Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 39

1760
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 39

ഗേറ്റുകടന്ന് കാർ മുറ്റത്തേക്ക് കയറിയപ്പോള്‍ അനു അദ്ഭുതപ്പെട്ടുപോയി.
പഴയ വീട് ആകെ മാറിയിരിക്കുന്നുവല്ലോ !
പോര്‍ച്ചില്‍ കാര്‍ നിറുത്തിയിട്ടു ജാസ്മിന്‍ പുറത്തേക്കു ഇറങ്ങി . എന്നിട്ടു വന്ന് അനുവിന്റെ വശത്തെ
ഡോര്‍ തുറന്നു പിടിച്ചിട്ട് പറഞ്ഞു.
“ഇറങ്ങ് മോളെ …”
അനു കാറിൽ നിന്ന് ഇറങ്ങിയിട്ട് അവിടെ തന്നെ നിന്നപ്പോള്‍ അവളുടെ കരം പിടിച്ചുകൊണ്ടു ജാസ്മിൻ പറഞ്ഞു :
“എന്താ നോക്കിനിക്കുന്നേ ? വാ …, ഇത് അന്യവീടൊന്നുമല്ലല്ലോ. നീ ഒരുപാട് തവണ കേറി ഇറങ്ങിയ വീടല്ലേ . അല്പം മോഡിഫിക്കേഷൻ വരുത്തീട്ടുണ്ടന്നെയുള്ളൂ ”
അവളുടെ കൈപിടിച്ചുകൊണ്ട് വരാന്തയിലേക്കു കയറിയിട്ട് ജാസ്മിൻ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
” നിന്നെ കാണുമ്പോള്‍ അമ്മയ്ക്കു സര്‍പ്രൈസാകും…”
അനു ആകാംക്ഷയോടെ കാത്തു നിൽക്കുമ്പോൾ വാതില്‍ തുറന്നു പ്രത്യക്ഷപ്പെട്ടത്‌ ജാസ്മിന്റെ മകൻ അഖിലായിരുന്നു .
“ഹായ് അമ്മേ …”
അവൻ ഓടിവന്ന് ജാസ്മിന്‍റെ കൈയില്‍ തൂങ്ങി.
പിന്നാലെ ശീതളും ഓടിവന്നു. രണ്ടുപേരെയും ചേര്‍ത്തുപിടിച്ചിട്ടു ജാസ്മിന്‍ അനുവിനെ നോക്കി പറഞ്ഞു..
“എന്‍റെ മക്കളാ..അഖിലും ശീതളും .”
“ഇതാരാ അമ്മേ ?”
ശീതള്‍ അനുവിനെ നോക്കി ചോദിച്ചു.
“ഞാൻ പറയാറില്ലേ ഒരു അനു ആന്റിയെ ക്കുറിച്ച്? ആ ആന്റിയാ മോളെ ഇത്. ങ്ഹാ… അമ്മച്ചി എവിടെ മോളെ …?”
“അമ്മച്ചി കുളിക്ക്വാ…”
അനുവിനെ സ്വീകരണമുറിയില്‍ കയറ്റി ഇരുത്തിയിട്ട് ജാസ്മിന്‍ വേഷം മാറാന്‍ പോയി.
അനു ചുറ്റും നോക്കി.
എന്തുമാത്രം മാറ്റം വന്നിരിക്കുന്നു പഴയ സ്വീകരണമുറിക്ക്. എത്ര മനോഹരമായാണ് ഇപ്പോൾ അത് ഡിസൈൻ ചെയ്തിരിക്കുന്നത് ! ഭാഗ്യവതിയാണു ജാസ്മിന്‍.
സ്നേഹിക്കാന്‍ ഒരു ഭര്‍ത്താവും രണ്ടു കുട്ടികളും പിന്നെ ഇട്ടുമൂടാന്‍ സ്വത്തും. ഇതില്‍ കൂടുതല്‍ എന്തു വേണം ഒരു സ്ത്രീക്ക് ?
അവൾ അഖിലിനെയും ശീതളിനെയും അടുത്ത് പിടിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചു.
വേഷം മാറിയിട്ട് ജാസ്മിന്‍ തിരിച്ചു സ്വീകരണമുറിയില്‍ വന്നപ്പോൾ അനുവിനോട് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു ശീതൾ .
