Home Entertainment ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

2994
0
ഒടുവിൽ ഒരുദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 1

“എത്ര നേരമായി ഒരുക്കം തുടങ്ങീട്ട് ! ഒന്നിങ്ങോട്ടിറങ്ങി വാ കൊച്ചേ..”
വരാന്തയിൽ നിന്ന് അകത്തേയ്ക്കു നോക്കി തെല്ലു ദേഷ്യത്തോടെ അലീന വിളിച്ചു .
“ദാ വരുന്നു ചേച്ചീ….”
അകത്തു നിന്ന് ശബ്ദം കേട്ടതല്ലാതെ ആരും പുറത്തേയ്ക്കു വന്നില്ല.
അലീനയ്ക്കു ദേഷ്യം വന്നു. അവള്‍ മുറ്റത്തേയ്ക്കിറങ്ങിച്ചെന്നിട്ടു പപ്പയോടു പറഞ്ഞു.
“ആ പെണ്ണ് ഇന്നെങ്ങും വരില്ല. പപ്പ ചെന്നു വിളിച്ചിറക്കിക്കൊണ്ടു വാ.”
മുറ്റത്തു കാറില്‍ ചാരി നില്‍ക്കുകയായിരുന്ന തോമസ് കുരുവിള അകത്തേയ്ക്കു പോകാന്‍ ഭാവിക്കേ, ടോണി തടഞ്ഞു.
“അങ്കിളിവിടെ നിൽക്ക്. ഞാന്‍ ചെന്നു പൊക്കിയെടുത്തോണ്ടു വരാം.”
ടോണി വേഗം അകത്തേയ്ക്കു കയറി ചെന്നു.
കണ്ണാടിയില്‍ നോക്കി പൊട്ടുതൊടുകയായിരുന്നു ജാസ്മിന്‍. കണ്ണാടിയില്‍ ടോണിയുടെ പ്രതിബിംബം കണ്ടപ്പോൾ അവള്‍ തിരിഞ്ഞു.
“ഇതെന്തൊരൊരുക്കമാടോ? നേരമെന്തായീന്നറിയ്വോ? എല്ലാരും പോകാൻ ധൃതികൂട്ടുന്നു. “- ടോണിയ്ക്കു ക്ഷമകെട്ടു.
“പ്ലീസ് , ഒരു മിനിറ്റു കൂടി.”
കണ്ണാടിയില്‍ നോക്കി തിരിഞ്ഞും മറിഞ്ഞും മുഖത്തിന്റെ ഭംഗി ആസ്വദിച്ചിട്ട് ജാസ്മിന്‍ ടോണിയുടെ നേരെ തിരിഞ്ഞു.
“ഈ പൊട്ട് നേരെയാണോന്ന് ഒന്നു നോക്കിയേ ടോണീ.”
“നോക്കട്ടെ….”- ഇരുകരങ്ങളും അവളുടെ രണ്ടു ചുമലിലും വച്ചിട്ട് ടോണി മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി . എത്ര സുന്ദരിയാണീ പെണ്ണ്! അവളുടെ വശ്യമായ ചിരി ഹൃദയത്തില്‍ കോര്‍ത്തു വലിയ്ക്കുന്നതു പോലെ തോന്നി. പൊടുന്നനേ, മുഖം മുഖത്തോടടുപ്പിച്ച് ആ കവിളില്‍ ഒരു മുത്തം നല്‍കി അവൻ .
ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു ജാസ്മിന്‍. അവള്‍ കുതറിമാറിയിട്ട് ദേഷ്യത്തോടെ പറഞ്ഞു.
“എന്താ ഈ കാണിച്ചേ? പുറത്തു പപ്പേം അമ്മേം നില്‍പ്പുണ്ടെന്ന വിചാരം പോലുമില്ല.” ജാസ്മിന്‍ പരിഭ്രാന്തിയോടെ നാലുപാടും നോക്കി. ആരും കണ്ടില്ലെന്നു അറിഞ്ഞപ്പോൾ ആശ്വാസമായി.
“വഷളത്തരം മാത്രേ കയ്യിലുള്ളൂ “- കണ്ണുരുട്ടിയിട്ട് അവള്‍ കണ്ണാടിയുടെ നേരെ തിരിഞ്ഞു.
“ശ്ശൊ….അത്രേം ഭാഗത്തെ പൗഡറുപോയി.” പൗഡര്‍ ടിന്‍ എടുത്തു വീണ്ടും അവള്‍ തുറന്നു.
“സോറീടോ….”- ടോണിയ്ക്കു കുറ്റബോധം തോന്നി.
“വേണ്ടാതീനം കാണിച്ചിട്ടു സോറി പറഞ്ഞാമതില്ലോ.” മുഖത്ത് വീണ്ടും പൗഡറിടുന്നതിനിടയില്‍ അവള്‍ തുടര്‍ന്നു: ” ടോണി പൊയ്‌ക്കോ ….ഞാന്‍ വന്നേയ്ക്കാം….”
പിന്നെ ഒന്നും മിണ്ടാതെ ടോണി പുറത്തേക്കിറങ്ങി .
ഒരിക്കല്‍കൂടി കണ്ണാടിയില്‍ നോക്കി സൗന്ദര്യം വീക്ഷിച്ചിട്ട് അവള്‍ പുറത്തേയ്ക്കിറങ്ങി ചെന്നു .
“പെണ്ണിനെ കെട്ടിയ്ക്കാന്‍ കൊണ്ടുപോക്വാന്നു തോന്നും, ഒരുക്കം കണ്ടാല്‍.”- അലീന കളിയാക്കി. ചേച്ചിക്കിട്ടു മൃദുവായി ഒരിടി കൊടുത്തിട്ടു ജാസ്മിൻ പറഞ്ഞു . ”എന്തായാലും ചേച്ചീടെ കല്യാണം കഴിഞ്ഞേ എന്റെ കല്യാണം ഉള്ളൂ ”
അപ്പോഴേയ്ക്കും വീടുപൂട്ടിയിട്ട് ടോണി മുറ്റത്തേയ്ക്കിറങ്ങി വന്നിരുന്നു.
തോമസ് കാറിന്റെ പിന്‍ഡോര്‍ തുറന്നിട്ട് പറഞ്ഞു :
“കേറ്”
ആദ്യം തോമസിന്‍റെ ഭാര്യ മേരിക്കുട്ടി കയറി. പിന്നാലെ ടോണിയുടെ അമ്മ ആഗ്നസ്, അലീന, ജാസ്മിന്‍, ടോണിയുടെ പെങ്ങള്‍ അനു . എട്ടുപേർക്ക് കയറാവുന്ന വലിയ കാറായിരുന്നു . തോമസിന്റെ ഒരു സുഹൃത്തിന്റെ വക . ബാക്ക് ഡോർ അടച്ചിട്ട് തോമസ് മുന്‍വാതില്‍ തുറന്നു. ടോണി ആദ്യം കയറി. പിന്നാലെ തോമസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് ഡോർ വലിച്ചടച്ചു , വണ്ടി സ്റ്റാർട്ട് ചെയ്തു. ഒരിരമ്പലോടെ കാർ സാവധാനം മുമ്പോട്ടു നീങ്ങി.

ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെയാണ് ഇരുവീട്ടിലേയും ആളുകള്‍ തമ്മിലുള്ള സ്നേഹ ബന്ധം! കൊച്ചുനാള്‍ മുതല്‍ തുടങ്ങിയ ആ സൗഹൃദം ഇപ്പോഴും ഇടമുറിയാതെ തുടരുന്നു.

ടോണിയ്ക്ക് പപ്പയില്ല. അവന് നാല് വയസുള്ളപ്പോള്‍ പപ്പ ഒരു കാര്‍ അപകടത്തില്‍ മരിച്ചു. ആ അപകടത്തിനു കാരണം തോമസ് കുരുവിളയായിരുന്നു. തോമസിനോടൊപ്പം ഒരു യാത്ര പോയതായിരുന്നു ടോണിയുടെ പപ്പ. രാത്രി മടങ്ങിവരുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് തോമസായിരുന്നു. മദ്യലഹരിയില്‍ ഉറങ്ങിപോയപ്പോൾ കാര്‍ നിയന്ത്രണം വിട്ട് ഒരു കലുങ്കിലിടിച്ചു മറിഞ്ഞു . ആ ഇടിയില്‍ നഷ്ടപ്പെട്ടത് ടോണിയുടെ പപ്പയുടെ ജീവനായിരുന്നു.

