Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 41

1413
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 41

ഇടതു കൈകൊണ്ടു മീശപിരിച്ച്, മാധവന്‍ ബാലചന്ദ്രനെ നോക്കി ചോദിച്ചു:
“എന്നെ അറിയുവോടാ നീ?”
“ഇല്ല.”
“എന്‍റെ പേര് മാധവന്‍. കരടി മാധവനെന്ന് ആളുകള്‍ വിളിക്കും. രണ്ടുപേരെ കുത്തിമലര്‍ത്തി ജയിലില്‍ പോയിട്ടുള്ളവനാ ഈ മാധവന്‍. എന്‍റെ സ്വന്തക്കാരിയാ ഈ നില്‍ക്കുന്ന സുമിത്ര. അവളെ പിഴപ്പിക്കാനാണ് നിന്റെ ഉദ്ദേശമെങ്കില്‍ കുത്തിക്കീറി പട്ടിക്കിട്ടുകൊടുക്കും ഞാന്‍.”
ബാലചന്ദ്രന് ചിരിവന്നുപോയി.
“മാധവേട്ടൻ വേച്ചുവേച്ചു പോകുന്നല്ലോ ” അയാളുടെ തോളത്തു പിടിച്ചു പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു: ” കള്ള് എത്രകുപ്പി കേറ്റി അകത്ത്?”
”എന്‍റെ ദേഹത്തുതൊട്ടു കളിക്കുന്നോടാ ചെറ്റേ…”
തോളത്തു നിന്ന് കൈ തട്ടി മാറ്റിയിട്ട് അയാൾ പിച്ചാത്തി ഉയർത്തിക്കാട്ടിക്കൊണ്ടു പറഞ്ഞു.
“ഇതു കണ്ടോ ? നല്ല ഒന്നാംതരം മലപ്പുറം കത്തിയാ . മാധവനോട് കളിച്ചാല്‍ കളി പഠിപ്പിക്ക്വേ.”
സുമിത്രയുടെ നേരെ തിരിഞ്ഞിട്ട് മാധവന്‍ തുടര്‍ന്നു:
“പറഞ്ഞുകൊടെടീ… മാധവന്‍ ആരാന്ന്.”
“കുടിക്കാനുള്ള കാശുകിട്ടിയില്ലേ? ഇനി അമ്മാവന്‍ സ്ഥലം വിടാൻ നോക്ക് . “
സുമിത്ര ഈര്‍ഷ്യയോടെ പറഞ്ഞു.
“മാധവന്‍ കള്ളുകുടിക്കും. ചീത്തവിളിക്കും. അടിപിടിയുണ്ടാക്കും. പക്ഷേ, പോക്കിരിത്തരത്തിനു കൂട്ടുനില്‍ക്കാന്‍ മാധവനെ കിട്ടില്ല.”
അതുകേട്ടപ്പോൾ ചിരിവന്നുപോയി ബാലചന്ദ്രന്.
”എന്താ മാധവേട്ടാ ഈ പോക്കിരിത്തരോന്നു പറഞ്ഞാൽ ?
” നീ ഇവിടെ കാണിക്കുന്നതാ പോക്കിരിത്തരം. ”
പിച്ചാത്തി ചൂണ്ടി ബാലചന്ദ്രന്‍റെ നേരെ നോക്കി മാധവന്‍ അലറി.
“ഇറങ്ങിപ്പോടാ ഈ വീട്ടീന്ന്…”
“ഇറങ്ങിയില്ലെങ്കിലോ?”
“കുത്തിക്കീറും നിന്നെ ഞാന്‍…”
“കത്തി എളിയില്‍ വയ്ക്ക് മാധവേട്ടാ. കൈ മുറിഞ്ഞു ചോര വരും.”
“മാധവന്‍ കത്തിയെടുത്താല്‍ ചോര കാണാതെ വയ്ക്കില്ലടാ.”
അടുത്ത നിമിഷം ബാലചന്ദ്രന്‍ അയാളുടെ കൈക്കിട്ട് ആഞ്ഞ് ഒരു തട്ടുകൊടുത്തു.
അപ്രതീക്ഷിതമായ തട്ടലിൽ മാധവന്‍റെ കൈയില്‍നിന്ന് പിച്ചാത്തി മുകളിലേക്ക് പൊങ്ങി കറങ്ങി താഴെ വീണു. വീണത് മാധവന്റെ കാലിൽ .വിരൽ മുറിഞ്ഞു ചോര പൊടിഞ്ഞു.