” ങാഹാ .. നീ എന്നാ വിശേഷങ്ങളാ ആന്റിയെ പറഞ്ഞു കേൾപ്പിക്കുന്നത്? ” ചിരിച്ചുകൊണ്ട് ജാസ്മിൻ ചോദിച്ചു.
”സ്‌കൂളിലെ കാര്യങ്ങൾ പറയുവായിരുന്നു ” അനുവാണ്‌ മറുപടി പറഞ്ഞത് .
”അവളു വല്യ വായാടിയാ ”
അനുവിന് മാറാനുള്ള ഡ്രസ്സ് നീട്ടിയിട്ട് ജാസ്മിൻ പറഞ്ഞു.
“ഡ്രസുമാറിയിട്ട് പോയി നന്നായി ഒന്നു കുളിക്ക്. മനസും ശരീരവുമൊക്കെ ഒന്ന് തണുക്കട്ടെ ..”
അനുവിനെ എഴുന്നേല്പിച്ച് അവള്‍ ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞുവിട്ടു.
അനു വേഷം മാറി, കുളിച്ചു ഫ്രഷായി വന്നപ്പോള്‍ സ്വീകരണ മുറിയിലെ സെറ്റിയിൽ മേരിക്കുട്ടി ഇരിപ്പുണ്ടായിരുന്നു .
“എന്‍റെ കൊച്ചിനെ കണ്ടിട്ട് എത്രകാലായി.”
മേരിക്കുട്ടിഎണീറ്റ് വന്നു അവളുടെ കരം പുണര്‍ന്നുകൊണ്ട് ചോദിച്ചു.
“മോളു തനിച്ചാണോ വന്നത്?”
“ഉം…”
“ഒരുപാട് മെലിഞ്ഞു പോയല്ലോ നീ ! ഇപ്പം എവിടാ താമസിക്കുന്നത് ?”
അതിനവള്‍ മറുപടി പറഞ്ഞില്ല.
ആ സമയം ചായയുമായി ജാസ്മിന്‍ സ്വീകരണ മുറിയിലേക്ക് വന്നു.
അനുവിന്‍റെ നേരെ ചായ നീട്ടിയിട്ട് ജാസ്മിന്‍ മേരിക്കുട്ടിയെ നോക്കി പറഞ്ഞു:
“അനു ജോലി അന്വേഷിച്ചു വന്നതാ അമ്മേ.”
”ആണോ മോളെ ?”
”ഉം ”
ചായ കുടിച്ചിട്ട് കപ്പ് അവൾ ടീപ്പോയിൽ വച്ചു.
”നീ അവിടെ ഇരുന്നേ . കാര്യങ്ങളൊക്കെ ചോദിക്കട്ടെ ”
അനുവിനെ പിടിച്ചു സെറ്റിയിൽ ഇരുത്തിയിട്ടു തൊട്ടടുത്ത് ജാസ്മിനും ഇരുന്നു . അഭിമുഖമായി മേരിക്കുട്ടിയും ഇരുന്നു .
”മനസും ശരീരവുമൊക്കെ തണുത്തില്ലേ ? ഇനി പറ. നീ ഇപ്പം എവിടുന്നാ വരുന്നത്…?”
എല്ലാ കാര്യങ്ങളും തുറന്നു പറയാമെന്നു അനു തീരുമാനിച്ചു. അതു കേള്‍ക്കുമ്പോഴെങ്കിലും മനസലിവു തോന്നി ഒരു ജോലി തന്നാലോ ?
“ഞാനിപ്പം വരുന്നത് പുന്നശ്ശേരിന്നാ.”
“ഇപ്പം അവിടാണോ താമസം?”
“ഉം…”
“ആഗ്നസാന്‍റിയും ടോണിയും?”
“അമ്മ എന്‍റെ കൂടെയാ. ചേട്ടായി എവിടാണെന്നറിയില്ല…”
അനുവിന്‍റെ സ്വരം പതറി .
ജാസ്മിനും മേരിക്കുട്ടിയും മുഖത്തോടു മുഖം നോക്കി.
“എന്താ സംഭവിച്ചതെന്നു പറ. എനിക്കെല്ലാം കേള്‍ക്കണം…”
കുറച്ചുകൂടി ചേർന്ന് ഇരുന്നിട്ട് ജാസ്മിൻ കാതുകൂർപ്പിച്ചു.