മരണക്കിടക്കയില്‍ ദൈവത്തിന്‍റെ വിളിയൊച്ച കാതോര്‍ത്തു കിടക്കുമ്പോള്‍ ടോണിയുടെ പപ്പ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു. തന്‍റെ ഭാര്യയേയും കുഞ്ഞുങ്ങളേയും പട്ടിണി കിടത്താതെ മരണം വരെ നോക്കിക്കൊള്ളണമെന്ന ഒരേയൊരപേക്ഷ. തോമസിന്‍റെ കൈപിടിച്ചയാള്‍ “നോക്കില്ലേ” എന്നു ചോദിച്ചപ്പോള്‍ തോമസ് പൊട്ടിക്കരഞ്ഞുപോയി.

മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് പിരിയുമ്പോള്‍ ആഗ്നസിന്‍റെ കണ്ണീരുപടര്‍ന്ന മുഖവും ടോണിയുടെ പപ്പയുടെ വാക്കുകളുമായിരുന്നു തോമസിന്‍റെ മനസില്‍. പിന്നീടിന്നോളം ആ കുടുംബത്തെ സംരക്ഷിച്ചു പോന്നത് തോമസായിരുന്നു.

പഠിയ്ക്കാന്‍ മിടുക്കനും കാണാന്‍ സുമുഖനുമായതുകൊണ്ട് ടോണിയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുവാങ്ങി അവൻ മെറിറ്റിൽ മെഡിക്കൽ പഠനത്തിന് ചേർന്നു . ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ഏഴാം സെമസ്റ്റര്‍ എം ബി ബി എസ് വിദ്യാര്‍ത്ഥി. ടോണിയുടെ പെങ്ങള്‍ അനു പ്ലസ് റ്റു വിദ്യാര്‍ത്ഥിനിയും.

തോമസ് കുരുവിള ഒരു ഒരിടത്തരം കര്‍ഷകനാണ്. രണ്ടുപെണ്‍മക്കള്‍ മാത്രമേ അയാള്‍ക്കുള്ളൂ. അലീനയും ജാസ്മിനും. അലീന ഡിഗ്രി കഷ്ടിച്ചു പാസായിട്ട് ഇപ്പോൾ വീട്ടിൽ അമ്മയെ സഹായിക്കുന്നു. പഠിത്തത്തിലും സൗന്ദര്യത്തിലും അവള്‍ പിന്നോക്കമാണ്. ആ അപകര്‍ഷചിന്ത എപ്പോഴും അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. താന്‍ ആര്‍ക്കും വേണ്ടാത്ത മണ്ടിപ്പെണ്ണാണെന്ന തോന്നല്‍! പല രാത്രികളിലും ആരും കാണാതെ ഉണര്‍ന്നിരുന്നവള്‍ കരഞ്ഞിട്ടുണ്ട്.

ജാസ്മിന്‍ നേരെ മറിച്ചാണ്! ഡിഗ്രി വിദ്യാർത്ഥിനിയായ അവൾ കാണാന്‍ സുന്ദരിയും പഠിയ്ക്കാന്‍ മിടുക്കിയുമാണ് . അവളോടായിരുന്നു തോമസിനും മേരിക്കുട്ടിയ്ക്കും കൂടുതലിഷ്ടം! തന്റെ സൗന്ദര്യത്തിലും കഴിവിലും അവള്‍ അഭിമാനം കൊണ്ടു. എടുപ്പിലും നടപ്പിലും അവളതു പ്രകടിപ്പിയ്ക്കുകയും ചെയ്തു. ഒരുപാട് ഓമനിച്ചും താലോലിച്ചുമാണ് തോമസ് ജാസ്മിനെ വളര്‍ത്തിയത്!

