ഹോസ്റ്റല്‍ റൂമിലെ പതുപതുത്ത ഫോം ബെഡില്‍ കിടന്നിട്ടും ശശികലയ്ക്ക് ഉറക്കം വന്നില്ല.
ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്നുണ്ട്. പക്ഷേ, ശരീരം പുകയുകയാണ്. മനസിലെ സംഘര്‍ഷം തീയും പുകയുമായി ദേഹത്തു പടരുകയാണ്.
ജയദേവനോട് എന്തു മറുപടി പറയണം?
സമ്മതം എന്ന് ഒറ്റവാക്കു പറഞ്ഞാല്‍ സുന്ദരനും ആരോഗ്യവാനുമായ ഒരാളെ ഭർത്താവായി കിട്ടും. കോടികളുടെ സ്വത്തിന്‍റെ ഉടമയാകും താന്‍. ജീവിതകാലം മുഴുവൻ സന്തോഷത്തോടെ കഴിയാം .
ഭർത്താവിന്റെ നെഞ്ചിലെ ചൂടുപറ്റി കിടന്നുറങ്ങാൻ ഏതൊരു സ്ത്രീയെപ്പോലെ താനും ആഗ്രഹിക്കുന്നില്ലേ? ഒരു കുഞ്ഞിനെ താലോലിക്കാൻ തനിക്കുമില്ലേ മോഹം? ഇതുപോലൊരു ഓഫറുമായി ഇനി വേറെ ആരെങ്കിലും വരുമോ? ഒരിക്കലുമില്ല.
കൈയില്‍ വന്ന ഭാഗ്യദേവതയെ തട്ടിത്തെറിപ്പിക്കുന്നതു ബുദ്ധിമോശമല്ലേ?
പക്ഷേ, സുമിത്ര…
തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ അവള്‍? അവളുകാരണമല്ലേ തനിക്കീ ജോലി കിട്ടിയത്?
അവളുടെ ഹൃദയത്തിലേക്ക് താനും കൂടി കോരിയിടണോ കുറെ തീ? ഒരിക്കല്‍ മഹാഭാഗ്യവതിയെന്നു വിളിച്ചതാണ് താനവളെ. ഇപ്പോള്‍ ഒരു ആയുസുമുഴുവന്‍ അനുഭവിക്കേണ്ട വേദന അവള്‍ തിന്നു കഴിഞ്ഞു.
ജയദേവന്‍ അവളെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയില്‍ സന്തോഷിച്ചിരിക്കുകയാണ് പാവം! അതു നടക്കില്ലെന്നറിഞ്ഞാല്‍ ഹൃദയംപൊട്ടി മരിക്കില്ലേ അവള്‍?
വേണ്ട. സമ്മതമല്ലെന്നു ജയദേവനോടു തുറന്നുപറഞ്ഞേക്കാം. സുമിത്രയുടെ കണ്ണീരു കണ്ടുകൊണ്ട് കല്യാണമണ്ഡപത്തിലേക്ക് കയറാന്‍ തനിക്കാവില്ല.
ജയേട്ടന്‍ മറ്റാരെയെങ്കിലും കെട്ടിക്കോട്ടെ.
ശശികല ഒരു തീരുമാനമെടുത്തു.
അല്‍പനേരം കഴിഞ്ഞപ്പോള്‍ മനസുപിന്നെയും വ്യതിചലിക്കാന്‍ തുടങ്ങി.
തന്‍റെ കഷ്ടപ്പാടുകള്‍ കണ്ടിട്ട് ഈശ്വരന്‍ കൊണ്ടുവന്നതാകില്ലേ ഈ ആലോചന? അതു നിഷേധിക്കുന്നത് ഈശ്വരനിഷേധമല്ലേ?
മനഃസാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തി ന്യായീകരിക്കാന്‍ ശ്രമിച്ചു അവള്‍.
