സുമിത്ര വീട്ടിലെത്തി പത്തു മിനിറ്റു കഴിഞ്ഞതേ ശശികലയും അവിടെയെത്തി.
ആകാംക്ഷയോടെ സുമിത്ര അവളെ നോക്കി.
”നീയെന്തേ ഇപ്പം ഇങ്ങോട്ട് ? ഞാനവിടുന്നല്ലേ വന്നേ ? ”
ആചോദ്യത്തിനു മറുപടി പറയാൻ നാവ് പൊന്തിയില്ല അവൾക്ക്.
ശശികലയുടെ മുഖഭാവം കണ്ടപ്പോള്‍ തോന്നി എന്തോ പ്രശ്നമുണ്ടെന്ന് .
ആകെ അവശയായൊരു ഭാവം! കണ്ണുകള്‍ കലങ്ങിയും മുഖം ചുവന്നുമിരിക്കുന്നു.
മനസിലെ സംഘര്‍ഷം മുഖത്തു പ്രകടമായിരുന്നു.
“നിനക്കെന്താ ഒരു വിഷമം പോലെ?”
അടുത്തുചെന്ന് അവളെ ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചു.
സുമിത്രയുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തിട്ട് അവള്‍ പൊട്ടിക്കരഞ്ഞു.
“എന്നോട് ക്ഷമിക്കണം നീ.”
“അതിനിപ്പം എന്താ ഉണ്ടായേ?”
സുമിത്രയുടെ നെഞ്ചിടിപ്പു കൂടി.
“എനിക്കതു പറയാനുള്ള ശക്തിയില്ല.”
പിടി വിട്ടിട്ടു ശശികല തളര്‍ന്നു വരാന്തയിലെ കസേരയില്‍ ഇരുന്നു.
പ്രശ്നം ഗൗരവമുള്ളതാണെന്നു സുമിത്രയ്ക്കു തോന്നി.
കസേര വലിച്ചിട്ട് സുമിത്രയും അവളുടെ അരികിലിരുന്നു.
“പറ. എന്താ പ്രശ്നം?”
“എന്നെ ശപിക്കില്ലെന്നു വാക്കു തര്വോ?”
സുമിത്രയുടെ തോളില്‍ കൈവച്ചുകൊണ്ട് ശശികല ചോദിച്ചു.
“നീ കാര്യം പറ.”
സുമിത്രയ്ക്ക് ഉത്കണ്ഠ വര്‍ധിച്ചു.
“എന്‍റെ കല്യാണം നിശ്ചയിച്ചു.”
സുമിത്ര ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചു. എന്നിട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇതു പറയാനാണോ നീ ഇത്രേം വിഷമിച്ചത്? നിന്‍റെ കല്യാണം നിശ്ചയിച്ചൂന്നു കേട്ടാല്‍ എനിക്ക് സങ്കടം വരൂന്നു കരുതിയോ ? ഓ ആലോചനയും പെണ്ണുകാണലുമൊന്നും എന്നോട് പറയാതിരുന്നതിലുള്ള വിഷമമായിരിക്കും അല്ലേ ? അത് സാരമില്ല . ഞാനതൊന്നും കാര്യായിട്ടെടുക്കില്ല . ആട്ടെ എവിടെയാ കക്ഷി?
എന്താ ജോലി ? എന്നാ കല്യാണം?” – ഒറ്റശ്വാസത്തില്‍ ഒരുപാട് ചോദ്യങ്ങള്‍.
ശശികല പ്രതിമപോലെ ഇരുന്നതേയുള്ളു.
“എന്തായാലും എന്‍റെ കല്യാണം കഴിഞ്ഞിട്ടാവുമല്ലോ നിന്‍റെ കല്യാണം. ഞങ്ങളു രണ്ടുപേരും കൂടി വന്ന് അടിച്ചുപൊളിച്ചേക്കാം കേട്ടോ. എവിടാ കക്ഷീടെ വീട്?”
“നീ വിചാരിക്കുന്നപോലെയല്ല.”
ചുണ്ടുകടിച്ച് സങ്കടമൊതുക്കാന്‍ അവള്‍ പാടുപെട്ടു.
“പിന്നെ?”
“ജയദേവനാണെന്നെ കല്യാണം കഴിക്കുന്നത്.”