മാധവന്‍ കുനിഞ്ഞ് പിച്ചാത്തി എടുക്കുന്നതിനുമുമ്പേ ബാലചന്ദ്രന്‍ കാലുകൊണ്ട് ആഞ്ഞൊരു തൊഴികൊടുത്തു . പിച്ചാത്തി ദൂരേക്ക് തെറിച്ചുപോയി .
“ചോര കണ്ടില്ലേ ? ഇനി പോയിക്കൂടേ?”
ബാലചന്ദ്രന്‍ ചോദിച്ചു.
മീശപിരിച്ചുകൊണ്ട് മാധവന്‍ ബാലചന്ദ്രനെ നോക്കി അലറി .
“നിന്നെ തുണ്ടം തുണ്ടമാക്കിയില്ലെങ്കില്‍ എന്റെ പേര് നീ പട്ടിക്കിട്ടോ.”
” മാധവേട്ടന്‍ പോ. ഇല്ലെങ്കിൽ ചിലപ്പം ബാലൻസ് തെറ്റി ഇവിടെ വീണുപോകും ”
മാധവനെ പിടിച്ചയാള്‍ മുറ്റത്തേക്കിറക്കാൻ ശ്രമിച്ചു.
നടയിൽ നിന്ന് മുറ്റത്തേക്കിറങ്ങിയതും വീഴാൻ തുടങ്ങിയ അയാള്‍ ഒരുവിധത്തില്‍ ബാലന്‍സ് തെറ്റാതെ പിടിച്ചു നിന്നു. എന്നിട്ടു മുറ്റത്തു കിടന്ന പിച്ചാത്തിയെടുത്തിട്ടു തിരിഞ്ഞു നിന്ന് അലറി .
“മാധവന്‍ തോറ്റൂന്നു നീ കരുതണ്ട. നിന്നെ ഞാനെടുത്തോളാം.”
മുറ്റത്തേക്ക് ആഞ്ഞൊരു തുപ്പു തുപ്പിയിട്ടു അയാള്‍ നടന്നകന്നു.
ബാലചന്ദ്രന്‍ സുമിത്രയെ നോക്കി ചോദിച്ചു:
“ആരാ അയാള്? കള്ളുകുടിച്ചു ഫിറ്റാണല്ലോ ”
“അമ്മേടെ ഒരകന്ന ബന്ധുവാ. ആ മീശയും വാചകവും മാത്രമേയുള്ളൂ. പേടിച്ചുതൂറിയാ. രണ്ടുപേരെ കുത്തിമലത്തിയിട്ടു ജയിലിൽ പോയീന്നു പറഞ്ഞത് നുണയാ. വല്ല പട്ടിയേയോ പൂച്ചയേയോ കുത്തിയിട്ടുണ്ടാവും . പക്ഷെ തെറീടെ ആശാനാ . കണ്ണുപൊട്ടുന്ന സൈസ് തെറി പറയും . ”
“വാചകമേയുള്ളൂന്ന് എനിക്ക് കണ്ടപ്പഴേ തോന്നിയിരുന്നു. അതുകൊണ്ടാ ഞാൻ കൂടുതലൊന്നും പറയാതിരുന്നത് ”
”ഒന്നൂതിയാൽ പറന്നുപോകുന്ന ആളാണെന്നേ. കണ്ടില്ലേ ആ ശരീരം. കള്ളുകുടിച്ചു ചങ്കും കരളുമൊക്കെ പോയിക്കിടക്കുവാ . എന്നാലും വാചകത്തിന് ഒരു കുറവുമില്ല . അമ്മയുള്ളപ്പം വരില്ലായിരുന്നു . ഇപ്പം ഇടയ്ക്കിടെ വരും . അമ്പതോ നൂറോ കൊടുത്തു ഞാൻ പറഞ്ഞു വിടും ”
“ഞാന്‍ കാരണം സുമിത്രയ്ക്ക് പോരുദോഷമായി അല്ലേ?”
“ഇതിനേക്കാള്‍ എത്രയോ വലിയ പേരുദോഷം കേട്ടവളാ ഈ ഞാന്‍. എന്റെ മനസു ശുദ്ധമാണെന്ന് എനിക്ക് ബോധ്യമുണ്ട് . വേറാരുടെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട .”
