“അഞ്ചു വർഷം മുമ്പ് ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജില്‍ എന്‍റെ സീനിയര്‍ സ്റ്റുഡന്‍റായിരുന്നു സുകുമാരന്‍. അയാളുടെ സിസ്റ്റര്‍ അശ്വതി ഹോസ്റ്റലില്‍ എന്റെ റൂംമേറ്റായിരുന്നു. അവളായിരുന്നു എന്റെ ഏറ്റവും അടുത്ത ഫ്രണ്ടും. അവളെ കാണാന്‍ വരുമ്പം സുകുമാരന്‍ എന്നോടും സംസാരിക്കാറുണ്ടായിരുന്നു. വളരെ മാന്യമായ പെരുമാറ്റമായിരുന്നതുകൊണ്ട് ഞാനും കുറച്ചു ഫ്രീയായിട്ടിടപ്പെട്ടു. അതയാളു തെറ്റിദ്ധരിച്ചു. എനിക്കയാളോട് പ്രേമമാണെന്നോ മറ്റോ അയാളു ചിന്തിച്ചു. കൂട്ടുകാരോടൊക്കെ അക്കാര്യം പറഞ്ഞ് അയാളു കോളജില്‍ ഹിറോയായി. ഞാനതൊന്നും അറിഞ്ഞിരുന്നില്ല. ഒരു ഫ്രണ്ട്ഷിപ്പിനപ്പുറത്തേക്ക് ഞാനൊന്നും ചിന്തിച്ചുമില്ല.” സുമിത്ര പറഞ്ഞു നിറുത്തി
“എന്നിട്ട്?” മോഹൻദാസ് കാതുകൂർപ്പിച്ചു.
“അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ അശ്വതിയുടെ കൂടെ അവളുടെ വീട്ടില്‍ പോയി. അവളുടെ അമ്മയും സുകുമാരനുമുണ്ടായിരുന്നു വീട്ടില്‍. അന്ന് രാത്രി സുകുമാരനുമായി എന്റെ വിവാഹത്തെക്കുറിച്ച് അശ്വതി എന്നോട് സംസാരിച്ചു.”
“അപ്പം സുകുമാരനു നിങ്ങളോട് പ്രേമ മുണ്ടെന്നുള്ള കാര്യം അശ്വതിക്ക് നേരത്തെ അറിയാമായിരുന്നോ?” – സി.ഐ. ചോദിച്ചു.
“അറിയാമായിരുന്നെന്നു തോന്നുന്നു. എങ്കിലും എന്നോട് നേരത്തെ ഒന്നും സൂചിപ്പിച്ചിരുന്നില്ല.”
”പിന്നെ എന്തുണ്ടായി ?”
“എന്‍റെ വിവാഹം നിശ്ചയിച്ചുകഴിഞ്ഞതാണെന്നും ഒരു ബ്രദറിനെപ്പോലെ മാത്രമേ ഞാന്‍ സുകുമാരനെ കണ്ടിട്ടുള്ളുവെന്നും പറഞ്ഞപ്പോള്‍ അശ്വതി വല്ലാതായി. പിന്നെ അവൾ ഒന്നും മിണ്ടിയില്ല . ആ സംഭവം അപ്പഴേ ഞാൻ നിസ്സാരമായി തള്ളി. പിറ്റേന്ന് ഞാനും അശ്വതിയും ഹോസ്റ്റലിലേക്ക് മടങ്ങി “
സുമിത്ര പറഞ്ഞുനിറുത്തി.
“എന്നിട്ട് ?”
“അങ്ങനെയിരിക്കെ ഒരു ദിവസം ഹോസ്റ്റലിലെ അഡ്രസില്‍ എനിക്കൊരു കത്തുകിട്ടി. അശ്വതിയുടെ വീട്ടിലെ ബാത്റൂമില്‍ ഞാന്‍ കുളിച്ചുകൊണ്ടുനില്‍ക്കുന്ന ഒരു ഫോട്ടോയും വീഡിയോക്ലിപ്പും സുകുമാരന്‍റെ കൈയിലുണ്ടെന്നായിരുന്നു കത്തിലെഴുതിയത്.”
