Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 43

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 43

1445
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 43

സതീഷിന്റെ വീട്ടിൽ നിന്നിറങ്ങിയ ബാലചന്ദ്രൻ നേരെ പോയത് റോഡിനെതിര്‍വശത്തുള്ള, കൊലചെയ്യപ്പെട്ട സുകുമാരന്‍റെ വീട്ടിലേക്കായിരുന്നു.
സുകുമാരന്‍റെ ഭാര്യ ശ്രീദേവി വീട്ടിലുണ്ടായിരുന്നു.
സുകുമാരൻ കൊലക്കേസ് പുനരന്വേഷിക്കാന്‍ വന്ന പോലീസുദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയപ്പോൾ ശ്രീദേവി അദ്ദേഹത്തെ അകത്ത് കയറ്റി ഇരുത്തി.
ബാലചന്ദ്രന്‍ നാലുപാടും ഒന്നു നോക്കിയിട്ട് ആമുഖമായി കുറെ കാര്യങ്ങൾ ചോദിച്ചു . എന്നിട്ടു പറഞ്ഞു.
“കേസ് ഡയറി പരിശോധിച്ചപ്പം ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. കൊല്ലപ്പെട്ട സുകുമാരനും നിങ്ങളും തമ്മില്‍ മാനസികമായി അടുപ്പത്തിലല്ലായിരുന്നു എന്ന് . എന്തായിരുന്നു കാരണം ?”
“എന്നെ ഇഷ്ടമല്ലായിരുന്നു സുകുവേട്ടന്.”
“അതെന്താ?”
“ഞങ്ങളുടേത് ലവ് മാര്യേജായിരുന്നു. ആദ്യത്തെ ഒരുവര്‍ഷം വല്യ സ്നേഹമായിരുന്നു. പിന്നെപ്പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യമായി.”
“ശ്രീദേവിയെ തല്ലുമായിരുന്നോ അയാള്?”
“ഉം.”
“എന്തുപറഞ്ഞാ തല്ലുക?”
“പകലിവിടെ ആരൊക്കെ വന്നൂന്ന് ചോദിച്ച് മിക്കദിവസവും എന്നെ തല്ലുമായിരുന്നു.”
“‘അതെന്താ അങ്ങനെ ചോദിക്കാൻ കാരണം ?”
” അയാൾക്കെന്നെ സംശയമായിരുന്നു ?”
”സംശയിക്കാൻ കാരണം ?”
”ഞാൻ പറഞ്ഞല്ലോ, ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നൂന്ന് . കല്യാണത്തിനു മുൻപേ ഞാൻ ഗർഭിണിയായിരുന്നു. അതിന്റെ പേരിൽ എന്നെ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു . കല്യാണം കഴിഞ്ഞിട്ടും അതുപറഞ്ഞു എന്നെ എപ്പഴും വേദനിപ്പിക്കുമായിരുന്നു”
”അതെന്താ ? അയാളുടെ കുഞ്ഞല്ലായിരുന്നോ ?”
”അതെ. പക്ഷെ സുകുവേട്ടന് എന്നെ സംശയമായിരുന്നു . അയാളുടെ കുട്ടി അല്ലാന്നും പറഞ്ഞു എപ്പഴും എന്നെ പീഡിപ്പിക്കുമായിരുന്നു. ”
”കല്യാണത്തിന് മുൻപ് ശരീരം കാഴ്ചവയ്ക്കുമ്പോൾ പിന്നീട് ഇതുപോലുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ചിന്തിക്കരുതായിരുന്നോ ?”
ശ്രീദേവിയുടെ മുഖം കുനിഞ്ഞുപോയി.
“അയാള്‍ക്ക് വേറെ പെണ്ണുങ്ങളുമായിട്ട് വല്ല ഇടപാടുകളുമുണ്ടായിരുന്നോ?”
” ഞാനൊന്നും നേരിട്ട് കണ്ടിട്ടില്ല.”