“പറ മോളെ. എന്താ ഉണ്ടായത്.?” -മേരിക്കുട്ടിയും നിര്‍ബന്ധിച്ചു.
ഷാൾ കൊണ്ടു കണ്ണുകള്‍ ഒപ്പിയിട്ട് അനു ആ കഥ പറയാന്‍ തുടങ്ങി.
“ചേട്ടായിടെ കല്യാണം കഴിഞ്ഞതോടെ ഞങ്ങടെ കഷ്ടകാലം തുടങ്ങി ചേച്ചീ.”- വിങ്ങിപ്പൊട്ടിക്കൊണ്ടു അവൾ തുടര്‍ന്നു: “അതിരേച്ചിടെ നിര്‍ബന്ധം കാരണം ഇവിടുത്തെ വീടും പറമ്പും വിറ്റിട്ടു ചേട്ടായി ടൗണിലേക്ക് താമസം മാറ്റി. ഞങ്ങളും കൂടെപ്പോകാൻ നിർബന്ധിതരായി . അമ്മയ്ക്കു പോകാനൊട്ടും ഇഷ്ടമില്ലായിരുന്നു. ഇവിടെ ഒറ്റയ്ക്ക് താമസിച്ചാൽ എന്റെ കല്യാണം നടക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലായപ്പം ഞാനും അമ്മയും പോയി ടോണിയുടെകൂടെ താമസമാക്കി . ടൗണിൽ വീടുവാങ്ങിയ വകയില്‍ കുറേ രൂപ കടം വന്നു. വീടുവിറ്റുകിട്ടിയ തുകയില്‍ നയാപൈസപോലും എനിക്കുവേണ്ടി ചേട്ടായി മാറ്റിവച്ചില്ല. എന്റെ വീതം ബാങ്കിലിടണമെന്നു ‘അമ്മ പറഞ്ഞിട്ടും ചേട്ടായി കേട്ടില്ല . എനിക്കു വന്ന കല്യാണാലോചനകളൊക്കെ ഓരോ കാരണം പറഞ്ഞു അതിരേച്ചി മുടക്കിക്കൊണ്ടിരുന്നു. ചേച്ചി പറയുന്നതുപോലെയേ ചേട്ടായി കേള്‍ക്കുമായിരുന്നുള്ളൂ. ഒരിക്കൽ എല്ലാംകൊണ്ടും നല്ല ഒരാലോചന വന്നു. എനിക്കും അമ്മയ്ക്കും ചേട്ടായിക്കും ഇഷ്ടമായി. മനസമ്മതവും നടന്നു. പക്ഷേ, എനിക്ക് സ്വഭാവദൂഷ്യമുണ്ടെന്നു പറഞ്ഞ് പിന്നീട് അയാളു പിന്‍വാങ്ങി. എനിക്കതു സഹിക്കാന്‍ പറ്റുമായിരുന്നില്ല. പിന്നീടു ഞാന്‍ ഒരു ജീവച്ഛവംപോലെയായിരുന്നു ആ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഒടുവില്‍ ഞാനറിഞ്ഞു, എനിക്കു സ്വഭാവദൂഷ്യമുണ്ടെന്നു പറഞ്ഞ് എന്‍റെ കല്യാണം മുടക്കിയത് ആതിരേച്ചിയായിരുന്നെന്ന്. എനിക്ക് അടക്കാനാവാത്ത ദേഷ്യവും സങ്കടവും വന്നു. വായില്‍ വന്നതൊക്കെ ഞാന്‍ വിളിച്ചുപറഞ്ഞു. അമ്മയും പൊട്ടിത്തെറിച്ചു. ഒന്നും രണ്ടും പറഞ്ഞു വഴക്കായപ്പോള്‍ അതിരേച്ചി എന്‍റെ കരണത്തടിച്ചു. പിന്നെ ഒരു നിമിഷംപോലും ഞാനും അമ്മയും ആ വീട്ടില്‍ നിന്നില്ല.” അനു ഒന്നു നിറുത്തിയിട്ടു മേരിക്കുട്ടിയെ നോക്കി.
“എന്നിട്ട്….?”
