Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 8

1224
0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 8

കഥ ഇതുവരെ
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാര്‍ക്ക് അതറിയില്ല. ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ടോണിക്കു പപ്പയില്ല. അമ്മയും പെങ്ങളും മാത്രം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ജാസ്മിനെ ഹോസ്റ്റലിലാക്കി പപ്പ. മൂല്യങ്ങള്‍ക്കു വില കല്പിക്കാത്ത പുരോഗമനവാദികളായ രേവതിയും ചിഞ്ചുവുമായിരുന്നു അവളുടെ റൂംമേറ്റ്സ്. ഇരുവരും പണക്കാര്‍. ഒരു നാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള തന്‍റെ വീട്ടില്‍ കൊണ്ടുപോയി രാത്രി താമസിപ്പിച്ചു. സതീഷ് എന്ന ചെറുപ്പക്കാരനെ രേവതി വിളിച്ചുവരുത്തി ജാസ്മിനെ പരിചയപ്പെടുത്തി. സതീഷ് മാന്യനാണെന്നു തോന്നിയതിനാൽ അയാളോട് അവൾ കുശലം പറയുകയും തമാശകൾ പറയുകയും ചെയ്തു. . പാതിരാത്രിയില്‍ ജാസ്മിന്‍ ഉറങ്ങുമ്പോള്‍ സതീഷ് അവളുടെ കിടക്കയില്‍ വന്നു കിടന്ന് അവളെ തഴുകി. ഞെട്ടി എണീറ്റ അവള്‍ ഉച്ചത്തില്‍ കരഞ്ഞു ബഹളം വച്ചു. ജാസ്മിനെ പ്രലോഭിപ്പിച്ചു വശത്താക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സതീഷ് മുറിവിട്ട് ഇറങ്ങിപ്പോയി. രേവതി തന്നെ ചതിക്കുകയായിരുന്നു എന്ന സത്യം ജാസ്മിന്‍ പക്ഷേ മനസ്സിലാക്കിയില്ല. മികച്ച അഭിനയത്തിലൂടെ താന്‍ നിരപരാധിയാണെന്ന് രേവതി അവളെ വിശ്വസിപ്പിച്ചു .(തുടര്‍ന്നു വായിക്കുക)

രേവതിയുടെ വീട്ടിൽ വച്ച് ഉണ്ടായ ദുരനുഭവം ജാസ്മിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. മനസു വല്ലാതെ നീറിക്കൊണ്ടിരുന്നു . പപ്പയോട് പറയണോ, ടോണിയോടു പറയണോ എന്നൊക്കെ അവള്‍ പലവട്ടം ആലോചിച്ചു . ഒടുവില്‍ തീരുമാനിച്ചു, ആരോടും പറയേണ്ട . പറഞ്ഞാല്‍ ചിലപ്പോള്‍ പപ്പ ചൂടാകും. പോലീസിൽ പരാതിപ്പെടണമെന്ന് നിര്‍ബബന്ധിച്ചെന്നിരിക്കും . പരാതികൊടുത്താൽ മറ്റുള്ളവരറിയും . വെറുത്ത കഥകളുണ്ടാക്കി അപവാദം പറഞ്ഞുപരത്തും. രേവതിക്കും അത് ദോഷം ചെയ്യും . അതു വേണ്ട. അവളുടെ മനസറിവോടെയല്ലല്ലോ ഒന്നും നടന്നത് . കഴിഞ്ഞതൊക്കെ ഒരു ദുസ്സ്വപ്നമായി കണ്ടു തള്ളിക്കളയാം . ഇനി ഒരിക്കലും ആരുടെയും വീട്ടില്‍പോയി അന്തിയുറങ്ങുന്ന പ്രശ്നമേയില്ല. അവള്‍ ഒരു തീരുമാനമെടുത്തു.

രണ്ടുമൂന്നാഴ്ച വേണ്ടി വന്നു ജാസ്മിന്‍റെ മനസ്സിലെ വേദനയും വിഷമവും കുറയാൻ. പഴയ പ്രസരിപ്പും ഉത്സാഹവും സാവധാനം തിരിച്ചു വന്നതു കണ്ടപ്പോള്‍ രേവതിയ്ക്ക് ആശ്വാസമായി. അവള്‍ ഊര്‍മ്മിളയോടു പറഞ്ഞു:
“ഹൊ. എനിക്ക് ഇപ്പഴാ ഒരു സമാധാനമായത് . അവള്‍ ആരോടെങ്കിലും പറഞ്ഞു പ്രശ്നം ഉണ്ടാക്കുമോന്നായിരുന്നു പേടി . എന്തായാലും ഇനി പേടിക്കാനില്ല.”