ചെറ്റക്കുടിലില്‍ നിന്ന് മണിമാളികയിലേക്കൊരു മാറ്റം ആഗ്രഹിക്കാത്ത ഏതു സ്ത്രീയുണ്ട് ഈ ഭൂമിയില്‍?
അനിയത്തിമാരെയൊക്കെ നല്ലനിലയിൽ കെട്ടിച്ചയയ്ക്കേണ്ടേ? അതിന് പണം വേണ്ടേ? കുടിച്ചുകുടിച്ച് അച്ഛന്‍ മരിച്ചുപോയാല്‍ തനിക്കാരുണ്ട് പിന്നെ?
ജയേട്ടനെ വിവാഹം കഴിച്ചാല്‍ എല്ലാറ്റിനും ഒരു തുണയുണ്ടാകും. അനിയത്തിമാരെയൊക്കെ നല്ല നിലയിൽ കെട്ടിച്ചു വിടാൻ പറ്റും .
ഇഷ്ടമാണെന്നു തുറന്നു പറയാം. സുമിത്ര അവളുടെ വഴിക്കു പോട്ടെ. ഒരു കൂട്ടുകാരിക്കുവേണ്ടി തന്‍റെ ജീവിതം തല്ലിക്കെടുത്തുന്നതെന്തിനാണ്?
ശശികല കിടക്കയില്‍ ഒന്നു തിരിഞ്ഞുകിടന്നു. പിന്നെയും മനസ് സംഘർഷ ഭരിതമായി .
ആരോടാണ് ഒന്ന് അഭിപ്രായം ചോദിക്കുക?
തൊട്ടടുത്ത് കട്ടിലില്‍ കനകലത സുഖമായി കിടന്നുറങ്ങുന്നു.
ശശികലയുടെ റൂംമേറ്റും കൂട്ടുകാരിയുമാണവൾ .
അവളോടൊന്നു ചോദിച്ചാലോ?
ശശികല എണീറ്റു ലൈറ്റിട്ടു.
ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ മണി പന്ത്രണ്ടു മുപ്പത്തഞ്ച്.
കട്ടിലില്‍ നിന്ന് ഇറങ്ങി സാവധാനം അവള്‍ കനകലതയുടെ കട്ടിലില്‍ വന്നിരുന്നു.
“കനകം…”
കുലുക്കി വിളിച്ചു.
നല്ല ഉറക്കമാണു കക്ഷി.
പലവട്ടം വിളിച്ചപ്പള്‍ ഉറക്കച്ചടവോടെ കണ്ണുതുറന്നു.
“ഒന്നെണീറ്റേ…”
ശശികല അവളുടെ പുറത്തുതട്ടി.
“എന്നതാ ഈ പാതിരാത്രീല്‍…?”
കട്ടിലില്‍ എണീറ്റിരുന്ന് കണ്ണുതിരുമ്മിയിട്ടവള്‍ ശശികലയെ നോക്കി.
“ഞാനൊരു കാര്യം ചോദിക്കാന്‍ വിളിച്ചതാ.”
”ഈ പാതിരാത്രീലോ? അതെന്തു കാര്യമാ…?
“അല്ലെങ്കില്‍ വേണ്ട. രാവിലെ ചോദിച്ചോളാം.”
“ഇതു നല്ല കൂത്ത് . വിളിച്ചുണര്‍ത്തിയിട്ട് അത്താഴമില്ലെന്നു പറയുക?” ക്ലോക്കിലേക്ക് നോക്കിയിട്ട് കനകലത തുടര്‍ന്നു: “നീ ഇതുവരെ ഉറങ്ങിയില്ലേ? എന്തെടുക്കുകയായിരുന്നു ഇവിടെ?”
“ഉറക്കം വന്നില്ല.”
“ഉറക്കം വരാതിരിക്കാന്‍ മാത്രം എന്താ സംഭവിച്ചത്? വല്ലതും കേറി കൊത്തിയോ ചൂണ്ടേല്?”
ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി.
