന ഇരുമ്പുകമ്പിയെടുത്ത് സുകുമാരന്‍റെ തലയില്‍ ആഞ്ഞടിച്ചു.
തിരിച്ച് വീട്ടില്‍ വന്നിട്ട് അവള്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ കിടന്നുറങ്ങി. ഇതിനിടയില്‍ സുമിത്രയുടെ കര്‍ച്ചീഫ് സുകുമാരന്‍റെ വീട്ടുമുറ്റത്ത് വീണുപോയിരുന്നു. ആ കര്‍ച്ചീഫാണ് ഈ കേസിനു തുമ്പുണ്ടാക്കാന്‍ ഞങ്ങളെ സഹായിച്ചത്.”
എസ്പി പറഞ്ഞുനിറുത്തി.
“സംഭവദിവസം സുകുമാരന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലേ ? സുമിത്ര അടിച്ചപ്പം അവരു ശബ്ദമൊന്നും കേട്ടില്ലേ?”
ഒരു പത്രലേഖകന്റെ സംശയം
“അങ്ങനെയൊരു സംശയം ഞങ്ങള്‍ക്കും തോന്നിയിരുന്നു. പക്ഷേ, സുകുമാരന്‍റെ ഭാര്യയെ വിശദമായി ചോദ്യം ചെയ്തപ്പം ഒരു കാര്യം മനസിലായി. അന്നുരാത്രി വളരെ ആസൂത്രിതമായി സുകുമാരന്‍ അവര്‍ക്ക് ഉറക്കഗുളിക ജ്യൂസിൽ കലക്കി കൊടുത്തിരുന്നു. അതുകൊണ്ട് അവര് ഗാഡനിദ്രയിലായിരുന്നു . സുമിത്ര വരുമെന്നയാള്‍ക്കുറപ്പുണ്ടായിരുന്നതുകൊണ്ടാണ് ഈ പണിയൊക്കെ ചെയ്തത് ”
കൊല്ലാനുപയോഗിച്ച ആയുധം കിട്ടിയോ ?”
“അതു നേരത്തെ തന്നെ സുകുമാരന്‍റെ വീട്ടുപരിസരത്തുനിന്ന് കിട്ടിയിരുന്നു. ഒരു ഇരുമ്പു കമ്പി “
പത്ര ലേഖകരുടെ ചോദ്യങ്ങൾക്കെല്ലാം എസ്പി മറുപടി നൽകി
മാധ്യമപ്രവർത്തകർ പോയി കഴിഞ്ഞപ്പോള്‍ പൊതുജനങ്ങളെ കാണിക്കാനായി കുറച്ചുനേരം സുമിത്രയെ വരാന്തയിലേക്കിറക്കി നിറുത്തി.
പ്രതിയെ കാണാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടി.
വൈകുന്നേരം സുമിത്രയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് അവളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ടിവി ചാനലുകൾ ബ്രേക്കിംഗ് ന്യൂസായി ആ വാർത്ത പ്രാധാന്യത്തോടെ കൊടുത്തു


ഏഴുമണിയായപ്പോൾ സതീഷിന്‍റെ വീട്ടില്‍ ജയദേവന്‍ പാഞ്ഞെത്തി.
സതീഷ് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടായിരുന്നു.
ജയന്‍ കാറില്‍ നിന്നിറങ്ങുന്നതിനുമുമ്പേ മഞ്ജുള ഓടിവന്ന് പറഞ്ഞു:
“സതിയേട്ടന്‍ വക്കീലിനെ കാണാന്‍ പോയിരിക്ക്വാ. ”
ജയദേവന്‍ കാറു റിവേഴ്സെടുത്തിട്ടു വന്നവഴിയെ തിരിച്ചുപോയി.
കോടതി സമയം കഴിഞ്ഞതിനാല്‍ അന്നു സുമിത്രയ്ക്ക് ജാമ്യം കിട്ടിയില്ല.
സബ് ജയിലിലെ തണുത്തു മരവിച്ച സിമന്‍റ് തറയില്‍ ഉറങ്ങാതെയിരുന്നവള്‍ കണ്ണീര്‍ പൊഴിച്ചു. രാത്രി മുഴുവന്‍ കരയുകയായിരുന്നു .
പിറ്റേന്നത്തെ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ പ്രാധാന്യത്തോടുകൂടി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
സുകുമാരന്‍ വധം: അധ്യാപിക അറസ്റ്റില്‍.
താഴെ സുമിത്രയുടെ ഫോട്ടോയും.