“ഇപ്പം പ്രതിയാക്കിയിരിക്കുന്ന സുമിത്രയുമായിട്ട് അയാള്‍ക്ക് ബന്ധമുണ്ടായിരുന്നോ?”
“അറിയില്ല.”
“ആ സ്ത്രീ ഇവിടെ വരാറുണ്ടായിരുന്നോ?”
“ഞാനുള്ളപ്പം വന്നിട്ടില്ല.”
‘നിങ്ങളു തമ്മില്‍ കണ്ടിട്ടേയില്ല?”
“ഇല്ല.”
“സുകുമാരനും നിങ്ങളും ഒരു മുറിയിലല്ലേ ഉറങ്ങിയിരുന്നത്?”
“അല്ല… ഞാന്‍ മുകളിലത്തെ നിലയിലും സുകുവേട്ടന്‍ താഴെയുമാ കിടന്നിരുന്നത്.”
“എത്രനാളായി അങ്ങനെ?”
“ഒരു വര്‍ഷത്തോളമായി.”
“ശ്രീദേവീടെ വീട്ടിലാരൊക്കെയുണ്ട്?”
“അച്ഛനും അമ്മയും ഒരു ആങ്ങളയും ചേച്ചിയും.
“നിങ്ങളു തമ്മിലുള്ള കല്യാണം നിങ്ങടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നോ ?”
“അല്ലായിരുന്നു.”
“പിന്നീട് പിണക്കം മാറിയോ?”
“ഉം . കല്യാണം കഴിഞ്ഞു കുറച്ചുനാള് കഴിഞ്ഞപ്പം മാറി .”
“നിങ്ങളുടെ അച്ഛനും അമ്മയുമൊക്കെ ഈ വീട്ടിൽ വന്നിട്ടുണ്ടോ ?”
“ഉം .”
“എത്ര തവണ?”
“പലപ്രാവശ്യം.”
”നിങ്ങളുടെ സഹോദരനും സുകുമാരനും തമ്മിൽ വല്ല പിണക്കവുമുണ്ടോ ?”
”എന്നെ തല്ലുന്നതിന്റെ പേരിൽ അവൻ സുകുവേട്ടനോട് ചിലപ്പഴൊക്കെ വഴക്കിട്ടിട്ടുണ്ട് .”
”ഓഹോ ! അപ്പം അവര് തമ്മിൽ മാനസികമായി അടുപ്പത്തിലല്ലായിരുന്നു അല്ലേ ?”
”അത്ര രസത്തിലല്ലായിരുന്നു ”
”അവന് എന്ത് പ്രായമുണ്ട് ? ”
” 24 വയസ്സ് ”
”സുകുമാരൻ മരിച്ച ദിവസം അവൻ ഇവിടെ വന്നിരുന്നോ ?”
”ഇല്ല ”
”സത്യമാണോ ?”
” അതെ ”
”സഹോദരിയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ സുകുമാരനെ കൊല്ലണമെന്ന് അവനെങ്ങാനും തോന്നിയിട്ടുണ്ടാവുമോ ?”
” സഹോദരി വിധവയായിക്കാണാൻ ഏതെങ്കിലും ആങ്ങള ആഗ്രഹിക്കുമോ സാർ ?”
”രണ്ടിലൊരാൾ മരിച്ചെങ്കിലേ നിങ്ങൾക്ക് സമാധാനം കിട്ടുന്നു നിങ്ങൾ പലരോടും പറഞ്ഞതായി ഞാൻ കേട്ടല്ലോ”
”അതെന്റെ വിഷമം കൊണ്ട് ഞാൻ പറഞ്ഞതാ . ഒരിക്കൽ നമ്മൾ എല്ലാവരും മരിക്കുമല്ലോ . അതാ ഞാനുദ്ദേശിച്ചത് . കൊന്നുകളയണമെന്നല്ല ”
“സുകുമാരന്‍ കൊല്ലപ്പെട്ട രാത്രിയില്‍ അയാളുടെ മുറിയില്‍നിന്ന് ശബ്ദം വല്ലതും കേട്ടോ?”