“വൈകിട്ട് ഇവിടെ വന്നു നിന്റെ മുഖം കണ്ടപ്പഴേ എനിക്ക് തോന്നീരുന്നു എന്തോ വശപ്പിശകുണ്ടെന്ന്.”
കനകലത അല്‍പംകൂടി ചേര്‍ന്നിരുന്നിട്ട് മുഖം അടുപ്പിച്ചു പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“സത്യം പറയണം. വൈകുന്നേരം ആരെ കാണാന്‍ പോയതായിരുന്നു നീ?”
“അത്…”
“അത്…?”
“നാളെ പറയാം. നീ കിടന്നോ. വെളുപ്പിനെണീക്കെണ്ടതല്ലേ?”
“എന്‍റെ ഉറക്കമൊക്കെ പോയി. ഇനി അതു കേട്ടില്ലേല്‍ എനിക്കുറക്കം വര്യേല. പറ… ഏതാ കക്ഷി…?”
കനകലത നിര്‍ബന്ധിച്ചപ്പോള്‍ ശശികല എല്ലാം തുറന്നുപറഞ്ഞു. ഒടുവില്‍ അവള്‍ ചോദിച്ചു:
“ജയേട്ടനോട് ഞാനെന്തു മറുപടി പറയണം? നീ പറ?”
“ഇതിലെന്താ ഇത്ര ആലോചിക്കാനിരിക്കുന്നേ? യേസ് എന്ന് ഒറ്റവാക്കങ്ങു പറഞ്ഞിട്ടു പോന്നാൽ പോരായിരുന്നോ?”
“സുമിത്ര…?”
“സുമിത്ര…! മണ്ണാങ്കട്ട! നീ നിന്‍റെ ഭാവി നോക്കു ശശീ. ഇത്രയും നല്ലൊരു പ്രൊപ്പോസല്‍ തപസിരുന്നാല്‍ കിട്ട്വോ നിനക്ക്? ഞാനായിരുന്നെങ്കില്‍ അപ്പഴേ യേസ് പറഞ്ഞേനേ.”
ശശികല തെല്ലുനേരം ഒന്നും മിണ്ടാതെ മുഖം കുമ്പിട്ടിരുന്നു.
“സത്യത്തില്‍ എനിക്കിപ്പം നിന്നോടസൂയ തോന്ന്വാ. ഇതുപോലൊരോഫര്‍ എനിക്ക് കിട്ടിയിരുന്നെങ്കില്‍. അതെങ്ങനാ; എറിയാനറിയാവുന്നവരുടെ കയ്യിൽ കല്ല് കൊടുക്കുകേലല്ലോ ദൈവം ”
“സുമിത്രയുടെ മുഖത്തേക്ക് പിന്നെ എനിക്ക് നോക്കാന്‍ പറ്റ്വോ കനകം?”
“നോക്കണ്ട. അവിടത്തെ വീടും കുടീം വിറ്റിട്ട് ഇവിടെ വന്നു താമസിക്കാന്‍ അച്ഛനോട് പറയണം. അപ്പ പിന്നെ നോക്കേണ്ടി വരില്ലല്ലോ .”
“ഞാന്‍ സമ്മതം മൂളണമെന്നാണോ നിന്‍റെ അഭിപ്രായം?”
“എന്‍റെയെന്നല്ല…, ആരോടുചോദിച്ചാലും അതേ പറയൂ. ഇനി നീ സമ്മതമല്ലെന്നു പറഞ്ഞെന്നു വിചാരിക്ക്വാ. അയാളു വേറൊരു പെണ്ണിനെ കെട്ടും. എന്തായാലും സുമിത്രയെ കെട്ടില്ലല്ലോ.”
അതു നേരാണെന്നു ശശികലയ്ക്കും തോന്നി.
“ഇനി കിടന്നുറങ്ങാന്‍ നോക്ക്. എന്നിട്ട് രാവിലെ ഫോണ്‍ ചെയ്തു പറ, യേസ് എന്ന്.”
