Home Agri ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ? ആശങ്കയോടെ ലോകം!

ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ? ആശങ്കയോടെ ലോകം!

5238
0
ലോകാവസാനനിലവറ

ഒരു വശത്ത് കൊറോണ മനുഷ്യരെ വിഴുങ്ങാൻ വായ്‌പൊളിച്ചു നിൽക്കുമ്പോൾ മറുവശത്ത് ആഗോള താപനം മൂലമുള്ള കാലാവസ്ഥ വ്യതിയാനം മനുഷ്യകുലത്തിന് ഭീഷണിയാകുന്നു. കടുത്ത ചൂടിനെ തുടന്നുണ്ടാകുന്ന മഞ്ഞുരുകൽ മൂലം ആഗോള വിത്ത് സംരക്ഷണ കേന്ദ്രമായ ലോകാവസാന നിലവറയുടെ നിലനിൽപ്പ് ഇപ്പോൾ ആശങ്കയിലാക്കുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.

ലോകാവസാന നിലവറ സ്ഥിതിചെയ്യുന്ന നോർവേയിലെ സ്വാൽബേർഡ് പ്രവിശ്യയിൽ ജൂലൈ അവസാന ആഴ്ചയിൽ ചൂട് 21.7 മുതൽ 23 ഡിഗ്രി വരെ രേഖപ്പെടുത്തി. മുൻപ് ആ മേഖലയിൽ ജൂലൈ അവസാനം 8 മുതൽ 10 ഡിഗ്രി വരെ മാത്രം ആയിരുന്നു ചൂട്.

ലോകാവസാനനിലവറ : പ്രളയത്തിനുശേഷം ഭൂമിയിൽ പുതുജീവൻ സൃഷ്ടിക്കാൻ മനുഷ്യൻ ഒരുക്കിവച്ചിരിക്കുന്ന ഒരു വിത്തുകേന്ദ്രം

എന്താണ് ലോകാവസാന നിലവറ ?

ഒരു മഹാപ്രളയത്തിൽ ലോകം മുഴുവൻ മുങ്ങി, അതു വരെ ഭൂമിയിൽ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളും നശിച്ചു പോകുന്ന അവസ്ഥയിൽ എത്തിയാൽ, ലോകത്തിലുള്ള എല്ലാ വിത്തിനങ്ങളും സൂക്ഷിച്ചു വച്ച് പ്രളയത്തെ നേരിടാൻ മനുഷ്യർ ഒരുക്കിയ സംവിധാനമാണ് ലോകാവസാന നിലവറ. പ്രളയത്തിനുശേഷം ഭൂമിയിൽ പുതുജീവൻ സൃഷ്ടിക്കാൻ മനുഷ്യൻ ഒരുക്കിവച്ചിരിക്കുന്ന ഒരു വിത്തുകേന്ദ്രം .

നോഹയുടെ പേടകം ഒരു വിത്ത് നിലവറയായി മാറിയത് ബൈബിളിൽ വായിച്ചിട്ടുണ്ട്. പ്രളയം മുന്നിൽകണ്ട് ലോകത്തെ ജീവികളുടെ വിത്തുകൾ, അല്ലെങ്കിൽ സാമ്പിളുകൾ പ്രത്യേകം തയാറാക്കിയ പെട്ടകത്തിൽ കയറ്റി. ലോകത്തെ മൊത്തം നശിപ്പിച്ച പ്രളയം വന്നിട്ടും എല്ലാം വീണ്ടെടുക്കാൻ നോഹയ്ക്ക് സാധിച്ചെന്നാണ് വിശ്വാസം. അതിനു സമാനമാണ് ‘ലോകാവസാന നിലവറ’ (Doomsday vault) എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഗ്ലോബല്‍ സീഡ്‌ വാൾട്ട് ‘ (Global Seed Vault) നു രൂപം കൊടുത്തിട്ടുള്ളത്

ഉത്തര ധ്രുവത്തിലെ സ്വാൽബേർഡ് പ്രവിശ്യയിലെ ലോങ്ഇയർബിനിലെ മലമടക്കുകളിലാണ് വിത്തുകളുടെ ഈ രഹസ്യ കലവറ.

നോർവേയുടെ വടക്കു ഭാഗത്തായി ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വടക്കു ഭാഗത്തു മനുഷ്യവാസമുള്ള, മഞ്ഞുകൊണ്ട് മൂടിയ ദ്വീപ്. നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ നിന്നും മൂന്ന് മണിക്കൂർ പറന്നാൽ , ഉത്തര ധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന ലോങ്ങ്ഇയർ ബിൻ വിമാനത്താവളത്തിൽ എത്താം. വർഷത്തിൽ രണ്ടോ മൂന്നോ മാസം മാത്രം വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന ഒരു വിമാനത്താവളം. ബാക്കിയുള്ള സമയം മുഴുവൻ കനത്ത മഞ്ഞു മൂടി കിടക്കുന്ന സ്ഥലം. മൈനസ് 20 ഡിഗ്രിയിൽ ഊഷ്മാവ് ഉള്ള സ്ഥലം. സൂര്യൻ അസ്തമിക്കാത്ത അല്ലെങ്കിൽ പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഭൂപ്രദേശം.

