കഥ ഇതുവരെ-
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. വീട്ടുകാർ അറിയാതെ അവര്‍ അതു രഹസ്യമായി സൂക്ഷിച്ചു. ടോണി മെഡിസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ടോണിക്കു പപ്പയില്ല. അമ്മയും പെങ്ങളും മാത്രം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ജാസ്മിനെ ഹോസ്റ്റലിലാക്കി പപ്പ. മൂല്യങ്ങള്‍ക്കു വിലകല്പിക്കാത്ത, പുരോഗമനവാദികളായ രേവതിയും ചിഞ്ചുവുമായിരുന്നു അവളുടെ റൂംമേറ്റ്സ്. ഇരുവരും പണക്കാര്‍. ഒരുനാള്‍ രേവതി ജാസ്മിനെ എറണാകുളത്തുള്ള തന്‍റെ വീട്ടില്‍ കൊണ്ടുപോയി. രേവതിയുടേത് കപടസ്നേഹമാണെന്ന സത്യം ജാസ്മിന്‍ തിരിച്ചറിഞ്ഞില്ല. രാത്രി സതീഷ് എന്ന ചെറുപ്പക്കാരനെ വീട്ടില്‍ വിളിച്ചുവരുത്തി രേവതി ജാസ്മിനെ പരിചയപ്പെടുത്തി. സതീഷിന്‍റെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ ആള്‍ മാന്യനാണെന്നു ജാസ്മിന് തോന്നി . അയാള്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ച് അവളെക്കൊണ്ട് ഒരു ഗ്ളാസ് ബിയര്‍ കഴിപ്പിച്ചു. പാതിരാത്രിയില്‍ ആരുടെയോ കൈകള്‍ തന്‍റെ ദേഹത്തു സ്പര്‍ശിക്കുന്നു എന്നു തോന്നിയപ്പോള്‍ , കിടക്കയില്‍നിന്നു ചാടി എഴുന്നേറ്റ് അവള്‍ ലൈറ്റിട്ടു. വിളറിയ ചിരിയുമായി കിടക്കയില്‍ സതീഷ് കുത്തിയിരിക്കുന്നു ! അവള്‍ നിലവിളിച്ചു . സതീഷ് ചാടിവീണ് അവളുടെ വായ്പൊത്തി. (തുടര്‍ന്നു വായിക്കുക)
“പ്ലീസ് ജാസ്മിന്‍… ഒച്ചവയ്ക്കരുത്. എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാ. പുറത്താരും ഇതറിയില്ല. ആരും അറിയാതെയാ ഞാന്‍ കേറി വന്നത്. പ്ലീസ് സഹകരിക്ക്. കൈനിറയെ കാശ് തരാം. ജോലി വേണമെങ്കില്‍ ജോലി. സര്‍ക്കാര്‍ ജോലി ഞാന്‍ വാങ്ങി തരാം . അതല്ല സിനിമേൽ ചാൻസ് വേണമെങ്കിൽ അതും തരാം. ഒരുപാട് ഹോൾഡുള്ള ആളാ ഞാൻ . ഒച്ചവയ്ക്കരുത്. പ്ലീസ്.. ”
ജാസ്മിന്‍റെ മറുപടി കേള്‍ക്കാന്‍ സതീഷ്, അവളുടെ വായ് പൊത്തിയ കൈ അല്പം അയച്ചു. പൊടുന്നനെ അയാളുടെ കൈത്തണ്ടയില്‍ അവള്‍ ആഞ്ഞ് ഒരു കടികൊടുത്തു.
“ആ…” പിടിവിട്ടുപോയി സതീഷ് .
ഓടിച്ചെന്നു വാതില്‍ തുറക്കാന്‍ അവള്‍ ഒരു ശ്രമം നടത്തിയെങ്കിലും അതിനുമുമ്പേ സതീഷ് പാഞ്ഞു ചെന്ന് അവളെ വട്ടം കടന്നു പിടിച്ചു. നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെ കിലുകിലെ വിറച്ചുകൊണ്ട് അവള്‍ സതീഷിന്‍റെ നേരേ കൈകൂപ്പി.
