Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 51

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 51

2344
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 51

ഒരു ദിവസം ഉച്ചകഴിഞ്ഞ നേരം.
പാത്രം കഴുകാനായി ടാപ്പ് തുറന്നപ്പോഴാണ് ടാങ്കിൽ വെള്ളമില്ലെന്ന കാര്യം സുമിത്ര അറിഞ്ഞത്. മോട്ടർ ഓൺ ചെയ്യാനാണെങ്കിൽ കറന്റുമില്ല .
പിന്നാമ്പുറത്തെ കിണറ്റിൽ നിന്ന് വെള്ളം കോരി ബക്കറ്റിൽ നിറച്ച് വീട്ടിലേക്കു കൊണ്ടുവരുമ്പോഴാണ് ഡോർ ബെൽ ശബ്ദിക്കുന്നത് കേട്ടത് . ആരാണ് ഈ സമയത്ത് എന്ന ആകാംക്ഷയോടെ അവൾ തോർത്തെടുത്ത് കയ്യും മുഖവും തുടച്ചിട്ട് പിന്നാമ്പുറത്തുകൂടി മുറിയിൽ കയറി വരാന്തയിലേക്കുള്ള വാതിൽ തുറന്നു !
ചിരിച്ചുകൊണ്ട് സതീഷും മഞ്ജുളയും ഭവാനിയമ്മയും വരാന്തയിൽ ! സതീഷിന്‍റെ തോളില്‍ അഭിക്കുട്ടൻ !
കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല അവൾക്ക് .
“സര്‍പ്രൈസായിരിക്കുന്നല്ലോ!”
മഞ്ജുളയെ നോക്കി അതിശയത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും അവൾ പറഞ്ഞു.
“സര്‍പ്രൈസായിക്കോട്ടേന്നു കരുതിയാ വിളിക്കാതെ വന്നത്.”
മഞ്ജുളയും ഹൃദ്യമായി ചിരിച്ചു.
സുമിത്ര വരാന്തയിലേക്കിറങ്ങിയിട്ട് സതീഷിന്‍റെ കൈയില്‍നിന്ന് അഭിക്കുട്ടനെ വാങ്ങി.
“ഈ ആന്‍റിയെ ഓര്‍ക്കുന്നുണ്ടോടാ കുട്ടാ.”
അങ്ങനെ ചോദിച്ചുകൊണ്ട് അവന്‍റെ കുഞ്ഞി കവിളില്‍ സ്നേഹവായ്‌പോടെ ഒരു മുത്തം നല്‍കി .
“മഞ്ജുവേച്ചി ഒരുപാടു മെലിഞ്ഞു പോയല്ലോ ?” മഞ്ജുളയെ നോക്കി അവൾ പറഞ്ഞു.
“മനസു സന്തോഷമായിരുന്നെങ്കിലല്ലേ ശരീരവും നന്നായിട്ടിരിക്കൂ .”
അതു പറഞ്ഞിട്ട് മഞ്ജുള സുമിത്രയെ നോക്കി തുടർന്നു:
“സുമിത്രേം ഒരുപാടങ്ങു മാറിപ്പോയീട്ടോ.”
“ഒരുപാട് വേദനകളനുഭവിച്ചില്ലേ ചേച്ചീ. ഒടുവില്‍ എല്ലാം കലങ്ങിത്തെളിഞ്ഞല്ലോന്ന് ഓർക്കുമ്പം വലിയ സന്തോഷം! ഇപ്പഴാ എനിക്കു സമാധാനമായത്. വാ… അകത്തോട്ടിരിക്കാം.”
സുമിത്രയുടെ പിന്നാലെ എല്ലാവരും സ്വീകരണമുറിയിലേക്കു കയറി.
“ഇതുപോലെ എല്ലാരേം ഒരുമിച്ച് ഇത്ര പെട്ടെന്നു കാണാന്‍ പറ്റുമെന്നു ഞാന്‍ വിചാരിച്ചില്ല ട്ടോ . ജയേട്ടന്‍ വന്ന് തെറ്റുകളൊക്കെ ഏറ്റുപറഞ്ഞു മാപ്പുചോദിച്ചു, ല്ലേ?”