“സൂക്ഷിച്ചോണം. അവളുടെ വീഡിയോ നിന്റെ കയ്യിലുണ്ടെന്നറിഞ്ഞാൽ പ്രശ്നം ഗുരുതരമാകും. ഒരു കാരണവശാലും അവളതറിയരുത്. “
“നമ്മള്‍ മൂന്നു പേരുമല്ലാതെ വേറൊരു കുഞ്ഞും അറിയില്ല. നിങ്ങളാരും അതിനേക്കുറിച്ചു അവളോട് വിളമ്പാതിരുന്നാൽ മതി .”
” ഞങ്ങൾ ഒന്നും പറയില്ല ”
ഈ സമയം റൂമിലിരുന്ന് ജാസ്മിന്‍ ടോണിയുമായി മൊബൈലില്‍ സംസാരിക്കുകയായിരുന്നു. അടുത്ത ശനിയാഴ്ച ടോണി ജാസ്മിനെ കാണാന്‍ ഹോസ്റ്റലില്‍ വരുന്നുണ്ടെന്നു അറിയിച്ചപ്പോൾ അവള്‍ക്ക് സന്തോഷമായി .
”കാണാൻ ഒരുപാട് കൊതിയായി ട്ടോ . വെള്ളിയാഴ്ച്ച രാത്രി എനിക്കുറക്കമേ വരില്ല ”
”എനിക്കും ഉണ്ടെടോ തന്നെക്കാണാൻ ഒരുപാട് ആഗ്രഹം. അതുകൊണ്ടല്ലേ ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ അങ്ങോട്ട് വരുന്നത് ”
”വാക്ക് പറഞ്ഞിട്ട് വരാണ്ടിരിക്കരുത് ”
”വരും . വരാതിരിക്കില്ല ”
മൊബൈലിലൂടെ ഒരു ഫ്ളയിങ് കിസ് കൊടുത്തിട്ട് ടോണി കോൾ കട്ട് ചെയ്തു .
ശനിയാഴ്ച രാവിലെ എണീറ്റ ഉടനെ അവള്‍ ടോണിക്കു ഫോണ്‍ ചെയ്തു. അവൻ പുറപ്പെടാൻ തയ്യാറാകുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ഇരട്ടിച്ചു. പത്തര കഴിഞ്ഞപ്പോൾ ടോണി ഹോസ്റ്റലിലെത്തി. രേവതിയോടും ചിഞ്ചുവിനോടും ഒരു വിസിറ്ററുണ്ടെന്ന് പറഞ്ഞിട്ട് അവൾ ധൃതിയില്‍ വിസിറ്റേഴ്സ് റൂമിലേക്കു നടന്നു. ടോണിയെ കണ്ടതേ ഹൃദ്യമായി ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു .
“രാവിലെ മുതല്‍ ഞാന്‍ കണ്ണില്‍ എണ്ണ ഒഴിച്ചു നോക്കിയിരിക്ക്വായിരുന്നു. ഇന്നലെ രാത്രി ഞാന്‍ സ്വപ്നം കൂടി കണ്ടു.”
“അപ്പം ഈ രൂപം മനസ്സില്‍ തന്നെയുണ്ട്.”
“അതെങ്ങോട്ടു പോകാനാ. മരിക്കുന്നതുവരെ അതവിടെത്തന്നെയുണ്ടാകും.”
ജാസ്മിന്‍ അവന്റെ സമീപം ഇരുന്നിട്ട് മുഖത്തേക്കു സൂക്ഷിച്ചു നോക്കി: “ആളിത്തിരി മെഴുത്തിട്ടുണ്ടല്ലോ. മുന്‍പത്തേക്കാളും കുറച്ചു കൂടി സുന്ദരനായിട്ടുണ്ട് കേട്ടോ. “
“ഉവ്വോ? പക്ഷേ താനൊത്തിരി ക്ഷീണിച്ചു പോയി. മുഖമൊക്കെ വല്ലാണ്ടിരിക്കുന്നു.”