കനകലത കട്ടിലിലേക്ക് ചാഞ്ഞിട്ട് പുതപ്പെടുത്ത് ദേഹാസകലം മൂടി.
ലൈറ്റ് ഓഫ് ചെയ്തിട്ട് ശശികലയും കിടന്നു.
പിറ്റേന്ന് പുലര്‍ച്ചെ അവള്‍ ജയദേവനെ ഫോണില്‍ വിളിച്ച് സമ്മതം അറിയിച്ചു.
ഫോണ്‍ താഴെവച്ചപ്പോള്‍ മനസ് പിന്നെയും കലുഷിതമാകാന്‍ തുടങ്ങി.
തവിട്ടു നിറമുള്ള ട്രൗസറും ക്രീം ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ ടൈയും കെട്ടി തോളില്‍ സ്കൂള്‍ ബാഗുമായി അജിത്മോന്‍ ഗേറ്റുകടന്നു വരുന്നത് സുമിത്ര വരാന്തയിലിരുന്ന് കണ്ടു. അജിത്മോന്‍റെ പഴയ ഷര്‍ട്ടില്‍, അടര്‍ന്നുപോയ ബട്ടണ്‍സിനു പകരം പുതിയവ തുന്നിപ്പിടിപ്പിക്കുയായിരുന്നു അവള്‍.
മുറ്റത്തുനിന്നു വരാന്തയിലേക്ക് കയറി, ബാഗ് തോളില്‍ നിന്നെടുക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു:
“ചേച്ചി അറിഞ്ഞോ ഒരു കാര്യം. ശശികല ചേച്ചി വന്നിട്ടുണ്ട്.”
“എപ്പം?”
“ഇന്നലെ.”
“ഇന്നലെയോ? പോടാ നുണപറയാതെ. അവളു വന്നാ ഇവിടെ വരാതിരിക്കില്ല. നിന്നോടാരാ ഇതു പറഞ്ഞത്?”
“നന്ദിനിയെ വഴിക്കുവച്ച് ഞാന്‍ കണ്ടു. അവളാ പറഞ്ഞത്.”
ശശികലയുടെ ഇളയ അനിയത്തിയാണ് നന്ദിനി.
“അവളു വെറുതെ പറഞ്ഞതാകും; നിന്നെ പറ്റിക്കാന്‍.”
“അല്ല ചേച്ചീ. ശശികല ചേച്ചി കൊണ്ടുവന്ന പുതിയ വാച്ചും കെട്ടിക്കൊണ്ടാ അവളിന്നു സ്കൂളില്‍ വന്നത് .”
“നേരാണോടാ?”
“നേര്.”
“നീ പോയി ഡ്രസുമാറീട്ടു വാ. ഞാന്‍ ചായ എടുക്കാം.”
ഷര്‍ട്ടും സൂചിയും കസേരയില്‍ വച്ചിട്ട് സുമിത്ര അടുക്കളയിലേക്ക് പോയി.
അജിത്മോന് ചായ കൊടുത്തിട്ട് ‘ഞാനിപ്പ വരാം’ എന്നുപറഞ്ഞ് അവള്‍ ശശികലയുടെ വീട്ടിലേക്ക് പാഞ്ഞു.
ശശികല മുറ്റത്തുണ്ടായിരുന്നു. അച്ഛന്‍റെ ഷര്‍ട്ടും മുണ്ടും കഴുകിയിടുകയായിരുന്നു അവള്‍.
സുമിത്രയെ കണ്ടതും ശശികല വല്ലാതായി.
“നല്ല ആളാ. ഇന്നലെ വന്നിട്ട് നീ എന്‍റെ വീട്ടിലൊന്നു വന്നില്ല.”
സുമിത്ര പരിഭവം പറഞ്ഞു.
“സമയം കിട്ടിയില്ല.”