“ആരുടെ കത്തായിരുന്നു അത്?” – ഡിവൈഎസ്പി ചോദിച്ചു.
“ഊരും പേരുമൊന്നും കത്തിലില്ലായിരുന്നു. ഞാനാ കത്ത് അശ്വതിയെ കാണിച്ചു. അതു കണ്ടപ്പം അവളു വല്ലാതായി. അതിനേക്കുറിച്ചന്വേഷിക്കാമെന്നു പറഞ്ഞ് അടുത്ത ദിവസം അവള്‍ വീട്ടിലേക്ക് പോയി. തിരിച്ചുവന്നിട്ട് അവളു പറഞ്ഞു അങ്ങനെയൊരു ഫോട്ടോയും വീഡിയോയും സുകുമാരന്‍റെ കൈയിലില്ലെന്നും ആരോ ആസൂയക്കാരു വെറുതെ എഴുതിയതാണെന്നും. ഞാനതു വിശ്വസിച്ചു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞു വീണ്ടും അതുപോലൊരു കത്ത് എനിക്ക് കിട്ടി. ആ കത്ത് ഗൗരവമായിട്ടെടുക്കാതെ അപ്പഴേ ഞാന്‍ കീറിക്കളിഞ്ഞു.”
“എന്നിട്ട്?”
“കുറേദിവസം കഴിഞ്ഞ് മൂന്നാമതും കത്തു വന്നപ്പോള്‍ എനിക്ക് സംശയമായി, സുകുമാരന്‍ തന്നെയാണോ അതെഴുതുന്നതെന്ന്. ഞാന്‍ രഹസ്യമായി സുകുമാരന്റെ കൈയക്ഷരം പരിശോധിച്ചു. കത്തിലെ കൈയക്ഷരവും അയാളുടെ കൈയക്ഷരവും ഒന്നുതന്നെയായിരുന്നു.”
”പിന്നെ ?”
“അശ്വതി അറിയാതെ സുകുമാരനെ കണ്ട് ഞാന്‍ അല്‍പം രൂക്ഷമായി സംസാരിച്ചു. സത്യത്തില്‍ അയാളുടെ കൈയില്‍ ഫോട്ടോയും വിഡിയോയും ഇല്ലെന്നും വെറുതെ എഴുതിയതാണെന്നുമാണ് ഞാന്‍ വിചാരിച്ചത്.”
“ഫോട്ടോയും വിഡിയോയും ഉണ്ടായിരുന്നോ?”
“ഫോട്ടോ ഉണ്ടായിരുന്നു . അതയാളെന്നെ കാണിക്ക്വേം ചെയ്തു. ഞാന്‍ അവരുടെ വീട്ടിലെ ബാത്റൂമിൽ കുളിച്ചുകെണ്ടിരുന്നപ്പോള്‍ അയാളത് രഹസ്യമായി മൊബൈൽ ക്യാമറയില്‍ പകര്‍ത്തിയതായിരുന്നു. അയാളെ കല്യാണം കഴിച്ചില്ലെങ്കില്‍ ഫോട്ടോയും വീഡിയോക്ലിപ്പും കാണിച്ച് എന്നെ അപമാനിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. അതോടെ ഞാന്‍ തളര്‍ന്നുപോയി. ഒരു കാരണവശാലും അയാളെ ഞാന്‍ കല്യാണം കഴിക്കില്ലെന്നും എന്റെ മാനം പോയാല്‍ ആത്മഹത്യചെയ്യുമെന്നും ഞാന്‍ പറഞ്ഞു.”
“എന്നിട്ട്?”
“പിറ്റേന്നു സുകുമാരന്‍ വന്ന് എന്നോട് ക്ഷമ ചോദിച്ചു. ഫോട്ടോയും വീഡിയോയും നശിപ്പിച്ചെന്നും ഇനി ഉപദ്രവിക്കില്ലെന്നും നല്ല സുഹൃത്തുക്കളായി നമുക്ക് കഴിയാമെന്നും പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി. ഞാനതു വിശ്വസിക്ക്വേം ചെയ്തു. അതിനുശേഷം ഞങ്ങളു തമ്മില്‍ സംസാരിച്ചിട്ടില്ല. എങ്കിലും എനിക്കയാളെ പേടിയായിരുന്നു . ആ വര്‍ഷം തന്നെ കോഴ്സു കഴിഞ്ഞ് അയാളു കോളജീന്നു പോയി. അതോടെ ആ സംഭവം ഞാൻ മറന്നു . “
“പിന്നെപ്പഴാ വീണ്ടും കണ്ടത്?”
