രേവതിവർമ്മയുടെ വീട്ടിൽ സതീഷിനോടൊപ്പം തമാശകൾ പറഞ്ഞു ചിരിച്ചു കളിച്ചിരിക്കുന്നു ജാസ്മിൻ . എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന നേരത്തു ഗ്ലാസ്സിലേക്കു ബിയർ പകരുന്നു സതീഷ് . ഒരു ഗ്ളാസ് എടുത്തു ജാസ്മിന് നേരെ നീട്ടൂന്നു അയാൾ . അവൾ നിരസിക്കുമ്പോൾ സ്നേഹപൂർവ്വം നിർബന്ധിച്ചു അവളെ കുടിപ്പിക്കുന്നു . ഒറ്റവലിക്ക് ഗ്ളാസ് കാലിയാക്കിയിട്ട് അവൾ ചുണ്ടു തുടക്കുന്നു .
അത്രയും ദൃശ്യങ്ങൾ കണ്ടതേ ബോധമറ്റ് താൻ വീണുപോയേക്കുമോ എന്ന് ജാസ്മിൻ ഭയന്നു . തീക്കനലിൽ നിൽക്കുന്നതുപോലെ അവളുടെ ഹൃദയം പൊള്ളി നീറി. മുഖത്ത് വിയർപ്പുകണങ്ങൾ പൊടിഞ്ഞു .
ജാസ്മിന്റെ ഭാവമാറ്റം കണ്ടതും ടോണി വീഡിയോ പോസ് ചെയ്തു .എന്നിട്ട് അവളെ സൂക്ഷിച്ചു നോക്കി . ഒരു പ്രതിമ കണക്കെ കസേരയിൽ മരവിച്ചിരിക്കുകയായിരുന്നു അവൾ .
കസേരയുടെ ഇരു കൈകളിലും കരങ്ങൾ ഊന്നി, കുനിഞ്ഞ് അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചിട്ടു ആ കണ്ണുകളിലേക്കു തുറിച്ചു നോക്കി ടോണി ചോദിച്ചു :
”സതീഷ് മേനോനെ നിനക്ക് അറിയില്ല അല്ലേ ?”
ഒന്നും മിണ്ടാനാവാതെ, നാവിറങ്ങിപോയതുപോലെ മരവിച്ചിരുന്നതേയുള്ളൂ ജാസ്മിൻ.
“ഇനി പറയെടി, ഞാൻ നിന്നെ കെട്ടണോ ?”
മറുപടി പറയാൻ അവളുടെ നാവ് പൊന്തിയില്ല . എന്തു പറഞ്ഞാലും ഇനി ടോണി വിശ്വസിക്കില്ലെന്നറിയാം . തെറ്റ് തന്റെ ഭാഗത്താണ് . രേവതിയുടെ വീട്ടിൽ വച്ച് നടന്ന പീഡനശ്രമം അന്നേ ടോണിയോട് പറയേണ്ടതായിരുന്നു. രേവതി അത് മൊബൈലിൽ പകർത്തിയത് താൻ അറിഞ്ഞതേയില്ലല്ലോ. തന്നെ ചതിച്ചല്ലോ ആ സ്ത്രീ !
”തീർന്നില്ല . ദാ ഇതുകൂടി കാണ് ”
ടോണി ലാപിന്റെ സ്പേസ് കീയിൽ വിരൽ അമർത്തി.
ജാസ്മിൻ സതീഷിനോടൊപ്പം കട്ടിലിൽ കിടക്കുന്ന ദൃശ്യങ്ങളായിരുന്നു പിന്നീട് വന്നത് . അത് കണ്ടതും അവൾ കണ്ണുകൾ പൊത്തി പൊട്ടിക്കരഞ്ഞുപോയി .
വീഡിയോ സ്റ്റോപ്പ് ചെയ്തിട്ട് ടോണി അവളുടെ നേരെ തിരിഞ്ഞു .
” ലോകത്തിലുള്ള ചെറുപ്പക്കാര് മുഴുവൻ കണ്ടു ഈ വീഡിയോ. നെറ്റിൽ കിടപ്പുണ്ട് സാധനം . മാന്തോപ്പിലെ ജാസ്മിൻ ഇപ്പം ലോക പ്രശസ്തയായി ”
വെറുതെ പറഞ്ഞതായിരുന്നു ടോണി അത് . എരിതീയിലേക്കു കുറച്ചു എണ്ണ കൂടി ഒഴിച്ച് പ്രതികാരത്തിന്റെ തീ ആളിക്കത്തിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം .
മുഖത്തുനിന്ന് കൈമാറ്റിയിട്ടു ടോണിയുടെ കണ്ണുകളിലേക്കു നോക്കി യാചനാ ഭാവത്തിൽ ജാസ്മിൻ ചോദിച്ചു :
”ഞാൻ പറയുന്നത് മുഴുവൻ ക്ഷമയോടെ ടോണി ഒന്ന് കേൾക്കുമോ ?”
” നീയൊരു പുല്ലും പറയേണ്ടെടീ. ഇനിയും എന്നെ പറഞ്ഞു പറ്റിക്കാമെന്നാണോ നിന്റെവിചാരം ? ഇറങ്ങിപ്പോടി പിശാചേ എന്റെ വീട്ടീന്ന് ”
പുറത്തേക്കു കൈ ചൂണ്ടി ടോണി അലറി .
പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ എണീറ്റ് ഒറ്റ ഓട്ടമായിരുന്നു.
ടോണി ഭയന്നുപോയി. അഭിമാനക്ഷതമോർത്ത് അവൾ വല്ല കടുംകൈയും ചെയ്‌താൽ ? വീഡിയോ നെറ്റിൽ കിടപ്പുണ്ടെന്നു പറയേണ്ടിയിരുന്നില്ല. അഭിമാനത്തിനേൽക്കുന്ന മുറിവിന്റെ വേദന ഒരു പെണ്ണിനും താങ്ങാനാവില്ലല്ലോ. ഛേ , ആ വാചകം വേണ്ടിയിരുന്നില്ല !
തീപിടിച്ച മനസുമായി ഓടുകയായിരുന്നു ജാസ്മിൻ . വീട്ടിൽ വന്നു കിടപ്പുമുറിയിൽ കയറി അവൾ വാതിൽ ബന്ധിച്ചു . പിന്നെ കിടക്കയിലേക്ക് ഒറ്റ വീഴ്ചയായിരുന്നു .
ദുഃഖം നിയന്ത്രിക്കാൻ പറ്റുന്നില്ല .എല്ലാം അറിഞ്ഞിട്ടും ഒളിച്ചു വച്ചുകൊണ്ടു ടോണി തന്നോട് പ്രണയം അഭിനയിക്കുകയായിരുന്നല്ലോ ! . രേവതി തന്നെ ചതിച്ചു. ടോണിയോടുള്ള തന്റെ പ്രണയം തകർക്കാൻ അവൾ കണ്ടെത്തിയ മാർഗം ഇത്ര ക്രൂരമായിപ്പോയല്ലോ.
നെറ്റിൽ ഈ വീഡിയോ ഉണ്ടെങ്കിൽ എല്ലാവരും അത് കാണില്ലേ ? എന്തിനാണ് രേവതി തന്നോട് ഇത്രയും ക്രൂരത കാണിച്ചത് ? താൻ എന്ത് തെറ്റുചെയ്തു അവളോട് ?
ഏറെനേരം അവൾ കിടന്നു കരഞ്ഞു .
മകൾ പതിവില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ മേരിക്കുട്ടി വന്ന് കാര്യം തിരക്കി . തലവേദനയാണെന്നു കള്ളം പറഞ്ഞു അവൾ അമ്മയിൽ നിന്ന് സത്യം മറച്ചു വച്ചു .
രാത്രി അത്താഴം കഴിക്കാൻ മേരിക്കുട്ടി വന്നു നിർബന്ധിച്ചെങ്കിലും അവൾ എണീറ്റ് ചെല്ലാൻ കൂട്ടാക്കിയില്ല .
” തലവേദന മാറിയില്ലെങ്കിൽ എണീറ്റ് പോയി ഒരു പാരസിറ്റമോൾ എടുത്തു കഴിക്ക് മോളേ . ”
” കഴിച്ചോളാം. അമ്മ പോയി അത്താഴം കഴിച്ചിട്ടു കിടന്നോ ”
”ഉച്ചക്കുശേഷം നീ ഒന്നും കഴിച്ചില്ലല്ലോ ? വിശക്കുന്നില്ലേ ?”