“പ്ലീസ് എന്നെ ഒന്നും ചെയ്യരുതേ. ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട് . എന്റെ ശരീരം കളങ്കപ്പെട്ടാല്‍ പിന്നെ ഞാന്‍ ജീവനോടെയിരിക്കില്ല. പ്ലീസ്… ഞാന്‍ കാലുപിടിക്കാം. എന്നെ ഉപദ്രവിക്കരുത് .., പ്ലീസ് സാർ “
“കരഞ്ഞു ബഹളം വയ്ക്കരുത്. ബഹളം വച്ചാല്‍ കൊന്നുകളയും ഞാൻ .” ഭീഷണിയുടെ സ്വരം ഉയര്‍ന്നപ്പോള്‍ അവള്‍ ബദ്ധപ്പെട്ട് കരച്ചില്‍ ഒതുക്കി. സിംഹത്തിന്‍റെ മുമ്പിലകപ്പെട്ട മാന്‍പേടയെപ്പോലെ പേടിച്ചരണ്ടു അവള്‍.
വാഗ്‌ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചു വശത്താക്കാനുള്ള സതീഷിന്‍റെ ശ്രമങ്ങളൊക്കെ വിഫലമായപ്പോൾ അയാൾ പരാജയം സമ്മതിച്ചു.
“ഇതുപോലൊരു പെണ്ണിനെ ഞാനാദ്യായിട്ടു കാണുവാ.” അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയിട്ടു സതീഷ് തുടര്‍ന്നു:
“നീ ഈ കാലഘട്ടത്തില്‍ ജനിക്കേണ്ട പെണ്ണല്ലായിരുന്നു . ഇനി കരഞ്ഞു സീനുണ്ടാക്കണ്ട ” അയാള്‍ വന്നു കസേരയില്‍ ഇരുന്നു.
താന്‍ പല പെണ്‍കുട്ടികളെയും വീഴിച്ചിട്ടുണ്ട്. വഴങ്ങില്ലെന്നു ശാഠ്യം പിടിച്ച ചിലരെ വാക്സാമര്‍ത്ഥ്യത്തിലൂടെയും സ്നേഹവായ്പിലൂടെയും കീഴടക്കി ആഗ്രഹം സാധിച്ചിട്ടുമുണ്ട്. പക്ഷേ ഇത്; ഇത് വല്ലാത്തൊരു സാധനം തന്നെ. തോറ്റുപോയി ഇവള്‍ക്കു മുമ്പില്‍ താൻ.
സതീഷ് നോക്കിയപ്പോള്‍ ജാസ്മിന്‍ ചുമരിനോട് ചേർന്നു നിന്നു ആലിലപോലെ വിറയ്ക്കുകയാണ്. ഇരു കവിളുകളിലും മിഴിനീര്‍ചാലുകള്‍ കീറിയിരിക്കുന്നു. ഏങ്ങിയേണ്ടി കരയുന്നുമുണ്ട് . കണ്ടപ്പോൾ സഹതാപം തോന്നി അയാൾക്ക് .
അയാള്‍ കസേരയിൽ നിന്ന് എണീറ്റു. അരയില്‍നിന്ന് ഊര്‍ന്നുവീഴാന്‍ തുടങ്ങിയ ലുങ്കി മുറുകെ ഉടുത്തു. എന്നിട്ടു വന്നു വാതില്‍ തുറന്നു. പുറത്തേക്കിറങ്ങുന്നതിനുമുമ്പ് അയാള്‍ തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു:
“പേടിക്കണ്ട. കിടന്നോ. ഞാനിനി വരില്ല ”
പുറത്തേക്കിറങ്ങിയിട്ടു അയാള്‍ വാതില്‍ വലിച്ചടച്ചു .
ജാസ്മിന്‍റെ വിറയല്‍ എന്നിട്ടും മാറിയില്ല.
അവൾ ഓർത്തു : ഒമ്പതുമണിവരെ എന്തൊരു മാന്യനായിരുന്നു അയാള്‍! സ്നേഹം കൊണ്ടു തന്നെ കീഴ്പ്പെടുത്താമെന്നയാള്‍ തെറ്റിദ്ധരിച്ചു കാണും. സബ്കളക്ടറാണത്രേ. ദുഷ്ടന്‍! നീചൻ !
ബിയറില്‍ മയക്കു മരുന്നു ചേര്‍ത്തു തന്നെ ബോധംകെടുത്തി അയാള്‍ വല്ലതും ചെയ്തിട്ടുപോയിരുന്നെങ്കില്‍! ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ! ഈ വീട്ടിൽ താമസിച്ചത് തന്റെ ബുദ്ധിമോശം !