സി.ഐ. ചോദിച്ചു.
“ഞാനിവിടെ സെന്‍റ് മേരീസ് സ്കൂളില്‍ ടീച്ചറായി ജോലി കിട്ടി വന്നപ്പം.”
“ഓകെ. പിന്നെന്തുണ്ടായി?”
പിന്നീട് നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ സുമിത്ര വിശദീകരിച്ചു. സുകുമാരന്‍ വീട്ടിലേക്ക് ക്ഷണിച്ചതും വരില്ലെന്നു പറഞ്ഞപ്പോള്‍ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയതും ഒടുവില്‍ പോകാന്‍ തീരുമാനിച്ചതുമെല്ലാം.
“എന്നിട്ട്?”
“ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയായപ്പം ആരും കാണാതെ ഞാന്‍ വീട്ടീന്നു പുറത്തിറങ്ങി. സുകുമാരന്‍റെ വീടിന്റെ ഗേറ്റുതുറന്ന് കിടക്കുകയായിരുന്നു. മുറ്റത്തുകയറി നോക്കിയപ്പം വാതിലടഞ്ഞു കിടക്കുന്നതു കണ്ടു. പുറത്താരെയും കണ്ടില്ല. അകത്തു വെളിച്ചമുണ്ടായിരുന്നു. എനിക്ക് പേടിയായി. തിരിച്ചുപോകാനായി തുടങ്ങിയപ്പോഴാണ് ജനാലയുടെ ഒരു പാളി അല്‍പം തുറന്നുകിടക്കുന്നത് കണ്ടത്. അതിലൂടെ അകത്തേക്കുനോക്കിയപ്പം ഞാന്‍ ഞെട്ടിപ്പോയി. ചോരയില്‍ കുളിച്ച് തറയില്‍ കമിഴ്ന്നുകിടക്കുന്നു സുകുമാരന്‍. പിന്നെ ഒരു നിമിഷംപോലും ഞാന്‍ അവിടെ നിന്നില്ല. തിരിച്ചു വീട്ടില്‍ വന്നു രണ്ടുമൂന്നു ഗ്ലാസ് വെള്ളം കുടിച്ചു. അതുകഴിഞ്ഞ് കട്ടിലിലേക്ക് കിടന്നു. രാവിലെ സതീഷേട്ടന്‍റെ അമ്മ വന്നു പറഞ്ഞപ്പഴാ സുകുമാരന്‍ മരിച്ചവിവരം അറിഞ്ഞത്. ആരാ കൊന്നതെന്നോ എന്താ സംഭവിച്ചതെന്നോ എനിക്കറിയില്ല സാർ . എന്‍റമ്മയാണെ സത്യം. വേറൊന്നും എനിക്കറിയില്ല സാർ . എന്നെ വെറുതെ വിടണം പ്ലീസ് “
സുമിത്ര പറഞ്ഞുനിറുത്തി.
തൊണ്ട വരളുന്നെന്നു പറഞ്ഞപ്പോള്‍ എസ്.ഐ. പോയി ഒരു ഗ്ലാസ് വെള്ളമെടത്തുകൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തു. സുമിത്ര ഒറ്റവലിക്കതു കുടിച്ചു.
“അപ്പം ഈ കര്‍ച്ചീഫ് അവിടെ വീണുപോയ കാര്യം നിങ്ങളറിഞ്ഞില്ലേ?”
സി.ഐ. ചോദിച്ചു.
“എവിടാ വീണതെന്നു കൃത്യായിട്ടോർമ്മയില്ലായിരുന്നു .”