“ഞാന്‍ ചോദിക്കാന്‍ വന്നത് അതിനെക്കുറിച്ചാ. നമുക്കകത്തേക്കിരിക്കാം.”
ബാലചന്ദ്രന്‍ സുമിത്രയെ വിളിച്ചുകൊണ്ട് അകത്തേക്കു കയറി.
സ്വീകരണമുറിയിലെ കസേരയില്‍ രണ്ടുപേരും ഇരുന്നു.
സുമിത്രയുടെ മുഖത്തേക്ക് നോക്കി സ്നേഹവായ്പോടെ ബാലചന്ദ്രന്‍ പറഞ്ഞു.
“ഞാന്‍ ചോദിക്കാന്‍ പോകുന്നത് സുമിത്രയെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാലും ചോദിക്കാതിരിക്കാനാവില്ല . എന്നോട് സത്യം മാത്രമേ പറയാവൂ. സത്യം പറഞ്ഞതുകൊണ്ട് സുമിത്രയ്ക്ക് ഒരു ദോഷവും ഉണ്ടാവില്ല. എനിക്ക് സുമിത്രയോടുള്ള സ്നേഹത്തിന് ഒട്ടും കുറവുവരികയുമില്ല.”
മുഖവുര കേട്ടപ്പോള്‍ തന്നെ സുമിത്രയുടെ ശ്വാസഗതി വർദ്ധിച്ചു .
” ബാലേട്ടനോട് സത്യമല്ലാതെ നുണ പറയാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ ? പ്രത്യേകിച്ച് നമ്മൾ തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് . ചോദിച്ചോ. സത്യം മാത്രമേ ഞാൻ പറയൂ . ”
ബാലചന്ദ്രന്‍ കുറച്ചുകൂടി ചേർന്നിരുന്നിട്ടു സ്വരം താഴ്ത്തി ചോദിച്ചു .
“സുമിത്ര എങ്ങനെയാണ് ആ കൊലക്കേസില്‍ പ്രതിയായത്? തുടക്കം മുതല്‍ ഒടുക്കംവരെയുള്ള കാര്യങ്ങള്‍ എനിക്കറിയണം. ഒന്നും മറച്ചുവയ്ക്കരുത് .”
സുമിത്രയുടെ കണ്ണുകള്‍ നിറയുന്നതു ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
“ബാലേട്ടാ…”
അവളുടെ ശബ്ദം ഇടറി.
പൊടുന്നനെ സുമിത്രയുടെ ഇരുകരങ്ങളും കൂട്ടി പിടിച്ചുകൊണ്ട് സ്നേഹവായ്‌പോടെ അയാള്‍ പറഞ്ഞു.
“എന്നോടിഷ്ടമുണ്ടെങ്കില്‍, എന്നോട് സ്നേഹമുണ്ടെങ്കില്‍, ഒന്നും മറച്ചുവയ്ക്കാതെ എല്ലാം തുറന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ എനിക്ക് സുമിത്രയെ സഹായിക്കാന്‍ പറ്റൂ . സത്യം തുറന്നു പറയുന്നതുകൊണ്ടു ഞാനൊരിക്കലും സുമിത്രയെ വെറുക്കില്ല.. യു കാൻ ബിലീവ് മി ”
സുമിത്രയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ബാലേട്ടന് എന്താ അറിയേണ്ടത്?”
ഇടറിയ സ്വരത്തിൽ അവള്‍ ചോദിച്ചു.
“സുമിത്രയാണോ സുകുമാരനെ കൊന്നത്? എന്നോട് സത്യം പറയൂ.”
“ഞാനല്ല… ഞാനല്ല അയാളെ കൊന്നത്. ഒരാളെ കൊല്ലാനുള്ള ശക്തി എനിക്കില്ല ബാലേട്ടാ. പോലീസുകാരോടെല്ലാം ഞാനിതു നൂറുവട്ടം പറഞ്ഞതാണ്. അവരെന്‍റെ തലേല്‍ ആ കുറ്റം കെട്ടിവച്ചതാണ്.”
“എനിക്ക് വിശ്വസിക്കാമോ ഈ വാക്കുകള്‍?”
“തീർച്ചയായും വിശ്വസിക്കാം ബാലേട്ടാ. ബാലേട്ടനോട് ഞാനൊരിക്കലും കള്ളം പറയില്ല. മരിച്ചുപോയ എന്‍റമ്മയാണെ സത്യം… ഞാനല്ല അയാളെ കൊന്നത്.”