“ഇവിടുത്തെ ഭക്ഷണം ഒരു വകയ്ക്കും കൊള്ളുകേല ടോണി. വായ്ക്കു രുചിയുള്ളത് ഒന്നുമില്ല. ജീവന്‍ നിലനിറുത്താന്‍ ഇത്തിരി കഴിക്കുന്നെന്ന് മാത്രമേയുള്ളൂ ”
“അപ്പം ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കാന്‍ പപ്പാ കണ്ടെത്തിയ സ്ഥലം പാളിപ്പോയോ?”
“എനിക്ക് ഒട്ടും ഇഷ്ടമില്ല ഇവിടെ. ജയിലില്‍ കിടക്കുന്നതുപോലെയല്ലേ. എത്രയും പെട്ടെന്ന് കോഴ്സൊന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍ വീട്ടില്‍പോയി സന്തോഷായിട്ടു കഴിയായിരുന്നു .”
“കാത്തിരുന്നു മടുത്തു. ഈ കഴുത്തില്‍ എന്നത്തേക്ക് കെട്ടാനാവും ഒരു താലി?”
“ചേച്ചിയുടെ കല്യാണം കഴിയാതെ ഒന്നും ആലോചിക്കുകയേ വേണ്ട. അതു വേഗം നടക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്ക്.”
“എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്. ങ്ഹ. ഞാന്‍ നിനക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്.”
ടോണി പോക്കറ്റില്‍നിന്ന് ഒരു പേനയെടുത്ത് അവളുടെ നേരേ നീട്ടി. അതു വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് സന്തോഷത്തോടെ അവള്‍ പറഞ്ഞു:
“നല്ല പേനയാ ട്ടോ . എവിടുന്നു കിട്ടി?”
“എന്‍റെ ഒരു ഫ്രണ്ട് തന്നതാ. ഫോറിനാ . അതു നിനക്കിരിക്കട്ടേന്നു വച്ചു. എനിക്കുള്ളതെല്ലാം നിനക്കുള്ളതല്ലേ .”
പേനയുടെ ക്യാപ് ഊരിയിട്ട് അവള്‍ എഴുതി നോക്കി. നല്ല സ്മൂത്ത്നസ്
“ഇഷ്ടായീട്ടോ. ഈ സ്നേഹത്തിനു ഞാനെന്താ തിരിച്ചങ്ങോട്ടു തരുക?”
“ഒരു കിസ് തന്നാ മതി.”
പെട്ടെന്നു വന്നു ടോണിയുടെ മറുപടി.
ജാസ്മിന്‍ നാലുപാടും നോക്കി. ആരും കാണില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ടോണിയുടെ കൈത്തലം പിടിച്ചുയര്‍ത്തി പുറം കൈയില്‍ ഒരു ചുംബനം നല്‍കി അവള്‍.
“പോരേ?”
“പോരാ. ഇങ്ങനെയൊരു കിസ്സല്ല ഞാനുദ്ദേശിച്ചത്.”
“ഉദ്ദേശിച്ചതൊക്കെ കല്യാണം കഴിഞ്ഞിട്ട് തരാം .” അവള്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു: ” അതുവരെ ഒന്ന് ക്ഷമിക്ക് ടോണിക്കുട്ടാ . നമ്മളൊക്കെ കത്തോലിക്കരല്ലേ. സഭയുടെ വിശ്വാസ പ്രമാണങ്ങളിൽ നിന്നൊന്നും വഴിമാറി സഞ്ചരിച്ചുകൂടാ.”
“ഈ പ്രസംഗം കേള്‍ക്കാനല്ല ഞാന്‍ വന്നത്.”
“സോറി. ങ്ഹാ വിശേഷങ്ങള് പറ . ടോണീടെ കോളേജിൽ എന്തൊക്കെയുണ്ട് വാർത്തകൾ ”
”അവിടെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല . ഇവിടുത്തെ വിശേഷം പറ ”
”ഇവിടെയും പ്രത്യകിച്ചൊന്നുമില്ല ടോണി ”
” നിന്റെ റൂം മേറ്റ്സിനെ വിളിച്ചൊന്നു പരിചയപ്പെടുത്താൻ മേലായിരുന്നോ ?”
”അവരവിടെ തിരക്കിലാ . പിന്നൊരിക്കലാവട്ടെ . ങ്ഹാ , പിന്നേയ് ഈ പേനകൊണ്ട് എഴുതുമ്പോഴൊക്കെ ഞാന്‍ ടോണിയെക്കുറിച്ചോര്‍ക്കും കേട്ടോ.”