ജാസ്മിന്‍ ആധിയോടെ തന്റെ ദേഹത്തേക്കു നോക്കി. എന്തൊക്കെ ചെയ്തു കാണും അയാള്‍ ? താന്‍ നല്ല ഉറക്കത്തിലായിരുന്നല്ലോ. സങ്കടം ഒതുക്കാനാവാതെ അവള്‍ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. വിറയൽ അപ്പോഴും മാറിയിരുന്നില്ല .
“ജാസേ…” പുറത്തു വിളിയൊച്ച. രേവതിയാണ്. ജാസ്മിന്‍ ചെന്നു വാതില്‍ തുറക്കുന്നതിനുമുമ്പേ രേവതി വാതില്‍ തുറന്ന് അകത്തു പ്രവേശിച്ചു .
“എന്തു പറ്റി മോളേ…?”
ഒന്നുമറിയാത്ത മട്ടിലായിരുന്നു രേവതിയുടെ ചോദ്യം. മറുപടി പറയാതെ അവള്‍ തുറിച്ചു നോക്കി നില്‍ക്കുന്നതുകണ്ടപ്പോൾ രേവതി സ്വരം താഴ്ത്തി ചോദിച്ചു:
“സതീഷ് ഈ മുറീല്‍ കേറി വന്നോ?”
“ഉം…”ഗദ് ഗദത്തോടെ അവൾ തലകുലുക്കി.
“ആ ചെറ്റയെ ഇന്നു ഞാന്‍…”
പല്ലു ഞെരിച്ച്, ഈറ്റപ്പുലിയെപ്പോലെ രേവതി മുറിയില്‍നിന്നു വെളിയിലേക്കു പാഞ്ഞു. തെല്ലുനേരം കഴിഞ്ഞപ്പോള്‍ അവള്‍ സതീഷിനെ പിടിച്ചു വലിച്ചു കൊണ്ടു മുറിയിലേക്കു തിരികെ വന്നു. ജാസ്മിന്‍റെ മുമ്പിലേക്ക് അയാളെ വലിച്ചു തള്ളിയിട്ടിട്ട് അവള്‍ പല്ലുഞെരിച്ചുകൊണ്ടു അലറി:
“മാപ്പു ചോദിക്കെടാ ചെറ്റേ അവളോട്.”
സതീഷ് അവളോട് മാപ്പു ചോദിച്ചു.
ജാസ്മിന്‍ കേള്‍ക്കെ രേവതി അയാളെ ഒരുപാടു ചീത്തപറയുകയും ശകാരിക്കുകയും അവജ്ഞയോടെ നിലത്തേക്ക് തുപ്പുകയും ചെയ്തു.
“ഇനി ഒരു നിമിഷം നീ ഈ വീട്ടില്‍ നിന്നുകൂടാ. ഇപ്പം ഇറങ്ങണം ഇവിടുന്ന് . ഈ രാത്രീല്‍ത്തന്നെ സ്ഥലം വിട്ടോ..വൃത്തികെട്ടവൻ .., നാറി. ഇറങ്ങിപ്പോടാ “
സതീഷിനെ പിടിച്ചു വെളിയിലേക്ക് ആഞ്ഞുതള്ളിയിട്ട് അവള്‍ വാതില്‍ ബന്ധിച്ചു. എന്നിട്ടു ജാസ്മിന്‍റെ അടുത്തു വന്നു ചുമലില്‍ കൈവച്ച് ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു:
“കുടിച്ചു വെളിവുകെട്ട് അയാള്‍ക്ക് അമ്മേം പെങ്ങളേം തിരിച്ചറിയാന്‍ പറ്റാതെ പോയി മോളെ. താഴത്തെ മുറീലായിരുന്നു അയാള്‍ക്കു ബെഡ് വിരിച്ചു കൊടുത്തത്. ആ ചെറ്റ ഇങ്ങോട്ടു കേറിവരുമെന്ന് ഞാന്‍ വിചാരിച്ചില്ല.” രേവതി അവളെ തന്നിലേക്കു ചേര്‍ത്തു നിറുത്തി ചുമലില്‍ തലോടികൊണ്ടു തുടർന്നു .