ഉച്ചകഴിഞ്ഞപ്പോള്‍ സതീഷും ജയദേവനും കൂടി സുമിത്രയെ ജാമ്യത്തിലിറക്കി. പ്രോസിക്യൂഷൻ എതിർക്കാത്തതിനാൽ ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല .
ജയിലിൽ നിന്ന് വെളിയിലിറങ്ങിയതും ജയദേവന്‍റെ അടുത്തേക്ക് ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു അവള്‍.
“ജയേട്ടാ… ഞാനല്ല സുകുമാരനെ കൊന്നത്. എന്‍റമ്മയാണെ സത്യം, ഞാനല്ല സുകുമാരനെ കൊന്നത്. ജയേട്ടനെങ്കിലും എന്നെ വിശ്വസിക്കില്ലേ?”
“ഞാന്‍ നിന്നെ സംശയിച്ചിട്ടൊന്നുമില്ലല്ലോ? കരയാതിരിക്ക്. ആളുകളു ശ്രദ്ധിക്കുന്നുണ്ട്.”
ജയദേവന്‍ അവളുടെ കണ്ണീര്‍ തുടച്ച് ആശ്വസിപ്പിച്ചു.
മുഖം ഉയര്‍ത്തി നോക്കിയപ്പോഴാണവള്‍ സതീഷിനെ കണ്ടത്.
വെളിയിൽ കാറില്‍ ചാരിനില്‍ക്കുകയായിരുന്നു അയാള്‍.
സുമിത്ര സതീഷിന്റെ അടുത്തേക്കുചെന്നു.
“ഞാനല്ല സുകുമാരനെ കൊന്നത്. പോലീസുകാര് നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് സമ്മതിപ്പിച്ചതാ.”
സുമിത്രയ്ക്ക് സങ്കടം അണപൊട്ടി.
“അത് ഞങ്ങൾക്കറിയാം. സാരമില്ല . നമുക്ക് നല്ലൊരു വക്കീലിനെ വച്ച് കേസ് ജയിക്കാം. സമാധാനമായിട്ടിരിക്ക് ”
സതീഷ് കാറിന്റെ പിന്‍വാതില്‍ തുറന്നുകൊടുത്തുകൊണ്ട് പറഞ്ഞു
” കയറ്.”
അവള്‍ ജയദേവനെ നോക്കി. കയറിക്കോ എന്നയാള്‍ ആംഗ്യം കാണിച്ചു.
സുമിത്ര മടിച്ചുനിന്നപ്പോള്‍ ജയദേവന്‍ വന്ന് അവളെ പിടിച്ചകത്തേക്ക് കയറ്റി. തൊട്ടടുത്ത് ജയദേവനും ഇരുന്നു.
സതീഷ് ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
കാറ് മുമ്പോട്ടോടിക്കൊണ്ടിരിക്കുമ്പോള്‍ സാരിത്തലപ്പു കടിച്ച് സുമിത്ര കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു.
“അമ്മ അറിഞ്ഞോ?”
ഇടയ്ക്ക് അവള്‍ ജയദേവനോട് ചോദിച്ചു.
“ലോകം മുഴുവനറിഞ്ഞില്ലേ. ടിവീൽ വല്യ വാർത്തയായിരുന്നു . പത്രത്തിലുമുണ്ട് വെണ്ടയ്ക്ക അക്ഷരത്തിൽ ഫോട്ടോ സഹിതം .പിന്നെ അമ്മ അറിയാണ്ടിരിക്ക്വോ?”
സുമിത്ര കരയാന്‍ തുടങ്ങിയപ്പോള്‍ ജയദേവന്‍ പറഞ്ഞു:
“പ്രശ്നമൊന്നുമില്ലെന്ന് ഞാനമ്മയോട് പറഞ്ഞിട്ടുണ്ട്.”
“ഞാന്‍ കാരണം എല്ലാവര്‍ക്കും അപമാനമായി അല്ലേ?”
“അതൊന്നും ഓർക്കണ്ട ഇപ്പം . എന്‍റെ മേത്തേക്ക് ചാരിക്കിടന്നൊന്ന് മയങ്ങിക്കോ. ഇപ്പം നിനക്ക് വിശ്രമാണാവശ്യം.”
ജയദേവന്‍ അവളെ തന്‍റെ ദേഹത്തേക്ക് ചായ്ച്ചുകിടത്തി.
സുമിത്ര കണ്ണുകള്‍ അടച്ചു. കണ്‍കോണുകള്‍ക്കിടയിലൂടെ കണ്ണീര്‍ പൊടിഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങി അത് സീറ്റില്‍ വീണു പടര്‍ന്നു.