സുമിത്ര ആരാഞ്ഞു.
“ഉം.” മഞ്ജുള തലകുലുക്കി.
“ഇപ്പം മനസിനു സന്തോഷായില്ലേ ചേച്ചീ?”
“ഒരുപാട്. “
”ചേച്ചി ഡൈവോഴ്സ് നോട്ടീസ് അയച്ചൂന്നു കേട്ടപ്പം എന്റെ ചങ്കു തകർന്നുപോയി. ഞാൻ കാരണം നിങ്ങടെ കുടുബത്തിന് ഇങ്ങനെയൊരു ദുർവിധി ഉണ്ടായല്ലോന്നോർത്തപ്പം കുറേദിവസം ഉറങ്ങാൻപോലും പറ്റിയില്ല .”
”ആ ഫോട്ടോയാ എന്നെ പറ്റിച്ചത് ”
സ്വീകരണമുറിയിലെ സോഫയിൽ എല്ലാവരും ഇരുന്നു.
“ആ ദുഷ്ടന്‍ എത്ര കുടുംബങ്ങളാ തകര്‍ത്തതെന്നറിയ്വോ ചേച്ചി? “
ജനാലയുടെ പാളികൾ തുറന്നിടുന്നതിനിടയിൽ സുമിത്ര പറഞ്ഞു.
“ഇപ്പം അതിൽ പശ്ചാത്താപമുണ്ട് അവന് .”
സതീഷ് പറഞ്ഞു.
“ഒരു രാത്രിപോലും ഉറങ്ങാന്‍ പറ്റുന്നില്ലെന്നു പറഞ്ഞു താടീം മുടീം നീട്ടി ഇവിടെ വന്നിരുന്നു ഒരുദിവസം , മാപ്പു ചോദിക്കാന്‍. ഞാനാ അങ്ങോട്ട് പറഞ്ഞുവിട്ടത്.”
സുമിത്ര വന്നു മഞ്ജുളയുട സമീപം ഇരുന്നിട്ട് തുടർന്നു.
“ഇന്നു പോകണ്ടാട്ടോ. മനസിൽ ഒരുപാട് സന്തോഷം തോന്നിയ ദിവസാ ഇന്ന്. രാത്രി മുഴുവൻ നമുക്ക് ഇവിടെ വര്‍ത്തമാനം പറഞ്ഞിരിക്കാം. “
സുമിത്രയുടെ സംസാരം കേട്ട് ചിരിവന്നുപോയി മഞ്ജുളക്ക് .
“ഇവനെ കാണാനും ഒന്നെടുക്കാനും എന്തു കൊതിയായീന്നറിയ്വോ! എന്‍റെ കുഞ്ഞുക്കുട്ടനെ.”
അഭിക്കുട്ടന്‍റെ കവിളില്‍ വാത്സല്യത്തോടെ പലതവണ തവണ ഉമ്മവച്ചു അവൾ .
“അമ്മേ… എന്തൊക്കെയുണ്ട് വിശേഷങ്ങള്… പറ?”
ഭവാനിയമ്മയെ നോക്കി സുമിത്ര ചോദിച്ചു.
“നല്ല വിശേഷങ്ങളല്ലേ മോളേ. മോളവിടെ വന്നില്ലായിരുന്നെങ്കില്‍ ഇപ്പഴും എന്‍റെ മോന്‍ ആശുപത്രീല്‍ കിടന്നേനെ.”
“അമ്മ എന്നെ ഒരുപാട് ശപിച്ചിട്ടുണ്ടാവും അല്ലേ? ഞാന്‍ കാരണമല്ലേ ഈ ദുരന്തങ്ങളൊക്കെ സംഭവിച്ചത്.”
സുമിത്ര വിഷമത്തോടെ പറഞ്ഞു.
“വരാനുള്ളതൊന്നും വഴീല്‍ തങ്ങില്ലെന്നല്ലേ പഴമൊഴി. എങ്ങനെയായാലും അവസാനം സത്യം ജയിച്ചല്ലോ “
“സതീഷേട്ടന്‍ ഒന്നു ഫോണ്‍ വിളിക്കപോലും ചെയ്യാതിരുന്നപ്പം എനിക്ക് എന്ത് വിഷമമായിന്നറിയുവോ .”