ഹൃദയത്തിലേക്ക് ഒരു വലിയ തീക്കനൽ വന്നു വീണപോലെ സുമിത്ര ഒന്നു പിടഞ്ഞു. .
“സത്യാണോ നീ പറഞ്ഞത്?”
അവളുടെ കരം പിടിച്ചുകൊണ്ട് സുമിത്ര വികാരവിവശയായി ചോദിച്ചു.
“അതെ. നീ എന്നോട് പൊറുക്കണം…”
അടുത്ത നിമിഷം ശശികലയുടെ കൈവിട്ടിട്ട് സുമിത്ര എണീറ്റ് മിന്നല്‍പോലെ അകത്തേക്ക് പാഞ്ഞു.
വെട്ടുകത്തി എടുക്കാന്‍ പോയതാവുമെന്നാണ് ശശികല വിചാരിച്ചത്.
അവള്‍ ഭയന്ന് എണീറ്റ് വീട്ടിലേക്കോടി.
അകത്തു കയറി സുമിത്ര മൊബൈൽ ഫോൺ എടുത്തിട്ട് ജയദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.
ജയനെ ലൈനില്‍ കിട്ടി.
”ജയേട്ടാ… ഞാനാ, സുമിത്ര.”
“എന്താ?”
“എനിക്കൊരു കാര്യം അറിയണം .”
“എന്താ?”
“ശശികല ഇവിടെ വന്നു പറഞ്ഞു, ജയേട്ടനും ശശികലയും തമ്മിലുള്ള കല്യാണം നിശ്ചയിച്ചൂന്ന്. നേരാണോ ജയേട്ടാ?”
“നിനക്കന്തു തോന്നുന്നു?”
“ഞാന്‍ വിശ്വസിച്ചിട്ടില്ല.”
“വിശ്വസിക്കരുത്. വിശ്വസിപ്പിക്കാതിരിക്കാന്‍ പറ്റിയതാണല്ലോ എന്‍റെ വിജയം.”
“ജയേട്ടന്‍ എന്താ ഈ പയുന്നത്?”
“നീ വിചാരിച്ചോടി ഹരിതയുമായുള്ള വിവാഹാലോചന മുടക്കിയാല്‍ ഞാന്‍ ക്ഷമ ചോദിച്ചു നിന്റെ മുമ്പില്‍ വന്ന് കുമ്പിട്ട് നിന്നെ കല്യാണം കഴിക്കുമെന്ന് ? അതിനു ജയദേന്‍ വേറെ ജനിക്കണം. നിന്‍റെ കണ്ണീരു കണ്ട് എനിക്കു പൊട്ടിച്ചിരിക്കണമെടീ പിശാചേ . എങ്കിലേ എന്‍റെ ഹൃദയത്തിലെ തീ അണയൂ. നിന്‍റെ കൂട്ടുകാരിയെ കല്യാണം കഴിച്ച് നിന്‍റെ മുമ്പിലൂടെ എനിക്കൊന്ന് ഞെളിഞ്ഞു നടക്കണം. അപ്പം നീ അനുഭവിക്കുന്ന വേദന കണ്ട് എനിക്ക് ഉറക്കെ ഉറക്കെ ചിരിക്കണം. നീ ക്ഷണക്കത്തയച്ചവരോടൊക്കെ വിളിച്ചു പറഞ്ഞേരെ ഞങ്ങളു തമ്മിലുള്ള കല്യാണം വന്നു കൂടീട്ടു പൊയ്ക്കൊള്ളാന്‍.”
“ജയേട്ടാ..”
“ബ്ഭ ചെറ്റേ… ഫോണ്‍ വച്ചിട്ടു പോടീ നായീന്‍റെ മോളേ..”
അതു കേട്ടതും സുമിത്രയുടെ കയ്യില്‍ നിന്ന് അറിയാതെ ഫോൺ താഴെ വീണു പോയി .
തല കറങ്ങുന്നു എന്നു തോന്നിയപ്പോള്‍ അവള്‍ കട്ടിലില്‍ വന്നു കിടന്നു
ആശുപത്രി മുറിയിലെ കട്ടിലില്‍ വശം ചെരിഞ്ഞുകിടക്കുമ്പോള്‍ സുമിത്രയുടെ കണ്ണുകള്‍ പൊട്ടി ഒഴുകുകയായിരുന്നു.