” ഇല്ല .അമ്മ പോയി ഭക്ഷണം കഴിച്ചിട്ട് കിടന്നോ ”
കൂടുതൽ നിർബന്ധിക്കാതെ മേരിക്കുട്ടി പോയി അത്താഴം കഴിച്ചു . പാത്രങ്ങൾ എല്ലാം കഴുകി വച്ചിട്ട് , അടുക്കളയുടെ വാതിൽ അടച്ചു കുറ്റിയിട്ടിട്ടു മേരിക്കുട്ടി വീണ്ടും മകളുടെ കിടപ്പുമുറിയിലേക്ക് വന്നു .
”കുറഞ്ഞോ മോളെ ?”
” ങ്ഹാ , ഇത്തിരി കുറവുണ്ട് . അമ്മ പോയി കിടന്നോ . നേരം ഒരുപാടായി . രാവിലെ എണീക്കേണ്ടതല്ലേ ”
അത് കേൾക്കാത്ത മട്ടിൽ മേരിക്കുട്ടി മകളുടെ സമീപം കട്ടിലിന്റെ ഓരത്ത് ഇരുന്നു. അവളുടെ മുടിയിൽ മെല്ലെ തലോടിക്കൊണ്ട് അവർ പറഞ്ഞു:
”ആ ബ്രോക്കർ പൈലി ഇന്നും വന്നായിരുന്നു . കാഞ്ഞിരപ്പള്ളിയിലെ ആലോചനയുമായിട്ട് . അവരോടൊന്ന് വന്നു കാണാൻ പറയട്ടെ മോളെ ?”
”എനിക്കിപ്പം കല്യാണം വേണ്ടെന്നു ഞാൻ എത്ര തവണ പറഞ്ഞു ? വേണ്ടപ്പം ഞാൻ അമ്മയോട് പറഞ്ഞേക്കാം ..അമ്മ പോയി കിടന്നോ ”
”ഇപ്പം വയസെത്രയായെന്ന് അറിയുമോ? ഇനിയും വൈകിയാൽ കൊള്ളാവുന്ന ചെറുക്കൻമാരെ കിട്ടാൻ ബുദ്ധിമുട്ടാകും . അലിനേടെ കാര്യം നിനക്കറിയാല്ലോ ”
”കിട്ടിയില്ലെങ്കിൽ വേണ്ടാന്ന് വയ്ക്കും . കല്യാണം കഴിക്കാതെയും മനുഷ്യർ ജീവിക്കുന്നില്ലേ ?”
അവൾക്കു ദേഷ്യം വന്നു.
”നീയൊരു പെണ്ണാണെന്ന് ഓർമ്മ വേണം . ഒറ്റയ്ക്ക് ജീവിക്കാനുള്ള ത്രാണിയുണ്ടോ നിനക്ക് ?”
”എന്തായാലും ഇപ്പം എനിക്ക് കല്യാണം ആലോചിക്കണ്ട .അമ്മ പോയി കിടന്നോ ”
”നിന്നോട് പറയുന്നതും പോത്തിന്റെ ചെവീൽ പറയുന്നതും ഒരുപോലാ ”
ദേഷ്യപ്പെട്ടിട്ട് മേരിക്കുട്ടി എണീറ്റ് തന്റെ കിടപ്പുമുറിയിലേക്ക് പോയി .
ആ രാത്രി ജാസ്മിന് ഉറക്കം വന്നതേയില്ല . ലാപ്ടോപ്പ് സ്ക്രീനിലെ ദൃശ്യങ്ങളും ടോണിയുടെ ആക്രോശവുമായിരുന്നു മനസു നിറയെ .
ഇനി എന്ത് ന്യായം പറഞ്ഞാലും മാപ്പു ചോദിച്ചാലും ടോണി ക്ഷമിക്കില്ല . മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചു ടോണി ജീവിക്കുന്നത് ചിന്തിക്കാനേ വയ്യ തനിക്ക് . കൊച്ചുന്നാൾ മുതൽ മനസിൽ കൊണ്ടുനടന്ന രൂപമല്ലേ ? അതെങ്ങനെ ഒരുനിമിഷം കൊണ്ട് പിഴുതെറിയാൻ പറ്റും ? അത്രയ്ക്ക് സ്നേഹിച്ചുപോയി താൻ ആ മനുഷ്യനെ . എന്നിട്ടും ദൈവം ഇങ്ങനെ ശിക്ഷിച്ചല്ലോ !