“സതീഷിന്‍റെ വീട്ടില്‍വച്ച് ക്വസ്റ്റ്യന്‍ ചെയ്തപ്പം നിങ്ങളവിടെ പോയിട്ടില്ലെന്നും കര്‍ച്ചീഫ് നിങ്ങളുടേതല്ലെന്നും കള്ളം പറഞ്ഞതെന്തിനാ?”
“സതീഷേട്ടന്‍റെ മുമ്പില്‍വച്ച് സത്യം പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. അവരൊക്കെ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. അവരുടെ മുൻപിൽ ഒരു കള്ളി യാകാനുള്ള മടികൊണ്ടാ ഞാനങ്ങനെ പറഞ്ഞത് , എന്നോട് ക്ഷമിക്കണം “
“ബസ്സ്റ്റോപ്പില്‍വച്ച് ഒരിക്കല്‍ അയാളാ ഫോട്ടോടെ കോപ്പി നിങ്ങള്‍ക്കു തന്നൂന്നു പറഞ്ഞല്ലോ. ആ കോപ്പി നിങ്ങളുടെ കൈയിലുണ്ടോ?”
“ഇല്ല. ഞാനതു കീറിക്കളഞ്ഞു.”
“ഫോട്ടോടെ കാര്യം ജയദേവനോട് പറഞ്ഞിരുന്നോ?”
“ഇല്ല.”
“സുകുമാരന് നിങ്ങളോട് ലവ് ആയിരുന്നൂന്നുള്ള കാര്യം പറഞ്ഞിട്ടുണ്ടോ?”
“ഒരുത്തന്‍ പിറകെ നടക്കുന്നുണ്ടെന്നു ഞാന്‍ പണ്ട് പറഞ്ഞിരുന്നു.”
“ഇവിടെ ജോലി കിട്ടിക്കഴിഞ്ഞ് അയാളു ശല്യം ചെയ്ത കാര്യം പറഞ്ഞോ?”
“ഇല്ല.”
ആ ഫോട്ടോ കാണിച്ചു അയാളു ഭീഷണിപ്പെടുത്തിയിട്ടും അക്കാര്യം നിങ്ങള് ആരോടും പറയാതിരുന്നതെന്താ?”
“അതു പറഞ്ഞാല്‍ ആരും എന്നെ വിശ്വസിക്കില്ലെന്നു തോന്നി. ഞാൻ മനഃപൂർവം നിന്നുകൊടുത്തു ഫോട്ടോ എടുത്തതാണെന്നല്ലേ എല്ലാരും വിചാരിക്കുള്ളൂന്നു കരുതി “
സുമിത്ര വിങ്ങിപ്പൊട്ടി.
“ഓക്കെ. നിങ്ങളു പറഞ്ഞതൊക്കെ വിശ്വസിച്ചുകൊണ്ട് ചോദിക്കട്ടെ. പാതിരാത്രീല്‍ അയാളു വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞപ്പം നിങ്ങള് മനസില്‍ എന്ത് വിചാരിച്ചുകൊണ്ടാ അങ്ങോട്ടു ചെന്നത്?”
“ആ ഫോട്ടോയും വിഡിയോയും തിരികെ വാങ്ങിക്കാൻ വേണ്ടി പോയതാ . അപ്പഴത്തെ മാനസികാവസ്ഥയില്‍ ഞാനൊരു ബുദ്ധിമോശം കാണിച്ചുപോയി. അതെന്റെ തെറ്റ് . ആ തെറ്റിന്റെ ശിക്ഷയാ ദൈവം ഇപ്പം എനിക്ക് തന്നിരിക്കുന്നത് “
“രാത്രീലയാളു ചെല്ലാന്‍ പറഞ്ഞത് എന്തായാലും നല്ല ഉദ്ദേശത്തിനായിരിക്കില്ലല്ലോ. അതു മനസിലാക്കാനുള്ള ബുദ്ധി ടീച്ചറിനില്ലായിരുന്നോ?”
“ഉപദ്രവിക്കില്ലെന്നു അയാളു വാക്കുതന്നിരുന്നു. ഉപദ്രവിക്കാനായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം മുമ്പതാകാമായിരുന്നല്ലോന്നും പറഞ്ഞു .”