കൊച്ചുന്നാള്‍ മുതല്‍ ടോണിയ്ക്കു ജാസ്മിനെ ഇഷ്ടമാണ്. ഇഷ്ടം സ്നേഹമായി മാറിയപ്പോള്‍ ആ രൂപം മനസില്‍ പ്രതിഷ്ഠിച്ച് അവന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. ഹൃദയത്തില്‍ മാത്രം സൂക്ഷിച്ച ആ സത്യം തുറന്നു പറയാന്‍ അവനു ഭയമായിരുന്നു. ജാസ്മിന്‍റെ പ്രതികരണം പ്രതികൂലമാവുമോ എന്ന ആശങ്ക!

ജാസ്മിനും ടോണിയോട് പ്രണയമായിരുന്നു. ടോണിയുടെ വായില്‍ നിന്ന്, നിന്നെ ഇഷ്ടമാണ് എന്ന വാക്കു കേള്‍ക്കാന്‍ അവള്‍ ഒരുപാടു കൊതിച്ചിരുന്നു. പലപ്പോഴും ഓര്‍ത്തിട്ടുണ്ട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന്. പിന്നെ ഓര്‍ക്കും,ടോണിയുടെ മനസില്‍ അങ്ങനെ ഒരു ചിന്തയില്ലെങ്കിൽ താന്‍ നാണം കെട്ടു പോകില്ലേ എന്ന് .

രണ്ടുപേരും ഹൃദയത്തില്‍ മാത്രം സൂക്ഷിച്ച ആ രഹസ്യം ആദ്യം തുറന്നു പറഞ്ഞതു ടോണിയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് മറ്റാരും ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ ടോണിയുടെ വീട്ടില്‍ വച്ചാണ് അവൻ ആ രഹസ്യം വെളിപ്പെടുത്തിയത്. അതുകേട്ട് ജാസ്മിന്‍ കോരിത്തരിച്ചു പോയി.

“എത്ര നാളായെന്നറിയോ ഞാനീ വാക്കുകേള്‍ക്കാന്‍ കൊതിയ്ക്കുന്നു!” – ജാസ്മിന്‍റെ കണ്ണുകള്‍ ആഹ്ലാദാതിരേകത്താല്‍ നിറഞ്ഞു .
“എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിത്.”
ജാസ്മിന്‍റെ വായില്‍ നിന്ന് ആ വാചകങ്ങള്‍ കേട്ടപ്പോള്‍ ടോണിയ്ക്കു നിയന്ത്രണം വിട്ടുപോയി. അന്ന് ആദ്യമായി അവന്‍ അവളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.ഒരു കൊച്ചുകുട്ടിയെപ്പോലെ ആ കരവലയത്തിലൊതുങ്ങി നിന്നതേയുള്ളൂ ജാസ്മിന്‍.

പിന്നീട് മിക്ക ദിവസവും അവര്‍ കൂടിക്കാണും. ഏറെ നേരം തനിച്ചിരുന്ന് വിശേഷങ്ങൾ പറയും. സ്നേഹം പങ്കുവെയ്ക്കും. വിവാഹത്തേക്കുറിച്ചും, ദാമ്പത്യ ജീവിതത്തേക്കുറിച്ചും ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. ഒരിക്കലും പിരിയാനാവാത്തവിധം ആ സ്നേഹബന്ധം വളര്‍ന്നു പന്തലിച്ചു.