” കഴിഞ്ഞതൊക്കെ ഒരു സ്വപ്നമായിട്ടു കണ്ടാ മതി. ആരോടും ഇതു പറയണ്ട. പറഞ്ഞാല്‍ നിന്നെയേ പഴിക്കൂ എല്ലാവരും. കേട്ടോ “
ജാസ്മിൻ മറുപടി ഒന്നും പറഞ്ഞില്ല
രേവതി കുറെ ഉപദേശങ്ങള്‍ നല്‍കുകയും നല്ല വാക്കുകള്‍ പറഞ്ഞ് അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ചിഞ്ചുവും ഊര്‍മ്മിളയും മുറിയിലേക്കു വന്നിരുന്നു . ജാസ്മിന്‍ കാണാതെ രേവതി അവരെ കണ്ണിറുക്കി കാണിച്ചു. എന്നിട്ടു ചോദിച്ചു.
“ആ നാറി പോയോ?”
“ഉം. വണ്ടി എടുത്തോണ്ട് സ്ഥലം വിട്ടു ” ചിഞ്ചുവും സങ്കടഭാവത്തിലായിരുന്നു.
രേവതി ജാസ്മിനെ പിടിച്ചുകൊണ്ടു വന്നു കട്ടിലില്‍ ഇരുത്തി . എന്നിട്ടു സാവധാനം കിടക്കയിലേക്കു ചായിച്ചു . ജാസ്മിൻ അപ്പോഴും ഏങ്ങലടിക്കുകയായിരുന്നു. ആശ്വാസവാക്കുകള്‍ പറഞ്ഞു അവളെ സമാധാനിപ്പിച്ചിട്ട് രേവതി പുതപ്പെടുത്ത് പുതപ്പിച്ചു. എന്നിട്ടു സ്നേഹവായ്പോടെ കുറേനേരം അവളുടെ ദേഹത്ത് തലോടിക്കൊണ്ടിരുന്നു.
രേവതിയുടെ മനസ്സറിവോടെയാണ് അയാള്‍ തന്നെ ഉപദ്രവിച്ചതെന്ന് താന്‍ തെറ്റിദ്ധരിച്ചല്ലോയെന്ന് ഓർത്തു ജാസ്മിനു പശ്ചാത്താപം തോന്നി.
“മോള്‍ക്കു പേടിയുണ്ടോ തന്നെ കിടക്കാൻ ? പേടിയുണ്ടെങ്കില്‍ ഞാനും കൂടി ഇവിടെ കിടക്കാം.”
“വേണ്ട. ഇപ്പം പേടിയൊക്കെ പോയി. കര്‍ത്താവ് എന്‍റെ കൂടെയുണ്ട്. ചേച്ചി പോയി കിടന്നോ.”
“വാതിലടച്ചു കുറ്റിയിട്ടിട്ടു കിടന്നോട്ടോ. ഇനി ആരും ഉപദ്രവിക്കാന്‍ വരില്ല. സമാധാനമായിട്ടു കിടന്നുറങ്ങിക്കോ.”
“ഉം. നേരമെന്തായി ചേച്ചി?”
“പന്ത്രണ്ടു മണികഴിഞ്ഞു .”
അവളുടെ മുടിയിഴകളില്‍ നാലഞ്ചു തവണ തഴുകിയിട്ട് രേവതി എണീറ്റു. ചിഞ്ചുവിനെയും ഊര്‍മ്മിളയെയും വിളിച്ച് അവള്‍ മുറിവിട്ടിറങ്ങി.
സ്റ്റെപ്പുകള്‍ ഇറങ്ങുന്നതിനിടയില്‍ രേവതി ചോദിച്ചു.
“എങ്ങനെയുണ്ടായിരുന്നു എന്‍റെ പെര്‍ഫോമന്‍സ്?”
“കലക്കി.” ചിഞ്ചു തുടർന്നു : ” ഞങ്ങള്‍ എല്ലാം കണ്ടു കൊണ്ട് പുറത്തു നിൽപ്പുൽണ്ടായിരുന്നു . ബസ്റ്റ് അഭിനയമായിരുന്നു. സിനിമയിൽ കേറിയാൽ താന്‍ ശരിക്കും ശോഭിക്കും. സതീഷിനെ പിടിച്ചൊരു തള്ളുകൊടുത്തത് കണ്ടപ്പം ഞാനോര്‍ത്തു അവന്‍ മൂക്കുകുത്തി വീണുപോകുമെന്ന് .”