ടോണി ഇല്ലാത്ത ഒരു ജീവിതം തനിക്ക് വേണ്ട . എല്ലാം അവസാനിപ്പിക്കാം .. പപ്പയുടെ അടുത്തേക്ക് പോകാം . പരലോകത്തെങ്കിലും സന്തോഷം കിട്ടുമോന്നു നോക്കാം. ജീവിതകാലം മുഴുവൻ വേദന തിന്ന് ഇവിടെ ജീവിക്കുന്നതിനേക്കാൾ നല്ലത് നിത്യനിദ്രയിൽ ലയിക്കുന്നതാ . ടോണി കല്യാണം കഴിച്ചു സന്തോഷമായി ജീവിച്ചോട്ടെ . അവന്റെ ജീവിതത്തിൽ താൻ ഇനി ഒരുതരത്തിലും വിലങ്ങു തടിയാകാൻ പാടില്ല.
മുൻപൊരിക്കൽ അമ്മക്ക് അസുഖം വന്നപ്പോൾ വാങ്ങിയ സ്ലീപ്പിങ് പിൽസ് കബോർഡിലിരിപ്പുണ്ടല്ലോ എന്നവൾ ഓർത്തു . തനിക്കുവേണ്ടി ദൈവം സൂക്ഷിച്ചു വച്ചതാകും അത്.
പാതിരാത്രി കഴിഞ്ഞപ്പോൾ അവൾ എണീറ്റു . അമ്മയുടെ മുറിയിൽ നിന്ന് കൂർക്കം വലിയുടെ ശബ്ദം കേൾക്കാം. ഒച്ചയുണ്ടാക്കാതെ നടന്നു വന്ന് അവൾ കൈ ഉയർത്തി കബോർഡ് തുറന്നു . സ്ലീപിങ് പിൽസ് ഇട്ടുവച്ചിരുന്ന ബോട്ടിൽ കയ്യിലെടുത്തു . അടപ്പുതുറന്നു ഇടതു കൈവെള്ളയിലേക്കു അത് കുടഞ്ഞിട്ടു .
പിന്നെ കർത്താവിന്റെ ക്രൂശിത രൂപത്തിന്റെ മുൻപിൽ വന്നു നിന്നവൾ പ്രാർത്ഥിച്ചു . ദൈവമേ ഈയുള്ളവളോട് പൊറുക്കേണമേ. ചെയ്യുന്നത് തെറ്റാണെന്ന് അറിയാം . എന്നാലും എന്നോട് ക്ഷമിക്കണമേ . പിടിച്ചു നിൽക്കാനുള്ള ശക്തിയില്ലാത്തതുകൊണ്ടാണ് ഈ പാപം ചെയ്യുന്നത് . എന്നോട് ക്ഷമിച്ച് , സ്വർഗ്ഗരാജ്യത്തിൽ അങ്ങയുടെ വലതു വശത്തു എനിക്ക് ഒരു സ്ഥാനം തരേണമേ!
പിന്നെ സാവധാനം അവൾ അമ്മയുടെ കിടപ്പുമുറിയിലേക്ക് നടന്നു . അമ്മ നല്ല ഉറക്കമാണ് . കട്ടിലിന്റെ താഴെ നിലത്ത് ഇരുന്നിട്ട് അവൾ മൗനമായി യാത്രചോദിച്ചു . അമ്മേ മാപ്പ് ! അമ്മയെ ഒറ്റക്കാക്കിയിട്ടു
ഞാൻ പോകുകയാണ്. അമ്മ എന്നെ ശപിക്കരുത്. കുരുത്തം കെട്ടവൾ എന്ന് പറയരുത് . മനസിന്റെ വേദന താങ്ങാൻ വയ്യാഞ്ഞിട്ടാണമ്മേ! എന്നോട് പൊറുക്കണം , ക്ഷമിക്കണം. !
യാത്ര ചോദിച്ചിട്ട് അവൾ എണീറ്റ് സാവധാനം തന്റെ മുറിയിലേക്ക് നടന്നു .
പ്രഭാതം.