ആ സ്ഥലമാണ് ജൂലൈ അവസാനം ശരാശരി 21 ഡിഗ്രി താപനില എത്തി നിൽക്കുന്നത് എന്നോർക്കുക . 1986 ലെ മാർച്ചിൽ −46.3 °C രേഖപ്പെടുത്തിയ അവസ്ഥയിൽ നിന്നും കഴിഞ്ഞ ജൂലൈ മാസം 23.0 °C വരെ താപനില ഉയർന്നു എന്നത് ഞെട്ടിക്കുന്നതാണ് . അവിടെയാണ് ലോകാവസാന നിലവറ സജ്ജീകരിച്ചിരിക്കുന്നത് .

വിമാനത്തിൽ മുകളിൽ നിന്ന് നോക്കുമ്പോൾ കാണാം ഒരു വലിയ മലയെ കീറിമുറിച്ച് മതിലു പോലെ തോന്നിക്കുന്ന ഒരു വലിയ കെട്ടിടം . ചുറ്റും മഞ്ഞുമൂടി കിടക്കുന്നു. ഗ്ലോബൽ സീഡ് വോൾട്ട് സ്വാൽ ബേർഡ് എന്നെഴുതിയ ഒരു വലിയ ബോർഡ്‌ അവിടെ കാണാം . അവിടെയാണ് നോഹയുടെ പെട്ടകം പോലെ വിത്തുകളുടെ കലവറ.

ലോകത്തെ ഭൂരിഭാഗം വിത്തിനങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

നോർവേ സർക്കാരിന്റെ സാമ്പത്തിക സഹായത്താൽ ഗ്ലോബല്‍ ക്രോപ്പ്‌ ഡൈവേഴ്‌സിറ്റി ട്രസ്റ്റാണ് (GCDT) ഇത്തരമൊരു നിലവറ ഉണ്ടാക്കിയത് . ഭൂമിയിലെ വിത്തുകളെല്ലാം വർഷങ്ങളോളം കേടുവരാതെ സൂക്ഷിക്കുകയാണ് ‘ലോകാവസാന നിലവറ’യുടെ പ്രധാന ലക്ഷ്യം. ലോകത്തെ ഭൂരിഭാഗം വിത്തിനങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

2008 ലാണ് വിത്തുബാങ്ക് തുടങ്ങിയത് . സ്‌പിറ്റ്‌സ് ‌ബെർജൻ ദ്വീപിലെ കുന്നിനുള്ളിൽ ഏകദേശം 120 മീറ്റര്‍ അകത്തായാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . പ്രളയം, ഭൂകമ്പം, ഉൽക്ക പതനം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തത്തെയും യുദ്ധം , ബോംബ് സ്‌ഫോടനങ്ങൾ തുടങ്ങിയവയെയും പ്രതിരോധിക്കാൻ പറ്റുന്ന രീതിയിലാണ് രൂപകൽപ്പന . ലോകത്തെ ഏറ്റവും നൂതനമായ സുരക്ഷാസംവിധാനങ്ങളാണ് വിത്തുബാങ്കിൽ ഒരുക്കിയിട്ടുള്ളത്. മൂന്നു പാളികളുള്ള ഊർപ്പം തട്ടാത്ത പ്രത്യേക കവറുകളിലാണ് വിത്തുകൾ സൂക്ഷിച്ചിക്കുന്നത്. ഒരു സാംപിളിൽ ഒരിനത്തിന്റെ അഞ്ഞൂറു വിത്തുകൾ വീതമാണ് സൂക്ഷിച്ചിരിക്കുന്നത്. 45 ലക്ഷം വിത്തുകൾ സൂക്ഷിക്കാൻ വിത്തുബാങ്കിന് ശേഷിയുണ്ട്.

മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചാണ് വിത്തുകൾ സൂക്ഷിച്ചിരിക്കുന്നത്. സമീപപ്രദേശത്തു നിന്നുള്ള കൽക്കരി ഉപയോഗിച്ച് വിത്തു ബാങ്കിന്റെ താപനില സംരക്ഷണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നു .

ഭൂമി തകർന്നാലും ഭാവി ജനതയ്ക്ക് വീണ്ടും കൃഷിതുടരാനുള്ള ലക്ഷ്യമാണ് ഇതിന്റെ ഉദ്ദേശ്യം. 71 രാജ്യങ്ങളിലെ ജീൻ ബാങ്കുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വിത്ത് ബാങ്ക് ഇതിനോടകം 83,393 വിളകളെ സംരക്ഷിച്ചിട്ടുണ്ട്. അതായത് ഗ്ലോബൽ സീഡ് ബാങ്കിൽ ഇടം ലഭിച്ചില്ലായിരുന്നെങ്കിൽ ഈ വിളകൾ അന്യം നിന്നു പോയേനെ എണ്ണുചുരുക്കം . 2017വരെ വിത്തുബാങ്കിൽ 9.30 ലക്ഷം വിത്തിനങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ഏകദേശം 13,000 വർഷങ്ങളിലെ കാർഷികചരിത്രമാണ് ഈ വിത്തുകളിലുള്ളത്.