“നിങ്ങളതു വിശ്വസിച്ചു ?”
“എന്‍റെ ജീവിതം തകര്‍ക്കുമെന്നു പറഞ്ഞപ്പം ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല.”
സുമിത്ര കൈയുയര്‍ത്തി മിഴികള്‍ ഒപ്പി.
“നിങ്ങള്‍ അയാളുടെ വീട്ടില്‍ ചെന്നപ്പം അയാളുടെ ഭാര്യ നിങ്ങളെ കണ്ടിരുന്നെങ്കിലോ?”
“ഭാര്യ അവിടെ ഉണ്ടാകില്ലെന്നായിരുന്നു അയാളെന്നോട് പറഞ്ഞത്.”
“ഓഹോ…! അപ്പം ഭാര്യ അവിടെ കാണില്ലെന്ന് നിങ്ങളും വിശ്വസിച്ചു അല്ലേ?”
“ഞാനൊന്നും ചിന്തിച്ചില്ല . എന്‍റഭിമാനം തകരെരുതെന്ന ഒറ്റ ആഗ്രഹമേ അപ്പം ഉണ്ടായിരുന്നുള്ളു.”
“അതിനെന്തു വിട്ടുവീഴ്ചയ്ക്കും നിങ്ങളു തയാറായിരുന്നു?”
“അയ്യോ. ഞാന്‍ വേറൊന്നും ചിന്തിച്ചില്ല.”
“ഒന്നും ചിന്തിക്കാതെ പാതിരാത്രീല്‍ അന്യപുരുഷന്‍റെ വീട്ടിലേക്ക് പ്രായപൂര്‍ത്തിയായ ഒരു പെണ്ണ് കേറിച്ചെല്ലുമോ ടീച്ചറെ ? അതും കല്യാണം നിശ്ചയിച്ച ഒരു പെണ്ണ്? അതങ്ങടു വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ . ഞങ്ങളെന്നല്ല, ആരും അത് വിശ്വസിക്കേലാ .”
“എന്നെ ഉപദ്രവിക്കില്ലെന്നയാള് ഉറപ്പുതന്നിരുന്നു. അതുകൊണ്ടു പോയതാ “
“ഒരു തെമ്മാടീടെ ഉറപ്പു നിങ്ങളു വിശ്വസിച്ചു? ഞങ്ങളിതു വിശ്വസിക്കണോ? പോലീസുകാര് അത്ര മണ്ടന്മാരാണെന്നാണോ നിങ്ങള് വിചാരിച്ചത് ?”
“ആരും വിശ്വസിക്കില്ലെന്നെനിക്കറിയാം. അത്രയ്ക്കു പൊട്ടത്തരമാ ഞാന്‍ കാണിച്ചത്. പക്ഷേ, ഞാന്‍ പറഞ്ഞതു മുഴുവന്‍ സത്യമാ സാറേ . ആരാ അയാളെ കൊന്നതെന്നു സത്യായിട്ടും എനിക്കറിയില്ല.”
“എന്തു സ്വകാര്യം പറയാനാ അയാളു രാത്രീല്‍ ചെല്ലാന്‍ പറഞ്ഞതെന്നു ആലോചിച്ചില്ലേ ?”
“ഒന്നും ആലോചിച്ചില്ല . ഒന്നും..! പൊട്ടത്തരമാ ഞാന്‍ കാണിച്ചതെന്നു പറഞ്ഞല്ലോ . അപ്പോഴത്തെ മാനസികാവസ്ഥ അങ്ങനെയായിരുന്നു . തെറ്റുപറ്റിപ്പോയി. പക്ഷെ ഞാൻ പറഞ്ഞത് മുഴുവൻ സത്യമാ . ഞാനല്ല അയാളെ കൊന്നത് “
സുമിത്ര ഏങ്ങലടിച്ചു കരഞ്ഞു.
“ഫോട്ടോ കാണിച്ച് അയാളു ഭീഷണിപ്പെടുത്തിയ കാര്യം സതീഷിന്‍റെ ഭാര്യയോട് പറഞ്ഞിരുന്നോ?”