കാര്‍ ഒരു വളവു തിരിഞ്ഞപ്പോള്‍ ജാസ്മിന്‍ ചോദിച്ചു.
“ഇനി എത്ര ദൂരം കൂടിയുണ്ട് പപ്പാ?”
“അഞ്ഞൂറ് കിലോമീറ്റർ .” ടോണിയാണ് മറുപടി പറഞ്ഞത് . ടോണി കളിയാക്കിയതാണെന്നു കണ്ടപ്പോൾ ജാസ്മിൻ പറഞ്ഞു.
“ഞാന്‍ പപ്പയോടാ ചോദിച്ചേ.”
“കേട്ടതിനുത്തരം ആര്‍ക്കും പറയാം”
ജാസ്മിന്‍ ടോണിയുടെ മുതുകത്ത് ഒരിടി കൊടുത്തു കൊണ്ട് പറഞ്ഞു
“ഓ.. ഒരു ഉത്തരക്കാരന്‍. അത് കെട്ടിയോളോട് പോയി പറഞ്ഞാൽ മതി “
ഒന്നും രണ്ടും പറഞ്ഞു ഉടക്കായി.
അതു കണ്ടപ്പോൾ ആഗ്നസ് ചിരിച്ചുകൊണ്ട് പറഞ്ഞു
”ഇവര് രണ്ടും കൂടി തുടങ്ങിയാൽ കീരിയും പാമ്പും പോലെയാ ”
”കഴിഞ്ഞ ജന്മത്തിൽ കീരിയും പാമ്പും ആയിരുന്നിരിക്കും ” അലീന ചിരിച്ചു കൊണ്ട് പറഞ്ഞു.
നാല് മണിയായപ്പോഴേയ്ക്കും അവർ ചീങ്കൽപാറയിലെത്തി.
ചീങ്കൽപാറ വെള്ളച്ചാട്ടം കാണണമെന്ന് ജാസ്മിനായിരുന്നു കൂടുതല്‍ മോഹം! എത്ര പ്രാവശ്യം പറഞ്ഞിട്ടാണ് പപ്പ പോകാന്‍ സമ്മതിച്ചത്. സമ്മതിപ്പിയ്ക്കാന്‍ ടോണിയുടെ സഹായം കൂടി വേണ്ടിവന്നു എന്നതു സത്യമാണ്. എന്നാലും ഇങ്ങനെയൊരു ആശയം മുമ്പോട്ടുവച്ച തനിയ്ക്കല്ലേ അതിന്‍റെ ക്രഡിറ്റ്? ടോണി അതു സമ്മതിച്ചു തരില്ല. വേണ്ട. ആര്‍ക്കുവേണം ടോണീടെ സമ്മതം!
“നീ എന്താലോചിച്ചിരിക്ക്യാ, ഇറങ്ങുന്നില്ലേ ?”
അലീനയുടെ ശബ്ദം കേട്ടാണ് അവള്‍ ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്.
കാര്‍ പാർക്കുചെയ്തിരിക്കയാണെന്നും , ടോണിയും പപ്പയും ഇറങ്ങി അല്പം മുമ്പോട്ടു നടന്നു എന്നും കണ്ടപ്പോള്‍ അവള്‍ക്കു ദേഷ്യം തോന്നി.
അവള്‍ വേഗം ഇറങ്ങി പപ്പയുടെ അടുത്തേയ്ക്കു ഓടി ചെന്നു .
“പപ്പ നല്ല പണിയാ കാണിച്ചേ. എന്നെ കൂടാതെ പോന്നു അല്ലേ.”
“അതിനു നീ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ?”
ടോണിയാണു മറുപടി പറഞ്ഞത്.
“ഞാന്‍ പപ്പയോടാ ചോദിച്ചേ.”
“കേട്ടതിനുത്തരം ആര്‍ക്കും പറയാം.”-ടോണി ചിരിച്ചു.
ജാസ്മിന്‍ ടോണിയെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ഗൗരവം നടിച്ചു.
തോമസ് കാണാതെ ടോണി അവളുടെ തുടയിലൊരു നുള്ളുകൊടുത്തു.
ജാസ്മിന്‍ ഇടിയ്ക്കാന്‍ കൈ ഉയര്‍ത്തിയതും ടോണി വേഗം അവിടെ നിന്നു മാറി.