“ഓര്‍ക്കണം. അതിനല്ലേ ഇതു കൊണ്ടു തന്നത്.”
“ഓര്‍ക്കാത്ത ഒരു ദിവസംപോലുമില്ല ടോണി. ഒരു ശക്തിക്കും ഈ രൂപം ഇനി എന്‍റെ മനസ്സീന്നു പിഴുതെറിയാന്‍ കഴിയില്ല. അത്രയ്ക്കിഷ്ടാ എനിക്കിയാളെ.”
“എനിക്കും. അതുകൊണ്ടല്ലേ ഞാനിപ്പം ഓടിക്കിതച്ചു വന്നത്.”
ഏറെനേരം അവര്‍ വിശേഷങ്ങളും ഹൃദയവികാരങ്ങളും പങ്കിട്ടിരുന്നു. കുശലം പറഞ്ഞു ചിരിച്ചു രസിച്ചിരിക്കുമ്പോള്‍ രേവതിയും ചിഞ്ചുവും അങ്ങോട്ടു വന്നു.
“നിങ്ങള്‍ക്കു നൂറായുസാ. ഞങ്ങളിപ്പം നിങ്ങടെ കാര്യം സംസാരിച്ചു നിറുത്തിയതേയുള്ളൂ.”- ജാസ്മിന്‍ പറഞ്ഞു.
“ഇതാരാ…? ടോണിയെ ചൂണ്ടി രേവതി ചോദിച്ചു.
“ഇതു ടോണി. എന്‍റ തൊട്ടയല്‍ക്കാരനാ. കൊച്ചുന്നാള്‍ മുതല്‍ ഞങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കളിച്ചു വളര്‍ന്നവരാ . ഇപ്പം മെഡിസിനു പഠിക്കുന്നു. ഈ വഴി പോയപ്പം എന്നെ കാണാൻ കേറീതാ ”
രണ്ടുപേരും ടോണിയെ നോക്കി ഹൃദ്യമായി ചിരിച്ചു. രേവതി അവരുടെ സമീപം ഇരുന്നു ടോണിയോട് സംസാരിച്ചു. അവൾ വായ് തോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ ടോണി ഓർത്തു . മിടുക്കിയാണല്ലോ ഇവൾ ! ഒരുപാടു കാലം ഒന്നിച്ചു കഴിഞ്ഞ സുഹൃത്തിനോടെന്നപോലെയായിരുന്നു അവളുടെ സംസാരം .
ജാസ്മിനു കിട്ടിയ റൂംമേറ്റ്സ് കൊള്ളാം. അവൻ മനസിൽ പറഞ്ഞു .
“കത്തി വച്ചു ഞാന്‍ ബോറടിപ്പിച്ചു അല്ലേ. ഞാനങ്ങനെയാ. ഇഷ്ടമുള്ളവരോട് നിറുത്താതെ സംസാരിക്കും.” രേവതി പറഞ്ഞു.
“ബോറടിയായിട്ട് എനിക്കു തോന്നിയില്ല ട്ടോ . പ്രത്യേകിച്ചു കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരാകുമ്പം…” അതു പറഞ്ഞിട്ട് അവന്‍ ചിരിച്ചു.
അതുകേട്ട് രേവതിയും ചിഞ്ചുവും പൊട്ടിച്ചിരിച്ചു.
”അപ്പം കാണാൻ കൊള്ളാമെന്നു സമ്മതിച്ചു ”
”ഷുവർ ”
”ഇതൊക്കെ കേൾക്കുന്നതാ ഞങ്ങൾക്കും ഒരു സന്തോഷം ”
ജാസ്മിനു പക്ഷേ അവരുടെ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല. അവള്‍ കണ്ണുരുട്ടി ടോണിയെ നോക്കി. അവൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് കണ്ടപ്പോൾ ടോണി സംസാരം നിറുത്തി.
“അപ്പം ഞങ്ങളു വരട്ടെ. നിങ്ങളു സംസാരിച്ചിരിക്ക് .” രേവതിയും ചിഞ്ചുവും ഗുഡ്ബൈ പറഞ്ഞ് റൂമിലേക്കു തിരിച്ചുപോയി.
“അമ്പടാ കള്ളാ … കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേര്! ഇങ്ങനാണോ കാണുന്ന പെമ്പിള്ളേരോടൊക്കെ പറയുന്നത്? അതുവേണ്ടാ ട്ടോ.”