ജയദേവനും ശശികലയും തമ്മിലുള്ള വിവാഹം ഇന്നാണ് !
അവള്‍ വാച്ചില്‍ നോക്കി.
മണി പന്ത്രണ്ട് . ഇപ്പോള്‍ താലികെട്ട് കഴിഞ്ഞിട്ടുണ്ടാവും. സദ്യയുണ്ണാൻ തിക്കും തിരക്കും കൂട്ടുകയാവും ആളുകള്‍.
എന്തൊരു ഭാഗ്യദോഷിയാണ് താന്‍!
സ്വപ്നത്തില്‍പോലും വിചാരിച്ചില്ല ജയദേവന്‍ ശശികലയെ കല്യാണം കഴിക്കുമെന്ന്.
തനിക്കിനി ആരുണ്ട് സഹായത്തിന്? എന്റെ കുഞ്ഞനുജൻ മാത്രം .
ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം. ആ സ്വപ്നങ്ങളൊക്കെ മനസിന്‍റെ കോണില്‍ കുഴിച്ചുമൂടാം.
അതൊന്നും തനിക്കു വിധിച്ചിട്ടില്ലെന്ന് സമാധാനിക്കാം .
കണ്ണടച്ച് കിടന്നപ്പോൾ ചിന്തകൾ പിന്നെയും ജയദേവന്റെ കല്യാണ മണ്ഡപത്തിലേക്ക് നീണ്ടു. ശശികലയോടെ ഒട്ടി നിന്ന് തമാശകൾ പറഞ്ഞു ചിരിക്കുന്ന ജയനെ അവൾ മനസിൽ കണ്ടു.
“സുമിത്രേ…”
പരിചിതമായ ശബ്ദം കേട്ട് സുമിത്ര കണ്ണുതുറന്നു നോക്കി.
സതീഷ്!!
അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടതും അവള്‍ കട്ടിലില്‍ എണീറ്റിരുന്നു. അവളുടെ മുഖത്ത് വിഷാദം പുരണ്ട ഒരു മന്ദഹാസമായിരുന്നു അപ്പോള്‍.
കസേര വലിച്ചിട്ട്, സതീഷ് അവളുടെ സമീപം ഇരുന്നു.
“എന്തുപറ്റി…?”
”പനി. നാലഞ്ചുദിവസമായി തുടങ്ങീട്ട്. ഇന്നലെ അഡ്മിറ്റായി. ബ്ലഡും യൂറിനുമൊക്കെ ഒന്നു നോക്കണമെന്നു ഡോക്ടര്‍ പറഞ്ഞു. ”
“തനിച്ചേയുള്ളോ?”
“എല്ലാവരും എന്നെ ഉപേക്ഷിച്ചുപോയില്ലേ സതീഷേട്ടാ .” അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.
” അജിത്‌മോൻ ?”
”അവനെ കുറച്ചു ദിവസത്തേക്ക് അടുത്തൊരു വീട്ടിലാക്കി. സ്‌കൂളിൽ പോകാതിരിക്കാൻ പറ്റില്ലല്ലോ ”
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് അവള്‍ തുടര്‍ന്നു:
“സതിഷേട്ടൻ വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. വെറുതെ ഒന്ന് വിളിച്ച് അറിയിച്ചെന്നേയുള്ളൂ. വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ ഫോൺ എടുക്കാൻ പോലും സമയം ഇല്ലാത്ത ആളല്ലേ “
“സുമിത്രയേപ്പോലെ എനിക്കുമുണ്ട് ഒരുപാട് പ്രശ്നങ്ങള്‍. പുറമെ കാണുന്ന ഈ ചിരി സന്തോഷത്തിന്‍റെയല്ല.”
“ഇഷ്ടംപോലെ സ്വത്ത്. സ്നേഹിക്കാന്‍ ഒരു നല്ല ഭാര്യ. ഓമനിക്കാന്‍ ഒരു കുഞ്ഞും. പിന്നെന്തിനാ സതീഷേട്ടാ ദുഃഖം?”
“അതൊന്നും ഇപ്പ പറഞ്ഞാല്‍ ശരിയാവില്ല. സുമിത്രയുടെ മനസ് കൂടുതൽ വേദനിക്കുകയേയുള്ളു ”
സതീഷ് അവളുടെ നെറ്റിയില്‍ കൈവച്ചു നോക്കി.