“അവിടെ നടന്ന പുകിലൊന്നും സുമിത്ര അറിഞ്ഞില്ലല്ലോ. മനഃപൂര്‍വം അറിയിക്കാതിരുന്നതാ. കുറച്ചു തീ കൂടി ഞാനെന്തിനാ സുമിത്രേടെ മനസിലേക്ക് കോരിയിടുന്നേന്നു വിചാരിച്ചു.”

സതീഷ് പറഞ്ഞു.
“കുടിക്കാനെന്താ എടുക്കേണ്ടത്?ചായയോ കാപ്പിയോ ? അതോ നാരങ്ങാവെള്ളമോ ?”
സുമിത്ര ചോദിച്ചു.
“ഇപ്പം ഒന്നും വേണ്ട. നീയെവിടെ ഇരിക്ക് . നമുക്ക് വർത്തമാനം പറയാം “
”എന്‍റെ കുഞ്ഞു കുട്ടന് ഞാനെന്തെങ്കിലുമൊന്നു കൊടുക്കട്ടെ.”
അഭിക്കുട്ടനെയും കൊണ്ട് സുമിത്ര അടുക്കളയിലേക്ക് പോയി. പലഹാരപാത്രത്തിൽ നിന്ന് ഒരു അവലോസുണ്ട എടുത്തു അവള്‍ അവനു നീട്ടി. ഉത്സാഹത്തോടെ അവനതു വാങ്ങി കയ്യിൽ മുറുകെപ്പിടിച്ചു.
” തിന്നോടാ കുട്ടാ. നല്ല മധുരമുള്ളതാ ” സുമിത്ര കൈ അവന്റെ വായിലേക്കടുപ്പിച്ചു.അഭിക്കുട്ടൻ അല്പാല്പമായി അത് തിന്നു കൊണ്ടിരുന്നു.
തിരികെ സ്വീകരണമുറിയില്‍ വന്നിട്ട് സുമിത്ര പറഞ്ഞു:
“ഇവനിപ്പഴും ആ പഴയ സ്നേഹം എന്നോടുണ്ടു കേട്ടോ? കണ്ടില്ലേ ഇവന്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നേ?” സുമിത്ര അവനെ നെഞ്ചോട് കുറച്ചുകൂടി ചേർത്തു പിടിച്ചു.
“അതിനര്‍ഥം ഞങ്ങള്‍ക്കില്ലെന്നാണോ?” മഞ്ജുള ചിരിച്ചുകൊണ്ട് ചോദിച്ചു.
“അയ്യോ അങ്ങനെയല്ല ”.
സുമിത്ര കസേരയിലിരുന്നിട്ട് തുടർന്നു.
“പറ, അവിടുത്തെ വിശേഷങ്ങള്. എല്ലാം കേൾക്കാൻ എനിക്കാഗ്രഹമുണ്ട് ”
മഞ്ജുള ഭര്‍ത്താവിനെ നോക്കി കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. സതീഷ് സുമിത്രയെ നോക്കി മടിച്ചു മടിച്ചു പറഞ്ഞു.
“ഞങ്ങളുടെ കൂടെ ഒരാളുകൂടിയുണ്ട് കാറില്‍.”
“ഡ്രൈവറാ?”
“അല്ല…”
“പിന്നെ…?”
“ഞാന്‍ വിളിക്കട്ടെ?”
“ഉം.”
സതീഷ് വെളിയിലേക്ക് പോയി. എന്നിട്ടു ചെന്നു കാറിന്‍റെ ഡോര്‍ തുറന്നു.
കാറില്‍ നിന്നിറങ്ങിയ ആളെ കണ്ടതും സുമിത്രയുടെ മുഖം മങ്ങി.
ജയദേവന്‍!
ഷേവുചെയ്ത് വൃത്തിയാക്കിയ മുഖം. മുടി വെട്ടി ഭംഗിയാക്കിയിട്ടുണ്ട്. വെള്ളമുണ്ടും സ്ലാക് ഷര്‍ട്ടുമാണ് വേഷം. ഇപ്പോള്‍ കണ്ടാല്‍ ഒരു മനുഷ്യരൂപമാണെന്നു തോന്നും.