– കണ്ണുരുട്ടിയിട്ട് അവന്‍റെ കൈതണ്ടയിൽ ഒരു നുള്ളു കൊടുത്തു ജാസ്മിൻ.
“ഞാനവരെ സന്തോഷിപ്പിക്കാന്‍ വെറുതെ ഒരു നുണ പറഞ്ഞതല്ലേ? നിന്‍റെ ഏഴയലത്തു വരില്ല ആ സാധനങ്ങള്. എന്നാ കോലമാ.”
“കേട്ടപ്പം എനിക്കു ശരിക്കും ദേഷ്യം വന്നു ട്ടോ .”
മുഷ്ടി ചുരുട്ടി അവള്‍ ടോണിയുടെ മുതുകിന് മൃദുവായി ഒരിടി കൊടുത്തു.
”അങ്ങനൊക്കെ ദേഷ്യം വരാൻ തുടങ്ങിയാൽ തുടങ്ങിയാൽ എങ്ങനാ ”
”അതേയ് … ഒരു പെണ്ണിന്റെ വികാരങ്ങളും വിചാരങ്ങളും ടോണിക്കറിഞ്ഞൂടാത്തതുകൊണ്ടാ . വേറൊരു പെണ്ണിനെ പൊക്കി പറയുന്നത് ഒരു പെണ്ണിനും ഇഷ്ടമല്ല . മനസിലായോ ”
”മനസിലായി . ഇനി ആരേം അങ്ങനെ പൊക്കൂലാ , പോരേ ?”
” മതി”
പിന്നെയും കുറേനേരം സംസാരിച്ചിരുന്നു അവര്‍.
യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ ഗേറ്റുവരെ ജാസ്മിന്‍ അവനെ അനുഗമിച്ചു. റ്റാറ്റാ കൊടുത്തിട്ടു തിരിഞ്ഞപ്പോള്‍ സങ്കടം വന്നു അവൾക്ക് . ഇനി കുറേനാളു കഴിഞ്ഞിട്ടേ കാണാന്‍ പറ്റുകയുള്ളല്ലോ !
തിരിച്ചു റൂമില്‍ വന്നപ്പോള്‍ രേവതി ജാസ്മിനോടു ചോദിച്ചു:
”ഞാനൊരു കാര്യം ചോദിച്ചാല്‍ ജാസ് സത്യം പറയുമോ?”
“ഉം ?”
“നിങ്ങളു തമ്മില്‍ ലവ് ആണോ?”
പൊടുന്നനെ അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ ഒരുനിമിഷം പരുങ്ങി അവൾ . അടുത്തക്ഷണം നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കിയിട്ട് അവള്‍ പറഞ്ഞു:
‘അയ്യോ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല ഞങ്ങള് . എന്‍റെ ബ്രദറിനേപ്പോലെയാ ഞാന്‍ ടോണിയെ കാണുന്നത്. തിരിച്ചിങ്ങോട്ടും അങ്ങനെയാ. കൊച്ചുന്നാള്‍ മുതല്‍ ഞങ്ങള്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവരാ. ഈ വഴി പോയപ്പം വിശേഷങ്ങളറിയാന്‍ വേണ്ടി ഒന്നു കേറിന്നേയുള്ളൂ. അതിനു വേറെ അർത്ഥമൊന്നും കാണണ്ടാട്ടോ ?”
”അടുപ്പം കണ്ടപ്പം അങ്ങനെ ഒരു സംശയം തോന്നിപ്പോയി . അതുകൊണ്ടു ചോദിച്ചെന്നേയുള്ളൂ. “
“അങ്ങനൊന്നുമില്ലാട്ടോ. അതൊരു കഥയാക്കി ഇനി ഇവിടെ പ്രചരിപ്പിക്കണ്ട.”
“ഏയ്.”
പിന്നെ ആ വിഷയത്തെപ്പറ്റി സംസാരിച്ചില്ല ആരും .
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രേവതിയുടെ മനസ്സില്‍ ടോണിയുടെ രൂപമായിരുന്നു.