“നന്നായിട്ടു പനിയുണ്ടല്ലോ?
“പനിച്ചു പനിച്ച് മരിച്ചുപോട്ടെ. ഇനി ആര്‍ക്കുവേണ്ടിയാ ജീവിക്കുന്നത്?”
“ജീവിതം അങ്ങനെയങ്ങ് എഴുതിത്തള്ളിയാലെങ്ങനാ? വയസ് പത്തിരുപത്തിനാലല്ലേ ആയുള്ളൂ? ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും ഇനിയും നീണ്ടു നിവര്‍ന്നു കിടക്ക്വല്ലേ?”
“ജയേട്ടൻ സതീഷേട്ടനെ കല്യാണത്തിന് ക്ഷണിച്ചില്ലേ ?”- സുമിത്ര ചോദിച്ചു.
“ക്ഷണിച്ചു. പോകാന്‍ തോന്നിയില്ല. ” സതീഷ് ഒരു കള്ളം പറഞ്ഞു.
താനും ജയദേവനുമായി പിണങ്ങി എന്ന സത്യം സുമിത്ര അറിയേണ്ടെന്നയാള്‍ കരുതി. എന്തിനാണ് കുറച്ചു തീകൂടി ആ മനസിലേക്ക് കോരിയിടുന്നത് .
“മഞ്ജുവേച്ചിയും പോയില്ലേ?”
”ഇല്ല ”
”അതെന്താ ?”
”ഞങ്ങൾ ആഗ്രഹിച്ച ഒരു കല്യാണം അല്ലല്ലോ അത് ”
”എന്നെ ഒരുപാട് വേദനിപ്പിച്ചു ആ മനുഷ്യൻ ”
”സുമിത്രയെ മാത്രമല്ല , ഞങ്ങളെയും വേദനിപ്പിച്ചു ”
”സതീഷേട്ടന്റെ വീട്ടിൽ വന്നിരുന്നോ ജയേട്ടൻ ?”
”വന്നിരുന്നു. എത്ര നിർബന്ധിച്ചിട്ടും അവൻ സുമിത്രയെ സ്വീകരിക്കാൻ തയ്യാറായില്ല ല്ല . ഒടുവിൽ അല്പം കശപിശ ഉണ്ടാക്കിയാ അവൻ പോയത് .”
” ഞാൻ കാരണം സതീഷേട്ടനും പ്രയാസമായി അല്ലേ ?”
”ഓ.., അത് സാരമില്ല . അതൊക്കെ ജീവിതത്തിന്റെ ഓരോ ഭാഗമല്ലേ ”
“അഭിക്കുട്ടന്‍ എന്തുപറയുന്നു?”
“സുമിത്രയെ അന്വേഷിക്കാറുണ്ടവന്‍.”
“കാണാന്‍ കൊതിയാവുന്നുണ്ട് .”
”ഭാഗ്യമുണ്ടെങ്കിൽ എന്നെങ്കിലും കാണാം ”
” മഞ്ജുവേച്ചിയെ കഴിഞ്ഞയാഴ്ച ഒരു ദിവസം ഞാൻ വിളിച്ചിരുന്നു. ചേച്ചി ഫോൺ എടുത്തില്ല ”
”അവൾക്കുമുണ്ട് കുറെ പ്രശ്നങ്ങളും സംശയങ്ങളുമൊക്കെ . ”
”ഞാൻ കാരണം എല്ലാവർക്കും ബുദ്ധിമുട്ടായി, അല്ലെ ?”
”ഓരോരുത്തരുടെ ഓരോ തെറ്റിധാരണകൾ . അതിനു വളം വച്ചുകൊടുക്കാൻ വേറെ ചിലരും ”
” ജയേട്ടൻ എന്നെപ്പറ്റി വല്ലതും മോശമായി പറഞ്ഞോ ?”
”നല്ലതൊന്നും ഇപ്പം അവൻ പറയാറില്ലല്ലോ . അവനാകെ മാറിപ്പോയി സുമിത്രേ. പഴയ ജയൻ മരിച്ചുപോയി. ഇപ്പോഴുള്ളത് പുതിയ ആളാ. വൃത്തികെട്ട ഒരു മനുഷ്യൻ . ”
”എനിക്കറിയാം സതീഷേട്ടാ. പഴയ ജയേട്ടന് ഒരിക്കലും എന്നെ ഇത്ര ക്രൂരമായി പീഡിപ്പിക്കാൻ കഴിയില്ലാ യിരുന്നു . ”
”അതൊക്കെ ഓർത്തു മനസു വിഷമിപ്പിച്ചു ഇനി പനി കൂട്ടണ്ട. സമാധാനമായിട്ടു കിടക്ക് . കുടിക്കാനോ കഴിക്കാനോ വല്ലതും വാങ്ങിക്കൊണ്ടുവരണോ ?