സതീഷിന്‍റെ പിന്നാലെ ജയദേവന്‍ വരാന്തയിലേക്കും അവിടെനിന്നു മുറിയിലേക്കും കയറി.
സതീഷ് സുമിത്രയെ നോക്കി പറഞ്ഞു.
“ചെയ്തതൊക്കെ തെറ്റാണെന്ന് ഇവനു മനസിലായി. അതിലിവന് പശ്ചാത്താപമുണ്ട് ഇപ്പം. ഇനി സുമിത്ര ഇതിന്‍റെ പേരില്‍ ഇവനെ വേദനിപ്പിക്കരുത്. കഴിഞ്ഞതൊക്കെ മറന്ന് എല്ലാം ക്ഷമിക്കാനുള്ള സന്മനസ് കാണിക്കണം. ഒരുദിവസമെങ്കിലും ഇവന്‍ മനഃസമാധാനത്തോടെ ഒന്നു കിടന്നുറങ്ങട്ടെ.”
“ക്ഷമിക്കാന്‍ പറ്റുന്ന തെറ്റാണോ സതീഷേട്ടാ ഇയാളു ചെയ്തത്?”
സങ്കടം വരാതിരിക്കാൻ സുമിത്ര ചുണ്ടു കടിച്ചമർത്തി .
“ക്ഷമിക്കു മോളെ. ആയുധം വച്ചു കീഴടങ്ങിയ ഒരാളെ പിന്നെയും കുത്തി നോവിക്കുന്നത് ശരിയല്ല. “
ഭവാനിയമ്മ പറഞ്ഞു.
“എന്നോട് കാണിച്ച ക്രൂരത ഞാന്‍ ക്ഷമിക്കാം. പക്ഷേ, നിങ്ങളോട് കാണിച്ചത്…”
“അതു ക്ഷമിച്ചതുകൊണ്ടാണല്ലോ ഞങ്ങടെകൂടെ ജയനെ കൂട്ടിക്കൊണ്ടുവന്നത്.”
മഞ്ജുള ഇടയ്ക്കു കയറി പറഞ്ഞു.
“എത്ര കുടുംബങ്ങളാ മഞ്ജുവേച്ചി ഇയാളു തകര്‍ത്തത്? ഒരു പാവം പെണ്ണിന്‍റെ ജീവന്‍പോലും എടുത്തില്ലേ ഈ മനുഷ്യന്‍!”
“സംഭവിച്ചതൊക്കെ സംഭവിച്ചു. ഇപ്പം ഇവന് അതിലൊക്കെ വിഷമമുണ്ട്. ഞങ്ങടെ മുമ്പില്‍ വന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ ഇവന്‍ കരയുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി. സുമിത്ര ക്ഷമിക്കുമെന്ന് ഞങ്ങളു ഉറപ്പു കൊടുത്തിട്ടാ ഇവനിങ്ങോട്ടു വന്നത്.”
സതീഷ് പറഞ്ഞു.
“എനിക്ക് പിണക്കമൊന്നുമില്ല.”
“അങ്ങനെ പറഞ്ഞാപ്പോരാ. ക്ഷമിച്ചു എന്നുതന്നെ പറയണം.”
“എന്നോട് ചെയ്തതെല്ലാം ഞാന്‍ ക്ഷമിച്ചു.”
മുഖത്തേക്ക് നോക്കാതെ സുമിത്ര പറഞ്ഞു.
“ജയന്‍റെ മനസില്‍ ഒരാഗ്രഹം കൂടിയുണ്ട്.”
മഞ്ജുള അങ്ങനെ പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചുകൊണ്ട് സുമിത്ര ജയദേവനെ നോക്കി.
ജയന്‍ കുറ്റബോധത്തോടെ മുഖംതാഴ്ത്തി നില്‍ക്കുകയായിരുന്നു.
പറയ് എന്ന അര്‍ഥത്തില്‍ മഞ്ജുള ഭര്‍ത്താവിനെ കണ്ണുകാണിച്ചു.