“ഇല്ല.”
“ലോക്കല്‍ പോലീസിന്‍റെ കേസ് ഡയറിയില്‍ സംഭവദിവസം രാത്രി നിങ്ങള്‍ക്ക് അയാള്‍ ഉറക്കഗുളിക തന്നിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതു ശരിയാണോ?”
“പതിവില്ലാതെ അന്നു സുകുവേട്ടന്‍ എനിക്ക് ഒരു കപ്പ് ചായ എടുത്തുകൊണ്ടുവന്നു തന്നു. അതു കുടിച്ചിട്ടാ ഞാന്‍ കിടന്നത്. പെട്ടെന്ന് ഉറങ്ങിപ്പോവുകയും ചെയ്തു. “
“പതിവില്ലാതെ ചായ തന്നപ്പം നിങ്ങള്‍ക്കു സംശയമൊന്നും തോന്നിയില്ലേ?”
“തോന്നിയിരുന്നു. ഞാനതു ചോദിക്കുകയും ചെയ്തു. ഇന്നുമുതല്‍ നമുക്കൊരു പുതിയ ജീവിതം തുടങ്ങാമെന്നു പറഞ്ഞ് സ്നേഹപൂര്‍വം എന്റെ അടുത്തിരുന്ന് കുടിപ്പിക്കുകയായിരുന്നു. ഞാനുറങ്ങുന്നതുവരെ എന്‍റെ കട്ടിലിലുണ്ടായിരുന്നു സുകുവേട്ടൻ . പെട്ടെന്ന് ഞാൻ ഉറങ്ങിപ്പോയി. “
“അയാളു മരിച്ച വിവരം എപ്പഴാ അറിഞ്ഞത്?”
“നേരം വെളുത്തപ്പം .”
“എപ്പോള്‍?’
“ചായയുമായിട്ട് ഞാന്‍ മുറിയില്‍ ചെന്നപ്പം.”
“ശ്രീദേവിക്കാരെയെങ്കിലും സംശയമുണ്ടോ?”
“ഞാനാരെയാ ഇപ്പം സംശയിക്കുക?”
“ശത്രുക്കളാരെങ്കിലും…?”
“ഒരുപാട് ശത്രുക്കളുണ്ട്. മദ്യപിച്ചിട്ടു സുകുവേട്ടൻ പലരുമായിട്ടും വഴക്കുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ശത്രുവാരാ മിത്രമാരാ എന്നൊന്നും എനിക്കറിയില്ല.”
” അടുത്ത വീട്ടിൽ താമസിക്കുന്ന സതീഷുമായിട്ടു നിങ്ങൾ അടുപ്പത്തിലായിരുന്നോ ?”
” ഒരു പ്രാവശ്യം ഞാൻ അവിടെ പോയിട്ടുണ്ട് . സുകുവേട്ടന് അതിഷ്ടമല്ലാന്നു മനസിലായപ്പം ഞാൻ പിന്നെ പോയിട്ടില്ല ”
” അയാൾക്ക് സുകുമാരനോട് വൈരാഗ്യമുള്ളതായിട്ടു വല്ല അറിവുമുണ്ടോ. ”
” ഞാനവിടെ ചെന്നതിന്റെ പേരിൽ ഒരു ദിവസം സുകുവേട്ടൻ അയാളുമായി കശപിശ ഉണ്ടാക്കിയിട്ടുണ്ട് .”
” അതെന്താ അയാളെയും നിങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു സംശയിക്കാൻ കാരണം? . ”
” എനിക്കറിയില്ല. സുകുവേട്ടന് എല്ലാവരെയും സംശയമാ ”
”സതീഷിനെ നിങ്ങൾക്കു നേരത്തേ പരിചയമുണ്ടോ ?”