“ഓ… അവിടെ വരാന്‍ എന്തോരം സമയം വേണം? അതൊന്നുമല്ല…, ജോലി കിട്ടീപ്പം നീ എന്നെയങ്ങു മറന്നു.”
“ഹേയ്… അങ്ങനെ മറക്കാന്‍ പറ്റ്വോ?”
ശശികല ഒരു വിളറിയ ചിരി ചിരിച്ചു.
“സുഖാണോ ജോലിയൊക്കെ.”
“ഉം…”
“ജയേട്ടനെ കണ്ടിരുന്നോ അടുത്തദിവസമെങ്ങാനും?”
“ഇല്ല.”
അവള്‍ ഒരു കള്ളം പറഞ്ഞു.
തീക്കനലിന്‍റെ മീതെ നില്‍ക്കുന്ന അവസ്ഥയായിരുന്നു അവള്‍ക്കപ്പോള്‍.
“കുറച്ചു ദിവസം മുമ്പ് ഇവിടെ വന്നിരുന്നു. കല്യാണത്തിന് ഇനി പത്തുദിവസം കൂടിയല്ലേയുള്ളൂ. ഒരുക്കങ്ങളൊക്കെ എന്തോരമായീന്നറിയാന്‍ വന്നതാ.”
ശശികലയുടെ നെഞ്ചു വിങ്ങി നീറുകയായിരുന്നു അപ്പോള്‍.
പാവം പെണ്ണ്!
ഇപ്പോഴും വിശ്വസിച്ചിരിക്കുകയാണ് ജയദേവന്‍ ഇവളെ വിവാഹം കഴിക്കുമെന്ന്?
അവളുടെ സ്ഥാനത്തു താനാണ് വധുവെന്നറിയുമ്പോള്‍ ഹൃദയംപൊട്ടി മരിക്കില്ലേ ഇവള്‍?
ശശികലയുടെ മിഴികളില്‍നിന്ന് ഒരുതുള്ളി കണ്ണീര്‍ അറിയാതെ അടര്‍ന്നു താഴെവീണു.
“നീ കരയാണോ?”
സുമിത്ര ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“ഹേയ്…”
അവള്‍ ബദ്ധപ്പെട്ടു മുഖത്തു ചിരി വരുത്തി.
“എന്നാപറ്റി നിനക്ക്? ആകെ മൂഡോഫാണല്ലോ?”
“ഒന്നുമില്ല.”
“നിന്റെ കല്യാണം നടക്കാത്തതുകൊണ്ടുള്ള വിഷമമാണോ?”
“ഹേയ്…”
“പിന്നെന്തുപറ്റി ?”
“എന്തോ…, മനസിന് ഒരു സുഖമില്ല.”
“എനിക്കറിയാം കാരണം. എന്നെ നഷ്ടപ്പെടുമോന്നുള്ള വിഷമമല്ലേ ? കല്യാണം കഴിയുമ്പം ഞാന്‍ നിന്‍റെ കോളജിന് അടുത്തേയ്ക്കല്ലേ മോളെ വരുന്നത്? പിന്നെ നമുക്കെന്നും കാണാല്ലോ. ”
“ഉം…”
“കോളജീന്ന് ആരെയെങ്കിലും കണ്ടുപിടിക്കാന്‍ മേലായിരുന്നോ നിനക്കും ഒരാളെ ? കല്യാണം കഴിക്കാത്ത ചെറുപ്പക്കാരൊന്നുമില്ലേ അവിടെ?”
ചിരിച്ചുകൊണ്ട് സുമിത്ര ചോദിച്ചു.
“ഞാനതൊന്നും അന്വേഷിച്ചില്ല.”
“ഇനി അന്വേഷിക്കണം. അല്ലെങ്കില്‍ വേണ്ട, ഞാനങ്ങോട്ടു വര്വല്ലേ. ഞങ്ങളു രണ്ടുപേരും കൂടി അന്വേഷിച്ച് ഒരാളെ കണ്ടുപിടിച്ചുതരാം. എനിക്കുപേക്ഷിക്കാന്‍ പറ്റില്ലല്ലോ നിന്നെ.”