നോഹയുടെ പെട്ടകം പോലെ വിത്തുകളുടെ കലവറ

ലോകത്തിലെ മിക്ക രാഷ്ട്രങ്ങൾക്കും അവരവരുടേതായ രഹസ്യ വിത്തു നിലവറകൾ ഉണ്ട്. ഇവരുടെയെല്ലാം സഹായത്തോടെയാണ് ലോകനിലവറയിൽ ഇത്രയും വിത്തുകൾ ശേഖരിച്ചുവച്ചത്. നമ്മുടെ രാജ്യവും ഇതിൽ പങ്കാളിയാണ്. രാജ്യത്തെ വിത്തു സൂക്ഷിക്കുന്ന ഇന്റർ നാഷണൽ ക്രോപ്സ്‌ റിസേര്ച്ച് ഇന്സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ദി സെമി – ആരിഡ്‌ ട്രോപിക്‌സി (ICRISAT) പദ്ധതിയുടെ ഭാഗമായി‌ ഒരു ലക്ഷത്തോളം വിത്തുകളാണ് ഇന്ത്യയിൽ നിന്നു നൽകിയത്.

ഈ നിലവറയിൽ ആരും ജോലി ചെയ്യുന്നില്ല. മോഷന്‍ ഡിറ്റെക്ടറുകളുടെയും കാമറകളുടെയും സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. നാലു വാതിലുകളാണ് ഉള്ളത്. ഓട്ടോമാറ്റിക് ലോക്കിങ് സംവിധാനമുള്ള താക്കോലുകൾ കൊണ്ടാണ് വാതിലുകൾ പൂട്ടിയിരിക്കുന്നത്.

പത്തു മാസത്തോളം ഇവിടെ ശരാശരി മൈനസ് 18 ഡിഗ്രി സെൽഷ്യസ് തണുപ്പാണ്. നിലവറയിൽ താപനില സംരക്ഷണ സംവിധാനങ്ങൾ ഇല്ലാതായാലും 1000 വർഷത്തോളം വിത്തുകൾ കേടുവരാതെ സൂക്ഷിക്കാനാകും. എന്നാൽ 2017 ൽ ഉത്തരധ്രുവത്തിൽ ആദ്യമായി താപനില ഉയർന്നതിനെ തുടർന്ന് മഞ്ഞുരുകി ഗ്ലോബൽ സീഡ് വോൾട്ടിനുള്ളിൽ വെള്ളം കയറി വലിയ നഷ്ടങ്ങൾ ഉണ്ടായി.

‘ലോകാവസാന നിലവറ’ നിർമിച്ചതിനു ശേഷം ആദ്യമായി തുറന്നത് 2015 ൽ ആണ്. 2012 ൽ സിറിയയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് മറ്റൊരു വിത്ത് നിലവറ കേന്ദ്രമായ ഐസിഎആർഡിഎ ( International Center for Agricultural Research in Dry Areas) അലെപ്പോയിൽ നിന്ന് ബെയ്‌റൂട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ വിലപ്പെട്ട പലവിത്തിനങ്ങളും അവർക്ക് നഷ്ടമായി. നഷ്ടപ്പെട്ട വിത്തുകൾക്കായി ലോകാവസാനനിലവറയുടെ സഹായം തേടി അവർ . ലോകാവസാന നിലവറയിലേക്ക് 325 വിത്തുകളുടെ പെട്ടികളാണ് ഐസിഎആർഡിഎ നൽകിയിരുന്നത്. ഇതിൽ നിന്ന് 130 പെട്ടി കളാണ് അവരുടെ ആവശ്യപ്രകാരം തിരിച്ചു കൊണ്ട് പോയത്.

ഉത്തര ധ്രുവത്തിലെ സ്വാൽബേർഡ് പ്രവിശ്യയിൽ ഓരോ വർഷവും കൂടി കൊണ്ടിരിക്കുന്ന ചൂടിൽ ഈ നിലവറ സുരക്ഷിതമാണോ എന്ന കാര്യം ഇതിന്റെ നിയന്ത്രിതാക്കളെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നുണ്ട് .

Read Also മലകളെ വിഴുങ്ങുന്ന ഭൂതങ്ങൾ; മരിച്ചുകൊണ്ടിരിക്കുന്ന മലനാട്

Read Also ജാതികൃഷിയിൽ അത്ഭുതം സൃഷ്ടിച്ച പുന്നത്താനത്ത് വർക്കി

Read Also മലകളെ വിഴുങ്ങുന്ന ഭൂതങ്ങൾ; മരിച്ചുകൊണ്ടിരിക്കുന്ന മലനാട്

Read Also ഇലഞ്ഞിപ്പൂമണമൊഴുകി വരും

Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here