” ഇല്ല ”
” ആ മനുഷ്യൻ എങ്ങനെ ? മാന്യനാണോ? ”
”എനിക്കറിയില്ല. ഒരുപ്രാവശ്യമേ ഞാനവിടെ പോയിട്ടുള്ളു . എന്നോട് മാന്യമായിട്ടായിരുന്നു ഇടപെട്ടത്‌ ”
“സംഭവ ദിവസം പകലിവിടെ ആരെങ്കിലും വന്നിരുന്നോ?”
“ഒന്നുരണ്ടു പിച്ചക്കാരൊഴികെ ആരും വന്നതായി ഓര്‍ക്കുന്നില്ല.”
”സുകുമാരന് സഹോദരി സഹോദരന്മാർ എത്രപേരുണ്ട് ?”
”ആണായിട്ടു സുകുവേട്ടൻ മാത്രമേയുള്ളൂ. പിന്നെ ഒരു സഹോദരിയുണ്ട് . അശ്വതി ”
“അശ്വതിയും സുകുമാരനും തമ്മില്‍ ലോഹ്യമായിരുന്നോ?”
“അത്ര ലോഹ്യത്തിലല്ലായിരുന്നു.”
“അതെന്താ?”
“ചില സ്വത്തുതര്‍ക്കമുണ്ടായിരുന്നു .”
“അതെന്താണെന്നു ഒന്നു വ്യക്തമായി പറഞ്ഞേ ?”
“എന്നെ കല്യാണം കഴിച്ചതിന്‍റെ പേരില്‍ സുകുവേട്ടന്‍റെ അമ്മ സുകുവേട്ടനുമായി പിണങ്ങി അശ്വതിയെ തറവാട്ടിൽ കൊണ്ടെ നിറുത്തി. അവളുടെ പേരിൽ അമ്മ സ്വത്തെല്ലാം എഴുതി വച്ചു. അതിന്റെ പേരിൽ അമ്മയുമായിട്ടും അശ്വതിയുമായിട്ടും സുകുവേട്ടൻ വഴക്കുണ്ടാക്കിയിട്ടുണ്ട്.”
” ഇപ്പോൾ സുകുമാരന്റെ തറവാട്ടിൽ താമസിക്കുന്നത് അശ്വതിയാണോ ?”
”അതെ . അശ്വതിയും അവളുടെ ഭർത്താവുമാ.”
”സുകുമാരന്റെ അമ്മ ?”
” ഒന്നര വർഷം മുൻപ് മരിച്ചുപോയി. ”
“സുകുമാരൻ മരിച്ച ദിവസം അശ്വതി ഇവിടെ വന്നിരുന്നോ?”
“ഇല്ല.”
“അന്നു സുകുമാരന്‍ അശ്വതീടെ വീട്ടില്‍ പോയിരുന്നോ?”
“അതെനിക്കറിയില്ല . കുറെ നാളായിട്ടു സുകുവേട്ടൻ ഒരു കാര്യവും എന്നോട് പറയാറില്ലായിരുന്നു.”
“രാത്രി കട പൂട്ടി സുകുമാരന്‍ ഇവിടെ വന്നപ്പം മദ്യപിച്ചിട്ടുണ്ടായിരുന്നോ?”
“ഉം. എന്നും മദ്യപിച്ചായിരുന്നു വരവ്.”
“സംഭവം നടന്നതിനുശേഷം സുകുമാരന്‍ മരിച്ചു കിടന്ന മുറിയില്‍നിന്ന് സംശയിക്കത്തക്ക നിലയിൽ എന്തെങ്കിലും സാധനം കിട്ടിയോ? അതായത് വല്ല വളക്കഷണമോ, സ്ലൈഡോ, സേഫ്റ്റി പിന്നോ, മൊട്ടുസൂചിയോ അതുപോലെ എന്തെങ്കിലും?”
” ഇല്ല . പോലീസുകാര് മുറി പൂട്ടി സീൽ ചെയ്ത് പോയതായിരുന്നു . കുറച്ചു നാള് മുൻപാ അതിന്റെ താക്കോൽ കൊണ്ടു തന്നത് ”
” ഇപ്പം ആ മുറി ഉപയോഗിക്കുന്നുണ്ടോ ?”