സതീഷിന്‍റെ വീട്ടിലെ പോര്‍ച്ചില്‍ കാറു വന്നുനിന്നപ്പോള്‍ മയക്കത്തിലായിരുന്നു സുമിത്ര.
ജയദേവന്‍ അവളെ വിളിച്ചുണര്‍ത്തിയിട്ട് ഡോര്‍ തുറന്നുകൊടുത്തു.
സുമിത്ര സാവധാനം വെളിയിലേക്കിറങ്ങി.
നടക്കാന്‍പോലും പറ്റാത്തവിധം അവളുടെ കാലുകള്‍ തളർന്നു പോയിരുന്നു.
സ്വീകരണ മുറിയുടെ വാതില്‍ക്കല്‍ മഞ്ജുളയും ഭവാനിയും നില്‍പ്പുണ്ടായിരുന്നു.
അവരെ കണ്ടതും സുമിത്ര വിങ്ങിപ്പൊട്ടി.
മഞ്ജുളയ്ക്കു സഹതാപം തോന്നി.
സുമിത്ര ആരോടും ഒന്നും മിണ്ടാതെ പടികള്‍ കയറി മുകളിലേക്ക് പോയി.
രണ്ടാം നിലയില്‍ അവളുടെ മുറിയുടെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അതു തള്ളിത്തുറന്ന് അകത്തു കയറിയിട്ട് കട്ടിലിലേക്ക് തളര്‍ന്നുവീണു.
“ഒന്നു കുളിച്ചിട്ട് നന്നായിട്ടൊന്നുറങ്ങ്. അപ്പം വിഷമമൊക്കെ കുറയും .”
ജയദേവന്‍ അടുത്തിരുന്ന് അവളുടെ പുറത്തു തലോടിക്കൊണ്ട് പറഞ്ഞു.
“എന്നെ ഉപേക്ഷിക്കരുത് ട്ടോ. എനിക്കാരുമില്ല ഇനി.”
ജയന്‍റെ കൈപിടിച്ച് നെഞ്ചോടുചേര്‍ത്തുകൊണ്ട് അവള്‍ അപേക്ഷിച്ചു.
“അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റ്വോ മോളെ എനിക്ക് നിന്നെ? സമാധാനമായിട്ടു കിടന്നുറങ്ങു് ”
ജയദേവന്‍ സ്നേഹവായ്പോടെ അവളുടെ കവിളില്‍ തലോടി.
“എന്നെ ഇട്ടിട്ടു പോകരുത് ട്ടോ. ഇവിടുണ്ടാകണം; എന്‍റടുത്ത്.”
“തീര്‍ച്ചയായും.”
അല്‍പനേരം കഴിഞ്ഞപ്പോല്‍ മഞ്ജുള വന്നു ഭക്ഷണം കഴിക്കാന്‍ സുമിത്രയെ ക്ഷണിച്ചു. അവള്‍ വേണ്ടെന്നുപറഞ്ഞ് ഒഴിവായി.
ഒടുവില്‍ ജയദേവന്‍ താഴെചെന്ന് ഒരു കപ്പ് ചായയും രണ്ട് ദോശയും എടുത്തുകൊണ്ടുവന്ന് അവളെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു.
ഭക്ഷണം കഴിച്ചിട്ടു വീണ്ടും അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.
തലേരാതിയിലെ ഉറക്കമിളപ്പും ക്ഷീണവും മൂലം പെട്ടെന്ന് തന്നെ മയക്കത്തിലേക്ക് വീണു.
പുതപ്പെടുത്ത് അവളെ പുതപ്പിച്ചിട്ട് ജയദേവന്‍ താഴേക്ക് ഇറങ്ങി ചെന്നു.
താഴെ സതീഷിന്‍റെ കിടപ്പുമുറിയില്‍ മഞ്ജുളയും സതീഷും ഭവാനിയും കേസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
ജയദേവന്‍ അങ്ങോട്ട് കയറിച്ചെന്നതും എല്ലാവരും നിശബ്ദരായി.
“ഉറങ്ങിയോ?”
മഞ്ജുള ചോദിച്ചു.
“ഉം.”
ജയന്‍ കസേര വലിച്ചിട്ട് അവരുടെ സമീപം ഇരുന്നു
കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. ഒടുവില്‍ മൗനം ഭേദിച്ചത് ജയദേവന്‍.