സതീഷ് സുമിത്രയെ നോക്കി പറഞ്ഞു:
“കഴിഞ്ഞതൊക്കെ കഴിഞ്ഞു. എല്ലാവര്‍ക്കും അതില്‍ വിഷമമുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതകളാ ഇവന്‍ നമ്മളോടൊക്കെ ചെയ്തത്. ഒരുപാട് പേര് അതിന്റെപേരിൽ വേദന അനുഭവിച്ചു .ഇവനിപ്പം അതില്‍ പശ്ചാത്താപമുണ്ട്.”
“ക്ഷമിച്ചു എന്നു ഞാന്‍ പറഞ്ഞല്ലോ? പിന്നെയും എന്തിനാ ഇതൊക്കെ ആവര്‍ത്തിക്കുന്നത്?”
“അതല്ല…”
“പിന്നെ?”
“പറയുമ്പം അവിവേകമാണെന്നു തോന്നരുത്. മനസിലെ മാലിന്യങ്ങളെല്ലാം കഴുകിക്കളഞ്ഞിട്ടാ ഇവനിപ്പം വന്നിരിക്കുന്നേ. സുമിത്രയോടിപ്പം പണ്ടത്തേക്കാളേറെ സ്നേഹമുണ്ട് ഇവന് . ഒരിക്കല്‍ പിഴുതെറിഞ്ഞ ഈ രൂപം വീണ്ടും മനസില്‍ പ്രതിഷ്ഠിച്ചുകൊണ്ടാ ഇവന്‍ വന്നിരിക്കുന്നത്.”
സതീഷ് എന്താണ് പറഞ്ഞുവരുന്നതെന്നു സുമിത്രയ്ക്ക് പിടികിട്ടി. അവള്‍ക്കു ദേഷ്യമാണ് തോന്നിയത്! എല്ലായിടത്തും പരാജയപ്പെട്ടപ്പോള്‍ ആയുധം താഴെവച്ച് അനുരഞ്ജനത്തിനായി വന്നിരിക്കുന്നു. നാണമില്ലല്ലോ! ഈ ഹൃദയത്തില്‍ ആ മനുഷ്യന് ഇനി സ്ഥാനമുണ്ടാവില്ല.
സുമിത്ര എണീറ്റ് ജയദേവന്‍റെ അടുത്തേക്ക് ചെന്നിട്ട് സൗമ്യ സ്വരത്തില്‍ പറഞ്ഞു.
“എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെ മാറിയതില്‍ സന്തോഷമുണ്ട്. കഴിഞ്ഞതൊക്കെ ഞാന്‍ മറന്നു. ഇനി നല്ല ബന്ധുക്കളായി നമുക്ക് തുടരാം. പിന്നെ,. ജയേട്ടന്‍റെ മനസില്‍ ഒരാഗ്രഹമുണ്ടെന്നു പറഞ്ഞല്ലോ. അത് കളഞ്ഞേക്ക്. വെറുപ്പോ പിണക്കമോ ഉണ്ടായിട്ടല്ല. മറ്റൊരാളുമായി എന്‍റെ കല്യാണം നിശ്ചയിച്ചു.”
ജയദേവന്‍റെയും സതീഷിന്‍റെയും മഞ്ജുളയുടെയും ഭവാനിയുടെയും കണ്ണുകള്‍ വിടര്‍ന്നു. പുതിയൊരറിവായിരുന്നു അതവര്‍ക്ക്. സതീഷും മഞ്ജുളയും പരസ്പരം നോക്കി. എന്നിട്ട് സുമിത്ര എന്താണു പറയാന്‍ പോകുന്നതെന്നറിയാന്‍ കാതുകൂര്‍പ്പിച്ചു:
“ഞാനിഷ്ടപ്പെട്ട ഒരാളെ ദൈവം എനിക്ക് കൂട്ടിക്കൊണ്ടുവന്ന് തന്നു. എന്നെ സ്നേഹിക്കാന്‍ കഴിയുന്ന , എന്റെ ഹൃദയം കാണാൻ കഴിവുള്ള ഒരു നല്ല മനുഷ്യനെ….”