നടന്ന് അവര്‍ വെള്ളച്ചാട്ടത്തിന്‍റെ അരികിലെത്തി. കാഴ്ചക്കാരായി അധികം ആളുകള്‍ ഉണ്ടായിരുന്നില്ല.
ജാസ്മിന്‍ ദൂരേക്കു നോക്കി. ദൂരെ മലമടക്കില്‍നിന്നു വെള്ളം കുത്തിയൊഴുകി വെള്ളിക്കസവുപോലെ താഴേക്കു വരുന്നതു കാണാന്‍ എന്തു ഭംഗി! കരിങ്കല്‍ പാറയില്‍ വീണു ചിന്നിച്ചിതറുമ്പോള്‍ ആ പ്രദേശമാകെ മഞ്ഞിന്‍റെ മേലാവരണം. കുതിച്ചു ചാടുന്ന വെള്ളം സമതലത്തിലൂടെ പരന്നൊഴുകുന്നതു കാണാന്‍ അതിലേറെ ഭംഗി. പുഴയില്‍ അങ്ങിങ്ങു പൊങ്ങിനില്‍ക്കുന്ന പാറയില്‍ കയറിയിരുന്നു ചിലര്‍ പുഴയുടെ ഭംഗിയും വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിതയും ആസ്വദിക്കുന്നുണ്ട്.
ആളൊഴിഞ്ഞ ഒരു പാറയുടെ പുറത്തേക്കു കയറാന്‍ ടോണി വെള്ളത്തിലേക്കു കാലെടുത്തു വച്ചപ്പോള്‍ ജാസ്മിന്‍ ഓടിച്ചെന്നു കൈ നീട്ടി:
“പ്ലീസ്…. എന്നേക്കൂടി.”
ടോണി അവളുടെ കൈപിടിച്ച് ഒരു കല്ലില്‍നിന്നു മറ്റൊരു കല്ലിലേക്കു ചാടിക്കടക്കാന്‍ അവളെ സഹായിച്ചു. ഏഴെട്ടു കല്ലുകള്‍ ചാടിക്കടന്ന് അവര്‍ പാറയുടെ അടുത്തെത്തി. കൈപിടിച്ച് അവളെ മുകളിലേക്കു കയറ്റി ടോണി.
പാറപ്പുറത്ത് ഇരിക്കാന്‍ നല്ല സുഖം! തണുത്ത കാറ്റടിച്ചപ്പോള്‍ കുളിര് തോന്നി . അവള്‍ ടോണിയോട് ഒട്ടിച്ചേര്‍ന്നിരുന്നു ഹൃദയവികാരങ്ങള്‍ കൈമാറി.
“കല്യാണം കഴിഞ്ഞ് ഇതുപോലുള്ള നല്ല സ്ഥലങ്ങളില്‍ നമുക്കുപോകണംട്ടോ. നമ്മളു രണ്ടുപേരും മാത്രമുള്ള ലോകത്തിരിക്കുമ്പോള്‍ എന്തു രസായിരിക്കും അല്ലേ ടോണി ?”
“കല്യാണം കഴിയണമെന്നില്ല. നമുക്കു രണ്ടുപേര്‍ക്കുംകൂടി വീട്ടിലറിയിക്കാതെ അങ്ങു പോകാന്നേ. ഇടയ്ക്കൊക്കെ ഒരു കറക്കം നല്ലതാ .”
“അയ്യടാ. ആ പൂതിയങ്ങു മനസ്സില്‍ വച്ചാ മതി. ആദ്യം കഴുത്തില്‍ ഒരു താലികെട്ട്. എന്നിട്ടാകാം ചുറ്റിക്കളീം കറക്കവും.”
“കാത്തിരുന്നു മടുത്തു കൊച്ചേ .”
“ചേച്ചീടെ കല്യാണം വേഗം നടക്കാന്‍ പ്രാര്‍ത്ഥിക്ക്.”-ജാസ്മിന്‍ കുറച്ചുകൂടി ചേര്‍ന്നിരുന്നു.
”ഓ.., അത് നടന്നിട്ട് നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല ”
”ചേച്ചിക്ക് നല്ലൊരു ഭർത്താവിനെ കൊടുക്കണേ ഇശോയേന്നു എന്നും പ്രാർത്ഥിക്ക് . ദൈവം നടത്തി തരും. ”
” ഓ പിന്നെ .. ദൈവത്തിനു ബ്രോക്കറു പണിയല്ലേ അവിടെ ”
ഏറെ നേരം വര്‍ത്തമാനം പറഞ്ഞ് അവര്‍ ആ പാറപ്പുറത്തിരുന്നു.