“ഞാനും അമ്മയും ഒരു വാടകവീട്ടിലേക്കു താമസം മാറ്റി. ആദ്യമൊക്കെ ജീവിക്കാന്‍ വല്യ ബുദ്ധിമുട്ടായിരുന്നു. അമ്മ കൂലിപ്പണിക്കു പോകാന്‍ തുടങ്ങി. ആ കാശുകൊണ്ടാ പട്ടിണി കൂടാതെ ഞങ്ങൾ ജീവിച്ചു പോന്നത് .
“ടോണി നിങ്ങളെ അന്വേഷിച്ചു വന്നില്ലേ?”
ജാസ്മിന്‍ ചോദിച്ചു.
“ഇല്ല . സത്യത്തിൽ ചേട്ടായിക്ക് ചേച്ചിയെ പേടിയായിരുന്നു. വിവാഹമോചനം നടത്തുമെന്നൊക്കെ പറഞ്ഞു അതിരേച്ചി ചേട്ടായിയെ പേടിപ്പിച്ചുകൊണ്ടിരുന്നു ”
”ടോണി നിങ്ങളെ ഫോൺ വിളിച്ചുപോലുമില്ലേ ?”
”എന്റെ ഫോൺ അതിരേച്ചി എടുത്തു തല്ലിപ്പൊട്ടിച്ചു കളഞ്ഞായിരുന്നു . ഫോണില്ലാതെയാ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത് ”
” നിങ്ങള് പിന്നെ ടോണിയെ വിളിച്ചുമില്ലേ ?”
”വിളിച്ചു . പക്ഷേ ഫോൺ എപ്പഴും സ്വിച്ചോഫായിരുന്നു. ആ നമ്പർ മാറീന്നു പിന്നീട് മനസിലായി ”
”പിന്നെ എന്തുണ്ടായി ?”
“കുറച്ചുനാളു കഴിഞ്ഞപ്പോള്‍ എനിക്കൊരു കമ്പ്യൂട്ടര്‍ സെന്‍ററില്‍ ജോലി കിട്ടി. മാസം അയ്യായിരം രൂപ ശമ്പളം കിട്ടുമായിരുന്നു. പക്ഷേ….”
“പക്ഷേ….”
“കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ ഉടമസ്ഥന്‍ ഒരു ചീത്ത മനുഷ്യനായിരുന്നു. അയാള്‍ക്കെന്‍റെ ശരീരം വേണം. ശല്യം സഹിക്കാനാവാതെ വന്നപ്പം ഞാന്‍ ആ ജോലി ഉപേക്ഷിച്ചു. പിന്നെ ജീവിതം വല്യ ബുദ്ധിമുട്ടായിരുന്നു ചേച്ചീ. പല ദിവസവും ഞങ്ങളു പട്ടിണി കിടന്നിട്ടുണ്ട്. അമ്മ എന്നും കരച്ചിലു തന്നെ . എന്റെ കല്യാണം നടക്കാ ത്തിലായിരുന്നു അമ്മക്ക് വിഷമം . ജീവിതം അവസാനിപ്പിച്ചാലോന്ന് ഞാൻ പലവട്ടം ആലോചിച്ചതാ . അമ്മയ്ക്ക് പിന്നെ ആരുണ്ട് എന്ന് ഓര്‍ത്തപ്പം അതിനുള്ള കരുത്തു ചോര്‍ന്നുപോയി.”
അനു ഏങ്ങലടിച്ചു .
“അമ്മ ഇപ്പം എവിടുണ്ട്?”
“പുന്നശ്ശേരീല് ഒരു വാടകവീട്ടിലാ ഞങ്ങളിപ്പം താമസിക്കുന്നത്. അമ്മയ്ക്കു വയ്യ. പ്രഷറ് , പ്രമേഹം , കൊളസ്‌ട്രോൾ – ഇല്ലാത്ത അസുഖങ്ങളൊന്നുമില്ല. അമ്മേടെ കണ്ണടഞ്ഞാല്‍ എനിക്കാരുണ്ടെന്നു പറഞ്ഞ് അമ്മ എപ്പഴും കരച്ചിലാ …”
“ടോണി ഇപ്പം എവിടാ താമസിക്കുന്നേ ?”