“ഓക്കെ . ഞാനതു വിശ്വസിച്ചു. ഇനി രണ്ടാമത്തെ ചോദ്യം. സുമിത്രയല്ലെങ്കില്‍ പിന്നെ ആരാ അയാളെ കൊന്നത്?”
“എനിക്കറിഞ്ഞൂട ബാലേട്ടാ. ഞാന്‍ ചെന്നു നോക്കുമ്പം അയാളവിടെ മരിച്ചുകിടക്ക്വായിരുന്നു.”
“സുമിത്രയ്ക്ക് ആരെയെങ്കിലും സംശയമുണ്ടോ?”
“ഇല്ല.”
“സതീഷായിരിക്കുമോ അയാളെ കൊന്നത്?”
“യ്യോ… അങ്ങനെ ചിന്തിക്കുന്നതുപോലും പാപമാണ്. അത്രയ്ക്ക് നല്ല മനുഷ്യനാണദ്ദേഹം.”
“സുകുമാരന്‍റെ ഭാര്യ ശ്രീദേവിയായിരിക്കുമോ?”
എനിക്കറിഞ്ഞൂടാ. ആ സ്ത്രീയെ ഞാന്‍ കണ്ടിട്ടുപോലുമില്ല.”
“യഥാര്‍ഥ പ്രതിയെ കണ്ടുപിടിച്ചെങ്കില്‍ മാത്രമേ ഈ കേസില്‍നിന്ന് സുമിത്രക്കു രക്ഷപെടാൻ പറ്റൂ.”
“എന്തിനാ ബാലേട്ടന്‍ എന്നോടിത്ര സിമ്പതി കാണിക്കുന്നത്? ഞാന്‍ ബാലേട്ടന്‍റെ ആരുമല്ലല്ലോ.”
“ഇപ്പഴും അങ്ങനെയൊരു ചിന്തയാണോ മനസില്‍? എനിക്കിയാളെ ഇഷ്ടമായതുകൊണ്ടാ ഇങ്ങനെ വീണ്ടും വീണ്ടും ചോദിക്കുന്നത്. പറ, എന്താ അന്നു രാത്രി സംഭവിച്ചത്.”
“ഞാനൊരു തെറ്റേ ചെയ്തിട്ടുള്ളൂ. എന്‍റെ മാനം കളയുമെന്ന് അയാളു ഭീഷണിപ്പെടുത്തിയപ്പോള്‍ രാത്രിയില്‍ ആരും അറിയാതെ ഞാനയാളുടെ വീട്ടില്‍ പോയി. എന്‍റെ ശരീരം കാഴ്ചവയ്ക്കാന്‍ പോയതല്ല . കൈകൂപ്പി കരഞ്ഞ് എന്നെ അപമാനിക്കരുതെന്നപേക്ഷിക്കാൻ പോയതാ . രാത്രി ആരും അറിയാതെ പോയത് എന്റെ വലിയ തെറ്റുതന്നെയാ. അതിന്‍റെ ശിക്ഷ ഞാനൊരുപാട് അനുഭവിച്ചു ബാലേട്ടാ .”
“എനിക്ക് എല്ലാം വിശദമായി കേള്‍ക്കണം. കോളജില്‍ പഠിക്കുന്ന കാലത്ത് സുകുമാരനെ പരിചയപ്പെട്ടതു മുതല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെയുള്ള മുഴുവന്‍ സംഭവങ്ങളും വള്ളി പുള്ളി തെറ്റാതെ എന്നോട് പറയണം . പക്ഷേ, സത്യം മാത്രമേ പറയാവൂ. സത്യം മാത്രം.”
“പറയാം. സത്യം മാത്രമേ ഞാന്‍ പറയൂ. ഞാന്‍ പറയുന്നത് സത്യമല്ലെങ്കില്‍ ഈ ഭൂമി പിളര്‍ന്നു ഞാന്‍ പാതാളത്തിലേക്ക് താഴ്ന്നുപൊയ്ക്കോട്ടെ.”
“ഓക്കെ. പറയൂ എന്താ സംഭവിച്ചത്?”
സുമിത്ര ആ കഥ ബാലചന്ദ്രനോട് പറഞ്ഞു. തുടക്കം മുതല്‍ ഒടുക്കംവരെയുള്ള സംഭവ പരമ്പരകള്‍ വള്ളിപുള്ളി തെറ്റാതെ വിശദീകരിച്ചു .