“നമ്മളു തമ്മില്‍ ലവ് ആണെന്നു പപ്പയ്ക്കു വല്ല സംശയവും തോന്നുമോ?” ടോണിക്ക് ആശങ്ക.
“ഏയ്. നമ്മളു കൊച്ചുന്നാള്‍ മുതല്‍ ഇങ്ങനല്ലേ ടോണിക്കുട്ടാ. ”
”പപ്പയോട് അതങ്ങു തുറന്ന് പറഞ്ഞാലോ ?”
”യ്യോ വേണ്ട . ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് മതി എല്ലാം .അതും പ്രേമമാണെന്നൊന്നും പറയണ്ട . ഒരു അറേഞ്ച്ഡ് മാര്യേജ് പോലെ അങ്ങ് നടത്തിയാൽ മതി . ഇല്ലെങ്കിൽ നാട്ടുകാരു വെറുതെ ഓരോ കഥകളുണ്ടാക്കി പരത്തും. ”
”അതാ നല്ലത് അല്ലെ ?”
”പിന്നല്ലേ ! ങ് ഹ , പിന്നെ, ടോണിയുടെ വഷളത്തരം ഒന്നു നിറുത്തണംട്ടോ. അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി . കല്യാണത്തിനുമുമ്പ് കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ തെറ്റാ .”
“ആരും കാണാതെയല്ലേ?”
“ദൈവം കാണുന്നുണ്ട് എല്ലാം. നമ്മളു കത്തോലിക്കരല്ലേ ടോണി. സഭ വിലക്കിയിരിക്കുന്നതൊന്നും നമ്മളു ചെയ്യാന്‍ പാടില്ല.”
“ഇപ്പഴത്തെ പെണ്ണുങ്ങള്‍ അതു വല്ലതും നോക്കുന്നുണ്ടോ?”
“അതുകൊണ്ടാ, കല്യാണം കഴിഞ്ഞു രണ്ടാംവര്‍ഷം അവരു ഡിവോഴ്സു നടത്തുന്നത് .”
ടോണി ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
“ഞാന്‍ പപ്പേടെ അടുത്തേക്കു ചെല്ലട്ടെ. ഇല്ലെങ്കില്‍ പപ്പ എന്നാ വിചാരിക്കും. ടോണി വരുന്നോ?”
“ഞാനിത്തിരിനേരംകൂടി ഇവിടിരുന്നു കാറ്റുകൊണ്ടിട്ടേയുള്ളൂ.”
ജാസ്മിന്‍ എണീറ്റു. കൈകള്‍ ഉയര്‍ത്തി സാവധാനം ഒരു കല്ലില്‍ നിന്നു മറ്റൊരു കല്ലിലേക്കു ചാടിച്ചാടി പോകുന്നതിനിടയില്‍ കാല്‍ വഴുതി അവള്‍ വെള്ളത്തില്‍ വീണു.
ആഴം ഒത്തിരിയില്ലെങ്കിലും നല്ല ഒഴുക്കുണ്ട്.
ടോണി എണീറ്റു പകച്ചു നിന്നു.
തോമസ് എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അമ്പരന്നു നിന്നു.
ഒഴുകിപ്പോകാതിരിക്കാന്‍ ജാസ്മിന്‍ കൈകാലിട്ടടിച്ചു.
“പപ്പാ… രക്ഷിക്കണേ.”
അവളുടെ വിളി കേട്ടപ്പോള്‍ തോമസ് വെള്ളത്തിലേക്കു ചാടാനൊരുങ്ങി. പക്ഷേ, അതിനുമുമ്പേ ടോണി വെള്ളത്തിലേക്ക് എടുത്തുചാടിയിരുന്നു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright Reserved)

ഈ നോവലിന്റെ ഒന്നു മുതൽ 44 വരെയുള്ള മുഴുവൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം44

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here