“ഇല്ല . ഞാനാ മുറിയിലേക്ക് കയറിയിട്ടുപോലുമില്ല. എനിക്കത് ഓർക്കുമ്പം പോലും പേടിയാ ”
” അപ്പം അത് കഴുകി വൃത്തിയാക്കിയിട്ടൊന്നുമില്ലേ ?
”ഇല്ല. വീട്ടിൽ നിന്ന് ആങ്ങള വരുമ്പം അവനെക്കൊണ്ട് ചെയ്യിക്കാന്ന് ഓർത്തിരിക്കുവാ. ആ മുറിയിലേക്ക് നോക്കാൻപോലും എനിക്ക് പേടിയാ. അത്ര ഭീകരമായ കാഴ്ചയല്ലേ ഞാൻ കണ്ടത്. ”
”ആ മുറിയുടെ താക്കോൽ ഒന്ന് തരാമോ ?”
”ഉം ”
ശ്രീദേവി അകത്തേക്ക് പോയി അലമാരയിൽ നിന്ന് മുറിയുടെ താക്കോൽ എടുത്തുകൊണ്ടു വന്നു ബാലചന്ദ്രന് നീട്ടി.
അയാൾ അത് വാങ്ങിയിട്ട് സുകുമാരൻ മരിച്ചു കിടന്ന മുറിയുടെ വാതിലിന്റെ പൂട്ട് തുറന്നു .
അകത്തേക്ക് കയറിയപ്പോൾ വല്ലാത്തൊരു ദുർഗന്ധം അനുഭവപ്പെട്ടു . തറയിൽ രക്തം പരന്ന് ഉണങ്ങിയതിന്റെ പാട് വ്യക്തമായി കാണാം.
ബാലചന്ദ്രൻ മുറി സൂക്ഷ്മമായി പരിശോധിച്ചു. കൊലയാളിയിലേക്കു വിരൽ ചൂണ്ടുന്ന യാതൊന്നും പക്ഷെ അവിടെനിന്നു കിട്ടിയില്ല . നിരാശയോടെ ഇറങ്ങിപ്പോരാൻ തുടങ്ങിയപ്പോഴാണ് വാതിൽ മറവിൽ തറയിലെ കട്ടിളപ്പടിയോട് ചേർന്ന്‌ ഒരു ചെറിയ വിടവിൽ ഷർട്ടിന്റെ ഒരു ബട്ടൺ കിടക്കുന്നത് കണ്ടത്. ബാലചന്ദ്രൻ കുനിഞ്ഞു അത് കയ്യിലെടുത്തു . ഗോൾഡൻ കളറിൽ പ്രത്യേക ഡിസൈനിലുള്ള ഒരു പ്ലാസ്റ്റിക് ബട്ടൺ .
ബാലചന്ദ്രൻ ഓർത്തു : ഒന്നുകിൽ ഇത് സുകുമാരന്റെ ഷർട്ടിലെ ബട്ടനാണ് . അല്ലെങ്കിൽ കൊലയാളിയുടേത് . അതുമല്ലെങ്കിൽ മുറി പരിശോധിച്ച പോലീസുകാരിൽ ആരുടെയോ. അതിനുള്ള സാധ്യത വിരളമാണ് . അവർ യൂണിഫോമിലായിരുന്നല്ലോ. ഒരു പക്ഷേ ചിലപ്പോൾ വിരലടയാള വിദഗ്ധന്റെയാകാം. എന്തായാലും ഷർട്ടിന്റെ ഒരു ബട്ടൺ എങ്കിലും കിട്ടിയല്ലോ. ഇനി ഇതിൽ പിടിച്ചു വേണം മുൻപോട്ടുള്ള അന്വേഷണം.