ശശികല വെന്തുരുകുകയായിരുന്നു.
“ഞാന്‍ തന്നെ ഇങ്ങനെ പറഞ്ഞോണ്ടിരുന്നിട്ട് എനിക്ക് ബോറടിക്കുന്നു. എന്തെങ്കിലുമൊക്കെ നീയും പറ ശശീ….”
“ഒന്നും പറയാനുള്ള മൂഡില്ല.”
“എന്നാ മൂഡുണ്ടാവുമ്പം നീ വീട്ടിലേക്കു വാ. എന്നാ തിരിച്ചുപോണേ?”
“നാളെ രാവിലെ.”
“അപ്പം എന്‍റടുത്തു വരാതെ പോകാനായിരുന്നു പ്ലാന്‍, അല്ലെ ?”
“ഞാന്‍ വരാന്‍ തുടങ്ങ്വായിരുന്നു, ഈ ഷര്‍ട്ടൊന്നു കഴുകിയിട്ടിട്ട്.”
“പഴയ സ്നേഹമൊന്നും നിനക്ക് ഇപ്പം എന്നോടില്ല.”
“ഹേയ്. സുമിക്കു തോന്നുന്നതാ.”
“പിന്നെ… അടുത്ത ബുധനാഴ്ച എന്‍റെ കല്യാണ ഡ്രസ് എടുക്ക്വാ. നിര്‍ബന്ധമായും നീയും വരണം. സ്ഥലവും സമയവുമൊക്കെ ഞാന്‍ ഫോണില്‍ വിളിച്ചറിയിച്ചേക്കാം.”
“ഉം…”
അവള്‍ തലകുലുക്കി.
“എന്നാ വരട്ടെ… വീട്ടില്‍ അജിത്മോന്‍ തനിച്ചേയുള്ളൂ.”
ശശികലയോട് യാത്രപറഞ്ഞിട്ട് അവള്‍ വീട്ടിലേക്ക് മടങ്ങി.
സുമിത്ര പോയിക്കഴിഞ്ഞപ്പോല്‍ മുഖം പൊത്തി ശശികല പൊട്ടിക്കരഞ്ഞു.
പൊറുക്കാനാവാത്ത തെറ്റല്ലേ താന്‍ ചെയ്യുന്നത്?
ഈശ്വരന്‍ ക്ഷമിക്കുമോ ഈ മഹാപാപം?
പ്രതീക്ഷകളും മോഹങ്ങളും നല്‍കി ആശിപ്പിച്ചിട്ട്?
മനസില്‍ മധുരസ്വപ്നങ്ങള്‍ നെയ്ത് ദിവസങ്ങളെണ്ണി കഴിയുകയാണവള്‍.
ആ ഹൃദയത്തിലേക്ക് എന്തിനാണ് താന്‍ തീ കോരിയിടുന്നത്?
എല്ലാം തുറന്നുപറഞ്ഞില്ലെങ്കില്‍ മനസിന്റെ സമനില തെറ്റി ഭ്രാന്തുപിടിക്കും തനിക്ക്.
ഇനി ആശിപ്പിക്കേണ്ട അവളെ.
ഇപ്പോള്‍ തന്നെ സത്യം തുറന്നുപറഞ്ഞേക്കാം.
പെട്ടെന്നൊരു ഷോക്കുണ്ടാകുമായിരിക്കും. അതു സാരമില്ല. വൈകി അറിയുന്നതിനേക്കാള്‍ നല്ലത് ഇപ്പോള്‍ അറിയുന്നതാണ്.
അകത്തുകയറി വേഷം മാറിയിട്ട് ശശികല വേഗം സുമിത്രയുടെ വീട്ടിലേക്ക് നടന്നു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