“ഇല്ല. ആരോടും പറഞ്ഞില്ല. അതാ എനിക്കു പറ്റിയ തെറ്റ്. ആരും അറിയാതെ അതവസാനിക്കണമെന്നു ഞാനാഗ്രഹിച്ചുപോയി.”
“യേസ്. ഇപ്പ പറഞ്ഞതു കറക്ട്. ആരും അറിയാതെ അതവസാനിക്കണമെന്ന് നിങ്ങളാഗ്രഹിച്ചു. അവസാനിക്കണമെങ്കില്‍ സുകുമാരന്‍ മരിക്കണമല്ലോ?”
“അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്?”
“എങ്ങനെ ഉദ്ദേശിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരാതിരിക്കില്ല ടീച്ചറേ. ഒന്നാലോചിച്ചു നോക്ക്. നിങ്ങടെ കര്‍ച്ചീഫ് അയാളുടെ വീട്ടുമുറ്റത്ത് വീണുപോയില്ലായിരുന്നെങ്കില്‍ നിങ്ങളെ ഞങ്ങള്‍ക്കു സംശയിക്കാന്‍ പറ്റുമായിരുന്നോ? അതുമല്ല, കര്‍ച്ചീഫ് നിങ്ങളുടേതാണെന്ന് ആദ്യമേ നിങ്ങൾ സമ്മതിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കുഴങ്ങിപ്പോയേനെ. ഡെഡ്ബോഡി കാണാന്‍ പോയപ്പം വീണുപോയതാന്നു പറഞ്ഞാല്‍ ഞങ്ങളതു വിശ്വസിക്ക്വം ചെയ്തേനെ. പക്ഷേ, അങ്ങനൊന്നും പറയാന്‍ നിങ്ങളെ ദൈവം തോന്നിപ്പിച്ചില്ല. അപ്പം അതീന്ന് എന്താ മനസിലാക്കേണ്ടത് ? ദൈവം പ്രതിയെ പിടിച്ചു ഞങ്ങളുടെ മുൻപിൽ കൊണ്ടുവന്നു തന്നിരിക്കുന്നൂന്ന് . അല്ലെ?. അതാ ഞാന്‍ പറഞ്ഞത് സത്യം അവസാനം ജയിക്കുമെന്ന് .”
“മരിച്ചുപോയ എന്‍റച്ഛനാണെ സത്യം! ഞാനിപ്പറഞ്ഞതൊന്നും കള്ളമല്ല .”
“പറഞ്ഞത് കുറെയൊക്കെ സത്യമാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. പക്ഷേ, പറയാത്ത കുറെ സത്യങ്ങള്‍ കൂടിയില്ലേ ടീച്ചറേ? അതു കൂടിയിങ്ങു പറ “
ഡിവൈഎസ്പി പറഞ്ഞു .
“മറ്റൊന്നും എനിക്കറിഞ്ഞൂടാ സാർ . സത്യായിട്ടും അറിഞ്ഞൂടാ.”
“ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി രാത്രി ചെല്ലാന്‍ പറഞ്ഞു. നിങ്ങളു കൂളായിട്ടു ചെന്നു. അപ്പം അയാളു മരിച്ചുകിടക്കുന്നു. സമാധാനായല്ലോന്നു കരുതി നിങ്ങളു തിരിച്ചു വീട്ടില്‍ വന്നു കിടന്നുറങ്ങി. ഇതൊക്കെ വിശ്വസിക്കുമോ ടീച്ചറെ ആരെങ്കിലും?”
“വിശ്വസിക്കില്ല. ആരും വിശ്വസിക്കില്ല. പക്ഷേ, എന്‍റെ ഹൃദയം തുറന്നു കാണിക്കാന്‍ പറ്റുമോ എനിക്ക്?”
“ഇടയ്ക്കൊന്നു ചോദിക്കട്ടെ. ഈ അശ്വതി, അതായത് സുകുമാരന്‍റെ സഹോദരി ഇപ്പം എവിടുണ്ടെന്നറിയാമോ?” – സി.ഐ. ആരാഞ്ഞു.