എല്ലാം കേട്ടശേഷം ബാലചന്ദ്രന്‍ ചോദിച്ചു.
“സുകുമാരന്‍റെ സഹോദരി അശ്വതി എന്തിനാണ് പോലീസിനോട് സുമിത്രയ്ക്കെതിരെ കള്ളം പറഞ്ഞത്?”
“എനിക്കറിഞ്ഞൂടാ. എന്‍റെ ഏറ്റവുമടുത്ത ഫ്രണ്ടായിരുന്നു അവള്‍. അവളങ്ങനെ പറഞ്ഞപ്പം ഞാനതിശയിച്ചുപോയി. ഞങ്ങളുതമ്മില്‍ ഒരിക്കല്‍പോലും പിണങ്ങിയിട്ടുള്ളതുമല്ല.”
“കോളജിന്നു പോന്നതിനുശേഷം സുമിത്ര അവളെ കണ്ടിട്ടേയില്ല?”
“ഇല്ല. അതിനുശേഷം കണ്ടത് പോലീസ് എന്നെ അറസ്റ്റുചെയ്യുന്ന ദിവസം സുകുമാരന്റെ വീട്ടിൽ വച്ചാ . അവളുടെ ഒറ്റ മൊഴിയാ എന്റെ ജീവിതം മാറ്റിമറിച്ചത് . അവളു സത്യം പറഞ്ഞിരുന്നെങ്കില്‍ പോലീസെന്ന അറസ്റ്റുചെയ്യില്ലായിരുന്നു.”
“സുമിത്രയാണ് കൊന്നതെന്ന് അശ്വതിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചുകാണും! അതുകൊണ്ടാവും സുമിത്രയോടു അവൾക്ക് അത്രയ്ക്ക് ദേഷ്യം തോന്നിയത് ”
“എന്നാലും കോളജില്‍ നടന്ന സംഭവങ്ങള്‍ സത്യമാണെന്നവള്‍ക്കു പറയായിരുന്നല്ലോ! സുകുമാരൻ എടുത്ത ഫോട്ടോയെപ്പറ്റി ഞാനവളോട് സംസാരിച്ചിട്ടേയില്ലെന്നാണവളു പോലീസിനോട് പറഞ്ഞത്. ഞാനും സുകുമാരനും തമ്മിൽ പ്രേമമായിരുന്നു എന്ന മട്ടിലായിരുന്നു അവളുടെ സംസാരം . പോലീസിനോട് അവളെങ്ങനെ പറഞ്ഞത് കേട്ടപ്പോൾ ഞാൻ അന്തം വിട്ടുപോയി ”
” അതാണ് ഞാൻ പറഞ്ഞത് . സുമിത്രയാണ് അവളുടെ ആങ്ങളയെ കൊന്നതെന്ന മുൻ വിധിയോടെയാണ് അവൾ പൊലീസിന് ആ മൊഴി കൊടുത്തത് . സുമിത്രയെ എങ്ങനെയും ജയിലിലടക്കണമെന്ന് അവൾ ആഗ്രഹിച്ചുകാണും ”
”ചിലപ്പം അങ്ങനെയായിരിക്കാം. പോലീസുകാര് നേരത്തെ അവളോട് പറഞ്ഞിട്ടുണ്ടാവും ഞാനാ കൊന്നതെന്ന് . അതുകൊണ്ടു അവൾക്കെന്നോട് ദേഷ്യം തോന്നിക്കാണും . അതുകൊണ്ടായിരിക്കും അവൾ എന്നെ തള്ളിപ്പറഞ്ഞത് ”
“ഞാനൊന്നുകൂടി ചോദിക്കട്ടെ. സതീഷിന് സുകുമാരനോട് വൈരാഗ്യമുണ്ടായിരുന്നോ?”
“എനിക്കറിഞ്ഞൂടാ. എന്തായാലും അദ്ദേഹമല്ല സുകുമാരനെ കൊന്നത്. അദ്ദേഹം അന്നുരാത്രി വീട്ടിലില്ലായിരുന്നു.”