രാവിലെ മേരിക്കുട്ടി ഉണര്‍ന്നപ്പോഴും ജാസ്മിന്‍ നല്ല ഉറക്കമായിരുന്നു. നേരം നന്നായി വെളുത്തിട്ടും അവൾ എണീക്കാഞ്ഞപ്പോൾ മേരിക്കുട്ടിക്ക് സംശയമായി .
എന്നും അതിരാവിലെ ഉണരാറുള്ള അവള്‍ എന്തേ ഇന്നു ഉണരാന്‍ വൈകുന്നത് ? തലേ രാത്രി തലവേദനയാണെന്നും പറഞ്ഞു കിടന്നതാണല്ലോ . അത് മാറിയില്ലേ ?
അവര്‍ കിടപ്പുമുറിയിൽ വന്നു മകളെ തട്ടിവിളിച്ചു. പല തവണ കുലുക്കി വിളിച്ചിട്ടും ഉണരാഞ്ഞപ്പോള്‍ അങ്കലാപ്പായി.
”മോളേ ”
വീണ്ടും വീണ്ടും കുലുക്കി വിളിച്ചു.
കണ്ണ് തുറക്കുന്നില്ല .
അടുത്തനിമിഷം കരഞ്ഞുകൊണ്ട് , വെപ്രാളത്തോടെ അവര്‍ ടോണിയ്ക്കു ഫോണ്‍ ചെയ്തു.
വൈകാതെ ടോണിയും ആഗ്നസും അനുവും വീട്ടില്‍ പാഞ്ഞെത്തി.
പൾസ് പരിശോധിച്ചപ്പോള്‍ ടോണിയ്ക്കു മനസിലായി ജീവന്‍ അപകടത്തിലാണെന്ന് . പ്രഷർ നോക്കിയപ്പോൾ ലോ പ്രഷർ .
സ്ഥിതി വഷളാണെന്നു കണ്ടതും ടോണി ആശുപതിയിൽ നിന്ന് ആംബുലൻസ് വിളിച്ചു വരുത്തി. ജാസ്മിനെ ആംബുലൻസിൽ കയറ്റി അയാളുടെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.
പിന്നെ എല്ലാം ദ്രുതഗതിയിലായിരുന്നു . ഐസിയുവിലേക്കു കയറ്റിയിട്ട് ജീവൻ രക്ഷിക്കാനുള്ള എല്ലാ പ്രയത്‌നവും നടത്തി . ശരീരത്തിൽ പല ഉപകരണങ്ങളും ഘടിപ്പിച്ചു . ഇ സി ജി നോക്കി . രക്തമെടുത്തു പരിശോധനക്കായി ലാബിലേക്കയച്ചു.
കണ്ണിമയ്ക്കാതെ ടോണി ഐ സി യു വിൽ തന്നെയുണ്ടായിരുന്നു . അവളുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് .
ഐസിയുവിന്റെ വെളിയിൽ വരാന്തയിൽ നിന്ന് മേരിക്കുട്ടി മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു, തന്റെ മകൾക്കു ഒരാപത്തും വരുത്തരുതേ കർത്താവേയെന്ന് .
ഉല്‍കണ്ഠയുടെ നിമിഷങ്ങള്‍ മിനിറ്റുകളായി മണിക്കൂറുകളായി കടന്നു പോയിക്കൊണ്ടിരുന്നു.
ഐ സിയുവിന്റെ വാതിൽ തുറന്നു ടോണി പുറത്തേക്കിറങ്ങിയതും മേരിക്കുട്ടി ഓടി അടുത്ത് ചെന്നു .
”ഇപ്പം എങ്ങനെയുണ്ട് ?”
” ബോധം വീണിട്ടില്ല .ദൈവത്തോട് പ്രാത്ഥിച്ചോ ”
”എന്താ അവൾക്കു പറ്റിയത് ?”
” അത് പിന്നെ പറയാം .ആന്റി ഭക്ഷണം വല്ലതും കഴിച്ചോ ?”