”ഞങ്ങൾക്കൊന്നും പിടികിട്ടിയില്ല ” സതീഷ് ആകാംക്ഷയോടെ നോക്കി .
സുമിത്ര എല്ലാ കാര്യങ്ങളും അവരോടു തുറന്നു പറഞ്ഞു. ബാലചന്ദ്രന്റെ ജീവിതപങ്കാളിയാകാൻ തന്നെ ക്ഷണിച്ചതും താൻ ആ ക്ഷണം സ്വീകരിച്ചതും ബാലചന്ദ്രന്റെ വീട്ടുകാർ വന്നു വിവാഹാലോചന നടത്തിയതുമെല്ലാം വിശദമായി പറഞ്ഞു.
“സോറി… ഞാനിതൊന്നും അറിഞ്ഞില്ല.”
ജയദേവന് വിഷമം തോന്നി.
“സാരംല്യ. ഒരു ഏട്ടന്‍റെ സ്ഥാനത്തുനിന്നു ജയേട്ടന്‍ ഈ കല്യാണം നടത്തിത്തന്നാല്‍ മതി. എനിക്കതു വല്യ സന്തോഷമാകും.”
“തീര്‍ച്ചയായും. എല്ലാ സഹായവും ഞാന്‍ ചെയ്തുതരും.”
“ജയന്‍ മാത്രമല്ല; ഞങ്ങളുമുണ്ടാവും കൂടെ .”
മഞ്ജുള പറഞ്ഞു.
“വേണം. എല്ലാവരും എന്‍റടുത്തുണ്ടാവണം. ബന്ധുക്കളെന്നു പറയാന്‍ നിങ്ങളൊക്കെയല്ലേയുള്ളൂ എനിക്ക് .”
സുമിത്രയുടെ കണ്ണുകള്‍ സജലമായി. ജയനെ നോക്കി അവള്‍ തുടര്‍ന്നു:
“എന്നോട് പ്രതികാരം ചെയ്യാന്‍ ഒരു പാവം പെണ്ണിന്‍റെ ജീവിതം കൂടി തല്ലിയുടച്ചില്ലേ ജയേട്ടന്‍? ഒരു കുടുംബത്തെ മുഴുവന്‍ വഴിയാധാരമാക്കിയില്ലേ? ശശികലേടെ വീട്ടുകാരുടെ സ്ഥിതി അറിയ്വോ ജയേട്ടനിപ്പം? വല്യ ദുരിതത്തിലാ. ദിവാകരേട്ടനു ജോലിക്കുപോകാന്‍ വയ്യ. അസുഖമാ . എന്നും പട്ടിണിയും കഷ്ടപ്പാടുമാ ആ വീട്ടില്. വിശന്നുപൊരിയുമ്പം ഇവിടെ വന്ന് അരിയോ കപ്പയോ ഒക്കെ വാങ്ങിക്കൊണ്ടുപോകും.”
“ഞാനവിടെ പോകുന്നുണ്ട്.” കുറ്റബോധത്തോടെ ജയൻ പറഞ്ഞു.
“പോയാല്‍ മാത്രം പോരാ ജയേട്ടാ . ശശികലേടെ ആത്മാവ് ജയേട്ടനോട് പൊറുക്കണമെങ്കില്‍ ആ കുടുംബത്തെ മുഴുവൻ ദത്തെടുക്കണം.”
“തീര്‍ച്ചയായും. ആ കുടുംബത്തെ എന്‍റെ സ്വന്തം കുടുംബത്തപോലെ ഞാനിനി കാണും. ആ വീട്ടിലിനി കണ്ണീരുവീഴാന്‍ ഞാനിടവരുത്തില്ല.”
“ഈ പശ്ചാത്താപം രണ്ടു മാസം മുമ്പ് തോന്നിയിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷപ്പെടില്ലായിരുന്നോ ജയേട്ടാ ?”
“കഴിഞ്ഞതൊന്നും കുത്തിപ്പൊക്കി ഇനി അവന്റെ മനസു വേദനിപ്പിക്കണ്ട . അവൻ ക്ഷമ ചോദിച്ചില്ലേ ? പിന്നെന്താ ?”