“യേസ്. അതുകൊണ്ടുതന്നെ അയാളേം സംശയിച്ചൂടേ? അയാൾ അന്ന് രാത്രി എവിടെയായിരുന്നു എന്ന് അയാള് പറഞ്ഞുള്ള അറിവല്ലേ സുമിത്രക്കുള്ളൂ . അത് സത്യമായിരിക്കണമെന്നില്ലല്ലോ ”
“എനിക്കങ്ങനെ ചിന്തിക്കാന്‍പോലും പറ്റില്ല. അത്രനല്ല മനുഷ്യനാ അയാള്.”
“പഠിച്ച കള്ളന്മാര് പുറമേ നല്ലവരായിട്ട് അഭിനയിക്കും . ”
“അങ്ങനെയാണെങ്കില്‍ എനിക്ക് ബാലേട്ടനെപോലും വിശ്വസിക്കാന്‍ പറ്റില്ലല്ലോ?”
“ഇല്ല. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. ജയദേവനെ കണ്ണടച്ചു വിശ്വസിച്ചിട്ട് അയാളു കൈയൊഴിഞ്ഞില്ലേ?”
സുമിത്ര ഒന്നും മിണ്ടിയില്ല..
“ഏറ്റവും അടുത്ത കൂട്ടുകാരി ശശികലയും വഞ്ചിച്ചില്ലേ?”
“നേരാ… എല്ലാവരും എന്നെ വഞ്ചിച്ചു. ഇനി ബാലേട്ടനും കൂടി വഞ്ചിച്ചാല്‍ എനിക്ക് അത് താങ്ങാനുള്ള കരുത്തുണ്ടാവില്ല .”
“നമുക്കിപ്പം നിറുത്താം. അജിത്മോന്‍ വരാന്‍ സമയമായില്ലേ? ഞാന്‍ പോട്ടെ.”
ബാലചന്ദ്രന്‍ എണീറ്റു.
“ഞാന്‍ പറഞ്ഞതൊക്കെ നുണയാണെന്നു വിശ്വസിക്കുന്നുണ്ടോ?”
അവള്‍ വികാരവായ്പോടെ ചോദിച്ചു.
“ഒരിക്കലുമില്ല. സുമിത്രയെ ഈ കേസില്‍നിന്ന് രക്ഷപ്പെടുത്താൻ പറ്റുമോന്നു ഞാന്‍ നോക്കാം; എന്‍റെ കഴിവിന്‍റെ പരമാവധി. വരട്ടെ.”
ബാലചന്ദ്രന്‍ വരാന്തയിലേക്കിറങ്ങി. പിന്നാലെ സുമിത്രയും.
ഗേറ്റിനരികില്‍ നാലഞ്ചുപേര്‍ കൂടിനിന്ന് എന്തോ ഗൗരവമായി ചര്‍ച്ചചെയ്യുന്നത് അവര്‍ കണ്ടു.
ബാലചന്ദ്രന്‍ സുമിത്രയെ നോക്കി. സുമിത്രയ്ക്കും എന്തോ പന്തികേടുതോന്നി.
ബാലചന്ദ്രന്‍ പടിയിറങ്ങി മുറ്റത്തേക്കു കാലെടുത്തുവച്ചതും അവര്‍ ഗേറ്റുതുറന്നു അകത്തോട്ട് കയറിവന്നു.
കരടി മാധവനുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.
“ഈ പരിപാടി ഇവിടെ നടക്കിയേല?”
കൂട്ടത്തില്‍ താടിവച്ച, തടിയനായ ഒരു യുവാവ് ഗൗരവഭാവത്തിൽ ബാലചന്ദ്രനെ നോക്കി പറഞ്ഞു.
“ഏതു പരിപാടി?”
“അതു ഞങ്ങളു വെട്ടിത്തുറന്നു പറയണോ?” – വേറൊരാള്‍ ചോദിച്ചു.
“കുറേനാളായി ഞങ്ങളിതു കാണുന്നു. സിനിമക്കാരനാന്നു പറഞ്ഞു ആരോരുമില്ലാത്ത ഒരു പെണ്ണിന്റെ വീട്ടിൽ കേറി അവളെ വീഴിച്ചെടുക്കാനുള്ള നിന്റെ ഈ ലൗ ജിഹാദ് പരിപാടിയുണ്ടല്ലോ, അതീ ഈ നാട്ടിൽ വേണ്ട . മേലില്‍ ഈ മുറ്റത്തു കാലുകുത്തിയാല്‍ നിന്‍റെ കാലു ഞങ്ങളു തല്ലിയൊടിക്കും.”