വെളിയിലിറങ്ങി മുറി പൂട്ടിയിട്ടു ശ്രീദേവിയെ നോക്കി ബാലചന്ദ്രൻ ചോദിച്ചു .
”മരിച്ച സമയത്തു സുകുമാരൻ ഉപയോഗിച്ചിരുന്ന ഷർട്ട് ഇവിടെയുണ്ടോ ?”
”ഇല്ല . അത് പോലീസുകാര് നേരത്തെ കൊണ്ടുപോയി. തിരിച്ചുതന്നിട്ടില്ല. ”
”അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന ബാക്കി ഷർട്ടുകൾ ഇവിടെയുണ്ടാവുമല്ലോ ?”
”ഉം ”
”അതെല്ലാം എനിക്ക് ഒന്ന് കാണണം.”
” മരിച്ചുകിടന്ന മുറിയിലെ അലമാരക്കകത്താ അതെല്ലാം ”
”ഓക്കെ . ”
ബാലചന്ദ്രൻ വീണ്ടും പൂട്ട് തുറന്നു മുറിയിലേക്ക് കയറി. അലമാരതുറന്നു സുകുമാരന്റെ ഷർട്ടുകൾ ഓരോന്നായി എടുത്തു നോക്കി . ഒന്നിലും അതേ നിറത്തിലും ഡിസൈനിലുമുള്ള ബട്ടൺ ഉണ്ടായിരുന്നില്ല. ഇനി സംഭവ ദിവസം അയാൾ ധരിച്ചിരുന്ന ഷർട്ട്‌ മാത്രമേ പരിശോധിക്കാനുള്ളു. അതിൽ ഇതേ തരത്തിലുള്ള ബട്ടൺ ആണെങ്കിൽ ഈ തെളിവുകൊണ്ടു ഒരു പ്രയോജനവും ഇല്ല .
മുറി പൂട്ടി താക്കോൽ കൈമാറിയിട്ടു ബാലചന്ദ്രൻ പറഞ്ഞു.
”ശ്രീദേവിയുടെ സഹോദരന്റെ അഡ്രസും ഫോൺ നമ്പറും ഒന്ന് കുറിച്ചു താ. ”
ശ്രീദേവി ഒരു കടലാസിൽ അത് കുറിച്ചു കൊടുത്തു.
പോകുന്നതിതിനു മുമ്പ് ബാലചന്ദ്രൻ ഓർമ്മിപ്പിച്ചു:
”ഞാനിവിടെ വന്നു അന്വേഷിച്ച കാര്യങ്ങൾ നമ്മൾ രണ്ടുപേരുമല്ലാതെ വേറാരും അറിയാൻ പാടില്ല . ആരോടെങ്കിലും പറഞ്ഞെന്നറിഞ്ഞാൽ നിങ്ങളെയും പ്രതിയാക്കേണ്ടി വരും. ”
” ഇല്ല . ഞാൻ ആരോടും പറയില്ല. ”
ശ്രീദേവിയോട് യാത്രപറഞ്ഞിട്ട് അദ്ദേഹം പുറത്തേക്കിറങ്ങി.
വെളിയില്‍, ജീപ്പിനു സമീപം പോലീസുകാര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരോട് ജീപ്പില്‍ കയറാന്‍ പറഞ്ഞിട്ട് ബാലചന്ദ്രന്‍ ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
പോലീസുകാരെ സ്റ്റേഷനില്‍ ഇറക്കിവിട്ടിട്ട് അദ്ദേഹം ജീപ്പുമായി നേരെ ഗസ്റ്റ് ഹൗസിലേക്ക് പോയി.
ഗസ്റ്റ് ഹൗസിന്‍റെ മുറ്റത്ത് ജീപ്പ് പാര്‍ക്കുചെയ്തിട്ട് തിടുക്കത്തില്‍ തന്‍റെ മുറിയിലേക്ക് കയറി .