“ഇല്ല. കോളജീന്നു പോന്നതിനുശേഷം ഞങ്ങളു തമ്മില്‍ കണ്ടിട്ടില്ല.”
“നിങ്ങളു തമ്മില്‍ ലോഹ്യത്തിലാണോ അവസാനം പിരിഞ്ഞത്?”
“അതെ. ഹോസ്റ്റലിൽ എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ടായിരുന്നു അവള്.”
“അപ്പം അശ്വതിയോട് ചോദിച്ചാല്‍ കോളജിലെ ആ സംഭവം സത്യമാണോന്നറിയാമല്ലോ?”
“തീര്‍ച്ചയായും. പക്ഷേ, സുകുമാരന്‍ എന്‍റെ ഫോട്ടോ എടുത്ത കാര്യം ഇപ്പഴും അവളറിഞ്ഞിട്ടുണ്ടാവില്ല.”
“പക്ഷേ, ഫോട്ടോടെ കാര്യം പറഞ്ഞ് നിങ്ങൾക്ക് കിട്ടിയ കത്തിന്റെ കാര്യം സുമിത്ര അയാളോട് പറഞ്ഞൂന്നല്ലേ പറഞ്ഞത്?”
“അതെ. അതവള്‍ക്കറിയാം. ആ കത്തു ഞാനവളെ കാണിച്ചുകൊടുത്തതാണ്.”
“ഓക്കെ. എങ്കില്‍ തല്‍ക്കാലം ടീച്ചറു പൊയ്ക്കൊ. ഞങ്ങളൊന്നന്വേഷിക്കട്ടെ. പറഞ്ഞതു സത്യമാണെങ്കില്‍ ടീച്ചറിനെ ഇനി ഞങ്ങളു ബുദ്ധിമുട്ടിക്കില്ല.”
ഡിവൈഎസ്പി ഹരിദാസ് പറഞ്ഞു.
സുമിത്ര ഒരു ദീര്‍ഘശ്വാസം വിട്ടു. ഹൊ! ആശ്വാസമായി.
സാരിത്തലപ്പുകൊണ്ടവള്‍ മുഖത്തെയും കഴുത്തിലെയും വിയര്‍പ്പുകണങ്ങള്‍ തുടച്ചു.
അവള്‍ എണീറ്റ് എല്ലാവരെയും നോക്കി അപേക്ഷാഭാവത്താല്‍ പറഞ്ഞു:
“ഞാനിവിടെ പറഞ്ഞതൊന്നും വെളിയിലാരോടും പറയരുതേ.”
“ഒരിക്കലുമില്ല. ടീച്ചറു തെറ്റുകാരിയാണെന്നു ബോധ്യപ്പെടാത്തിടത്തോളം കാലം ഒന്നും ഞങ്ങളു പുറത്തുപറയില്ല. ടീച്ചറിനു ധൈര്യായിട്ടു പോകാം.”
“താങ്ക്യൂ.”
എസ്ഐ ജോണ്‍ വറുഗീസ് അവരെ കൂട്ടിക്കൊണ്ട് വെളിയിലേക്ക് പോയി.
ഒരു വലിയ ഭാരം ഇറക്കിവച്ചതുപോലുള്ള ആശ്വാസമായിരുന്നു സുമിത്രയ്ക്ക്.
പുറത്തു കാറിൽ ചാരി അസ്വസ്ഥതയോടെ നില്‍ക്കുകയായിരുന്നു ജയദേവന്‍.
സുമിത്ര വെളിയിലേക്കിറങ്ങി വന്നതും ഓടി അടുത്തു ചെന്നു ജയന്‍.
“നിന്നെ വല്ലതും ചെയ്തോ അവർ ?”
“ഇല്ല.”
എന്നാ പറഞ്ഞു?
“ഒന്നൂല്ലെന്നേ…
സുമിത്രയുടെ മുഖത്തെ മന്ദസ്മിതം കണ്ടപ്പോള്‍ ജയദേവനു സമാധാനമായി.”
“എന്നതാ ഇത്രേം നേരം ചോദിച്ചത്?”