“അറിയില്ല . പത്തു പന്ത്രണ്ടു വര്‍ഷമായി ഞങ്ങളു ചേട്ടായിയെ കണ്ടിട്ട്. ടൗണിലെ വീടുവിറ്റ് ദൂരേയ്‌ക്കെങ്ങോ പോയീന്നു കേട്ടു . ഇപ്പം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും അറിയില്ല.”
“ഞങ്ങൾ ഇവിടെ താമസം തുടങ്ങീന്നു നിന്നോടാരാ പറഞ്ഞത്?”
ജാസ്മിന്‍ ചോദിച്ചു.
“റെഡിമെയ്‌ഡ്‌ കടേടെ ഉദ്ഘാടനത്തിന്‍റെ വാര്‍ത്ത പത്രത്തില്‍ വായിച്ചു. ചേച്ചീടെ ഫോട്ടോയും ഉണ്ടായിരുന്നല്ലോ. .”
“വാര്‍ത്ത വന്നിട്ട് അഞ്ചെട്ടു മാസമായല്ലോ. എന്നിട്ട് ഇപ്പഴാണോ അന്വേഷിച്ചുവരാന്‍ തോന്നീത്?”
“കഴിഞ്ഞയാഴ്ച പച്ചക്കറി പൊതിഞ്ഞുകൊണ്ടുവന്ന പത്രക്കടലാസു കണ്ടപ്പഴാ ഞങ്ങളീ വാര്‍ത്ത കണ്ടത് . ചേച്ചി സഹായിക്കാതിരിക്കില്ലെന്നു പറഞ്ഞ് അമ്മ എന്നെ നിര്‍ബന്ധിച്ചു പറഞ്ഞുവിട്ടതാ .”
“അമ്മ ഇപ്പം വീട്ടില്‍ തനിച്ചാ?”
“ഉം…”
“ഇവിടെ വന്നാല്‍ ജോലി കിട്ടുമെന്ന് അമ്മ പറഞ്ഞോ?”
“ഉം…”
അവള്‍ തലയാട്ടി.
“എന്തു ജോലിയാ നിനക്കു ചെയ്യാന്‍ പറ്റുക?”
“എന്തു വേണമെങ്കിലും ചെയ്യാം.”
“ഈ വീട്ടിലെ വേലക്കാരിയായിട്ടു നില്‍ക്കാന്‍ പറ്റ്വോ?”
“നിൽക്കാം .”
“അപ്പം അമ്മ?”
“അമ്മയെ ഇങ്ങോട്ടു കൊണ്ടുവന്നിട്ട് ഇവിടെ എവിടെങ്കിലും വാടകക്ക് താമസിച്ചോളാം ”
ജാസ്മിന്‍ തെല്ലുനേരം അവളെ സൂക്ഷിച്ചുനോക്കിഇരുന്നു . എന്തു ജോലിയും ചെയ്യാൻ തയ്യാറായി തന്റെ മുൻപിൽ പ്രതീക്ഷയോടെ ഇരിക്കുന്നു പാവം പെണ്ണ് . കൊച്ചുന്നാളിൽ ഇവളെ കൈപിടിച്ചു സ്‌കൂളിൽ കൊണ്ടുപോയ രംഗമാണ് ഇപ്പോൾ മനസിൽ വരുന്നത്. രാത്രി ഒന്നിച്ചു കിടക്കുമ്പോൾ എന്തുമാത്രം കഥകൾ പറഞ്ഞു താൻ ഇവളെ സന്തോഷിപ്പിച്ചിരിക്കുന്നു . ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു . ജാസ്മിൻ വേഗം അവിടെ നിന്ന് എണീറ്റ് മാറി .
മേരിക്കുട്ടി പിന്നെയും ഓരോന്ന് ചോദിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു.
അനുവിനുവേണ്ടി അന്ന് വിഭവസമൃദ്ധമായ സദ്യയൊരുക്കി മേരിക്കുട്ടി.
ഉറങ്ങാന്‍ നേരമായപ്പോള്‍ ജാസ്മിന്‍ അവള്‍ക്ക് ഗസ്റ്റ് റൂമില്‍ കിടക്ക ഒരുക്കിക്കൊടുത്തു.
“സുഖമായിട്ടു കിടന്നുറങ്ങ്. കേട്ടോ . ക്ഷീണോം തളര്‍ച്ചേം ഒക്കെ മാറട്ടെ.”