“ആകെ നാണക്കേടായി. പത്രത്തില്‍ എന്തൊക്കെയാ അച്ചടിച്ചു വന്നിരിക്കുന്നേ. വായിച്ചില്ലായിരുന്നോ? ” ജയൻ എല്ലാ മുഖത്തേക്കും മാറി മാറി നോക്കി
“നേരായിരിക്ക്വോ കേട്ടതൊക്കെ ?”
ഭവാനി ചോദിച്ചു.
“നേരല്ലെങ്കില്‍പ്പിന്നെ അവളുടെ കര്‍ച്ചീഫ് എങ്ങനെയാ അയാടെ വീട്ടുമുറ്റത്ത് വന്നത്? എന്തായാലും അവളവിടെ പോയിട്ടുണ്ടെന്നുള്ളതു നേരാ. വ്യക്തമായ തെളിവുകിട്ടാതെ ചുമ്മാ പോലീസ് കേസെടുക്ക്വൊന്നുമില്ല. എന്തൊക്കെയോ ഇടപാടുകളുണ്ടായിരുന്നു അവരുതമ്മില്‍. അതുറപ്പാ.”
ജയദേവന്‍ തെല്ലു നീരസത്തോടെ പറഞ്ഞു.
“പാവം. ആകെ തകര്‍ന്നിരിക്ക്വാ. ഇനി ഓരോന്നു ചോദിച്ചു കുറ്റപ്പെടുത്തൊന്നും വേണ്ടാട്ടോ.”
സതീഷ് സുമിത്രയുടെ പക്ഷത്തായിരുന്നു
“സുകുമാരനും അവളും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നെന്നാ പത്രങ്ങൾ എഴുതിരിക്കുന്നത്. നാട്ടില്‍ ചെന്ന് എനിക്ക് മനുഷ്യരുടെ മുഖത്തുനോക്കാന്‍ പറ്റ്വോ ഇനി ? എന്തായാലും രണ്ടുദിവസം കഴിയട്ടെ. ഞാന്‍ തന്നെ അവളോട് ചോദിക്കാം എന്താ സംഭവിച്ചതെന്ന്. അവളല്ല സുകുമാരനെ കൊന്നതെന്നു മാത്രമല്ലേ അവളെന്നോട് പറഞ്ഞുള്ളൂ? പാതിരാത്രീല്‍ അവളയാളുടെ വീട്ടില്‍പ്പോയോന്നെനിക്കറിയണം. പോയിട്ടുണ്ടെങ്കില്‍ അതു വ്യഭിചരിക്കാന്‍ പോയതാ. അല്ലെങ്കില്‍ കൊല്ലാന്‍. രണ്ടിലേതാണെന്നാ കണ്ടുപിടിക്കേണ്ടത് ” .”
ജയദേവന്‍ വികാരവിവശനായി .
മഞ്ജുളയും ഭവാനിയും താടിക്ക് കൈയും കൊടുത്തിരുന്നുപോയി.
” അങ്ങനൊന്നും പറയല്ലേ ജയാ . എന്താ സംഭവിച്ചതെന്ന് നമുക്ക് സാവകാശം ചോദിച്ചറിയാന്നേ ” സതീഷിനു സഹതാപമായിരുന്നു
“എന്ത് ചോദിച്ചറിയാൻ ?സുകുമാരന്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടായിരുന്നെങ്കില്‍ അവള്‍ക്കെന്നോട് തുറന്നുപറയാമായിരുന്നല്ലോ? അല്ലെങ്കില്‍ മഞ്ജുളയോട് പറയാമായിരുന്നല്ലോ? കല്യാണം നിശ്ചയിച്ചു കഴിഞ്ഞ ഒരു പെണ്ണും പാതിരാത്രിയില്‍ അന്യപുരുഷന്‍റെ കിടപ്പുമുറിയുടെ വാതിലില്‍ പോയി മുട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവളു പിഴയാ.” ജയൻ രോഷം കൊണ്ടു
ആ സമയം ജയദേവന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
പോക്കറ്റില്‍നിന്നു ഫോണ്‍ എടുത്തു നമ്പര്‍ നോക്കിയശേഷം അതു കാതോട് ചേര്‍ത്തു.
അങ്ങേതലയ്ക്കല്‍ നിന്നുള്ള സന്ദേശം ജയദേവനെ സ്തബ്ധനാക്കി.
ഫോൺ കട്ട് ചെയ്തിട്ട് ജയദേവന്‍ സതീഷിനെ നോക്കി പറഞ്ഞു.
“ഇപ്പം എല്ലാം പൂര്‍ത്തിയായി.”
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here