“പേടിക്കാനൊന്നുമില്ല ജയേട്ടാ. പഴേ കുറെ കാര്യങ്ങൾ ചോദിച്ചു, പിന്നെ പൊക്കോളാൻ പറഞ്ഞു “
“ഞാനിവിടെ തീതിന്നു നില്‍ക്കുകയായിരുന്നു. എന്നാ കുന്തം ചോദിക്കാനാ അവമ്മാരിങ്ങോട്ട് വിളിപ്പിച്ചത്.”
“പറയാം. ജയേട്ടന്‍ വാ.”
ജയദേവനെ വിളിച്ചിട്ട് സുമിത്ര കാറിനടുത്തേക്ക് നടന്നു.
കാര്‍ കോമ്പൗണ്ട് വിട്ടപ്പോള്‍ ജയദേവന്‍ വീണ്ടും ചോദിച്ചു.
“എന്തൊക്കെയാ ചോദിച്ചത്?”
“കാര്യായിട്ടൊന്നും ചോദിച്ചില്ലെന്നേ?കോളജില്‍ പഠിക്കുന്ന കാലത്ത് സുകുമാരന്‍റെ സ്വഭാവം എങ്ങനായിരുന്നെന്നും അന്നയാള്‍ക്കു ശത്രുക്കളു വല്ലോരുമുണ്ടായിരുന്നതായി അറിയാമോന്നും ചോദിച്ചു.”
“ഇതൊക്കെ നിന്നോട് ചോദിച്ചാലെങ്ങനാ അറിയുക?”
“കോളജില്‍ അയാളെന്‍റെ സീനിയറായിരുന്നല്ലോ?”
“ഇതൊക്കെ സതീഷിന്‍റെ വീട്ടില്‍വച്ചു ചോദിച്ചതല്ലേ?”
“അന്നു ചോദിച്ചതൊക്കെയേ ഇപ്പഴും ചോദിച്ചുള്ളൂ.”
”തെണ്ടികള്‍” – ജയന്‍ രോഷം കൊണ്ടു. “ഇവമ്മാര്‍ക്കു പ്രതിയെ കണ്ടുപിടിക്കണമെങ്കില്‍ പട്ടിയെ കൊണ്ടുവന്ന് മണപ്പിക്കാന്‍ മേലായിരുന്നോ? വെറുതെ നിരപരാധികളെ പീഡിപ്പിക്കുന്നു ”
“ഇത്ര രോഷം കൊള്ളാന്‍ മാത്രം അവരൊന്നും ചെയ്തില്ലെന്നേ.”
സുമിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
“അങ്ങോട്ടുകേറിയപ്പം കണ്ട പെണ്ണല്ലല്ലോ ഇത്?”
ജയദേവന്‍ അത്ഭുതം കൂറി.
“സത്യത്തില്‍ അങ്ങോട്ടു കേറിയപ്പം ഞാന്‍ വല്ലാതെ പേടിച്ചുപോയിരുന്നു.”
“ഇപ്പം സമാധാനമായോ?”
“ഒരുപാട്.”
“വെറുതെ മനുഷ്യരെ പേടിപ്പിക്കാന്‍ വേണ്ടി അവമ്മാര്..”
“പോട്ടെന്നേ…”
ആ വിഷയം സംസാരിക്കാതിരിക്കാന്‍വേണ്ടി സുമിത്ര മറ്റു വിഷയങ്ങളിലേക്ക് കടന്നു.
അവള്‍ ഓര്‍ത്തു.
സത്യം തുറന്നുപറഞ്ഞപ്പോള്‍ എന്തൊരാശ്വാസമാണ് മനസിന്! ഏതായാലും ഇനി പോലീസ് വരില്ല. അശ്വതിയെ ചെന്നു കണ്ടു സംസാരിക്കുമ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് അവള്‍ പറയുമല്ലോ! എല്ലാം തുറന്നുപറയാന്‍ തോന്നിയത് അനുഗ്രഹമായി.
സുമിത്ര കൈ എടുത്ത് ജയദേവന്‍റെ മടിയിലേക്ക് വച്ചു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41














