ഭവാനിയമ്മ അവളെ തടഞ്ഞു.
“ജയേട്ടന്‍ ഇരിക്ക്. ഞാന്‍ ചായ എടുക്കാം .”
സുമിത്ര എണീറ്റ് അടുക്കളയിലേക്കു പോകാൻ തുടങ്ങിയപ്പോള്‍ മഞ്ജുള പറഞ്ഞു.
“ഇപ്പ ഒന്നും വേണ്ട സുമീ. ചായ കഴിക്കാന്‍ നേരായില്ലല്ലോ. നീയവിടെ ഇരിക്ക്. നമുക്കെന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാം .”
സുമിത്ര വീണ്ടും കസേരയിലിരുന്നു. ഒരുപാടുനേരം അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു. ജയദേവനും അവരോടൊപ്പം കൂടി. തമാശകളും ചിരികളും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി. ജയനെ നോക്കി സുമിത്ര പറഞ്ഞു:
“ജയേട്ടനും ഇന്നു പോകണ്ടാട്ടോ. ഒരുപാട് കാലായില്ലേ ഇങ്ങനൊന്ന് കൂടിയിട്ട്. എനിക്കെന്തു സന്തോഷായിന്നറിയുവോ !”
“എനിക്കും മനസിന് ഇപ്പഴാ ഒരു ആശ്വാസം വന്നത് .”
അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈൽ ഫോണ്‍ ശബ്ദിച്ചു. സുമിത്ര എണീറ്റുചെന്നു ഫോൺ എടുത്തു നോക്കി .
ബാലചന്ദ്രൻ !
വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ജയദേവനും സതീഷും മഞ്ജുളയും വന്ന കാര്യം സുമിത്ര സൂചിപ്പിച്ചു.
ജയദേവനോട് സംസാരിക്കണമെന്ന് ബാലചന്ദ്രന് മോഹം ! ഫോൺ അവൾ ജയദേവനു കൈമാറി.
“ഹലോ.”
“ജയനല്ലേ.”
“അതെ.”
“ഞാൻ നേരിട്ടു കണ്ടിട്ടില്ല. എന്നാലും പറഞ്ഞുകേട്ടിട്ടുണ്ട്. പിണക്കമൊക്കെ മാറി തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. ഒരു സഹോദരന്‍റെ സ്ഥാനത്തുനിന്ന് ജയന്‍ വേണം ഇനി സുമിത്രയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍.”
“തീര്‍ച്ചയായും. ഈ കല്യാണം ഭംഗിയായി നടത്താൻ ഞാൻ സഹകരിക്കാം. ”
” ഒരു നല്ല ആങ്ങളായായി ജയൻ എപ്പഴും അവളുടെ സഹായത്തിനുണ്ടാവണം .”
”ഷുവർ ”
കുറെനേരം സംസാരിച്ചിട്ടു ജയന്‍ ഫോൺ സുമിത്രയ്ക്ക് കൈമാറി.
”ബാലേട്ടാ ഞാൻ പിന്നെ വിളിക്കാം . ഇവർക്ക് കാപ്പിയും പലഹാരങ്ങളുമൊക്കെ ഒന്നെടുത്തു കൊടുക്കട്ടെ ”
” ആയിക്കോട്ടെ . ഫ്രീയാകുമ്പം എന്നെ വിളിക്കണം. ”
” തീർച്ചയായും. ”
ഫോൺ കട്ടായി.
”എന്നും വിളിക്കുമോ ബാലചന്ദ്രൻ ?” മഞ്ജുള ചോദിച്ചു
”ഉം . ഒരു ദിവസം ആ ശബ്ദം കേട്ടില്ലെങ്കിൽ എനിക്ക് അന്ന് ഉറക്കം വരിയേല ”
”മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ടുപോയി എന്ന് പറഞ്ഞപോലായി അല്ലേ ?”
സതീഷിന്റെ കമന്റു കേട്ട് എല്ലാവരും ചിരിച്ചു; ജയദേവനൊഴികെ.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 49

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 50

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here