“മാധവന്‍ കൂട്ടിക്കൊണ്ടുവന്നതാണോ നിങ്ങളെ?”
ബാലചന്ദ്രന്‍ ഓരോരുത്തരേയും മാറിമാറി നോക്കി.
“ഞങ്ങളിതു കുറെനാളായി കാണുന്നു. ഒരു പെണ്ണുമാത്രം താമസിക്കുന്നിടത്ത് കേറി നിരങ്ങാന്‍ നിനക്കാരാടാ ലൈസന്‍സ് തന്നത്?”
“ഞാനാ.”
അങ്ങനെ പറഞ്ഞുകൊണ്ട് സുമിത്ര മുറ്റത്തേക്ക് ചാടി ഇറങ്ങി..
“ഓഹോ… അപ്പം നിന്നെ കറക്കി വീഴിച്ചു ഇവന്‍?”
“വീഴിച്ചെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും നഷ്ടമൊന്നുമില്ലല്ലോ? നിങ്ങളാരെങ്കിലുമാണോ എനിക്ക് ചിലവിനു തരുന്നത് ! ഒരു സദാചാര പോലീസ് വന്നിരിക്കുന്നു. എന്നെ രക്ഷിക്കാൻ നിങ്ങളാരും വരണ്ട. ഞാൻ പ്രായപൂർത്തിയായ പെണ്ണാ . എന്തുചെയ്യണമെന്നും ചെയ്യണ്ടാന്നുമൊക്കെ എനിക്ക് നന്നയിട്ടറിയാം. നിങ്ങളു നിങ്ങടെ പാട്ടിനു പോ. ഈ മുറ്റത്തുനിന്ന് വല്ലതും പറഞ്ഞാൽ എന്നെ പീഡിപ്പിച്ചൂന്നു പറഞ്ഞു ഞാൻ കേസുകൊടുക്കും . ജാമ്യം പോലും കിട്ടാതെ അകത്തുകിടക്കേണ്ടി വരും എല്ലാവരും . അതുവേണോ ?”
“വെറുതെയല്ല നിന്‍റെ മറ്റവന്‍ നിന്നെ ഉപേക്ഷിച്ചുപോയത്. കയ്യിലിരുപ്പ് ഇതല്ലേ.”
“ഉപേക്ഷിച്ചു പോയെങ്കിൽ അത് ഞാൻ സഹിച്ചോളാം. ഇറങ്ങ് എല്ലാവരും എന്റെ മുറ്റത്തുനിന്ന് ;;
“വാടാ. ഇവളോട്‌ സംസാരിച്ചിട്ടു പ്രയോജനമൊന്നുമില്ല. വാ നമുക്ക് പോകാം.”
കൂടെ വന്നവരെ വിളിച്ചുകൊണ്ട് താടിക്കാരൻ സ്ഥലംവിട്ടു. മാധവനും അവരോടൊപ്പം പിൻവലിഞ്ഞു .
”എവിടുന്നു കിട്ടി ഈ തന്‍റേടം?”
സുമിത്രയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“ഇത്തിരി തന്‍റേടമില്ലെങ്കില്‍ ഇവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടാ ബാലേട്ടാ.”
“വേണം. ഇതുപോലുള്ള തന്‍റേടം വേണം പെണ്ണുങ്ങൾക്ക് . എനിക്കിഷ്ടപ്പെട്ടു ആ ഡയലോഗ് ”
” ബാലേട്ടൻ അടുത്തുണ്ടായിരുന്നതുകൊണ്ടാ അത്രയും പറയാൻ ധൈര്യം വന്നത്”
”നന്നായി. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു . ”
” മാധവനമ്മാവൻ കൂട്ടിക്കൊണ്ടു വന്നതാ അവരെ ”
”അത് കണ്ടപ്പം മനസിലായി. ഇങ്ങനെയും ചില ബന്ധുക്കൾ ,അല്ലേ ”
”ഉം ”
സുമിത്ര ചിരിച്ചു.
”വരട്ടെ ”
യാത്ര പറഞ്ഞിട്ട് ബാലചന്ദ്രന്‍ കാറിലേക്കു കയറി. കാര്‍ സാവധാനം റോഡിലേക്കുരുണ്ടു. അതു കണ്ണില്‍ നിന്നു മറയുന്നതു വരെ സുമിത്ര അവിടെതന്നെ നിന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here