ഗുഡ്നൈറ്റ് പറഞ്ഞിട്ട് ജാസ്മിന്‍ തന്‍റെ കിടപ്പു മുറിയിലേക്കു പോയി.
അനുവിന് ഉറക്കം വന്നില്ല.
അമ്മയെക്കുറിച്ചോര്‍ത്തു വിഷമിച്ചു കിടക്കുകയായിരുന്നു . അമ്മ ഇപ്പോള്‍ എന്തു ചെയ്യുകയാവും? ഉറങ്ങിക്കാണുമോ? ഉറങ്ങാന്‍ വഴിയില്ല. തന്നെക്കുറിച്ചോര്‍ത്തു വേവലാതിപ്പെട്ടിരിക്കയാവും.
രാത്രിയില്‍ അമ്മയ്ക്ക് ശ്വാസംമുട്ടലോ, തളര്‍ച്ചയോ ഉണ്ടായാല്‍ ആരുണ്ട് സഹായത്തിന്? തൊട്ടടുത്തു വീടുണ്ട്. എന്നാലും അമ്മ ആരെയും വിളിക്കില്ല. ആരെയും ബുദ്ധിമുട്ടിക്കുന്നതമ്മയ്ക്കിഷ്ടമല്ല.
ഇന്നുതന്നെമടങ്ങിപ്പോയേക്കാമായിരുന്നു .
ജോലി കിട്ടുമെന്ന് ഇപ്പോഴും ഉറപ്പില്ലല്ലോ . തരാമെന്നു പറഞ്ഞില്ലല്ലോ .
ഓരോന്നു ചിന്തിച്ച് , തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ ഉറങ്ങി.
വെളുപ്പിന് ജാസ്മിന്‍ വന്നു വിളിച്ചുണര്‍ത്തുകയായിരുന്നു.
“എന്തൊരുറക്കമാ ഇത്. മണി ഏഴര കഴിഞ്ഞു.”
കണ്ണു തിരുമ്മി അവൾ എഴുന്നേറ്റു.
“ഒരുപാടു കാലമായി ചേച്ചി നന്നായിയിട്ടൊന്നുറങ്ങീട്ട്.”
അവൾ എണീറ്റു മുടി ഒതുക്കി കെട്ടിവച്ചു. എന്നിട്ട് വാഷ്ബേസിനില്‍ വന്നു കണ്ണും മുഖവും കഴുകി.
അപ്പോഴേക്കും ജാസ്മിൻ ചായയുമായി വന്നു.
അനു ചായ വാങ്ങി മെല്ലെ ഊതിക്കുടിച്ചു.
“വീട്ടില്‍ അമ്മ തനിച്ചല്ലേയുള്ളൂ.?”
ജാസ്മിന്‍ ചോദിച്ചു.
“ഉം…”
“ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വേഗം പൊയ്‌ക്കോ. ഞാൻ കാറ് വിട്ടു തരാം . ഡ്രൈവർ വീട്ടിൽ കൊണ്ടാക്കും ”
“ജോലി ?.” അവൾ പ്രതീക്ഷയോടെ നോക്കി.
”നിനക്കു പറ്റിയ ജോലിയൊന്നും ഇപ്പം ഇവിടില്ല. ഉണ്ടാകുമ്പം അറീക്കാം കേട്ടോ.. ”
ഹൃദയം പിളരുന്നതുപോലെ തോന്നി അനുവിന്. അവളുടെ കണ്ണുകള്‍ നിറഞ്ഞു .
അതു കാണാത്ത മട്ടില്‍ ജാസ്മിന്‍ വേഗം അവിടെനിന്നു പോയി.
വന്നതു വെറുതെയായായല്ലോ എന്ന് അനു ഓർത്തു . ഇനി അമ്മയോടെന്തു മറുപടി പറയും? ജാസേ ച്ചി നിഷ്കരുണം കൈയൊഴിഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ അമ്മയ്ക്കു അത് സഹിക്കാന്‍ പറ്റുമോ? എത്ര പ്രതീക്ഷയോടെയാണമ്മ തന്നെ പറഞ്ഞു വിട്ടത്!
ഒരു തുള്ളി കണ്ണീർ അറിയാതെ നിലത്തു വീണ് പടർന്നു .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here