ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ്ങ് ജോഡി ആണ് സച്ചിനും ഗാംഗുലിയും. ഒരു ക്രിക്കറ്റ് പ്രേമിക്കു ഒരിക്കലും മറക്കാൻ കഴിയാത്ത ഒട്ടനവധി മുഹൂർത്തങ്ങൾ ഈ ജോഡി നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. കളിക്കളത്തിനു അകത്തും പുറത്തും ഇവർ നല്ല സുഹൃത്തുക്കൾ കൂടി ആണ്. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ വിക്രാന്ത് ഗുപ്ത നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പൊ ക്രിക്കറ്റ് ലോകത്തു ചർച്ച വിഷയം. ക്യാപ്റ്റനായിരിക്കെ സച്ചിന്‍ ഗാംഗുലിയോട് വളരെ ക്ഷുഭിതനാവുകയും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായാണ് വിക്രാന്ത് ഗുപ്തയുടെ വെളിപ്പെടുത്തിയിരിക്കുന്നത്.
1997 മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്. ബാര്‍ബഡോസില്‍ നടന്ന ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു. സച്ചിന്‍ നയിച്ച ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 120 റണ്‍സായിരുന്നു. എന്നാല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 81 റണ്‍സിന് പുറത്തായി.
ആ തോല്‍വി ക്യാപ്റ്റന്‍ സച്ചിനെ ശരിക്കും ക്ഷുഭിതനാക്കുകയും ഏറെ നിരാശനാക്കുകയും ചെയ്തിരുന്നു. ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിരാശനായ സച്ചിനെ ഗാംഗുലി ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അടുത്ത ദിവസം രാവിലെ തനിക്കൊപ്പം ഓടാന്‍ വരാന്‍ സച്ചിന്‍ ഗാംഗുലിയോട് ആവശ്യപ്പെട്ടു. പക്ഷെ പിറ്റേന്നാണെങ്കില്‍ സൗരവിന്റെ പൊടി പോലുമുണ്ടായിരുന്നില്ല. ഇത് സച്ചിനെ പ്രകോപിതനാക്കുകയായിരുന്നുവെന്നും ഇതോടെയാണ് സച്ചിന്‍ ദാദയെ ഭീഷണിപ്പെടുത്തിയതെന്നും വിക്രാന്ത് ഗുപ്ത പറയുന്നു.