വാതിലടച്ചു കുറ്റിയിട്ടിട്ട് അദ്ദേഹം കസേരയില്‍ വന്നിരുന്നു. പോക്കറ്റില്‍നിന്ന് ആ ബട്ടൺ എടുത്തു തിരിച്ചും മറിച്ചും നോക്കി. പിന്നെ മൊബൈല്‍ എടുത്ത് കേസ് ആദ്യം അന്വേഷിച്ച സർക്കിൾ ഇൻസ്‌പെക്ടറുടെ നമ്പർ ഡയൽ ചെയ്തു. അദ്ദേഹത്തെ ലൈനിൽ കിട്ടി . ആമുഖമായി അന്വേഷണത്തിന്റെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടു ബാലചന്ദ്രൻ പറഞ്ഞു:
” നമ്മുടെ കസ്റ്റഡിയിൽ ഇരിക്കുന്ന, സുകുമാരന്റെ ഷർട്ടിന്റെ ബട്ടന്റെ നിറം എന്താണെന്ന് ഒന്ന് നോക്കിയിട്ടു വിളിച്ചു പറയാമോ?”
”തീർച്ചയായും . നോക്കിയിട്ടു ഞാൻ ഉടനെ തിരിച്ചു വിളിക്കാം സാർ ”
” ഒക്കെ ”
കുറച്ചുനേരം കഴിഞ്ഞപ്പോൾ സി ഐ ബാലചന്ദ്രനെ തിരിച്ചു വിളിച്ചു.
” സാർ അതിന്റെ നിറം വെളുപ്പാണ്‌ ”
”ഉറപ്പാണോ ?”
”യെസ് . ഞാൻ നേരിട്ട് പരിശോധിച്ചതാണ് ”
” താങ്ക്യൂ ”
ഫോൺ കട്ട് ചെയ്തിട്ട് ബാലചന്ദ്രൻ ചിന്തിച്ചു . അപ്പോൾ തൊണ്ണൂറു ശതമാനവും ഇത് കൊലയാളിയുടെ ഷർട്ടിന്റെ ബട്ടൺ ആകാനാണ് സാധ്യത . കൊല നടത്തിയിട്ട് തിടുക്കത്തിൽ ഇറങ്ങിപ്പോയപ്പോൾ വാതിലിന്റെ കൊളുത്തിലോ കൈപിടിയിലോ ഉടക്കി അടർന്നു പോയതാവണം . പക്ഷെ ഈ ബട്ടൺ ഉപയോഗിച്ച് എങ്ങനെ കൊലയാളിയെ കണ്ടെത്തും? ഇനി കണ്ടെത്തിയാൽ തന്നെ കൊലയാളി അയാൾ തന്നെയാണെന്ന് എങ്ങനെ ഉറപ്പിക്കാനാവും? ഇതുപോലെയുള്ള ബട്ടണുകൾ എത്രയോ ഷർട്ടുകളിൽ ഉണ്ടാവും ?
ബട്ടൺ കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടു അദ്ദേഹം ആലോചിച്ചു . ആരായിരിക്കും ഈ ബട്ടന്റെ ഉടമ ? സതീഷോ , ശ്രീദേവിയുടെ സഹോദരനോ, അതുമല്ലെങ്കിൽ മൂന്നാമതൊരാളോ? എന്തായാലും സംശയമുള്ള എല്ലാവരുടെയും ഷർട്ടുകൾ പരിശോധിക്കേണ്ടിയിരിക്കുന്നു.
ബാലചന്ദ്രൻ ഒരു ദീഘശ്വാസം വിട്ടിട്ടു കസേരയിലേക്ക് ചാഞ്ഞു കിടന്നു.
ആദ്യം ആരുടെ വീട്ടിൽ പോയി അന്വേഷിക്കണം? സതീഷിന്റെ വീട്ടിൽ തന്നെ ആയിക്കോട്ടെ . ഏറ്റവും അടുത്തുള്ള വീട് അതാണല്ലോ.
ബാലചന്ദ്രൻ കർച്ചീഫെടുത്ത് മുഖം തുടച്ചു .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here