ടോണി സുന്ദരനാണ്. നല്ല പെരുമാറ്റവും സംസാരവും. ആ ചിരി കാണാൻ തന്നെ എന്തൊരു രസം . മനസ്സിന്‍റെ ഭിത്തിയില്‍ എവിടെയോ അയാള്‍ ഉടക്കിയോ? മറ്റൊരാണിനോടും തോന്നാത്ത സ്നേഹം ഇപ്പോള്‍ എന്തേ അയാളോട് തോന്നുന്നു? അവളുടെ മനസ് പിടയാൻ തുടങ്ങി .
പിറ്റേന്ന്, ഊര്‍മ്മിളയോടും രാജിയോടും ടോണിയെ പരിചയപ്പെട്ട കാര്യം രേവതി പറഞ്ഞു. അവള്‍ അയാളെ പുകഴ്ത്തിപ്പറയുന്നതു കേട്ടപ്പോള്‍ രാജി സംശയത്തോടെ ചോദിച്ചു:
“നിന്‍റെ മനസിലയാളുടക്കീന്നു തോന്നുന്നല്ലോ?”
“സത്യം. നല്ല സ്മാര്‍ട്ടു പയ്യനാ. അയാളുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയാല്‍ കൊള്ളാമെന്നുണ്ട്. വെറുതെ കമ്പനി കൂടി ഒന്നു ചുറ്റിയടിക്കാന്‍.”
“അതിന് അയാള്‍ക്കു കൂടി തോന്നണ്ടേ?”
“തോന്നണം. തോന്നിപ്പിക്കണം. ഈ രേവതി വര്‍മ്മ വിചാരിച്ചാൽ അത് നടക്കാതിരിക്കുമോ ?.”
“ഇതു നടക്കുമെന്നു തോന്നുന്നില്ല. മെഡിസിനു പഠിക്കുന്ന ആളല്ലേ. അയാള്‍ക്കു വേറെ ലൈന്‍ കാണും.”
“അങ്ങനെ ലൈൻ ഉണ്ടെങ്കിൽ ആ ലൈന്‍ പൊട്ടിച്ചിട്ട് ഈ ലൈന്‍ കൊടുക്കണം. അതല്ലേ അതിന്റെ ഒരു ത്രില്ല്. ”
“നിന്‍റെ പ്രണാഭ്യര്‍ത്ഥനയുമായിട്ടങ്ങു ചെല്ലുമ്പഴേ അയാള്‍ക്കു കാര്യം പിടികിട്ടും. നാണം കെടാതെ വേറെവല്ല പണിയുമുണ്ടെങ്കില്‍ നോക്ക് പെണ്ണേ.”
രാജിയുടെ വാക്കുകള്‍ രേവതിയുടെ വാശി വര്‍ദ്ധിപ്പിക്കുകയായിരുന്നു. അവള്‍ പറഞ്ഞു:
“നീ നോക്കിക്കോ. ഞാന്‍ രേവതിവർമ്മയാണെങ്കിൽ അയാളെ വീഴിക്കും . വീഴിച്ചില്ലെങ്കില്‍ എന്‍റെ പേര് നീ പട്ടിക്കിട്ടോ.”
“വേണ്ട മോളേ, വെല്ലുവിളി വേണ്ട . ചിലപ്പം അയാളും ജാസ്മിനും തമ്മില്‍ പ്രേമമായിരിക്കും . നീ അറിയണ്ടാന്നു കരുതി ഒരു ബന്ധവുമില്ലെന്ന് അവളു വെറുതെ പറഞ്ഞതാകും.”
“ഏയ്, അതുണ്ടാവില്ല. ഉണ്ടെങ്കില്‍ അതെന്നോട് തുറന്നു പറയാന്‍ അവള്‍ എന്തിനാ മടിക്കുന്നേ? ഞാന്‍ പല പ്രാവശ്യം തിരിച്ചും മറിച്ചും ചോദിച്ചു. ഒരു ബന്ധവുമില്ലെന്നാ അവളു പറഞ്ഞത്. ഒരു ബ്രദര്‍ സിസ്റ്റര്‍ റിലേഷന്‍ഷിപ്പു മാത്രം.”
“അങ്ങനെയെങ്കിൽ നിന്റെ ആഗ്രഹം പോലെ കാര്യങ്ങൾ നടക്കട്ടെ . ”
”നടക്കട്ടെ എന്നല്ല . ഈ രേവതിവർമ്മ അത് നടത്തിയിരിക്കും ”
അതുപറഞ്ഞിട്ട് രേവതി എണീറ്റു തന്‍റെ മുറിയിലേക്കു പോയി.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyrightreserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here