“എന്തായാലും ജാസ്മിന്‍ ഇനി നമ്മളെ സംശയിക്കില്ലല്ലോ.” ഒന്നു നിറുത്തിയിട്ട് രേവതി തുടര്‍ന്നു: “ഞാന്‍ വിചാരിച്ചത് അവന്‍ അവളെ പറഞ്ഞു മയക്കി സാവധാനം വീഴിക്കുമെന്നാ. അതെങ്ങനാ, കള്ളുമൂത്തപ്പം ആര്‍ത്തി കൂടിക്കാണും. “
“എന്തായാലൂം നമ്മുടെ ഉറക്കം കളഞ്ഞു.” ഊര്‍മ്മിള ആരോടെന്നില്ലാതെ പറഞ്ഞു.
മൂന്നുപേരും വാതില്‍ തുറന്ന് അവരുടെ കിടപ്പുമുറിയിലേക്കു പ്രവേശിച്ചു.
പിറ്റേന്ന് പ്രഭാതം.
പകല്‍വെട്ടം ജനാലച്ചില്ലിലൂടെ മുറിയിലേക്കു തലനീട്ടിയപ്പോഴാണ് ജാസ്മിന്‍ ഉണര്‍ന്നത്. എണീറ്റിട്ട് അവള്‍ ക്ലോക്കിലേക്കു നോക്കി. മണി എഴര.
തലേരാത്രിയിലെ സംഭവം മനസ്സില്‍ തെളിഞ്ഞപ്പോൾ ഉള്ളിൽ ഒരു നടുക്കം ഉണ്ടായി . കരഞ്ഞുകരഞ്ഞ് എപ്പോഴാണ് താന്‍ ഉറങ്ങിപ്പോയത്? മുടി ഒതുക്കി കെട്ടിവച്ചിട്ട് അവള്‍ എണീറ്റു വന്നു കണ്ണാടിയില്‍ നോക്കി. മുഖത്തു നല്ല ക്ഷീണമുണ്ട്. ബാത്റൂമില്‍ പോയി തിരികെ വന്നപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു. അവള്‍ ചെന്നു വാതില്‍ തുറന്നു. രേവതിയാണ്.
“വാ… താഴെ കാപ്പി എടുത്തു വച്ചിട്ടുണ്ട്.”
“എനിക്കു വീട്ടില്‍ പോകണം ചേച്ചീ .” ജാസ്മിന്‍ വിഷമത്തോടെ പറഞ്ഞു.
“ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ടു ഞാന്‍ കൊണ്ടെ ബസുകേറ്റി വിടാം. വാ… വന്ന് ആദ്യം ഒരു ഗ്ലാസ് കോഫി കഴിക്ക്.”
രേവതിയുടെ പിന്നാലെ അവള്‍ താഴേക്കുള്ള പടികള്‍ ഇറങ്ങി.
“മമ്മി വരുമെന്നോര്‍ത്താ അയാളെ ഇവിടെ കിടക്കാന്‍ അനുവദിച്ചത്. മമ്മി വരില്ലാന്നു പിന്നെ വിളിച്ചു പറഞ്ഞു. അതാ പറ്റീത് . ”
ജാസ്മിന്‍ മിണ്ടിയില്ല.
“അവൻ ആളു മാന്യനായിരുന്നു. വെള്ളം അകത്തു ചെന്നപ്പം പിശാചു കേറീതാ. സാരമില്ല. ഒന്നും നഷ്ടപ്പെട്ടില്ലല്ലോ. ആരോടും ഇതു പറയണ്ടാട്ടോ.” രേവതി പ്രശ്നം ലഘൂകരിക്കാന്‍ ഒരു ശ്രമം നടത്തി .
കോഫി കുടിച്ചിട്ട് ജാസ്മിന്‍ ബാത്റൂമില്‍ പോയി നന്നായി കുളിച്ചു. ശരീരത്ത് സോപ്പു തേയ്ക്കുമ്പോള്‍ ഓര്‍ത്തു: അവന്‍റെ കൈകള്‍ എവിടെയൊക്കെ ഇഴഞ്ഞു നടന്നു കാണും? ഓര്‍ത്തപ്പോള്‍ കരച്ചിലും ദേഷ്യവും വന്നു.
കുളി കഴിഞ്ഞു വന്നപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റഡി.
എല്ലാവരും ഒരുമിച്ചിരുന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്. ജാസ്മിന്‍ അപ്പോഴും മൗനിയായിരുന്നു. ഓരോന്നു പറഞ്ഞ് അവളെ സന്തോഷിപ്പിക്കാന്‍ രേവതിയും ചിഞ്ചുവും ഊര്‍മ്മിളയും കിണഞ്ഞു ശ്രമിച്ചെങ്കിലും അവളുടെ മുഖം തെളിഞ്ഞില്ല. മനസിലെ വേദന മാറിയില്ല .