” ഒന്നും വേണ്ട . എല്ലാം കാന്റീനിൽ നിന്ന് കൊണ്ടുവരും. ”
കുറെനേരം കൂടി വിശേഷങ്ങള്‍ പറഞ്ഞിരുന്നു ഇരുവരും . ഒടുവില്‍ പോകാനായി സതീഷ് എണീറ്റു.
“കാശിനാവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട.”
“ഇപ്പം ഒന്നും വേണ്ട. വേണമെങ്കില്‍ ഞാന്‍ വിളിച്ചുപറഞ്ഞേക്കാം.”
” എന്നാലും തൽക്കാലം ഇതിരിക്കട്ടെ . പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നാൽ കാശിന് ഓടി നടക്കണ്ടാല്ലോ ”
സതീഷ് രണ്ടായിരത്തിന്റെ അഞ്ചു നോട്ടെടുത്തു നീട്ടി. സുമിത്ര നിരസിച്ചെങ്കിലും നിർബന്ധിച്ചു അയാൾ അത് അവളുടെ കയ്യിൽ പിടിപ്പിച്ചു
”ഈ സ്നേഹത്തിനു പ്രതിഫലമായി എനിക്കൊന്നും തരാനില്ലല്ലോ സതീഷേട്ടാ ”
”പ്രതിഫലം മോഹിച്ചല്ല ഞാനിതു തരുന്നത് . നിന്നെ എന്റെ സ്വന്തം പെങ്ങളായാ ഞാൻ കാണുന്നത് . ”
” ഇതുപോലെ ഒരാങ്ങള എനിക്കുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ”
” അടുത്ത ജന്മത്തിൽ അങ്ങനെ ജനിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ” അതുപറഞ്ഞിട്ട് സതീഷ് പുഞ്ചിരിച്ചു . സുമിത്രയും .
സതീഷ് യാത്രപറഞ്ഞപ്പോള്‍ സുമിത്ര പറഞ്ഞു:
“വല്ലപ്പഴും വരണം ട്ടോ. മഞ്ജുവേച്ചിയേയുംഅഭിക്കുട്ടനേയും ഒരുദിവസം കൊണ്ടുവരണം. എല്ലാവരേയും കാണാന്‍ ഒത്തിരി ആഗ്രഹമുണ്ട് സതീഷേട്ടാ.”
“ഉം. പിന്നെ, സുകുമാരന്‍ കൊലക്കേസ് പുനരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനു കൈമാറി സർക്കാർ ഓർഡർ ഇറക്കീന്ന് കേൾക്കുന്നു . ഈ അന്വേഷണത്തിലെങ്കിലും യഥാര്‍ഥ കൊലയാളിയെ കണ്ടുപിടിക്കാന്‍ പറ്റിയാല്‍ സുമിത്രേടെ പേരുദോഷമൊക്കെ മാറിക്കിട്ടും.”
“ഇനി എന്തു മാറിയാലെന്താ? നഷ്ടപ്പെട്ടതൊന്നും എനിക്ക് തിരിച്ചുകിട്ടില്ലല്ലോ.”
കൈയുയര്‍ത്തി അവള്‍ മിഴികള്‍ തുടച്ചു.
“കിട്ടാനുള്ളത് ഇതിനേക്കാള്‍ നല്ലതെന്തെങ്കിലുമാണെങ്കിലോ?”
“എനിക്കോ…? ഇനിയോ..? ങ്ഹും! “- സുമിത്ര ഒന്നു ചിരിച്ചു.
സതീഷ് പോയി കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
തലയണയില്‍ മുഖം ചേര്‍ത്ത് കണ്ണടച്ചു കിടന്നു.
കൺപീലികൾക്കിടയിലൂടെ ഒരു തുള്ളി കണ്ണീർ പുറത്തേക്കൊഴുകി തലയിണയിൽ വീണു .
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41