”ഇല്ല . എനിക്കിപ്പം ഒന്നും വേണ്ട മോനെ. വിശപ്പില്ല ”
”എന്നാ ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം ”
”ഉം ”
ടോണി നേരെ കാന്റീനിലേക്ക് നടന്നു . കാന്റീനിൽ ചായകുടിച്ചുകൊണ്ടിരുന്നപ്പോഴാണ് നഴ്‌സിന്റെ ഫോൺ വന്നത് . ജാസ്മിൻ കണ്ണുതുറന്നത്രേ. പാതി ചായ ഗ്ലാസ്സിൽ വച്ചിട്ട് വേഗം എണീറ്റ് ഐ സിയു വിലേക്ക് പാഞ്ഞു .
വാതിൽ തുറന്ന് ഐ സിയു വിലേക്ക് പ്രവേശിച്ചിട്ടു അയാൾ ജാസ്മിൻ കിടക്കുന്ന ബെഡിനരികിലേക്കു ചെന്നു . ടോണിയെ കണ്ടതും ജാസ്മിന്റെ കണ്ണുകൾ നിറഞ്ഞു. ടോണിക്കും വിഷമം തോന്നി .
അവളുടെ കരം പിടിച്ചുകൊണ്ടു ടോണി പറഞ്ഞു .
”കരയണ്ടാ . ഒന്നും പറ്റിയിട്ടില്ല ”
”എന്തിനാ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ?” ആർദ്ര സ്വരത്തിൽ അവന്റെ കണ്ണുകളിലേക്കു നോക്കി അവൾ ചോദിച്ചു.
”ഇപ്പം അതൊന്നും പറയേണ്ട സമയമല്ല. സമാധാനമായിട്ടു കിടക്ക് ”
ജാസ്മിൻ പിന്നെ ഒന്നും മിണ്ടിയില്ല.
നഴ്‌സുമാരെ അവിടെനിന്നു മാറ്റി നിറുത്തിയിട്ട് ടോണി സ്വരം താഴ്ത്തി ചോദിച്ചു .
”കത്തു വല്ലതും എഴുതിവച്ചിട്ടാണോ ആത്മഹത്യക്കു ശ്രമിച്ചത് ?”
” അല്ല ”
”നമ്മൾ തമ്മിൽ സ്നേഹമായിരുന്നെന്ന് അമ്മയോട് പറഞ്ഞായിരുന്നോ ?”
”ഇല്ല .ആരോടും പറഞ്ഞിട്ടില്ല ”
” നമ്മൾ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാൾ ആ സത്യം അറിയരുത് . ആ ഒരുപകാരം എങ്കിലും എനിക്ക് ചെയ്തു തന്നൂടേ തനിക്ക് ?” ടോണി പ്രതീക്ഷയോടെ അവളെ നോക്കി.
ഒന്ന് ഏങ്ങലടിച്ചിട്ടു അവൾ പറഞ്ഞു.
” ടോണി പേടിക്കണ്ടാ .ഞാനൊരിക്കലും ആരോടും ഒന്നും പറയില്ല .ടോണിക്ക് സമാധാനമായിട്ടു വേറെ കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കാം . ഞാൻ ഒന്നിനും ഇനി തടസമാകില്ല . ഉറപ്പ് ” അവന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടവൾ വാക്കുകൊടുത്തു.
” മതി . ഈ ഒരുറപ്പു മതി എനിക്ക് . നമ്മൾ രണ്ടുപേർക്കും ഇനി രണ്ടു വഴി . അതാ എനിക്കും നിനക്കും നല്ലത് . എന്നോട് ക്ഷമിക്കുക. ”
ടോണി അവളുടെ പിടിവിടുവിച്ചു .
നഴ്‌സുമാരെ വിളിച്ചു ചുമതല ഏൽപ്പിച്ചിട്ടു അയാൾ പുറത്തേക്കിറങ്ങിപ്പോയി.
ജാസ്മിൻ ചുണ്ടുകൾ കടിച്ചിട്ടു കണ്ണുകൾ പൂട്ടി.
നനഞ്ഞ കണ്‍പോളകള്‍ക്കിടയിലൂടെ രണ്ടു തുള്ളി കണ്ണീര്‍ വെളിയിലേയ്ക്കൂര്‍ന്നിറങ്ങി.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
(നോവൽ വഴിത്തിരിവിൽ ! അടുത്ത അദ്ധ്യായം മറക്കാതെ വായിക്കുക )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19














