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ജാസ്മിന്‍ വേഷം മാറി പോകാന്‍ റെഡിയായി. ബസ്സ്റ്റോപ്പില്‍ കൊണ്ടുവന്ന് അവളെ ബസ് കയറ്റി വിടാന്‍ രേവതിയോടൊപ്പം ചിഞ്ചുവും ഊർമ്മിളയും എത്തിയിരുന്നു.
യാത്ര അയച്ചശേഷം തിരിച്ചുപോരുമ്പോള്‍ രേവതി ചിഞ്ചുവിനോടു പറഞ്ഞു:
“ആളു തനി കണ്‍ട്രിയാണെന്ന് ഇപ്പം മനസ്സിലായില്ലേ? നമ്മുടെ കൂടെ കൂട്ടാന്‍ കൊള്ളില്ല ആ സാധനത്തിന്റെ . കൊണ്ടുവരണ്ടായിരുന്നൂന്ന് ഇപ്പം തോന്നുന്നു.”
“ജീവിതം ഒന്നേയുള്ളൂന്നും അത് സുഖിക്കാനുള്ളതാണെന്നും ആ കഴുതയ്ക്കറിയില്ല. വളരെ സേഫായ സ്ഥലമല്ലായിരുന്നോ? കൈനിറയെ കാശും കിട്ടുമായിരുന്നു.”
”തലക്കകത്തു കളിമണ്ണാണെന്നു തോന്നുന്നു ” ഊർമിള പറഞ്ഞു
“സതീഷ് അവളുടെ കൂടെ കിടക്കുന്നത് നീ മൊബൈലില്‍ പിടിച്ചിട്ടില്ലേ? നമുക്കതു വച്ച് ഒരു കളി കളിച്ചാലോ? അവളെ വീഴിക്കാന്‍ പറ്റിയ ആയുധമാ.” ചിഞ്ചു ചോദിച്ചു
“വേണ്ടെടോ. വിട്ടേക്ക് ആ പുണ്യാളത്തിയെ. അത് അതിന്റെ വഴിക്കു പോട്ടെ . ഇനി അതിനെ കണ്ണീരു കുടിപ്പിക്കണ്ട . പോയി വല്ല കന്യാസ്ത്രീം ആകട്ടെ ആ കൊച്ച് ” രേവതി പറഞ്ഞു
“അവളു വീട്ടില്‍പോയി പറഞ്ഞു പോലീസില്‍ വല്ല കംപ്ലയിന്‍റും കൊടുക്കുമോ?”
ഊര്‍മ്മിളയ്ക്കു ഭയം.
“അങ്ങനെ ചെയ്താല്‍ അവളുടെ ജീവിതം തകര്‍ത്തു തരിപ്പണമാക്കും ഞാന്‍. അതിനുള്ള വെടിമരുന്നാ എന്‍റെ മൊബൈലില്‍ കിടക്കുന്നത്. അതിനുവേണ്ടി തന്നെയാ അത് പിടിച്ചതും ” -രേവതി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“അതു സൂക്ഷിച്ചു വച്ചേക്കണെ. എപ്പഴാ ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല.”
“അതൊക്കെ ഭദ്രമായി ഞാൻ സൂക്ഷിച്ചോളാം. അവളു പരാതിപ്പെട്ടാല്‍ അവളുടെ ജീവിതം തകർത്ത് തരിപ്പണമാക്കും ഞാൻ .”
“എല്ലാം മുന്‍കൂട്ടി കണ്ട് വേണ്ട രീതിയില്‍ കാര്യങ്ങൾ ചെയ്യാൻ നീ മിടുക്കിയാ ”
ചിഞ്ചു അവളെ അഭിനന്ദിച്ചു.
” അതൊക്കെ നേരാ . പക്ഷേ ജാസിന്റെ മുൻപിൽ പരാജയപ്പെട്ടു പോയില്ലേ ” ഊർമ്മിള പറഞ്ഞു
” പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാ . നീ നോക്കിക്കോ ” രേവതി പല്ലു ഞെരിച്ചു
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( Ignatious Kalayanthani ) copyright reserved
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6














































